Friday, October 9, 2009

ജ്യോത്സ്യവും ഗണിതവും അന്ധവിശ്വാസങ്ങള്‍

സി മുഹമ്മദ്‌സലീം സുല്ലമി  /  

ജ്യോത്സ്യം (astrology) ഒരു ശാസ്‌ത്രശാഖയല്ല. കേവല അന്ധവിശ്വാസം മാത്രം. ജ്യോതിശാസ്‌ത്രം (astronomy) ഒരു ശാസ്‌ത്രശാഖയാണ്‌. ഗോളങ്ങളെയും ഗ്രഹങ്ങളെയും പറ്റി ഭൗതികമാനങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യബുദ്ധി ഉപയോഗിച്ചു നടത്തുന്ന പഠനം. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്‌. രണ്ടും ഒന്നാണെന്ന പ്രചാരണവും ജ്യോതിശാസ്‌ത്രം പോലെ ജ്യോത്സ്യവും ഒരു ശാസ്‌ത്രം തന്നെയാണെന്ന പ്രചാരണവും നിലവിലുണ്ട്‌. ജ്യോത്സ്യന്മാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ വിശ്വപ്രസിദ്ധ ചരിത്രപണ്ഡിതനായ അബ്‌ദുര്‌റഹ്മാനിബ്‌നു ഖല്‍ദൂന്‍ പറയുന്നതിങ്ങനെയാണ്‌:
“ഉപരിലോകത്തെ ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്വാധീനഫലമായി ഭൗമലോകത്ത്‌ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ നേരത്തെ തന്നെ ഇത്തരം ജ്യോത്സ്യന്മാര്‍ പ്രവചിക്കുമെന്നാണ്‌ അവര്‍ വാദിക്കുന്നത്‌. വ്യക്തിയിലോ സമൂഹത്തിലോ നടക്കുന്ന എല്ലാ കാര്യങ്ങളും ഇങ്ങനെ പ്രവചിക്കാന്‍ കഴിയുംപോലും.” (മുഖദ്ദിമ)


ഭൗമേതര ഗോളങ്ങള്‍ക്ക്‌, ഭൗതികേതരമായ ആത്മാവും ജീവനും വ്യക്തിത്വവുമെല്ലാം കല്‌പിച്ചുകൊണ്ട്‌ അവ ഭൂമിയിലെ സചേതനവും അചേതനവുമായ വസ്‌തുക്കളില്‍ ഇടപെടുന്നുവെന്ന്‌ സങ്കല്‌പിച്ചുകൊണ്ട്‌ ഉണ്ടാക്കിയെടുക്കുന്ന വിശ്വാസമാണ്‌ ഇതിന്റെ അടിസ്ഥാനം. യഥാര്‍ഥത്തില്‍, ഉപരിലോകഗോളങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ദൈവം അവയ്‌ക്ക്‌ നിശ്ചയിക്കപ്പെട്ട സഞ്ചാരപഥത്തിലൂടെ സ്വാഭാവികമായി ചലിക്കാനല്ലാതെ, അതുവഴി ഭൗമലോകത്തെ പ്രകൃതിയിലുണ്ടാകുന്ന സ്വാധീനങ്ങളല്ലാതെ, സ്വതന്ത്ര അസ്‌തിത്വത്തോടുകൂടി ഭൂമിയില്‍ ഇടപെടാനോ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കാനോ ഇവയ്‌ക്കൊന്നും സാധ്യമല്ലതന്നെ. ഇത്തരം വിശ്വാസങ്ങള്‍ തനി ബഹുദൈവത്വപരമാണ്‌. ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ദിവ്യത്വം കല്‌പിച്ചുകൊണ്ടാണ്‌ ഇത്‌ വിശ്വസിക്കുന്നത്‌. ഹൈന്ദവര്‍ക്കിടയില്‍ ഈ വിശ്വാസം വളരെ ശക്തമാണ്‌. ജ്യോതിഷ വിശ്വാസമനുസരിച്ച്‌ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഒമ്പതു ഗ്രഹങ്ങളാണുള്ളത്‌. ഇതില്‍ സൂര്യന്‍, ചൊവ്വ, വ്യാഴം എന്നിവര്‍ പുരുഷന്മാരും ചന്ദ്രന്‍, ശുക്രന്‍ എന്നിവര്‍ സ്‌ത്രീകളും മറ്റുള്ളവര്‍ നപുംസകങ്ങളുമാണത്രെ! ഈ ദേവന്മാര്‍ കുളി, വസ്‌ത്രധാരണം, മദ്യപാനം, പൂജ, ധ്യാനം, അതിഥി സല്‍ക്കാരം, സുരതം തുടങ്ങി ഇരുപത്തേഴു ജോലികളില്‍ സദാ വ്യാപൃതരാണ്‌. ഇവരുടെ പ്രവൃത്തികളും ഭൂമിയിലെ ജനങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന അടിസ്ഥാനത്തിലാണ്‌ പഞ്ചാംഗം പടക്കപ്പെട്ടിരിക്കുന്നത്‌. സൂര്യന്‍ മദ്യപാനം ചെയ്യുന്ന സമയത്താണ്‌ ഒരു കുട്ടി ജനിക്കുന്നതെങ്കില്‍ അവന്‍ ദുസ്സ്വഭാവിയായി മാറുമെന്നാണ്‌ ജ്യോതിഷ സങ്കല്‌പം. (ആര്‍ഷഭാരതം: സങ്കല്‌പവും യാഥാര്‍ഥ്യവും, എം എം സ്‌നേഹജാന്‍, പുറം 28,29).

ബാബിലോണില്‍ നിലനിന്നിരുന്ന നക്ഷത്രപൂജയെ അവരിലേക്ക്‌ നിയുക്തനായ ദൈവദൂതന്‍ ഇബ്‌റാഹീം(അ) എതിര്‍ക്കുകയുണ്ടായി. നക്ഷത്രങ്ങള്‍ക്കും ഗോളങ്ങള്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ ഇടപെടാന്‍ കഴിയുമെന്ന വിശ്വാസം മുഹമ്മദ്‌ നബി(സ)യുടെ ജനതയിലുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ പ്രവാചകപുത്രന്‍ ഇബ്‌റാഹീം ശൈശവത്തില്‍ മരിച്ച ദിവസം, യാദൃച്ഛികമായി സംഭവിച്ച സൂര്യഗ്രഹണത്തെ മരണവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചത്‌. പ്രവാചക പുത്രന്റെ മരണത്തിലുള്ള ദു:ഖഹേതുവാണ്‌ സൂര്യഗ്രഹണം എന്നായിരുന്നു അവരുടെ വ്യാഖ്യാനം. നബി(സ) ഈ വിശ്വാസം ഉടനെ തിരുത്തി:
“സൂര്യനും ചന്ദ്രനും ദൈവത്തിന്റെ ദൃഷ്‌ടാന്തങ്ങളാണ്‌. ആരുടെയെങ്കിലും മരണം കാരണമായോ ജനനം കാരണമായോ അവയ്‌ക്കൊന്നും ഗ്രഹണം ബാധിക്കുകയില്ല” (ബുഖാരി).
 ഗ്രഹപ്പിഴയും ജാതകം നോക്കലും നക്ഷത്രഫലം നോക്കലും ഞാറ്റുവേലകളിലുള്ള വിശ്വാസവുമെല്ലാം ഇത്തരം ബഹുദൈവത്വ വിശ്വാസത്തിന്റെ ഭാഗം തന്നെ. മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ശംസിയ്യാ ത്വരീഖത്ത്‌ ഒരുതരം സൂര്യാരാധന തന്നെയാണ്‌. ഇസ്‌ലാമിക ചരിത്രത്തില്‍, ഹിജ്‌റാബ്‌ദം മൂന്നാം നൂറ്റാണ്ടിനു ശേഷം പ്രത്യക്ഷപ്പെട്ട ഇഖ്വാനുസ്സ്വഫാ എന്ന സംഘത്തിന്റെ വിശ്വാസമനുസരിച്ച്‌, ഗോളങ്ങള്‍ ദൈവിക സൃഷ്‌ടിയാണെങ്കിലും ദൈവം അവയ്‌ക്ക്‌ സ്വതന്ത്ര അസ്‌തിത്വവും കഴിവും നല്‌കി പ്രപഞ്ചകാര്യങ്ങളില്‍ ഇടപെടാനും നിയന്ത്രിക്കാനും സ്വാതന്ത്ര്യം നല്‌കിയിട്ടുണ്ട്‌.” (ഫതാവ ഇബ്‌നുതൈമിയ 35:133,136)

ഇസ്‌ലാം ഇത്തരം വിശ്വാസങ്ങളെയും സങ്കല്‌പങ്ങളെയുമെല്ലാം എതിര്‍ക്കുന്നു. പ്രവാചക നിയോഗത്തിന്റെ കാലത്ത്‌ അറിയപ്പെട്ടിരുന്ന കാഹിന്‍, അര്‌റാഫ്‌, മുനജ്ജിം എന്നിവരുടെ പ്രവര്‍ത്തനങ്ങളെ അവിടുന്ന്‌ നിരോധിക്കുകയുണ്ടായി. ഭാവി പ്രവചനം, സ്വകാര്യങ്ങള്‍ അറിയല്‍ തുടങ്ങിയവയായിരുന്നു കാഹിനിന്റെ ജോലി. ജിന്ന്‌സേവയുടെ അടിസ്ഥാനത്തില്‍ അദൃശ്യജ്ഞാനം അവകാശപ്പെടുകയും ഗണിച്ചെടുത്ത്‌ കാര്യങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്നവരായിരുന്നു അര്‌റാഫുകള്‍ (പ്രശ്‌നക്കാര്‍). നഷ്‌ടപ്പെട്ട വസ്‌തുക്കളും മോഷണസാധനങ്ങളും സ്ഥലങ്ങളുമെല്ലാം പ്രവചിക്കുന്ന ഇന്നത്തെ ആളുകള്‍ ഈ ഗണത്തിലാണ്‌ ഉള്‍പ്പെടുന്നത്‌. നക്ഷത്രങ്ങളെ നിരീക്ഷിച്ച്‌ ഭാവി പ്രവചിക്കുന്നവരാണ്‌ മുനജ്ജിമുകള്‍ (ജ്യോതിഷി).

ഇസ്‌ലാമിന്‌ മുമ്പുള്ള ജാഹിലിയ്യാ കാലത്ത്‌ ചെയ്‌തിരുന്ന കാര്യങ്ങള്‍ എന്ന്‌ പറഞ്ഞുകൊണ്ട്‌ മുആവിയ ബിന്‍ഹകം അസ്സുലമിയ്യ്‌ നബി(സ)യോട്‌ കാഹിനിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞത്‌:

“നിങ്ങള്‍ കാഹിനുകളെ സമീപിക്കരുത്‌” (മുസ്‌ലിം 537).


“ആരെങ്കിലും അര്‌റാഫിനെ സമീപിച്ച്‌ അവനോട്‌ വല്ലതും ചോദിച്ചാല്‍ അവന്റെ നാല്‌പത്‌ ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല” (മുസ്‌ലിം 223).
 ഇനി ഇത്തരം ആളുകള്‍ പറയുന്നത്‌ വിശ്വസിച്ചാല്‍ എന്തു സംഭവിക്കുമെന്ന്‌ നബി(സ) പറയുന്നു:


“കാഹിനിനെയോ അര്‌റാഫിനെയോ സമീപിച്ച്‌ അവന്‍ പറയുന്നത്‌ വിശ്വസിച്ചാല്‍ അവന്‍ മുഹമ്മദിന്‌ അവതരിച്ചതില്‍ (ഖുര്‍ആന്‍) അവിശ്വസിച്ചിരിക്കുന്നു” (അഹ്മദ്‌ 2:429).
 മുനജ്ജിമിനെക്കുറിച്ച്‌ നബി(സ) യുടെ പ്രസ്‌താവന നോക്കുക:

“നക്ഷത്രങ്ങളില്‍ നിന്ന്‌ വല്ല വിവരവും പിടിച്ചെടുത്ത്‌ പറയുന്നവര്‍ സിഹ്‌റിന്റെ (മാരണം) ശാഖ പിടിച്ചെടുത്തവനാണ്‌. വര്‍ധിപ്പിച്ചാല്‍ അതിനനുസരിച്ച്‌ വര്‍ധിക്കുകയും ചെയ്‌തു.” (അബൂദാവൂദ്‌ 3905).
 കള്ളിയും കളവും വരച്ചും കല്ലും കവടിയും നിരത്തിയും മനുഷ്യജീവിതത്തിന്റെ വരുംവരായ്‌കകള്‍ നിര്‍ണയിക്കുന്ന ഏര്‍പ്പാടുകളെല്ലാം തന്നെ ഈ ഇനത്തിലാണ്‌ പെടുന്നത്‌. കൈരേഖ നോക്കിയുള്ള പ്രവചനവും മുഖലക്ഷണം പറയലും പക്ഷികളെക്കൊണ്ട്‌ കാര്‍ഡ്‌ എടുപ്പിച്ച്‌ ലക്ഷണം പറയലുമെല്ലാം ഇതേ ഗണത്തില്‍ പെടുന്നു. എല്ലാം ഭാവി പ്രവചനങ്ങള്‍ തന്നെ. ഇസ്‌ലാം, വിശ്വാസത്തിന്റെ അടിസ്ഥാനമായി പഠിപ്പിക്കുന്ന കാര്യം ഗഗ്വൈബ്‌ (അദൃശ്യകാര്യങ്ങള്‍) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല എന്നതാണ്‌. മാലാഖമാര്‍ക്കോ ജിന്നുകള്‍ക്കോ മനുഷ്യര്‍ക്കോ മറ്റാര്‍ക്കുമോ ഇതൊന്നും അറിയുകയില്ല.

“പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല” (27:65).
 ഇത്തരം പ്രവചനക്കാരെല്ലാം പൈശാചിക ബോധനത്തിന്റെ അടിസ്ഥാനത്തില്‍ കളവുപറയുകയും ജനങ്ങളെ വഞ്ചിക്കുകയുമാണ്‌ ചെയ്യുന്നത്‌. സ്വയം ദിവ്യത്വം അവകാശപ്പെട്ടും ദൈവത്തിന്റെ അവകാശങ്ങളില്‍ പങ്കുചേര്‍ത്തും ഇവര്‍ ബഹുദൈവത്വത്തിലേക്ക്‌ ജനങ്ങളെ എത്തിക്കുന്നു. ഇത്തരം ആളുകളെ പറ്റി വിശുദ്ധഖുര്‍ആന്റെ പ്രസ്‌താവന ശ്രദ്ധേയമാണ്‌:
“ആരുടെ മേലാണ്‌ പിശാചുക്കള്‍ ഇറങ്ങുന്നതെന്ന്‌ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ? പെരും നുണയന്മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു. അവര്‍ ചെവി കൊടുത്തു കേള്‍ക്കുന്നു. അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു.” (26:221-223)

Tuesday, January 27, 2009

ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്ര്‍, ദാറുല്‍ഹര്‍ബ്‌



വഹീദുദ്ദീന്‍ ഖാന്‍ .


ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാന രേഖകളായി ഇന്ന്‌ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത്‌ ഫിഖ്‌ഹ്‌ (കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍) ആണ്‌. വിശ്വാസം ദൈവത്തിനു മുന്നില്‍ പ്രകടിപ്പിക്കുന്നതിന്‌ മാനവസമൂഹം സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ്‌ ഫിഖ്‌ഹ്‌. പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതകാലത്തിനും ദശാബ്‌ദങ്ങള്‍ക്കുശേഷം, ഏതാണ്ട്‌ അബ്ബാസിയ ഖിലാഫത്തിന്റെ കാലഘട്ടത്തിലാണ്‌ കര്‍മശാസ്‌ത്ര രീതികളുടെ ക്രോഡീകരണം നടന്നത്‌. ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍ക്കു പുറമെ അക്കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്ത ചില തത്വങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിരുന്നു.

Thursday, January 22, 2009

ഇസ്‌ലാം മതത്തിന്റെ ദൈവികത



സി മുഹമ്മദ്‌ സലീം സുല്ലമി

ഇസ്‌ലാം പ്രപഞ്ചനാഥനായ അല്ലാഹു അവതരിപ്പിച്ച മതമാണ്‌. മനുഷ്യസമൂഹത്തിന്‌ അവരുടെ ഐഹികജീവിതം സുഖകരമാകാനും പാരത്രികജീവിതം വിജയപ്രദമാകാനും ഉദ്ദേശിച്ചുകൊണ്ടാണ്‌ ഇത്‌ അവതരിപ്പിച്ചിട്ടുള്ളത്‌. മനുഷ്യകരങ്ങളുടെ ഇടപെടലുകളോ മനുഷ്യചിന്തകളുടെ സ്വാധീനമോ ഇല്ലാത്ത ശുദ്ധമായ ‘ദൈവീകത’ അവകാശപ്പെടാവുന്ന ഏക മതം ഇസ്‌ലാം മാത്രമാണ്‌. അല്ലാഹു തന്നെ പറയുന്നത്‌: “തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്‌ലാമാകുന്നു” (3:19). “ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല” (3:85). “ഇസ്‌ലാമിനെ മതമായി അല്ലാഹു നിങ്ങള്‍ക്ക്‌ തൃപ്‌തിപ്പെട്ടു തരികയും ചെയ്‌തിരിക്കുന്നു.” (5:3)

Tuesday, January 13, 2009

പൗരോഹിത്യത്തിനും രാഷ്‌ട്രീയ ഇസ്‌ലാമിനുമെതിരെ നവോത്ഥാനം ആവശ്യമുണ്ട്‌

അബൂബക്കര്‍ കാരക്കുന്ന്‌



കേരളത്തിലെ മുസ്‌ലിം പൗരോഹിത്യം ഒരു പുതിയ വഴിത്തിരിവിലാണ്‌. മണ്‍മറഞ്ഞ അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയ്‌ക്ക്‌ മതത്തിന്റെ പരിവേഷം നല്‌കുകയും ചെയ്യുന്ന മുസ്‌ലിം പൗരോഹിത്യം ക്രൈസ്‌തവ മതമേലധ്യക്ഷന്മാരെപ്പോലും കടത്തിവെട്ടുന്നുണ്ട്‌ ഈയിടെയായി. മുസ്‌ലിം പൗരോഹിത്യത്തിന്റെ തനത്‌ രൂപമായി വിലയിരുത്താവുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈയിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇതില്‍ പെട്ടതാണ്‌. കാന്തപുരം മുസ്‌ലിയാരുടെ വഴിവിട്ട അഭിപ്രായങ്ങളോട്‌ മതസംഘടനകളില്‍ നിന്ന്‌ ആരെങ്കിലും പ്രതികരിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ മതേതരവേദിയില്‍ നിന്നും പത്രപ്രസിദ്ധീകരണങ്ങളില്‍ നിന്നും മുസ്‌ലിയാരുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ശക്തമായ ആഞ്ഞടി കാണുകയുണ്ടായി. ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ ഇതുസംബന്ധമായ വിലയിരുത്തല്‍ രസാവഹമാണ്‌. അതിങ്ങനെ വായിക്കാം: ``കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വലിയൊരു തമാശക്കാരനാണ്‌ എന്ന കാര്യത്തില്‍ ഒരു മലയാളി മുസ്‌ലിമിന്‌ സംശയമുണ്ടാകാനിടയില്ല. മുസ്‌ലിം ചെറുപ്പക്കാരെക്കുറിച്ച്‌ ഇദ്ദേഹം എന്താണ്‌ ധരിച്ചുവെച്ചിരിക്കുന്നത്‌?

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ