മതത്തെ മൗലികമായി ഉള്‍ക്കൊള്ളുകയും അത് പ്രായോഗികമാക്കി ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ക്കല്ലല്ലോ ഇപ്പോള്‍ 'മതമൗലികവാദി' എന്ന സംജ്ഞ പ്രയോഗിക്കപ്പെടുന്നത്. അതുപോലെതന്നെയാണ് 'യുക്തിവാദി' എന്ന പദവും. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിക്കുകയും യുക്തിഭദ്രമായി അവലോകനം നടത്തുകയും ചെയ്യുന്നവനല്ല ഇന്നത്തെ പ്രയോഗമനുസരിച്ച് യുക്തിവാദി. നേരെമറിച്ച്, മതനിരാസവും മാനവികതയ്ക്ക് വിരുദ്ധമായ നയവും ആദര്‍ശമായി സ്വീകരിച്ച് എന്തിനെയും തള്ളിപ്പറയുകയും തങ്ങള്‍ക്ക് ഒന്നും ബാധകമല്ലെന്നു വിചാരിക്കുകയും ചെയ്യുന്ന ചിലയാളുകള്‍ തങ്ങള്‍ യുക്തിവാദികളാണെന്ന് സ്വയം വിശേഷിപ്പിക്കാറുണ്ട്. അത്തരത്തില്‍ വിവിധ ഗ്രൂപ്പുകള്‍ നമ്മുടെ നാട്ടിലുമുണ്ട്. വ്യക്തമായ ആദര്‍ശമില്ല, നിയതമായ പ്രമാണങ്ങളില്ല, എന്നിട്ടുമെന്തിന് വിവിധ ഗ്രൂപ്പുകള്‍ എന്ന ചോദ്യത്തിന് ശരിയുത്തരം നമുക്കറിയില്ല. മതനിരാസ വാദികളുടെതായി വിവിധ പ്രസിദ്ധീകരണങ്ങളും കണ്ടുവരുന്നു. ഇവരില്‍ ചിലര്‍ക്ക് താത്പര്യം ഇസ്‌ലാമിനെയും വിശുദ്ധ ഖുര്‍ആനിനെയും താറടിച്ചുകാണിക്കുക എന്നതാണ്. കഥയറിയാതെ ആട്ടം കാണുക എന്നുപറഞ്ഞതുപോലെ ചില പാവങ്ങള്‍ ഇത്തരം വസ്‌വാസുകളില്‍പെട്ട് ചില ചോദ്യങ്ങളുമായി വരാറുണ്ട്. ചോദ്യം ചിലപ്പോള്‍ വെല്ലുവിളിയാകും. അതില്‍പെട്ടതാണ് ഏതാനും ആഴ്ചകളിലായി കോഴിക്കോട്ടും പരിസരത്തുമൊക്കെയുള്ള ഒരു യുക്തിവാദിസംഘം മുസ്‌ലിം സംഘടനകളെയും പണ്ഡിതന്മാരെയും ഒക്കെ സംവാദത്തിന് ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് ഈ സംഘവുമായി ആശയസംവാദം നടത്തുകയുണ്ടായി.
യുക്തിവാദി സംഘത്തിനുവേണ്ടി ഏതാനും മുസ്‌ലിം നാമധാരികള്‍ രംഗത്തുവരുമ്പോള്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്. അയ്യൂബ് മൗലവി എന്ന പേരില്‍ ഒരാളാണ് വിശുദ്ധ ഖുര്‍ആന്‍ വിമര്‍ശകനായി സംവാദത്തിനിറങ്ങിയത്. മുഖ്യസംഘാടകരിലൊരാളായ മഅ്‌റൂഫ് ആയിരുന്നു മോഡറേറ്റര്‍. ഇരുവിഭാഗത്തുനിന്നും വിഷയാവതരണവും ശേഷം വിശദീകരണ ഭാഷണവും തുടര്‍ന്ന് ഓപണ്‍ ഫോറത്തില്‍ സദസ്യരുടെ എഴുതിക്കൊടുത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുക എന്നതായിരുന്നു സംവാദരീതി.
വിശുദ്ധ ഖുര്‍ആനോ ശാസ്ത്ര സിദ്ധാന്തങ്ങളോ പഠിക്കാത്ത യുക്തിഭദ്രമായി കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ വീഴ്ച സംഭവിച്ച ഏതാനും ആളുകള്‍ മാത്രമാണിവര്‍ എന്ന് കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സംവാദം ശ്രദ്ധിച്ചവര്‍ക്ക് ബോധ്യമായി. ഖുര്‍ആനിന്റെ അമാനുഷികത, മതവും ശാസ്ത്രവും എന്നീ ശീര്‍ഷകങ്ങള്‍ നല്കി ഈ വിഭാഗം നേരത്തെ ചില മുസ്‌ലിം പണ്ഡിതന്മാരുമായി സംവാദം നടത്തുകയുണ്ടായിട്ടുണ്ട്. ആ സംവാദങ്ങളില്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈ കിട്ടിയത് എന്ന് സ്വയം അഹങ്കരിച്ചുകൊണ്ടാണ് ഇവര്‍ ഇത്തവണ സംവാദത്തിന് ക്ഷണിച്ചത്.
അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ വ്യക്തിപരമായി ആ വെല്ലുവിളി സ്വീകരിക്കുകയായിരുന്നു. ഖുര്‍ആനും ശാസ്ത്രവും എന്നതാണ് സംവാദത്തിന് നിശ്ചയിക്കപ്പെട്ട വിഷയം. 1400 വര്‍ഷം മുമ്പ് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ ആധുനിക ശാസ്ത്രത്തിനു വിരുദ്ധമാണെന്നും പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവില്ലെന്നും മുഹമ്മദ് നബിക്ക് വഹ്‌യ് ലഭിച്ചിട്ടുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്ത കാര്യമായതിനാല്‍ വിശ്വസിക്കാന്‍ പറ്റില്ല എന്നുമാണ് പ്രധാനമായും ഈ വിഭാഗം ഉന്നയിച്ച വാദങ്ങള്‍.
വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങളാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ അറേബ്യയിലെ മക്കയില്‍ ഭൂജാതനായ മുഹമ്മദുബ്‌നു അബ്ദില്ല എന്ന മനുഷ്യനെ പ്രപഞ്ചസ്രഷ്ടാവ് മനുഷ്യരിലേക്കുള്ള ദൂതനായി തെരഞ്ഞെടുക്കുകയും ദൈവികവചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ അദ്ദേഹത്തിന് ദിവ്യവെളിപാടായി (വഹ്‌യ്) നല്കുകയും ചെയ്തു. അദ്ദേഹം അത് തന്റെ ജനതയെ പഠിപ്പിച്ചു. അതനുസരിച്ച് ജീവിതം നയിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുത്തു. ആ ഗ്രന്ഥം ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് സന്മാര്‍ഗ ദര്‍ശകമായി നിലകൊള്ളുമെന്ന് അതിന്റെ ദാതാവുതന്നെ പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ആ ഗ്രന്ഥം ഒട്ടും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാകാതെ ഇന്നും നിലനില്ക്കുന്നു. അതിലെ നിയമങ്ങള്‍ കാലാതിവര്‍ത്തിയും നിത്യസത്യവുമായി നിലകൊള്ളുന്നു. ഈ ലോകത്ത് മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ട ജീവിതവ്യവസ്ഥയാണ് ഈ വേദഗ്രന്ഥം. ഇതാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. ഇത് കേവലമൊരു വിശ്വാസമോ അന്ധമായ പിന്‍പറ്റലോ അല്ല. മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയായ വിശേഷബുദ്ധിയും ചിന്താശേഷിയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വിശുദ്ധ ഖുര്‍ആനിനെ സമീപിക്കേണ്ടത്. ഈ വസ്തുതയില്‍ ഊന്നിനിന്നുകൊണ്ട് ഖുര്‍ആനും ശാസ്ത്രവും എന്ന സംവാദവിഷയം അവതരിപ്പിച്ചുകൊണ്ട് അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം ഇവിടെ ചേര്‍ക്കുകയാണ്.
വിശുദ്ധ ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല. ശാസ്ത്രകാര്യങ്ങള്‍ പ്രതിപാദിക്കുകയല്ല ഖുര്‍ആനിന്റെ അവതരണോദ്ദേശ്യം. വിശുദ്ധ ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നു. ''തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും ചെയ്യുന്നു.'' (17:9)
മനുഷ്യന്‍ ജീവിക്കേണ്ട സത്യത്തിന്റെയും ധര്‍മത്തിന്റെയും സനാതനമൂല്യങ്ങളുടെയും വഴിയിലേക്ക് മനുഷ്യ ധിഷണയെ നയിക്കുക എന്ന വിശുദ്ധ ഖുര്‍ആനിന്റെ ദൗത്യം ശാസ്ത്രത്തിനോ സാങ്കേതിക വിദ്യകള്‍ക്കോ നിര്‍വഹിക്കാനാവില്ല. ഭൗതികലോകത്തെപ്പറ്റി ദൈവദത്തമായ ബുദ്ധി ഉപയോഗിച്ച് പഠനമനനങ്ങള്‍ നടത്തുകയും മനുഷ്യജീവിതത്തിന് അതുപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ശാസ്ത്രദൗത്യം. മനുഷ്യന്‍ ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു. ഇന്നത്തെ കണ്ടുപിടുത്തം നാളെ അബദ്ധമാണെന്ന് തിരിച്ചറിഞ്ഞേക്കാം. അത് തിരുത്തി മുന്നോട്ടുപോകുന്നു. ശാസ്ത്രത്തിന് രണ്ട് വശങ്ങളുണ്ട്. തെളിയിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളും താത്ക്കാലികമായി ശാസ്ത്രജ്ഞന്‍ എത്തിച്ചേരുന്ന നിഗമനങ്ങളും. എന്നാല്‍ പഠനഗവേഷണങ്ങളിലൂടെ കണ്ടുപിടിക്കാന്‍ കഴിയുന്നതല്ല സത്യധര്‍മാദി മൂല്യങ്ങള്‍. അത് ദൈവികമായി ലഭിക്കേണ്ടതുണ്ട്. അതിനുള്ള സംവിധാനമാണ് മനുഷ്യരില്‍ നിന്നുതന്നെയുള്ള ദൈവദൂതന്മാരും (പ്രവാചകന്മാര്‍) അവര്‍ക്ക് ലഭിക്കുന്ന ദിവ്യബോധനങ്ങളും(വഹ്‌യ്) അവരിലൂടെ ജനങ്ങള്‍ക്കെത്തിച്ചുതരുന്ന വേദഗ്രന്ഥങ്ങളും. ദൈവദൂതന്മാരില്‍ അന്തിമനാണ് മുഹമ്മദ് നബി(സ). വിശുദ്ധ ഖുര്‍ആന്‍ അന്തിമവേദഗ്രന്ഥവും. ഈ ഗ്രന്ഥം ഇന്നും അന്യൂനമായി നിലനില്ക്കുന്നു. ലോകാവസാനം വരെ അത് നിലനില്ക്കുകയും ചെയ്യും.
വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രമല്ല, എന്നാല്‍ മനുഷ്യകുലം ഇന്നോളം നടത്തിയ പഠന മനനങ്ങളിലൂടെയും ഗവേഷണ നിരീക്ഷണങ്ങളിലൂടെയും തെളിയിക്കപ്പെട്ട ശാസ്ത്രീയ സത്യങ്ങളില്‍ യാതൊന്നിനും വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ എതിരായി വന്നിട്ടില്ല. പതിനാല് നൂറ്റാണ്ടിന്റെ യുഗപ്പകര്‍ച്ചയിലും ശാസ്ത്രവിരുദ്ധമാകാതെ നിലനില്ക്കുക എന്നത് ദൈവികവചനങ്ങള്‍ക്ക് മാത്രമേ സാധ്യമാകൂ. ദൈവത്തെതന്നെ നിഷേധിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ അംഗീകരിക്കാന്‍ പ്രയാസമാവും. ദൈവത്തെ കണ്ടെങ്കിലേ അംഗീകരിക്കൂ എന്ന വാദം യുക്തിഭദ്രമല്ല. അതിനു യുക്തിവാദം എന്നു പറഞ്ഞുകൂടാ. 'താന്‍ ദീര്‍ഘയാത്രക്കൊരുങ്ങിയപ്പോള്‍, നാലുടയറുകള്‍ ഓടിക്കൂടി ഒരു കാറായി മാറി, എഞ്ചിനോ ഡ്രൈവറോ ഇല്ലാതെ എന്നെ ഉദ്ദിഷ്ട സ്ഥാനത്തെത്തിച്ചുതന്നു' എന്നൊരാള്‍ പറഞ്ഞാല്‍ അയാള്‍ക്ക് വേണ്ടത്ര സുഖമില്ല എന്നേ സാമാന്യ ബുദ്ധിയുള്ളവര്‍ പറയൂ. എന്നാല്‍ അനന്തമായ സ്ഥൂലപ്രപഞ്ചവും അതിനകത്തെ സങ്കീര്‍ണായ ചലനവിന്യാസങ്ങളുമെല്ലാം ഒരുദിവസം തനിയെ ഉണ്ടായി എന്ന് പറയുന്നതിനെ ചിലര്‍ യുക്തിവാദമെന്ന് പറയുന്നു. അത് കേവലമൊരു തമാശയായിട്ടേ വിവേകമതികള്‍ കണക്കാക്കൂ.
ഇരുപതാം നൂറ്റാണ്ടില്‍ മാത്രം വികാസം പ്രാപിച്ച ഭ്രൂണശാസ്ത്രത്തിന്റെ (എംബ്രിയോളജി) സങ്കീര്‍ണമായ പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങളെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചത് ഭ്രൂണശാസ്ത്രത്തില്‍ വ്യുല്‍പത്തി നേടിയ മഹാന്മാരെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കൂടിച്ചേര്‍ന്ന ബീജം അഥവാ സിക്താണ്ഡവും (അംശാജ്) ഗര്‍ഭാശയ ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നത് എന്ന അര്‍ഥത്തില്‍ (അലഖ്) എന്ന പ്രയോഗവും ഏറെ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കോടിക്കണക്കിന് കോശങ്ങളാല്‍ നിര്‍മിതമായ മനുഷ്യശരീരത്തില്‍ പുരുഷബീജവും സ്ത്രീയുടെ അണ്ഡവും മാത്രം അര്‍ധകോശങ്ങളാണെന്നും അവ ചേര്‍ന്ന് ഒരു പൂര്‍ണ കോശമായി വളരുന്നുവെന്നും രണ്ടില്‍നിന്നും ചില ജനിതകഗുണങ്ങള്‍ കുഞ്ഞിന് ബാധകമാകുന്നുവെന്നും ചിലത് നിരാകരിക്കപ്പെടുന്നുവെന്നുമെല്ലാം ഇന്ന് പൊതുവിജ്ഞാനത്തില്‍പെട്ട കാര്യമാണ്. എന്നാല്‍ ആറാം നൂറ്റാണ്ടില്‍ നിരക്ഷരനായ ഒരു മനുഷ്യന്‍ ഈ കാര്യങ്ങള്‍ പറഞ്ഞുവെങ്കില്‍ അത് അദ്ദേഹത്തിന്റെ വകയല്ല എന്ന് വിലയിരുത്തുന്നതാണ് വിവേകം. അതാണ് യുക്തി. ഈ യുക്തിവാദത്തിലൂടെയാണ് മുഹമ്മദ് ദൈവദൂതനാണെന്നും അദ്ദേഹം പറയുന്നത് ദൈവികബോധനമാണെന്നും ശാസ്ത്രജ്ഞന്മാര്‍പോലും തിരിച്ചറിഞ്ഞത്. ഇതൊന്നും പഠിച്ചുമനസ്സിലാക്കാനോ വിശുദ്ധ ഖുര്‍ആനിനെ ആഴത്തില്‍ വിലയിരുത്താനോ മെനക്കെടാതെ യുക്തിവാദികളാണ് തങ്ങളെന്ന് ഭംഗിവാക്കു പറയുന്നവര്‍ക്ക് ലക്ഷ്യം മൂല്യനിരാസം മാത്രമാണ്.
അമ്മയും പെങ്ങളും ഭാര്യയും കൂട്ടുകാരിയും അയല്‍വാസിനിയും എല്ലാം പെണ്ണുതന്നെ. അവര്‍ക്കിടയിലുള്ള ബന്ധവ്യത്യാസം ശാസ്ത്രത്തിനു തെളിയിക്കാന്‍ കഴിയില്ല. അത് തികച്ചും ധാര്‍മിക മൂല്യങ്ങളില്‍ പെട്ടതാണ്. വിവാഹബന്ധത്തിനപ്പുറമുള്ള ലൈംഗികത തെറ്റാണെന്ന് മതം ഘോഷിക്കുമ്പോള്‍ യുക്തിവാദിക്ക് അത് തള്ളാനോ കൊള്ളാനോ കഴിയില്ല. കാരണം ദാമ്പത്യത്തിലെ ലൈംഗികബന്ധവും വ്യഭിചാരവും തമ്മില്‍ ശരീരശാസ്ത്രപരമായ വേര്‍തിരിവില്ല. പശുപാലന്റെ തെരുവുചുംബനപരിപാടിയെ വിശ്വാസികള്‍ എതിര്‍ക്കുന്നത് വിവേകമുള്ളതുകൊണ്ടാണ്. (സംവാദത്തിലെ ഏറ്റവും രസകരമായ ഒരു വഴിത്തിരിവായിരുന്നു അത് .അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ മാനവികതയും സദാചാരവും സ്പര്‍ശിച്ചപ്പോഴേക്ക് മോഡറേറ്റര്‍ ശക്തിയായി ഇടപെടുകയായിരുന്നു. സംവാദവിഷയം ശാസ്ത്രവും ഖുര്‍ആനും എന്നതാണ്; സദാചാരം അതില്‍ പെടില്ല! സംഗതി ശരിയാണ്. മൂല്യങ്ങളും സദാചാരവും ശാസ്ത്രത്തിന്റെ സംഭാവനയല്ല. വിശുദ്ധ ഖുര്‍ആനിന്റെയും ഇതര മതാധ്യാപനങ്ങളുടെയും ആകെത്തുകയാണ്. യുക്തിവാദികളില്‍ പലരും ചില മൂല്യങ്ങള്‍ കൊണ്ടുനടക്കുന്നു. പക്ഷേ, അത് മൂല്യമാണെന്നു പറയില്ല. മനുഷ്യത്വമെന്നു പറയുന്ന സംഗതി മതത്തിന്റെയും വേദഗ്രന്ഥങ്ങളുടെയും പ്രവാചകാധ്യാപനങ്ങളുടെയും സംഭാവനയാണ്. അഥവാ ദൈവപ്രോക്തമായ സംഗതികളാണ്. യുക്തിവാദി എന്ന് സ്വയം വാദിക്കുന്നവന്റെ ധാര്‍ഷ്ട്യം ഈ ലളിത സത്യമുള്‍ക്കൊള്ളാന്‍ അനുവദിക്കുന്നില്ല എന്നുമാത്രം. അതുകൊണ്ടുതന്നെ സദാചാര ചര്‍ച്ചയില്‍ നിന്ന് യുക്തിവാദി സംഘം ഓടിയൊളിക്കും. അതുതന്നെയാണ് കോഴിക്കോട് സംവാദത്തിലും കണ്ടത്)
വിശ്വാസികളുമായി പ്രത്യേകിച്ചും മുസ്‌ലിംകളുമായി ഖുര്‍ആനും ശാസ്ത്രവും താരതമ്യം ചെയ്ത് സംവാദത്തിന് വെല്ലുവിളിച്ച് ഒരുങ്ങിത്തിരിച്ച അയ്യൂബ് മൗലവി എന്ന യുക്തിവാദിക്ക് പറയാനുള്ളത് അദ്ദേഹം തന്റെ വിഷയാവതരണവേളയില്‍ വളരെ പണിപ്പെട്ട് അവതരിപ്പിക്കുകയുണ്ടായി. ഒരു ശാസ്ത്രപടുവോ ഖുര്‍ആന്‍ പണ്ഡിതനോ അല്ലാത്ത ഒരു വ്യക്തിയുടെ, എല്ലാം തട്ടിത്തെറിപ്പിക്കാന്‍ താത്പര്യം കാണിക്കുന്ന ഉപരിപ്ലവപരമായ ഏതാനും വിമര്‍ശനങ്ങള്‍ മാത്രമാണദ്ദേഹം ഉന്നയിച്ചത്. ലോകത്തില്‍ ഒരേയൊരു ഖുര്‍ആനല്ല ഒരുപാട് ഖുര്‍ആനുണ്ട് എന്നാണ് അദ്ദേഹം ഉന്നയിച്ച ഒരാക്ഷേപം. വിശുദ്ധ ഖുര്‍ആനിലെ ചില പദങ്ങള്‍ വ്യത്യസ്ത തരത്തില്‍ വായനയുണ്ട് (ഖിറാഅത്ത്). ആശയ വ്യത്യാസമില്ലാത്ത ഈ പാരായണ വൈവിധ്യം മുസ്‌ലിം ലോകം ഏകണ്ഠമായി അംഗീകരിച്ചതാണ്. ഉദാഹരണമായി സൂറത്തുല്‍ ഫാത്തിഹയിലെ മലികി യൗമിദ്ദീന്‍ എന്നതിന് മാലികി യൗമിദ്ദീന്‍ എന്നൊരു പാരായണം കൂടിയുണ്ടെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇതാണ് ഓരോ രാജ്യത്തും ഓരോ ഖുര്‍ആനാണ് ഓതപ്പെടുന്നത് എന്ന് ആരോപിക്കുന്നത്. വിവരമില്ലാത്തവരെ പറ്റിക്കാന്‍ ചിലപ്പോള്‍ പറ്റിയെന്നു വന്നേക്കുമെന്നു മാത്രം.
'വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനെതിരാണ്. ശാസ്ത്രം തെളിയിക്കപ്പെടാവുന്നതാണ്. വിശ്വാസം സങ്കല്പമാണ്. ഖുര്‍ആനില്‍ പറഞ്ഞത് ശാസ്ത്രത്തിനെതിരായാല്‍ ഖുര്‍ആന്‍ ദൈവികമല്ല എന്നുറപ്പാണ്. അതംഗീകരിക്കാന്‍ പറ്റില്ലല്ലോ'. ഇതാണ് അയ്യൂബ് മൗലവിയുടെ ഒരു വാദം. ഇതിനദ്ദേഹം തെളിവായി പറഞ്ഞത് ഖുര്‍ആനില്‍ ഏഴ് ആകാശം, ഏഴ് ഭൂമി എന്നിങ്ങനെ പരാമര്‍ശമുണ്ട്. ഏഴ് ആകാശമോ? ആകാശം തന്നെയുണ്ടോ? ഇതാണ് ചോദ്യം. ആകാശം എന്താണെന്നു തന്നെ വിശദീകരിക്കപ്പെടാത്തതാണെങ്കില്‍ വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശം ശരിയല്ല എന്നെങ്ങനെ പറയുമെന്ന ചോദ്യത്തിന് പക്ഷേ, അദ്ദേഹത്തിന്റെ പക്കല്‍ മറുപടിയില്ല. മാത്രമല്ല, പ്രപഞ്ചമെന്ന മഹാത്ഭുതത്തിന് 'യൂനിവേഴ്‌സ്' എന്ന സങ്കല്പം തന്നെ മാറി 'മള്‍ട്ടിവേഴ്‌സ്' എന്ന കാഴ്ചപ്പാടിലേക്ക് ശാസ്ത്രലോകം നീങ്ങുന്നത് യുക്തിവാദികള്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്നായിരുന്നു അബ്ദുല്ലത്തീഫ് കരുമ്പുലാക്കലിന്റെ കമന്റ്. മാത്രമല്ല, ശാസ്ത്രലോകം അസന്നിഗ്ധമായി തെളിയിച്ച അനേകായിരം വിഷയങ്ങളില്‍ ഒരെണ്ണമെങ്കിലും വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനത്തിനെതിരായി വന്നത് ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്ന കരുമ്പുലാക്കലിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മൗനമായിരുന്നു മറുഭാഗത്തിന്റെ മറുപടി.
'വിശുദ്ധ ഖുര്‍ആനില്‍ വ്യാകരണത്തകരാറുണ്ട്. ദൈവിക ഗ്രന്ഥത്തില്‍ ഗ്രാമര്‍ മിസ്റ്റെയ്ക്ക് ഉണ്ടാവില്ലല്ലോ'. ഇതും യുക്തിവാദികള്‍ ഉന്നയിച്ച വാദമാണ്. യഥാര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരണം കഴിഞ്ഞ് എത്രയോ ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടാണ് അറബി വ്യാകരണം (നഹ്‌വ്) എന്ന ഒരു ശാസ്ത്രശാഖ ഉടലെടുക്കുന്നതു തന്നെ. വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാന തത്വത്തില്‍ നിന്നുകൊണ്ടാണ് നഹ്‌വ് ഉണ്ടാക്കിയതു തന്നെ. ചില അറബി പദങ്ങള്‍ പറഞ്ഞ് ചെപ്പടി വിദ്യകള്‍ കാണിച്ച് ഏതാനും ആയത്തുകള്‍ ഓതുകയും ചെയ്താല്‍, കാര്യങ്ങള്‍ ആഴത്തില്‍ ഗ്രഹിച്ചിട്ടില്ലാത്തവരെ വസ്‌വാസിലാക്കാന്‍ പറ്റിയേക്കാമെന്നല്ലാതെ ഇതുകൊണ്ട് ഒന്നും നേടാനില്ല. (വിഷയം ഖുര്‍ആനും ശാസ്ത്രവും എന്നായിരിക്കെ ഖുര്‍ആനിലെ ഗ്രാമര്‍ ചര്‍ച്ചയാക്കിയത് ആശയ ദാരിദ്ര്യം കൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സദാചാരം പറയാന്‍ പാടില്ല, വിഷയത്തിന് പുറത്ത്. ഗ്രാമറും ഗീബത്തും മറ്റും പറയുകയും ചെയ്യാം. മോഡറേറ്ററുടെ ഈ ഇരട്ടത്താപ്പ് ആവര്‍ത്തിച്ചപ്പോള്‍ കരുമ്പുലാക്കല്‍ പ്രതികരിച്ചതിങ്ങനെ: 'മാര്‍ക്ക് കുറഞ്ഞ കുട്ടിക്ക് തോല്ക്കാതിരിക്കാന്‍ മോഡറേഷന്‍ കൊടുക്കുന്ന ആളല്ല മോഡറേറ്റര്‍ എന്നോര്‍ക്കണം.
'സൂറത്തു ഹുജറാത്തില്‍ ഗീബത്ത് (പരദൂഷണം) പറയാന്‍ പാടില്ല എന്ന് അസന്നിഗ്ധമായി പറഞ്ഞ അല്ലാഹു തന്നെ പലതവണ ഗീബത്ത് പറയുന്നു. ഇത് വൈരുധ്യമല്ലേ?' യുക്തിവാദി ചോദിക്കുന്നു. 'തബ്ബത് യദാ അബീലഹബിന്‍' എന്ന് സൂറതുല്ലഹബിലെ പരാമര്‍ശമാണ് തെളിവായി പറഞ്ഞത്. സത്യത്തിന്റെ പാതയില്‍ നിന്ന് ഒരു സമൂഹത്തെ മൊത്തത്തില്‍ തടഞ്ഞ ഒരു വ്യക്തിയുടെ ദുഷ്ടത പില്ക്കാലക്കാര്‍ക്കുള്ള ഗുണപാഠമാകത്തക്ക വിധം അല്ലാഹു എടുത്തു പറഞ്ഞത് ഗീബത്താണ് എന്ന് ഏതു യുക്തിയുടെ അടിസ്ഥാനത്തിലാണ് വാദിക്കാന്‍ സാധിക്കുക! അതു മാത്രമല്ല, അബൂലഹബ് സംഭവം വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതക്കു കൂടി തെളിവായി നില്ക്കുന്നു. ഒരു നാട്ടില്‍ ഒരു കാലഘട്ടത്തില്‍ ഉഗ്ര പ്രതാപിയായി വാണരുളിയ ഒരു വ്യക്തി (അബുലഹബ്) യെ മുഹമ്മദ് എന്ന പാവപ്പെട്ട ചെറുപ്പക്കാരന് അധിക്ഷേപിക്കാന്‍ സാധിക്കുന്നതായിരുന്നില്ല ആ കാലഘട്ടം. എന്നിരിക്കെ മുഹമ്മദിന്റെ നാവിലൂടെ 'അയാള്‍ നശിച്ചിരിക്കുന്നു' എന്ന പ്രഖ്യാപനം വന്ന ശേഷം അയാള്‍ പൊങ്ങിയിട്ടില്ല. മുഹമ്മദിനെ പരാജയപ്പെടുത്താനെങ്കിലും തന്റെ പ്രതാപം ഉയര്‍ത്തിക്കാണിക്കാന്‍ അബൂലഹബിനു കഴിഞ്ഞതുമില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ നബിക്കും ഖുര്‍ആനിനും അത് ക്ഷീണമാകുമായിരുന്നു. ചരിത്രത്തിന്റെ വഴിത്തിരിവായിത്തീര്‍ന്ന ഈ നിര്‍ണായക സംഭവം കേവലം പരദൂഷണത്തിന്റെ ലിസ്റ്റില്‍ പെടുത്തി ഖുര്‍ആനിനു നേരെ എയ്തുവിട്ടത് ശാസ്ത്രമോ യുക്തിയോ? ചോദിച്ചിട്ടു കാര്യമില്ല. മുസ്‌ലിംകളോട് സംവാദത്തിന് മുതിര്‍ന്നവരുടെ ആവനാഴി ഇത്ര ശൂന്യമായിരുന്നു എന്ന് കൊണ്ടുവന്നവര്‍ ആലോചിക്കേണ്ടതാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ബാലിശമായ വാദങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്ര വിരുദ്ധമാണ് എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ഇസ്‌ലാമിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ യുക്തിവാദിസംഘം കോഴിക്കോട് സംവാദത്തില്‍ ഉന്നയിച്ചത്. മാനവികതയ്ക്കും ധാര്‍മികതയ്ക്കും ശാസ്ത്രത്തിലെന്തു പ്രസക്തി എന്ന യുക്തിഭദ്രമായ ചോദ്യത്തിന് യുക്തിവാദിക്ക് മറുപടി ഇല്ലായിരുന്നുതാനും. എല്‍ പി സ്‌കൂള്‍ കുട്ടികള്‍ തല്ലുകൂടുമ്പോള്‍ അവസാനത്തെ ഒരു ചോദ്യമുണ്ട്. നീ മറ്റവനുമായി തല്ലാനുണ്ടോ എന്ന്. അതുപോലൊന്ന് ഈ സംവാദത്തിലും കേട്ടു. 'ജബ്ബാര്‍സാറിനോടും രവീന്ദ്രന്‍ സാറിനോടും സംവാദം നടത്താന്‍ കരുമ്പുലാക്കല്‍ തയ്യാറുണ്ടോ?' അയ്യൂബ് മൗലവിയെ പറ്റില്ല എന്ന് നിങ്ങള്‍ക്കു തന്നെ ബോധ്യമായ സ്ഥിതിക്ക് ഇനി അവരുമായി സംവാദത്തിന് തയ്യാറാണെന്ന് കരുമ്പുലാക്കല്‍ തിരിച്ചടിച്ചു. പക്ഷേ, അദ്ദേഹം ഒരു നിബന്ധനവച്ചു. മുസ്‌ലിംകള്‍ക്ക് പ്രമാണമായി വിശുദ്ധ ഖുര്‍ആനുണ്ട്. അതുപോലെ നയമോ ചട്ടമോ രേഖപ്പെടുത്തിയ നിയതമായ ഒരു രേഖ യുക്തിവാദികള്‍ സ്വയം തയ്യാറാക്കി വച്ചാല്‍ അതിനെ മുന്‍നിര്‍ത്തി നമുക്ക് സംവാദം നടത്താം. അതു നടക്കില്ല എന്ന് മോഡറേറ്റര്‍ തത്‌സമയം തന്നെ പ്രഖ്യാപിച്ചുകേട്ടു.
ഒരടിത്തറയുമില്ലാതെ എല്ലാം നിരാകരിക്കല്‍ മാത്രം തൊഴിലാക്കിയ ഒരു സംഘമാണ് യുക്തിവാദികള്‍. വിശുദ്ധ ഖുര്‍ആന്‍ മോശമാണെങ്കില്‍ കുറ്റമറ്റ ഒരു നിയമ സംഹിത ജനസമക്ഷം സമര്‍പ്പിക്കുകയല്ലേ യുക്തി? എന്നാല്‍ അതിനു തയ്യാറില്ലാതെ കേവലം നിരാസവാദവുമായി നടക്കുകയും യുക്തിവാദമെന്ന് പേരു പറയുകയും ചെയ്യുന്നു; വെള്ളിക്കോലുപോലെ.
©അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
ശബാബ്
2016 മാർച്ച് 18
വീഡിയോ
ഭാഗം ഒന്ന്
ഭാഗം രണ്ട്
ഭാഗം മൂന്ന്
2 പേര്‍ പ്രതികരിച്ചിരിക്കുന്നു.:
എല്‍ പി സ്‌കൂള്‍ കുട്ടികള്‍ തല്ലുകൂടുമ്പോള്‍ അവസാനത്തെ ഒരു ചോദ്യമുണ്ട്. നീ മറ്റവനുമായി തല്ലാനുണ്ടോ എന്ന്. അതുപോലൊന്ന് ഈ സംവാദത്തിലും കേട്ടു. 'ജബ്ബാര്‍സാറിനോടും രവീന്ദ്രന്‍ സാറിനോടും സംവാദം നടത്താന്‍ കരുമ്പുലാക്കല്‍ തയ്യാറുണ്ടോ?' അയ്യൂബ് മൗലവിയെ പറ്റില്ല എന്ന് നിങ്ങള്‍ക്കു തന്നെ ബോധ്യമായ സ്ഥിതിക്ക് ഇനി അവരുമായി സംവാദത്തിന് തയ്യാറാണെന്ന് കരുമ്പുലാക്കല്‍ തിരിച്ചടിച്ചു.
👍🏻
Post a Comment