Tuesday, January 27, 2009

ദാറുല്‍ഇസ്‌ലാം ദാറുല്‍കുഫ്ര്‍, ദാറുല്‍ഹര്‍ബ്‌



വഹീദുദ്ദീന്‍ ഖാന്‍ .


ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാന രേഖകളായി ഇന്ന്‌ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത്‌ ഫിഖ്‌ഹ്‌ (കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍) ആണ്‌. വിശ്വാസം ദൈവത്തിനു മുന്നില്‍ പ്രകടിപ്പിക്കുന്നതിന്‌ മാനവസമൂഹം സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ്‌ ഫിഖ്‌ഹ്‌. പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതകാലത്തിനും ദശാബ്‌ദങ്ങള്‍ക്കുശേഷം, ഏതാണ്ട്‌ അബ്ബാസിയ ഖിലാഫത്തിന്റെ കാലഘട്ടത്തിലാണ്‌ കര്‍മശാസ്‌ത്ര രീതികളുടെ ക്രോഡീകരണം നടന്നത്‌. ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍ക്കു പുറമെ അക്കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്ത ചില തത്വങ്ങളും ഇവയില്‍ ഉള്‍ച്ചേര്‍ത്തിരുന്നു.

ഈ പണ്ഡിതന്മാര്‍ തന്നെയാണ്‌ കര്‍മശാസ്‌ത്ര രീതികള്‍ക്കിടയില്‍ ദാറുല്‍ഇസ്‌ലാം (വിശ്വാസത്തിന്റെ ഭവനം), ദാറുല്‍കുഫ്രര്‍ (ഈശ്വരനിന്ദയുടെ ഭവനം), ദാറുല്‍ഹര്‍ബ്‌ (യുദ്ധത്തിന്റെ ഭവനം) എന്നീ വിഭജനങ്ങള്‍ നടത്തിയതും. ഓരോ ഭവനങ്ങള്‍ക്കുള്ളിലും മറ്റ്‌ നിരവധി ഉപഭവനങ്ങള്‍ക്കും കര്‍മശാസ്‌ത്രപണ്ഡിതര്‍ രൂപംനല്‌കിയിട്ടുണ്ട്‌. അബ്ബാസിയ കാലഘട്ടത്തിലാണ്‌ കര്‍മശാസ്‌ത്രപണ്ഡിതര്‍ ഈ സങ്കേതത്തിന്‌ രൂപംനല്‌കിയതെന്ന്‌ പറഞ്ഞുവല്ലോ. പിന്നീടുള്ള കാലഘട്ടങ്ങളില്‍ കര്‍മശാസ്‌ത്രരീതി സംബന്ധിച്ച ആധികാരിക രേഖകളായാണ്‌ ഇത്‌ പരിഗണിക്കപ്പെട്ടുവരുന്നത്‌. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലൊന്നും ഇതിന്റെ വിശ്വാസ്യത ഒരിക്കല്‍പോലും ചോദ്യംചെയ്യപ്പെട്ടില്ല. എന്നാല്‍ തുറന്ന മനസ്സോടെ സമീപിച്ചാല്‍, പൂര്‍ണമായും ഇസ്‌ലാമിക ചട്ടക്കൂടില്‍ നിന്നുകൊണ്ടല്ല ഇവ രൂപപ്പെടുത്തിയിരിക്കുന്നതെന്ന്‌ ബോധ്യമാവും. ഇവ ഒരിക്കലും ഖുര്‍ആനിലോ ഹദീസിലോ പറയുന്ന ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല. കര്‍മശാസ്‌ത്രപണ്ഡിതര്‍ക്ക്‌ പാണ്ഡിത്യത്തിന്റെ അടിസ്ഥാനത്തില്‍ വിധിപ്രസ്‌താവിക്കാനുള്ള വിശേഷാധികാരം (ഇജ്‌തിഹാദ്‌) ഉപയോഗിച്ച്‌ ഇത്തരം സാങ്കേതികത്വങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. യഥാര്‍ഥ ഇജ്‌തിഹാദിന്‌ നിരവധി കര്‍ശന നിര്‍ദേശങ്ങളുണ്ട്‌. ഇജ്‌തിഹാദ്‌ ഉപയോഗിച്ച്‌ ഒരിക്കലും തെറ്റായ വ്യാഖ്യാനങ്ങള്‍ ഇല്ലാതിരിക്കാനാണിത്‌. എന്നാല്‍ ഒരു പണ്ഡിതന്റെ പാണ്ഡിത്യം തെറ്റായും ശരിയായും ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളാണ്‌ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ ഫുഖഹാഉകള്‍ (കര്‍മശാസ്‌ത്ര പണ്ഡിതര്‍) നടത്തിയ ഇത്തരം ഇടപെടലുകള്‍ തെളിയിക്കുന്നത്‌.

ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ അധിഷ്‌ഠിതമാണ്‌ യഥാര്‍ഥ ഇജ്‌തിഹാദ്‌. ഹദീസില്‍ രേഖപ്പെടുത്തിയതനുസരിച്ച്‌ ഇജ്‌തിഹാദിനെക്കുറിച്ച്‌ ആദ്യം പരമാര്‍ശിക്കുന്നത്‌ ഇങ്ങനെയാണ്‌. ഒരിക്കല്‍ പ്രവാചകന്‍(സ) ഇസ്‌ലാമിക കാര്യങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മുആദുബ്‌നുജബലിനെ(റ) യമനിലേക്ക്‌ ഇസ്‌ലാമിക പ്രബോധക സംഘത്തിന്റെ തലവനായി അയക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട്‌ പ്രവാചകന്‍ മുആദിനോട്‌ ചോദിച്ചു: ഇസ്‌ലാമിക വിഷയങ്ങളില്‍ തര്‍ക്കമോ സംശയമോ ഉണ്ടാവുമ്പോള്‍ താങ്കള്‍ എങ്ങനെയാണ്‌ അതിന്‌ പരിഹാരം കാണുക? ഖുര്‍ആനിനെ അടിസ്ഥാനമാക്കിയായിരിക്കും താന്‍ പരിഹാരം കണ്ടെത്തുകയെന്നായിരുന്നു മുആദിന്റെ മറുപടി. ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത വിഷയമാണെങ്കില്‍ എങ്ങനെ പരിഹരിക്കുമെന്ന്‌ പ്രവാചകന്‍ ചോദിച്ചപ്പോള്‍ ഹദീസിനെ അടിസ്ഥാനമാക്കി പരിഹാരം കാണുമെന്ന്‌ മുആദ്‌ മറുപടി നല്‌കി. ഹദീസിലും പരാമര്‍ശിക്കാത്ത വിഷമാണെങ്കിലോ എന്ന പ്രവാചകന്റെ ചോദ്യത്തിന്‌ ഇജ്‌തിഹാദ്‌ അടിസ്ഥാനമാക്കിയായിരിക്കും താന്‍ പരിഹാരം കാണുകയെന്നായിരുന്നു മുആദിന്റെ മറുപടി. മറുപടിയില്‍ സന്തുഷ്‌ടനായ പ്രവാചകന്‍ മുആദിനെ(റ) അനുമോദിച്ചതായും ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഈ ഹദിസ്‌ വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്‌. ഇജ്‌തിഹാദ്‌ എന്നത്‌ ഒരു വിഷയത്തെക്കുറിച്ച്‌ ഖുര്‍ആനിലും ഹദീസിലും പരാമര്‍ശങ്ങളില്ലാത്ത സാഹചര്യത്തില്‍ മാത്രം പരിഗണിക്കേണ്ട ഒന്നാണ്‌ എന്ന വസ്‌തുത. ഖുര്‍ആനിലോ സുന്നത്തിലോ വിഷയത്തിന്‌ പരിഹാരമുണ്ടെങ്കില്‍ ഇജ്‌തിഹാദിന്റെ പ്രയോഗം ഒരിക്കലും അംഗീകരിക്കപ്പെട്ടതല്ലെന്നും ഇത്‌ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്‌ നോമ്പ്‌ ഏതു മാസത്തിലാണെന്നത്‌ സംബന്ധിച്ച്‌ ഖുര്‍ആന്‍ തന്നെ വ്യക്തമായ ഉത്തരം നല്‌കുന്നുണ്ട്‌. അല്ലെങ്കില്‍ ഒരു ദിവസം നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരങ്ങള്‍ അഞ്ച്‌ നേരമാണെന്നത്‌ സംബന്ധിച്ച്‌ ഹദീസ്‌ വ്യക്തമായ ഉത്തരം നല്‌കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ ഇജ്‌തിഹാദിന്റെ പ്രയോഗത്തിലൂടെ മാറ്റംവരുത്തുന്നത്‌ ഒരിക്കലും അംഗീകരിക്കപ്പെട്ടതല്ലെന്ന്‌ സാരം.

ഈ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ ദാറുല്‍ ഇസ്‌ലാം, ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ എന്നീ പ്രയോഗങ്ങളെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്‌. ഇത്തരം പദപ്രയോഗങ്ങളൊന്നും ഖുര്‍ആന്‍ ഒരിക്കലും നടത്തിയിട്ടില്ല എന്നിരിക്കെ, ഇജ്‌തിഹാദ്‌ ഉപയോഗിച്ച്‌ ഇത്തരം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഫുഖഹാഉകള്‍ നടത്തിയ ശ്രമം തീര്‍ത്തും ഇസ്‌ലാമിക ശരീഅത്തിന്‌ വിരുദ്ധമാണ്‌. ഈ മൂന്ന്‌ പ്രയോഗങ്ങളും പ്രവാചകന്റെ കാലത്തുതന്നെ ഉള്ളതാണെന്ന വാദമാണ്‌ ആധുനിക കര്‍മശാസ്‌ത്ര പണ്ഡിതരില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്‌. എന്നാല്‍ പ്രവാചകന്റെ കാലത്ത്‌ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തിയതായി ഒരു തെളിവുമില്ല. അതുകൊണ്ടുതന്നെ ഇത്തരം സാങ്കേതികത്വങ്ങള്‍ യഥാര്‍ഥ ഇജ്‌തിഹാദിലൂടെ രൂപപ്പെടുത്തിയതല്ലെന്നാണ്‌ മനസ്സിലാക്കേണ്ടത്‌.

പ്രവാചകത്വം ലഭിച്ചതിന്‌ ശേഷമുള്ള ആദ്യ പതിമൂന്ന്‌ വര്‍ഷവും നബി(സ) ജീവിച്ചത്‌ മക്കയിലാണ്‌. തുടര്‍ന്നാണ്‌ മദീനയിലേക്ക്‌ പലായനം ചെയ്‌തത്‌. പ്രവാചകന്‍ മക്കയിലും മദീനയിലുമായിരിക്കെ ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഇതിലെവിടെയും ഒരിക്കല്‍ പോലും മക്കയെ ദാറുല്‍കുഫ്രര്‍ എന്ന്‌ സംബോധന ചെയ്‌തിട്ടില്ല. പില്‌ക്കാലത്താണ്‌ ഒരുവിഭാഗം കര്‍മശാസ്‌ത്രപണ്ഡിതര്‍ മക്കയെക്കുറിച്ച്‌ ഈശ്വരനിന്ദയുടെ ഭവനം എന്നര്‍ഥം വരുന്ന ദാറുല്‍ കുഫ്രര്‍ എന്ന പദം പ്രയോഗിച്ചത്‌. പ്രവാചകന്‍ മദീനയിലേക്ക്‌ പലായനം ചെയ്‌തതോടെ മക്കാമുശ്രിക്കുകള്‍ പ്രവാചകനോടും അനുയായികളോടും നിരന്തര യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഇത്‌ മുന്‍നിര്‍ത്തി മക്കയെ ദാറുല്‍ഹര്‍ബ്‌ (യുദ്ധത്തിന്റെ ഭവനം) എന്ന്‌ പ്രയോഗിക്കുകയായിരുന്നു. ഖുര്‍ആനിലോ ഹദീസിലോ എവിടെയും മക്കയെ ദാറുല്‍ഹര്‍ബ്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടില്ല. മദീനയിലേക്ക്‌ കുടിയേറിയ പ്രവാചകന്‍ അവിടെ തന്റെ നേതൃത്വത്തില്‍ ഒരു ഇസ്‌ലാമിക ഭരണകൂടം സ്ഥാപിച്ചു. ഇതാണ്‌ പില്‌ക്കാലത്ത്‌ മദീനയെ ദാറുല്‍ഇസ്‌ലാം എന്ന്‌ വിശേഷിപ്പിക്കാന്‍ കാരണമായത്‌. ഇക്കാര്യത്തിലും ഖുര്‍ആനോ ഹദീസോ യാതൊരു മാതൃകയും കാണിച്ചുതരുന്നില്ല.

സൂറതു യാസീന്‍ 25-ാം സൂക്തത്തില്‍ സ്വര്‍ഗത്തെ ദാറുസ്സലാം (ശാന്തിയുടെ ഭവനം) ആയി ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്‌. ഇത്‌ ഒരിക്കലും ഭൂമിയിലെ ഏതെങ്കിലും ഒരു പ്രദേശത്തെ അഭിസംബോധന ചെയ്‌തുകൊണ്ടല്ല. അതുപോലെത്തന്നെ പരലോക ജീവിതത്തില്‍ ശിക്ഷ നടപ്പാക്കപ്പെടുന്ന ഭൂമിയെ സൂറതു ഇബ്‌റാഹീമിലെ 28-ാം സൂക്തത്തില്‍ ദാറുല്‍ഖസാര്‍ (നഷ്‌ടത്തിന്റെ ഭവനം) എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌. ഇത്‌ ഒരിക്കലും കര്‍മശാസ്‌ത്ര പണ്ഡിതര്‍ വിശേഷിപ്പിക്കുന്ന ദാറുല്‍കുഫ്രര്‍ അല്ല. ചുരുക്കിപ്പറഞ്ഞാല്‍ കര്‍മശാസ്‌ത്രഗ്രന്ഥങ്ങളില്‍ കാണുന്ന ദാറുല്‍ഇസ്‌ലാം, ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ തുടങ്ങിയ പ്രയോഗങ്ങളൊന്നും ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ടതല്ലെന്നര്‍ഥം. ഖുര്‍ആനിനും ഹദീസിനും വിരുദ്ധമായ കണ്ടുപിടുത്തങ്ങളാണ്‌ ഇവ. ഇത്തരം തെറ്റായ ഇജ്‌തിഹാദുകള്‍ നിരസിക്കാനുള്ള സ്വാതന്ത്ര്യം വിശ്വാസികള്‍ക്കുണ്ട്‌. അതിന്‌ പ്രവാചകവചനങ്ങള്‍ തന്നെ പിന്‍ബലം നല്‌കുന്നുണ്ട്‌. വിശ്വാസത്തോട്‌ എന്ത്‌ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ നിര്‍ദേശിച്ചാലും അത്‌ മുസ്‌ലിംകള്‍ തീര്‍ച്ചയായും നിരസിക്കുക തന്നെ വേണം എന്നാണ്‌ പ്രവാചകവാക്യം. കേവലം അക്കാദമികമോ അകക്കാമ്പില്ലാത്തതോ അല്ല ഈ മൂന്ന്‌ പദപ്രയോഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ച. ലോക മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‌ക്കുന്ന വിശ്വാസവുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതുകൊണ്ടുതന്നെ ഏറെ പ്രസക്തവും പ്രാധാന്യമുള്ളതുമാണ്‌.

ഇത്തരം വിഭജനങ്ങള്‍ അടിസ്ഥാനമാക്കിയല്ല ദൈവം മനുഷ്യനെ കാണുന്നതെന്നതിന്‌ ഏറ്റവും ഉദാത്തമായ തെളിവ്‌ ഖുര്‍ആന്‍ തന്നെയാണ്‌. ദാറുല്‍ ഇസ്‌ലാമിലോ ദാറുല്‍കുഫ്‌റിലോ ദാറുല്‍ ഹര്‍ബിലോ ജീവിച്ചവരെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കില്ല മരണാനന്തര ജീവിതത്തില്‍ മനുഷ്യനെ ദൈവം പരിഗണിക്കുക. ഒരൊറ്റ മാനദണ്ഡം മാത്രമായിരിക്കും അതിന്‌ അടിസ്ഥാനം. ജീവിതകാലത്ത്‌ അവന്‍ പുലര്‍ത്തിയിരുന്ന വീക്ഷണം എന്തായിരുന്നു എന്നതാണ്‌ ഈ മാനദണ്ഡം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചില പ്രത്യേക സമുദായത്തില്‍ ജനിച്ചുവെന്നതുകൊണ്ട്‌ മാത്രം ചിലര്‍ മറ്റുള്ളവരെക്കാള്‍ മഹോന്നതരാണെന്ന ധാരണയ്‌ക്കും അടിസ്ഥാനമില്ല. സൂറതുല്‍ ഹുജുറാത്ത്‌ 13-ാം സൂക്തത്തില്‍ ഖുര്‍ആന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: ``ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്‌ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്‌തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്‌ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്‌മജ്ഞാനിയുമാകുന്നു.''

ഖുര്‍ആനിലെ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്‌ വര്‍ഗ, വര്‍ണ, സമുദായ ചിന്തകള്‍ക്കതീതമായി മാനവരാശിയെ ഇസ്‌ലാം എങ്ങനെ കാണുന്നു എന്നാണ്‌. മുസ്‌ലിം സമുദായത്തിലുള്ളവരെയും അല്ലാത്തവരെയും ഒരേപോലെ പരിഗണിക്കുന്നുവെന്നതിന്റെ തെളിവാണിത്‌. ആരെങ്കിലും വര്‍ഗീയ, ഇടുങ്ങിയ ചിന്താഗതികള്‍ പുലര്‍ത്തുന്നുവെങ്കില്‍ അത്‌ വിശുദ്ധ ഖുര്‍ആനുമായോ ഇസ്‌ലാമുമായോ ബന്ധപ്പെട്ടതല്ലെന്നും ഖുര്‍ആന്‍ ഇവിടെ അടിവരയിടുന്നു. ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ ദൈവത്തിന്റെ സൃഷ്‌ടിസങ്കല്‌പത്തിന്‌ വിരുദ്ധമാണ്‌. എല്ലാ തരത്തിലുമുള്ള ജീവികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ ദൈവം ഈ ലോകം സൃഷ്‌ടിച്ചിരിക്കുന്നത്‌. അല്ലാതെ മുസ്‌ലിംകളെ മാത്രമല്ല ദൈവം ഭൂമിയിലേക്ക്‌ സൃഷ്‌ടിച്ചയച്ചത്‌. ഇതിന്റെ വെളിച്ചത്തില്‍ ലോകത്തില്‍ ഒരൊറ്റ ഭവനം മാത്രമാണ്‌ അല്ലാഹുവിന്റെ സൃഷ്‌ടി. അത്‌ ദാറുല്‍ ഇന്‍സാന്‍ (മാനവികതയുടെ ഭവനം) ആണ്‌.

ഫുഖഹാഉകളുടെ വിഭജനം അടിസ്ഥാനമാക്കിയുള്ള മൂന്ന്‌ ഭവനങ്ങള്‍ കണക്കെ ലോകത്തെ വീക്ഷിക്കാന്‍ തയ്യാറാവുന്നത്‌ അവരുടെ സങ്കുചിത ചിന്താഗതിയുടെ ഭാഗമായി മാത്രമേ പരിഗണിക്കാനാവൂ. സ്വന്തം കാഴ്‌ചപ്പാടില്‍നിന്നുകൊണ്ടു മാത്രം മാനവികചരിത്രത്തെ കണ്ടെത്താന്‍ മുസ്‌ലിംകള്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ്‌ ഇത്‌. അവരുടെ സങ്കുചിത ചിന്താഗതിയില്‍നിന്നുകൊണ്ടാണ്‌ അവര്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനം കൊണ്ടുവന്നത്‌. മുസ്‌ലിംകള്‍ ഒഴികെയുള്ള സമുദായങ്ങളെയെല്ലാം കാഫിറുകളും മുസ്‌ലിംകളുടെ പ്രഖ്യാപിത ശത്രുക്കളുമായാണ്‌ ഇത്തരക്കാര്‍ പരിഗണിച്ചത്‌. ഖുര്‍ആന്‍ വിളിച്ചുപറഞ്ഞ മഹത്തായ മാനവികതയെ നിരസിക്കുകയാണ്‌ ഇതിലൂടെ ചെയ്‌തത്‌. ഖുര്‍ആനിന്‌ തീര്‍ത്തും വിരുദ്ധമാണ്‌ ഇത്‌. ദൈവത്തെ അടിസ്ഥാനമാക്കി മാത്രമാണ്‌ ഖുര്‍ആന്‍ മനുഷ്യര്‍ക്കിടയില്‍ വിഭജനം കല്‌പിച്ചത്‌. എന്നാല്‍ ഫുഖഹാഉകള്‍ വിഭജനം കല്‌പിച്ചത്‌ മുസ്‌ലിംകളെ അടിസ്ഥാനമാക്കിയായിരുന്നു.

മുസ്‌ലിം-അമുസ്‌ലിം വിഭജനങ്ങളില്‍ നിന്നുകൊണ്ടു മാത്രമായിരുന്നു മുസ്‌ലിം ചരിത്രകാരന്മാരും എഴുത്തുകാരും ഗ്രന്ഥരചനകള്‍ നടത്തിയത്‌. അതുകൊണ്ടുതന്നെ പ്രവാചകന്റെ ആവിര്‍ഭാവത്തിനു ശേഷമുള്ളതു മാത്രമാണ്‌ മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്ന രീതിയിലായിരുന്നു ഈ രചനകളെല്ലാം. പ്രവാചകന്റെ മുമ്പും ഭൂമിയില്‍ മനുഷ്യരുണ്ടായിരുന്നുവെന്ന വസ്‌തുത അവര്‍ യഥേഷ്‌ടം വിസ്‌മരിച്ചു. പണ്ഡിതനും ഇസ്‌ലാമിക ചരിത്രകാരനുമായിരുന്ന ഇബ്‌ന്‍ഖല്‍ദൂന്‍ മാത്രമാണ്‌ ഇക്കാര്യത്തില്‍ അപവാദം. മാനവരാശിയുടെ പക്ഷത്തുനിന്നുകൊണ്ട്‌ ചരിത്രരചന നടത്തിയ ഏക മുസ്‌ലിംചരിത്രകാരനായിരുന്നു ഇബ്‌നുഖല്‍ദൂന്‍.

അമുസ്‌ലിംകളെ വിഷയമാക്കി ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക്‌ ഇടയാക്കിയ പുസ്‌തകങ്ങള്‍ മാത്രമായിരുന്നു നമ്മുടെ ഫുഖഹാഉകള്‍ പ്രോത്സാഹിപ്പിച്ചത്‌. മാനവസമൂഹവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളൊന്നും മുസ്‌ലിംസമൂഹത്തെ ബാധിക്കുന്നതല്ലെന്ന തരത്തിലായിരുന്നു അവരുടെ സമീപനം. ഇത്തതരമൊരവസ്ഥ സംജാതമായത്‌ ഏറെ നിര്‍ഭാഗ്യകരമാണ്‌. ഇത്തരം സാമുദായിക മുന്‍വിധികള്‍ തന്നെയാണ്‌ ഫുഖഹാഉകളെ ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമായി ദാറുല്‍ഇസ്‌ലാം, ദാറുല്‍കുഫ്രര്‍, ദാറുല്‍ഹര്‍ബ്‌ എന്നീ വിഭജനങ്ങളിലേക്ക്‌ പ്രേരിപ്പിച്ചത്‌. സ്വഹീഹുല്‍ ബുഖാരിയില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഒരു ഹദീസ്‌ നോക്കൂ: ഒരിക്കല്‍ പ്രവാചകന്‍ അനുയായികള്‍ക്കൊപ്പം മദീനയിലെ ഒരു വഴിയോരത്ത്‌ ഇരിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി മൃതദേഹം വഹിച്ചുകൊണ്ടുള്ള ജൂതരുടെ ഒരു വിലാപയാത്ര കടന്നുപോയി. വഴിയരികില്‍ ഇരിക്കുകയായിരുന്ന പ്രവാചകന്‍ ഉടന്‍ ആദരവോടെ എഴുന്നേറ്റുനിന്നു. ഇതുകണ്ട്‌ കൂടെയുണ്ടായിരുന്ന സ്വഹാബികള്‍ പ്രവാചകനോട്‌ പറഞ്ഞു: അത്‌ ഒരു ജൂതന്റെ മൃതദേഹമാണ്‌. ഇതുകേട്ട പ്രവാചകന്‍ തിരിച്ചുചോദിച്ചത്‌ അദ്ദേഹം ഒരു മനുഷ്യനല്ലയോ എന്നാണ്‌. തിരുസുന്നത്തിലെ മാനവിക കാഴ്‌ചപ്പാടിന്റെ മഹനീയ മാതൃകയാണിത്‌.

മത, ജാതി, വര്‍ഗ ചിന്തകള്‍ക്കതീതമായി എല്ലാ മനുഷ്യരും ബഹുമാനത്തിനും ആദരവിനും അര്‍ഹനാണെന്ന സന്ദേശമാണ്‌ ഈ പ്രവാചകചര്യയിലൂടെ നമുക്ക്‌ ബോധ്യപ്പെടുന്നത്‌. എന്നാല്‍ ഈ തിരുസുന്നത്ത്‌ പോലും ഹദീസ്‌ വ്യാഖ്യാതാക്കള്‍ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. പല വിധത്തിലുള്ള വിശദീകരണങ്ങളാണ്‌ ഹദീസ്‌ വ്യാഖ്യാതാക്കള്‍ ഇതിന്‌ നല്‌കിയിരിക്കുന്നത്‌. പ്രവാചകന്‍ എഴുന്നേറ്റുനിന്നത്‌ നിര്‍ബന്ധമോ, അത്യാവശ്യമോ ആയതുകൊണ്ടായിരുന്നില്ലെന്നാണ്‌ ഒരു വിഭാഗത്തിന്റെ വാദം. മരണത്തെ ഭയപ്പെടുന്നതുകൊണ്ടാണിതെന്നായിരുന്നു മറ്റൊരു വാദം. പ്രവാചകന്റെ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രമായിരുന്നു ഇതെന്ന്‌ വേറൊരു വിഭാഗം വാദിക്കുന്നു. മറ്റൊരു വിഭാഗം പറയുന്നത്‌ മലക്കുകളോടുള്ള ബഹുമാനംകൊണ്ടായിരുന്നു പ്രവാചകന്‍ എഴുന്നേറ്റുനിന്നതെന്നാണ്‌. മൃതശരീരത്തെ മരണത്തിന്റെ മലക്ക്‌ (മലക്കുല്‍ മൗത്ത്‌) അനുഗമിക്കുന്നതിനാലാണിതെന്നും ഈ വിഭാഗം വാദിക്കുന്നു. ഇത്തരം വാദങ്ങള്‍ ഉയര്‍ന്നതുകൊണ്ടുതന്നെ ഈ പ്രവാചകചര്യ പില്‌ക്കാലത്തൊന്നും മുസ്‌ലികള്‍ക്കിടയില്‍ വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടില്ല. ഫത്‌ഹുല്‍ബാരിയില്‍ ഇബ്‌നുഹജര്‍ ഇത്തരം വ്യാഖ്യാനങ്ങളെ ഖണ്ഡിക്കുന്നുണ്ട്‌ (3:214-216). ഹദീസ്‌ വ്യാഖ്യാതാക്കളുടെ വിചിത്രമായ മാനസികാവസ്ഥയാണ്‌ ഇവിടെ കാണുന്നത്‌. യഥാര്‍ഥ അര്‍ഥത്തിലല്ല ഇത്‌ വ്യാഖ്യാനിക്കപ്പെട്ടത്‌. അമുസ്‌ലിംകളെ തെറ്റായ മനസ്സോടെ കാണാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ദൈവനിഷേധവും തിരുസുന്നത്തിനെ താഴ്‌ത്തിക്കെട്ടലുമാണ്‌ ഇത്തരം വ്യാഖ്യാതാക്കള്‍ ചെയ്യുന്നത്‌-ഇബ്‌നുഹജര്‍ പറയുന്നു.

ആധുനികലോകത്തും ഇതുതന്നെയാണ്‌ തുടരുന്നത്‌. മുസ്‌ലിം മാധ്യമങ്ങളും ചിന്തകരും എഴുത്തുകാരുമൊന്നും ഇപ്പോഴും മുസ്‌ലിമല്ലാത്തവരെ മാനുഷിക പരിഗണനയോടെ കാണാന്‍ തയ്യാറാവുന്നില്ലെന്നതാണ്‌ യാഥാര്‍ഥ്യം. അടുത്തകാലത്തായി ചില ഇസ്‌ലാമിക രാജ്യങ്ങളില്‍ ഖുര്‍ആനിന്റെ പേരില്‍ (ഖുര്‍ആന്‍ ടി വി/ ക്യൂ ടി വി) ഒരു ടെലിവിഷന്‍ ചാനല്‍ രംഗത്തെത്തുകയുണ്ടായി. അക്ഷരാര്‍ഥത്തില്‍ ഇത്‌ എന്താണ്‌ പ്രക്ഷേപണം ചെയ്യുന്നത്‌? പൂര്‍ണമായും ഒരു പക്ഷത്തുനിന്നുകൊണ്ട്‌, മാത്രമാണ്‌ ഇത്‌ കാര്യങ്ങളെ നോക്കിക്കാണുന്നത്‌. ഇത്‌ ഖുര്‍ആനിന്റെ കാഴ്‌ചപ്പാടുകള്‍ക്ക്‌ നിരക്കുന്നതല്ല. ഇത്‌ ഒരുപക്ഷേ ഒരു മുസ്‌ലിം ചാനലായിരിക്കാം. എന്നാല്‍ ഒരിക്കലും ഒരു ഖൂര്‍ആന്‍ ചാനലല്ല. വിഖ്യാത ഇന്ത്യന്‍ എഴുത്തുകാരനായ കുശ്വന്ത്‌ സിംഗിന്റെ ഇസ്‌ലാമോഫോബിയ എന്ന ലേഖനത്തിലെ ആരോപണങ്ങളെ നാം വിലയിരുത്തേണ്ടത്‌ ഇത്തരമൊരു സാഹചര്യത്തിലാണ്‌. കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും അലോസരപ്പെടുത്തുന്ന പ്രതിഭാസം മുസ്‌ലിംകളും മുസ്‌ലിംകളല്ലാത്തവരുമെന്നുള്ള വിഭജനമാണ്‌. ``നിരവധി തവണ ഞാന്‍ പാക്കിസ്‌താനിലെ ക്യു ടി വി കണ്ടു. ഒരിക്കല്‍ പോലും മുസ്‌ലിമല്ലാത്തവരെക്കുറിച്ച്‌ അതില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. മുസ്‌ലിം വീക്ഷണത്തിനപ്പുറത്ത്‌ മാനവികതയെക്കുറിച്ച്‌ അത്‌ ഒന്നും പറയുന്നില്ല. മറ്റുള്ളവരെയെല്ലാം അജ്ഞരും അറിവില്ലാത്തവരുമായാണ്‌ ഇത്‌ ചിത്രീകരിക്കുന്നത്‌''?-കുശ്വന്ത്‌ സിംഗിന്റെ വാക്കുകളാണിത്‌. സമുദായം സ്വയം വിമര്‍ശനത്തിന്‌ വിഷയമാക്കേണ്ടത്‌ ഇവിടെയാണ്‌. ഇടുങ്ങിയ, സാമുദായിക പക്ഷത്തുനിന്നുകൊണ്ട്‌ മാത്രമുള്ള ചിന്താഗതിയിലൂടെ ഇസ്‌ലാമിന്റെ യഥാര്‍ഥ മുഖം മറ്റുള്ളവര്‍ക്കു മുമ്പില്‍ തെറ്റായി ചിത്രീകരിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഖുര്‍ആന്‍ പ്രതീക്ഷിച്ചതില്‍നിന്ന്‌ വിരുദ്ധമായതാണ്‌ ഫുഖഹാഉകളില്‍നിന്ന്‌ ലഭിച്ചത്‌. അബ്ബാസിയ കാലഘട്ടം മുതല്‍ കഴിഞ്ഞ കൂറേ നൂറ്റാണ്ടായി പ്രചരിപ്പിക്കപ്പെട്ടുവന്ന, അമുസ്‌ലിംകളെ ഉള്‍ക്കൊള്ളാതെയുള്ള ആയിരക്കണക്കിന്‌ ഗ്രന്ഥങ്ങളാണ്‌ പില്‌ക്കാലത്ത്‌ ഇസ്‌ലാമിക ജിഹാദ്‌ തെറ്റായി വ്യാഖ്യാനിക്കാന്‍ ശത്രുക്കള്‍ക്ക്‌ സഹായകരമായത്‌. ഇത്തരം ഗ്രന്ഥങ്ങള്‍ അപഗ്രഥിച്ചാണ്‌ അവര്‍ ഇസ്‌ലാമിക ജിഹാദിന്‌ സായുധ ജിഹാദെന്ന പുതിയ മാനങ്ങള്‍ കണ്ടെത്തുന്നത്‌. പൊതുമണ്ഡലത്തില്‍ മുസ്‌ലിം സമൂഹം ഇരയാക്കപ്പെടുന്നതിനും മറ്റു സമുദായങ്ങളുടെ ശത്രുവായി ഇസ്‌ലാമിനെ ചിത്രീകരിക്കുന്നതിനും വഴിവെച്ചത്‌ ഇത്തരം ഗ്രന്ഥങ്ങളാണ്‌. മുസ്‌ലിം ആരാധനാരീതികളും ആചാരങ്ങളും അനുഷ്‌ഠിക്കാന്‍ യഥേഷ്‌ടം സ്വാതന്ത്ര്യമുള്ള ചില അമുസ്‌ലിം ഭരണകൂടങ്ങളുള്ള രാജ്യങ്ങളും ഫുഖഹാഉകളുടെ വിഭജനത്തില്‍ ദാറുല്‍ഹര്‍ബിലാണ്‌ (ഇസ്‌ലാമികവിരുദ്ധ യുദ്ധം നയിക്കുന്ന) നില്‌ക്കുന്നത്‌. മുസ്‌ലിം സമൂഹം പൊതുസമൂഹവുമായി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയാന്‍ ആഗ്രഹിക്കുന്ന പുതിയ കാലത്ത്‌ ദാറുല്‍ഹര്‍ബ്‌ എന്ന പ്രയോഗംതന്നെ തീര്‍ത്തും അവഗണിക്കപ്പെടേണ്ട ഒന്നാണ്‌.

നൂറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെട്ടുവരുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ യഥാര്‍ഥ ഇസ്‌ലാമിക കാഴ്‌ചപ്പാടിനും, ഖുര്‍ആനിലെയും തിരുസുന്നത്തിലെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണെന്നിരിക്കെ ഇവയെ ത്യജിക്കാന്‍ സമുദായം തയ്യാറാവുക തന്നെ വേണം. അതിന്‌ വേണ്ടത്‌ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കുള്ള മടക്കയാത്രയാണ്‌. പ്രവാചക കാലഘട്ടത്തിലേക്കുതന്നെ മടങ്ങുകയും ആ കാലത്ത്‌ നിലനിന്നിരുന്ന, അല്ലെങ്കില്‍ പ്രവാചകന്‍ പ്രചരിപ്പിച്ച അര്‍ഥത്തിലുള്ള ഇസ്‌ലാമിനെ തിരിച്ചുകൊണ്ടുവരേണ്ടതും പണ്ഡിതന്മാരുടെ ചുമതലയാണ്‌. മനുഷ്യരാശിയെ ഒറ്റ സമൂഹമായി ഉള്‍ക്കൊള്ളുന്ന മാനവികതയുടെ മതമായി ഇസ്‌ലാമിനെ തിരിച്ചുകൊണ്ടുവരാന്‍ ഇതുമാത്രമാണ്‌ മാര്‍ഗം. ഇതിന്‌ മുസ്‌ലിം ഉമ്മത്ത്‌ ഏറെ പ്രയാസപ്പെടേണ്ടിവരും. ഖുര്‍ആനും സുന്നത്തും വിവക്ഷിക്കുന്ന ഇസ്‌ലാം ആയി ഇത്‌ മാറണമെങ്കില്‍ ഇത്തരം ശ്രമകരമായ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ സമുദായ നേതൃത്വം തയ്യാറാവേണ്ടിയിരിക്കുന്നു.

1 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Malayali Peringode said...

ആരെങ്കിലും വര്‍ഗീയ, ഇടുങ്ങിയ ചിന്താഗതികള്‍ പുലര്‍ത്തുന്നുവെങ്കില്‍ അത്‌ വിശുദ്ധ ഖുര്‍ആനുമായോ ഇസ്‌ലാമുമായോ ബന്ധപ്പെട്ടതല്ലെന്നും ഖുര്‍ആന്‍ ഇവിടെ അടിവരയിടുന്നു. ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ ദൈവത്തിന്റെ സൃഷ്‌ടിസങ്കല്‌പത്തിന്‌ വിരുദ്ധമാണ്‌. എല്ലാ തരത്തിലുമുള്ള ജീവികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ ദൈവം ഈ ലോകം സൃഷ്‌ടിച്ചിരിക്കുന്നത്‌. അല്ലാതെ മുസ്‌ലിംകളെ മാത്രമല്ല ദൈവം ഭൂമിയിലേക്ക്‌ സൃഷ്‌ടിച്ചയച്ചത്‌. ഇതിന്റെ വെളിച്ചത്തില്‍ ലോകത്തില്‍ ഒരൊറ്റ ഭവനം മാത്രമാണ്‌ അല്ലാഹുവിന്റെ സൃഷ്‌ടി. അത്‌ ദാറുല്‍ ഇന്‍സാന്‍ (മാനവികതയുടെ ഭവനം) ആണ്‌.

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ