Wednesday, August 23, 2017

സ്ത്രീ ഇസ്‌ലാമിലും ഇതര സംസ്‌കാരങ്ങളിലും | പി മുഹമ്മദ് കുട്ടശ്ശേരി


പുരുഷന് തുല്യമായ സ്ഥാനം സ്ത്രീക്ക് നല്‍കിക്കൊണ്ട് മുഹമ്മദ് നബി ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുമ്പോള്‍ എന്തായിരുന്നു ലോകത്ത് സ്ത്രീയുടെ അവസ്ഥ? ഹൈന്ദവ സംസ്‌കാരത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീ ചിതയില്‍ ചാടി മരിക്കണമെന്നായിരുന്നു വ്യവസ്ഥ. ബാബിലോണിയയിലെ ഹമൂറാബി സംസ്‌കാരത്തില്‍ അവള്‍ നാല്‍ക്കാലിയായി ഗണിക്കപ്പെട്ടു. ഒരാള്‍ മറ്റൊരാളുടെ പുത്രിയെ വധിച്ചാല്‍ ഘാതകന്റെ പുത്രിയെയും കൊല്ലുമായിരുന്നു. ഗ്രീക്കുകാര്‍ ജാലകങ്ങളില്ലാത്ത ഇരുണ്ട മുറിയിലായിരുന്നു അവളെ പാര്‍പ്പിച്ചിരുന്നത്. പുറത്ത് കാവല്‍ക്കാരെയും നിയമിക്കും. റോമാ സംസ്‌കാരത്തില്‍ സ്ത്രീക്ക് സ്വന്തമായ വ്യക്തിത്വം പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

പുരാതന ഈജിപ്ത്യന്‍ സംസ്‌കാരം ആദ്യകാലത്ത് സ്ത്രീകളെ ആദരിച്ചിരുന്നുവെങ്കിലും പിന്നീട് അവള്‍ മലിനമാണെന്നും ശപികക്കപ്പെട്ടവളാണെന്നും വിധിച്ചു അവളെ അകറ്റി നിര്‍ത്തി. സ്ത്രീക്ക് ആത്മാവുണ്ടോ എന്ന സംവാദം പോലും അന്ന് നടന്നു. കന്യാമര്‍യമിനു മാത്രമേ ആത്മാവുള്ളൂ എന്ന വാദഗതി ഉയര്‍ന്നു വന്നു. ക്രിസ്തുമതത്തിലും യഹൂദ മതത്തിലും തിന്മയുടെ കവാടമാണ് സ്ത്രീ എന്ന് വിധിക്കപ്പെട്ടു. ഒഴിവാക്കാന്‍ നിവൃത്തിയില്ലാത്ത ഒരു ശല്യമാണ് സ്ത്രീ എന്നുപോലും ചില ക്രൈസ്തവ പുരോഹിതന്മാര്‍ അഭിപ്രായപ്പെട്ടു. മുഹമ്മദ് നബി ജനിച്ച അറബ് സമൂഹവും സ്ത്രീകളെ ആദരിക്കുന്നവരായിരുന്നില്ല.

സ്ത്രീയുടെ ജനനം തന്നെ അവര്‍ അപമാനമായി കണ്ടു.ഒട്ടകത്തെ തീറ്റിപ്പോറ്റാന്‍ വരുന്ന ചെലവ് അനാവശ്യമായി കാണാത്ത അവര്‍ ഒരു സ്ത്രീയെ തീറ്റിപ്പോറ്റുന്നത് വൃഥാവേലയായി കണ്ടു. കുഞ്ഞ് പെണ്ണാണെങ്കില്‍ അവളെ ജീവനോടെ കുഴിച്ചുമൂടുക എന്നതായിരുന്നു  ചിലര്‍ കണ്ട പരിഹാര മാര്‍ഗം. അറബികളുടെ സംസ്‌കാരത്തില്‍ ഇഷ്ടമുള്ള എണ്ണം സ്ത്രീകളെ വിവാഹം കഴിക്കാം. തോന്നുമ്പോഴൊക്കെയും വിവാഹമോചനവും നടത്താം എന്നതായിരുന്നു അവസ്ഥ.

ഇങ്ങനെ ലോകം മുഴുവനും സ്ത്രീയെ അവഹേളിക്കുന്ന ഒരു അവസ്ഥയിലാണ് ഇസ്‌ലാം സ്ത്രീയുടെ വിഷയത്തില്‍ ഒരു പുതിയ സന്ദേശവുമായി രംഗത്ത് വന്നത്. ഖുര്‍ആന്‍ പുരുഷന്റെ അതേ പദവി തന്നെ സ്ത്രീക്കും നല്‍കി. പുരുഷന്‍ സ്ത്രീയില്‍ നിന്നും സ്ത്രീ പുരുഷനില്‍നിന്നുമാണെന്ന് പ്രഖ്യാപിച്ചു. അല്ലാഹുവിന്റെയടുക്കല്‍ രണ്ടുപേരും തുല്യര്‍. ആരാണോ വിശ്വാസത്തോടെ കൂടുതല്‍ കര്‍മം ചെയ്യുന്നതെങ്കില്‍ അവര്‍ക്കാണ് ശ്രേഷ്ഠതയെന്ന് വിധിച്ചു. അവകാശങ്ങളിലും കടമകളിലും രണ്ടു വിഭാഗവും തുല്യര്‍. അവളുടെ അനുമതിയില്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ ആര്‍ക്കും അധികാരമില്ല. പുരുഷനെപ്പോലെ സ്ത്രീക്കും, തന്ന ധനം തിരിച്ചു നല്‍കി വിവാഹമോചനം നടത്താനുള്ള അവകാശം നല്‍കി. കെട്ടിയും മൊഴിചൊല്ലിയും സ്ത്രീയെ കെട്ടിയിടുക എന്ന പീഡനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. അനന്തരസ്വത്തില്‍ അവള്‍ക്കും അവകാശം നല്‍കി. അല്ലാഹുവിനെയും ചെന്നായയെയുമല്ലാത്ത മറ്റൊന്നിനെയും ഭയപ്പെടാതെ സ്ത്രീകള്‍ക്ക് നിര്‍ഭയം യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയുണ്ടായി.

പുരുഷന്‍ പങ്കെടുക്കുന്ന എല്ലാ രംഗങ്ങളിലും സ്ത്രീക്കും സാന്നിധ്യം ലഭിച്ചു. അവളുടെ ശാരീരിക മാനസിക പ്രത്യേകതകളുമായി ഇണങ്ങച്ചേരാത്ത ചില രംഗങ്ങളിലൊഴികെ. യുദ്ധത്തിലും സ്ത്രീ പങ്കെടുത്തു. പട്ടാളക്കാര്‍ക്ക് വെളളം നല്‍കുക, മുറിവേറ്റവരെ ചികിത്സിക്കുക, പട്ടാളക്കാരുടെ സാധനങ്ങള്‍ സൂക്ഷിക്കുക മുതലായവയായിരുന്നു അവരില്‍ അര്‍പ്പിതമായ ദൗത്യം. എന്നാല്‍ പുരുഷന്മാരെ കവച്ച് വെക്കുന്ന ധീരതയോടെ അടര്‍ക്കളത്തില്‍ പടവെട്ടിയ ചില വനിതകളുണ്ട്. സ്വന്തം മകനെ യുദ്ധക്കളത്തില്‍ വെട്ടിയ ശത്രുവിനെ വധിച്ച നസീബയെപ്പോലുള്ള ധീരവനിതകള്‍ ഉദാഹരണം.

സ്ത്രീയുടെ ആരാധനാ സ്വാതന്ത്ര്യമാണ് ഇസ്‌ലാമിന്റെ ഏറ്റവും മികച്ച സംഭാവന. ജുമുഅ- ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ അവര്‍ അനുശാസിക്കപ്പെട്ടു. ഈദുഗാഹുകളില്‍ ഋതുമതികള്‍ പോലും പങ്കെടുക്കുമായിരുന്നു. വിജ്ഞാന സമ്പാദന വിഷയത്തില്‍ സ്ത്രീക്ക് ലഭിച്ച സ്വാതന്ത്ര്യം അവരില്‍ പുരുഷന്മാര്‍ക്കു കൂടി ക്ലാസ്സെടുക്കുകയും ഫത്‌വാ നല്‍കുകയും ചെയ്യുന്ന പണ്ഡിതകളെ വാര്‍ത്തെടുക്കാന്‍ കാരണമായി. രാഷ്ട്രീയ രംഗത്തും ശ്രദ്ധേയമായ സാന്നിധ്യം മുസ്‌ലിം സ്ത്രീ നേടി. ഭരണാധികാരികളുടെ ഉത്തരവുകള്‍ പരസ്യമായി ചോദ്യം ചെയ്യാന്‍ മാത്രം അവരുടെ രാഷ്ട്രീയ ബോധം ഉയര്‍ന്നു.

സ്ത്രീയുടെ ഏറ്റവും വലിയ മഹത്വം ഉമ്മ എന്ന പദവിയാണ്. മനുഷ്യന്‍ ഏറ്റവും അധികം കടപ്പെട്ടത് ഉമ്മയോടാണ്. ഉമ്മ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും സമുദ്രമാണ്. ഒരു ഉമ്മക്ക് കുട്ടിയോടുള്ള സ്‌നേഹവും വികാരവും വര്‍ണ്ണനാതീതമാണ്. പത്തുമാസം ഗര്‍ഭം ചുമന്നു നടന്നു. നൊന്ത് പ്രസവിച്ചു. രണ്ടു വര്‍ഷം മുലയൂട്ടി; പ്രയാസത്തോടെ വളര്‍ത്തി. കുട്ടിക്ക് വേണ്ടി എത്ര പ്രയാസം സഹിക്കേണ്ടിവന്നാലും അതില്‍ വിഷമം അനുഭവിക്കില്ല. സ്‌നേഹത്തെ കവികളും സാഹിത്യകാരന്മാരും എത്ര ഹൃദയാവര്‍ജകമായാണ് വര്‍ണിക്കുന്നത്. മികാഈല്‍ നുഐമ എന്ന പ്രസിദ്ധനായ അറബി എഴുത്തുകാരന്‍ ഉമ്മയെ വര്‍ണിക്കുന്നതിങ്ങനെ:

'എല്ലാ  ഹൃദയങ്ങളുടെ കാര്യവും അത്ഭുതകരമാണ്.എന്നാല്‍ മാതാവിന്റെ ഹൃദയം അത്യത്ഭുതം നിറഞ്ഞതാണ്. കുട്ടി അവരുടെ സമീപത്തുനിന്നു മാറി നില്‍ക്കേണ്ട സന്ദര്‍ഭമുണ്ടായാല്‍ അവര്‍ക്ക് രണ്ട് ശരീരവും രണ്ടു ഹൃദയവുമായി. ഉമ്മമാര്‍ കുട്ടികളെ 'എന്റെ കരളേ എന്റെ കണ്ണേ' എന്നൊക്കെ വിളിക്കാറില്ലേ? ഇതൊന്നും അവരെ സംബന്ധിച്ചേടത്തോളം ഭംഗി വാക്കുകളല്ല. യാഥാര്‍ഥ്യം തന്നെയാണ്. കുട്ടിക്ക് ഒരു വിഷമം നേരിടുമ്പോഴേക്കും അവള്‍ക്ക് അതിന്റെ ഇരട്ടി വിഷമമായി. അവന്റെ ഞരമ്പില്‍ നിന്ന് ഒരു തുള്ളി ചോരയൊലിക്കുമ്പോഴേക്കും അവളുടെ ഹൃദയം പൊട്ടി ധാരധാരയായി ഒഴുകുകയായി. അവന്റെ കണ്ണില്‍ ഒരു പകല്‍ കറുക്കുമ്പോഴേക്കും അവളുടെ കണ്ണിലെ സൂര്യന്മാര്‍ മുഴുവന്‍ ഇരുട്ടിലാവുകയായി. അവളുടെ കണ്ണില്‍ നിന്ന് അവന്‍ അപ്രത്യക്ഷമാകുമ്പോഴേക്കും അവളുടെ കണ്ണിലെ ഉറക്കം കെടുകയായി. തന്റെ കുട്ടി സുരക്ഷിതനായി വേഗം തിരിച്ചു വരട്ടെ എന്ന പ്രാര്‍ഥനയില്‍ മുഴുകുകയായി അവര്‍. അവനെയെങ്ങാനും മരണം തട്ടിയെടുത്താലോ അവളുടെ ഹൃദയം മരിക്കുകയായി. അവളുടെ അവസ്ഥ വര്‍ണിക്കാന്‍ ഒരു കവിക്കോ സാഹിത്യകാരനോ പ്രസംഗകനോ കഴിയില്ല'.

മക്കള്‍ എത്ര പ്രായമാകട്ടെ ഉമ്മക്ക് എന്നും അവര്‍ മക്കള്‍ തന്നെയാണ്. സ്വന്തം അവശതയേക്കാള്‍ കൂടുതല്‍ അവര്‍ മക്കളുടെ സുഖവിവരങ്ങളാണ് അന്വേഷിക്കുക. ഉമ്മയുടെ വേര്‍പാട് അസഹനീയമാണ് മക്കള്‍ക്ക്. രണ്ടു കണ്ണും നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് ഉമ്മയായിരുന്നു ഏക ആശ്രയം. ആ ഉമ്മ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ദു:ഖം അണപൊട്ടിയൊഴുകിയത് ഇങ്ങനെ: 'ഞാന്‍ അന്ധനായി സൃഷ്ടിക്കപ്പെട്ടു. എന്റെ ഉമ്മയുടെ കണ്ണിലായിരുന്നു എന്റെ വെളിച്ചം. എന്റെ ഉമ്മ എനിക്ക് നഷ്ടപ്പെട്ടു. റബ്ബേ, ഇപ്പോള്‍ ഞാന്‍ രണ്ടുവട്ടം അന്ധനായി.' പ്രസിദ്ധ അന്ധ സാഹിത്യകാരനായ ഡോ ത്വാഹാ ഹുസൈന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഉമ്മയുടെ കനിവ് അദ്ദേഹത്തിന് നല്‍കിയ നനവ് ഇങ്ങനെ വിവരിക്കുന്നു. 'ഉമ്മ എന്റെ നെറ്റിത്തടത്തില്‍ അര്‍പ്പിക്കുന്ന മുത്തമായിരുന്നു ജീവിതത്തില്‍ എനിക്കുണ്ടായിരുന്ന ഏക ആശ്വാസം' . മറ്റൊരു കവി ഉമ്മയുടെ കനിവിനെ വര്‍ണിക്കുന്നത് ഇങ്ങനെയാണ്. 'എന്റെ ധനവും കൂട്ടുകാരും വിലപിടിച്ച കവിതകളുമെല്ലാം എനിക്ക് നഷ്ടപ്പെട്ടു. പക്ഷേ, മുത്തുകള്‍ പതിച്ച കിരീടത്തേക്കാള്‍ വിലയുള്ള ഒരു നിധി എനിക്കുണ്ട്. അത് എന്റെ ഉമ്മയുടെ നെഞ്ചിലെ കനിവാണ്. സ്ത്രീയുടെ ഏറ്റവും വലിയ മഹത്വം ഉമ്മയാകാന്‍ കഴിഞ്ഞു എന്നത് തന്നെയാണ്.

ഈ ഉമ്മയോട് മനുഷ്യന്‍ എത്രമാത്രം കടപ്പെട്ടിരിക്കുന്നു. ഈ ലോകത്ത് മനുഷ്യന്‍ ഏറ്റവും നല്ല സഹവാസം പാലിക്കേണ്ടത് ഉമ്മയോടാണ്. ഉമ്മയെ വെറുപ്പിക്കുന്നത് മഹാപാപവും. എന്നാല്‍ കാലത്തിന്റെ മാറ്റമനുസരിച്ച് ഉമ്മയോടുള്ള മക്കളുടെ സമീപനത്തിലും വലിയ മാറ്റങ്ങള്‍ വന്നു. ഭാര്യയും ഉമ്മയും തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ രണ്ടു പേരെയും അവഗണിക്കാതെ സമന്വയത്തിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അതിന് പകരം ഉമ്മയെ പുറം തള്ളി ഒറ്റക്ക് താമസിക്കുന്ന സമീപന രീതിയാണ് ഇന്ന് യുവാക്കളില്‍ പലരും സ്വീകരിക്കുന്നത്. ലോകം മാതാവിന് വേണ്ടി മാത്രം ഇന്ന് ഒരു ദിനം ആചരിക്കുകയാണ്. അന്നു മാതാവിനെ സന്ദര്‍ശിക്കുന്നു, അവര്‍ക്ക് സമ്മാനങ്ങള്‍ സമര്‍പ്പിക്കുന്നു. മനുഷ്യന്‍ എത്തിപ്പെട്ട സംസ്‌കാരച്യുതിയാണ് ഈ സമ്പ്രദായം തെളിയിക്കുന്നത്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം മാതാവിനോടുള്ള സ്‌നേഹവും ബന്ധവും ഏതെങ്കിലും ഒരു ദിവസത്തില്‍ മാത്രം ഒതുങ്ങിക്കൂടാ.

സ്ത്രീക്ക് ഇസ്‌ലാമിലുള്ള സ്ഥാനം  വിവരിക്കുമ്പോള്‍ ഉയര്‍ത്തപ്പെടുന്ന ഒരു പ്രശ്‌നമാണ് സ്ത്രീ പുരുഷ സമത്വ ചിന്ത. നേരത്തെ സൂചിപ്പിച്ചത് പോലെ സ്ത്രീയുടെ ശാരീരികവും മാനസികവുമായ ചില വ്യത്യാസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുരുഷനും സത്രീയും തമ്മില്‍ ഒന്നിലും വ്യത്യാസമില്ല. വിശ്വാസവും കര്‍മവുമാണ് ദൈവസാമീപ്യത്തിനുള്ള മാര്‍ഗം. 'ആണാവട്ടെ, പെണ്ണാവട്ടെ വിശ്വാസത്തോടെ നിങ്ങളില്‍ ആര് സുകൃതം പ്രവര്‍ത്തിച്ചാലും നാം അവര്‍ക്ക് ഉത്തമ ജീവിതം പ്രദാനം ചെയ്യും (16:97). മനുഷ്യരെയെല്ലാം ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതേ അവസരം പ്രകൃതി സ്ത്രീക്കും പുരുഷനും ചില വ്യത്യാസങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്ത്രീക്ക് വിളിക്കാനല്ല , വിളി കേള്‍ക്കാനുള്ള പ്രകൃതിയാണ്. പുരുഷന്റെ ശബ്ദത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീയുടെ ശബ്ദം നേര്‍ത്തതും മൃദുലവുമാണ്. അതുകൊണ്ട് പ്രകൃതിപരമായ ഒരു മേല്‍ക്കോയ്മ സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. ഒരു കുടുംബത്തിന് ഒരു നേതാവ് അനിവാര്യമാണ്. ഈ ബാധ്യത ഇസ്‌ലാം പുരുഷനാണ് നല്‍കിയിട്ടുള്ളത്.

അതേ അവസരം പാശ്ചാത്യ ചിന്തയിലെ സ്ത്രീ-പുരുഷ സമത്വം സ്ത്രീയുടെ പ്രത്യേക വ്യക്തിത്വത്തെയും സവിശേഷതകളെയും അംഗീകരിക്കാത്ത രൂപത്തിലാണുള്ളത്. മനുഷ്യന്റെ ഉപഭോഗതൃഷ്ണയെയും വിനോദാനന്ദ വാസനകളെയും തൃപ്തിപ്പെടുത്താനുള്ള ഒരു ഉപകരണമായി സ്ത്രീ ഉപയോഗപ്പെടുത്തപ്പെടുന്നു എന്നതാണ് ഏറ്റവും ദയനീയമായ സ്ഥിതി വിശേഷം. വേഷത്തില്‍പോലും സ്ത്രീ-പുരഷ വ്യത്യാസം പാടില്ല എന്നാണ് പുതിയ വീക്ഷണം. ഇസ്‌ലാമാകട്ടെ, പുരുഷന്‍ നേടുന്ന എല്ലാ നന്മകളും പുരോഗതിയും ആര്‍ജ്ജിക്കാന്‍ സ്ത്രീക്കും അവകാശം നല്‍കുന്നതോടൊപ്പം സ്ത്രീ എന്ന അവളുടെ വ്യക്തിത്വത്തെ ഒരിക്കലും ഹനിക്കാന്‍ പാടില്ല എന്ന സമീപന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. 


അത്തൗഹീദ് مجلة التوحيد
ജൂലൈ-ആഗസ്റ്റ് 2017

സ്ത്രീയും പുരുഷനും സമൂഹത്തിന്റെ അനുപൂരക ഘടകങ്ങള്‍



സ്ത്രീയും പുരുഷനും ചേര്‍ന്നതാണ് മനുഷ്യ സമൂഹം. സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്ന നിലയില്‍ സ്ത്രീക്കും പുരുഷനും അവരവരുടേതായ ധര്‍മമുണ്ട്. ജീവ ശാസ്ത്രപരമായ ഘടനാ വ്യത്യാസം മാത്രമല്ല മാനസികവും വൈകാരികവുമായ തലങ്ങളിലും ഈ വ്യതിരിക്തത കാണാം. എന്തുകൊണ്ടാണെന്നറിയില്ല, സ്ത്രീകളുടെ ബാധ്യത, അവകാശം, സ്ഥാനം, ധര്‍മം തുടങ്ങിയ കാര്യങ്ങള്‍ ഏതു കാലത്തും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.  പൗരാണികവും ആധുമികവുമായ സമൂഹങ്ങളില്‍ ഈ ചര്‍ച്ച സജീവമായിരുന്നിട്ടുണ്ട്. അവയില്‍ പലതും അതിവാദവും അതിരുകവിഞ്ഞതുമായിരുന്നു. സമൂഹത്തില്‍ തുല്യ പങ്കാളിത്തമുള്ള രണ്ടുവിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്ന് വിവേചനത്തിനു വിധേയമായാല്‍ അത് സമൂഹത്തിന്റെ ദുര്‍ബലതക്കാണ് നിമിത്തമാവുക. സ്ത്രീകള്‍ വിവേചനത്തിന് വശംവദരാവുകയോ സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെടുകയോ ചെയ്യുന്ന സാമൂഹികാവസ്ഥ ഏതു കാലത്തും നിലനിന്നിരുന്നു എന്നതാണ് ചരിത്ര പാഠം. അതോടൊപ്പം അതിനെതിരായ ചെറുത്തുനില്പും ബോധവത്കരണവും നടന്നിട്ടുമുണ്ട്. ആധുനിക സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളിലൊന്ന് സ്ത്രീപീഡനവും സത്രീകളുടെ അവകാശ പോരാട്ടവും അതിനുവേണ്ട നിയമ നിര്‍മാണവും മറ്റുമാണ്.

മതവും വിശ്വാസവും സ്ത്രീയെ അവഗണിക്കുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പരക്കെ ആക്ഷേപമുയരുന്നു. ചൂണ്ടിക്കാണിക്കാന്‍ ചില ഉദാഹരണങ്ങളും ഉണ്ടാവും. ഇതിന്റെ മറുവശമായി രംഗത്തുവന്ന ഒരു ആശയമാണ് ഫെമിനിസം. 1960 കളില്‍ ആരംഭം കുറിച്ച ഫെമിനിസം പക്ഷേ, രോഗമറിഞ്ഞ് ചികിത്സിക്കുന്നതിനു പകരം മതവിരുദ്ധ വികാരം ഇളക്കിവിടുകയോ സ്ത്രീയെ പുരുഷനാക്കാന്‍ ശ്രമിക്കകയോ ആയിരുന്നു. അര്‍ഹിക്കുന്ന പദവി സ്ത്രീകള്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നതും അതിന് മതനിയമങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളും മതനേതൃത്വം കൈവശപ്പെടുത്തിയ പൗരോഹിത്യവും കാരണമായിട്ടുണ്ട് എന്നതും നേരാണ്. മുസ്‌ലിം സമൂഹവും ഇതിന്നപവാദമല്ല. എന്നാല്‍ അതിനു പരിഹാരം നിര്‍ദേശിക്കുന്നതിനു പകരം 'സ്ത്രീ വിമോചനം' എന്ന പ്രതിലോമപരവും അപ്രായോഗികവുമായി ആശയം മുന്നോട്ടുവയ്ക്കുകയും സത്രീയെയും പുരുഷനെയും എതിര്‍ ലിംഗങ്ങളായി കണക്കാക്കി ശത്രുതയോടെയുള്ള നിലപാടെടുക്കുകയും ചെയ്യുന്ന 'റാഡിക്കല്‍ ഫെമിനിസ'മാണ് പാശ്ചാത്യ ലോകത്ത് എഴുപതുകളിലും എണ്‍പതുകളിലും വ്യാപിച്ചത്. അകത്തളങ്ങളില്‍ അസ്വതന്ത്രരായി കെട്ടിനിര്‍ത്തപ്പെട്ട സത്രീ സമൂഹത്തെ പുറത്തിറക്കി സ്വതന്ത്രമാക്കുന്നതിനു പകരം സകലതും ഊരിയെറിഞ്ഞ് സത്രീകളെ സര്‍വതന്ത്ര സ്വതന്ത്രരും പുരുഷ വിരുദ്ധരുമാക്കാന്‍ ശ്രമിക്കുകയായിരുന്നു ഫെമിനിസം. സദാചാരമെന്ന മാനവികതയെ തകിടം മറിക്കുകയും കുടുംബമെന്ന സങ്കല്‍പത്തെ കടപുഴക്കിയെറിയുകയുമായിരുന്നു അതിന്റെ പരിണതി. പാശ്ചാത്യലോകം അതിന്റെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

സമൂഹത്തില്‍ സ്ത്രീകളുടെ പദവിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സമൂഹം ഏറെ പഴി കേള്‍ക്കുന്നു; ഇസ്‌ലാം വിമര്‍ശിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്താണെന്നറിയാതെയാണ് പലരും വിമര്‍ശിക്കുന്നത്. വിവരം കുറഞ്ഞ സമുദായത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഇതാണ് ഇസ്‌ലാമെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. കാര്യം വ്യക്തമായി അറിഞ്ഞിട്ടും ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിട്ടുന്ന ഒരു പുല്‍ക്കൊടിയും ബോധപൂര്‍വ്വം ഉപയോഗിക്കുന്നവരുണ്ട്. ഉത്തമ സമൂഹ സൃഷ്ടിപ്പും നിലനിര്‍ത്തലും ആദര്‍ശത്തിന്റെ ഭാഗമായി സ്വീകരിച്ച ഇസ്‌ലാമല്ലാത്ത വേറൊരു മതവും കാണുക സാധ്യമല്ല. ഉത്തമ സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും അവുരുടെതായ പങ്കു നിര്‍വഹിക്കാനുണ്ട്; ലഭിക്കേണ്ട അവകാശവുമുണ്ട്. സ്ത്രീയും പുരുഷനും എതിരാളികളോ ശത്രുക്കളോ ആയിട്ടല്ല, ഒരു ഏകകത്തിന്റെ അനുപൂരകങ്ങളായിട്ടാണ് ഇസ്‌ലാം കാണുന്നത്. സഹവര്‍ത്തനവും സഹജീവിതവുമാണ് സത്രീപുരുഷന്‍മാര്‍ക്ക് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചത്. വിശുദ്ധ ഖുര്‍ആന്‍ (4:1, 2:187) അക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ത്രീ പുരുഷ സമത്വം, തുല്യത തുടങ്ങിയ സങ്കല്പങ്ങള്‍ കൃത്യമായി വ്യവഛേദിക്കപ്പെടേണ്ടതുണ്ട്. സ്രഷ്ടാവിന്റെ മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരായി പരിഗണിക്കപ്പെടുന്നു. കര്‍മങ്ങള്‍ക്ക് പ്രതിഫലമോ ശിക്ഷയോ ലഭിക്കുന്ന കാര്യത്തില്‍ വിവേചനമില്ല. കുടുംബ സംവിധാനത്തില്‍ ഇരുവര്‍ക്കും തുല്യ പങ്കാളിത്തം. പക്ഷേ ധര്‍മങ്ങള്‍ വ്യത്യസ്തം. അതാണല്ലോ പ്രകൃതി. പ്രകൃതി മതമായ ഇസ്‌ലാമും അതംഗീകരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ 4:1, 7:189, 15: 29, 2:30, 17:70, 4:124, 49:13 തുടങ്ങിയ നിരവധി ആയത്തുകളിലൂടെ ഇക്കാര്യം വിവരിക്കുന്നുണ്ട്.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇസ്‌ലാമിനെ മൗലികമായി പഠിക്കാത്ത യാഥാസ്ഥിതിക നേതൃത്വവും താത്പര്യങ്ങള്‍ക്കു പിന്നാലം പോകുന്ന പണ്ഡിതന്മാരും സമൂഹത്തില്‍ സ്ത്രീകള്‍ക്ക് 'ഐത്തം' കല്പിച്ചിട്ടുണ്ട് എന്ന വസ്തുത വിസ്മരിക്കാവതല്ല. ആരാധനാ സ്വാതന്ത്ര്യം പോലും പരിമിതപ്പെടുത്തി, സ്ത്രീയുടെ സ്വത്വം തന്നെ നിരാകരിച്ച്‌കൊണ്ട് നീങ്ങിയ മുസ്‌ലിംകള്‍ക്കിടയിലും പില്ക്കാലത്ത് സത്രീ പാര്‍ശ്വവത്കരിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ സമൂല പരിവര്‍ത്തനം ലക്ഷ്യം വെച്ചുകൊണ്ട് പ്രമാണബദ്ധമായി പ്രവര്‍ത്തനരംഗത്തിറങ്ങിയ നവോത്ഥാന പ്രസ്ഥാനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ച തരത്തില്‍ സത്രീയും പുരുഷനും പരിഗണിക്കപ്പെടാന്‍ ആഹ്വാനം ചെയ്തത്. കേരത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനവും ഈ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതനവീകരണമല്ല നടത്തിയത്, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം നടത്തുകയായിരുന്നു.

ഇസ്‌ലാമില്‍ ലിംഗനീതിയില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ബഹുഭാര്യത്വം, വിവാഹ മോചനം തുടങ്ങിയ വിഷയത്തില്‍ മുസ്‌ലിംകളുടെ നടപടിക്രമങ്ങള്‍ ചിലര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വിഷയങ്ങളിലെല്ലാം ഇസ്‌ലാം സമര്‍പ്പിച്ചതിനേക്കാള്‍ കുറ്റമറ്റ ഒരു നിയമമോ ചട്ടമോ ആരും ഇന്നേവരെ സമൂഹത്തിന്റെ മുന്നില്‍ വച്ചിട്ടില്ല. മുസ്‌ലിം സമൂഹത്തില്‍ പ്രയോഗരംഗത്ത് ഒട്ടേറെ പോരായ്മകള്‍ ഉണ്ട് എന്നത് മറച്ചു വയ്ക്കുന്നില്ല. വിവരക്കേട് കൊണ്ട് ദുഷ്‌ചെയ്തികളില്‍ എത്തിച്ചേരുന്നതിനേക്കാള്‍ അപകടകരമായ പ്രവണതകളും കണ്ടുവരുന്നുണ്ട്. അക്ഷരങ്ങള്‍ വായിച്ച് സൈദ്ധാതിക യാഥാസ്ഥികതയിലേക്കെത്തിച്ചേരുന്ന അതിവാദങ്ങള്‍ കൂടിവരുന്നുണ്ട് എന്നതും വിസ്മരിച്ചുകൂടാ.

ഇങ്ങനെ വിഷയത്തിന്റെ നാനാവശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ഈ ലക്കം അത്തൗഹീദിന്റെ കവര്‍ സ്റ്റോറി. സമ്പൂര്‍ണമല്ലെങ്കിലും സമൂഹത്തില്‍ സ്ത്രീയുടെ ധര്‍മവും അവകാശവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പ്രഗത്ഭമതികളായ എഴുത്തുകാര്‍ വിശകലനം ചെയ്യുന്നുണ്ട്.

-എഡിറ്റോറിയൽ-
അത്തൗഹീദ്
ജൂലൈ-ആഗസ്റ്റ് 2017
---------


-സിപി ഉമർ സുല്ലമി
ചീഫ് എഡിറ്റർ,
അത്തൗഹീദ് ദ്വൈ മാസിക

Tuesday, August 1, 2017

ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കല്ല തകരാറ് നടപ്പാക്കുന്ന കരങ്ങള്‍ക്കാണ്



'ഇസ്‌ലാമിക ശരീഅത്തും ജ്ഞാനപരമായ പുനരാഖ്യാനങ്ങളും' എന്ന ശീര്‍ഷകത്തില്‍ എം എസ് ഷൈജു അവതരിപ്പിച്ച 'വീക്ഷണങ്ങള്‍' (ശബാബ് 2017 ജൂലൈ 14) ചിന്താര്‍ഹവും അതേസമയം വിശദീകരണം ആവശ്യപ്പെടുന്നതുമാണ്. സാമാന്യം ദീര്‍ഘമായ ലേഖനത്തില്‍ ലേഖകന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് 'ശരീഅത്തിന്റെ അന്തസ്സാരങ്ങള്‍ക്കും ലക്ഷ്യബോധങ്ങള്‍ക്കും പരിക്കുപറ്റാതെ ബാഹ്യരൂപങ്ങള്‍ക്ക് പരിഷ്‌കരണം വരുത്താന്‍ കാലാകാലങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ചുമതല നല്‍കപ്പെട്ടിട്ടുണ്ട്' എന്നാണ്. ഇതിലടങ്ങിയ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നതോടൊപ്പം തന്നെ ഈ സാമാന്യോക്തി തെറ്റിദ്ധാരണകള്‍ക്കിടം നല്‍കുമെന്ന് ഉണര്‍ത്തുകയാണ്. ഓരോ സംഗതിയും ഉദാഹരണസഹിതം വിശദീകരിക്കുകയും എവിടെയൊക്കെ, ഏതൊക്കെ, എത്രത്തോളമാവണമെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടിയിരുന്നു. പ്രത്യേകിച്ചും ശരീഅത്ത് പൊതുചര്‍ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍.

ആദ്യമനുഷ്യന്‍ മുതല്‍ അന്തിമ മനുഷ്യന്‍ അവസാനിക്കുന്നേടത്തോളം കാലം നിലനില്‌ക്കേണ്ട ദൈവിക നിയമങ്ങളാണ് ശരീഅത്ത് എന്നത് ലേഖകന്‍ നിഷേധിക്കുന്നില്ല. കാലാതിവര്‍ത്തിയായ ശരീഅത്തിനെ കാലത്തിനൊത്ത് പ്രായോഗികമാക്കണമെന്ന സന്ദേശമാണ് ലേഖനത്തിന്റെ അന്തസ്സാരം. പക്ഷേ, നീണ്ടുപരന്നുകിടക്കുന്ന മഹാവാക്യങ്ങള്‍ ചിലപ്പോള്‍ ദുരൂഹവും ദുര്‍ഗ്രഹവുമാണെന്ന് പറയാതെ വയ്യ. അല്ലാഹുവിന്റെ നിയമമാണ് ശരീഅത്ത് എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ആയതിനാല്‍ അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും പറയാം. അതേസമയം കാലത്തിനൊപ്പം സജീവമായി നിലകൊള്ളുന്ന സമൂഹമായിത്തീരാന്‍ ഇസ്‌ലാമിക ശരീഅത്ത് തടസ്സമായിട്ടുമില്ല. എല്ലാ പ്രവാചകന്മാര്‍ക്കും 'ശിര്‍അത്തും മിന്‍ഹാജും നല്‍കിയിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ (52:13) പറഞ്ഞത് മതതത്വങ്ങളും ധാര്‍മിക മൂല്യങ്ങളും അവയുടെ അടിസ്ഥാനമായ വിശ്വാസസംഹിതകളുമാണ്.  എന്നാല്‍ ഇന്ന് 'ശരീഅത്ത് നിയമങ്ങള്‍' പരിഷ്‌ക്കരിക്കണമെന്നും പാടില്ലെന്നും ചര്‍ച്ച ചെയ്യപ്പെടുന്നത് ഇതല്ല. 'ഇന്ത്യന്‍ ശരീഅത്ത് നിയമങ്ങള്‍' എന്നു വ്യവഹരിക്കപ്പെടുന്നത് മറ്റൊരു ഭാഗമാണ്. ഇവ എല്ലാം കൂടി സാമാന്യവത്കരിച്ച് 'പുനരാഖ്യാനം' നടത്തുമ്പോള്‍ ദുര്‍ഗ്രഹമായിപ്പോകുന്നു എന്നതാണ് ലേഖനത്തിന്റെ ഡീമെറിറ്റ്.

വിശ്വാസ കാര്യങ്ങള്‍ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ല തന്നെ. വിശ്വാസികള്‍ ജീവിത വിശുദ്ധിക്കുവേണ്ടിയും സ്രഷ്ടാവിനോടുള്ള നന്ദി സൂചകമായിട്ടും അതിലുപരി ആത്യന്തിക മോക്ഷത്തിനുമായി നിര്‍വഹിക്കാന്‍ നിഷ്‌കര്‍ഷിക്കപ്പെട്ട അനുഷ്ഠാനങ്ങളും കാലത്തിനൊത്ത് പുനര്‍വായിക്കപ്പെടേണ്ടതല്ല. എന്നിരുന്നാലും ജീവിക്കുന്ന ലോകത്തിന്റെ സാഹചര്യങ്ങള്‍ അവയില്‍ പ്രതിഫലിക്കുമെന്നത് തീര്‍ച്ചയാണ്. ഉദാഹരണത്തിന് സകാത്തിന്റെ കാര്യമെടുക്കാം. നബി(സ) വിശുദ്ധ ഖുര്‍ആനിന്റെ പ്രായോഗികതയായി സകാത്ത് നിര്‍വഹണം പഠിപ്പിച്ചിട്ടുണ്ട്. സമ്പത്തിന്റെ ഇനങ്ങള്‍, സകാത്ത് നിര്‍ബന്ധമാകുന്ന മിനിമം സമ്പത്ത്, കൊടുക്കേണ്ട തോത്, നിര്‍വഹിക്കേണ്ട രീതി, ലഭിക്കേണ്ട അര്‍ഹര്‍ ഇതിലൊന്നും കാലിക മാറ്റം ആവശ്യമില്ല. എന്നാല്‍ നബി(സ) യുടെ കാലത്തെ സമ്പദ് ഘടന തികച്ചും മാറിയ ഒരു കാലമാണിത് എന്നതില്‍ സംശയമില്ല. മേല്‍ പറഞ്ഞ അന്തസാരങ്ങള്‍ക്ക് മാറ്റമില്ലാതെ അവ ഇന്നത്തെ സമ്പദ്ഘടനയിലേക്ക് 'അപ്ലൈ' ചെയ്യാന്‍ ഒരു പ്രയാസവുമില്ല; വിലക്കുമില്ല. ഇത്തരം സംഗതികളാണ് ശരീഅത്തിന്റെ പുനരാഖ്യാനമെങ്കില്‍ അത് എന്നോ നടന്നുകഴിഞ്ഞിരുന്നു. ഇന്നും നടക്കുന്നു. ഇനിയും നടക്കും. മനിസ്തത്വാഅഇലൈഹി സബീലാ എന്ന് ഹജ്ജ് നിര്‍ബന്ധമാകാന്‍ ഖുര്‍ആന്‍ പറഞ്ഞ നിബന്ധന സത്യവും സ്ഥായിയുമാണ്. എന്നാല്‍ നബിയുടെ കാലത്തില്ലാത്ത രാജ്യാതിര്‍ത്തികളും ക്വാട്ടകളും സര്‍ക്കാര്‍ അനുമതികളുമെല്ലാം 'സബീല്‍' എന്നതിന്റെ സാരാംശത്തില്‍ വന്നുചേരുന്നു. ഇതാണ് പുനരാഖ്യാനമെങ്കില്‍ അതിന് ശരീഅത്തോ വിശ്വാസികളോ എതിരല്ല. കാരണം വിശുദ്ധഖുര്‍ആന്‍ അവതരണ കാലത്തില്ലാത്ത പുതിയ പ്രശ്‌നങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞു നില്ക്കാനല്ല മുസ്‌ലിംകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. മറിച്ച്, പ്രശ്‌നങ്ങളെ ഗവേഷണാത്മകമായി സമീപിക്കാനാണ്. ആ സമീപനമാണ് ഖിയാസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങളായിത്തന്നെ മുസ്‌ലിം ലോകം അംഗീകരിക്കുന്നത്. പക്ഷേ, ഇതെല്ലാം പഠിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നിടത്ത് വീഴ്ചകളും പോരായ്മകളും പറ്റിയിട്ടുണ്ട് എന്നത് നേരാണ്.

വിശ്വാസവും അനുഷ്ഠാനവും കഴിഞ്ഞാല്‍ സ്വഭാവ മര്യാദകളും സാംസ്‌കാരിക മൂല്യങ്ങളുമാണ് ഇസ്‌ലാമിക ശരീഅത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. കാലത്തിനൊത്ത് മാറാത്തവയാണ് സാംസ്‌കാരിക മൂല്യങ്ങളെന്ന് പറയാതെ വയ്യ. സത്യം, ധര്‍മം, ദയ, സ്‌നേഹാദരങ്ങള്‍, മാതാപിതാപുത്ര ബന്ധങ്ങളുടെ പവിത്രത തുടങ്ങിയ ഇസ്‌ലാമിക മൂല്യങ്ങള്‍ മാനവികതയ്ക്കനുസൃതമാണെന്നു മാത്രമല്ല, മതാന്തര യോജിപ്പുള്ള കാര്യവും കൂടിയാണിവ. മാതാപിതാ നിന്ദ, ചൂഷണം, കൊള്ള, കൊലപാതകം തുടങ്ങിയവ പാപങ്ങളും മാനവിക വിരുദ്ധവുമായി കാണുന്ന സമീപനം കാലാതിവര്‍ത്തിയും മതങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായമുള്ളവയുമാണ്. സാമൂഹിക ബന്ധങ്ങളിലെ മറ്റൊരു പ്രധാന ഘടകമാണ് ക്രയവിക്രയങ്ങളും ഇടപാടുകളിലെ സുതാര്യതയും ചൂഷണമുക്തമായ സാമ്പത്തിക ക്രമങ്ങളും. ഇവയിലൊന്നും കാലപ്പകര്‍ച്ചയ്ക്കനുസരിച്ച് പരിവര്‍ത്തനങ്ങള്‍ ആവശ്യമില്ല.

സമൂഹ ക്രമത്തിന്റെ ഉന്നതവും വിശാലവുമായ ഇടമാണല്ലോ ഭരണം. ഒരു രാജ്യത്തിന്റെ ഭരണക്രമം ശരീഅത്തിനനുസൃതമായിത്തീരുന്നതില്‍ മറ്റൊരു രാജ്യത്തിനോ ലോകക്രമത്തിനോ പ്രയാസമില്ല. രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ പൂര്‍ണനീതി നടപ്പാക്കുന്ന പ്രജാക്ഷേമ തത്പരതയാണ് ഇസ്‌ലാം ഭരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടിയാലോചന (ശൂറാ) യാണതിന്റെ ആണിക്കല്ല്. സമൂഹദ്രോഹ പരമായ ചെയ്തികള്‍ പൗരന്മാര്‍ക്കിടയിലുണ്ടായാല്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടും. ഇസ്‌ലാം നിശ്ചയിച്ച ശിക്ഷാ സമ്പ്രദായങ്ങള്‍ ചിലപ്പോള്‍ വിമര്‍ശിക്കപ്പെടാറുമുണ്ട്. അത് കഥയറിയാതെ ആട്ടം കാണുന്നതുകൊണ്ടാണ്. പ്രതിക്രിയ എന്ന ഘാതകവധം, ഹദ്ദ് എന്നറിയപ്പെടുന്ന ഏതാനും നിര്‍ണിത ശിക്ഷകള്‍ എന്നിവക്ക് മാറ്റമില്ല. ബാക്കി കുറ്റങ്ങളും ശിക്ഷകളും കാലത്തിനനുസരിച്ച് വിശദീകരിക്കാന്‍ ഭരണാധികാരികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതാണ് തഅ്‌സീര്‍ എന്നറിയപ്പെടുന്നത്. മാത്രമല്ല, നിര്‍ണിത ശിക്ഷയായ ഹദ്ദ് പോലും ഖലീഫ ഉമര്‍(റ) സാഹചര്യം പരിഗണിച്ച് ഇളവു നല്കിയതായി കാണാം. വിശദപഠനം ആവശ്യമായ ഒരു രംഗമാണിതെങ്കിലും ശരീഅത്ത് പുനരാഖ്യാനം വേണമെന്നുപറയാന്‍ ഇതൊരു ന്യായമല്ല. കാരണം ഭരണാധികാരികള്‍ ഈ നിയമനിര്‍മാണത്തില്‍ സ്വതന്ത്രരാണ്.

സമൂഹത്തിന്റെ ചെറിയ ഏകകമായ കുടുംബം സംവിധാനിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇസ്‌ലാമിക ശരീഅത്ത് കാഴ്ച വച്ചതിനേക്കാള്‍ ഉത്തമമായതൊന്ന് ഇതുവരെ ആരും ആവിഷ്‌കരിച്ചിട്ടില്ല എന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ കാലാതിവര്‍ത്തിത്വം വിളിച്ചോതുന്നു. വിവാഹമാണതിന്റെ അടിത്തറ. ഒരിണയെ തെരഞ്ഞെടുക്കുന്നു ആജീവനാന്തം. അതിലൂടെ ഉരുവം കൊള്ളുന്ന കുടുംബമെന്ന സ്ഥാപനവും അതിലെ പവിത്രമായ ബന്ധങ്ങളും മാനവികതയ്ക്ക് മാറ്റുകൂട്ടുന്നു. മാനുഷികമായ അനിവാര്യതകള്‍ വരുന്നിടത്ത് കര്‍ശനമായ നിബന്ധനകള്‍ക്കു വിധേയമായി പുരുഷന് ഒരേ സമയം ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കാന്‍ അനുവാദം നല്കിയിട്ടുണ്ട്. ഇത് സാമാന്യവത്കരിക്കാവുന്ന പൊതു നിയമമമല്ല. അതുപോലെത്തന്നെ മാനുഷികവും ന്യായവുമായ കാരണത്താല്‍ ഇണകള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം നേരിട്ടാല്‍ ഇരു കുടുംബങ്ങളുടെയും വിശദമായ വിലയിരുത്തലുകള്‍ക്കു ശേഷം മറ്റു പോംവഴികളില്ലെങ്കില്‍  ബന്ധവിഛേദത്തിനും ഇസ്‌ലാം അനുവദിക്കുന്നു. ഇത് ആണിനും പെണ്ണിനും അനുവദിക്കപ്പെട്ടിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ മറ്റേതു കാര്യത്തിലുമെന്ന പോലെ ഈ അനുവാദങ്ങള്‍ ദുരുപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്; ഇസ്‌ലാം വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, കൂടുതല്‍ മെച്ചപ്പെട്ട ഒരു നിയമം ആരും അവതരിപ്പിച്ചിട്ടില്ല എന്നിരിക്കെ ഇവിടെയും പരിഷ്‌ക്കരണത്തിന്റെ ആവശ്യം വരുന്നില്ല. ഉള്ള നിയമം കൃത്യമായി നടപ്പിലാക്കുന്നതിന് ബോധവത്കരണവും നിയമ നിഷ്‌കൃഷ്ടതയും ആണ് വേണ്ടത്. ഭൗതിക നിയമങ്ങള്‍ക്കു പോലും ഇത് ബാധകമാണ്. വൈവാഹിക രംഗത്ത് ഇസ്‌ലാമിക ശരീഅത്ത് മാറ്റേണ്ടതില്ല എന്നുപറഞ്ഞാല്‍ ഒന്നിലേറെ വിവാഹം കഴിക്കാന്‍ അവസരം വേണമെന്നോ യഥേഷ്ടം ത്വലാഖ് നടത്താന്‍ സ്വാതന്ത്ര്യം വേണമെന്നോ ആണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചുപോയിട്ടുണ്ട്. പുറത്തുള്ളവരും ചിലപ്പോള്‍ അകത്തുള്ളവരും.

കുടുംബ നേതൃത്വവും സംരക്ഷണ ബാധ്യതയും പുരുഷനും കുടുംബ കൈകാര്യത്തില്‍ പരിപൂര്‍ണ സ്വാതന്ത്ര്യം സ്ത്രീക്കും ആണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ഇത് പുരുഷാധിപത്യവും സ്ത്രീപീഡനാനുവാദവും ലിംഗവിവേചനവുമായി ചിത്രീകരിക്കുന്നവരാരും ബദല്‍ സംവിധാനം മുന്നോട്ടു വച്ചിട്ടില്ല. കുടുംബ നേതൃത്വം സ്ത്രീക്കു കൊടുത്തു എന്നുവെച്ചാല്‍ പരിഹാരമല്ല ലിംഗ വിവേചനത്തിന്റെ മറ്റൊരു മുഖമല്ലേ ആവൂ എന്നാരും ആലോചിക്കുന്നില്ല. ഇവിടെയും ശരീഅത്തിന്റെ പുനര്‍വായന ഏതൊരളവിലാണ് ആവശ്യമായി വരുന്നതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. പുതുക്കിയ റേഷന്‍ കാര്‍ഡ് ഗൃഹനാഥയുടെ പേരിലാണല്ലോ ഇറക്കിയത്. ഇതുകൊണ്ട് സാമൂഹ്യരംഗത്ത് എന്തെങ്കിലും പരിവര്‍ത്തനത്തിന് വിദൂര സാധ്യതയെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആണിനെയും പെണ്ണിനെയും പടച്ചവന്റെ നിയമം മാത്രമേ കാലാതിവര്‍ത്തിയായി നിലനില്ക്കൂ.

സമൂഹത്തിന്റെ ഇരു പാതികളായ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ഇടപഴകലിന് ഇസ്‌ലാം നിയന്ത്രണം വെച്ചിട്ടുണ്ട്. ഇതാണ് ശരീഅത്തിന്റെ 'പിന്തിരിപ്പന്‍ നിലപാടുകളി'ലൊന്നായി ആക്ഷേപിക്കപ്പെടുന്നത്. യഥാര്‍ഥത്തില്‍ അനിയന്ത്രിത സ്ത്രീപുരുഷ സംസര്‍ഗമല്ലേ പൗരാണിക - ജാഹിലിയ്യ സമൂഹങ്ങള്‍ മുതല്‍ ഉത്തരാധുനിക- പാശ്ചാത്യന്‍ സമൂഹങ്ങള്‍ വരെ അനുഭവിക്കുന്ന സാമൂഹിക ജീര്‍ണതകളിലൊന്ന്? ഇസ്‌ലാം നിഷ്‌കര്‍ഷിച്ച നിയന്ത്രണങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്ക് ഒരു നിലയിലും പ്രതികൂലമായി ബാധിച്ചിട്ടില്ല.

അന്യ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ മാന്യമായേ സംസര്‍ഗത്തിനവകാശമുള്ളൂ എന്നും ലൈംഗിക സദാചാരം കണിശമായി പാലിക്കപ്പെടണമെന്നും മാത്രമേ ശരീഅത്ത് നിഷ്‌കര്‍ഷിച്ചിട്ടുള്ളൂ. ഉപരിസൂചിത ലേഖനത്തില്‍ ആശങ്കപ്പെടുന്നതുപോലെ 'ഭിന്ന ലിംഗക്കാരും ഭിന്ന ശേഷിക്കാരും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നുവരികയും അവരുടെ അസ്തിത്വപരമായ നിലനില്പിന് കരുത്തു നല്കപ്പെടുകയും' ചെയ്യുന്നത് ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണെങ്കിലല്ലേ 'ശരീഅത്തിന് പരിക്കേല്ക്കുകയുള്ളൂ'! വസ്തുതകള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് വേണ്ടത്. സുതാര്യമായ ഇസ്‌ലാമിക ശരീഅത്തിന്റെ പേരില്‍ പൗരോഹിത്യം തീര്‍ത്ത ചങ്ങലക്കെട്ടുകള്‍, പ്രമാണത്തിലൂന്നി നിന്നുകൊണ്ട് മാറ്റിയെടുക്കുകയാണ് വേണ്ടത്. മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ ദൗത്യവും ഇതായിരുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ മതനിരപേക്ഷ സമൂഹങ്ങളിലെ സാമൂഹിക നിലപാടുകളുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ലോകത്ത് നടക്കുന്ന 'ന്യൂനപക്ഷ കര്‍മശാസ്ത്ര' ചര്‍ച്ച തന്നെ ഇസ്‌ലാമിക ശരീഅത്തിന്റെ 'കാലിക വായന'ക്ക് നിദര്‍ശനമാണല്ലോ. ഇന്ത്യന്‍ ശരീഅത്ത് നിയമങ്ങളില്‍ മാറ്റങ്ങള്‍ പാടില്ലെന്നു ശഠിക്കുന്നത് ഓപ്പറേഷന്‍ നടത്തുന്ന കൈകള്‍ ശുദ്ധമല്ല എന്ന യാഥാര്‍ഥ്യം മുന്നില്‍ വെച്ചുകൊണ്ടാണ്.  ശരീഅത്തിന്റെ പുനരാഖ്യാനം അതിനുള്ള പരിഹാരവുമാകുന്നില്ല. ചുരുക്കത്തില്‍ നിയമങ്ങള്‍ക്കല്ല തകരാറ്, നടപ്പിലാക്കുന്നതിലാണ്.

സി അബ്ദുല്‍ജബ്ബാര്‍
ശബാബ് വാരിക,
2017 ജൂലൈ 28

ബംഗാളില്‍ പിടിമുറുക്കാന്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബി ജെ പി ശ്രമം



ഭ്രാന്തമായ അക്രമണത്തില്‍ പശ്ചിമ ബംഗാളിലെ ബസീര്‍ഹട്ടില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു (04-07-2017). ''പശ്ചിമബംഗാള്‍ ഇസ്‌ലാമിസ്റ്റുകളുടെ പിടിയിലമര്‍ന്നിരിക്കുന്നു. ഹിന്ദുക്കള്‍ വലിയ ഭീഷണിയിലാണ്. കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥയാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്'' -എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നു. പശ്ചിമ ബംഗാള്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായ സ്ഥലമല്ലെന്നും മുസ്‌ലിംകള്‍ക്ക് സ്വര്‍ഗമാണെന്നുമുള്ള കാഴ്ചപ്പാട് ഒരു കൂട്ടം ടി വി ചാനലുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മമത ബാനര്‍ജി മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും മമതയുടെ സര്‍ക്കാറിന്റെ പിന്തുണയോടെ ഇസ്‌ലാമിസ്റ്റ് റാഡിക്കലുകള്‍ വളരുകയാണെന്നുമൊക്ക വിദ്വേഷജനകമായ പോസ്റ്ററുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഈ അക്രമത്തിന് പ്രചോദനമായത് ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു. ഒരു പതിനേഴു വയസ്സുകാരനാണ് ഈ പോസ്റ്റിനു പിന്നിലെന്ന് അറിഞ്ഞതോടെ ആളുകള്‍ അവന്റെ വീടിനു ചുറ്റും കൂടി. അന്തരീക്ഷം ചൂടുപിടിച്ചുകൊണ്ടിരിക്കെ സര്‍ക്കാര്‍ സംവിധാനം നിഷ്‌ക്രിയമായിരുന്നു. പ്രക്ഷുബ്ധരായ മുസ്‌ലിം ജനക്കൂട്ടം ആ വീട് വളയുന്നതുവരെ. പൊലീസിന്റെ ഇടപെടല്‍ വളരെ വൈകിയിരുന്നു. രോഷാകുലരായ ജനക്കൂട്ടത്തില്‍ നിന്ന് പതിനേഴുകാരനെ രക്ഷിച്ചെങ്കിലും ബി ജെ പി നേതാക്കളുടെ ഒരു സംഘം വൈകാതെ തന്നെ അവിടെ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട കാര്‍ത്തിക് ചന്ദ്രഘോഷ് (പ്രായം 65) ന്റെ മൃതദേഹം കാണാന്‍ അവര്‍ ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. മുസ്‌ലിം അക്രമകാരികളാണ് കാര്‍ത്തിക് ചന്ദ്ര ഘോഷിനെ വധിച്ചത്. ഘോഷ് ബി ജെ പിയുടെ യൂണിറ്റ് പ്രസിഡന്റാണെന്ന വാദമുന്നയിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം ബി ജെ പി നേതാക്കള്‍ നടത്തുകയുണ്ടായി. എന്നാല്‍ തന്റെ പിതാവ് ബി ജെ പിയുടെ യൂണിറ്റ് പ്രസിഡന്റാണെന്ന വാദം മകന്‍ നിഷേധിക്കുകയാണുണ്ടായത്.

അക്രമങ്ങളുടെ പേരില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി, മമത ബാനര്‍ജിയെ കര്‍ശനമായി താക്കീതു ചെയ്തു. ത്രിപാഠിയുടെ സമീപനം മമതയെ ഞെട്ടിച്ചു. ബി ജെ പിയുടെ ബ്ലോക്ക് ലെവല്‍ നേതാവാണ് ത്രിപാഠിയെന്ന് മമത വിളിച്ചുപറഞ്ഞു. ബി ജെ പി നേതാവായ രാഹുല്‍ സിന്‍ഹ അതേ ഗവര്‍ണറെ 'മോഡി വാഹിനി'യുടെ അര്‍പ്പണ ബോധമുള്ള സൈനികനെന്ന് വിളിച്ചു. വര്‍ഗീയ ലഹളക്ക് രാഷ്ട്രീയ നിറം കൈവന്നു. മുഖ്യമന്ത്രി ബാനര്‍ജി മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നതായി ബി ജെ പി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനായി ബി ജെ പി വര്‍ഗീയ വികാരം ഇളക്കിവിടുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.

ഒരാഴ്ചക്കുള്ളില്‍ തന്നെ സ്ഥിതിഗതികള്‍ ശാന്തമായെങ്കിലും രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഈ കലാപത്തോടെ, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ബംഗാളിലെ അവസ്ഥ സങ്കീര്‍ണമാണ്. 'വികാരം വ്രണപ്പെടുത്തിയതിന്' ഒരു വിഭാഗം മുസ്‌ലിം നേതൃത്വം ആവര്‍ത്തിച്ച് അക്രമണത്തിലേര്‍പ്പെടുന്നു. കുറച്ചു നാള്‍ മുമ്പ് കമലേഷ് തിവാരി എന്നയാള്‍ പ്രവാചകനെ ആക്ഷേപിച്ച് എന്തോ പോസ്റ്റു ചെയ്തപ്പോള്‍ മുസ്‌ലിംകള്‍ കരിയാചക്കില്‍ ആക്രമണം നടത്തിയിരുന്നു.

ഒരു വിഭാഗം മുസ്‌ലിം നേതൃത്വത്തിന്റെ ശിക്ഷിക്കപ്പെടുകയില്ലെന്ന തോന്നല്‍ ഹിന്ദുത്വശക്തികള്‍ക്ക് സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ വലിയ അവസരം നല്‍കും. 'വിശുദ്ധ പശു', 'രാമക്ഷേത്രം' എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാതെ തന്നെ, വഴിതെറ്റിയ ചില മുസ്‌ലിം നേതാക്കളുടെ പ്രവൃത്തികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹിന്ദുത്വ ശക്തികള്‍ക്ക് ബംഗാളില്‍ വളരാനവസരമൊരുക്കും. മുമ്പ് കലിയാചക്കിലും ഇപ്പോള്‍ ബസീറത്തിലും ഉണ്ടായ അക്രമങ്ങള്‍ എടുത്തുകാണിച്ച് ബംഗാളില്‍ ഹിന്ദുക്കള്‍ അരക്ഷിതരാണെന്നും ബംഗാള്‍ ഇസ്‌ലാമിക വല്‍ക്കരണത്തിന്റെ പിടിയിലാണെന്നുമൊക്കെയുള്ള പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമമുണ്ട്. കലിയാചക്കില്‍ ആരും കൊല്ലപ്പെട്ടില്ലെങ്കിലും, സ്വത്ത് നശിപ്പിക്കപ്പെട്ടു. 'ഹിന്ദുക്കള്‍ ഇരയാവുന്നു' എന്നതിനെ ചുറ്റിപ്പറ്റിയാണ് ബി ജെ പി, ആര്‍ എസ് എസ് പ്രചരണങ്ങളത്രയും.

വേണ്ടത്ര സമയമുണ്ടായിട്ടും തക്ക സമയത്തുതന്നെ അക്രമം നിയന്ത്രിക്കാന്‍ തുനിയാതിരുന്ന സര്‍ക്കാറിന്റെ പക്ഷത്തും പോരായ്മയുണ്ട്. അക്രമസംഭവങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ക്രമസമാധാനവകുപ്പിന്റെ ചുമതലയാണ്.

കാര്യക്ഷമതയുള്ള വകുപ്പിന് ഒട്ടുമിക്ക കലാപങ്ങളും പക്ഷഭേദമന്യേ അമര്‍ച്ച ചെയ്യാന്‍ കഴിയുമെന്നതാണ് വസ്തുത. ഇവിടെ സര്‍ക്കാര്‍ കൃത്യസമയത്ത് നടപടികളെടുക്കേണ്ടിയിരുന്നു. മമതയുടെ പേരില്‍ ആരോപിക്കപ്പെടുന്ന മുസ്‌ലിം പ്രീണനം ബംഗാളിലെ മുസ്‌ലിംകളുടെ സാമ്പത്തിക കാര്യത്തില്‍ ഒട്ടും ശരിയല്ല. ബംഗാളിലെ മുസ്‌ലിംകളുടെ സാമ്പത്തികാവസ്ഥ ഇന്ത്യയിലെ തന്നെ ഏറ്റവും മോശപ്പെട്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തുന്നത് മറ്റു പല സംസ്ഥാനങ്ങളും വകയിരുത്തുന്നതിനെ അപേക്ഷിച്ച് വളരെ കുറവാണ്. അതേ സമയം ബി ജെ പിയുടെ വക വര്‍ഗീയ ധ്രുവീകരണം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. സാധാരണയായി രാം നവമി ആഘോഷിക്കാറില്ലാത്ത സംസ്ഥാനത്ത് ഇക്കൊല്ലം വാളുകള്‍ കൈയിലേന്തി പേടിപ്പെടുത്തും വിധം രാംനവമി ഘോഷയാത്ര നടന്നു. പ്രധാനമായും ദുര്‍ഗാദേവിയെ പൂജിച്ചിരുന്ന സംസ്ഥാനത്ത് ഇത്തവണ ഗണേശോത്സവവും കാര്യമായി ആഘോഷിക്കപ്പെട്ടു.

വര്‍ഗീയ ലഹളയെക്കുറിച്ചു നടന്ന പോള്‍ ബ്രാസ് ഉള്‍പ്പെടെയുള്ള പല പണ്ഡിതരുടെയും പഠനങ്ങള്‍ പറയുന്നത് അക്രമികളെ പിടികൂടി ശിക്ഷിക്കാത്തതും നീതി നടപ്പാക്കാത്തതുമാണ് പല വര്‍ഗീയ ലഹളകളുടെയും പിന്നിലുള്ള കാരണമെന്നാണ്. യാലെ യൂണിവേഴ്‌സിറ്റി നടത്തിയ മറ്റൊരു പ്രധാന പഠനം പറയുന്നത് കലാപ ബാധിത പ്രദേശത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കാണ് എപ്പോഴും നേട്ടമുണ്ടായിട്ടുള്ളത് എന്നാണ്. മുസ്‌ലിം മതമൗലിക വാദികളെ പ്രീണിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുക: അക്രമത്തില്‍ ഏര്‍പ്പെടുന്ന സമുദായമേതായാലും ഭരണഘടനാപരമായി നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കലാണ് ഭരണ നിര്‍വഹണത്തിന്റെ കാതല്‍.

ബസീര്‍ഹട്ടിലെ കലാപത്തെ ഇങ്ങനെ സംഗ്രഹിക്കാം.

1. ഫേസ് ബുക്കിലെ അപകീര്‍ത്തികരമായ പോസ്റ്റ്.

2. മുസ്‌ലിം വര്‍ഗീയവാദികള്‍ നടത്തിയ അക്രമണം.

3. അക്രമണത്തെ തടയുന്നതില്‍ സംസ്ഥാന ഭരണകൂടത്തിന്റെ പരാജയം

4. മുസ്‌ലിംകള്‍ ഹിന്ദുക്കളെ അക്രമിക്കുന്നതായി കാണിക്കുന്ന ഫേക്ക് വീഡിയോകള്‍ ബി ജെ പി പ്രചരിപ്പിച്ചത്. ബസീര്‍ ഹട്ടില്‍ നടന്നതായി ബി ജെ പി പ്രചരിപ്പിച്ച വീഡിയോകള്‍ യഥാര്‍ഥത്തില്‍ ബോജ്പുരി സിനിമയില്‍ ഹിന്ദു സ്ത്രീ ബലാല്‍ക്കാരം ചെയ്യപ്പെടുന്ന രംഗമായിരുന്നു. ഇതെല്ലാം ബസീര്‍ ഹട്ടില്‍ നടന്നതായിട്ടാണ് ബി ജെ പി പ്രചരണം. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയും ഹിന്ദു സ്ത്രീ കലാപ പ്രദേശത്ത് ബലാല്‍സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുകയുണ്ടായി. ഒടുവില്‍ ബംഗാളില്‍ ഇരകള്‍ ഹിന്ദുക്കളാണെന്നും കൊട്ടിഘോഷിക്കപ്പെടുകയുണ്ടായി. ഇതുവരെ വര്‍ഗീയ ലഹള കുറവായിരുന്ന സംസ്ഥാനത്ത് വര്‍ത്തമാനകാല സംഭവങ്ങള്‍ വര്‍ഗീയ ധ്രുവീകണത്തിന് കാരണമാവില്ലെന്നാണ് എന്റെ പ്രതീക്ഷ.

രാംപുനിയാനി
വിവ.
സിദ്ദീഖ് സി സൈനുദ്ദീന്‍
ശബാബ് വാരിക,
2017 ജൂലൈ 28

ദലിത് ഹത്യകള്‍ക്കിടയില്‍ രാംനാഥ് കോവിന്ദ് പ്രസിഡന്റു പദവിയില്‍

Ramnath Kovind, President of India, Malayali Peringode, Malayali, Malayaali


ദളിത് സമുദായാംഗമായ രാംനാഥ് കോവിന്ദ് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ പദവി അലങ്കരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ദളിത്‌വേട്ടയുടേയും ന്യൂപക്ഷങ്ങളും ദളിതുകളും കൊല്ലപ്പെടുന്നതിന്റെയും പേരില്‍ മാത്രം ബി ജെ പിയും കേന്ദ്ര സര്‍ക്കാറും വാര്‍ത്തകളില്‍ നിറയുന്ന ഘട്ടത്തിലാണ്, പ്രഥമ പൗരന്റെ പദവിയില്‍ ഒരു ദളിതനെ അവരോധിച്ച് ബി ജെ പി ഇതിനൊരു മറുവാര്‍ത്ത ചമച്ചത്. എന്തുകൊണ്ട് രാംനാഥ് കോവിന്ദ്, ഇങ്ങനെയൊരാളെ എന്തുകൊണ്ട് ബി ജെ പി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കി എന്നീ ചോദ്യങ്ങള്‍ അദ്ദേഹം പ്രസിഡണ്ട് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷവും ഒട്ടും പ്രസക്തി കുറയാതെ നിലനില്‍ക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടും മുമ്പ് തന്നെ വിലയിരുത്തപ്പെടേണ്ട ഒന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ പുലരി ഉദിച്ചുയര്‍ന്ന് ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും ജാതീയമായും അല്ലാതെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയ ജനങ്ങളുടെ സ്ഥാനം എവിടെയാണ് എന്നതാണത്. അതിനുള്ള ഉത്തരം കൂടിയാണ് ഇത്തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജാതിപശ്ചാത്തലം ചര്‍ച്ച ചെയ്യുന്നതിന് കൈവന്ന അമിത പ്രാധാന്യം. ദളിതന്‍ ഇപ്പോഴും തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനുമാണെന്നും നിര്‍ണായക പദവികളിലേക്കുള്ള അവരുടെ കടന്നുവരവ് മറ്റാരുടേയോ ഔദാര്യമാണെന്നുമുള്ള ധ്വനിയാണ് ഈ ചര്‍ച്ചകളുടേയെല്ലാം ആകെത്തുകയെന്ന് പറയേണ്ടി വരും. അല്ലെങ്കില്‍ അത്തരമൊരു ബോധമനസ്സ് സൃഷ്ടിച്ചെടുക്കാന്‍ അറിഞ്ഞോ അറിയാതെയോ നാം അടക്കമുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നു കരുതേണ്ടിവരും.

ഇനി നടേപറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പരിശോധിക്കാം. റബര്‍ സ്റ്റാമ്പെന്ന വിമര്‍ശനങ്ങള്‍ തുടരുമ്പോഴും ഭരണഘടനാ തലവന്‍, സര്‍വ്വസൈന്യാധിപന്‍ എന്നീ നിലകളില്‍ രാഷ്ട്രപതി പദത്തിന് ഇന്ത്യയില്‍ അതിന്റെതായ അര്‍ഥ തലങ്ങളും പ്രസക്തിയുമുണ്ട്. ചില ഘട്ടങ്ങളിലെങ്കിലും പ്രസിഡന്റ് കൈക്കൊണ്ട തീരുമാനങ്ങള്‍ സ്വാധീന ഘടകങ്ങളാവാറുമുണ്ട്. അത്തരമൊരു പദവിയിലേക്ക് ഒരു ദളിതനെ നിശ്ചയിക്കുക വഴി ദളിത് ഉന്നമനത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന പാര്‍ട്ടി എന്ന പരിവേഷത്തിലേക്ക് ബി ജെ പിയെ ഉയര്‍ത്താനുള്ള ശ്രമങ്ങളാണോ ഇപ്പോള്‍ നടക്കുന്നത്. പ്രത്യക്ഷത്തില്‍ ആണെന്ന് തന്നെ പറയേണ്ടിവരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി ജെ പിയുടെ കരുനീക്കമാണിതെന്ന വിമര്‍ശനങ്ങളും കഴമ്പുള്ളതാണ്. എന്നാല്‍ അതു മാത്രമാണ് കോവിന്ദിനെ ആ പദവിയിലേക്ക് നിശ്ചയിക്കാനുള്ള പ്രേരണയെന്ന് കരുതാനാവില്ല.

പ്രാഥമിക രൂപമായ ജനതാ പാര്‍ട്ടിയുടെ കാലം മുതല്‍ തന്നെ ബി ജെ പി സംഘ്പരിവാറിന്റെ ചട്ടുകം മാത്രമാണ്. രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ സംഘ്പരിവാര്‍ എന്ന് വേണമെങ്കില്‍ ബി ജെ പിയെ വിശേഷിപ്പിക്കാം. കാരണം ഇരുമെയ്യും ഒരു മനസ്സും എന്നതാണ് ബി ജെ പിയും സംഘ്പരിവാറും തമ്മിലുള്ള കിടപ്പ് വശം. ജാതിവ്യവസ്ഥക്കും സവര്‍ണ മേധാവിത്വത്തിനും മതപരമായ പരികല്‍പ്പനകള്‍ നല്‍കുന്ന മനുസ്മൃതിയെ വേദവാക്യമായി കണ്ടാണ് ആര്‍ എസ് എസിന്റെ സംഘടനാ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ദളിതനോ മറ്റ് താഴ്ന്ന ജാതിക്കാര്‍ക്കോ അതില്‍ സ്ഥാനമില്ലെന്ന് മാത്രമല്ല, ഒരു ഘട്ടത്തിലും അവരെ അംഗീകരിക്കാനുള്ള വിശാലമനസ്‌കത അവര്‍ക്കിടയിലേക്ക് കടന്നുവരാറുമില്ല. എന്നിട്ടും കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത് കുറുക്കന്റെ കൗശലമാണെന്നതില്‍ സംശയമില്ല.

ദളിതുകള്‍ എക്കാലത്തും വേട്ടയാടപ്പെട്ടിട്ടുള്ളത് ഉയര്‍ന്ന ജാതിക്കാരാലാണ്. സാംസ്‌കാരികമായി മുന്നേറ്റം കൈവരിച്ച കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഒഴികെ അത്തരം വേട്ടയാടലുകള്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നുമുണ്ട്. എന്നാല്‍ അതെല്ലാം നേരത്തെ ക്ഷിപ്രപ്രേരണയാല്‍ പ്രാദേശികമായി നടക്കുന്ന സംഭവങ്ങള്‍ മാത്രമായിരുന്നു. അതില്‍നിന്നു ഭിന്നമായി ദളിതുകള്‍ വേട്ടയാടപ്പെടേണ്ടവരും ആട്ടിപ്പായിക്കപ്പെടേണ്ടവരുമാണ് എന്ന ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് സംഘ്പരിവാറിന്റെ പ്രവര്‍ത്തന നേട്ടം. രോഹിത് വെമുല, കനയ്യകുമാര്‍ സംഭവങ്ങള്‍ ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു. ദളിതര്‍ രാജ്യത്തിന്റെ ഉന്നത പദവികളില്‍ എത്തിപ്പെടേണ്ടവര്‍ അല്ലെന്നും താഴ്ന്ന ജാതിക്കാര്‍ക്ക് കുലത്തൊഴിലായി പതിച്ചുനല്‍കിയ തോട്ടിപ്പണിയും മറ്റും ചെയ്ത് ജീവിക്കേണ്ടവരാണെന്നും പറയാതെ പറയുകയാണ് ഇതിലൂടെ സംഘ്പരിവാര്‍ ചെയ്യുന്നത്.

പശു സംരക്ഷണത്തിന്റെ മറവില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍പോലെതന്നെ, ദളിതുകള്‍ക്കെതിരെ വിവിധ കാരണങ്ങളാല്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ഗുജറാത്തിലെ ഉനയില്‍ ദളിതുകളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം ഇത്തരത്തിലൊന്നായിരുന്നു. ആക്രമണം നടത്തുക മാത്രമല്ല, അത്തരം ആക്രമണങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കും വാട്‌സ്ആപും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുന്നത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല, ദളിതുകള്‍ വേട്ടയാടപ്പെടേണ്ടവരാണെന്ന് സ്ഥാപിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ്. ഫരിദാബാദില്‍ ദളിത് കുടുംബത്തെ ജീവനോടെ തീവെക്കുകയും രണ്ട് കുട്ടികള്‍ വെന്തു മരിക്കുകയും ചെയ്ത നിഷ്ഠൂരമായ സംഭവം ഉള്‍പ്പെടെ ഈ ദിശയില്‍തന്നെയുള്ള ചുവടുവെപ്പുകളായിരുന്നു. ദളിതുകള്‍ക്ക് നേരെ ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങള്‍ എന്തുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല എന്നതിനു തെളിവാണ് ദളിത് വേട്ടയുമായി ബന്ധപ്പെട്ട കേസുകളിലുണ്ടായിട്ടുള്ള വര്‍ധന. ദളിതുകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2012ല്‍ 33,665 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2013ല്‍ ഇത് 39,408 ആയും 2014ല്‍ 47,064 ആയും വര്‍ധിച്ചു. ഓരോ 18 മിനുട്ടിലും ഓരോ ദളിത് സമുദായാംഗം രാജ്യത്ത് ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു എന്നത് അതിന്റെ തീവ്രത ബോധ്യപ്പെടാന്‍ സഹായിക്കും. ഹരിയാനയാണ് ദളിത് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റെടുത്ത ശേഷം ഹരിയാനയില്‍ ദളിതുകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ഏഴു മടങ്ങ് വര്‍ധിച്ചുവെന്നാണ് കണക്ക്. ഇത് ബി ജെ പിയേയും കേന്ദ്ര സര്‍ക്കാറിനെയും മുമ്പെങ്ങുമില്ലാത്ത വിധം പ്രതിക്കൂട്ടിലാക്കുന്നുണ്ട്. മറ്റൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ ദളിത് വിരുദ്ധ പ്രതിച്ഛായ തിരിച്ചടിയാകും എന്ന കണക്കുകൂട്ടലാണ് പുതിയ കരുനീക്കങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നതെന്ന് ചുരുക്കം.

ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ആക്രമണം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വഴി ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുകയും അതിന്റെ മറവില്‍ സ്വന്തം താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി അരങ്ങേറിക്കൊണ്ടിരിക്കുകയുമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകളായിക്കൊണ്ടിരിക്കുന്നത്. ദാദ്രിയിലെ അഖ്‌ലാഖ് മുതല്‍ ഡല്‍ഹി - മഥുര ട്രെയിനില്‍ ബീഫ് തീനികളെന്നാരോപിച്ച് കുത്തിക്കൊന്ന ജുനൈദ് വരെയുള്ളവര്‍ ഇരകളുടെ നീണ്ട പട്ടികയിലെ രണ്ടറ്റങ്ങള്‍ മാത്രമാണ്. ഇത് രാജ്യത്തെ ജനങ്ങളില്‍ വല്ലാത്ത ഭയപ്പാടും ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ആസൂത്രിതമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഈ രണ്ടു വിഭാഗങ്ങളേയും നിരാശ്രയരാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, മറുപക്ഷത്ത് അധികാരത്തിലെത്താനുള്ള ചവിട്ടുപടി എന്ന നിലയില്‍ ദളിതുകളേയും മുസ്‌ലിംകളേയും ബി ജെ പിക്ക് ആവശ്യമുണ്ട്. പ്രത്യേകിച്ച് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 300ലധികം സീറ്റു നേടി അധികാരത്തില്‍ എത്തിയപ്പോഴും ബി ജെ പിയുടെ ആകെ വോട്ടുവിഹിതം 31.34 ശതമാനം മാത്രമാണ്. അതായത് ഭൂരിപക്ഷമാകുമ്പോഴും ന്യൂനപക്ഷ സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് ചുരുക്കം. ദളിത്, ന്യൂനപക്ഷ വോട്ടുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നിച്ചുപോയതാണ് ബി ജെ പിക്ക് ഇക്കാര്യത്തില്‍ വലിയ തുണയായത്. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി ജെ പിക്ക് മുന്‍തൂക്കം ലഭിച്ചതിനു പിന്നില്‍ ഈയൊരു പ്രവണത തന്നെയായിരുന്നു അടിസ്ഥാന ഘടകം. എന്നാല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യങ്ങള്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ എളുപ്പമാകില്ല എന്ന സൂചനയാണ് നല്‍കുന്നത്. ബി ജെ പിക്കെതിരെ വിശാല രാഷ്ട്രീയ കൂട്ടായ്മ എന്ന നിര്‍ദേശങ്ങള്‍ ലക്ഷ്യത്തോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ലാലു- നിതീഷ്- കോണ്‍ഗ്രസ് സഖ്യം വഴി ബിഹാറില്‍ മാത്രമാണ് ബി ജെ പിയുടെ കുതിപ്പിനെ തടയിടാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മക്ക് കഴിഞ്ഞതെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍തന്നെ പുതിയൊരു വഴി വെട്ടിത്തെളിയിക്കുന്നതില്‍ അത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് തുണയായിട്ടുണ്ട്. യു പി നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരമൊരു സഖ്യമുണ്ടായിരുന്നെങ്കിലും അത് ഒരു നിലയിലും പ്രതിഫലിച്ചില്ല എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. സമാജ്‌വാദി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും എതിര്‍ചേരിയില്‍ വിള്ളലുണ്ടാക്കാന്‍ ബി ജെ പി നടത്തിയ ആസൂത്രിത ശ്രമങ്ങളും അവസാന നിമിഷം തട്ടിക്കൂട്ടിയുണ്ടാക്കിയ സഖ്യത്തിന്റെ അസ്വസ്ഥതകളുമെല്ലാം ആ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. ബിഹാറിലേതുപോലെ യു പിയിലെ സഖ്യനീക്കം ഫലിക്കാതെ പോയതില്‍ ഇക്കാരണങ്ങളും ഒരു ഘടകമായിരുന്നു.

അതില്‍നിന്ന് കുറച്ചുകൂടി കാര്യങ്ങള്‍ മെച്ചപ്പെട്ടു എന്നതാണ് നിലവിലെ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്. ബി ജെ പിയും സംഘ് പരിവാറും ചേര്‍ന്ന് ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ഉള്‍കൊള്ളുന്ന വര്‍ഗ, വര്‍ണ, ജാതി, ദേശ, ഭാഷാ സങ്കല്‍പങ്ങള്‍ക്ക് അതീതമായ ഇന്ത്യന്‍ ബഹുസ്വരതയുടെ അസ്തിത്വത്തെയാണ്. ബഹുകക്ഷി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ബി ജെ പിക്കെതിരായ പടനീക്കത്തിന് മുന്നില്‍ നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, ബിഹാര്‍ സഖ്യത്തിന് ചരടുവലിച്ച ലാലു പ്രസാദ് യാദവ് എന്നിവര്‍ക്കെതിരെ സി ബി ഐയെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന വേട്ട ഇതിന് തെളിവാണ്. ഭയപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ കൂടെ നിര്‍ത്തുക, അതിന് കീഴ്‌പ്പെടാത്തവരെ വേട്ടയാടുക എന്ന തന്ത്രമാണത്. വര്‍ഗീയ കലാപങ്ങളിലൂടെ ഒരു പതിറ്റാണ്ടു മുമ്പ് പുറത്തെടുത്ത തന്ത്രങ്ങളുടെ രാഷ്ട്രീയ വകഭേദം എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.

തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയിലെ ഇരു വിഭാഗവും മോദിയുടെ പ്രീതിക്ക് പാത്രീഭൂതരാവാന്‍ കിണഞ്ഞു ശ്രമിക്കുന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം. ലാലുവിനെയും മമതയേയും പൂട്ടാന്‍ വഴികള്‍ തിരയുന്ന കേന്ദ്ര സര്‍ക്കാര്‍, ജയലളിതയുടെ മരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്തുകൊണ്ട് അന്വേഷണത്തിന് മുതിരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട് ഇത്രയധികം ദുരൂഹതകള്‍ ഉയരുകയും സുപ്രീംകോടതിയില്‍ വരെ പരാതികള്‍ എത്തുകയും ചെയ്തിട്ടും കേന്ദ്രം കാണിക്കുന്ന മൗനത്തിനു പിന്നില്‍ തമിഴ് രാഷ്ട്രീയത്തിലെ ഈ വിനീത വിധേയപ്പെടലുകള്‍ ഉണ്ട്. ബി ജെ പിയുടെ ഈ ലക്ഷ്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ ലാലുവും മമതയും കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്നു എന്നത് പ്രതീക്ഷ നല്‍കുന്നതാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ടായ ഐക്യത്തിന്റെ പ്രധാന ഘടകമായത് ഈ രണ്ടു നേതാക്കളും സ്വീകരിച്ച ഉറച്ച നിലപാടുകള്‍ ആയിരുന്നു എന്നതു തന്നെ കാരണം.

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബി ജെ പിയുടെ തന്ത്രത്തിന് ഇനി അധികകാലം സാധ്യതകള്‍ ഇല്ല എന്ന സൂചന നല്‍കുന്നതായിരുന്നു ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം. അതുകൊണ്ടുതന്നെയാണ് ബി ജെ പി പുതിയ തന്ത്രങ്ങള്‍ പയറ്റുന്നതും. അത്തരം തന്ത്രങ്ങളില്‍ ഒന്ന് മാത്രമാണ് കോവിന്ദിന്റെ സ്ഥാനാരോഹണം.

രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 17 പ്രതിപക്ഷ കക്ഷികള്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ധാരണയില്‍ എത്തി എന്നത് നിര്‍ണായക ചുവടുവെപ്പായിരുന്നു. തോല്‍ക്കുമെന്ന് നൂറു ശതമാനം ഉറപ്പുണ്ടായിട്ടും ഒരുമിച്ചു നിന്ന് പോരാടാനുള്ള ഈ തീരുമാനം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമായിരുന്നു. പരസ്പരം വിട്ടുവീഴ്ചക്ക് എല്ലാ പാര്‍ട്ടികളും തയ്യാറായി എന്നതാണ് നീക്കത്തെ വേറിട്ടുനിര്‍ത്തുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെ ഡി യു, ബി ജെ ഡി എന്നിവയും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു എന്നതും ശ്രദ്ധേയമാണ്. ഈ സഖ്യ നീക്കം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയകരമായി പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അതൊരു വഴിത്തിരിവായി മാറിയേക്കും. അതേസമയം തന്നെ അവസാന നിമിഷം ഉടലെടുക്കാവുന്ന പ്രധാനമന്ത്രി പദ മോഹവും താന്‍പോരിമയും സ്വാര്‍ത്ഥ താല്‍പര്യങ്ങളും ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് എത്രത്തോളം പ്രതിസന്ധി സൃഷ്ടിക്കും എന്നത് കാത്തിരുന്നു കാണേണ്ടി വരും. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ദളിതുകളുടേയും ന്യൂനപക്ഷങ്ങളുടേയും വന്‍തോതിലുള്ള പിന്തുണയില്ലാതെ ബി ജെ പിക്കു ഇനി അധികാരത്തിലേക്കുള്ള വഴി എളുപ്പമാകില്ല. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 30.8 ശതമാനം മാത്രമാണ് ഉയര്‍ന്ന ജാതിക്കാര്‍. ഇവര്‍ പൂര്‍ണമായും ബി ജെ പിയെ മാത്രം പിന്തുണക്കുമെന്ന് ഒരിക്കലും പറയാനാകില്ല. കൂടിവന്നാല്‍ 20 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കും. ശേഷിക്കുന്ന വിടവ് നികത്തണമെങ്കില്‍ ന്യൂനപക്ഷ, ദളിത് വോട്ടുകള്‍ തന്നെ വേണ്ടി വരും. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 41.1 ശതമാനവും ന്യൂനപക്ഷങ്ങളാണ്. 19.7 ശതമാനം പട്ടിക ജാതിക്കാരും 8.5 ശതമാനം പട്ടികവര്‍ഗക്കാരും.

വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ ഒരുമിച്ചുചേരുന്നത് ബി.ജെ.പിക്കു മുന്നില്‍ വെല്ലുവിളി ശക്തമാക്കും. യു പിയില്‍ എസ് പി, ബി എസ് പി, കോണ്‍ഗ്രസ്, ബിഹാറില്‍ ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ്, ഒഡീഷയില്‍ ബി ജെ ഡി, കോണ്‍ഗ്രസ്, പശ്ചിമബംഗാളില്‍ ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും, കേരളത്തില്‍ കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ഇടതുപക്ഷം എന്നീ നിലകളില്‍ രാഷ്ട്രീയമായി യോജിച്ചു നില്‍ക്കുകയും ദേശീയ തലത്തില്‍ വിശാല സഖ്യമായി അത് രൂപാന്തരപ്പെടുന്നതിനുമുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞു വരുന്നത്. അതുകൊണ്ടുതന്നെ ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന വേട്ട ബി ജെ പിയേയും കേന്ദ്ര സര്‍ക്കാറിനെയും ഒരുകാലത്തും ഇല്ലാത്ത വിധം 'അസ്വസ്ഥമാക്കാന്‍' തുടങ്ങിയിട്ടുണ്ട്.

രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ തന്നെയാണ് പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇക്കാലമത്രയും മൗനം പാലിച്ച പ്രധാനമന്ത്രി കഴിഞ്ഞ ഒരു മാസമായി നിരന്തരം പ്രസ്താവനകളുമായി രംഗത്തെത്തുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ദ്രോഹ നടപടികളിലൂടെ മുമ്പെങ്ങുമില്ലാത്ത വിധം ജനങ്ങളെ ഒരു ഭരണകൂടം വേട്ടയാടിയ കാലം കൂടിയായിരുന്നു ഇത്. നോട്ടു നിരോധനം എന്തിന് നടപ്പാക്കി, എന്തു ഫലം ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലും ഭരണകൂടത്തിന് കഴിഞ്ഞില്ല എന്നത് പരാജയത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ്. കള്ളപ്പണം വിപണിയില്‍നിന്ന് നീക്കാനും തീവ്രവാദ സംഘങ്ങള്‍ക്ക് സഹായം ലഭിക്കുന്നത് തടയാനും എന്നീ രണ്ട് വാദങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കള്ളനോട്ട് അടിയുടെ ഏജന്റുമാരായി മാറുകയും അഴിമതിയുടെ ചക്കരക്കുടത്തില്‍ കൈയിട്ട് വാരുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ആദ്യ വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്. നോട്ടു നിരോധനത്തിനു ശേഷവും വ്യാജ കറന്‍സികള്‍ എമ്പാടും രാജ്യത്ത് നില്‍നില്‍ക്കുന്നുണ്ട്. എത്ര രൂപയുടെ കള്ളപ്പണം പിടിച്ചു, ഇനി എത്ര പിടിക്കാനുണ്ട് എന്ന കണക്കുപോലും സര്‍ക്കാറിന്റെ കൈവശമില്ല. തീവ്രവാദ ആക്രമണങ്ങള്‍ രാജ്യത്ത് പിന്നെയും ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ജനക്ഷേമ പദ്ധതികളില്‍നിന്ന് ബഹുദൂരം പിന്നാക്കംപോയി. റെയില്‍, പൊതുബജറ്റുകള്‍ ഏകീകരിച്ചതിന്റെ മറവില്‍ അടിസ്ഥാന സൗകര്യ വികസന മേഖലക്ക് പണം വകയിരുത്തുന്നതില്‍ വന്‍തോതിലുള്ള വെട്ടിക്കുറക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. നഷ്ടത്തിലുള്ളതും അല്ലാത്തതുമായ പൊതുമേഖലാ കമ്പനികള്‍ വിറ്റഴിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നു.

രാജ്യസുരക്ഷ ശക്തിപ്പെടുത്താനെന്ന പേരില്‍ ഇസ്രാഈലും യു എസും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുമായി സഹസ്ര കോടികളുടെ ആയുധ, പ്രതിരോധ കരാറുകളില്‍ ഒപ്പുവെക്കുന്നു. ഈ ഭരണപരാജയങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി മറടിയാനുള്ള ആയുധമായി ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങളും ബീഫിന്റെയും ജാതിയുടേയും പേരിലുള്ള വേട്ടയാടലുകളും വഴി ഉയര്‍ന്നുവന്ന വിവാദങ്ങളെ ഉപയോഗിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍.

പ്രതിപക്ഷ കക്ഷികളുടെ ഐക്യപ്പെടല്‍ ഫലവത്താകുന്നതോടെ ഇത്തരം തന്ത്രങ്ങള്‍ പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ വിജയം കാണണമെന്നില്ല. ദളിത്, ന്യൂനപക്ഷ വേട്ട ആവര്‍ത്തിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല എന്നതുതന്നെ കാരണം. കോവിന്ദിനെ രാഷ്ട്രപതിയാക്കിയതിലൂടെ ദളിത് സംരക്ഷണത്തിന്റെ മൊത്തം ക്രഡിറ്റ് ഏറ്റെടുക്കാന്‍ ഒരു ഭാഗത്തു ശ്രമിക്കുമ്പോള്‍ തന്നെയാണ് ദളിത് വേട്ട പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിനെ ബി ജെ പി സമര്‍ത്ഥമായി തടയുന്നതും. ഇതില്‍ പ്രതിഷേധിച്ച് ബി എസ് പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവെച്ചെങ്കിലും ഇത് അവരുടെ രാഷ്ട്രീയ നീക്കം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. ആ വാദത്തെ തള്ളിക്കളയാനും കഴിയില്ല. രാജ്യസഭാംഗത്തിന്റെ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മത്രമാണ് മായാവതിക്ക് ഇനി ശേഷിക്കുന്നത്.

ഗുജറാത്തിലെ ഉന പോലുള്ള സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ ഇല്ലാത്ത വേദനയും പൊട്ടിത്തെറിയും ഇപ്പോള്‍ എന്തുകൊണ്ട് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയം തന്നെയാണ് ഉത്തരം. പരമ്പരാഗത ദളിത് വോട്ടിനെ ആശ്രയമായി കാണുന്ന ബി എസ് പിയെ കോവിന്ദിലൂടെ ദളിത് വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങള്‍ അസ്വസ്ഥമാക്കുന്നുണ്ട്. ദളിത് വിഷയം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രാജിവെക്കുക വഴി, ബി ജെ പിയുടെ ദളിത് വിരുദ്ധ മുഖത്തില്‍ മാറ്റം വന്നിട്ടില്ലെന്നും കോവിന്ദ് എന്നത് രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ഒരു പ്രതീകം മാത്രമാണെന്നും സ്ഥാപിക്കാനാണ് മായാവതി ശ്രമിച്ചത്. ദളിത് സമുദായക്കാരനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമ്പോഴും സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള കരുനീക്കം മാത്രമാണിത്. സംഘ് പരിവാര്‍ ആശയങ്ങളോട് എക്കാലത്തും ആഭിമുഖ്യം പുലര്‍ത്തിയിട്ടുള്ള നേതാവാണ് കോവിന്ദ് എന്നതുതന്നെ കാരണം.

പല കാര്യങ്ങളിലും സവര്‍ണ ശക്തികളുടെ ചിന്താഗതിയെ പിന്തുണക്കുകയും അതുവഴി ആര്‍ എസ് എസിനെ തൃപ്തിപ്പെടുത്തുകയും ചെയ്തിട്ടുള്ള പശ്ചാത്തലമാണ് കോവിന്ദിന്റേത്. ജാതി സംവരണത്തെ തുറന്നെതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ഇതിന് ഉദാഹരണമാണ്. സവര്‍ണ താല്‍പര്യങ്ങള്‍ പേറുന്ന ഒരാളെ രാഷ്ട്രപതി പദത്തില്‍ അവരോധിക്കുക വഴി, ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ് കോവിന്ദിലൂടെ ബി ജെ പി സാധ്യമാക്കുന്നത്. രാംനാഥ് കോവിന്ദിനെപ്പോലെ ഒരാളെ രാഷ്ട്രപതി പദത്തില്‍ എത്തിച്ചതുകൊണ്ടു മാത്രം ബി.ജെ.പിക്കു മേല്‍ വന്നു പതിച്ച ദളിത് വിരുദ്ധ പ്രതിഛായ മാറ്റിയെടുക്കാന്‍ കഴിയുമോ, പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. ഒന്നുറപ്പാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ അടക്കിവാഴാതെ പരസ്പര വിട്ടുവീഴ്ചയിലും സഹകരണത്തിലും അധിഷ്ടിതമായി രാജ്യത്തെ മതേതര കക്ഷികള്‍ ഒരുമിച്ചു നിന്നാല്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്നത് അസാധ്യമായ കാര്യമല്ല. ഹൃദയവിശാലതയോടെ ആ ലക്ഷ്യത്തിനു വേണ്ടി മുന്നിട്ടിറങ്ങാന്‍ എല്ലാ കക്ഷികളും തയ്യാറാകണം എന്നു മാത്രം.

എ പി അന്‍ഷിദ്
ശബാബ് വാരിക,
2017 ജൂലൈ 28


Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ