ഭ്രാന്തമായ അക്രമണത്തില്‍ പശ്ചിമ ബംഗാളിലെ ബസീര്‍ഹട്ടില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു (04-07-2017). ''പശ്ചിമബംഗാള്‍ ഇസ്‌ലാമിസ്റ്റുകളുടെ പിടിയിലമര്‍ന്നിരിക്കുന്നു. ഹിന്ദുക്കള്‍ വലിയ ഭീഷണിയിലാണ്. കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥയാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്'' -എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നു. പശ്ചിമ ബംഗാള്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായ സ്ഥലമല്ലെന്നും മുസ്‌ലിംകള്‍ക്ക് സ്വര്‍ഗമാണെന്നുമുള്ള കാഴ്ചപ്പാട് ഒരു കൂട്ടം ടി വി ചാനലുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മമത ബാനര്‍ജി മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും മമതയുടെ സര്‍ക്കാറിന്റെ പിന്തുണയോടെ ഇസ്‌ലാമിസ്റ്റ് റാഡിക്കലുകള്‍ വളരുകയാണെന്നുമൊക്ക വിദ്വേഷജനകമായ പോസ്റ്ററുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഈ അക്രമത്തിന് പ്രചോദനമായത് ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു. ഒരു പതിനേഴു വയസ്സുകാരനാണ് ഈ പോസ്റ്റിനു പിന്നിലെന്ന് അറിഞ്ഞതോടെ ആളുകള്‍ അവന്റെ വീടിനു ചുറ്റും കൂടി. അന്തരീക്ഷം ചൂടുപിടിച്ചുകൊണ്ടിരിക്കെ സര്‍ക്കാര്‍ സംവിധാനം നിഷ്‌ക്രിയമായിരുന്നു. പ്രക്ഷുബ്ധരായ മുസ്‌ലിം ജനക്കൂട്ടം ആ വീട് വളയുന്നതുവരെ. പൊലീസിന്റെ ഇടപെടല്‍ വളരെ വൈകിയിരുന്നു. രോഷാകുലരായ ജനക്കൂട്ടത്തില്‍ നിന്ന് പതിനേഴുകാരനെ രക്ഷിച്ചെങ്കിലും ബി ജെ പി നേതാക്കളുടെ ഒരു സംഘം വൈകാതെ തന്നെ അവിടെ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട കാര്‍ത്തിക് ചന്ദ്രഘോഷ് (പ്രായം 65) ന്റെ മൃതദേഹം കാണാന്‍ അവര്‍ ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. മുസ്‌ലിം അക്രമകാരികളാണ് കാര്‍ത്തിക് ചന്ദ്ര ഘോഷിനെ വധിച്ചത്. ഘോഷ് ബി ജെ പിയുടെ യൂണിറ്റ് പ്രസിഡന്റാണെന്ന വാദമുന്നയിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം ബി ജെ പി നേതാക്കള്‍ നടത്തുകയുണ്ടായി. എന്നാല്‍ തന്റെ പിതാവ് ബി ജെ പിയുടെ യൂണിറ്റ് പ്രസിഡന്റാണെന്ന വാദം മകന്‍ നിഷേധിക്കുകയാണുണ്ടായത്.
അക്രമങ്ങളുടെ പേരില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി, മമത ബാനര്‍ജിയെ കര്‍ശനമായി താക്കീതു ചെയ്തു. ത്രിപാഠിയുടെ സമീപനം മമതയെ ഞെട്ടിച്ചു. ബി ജെ പിയുടെ ബ്ലോക്ക് ലെവല്‍ നേതാവാണ് ത്രിപാഠിയെന്ന് മമത വിളിച്ചുപറഞ്ഞു. ബി ജെ പി നേതാവായ രാഹുല്‍ സിന്‍ഹ അതേ ഗവര്‍ണറെ 'മോഡി വാഹിനി'യുടെ അര്‍പ്പണ ബോധമുള്ള സൈനികനെന്ന് വിളിച്ചു. വര്‍ഗീയ ലഹളക്ക് രാഷ്ട്രീയ നിറം കൈവന്നു. മുഖ്യമന്ത്രി ബാനര്‍ജി മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നതായി ബി ജെ പി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനായി ബി ജെ പി വര്‍ഗീയ വികാരം ഇളക്കിവിടുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.
ഒരാഴ്ചക്കുള്ളില്‍ തന്നെ സ്ഥിതിഗതികള്‍ ശാന്തമായെങ്കിലും രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഈ കലാപത്തോടെ, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ബംഗാളിലെ അവസ്ഥ സങ്കീര്‍ണമാണ്. 'വികാരം വ്രണപ്പെടുത്തിയതിന്' ഒരു വിഭാഗം മുസ്‌ലിം നേതൃത്വം ആവര്‍ത്തിച്ച് അക്രമണത്തിലേര്‍പ്പെടുന്നു. കുറച്ചു നാള്‍ മുമ്പ് കമലേഷ് തിവാരി എന്നയാള്‍ പ്രവാചകനെ ആക്ഷേപിച്ച് എന്തോ പോസ്റ്റു ചെയ്തപ്പോള്‍ മുസ്‌ലിംകള്‍ കരിയാചക്കില്‍ ആക്രമണം നടത്തിയിരുന്നു.
ഒരു വിഭാഗം മുസ്‌ലിം നേതൃത്വത്തിന്റെ ശിക്ഷിക്കപ്പെടുകയില്ലെന്ന തോന്നല്‍ ഹിന്ദുത്വശക്തികള്‍ക്ക് സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ വലിയ അവസരം നല്‍കും. 'വിശുദ്ധ പശു', 'രാമക്ഷേത്രം' എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാതെ തന്നെ, വഴിതെറ്റിയ ചില മുസ്‌ലിം നേതാക്കളുടെ പ്രവൃത്തികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹിന്ദുത്വ ശക്തികള്‍ക്ക് ബംഗാളില്‍ വളരാനവസരമൊരുക്കും. മുമ്പ് കലിയാചക്കിലും ഇപ്പോള്‍ ബസീറത്തിലും ഉണ്ടായ അക്രമങ്ങള്‍ എടുത്തുകാണിച്ച് ബംഗാളില്‍ ഹിന്ദുക്കള്‍ അരക്ഷിതരാണെന്നും ബംഗാള്‍ ഇസ്‌ലാമിക വല്‍ക്കരണത്തിന്റെ പിടിയിലാണെന്നുമൊക്കെയുള്ള പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമമുണ്ട്. കലിയാചക്കില്‍ ആരും കൊല്ലപ്പെട്ടില്ലെങ്കിലും, സ്വത്ത് നശിപ്പിക്കപ്പെട്ടു. 'ഹിന്ദുക്കള്‍ ഇരയാവുന്നു' എന്നതിനെ ചുറ്റിപ്പറ്റിയാണ് ബി ജെ പി, ആര്‍ എസ് എസ് പ്രചരണങ്ങളത്രയും.
വേണ്ടത്ര സമയമുണ്ടായിട്ടും തക്ക സമയത്തുതന്നെ അക്രമം നിയന്ത്രിക്കാന്‍ തുനിയാതിരുന്ന സര്‍ക്കാറിന്റെ പക്ഷത്തും പോരായ്മയുണ്ട്. അക്രമസംഭവങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ക്രമസമാധാനവകുപ്പിന്റെ ചുമതലയാണ്.
കാര്യക്ഷമതയുള്ള വകുപ്പിന് ഒട്ടുമിക്ക കലാപങ്ങളും പക്ഷഭേദമന്യേ അമര്‍ച്ച ചെയ്യാന്‍ കഴിയുമെന്നതാണ് വസ്തുത. ഇവിടെ സര്‍ക്കാര്‍ കൃത്യസമയത്ത് നടപടികളെടുക്കേണ്ടിയിരുന്നു. മമതയുടെ പേരില്‍ ആരോപിക്കപ്പെടുന്ന മുസ്‌ലിം പ്രീണനം ബംഗാളിലെ മുസ്‌ലിംകളുടെ സാമ്പത്തിക കാര്യത്തില്‍ ഒട്ടും ശരിയല്ല. ബംഗാളിലെ മുസ്‌ലിംകളുടെ സാമ്പത്തികാവസ്ഥ ഇന്ത്യയിലെ തന്നെ ഏറ്റവും മോശപ്പെട്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തുന്നത് മറ്റു പല സംസ്ഥാനങ്ങളും വകയിരുത്തുന്നതിനെ അപേക്ഷിച്ച് വളരെ കുറവാണ്. അതേ സമയം ബി ജെ പിയുടെ വക വര്‍ഗീയ ധ്രുവീകരണം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. സാധാരണയായി രാം നവമി ആഘോഷിക്കാറില്ലാത്ത സംസ്ഥാനത്ത് ഇക്കൊല്ലം വാളുകള്‍ കൈയിലേന്തി പേടിപ്പെടുത്തും വിധം രാംനവമി ഘോഷയാത്ര നടന്നു. പ്രധാനമായും ദുര്‍ഗാദേവിയെ പൂജിച്ചിരുന്ന സംസ്ഥാനത്ത് ഇത്തവണ ഗണേശോത്സവവും കാര്യമായി ആഘോഷിക്കപ്പെട്ടു.
വര്‍ഗീയ ലഹളയെക്കുറിച്ചു നടന്ന പോള്‍ ബ്രാസ് ഉള്‍പ്പെടെയുള്ള പല പണ്ഡിതരുടെയും പഠനങ്ങള്‍ പറയുന്നത് അക്രമികളെ പിടികൂടി ശിക്ഷിക്കാത്തതും നീതി നടപ്പാക്കാത്തതുമാണ് പല വര്‍ഗീയ ലഹളകളുടെയും പിന്നിലുള്ള കാരണമെന്നാണ്. യാലെ യൂണിവേഴ്‌സിറ്റി നടത്തിയ മറ്റൊരു പ്രധാന പഠനം പറയുന്നത് കലാപ ബാധിത പ്രദേശത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കാണ് എപ്പോഴും നേട്ടമുണ്ടായിട്ടുള്ളത് എന്നാണ്. മുസ്‌ലിം മതമൗലിക വാദികളെ പ്രീണിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുക: അക്രമത്തില്‍ ഏര്‍പ്പെടുന്ന സമുദായമേതായാലും ഭരണഘടനാപരമായി നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കലാണ് ഭരണ നിര്‍വഹണത്തിന്റെ കാതല്‍.
ബസീര്‍ഹട്ടിലെ കലാപത്തെ ഇങ്ങനെ സംഗ്രഹിക്കാം.
1. ഫേസ് ബുക്കിലെ അപകീര്‍ത്തികരമായ പോസ്റ്റ്.
2. മുസ്‌ലിം വര്‍ഗീയവാദികള്‍ നടത്തിയ അക്രമണം.
3. അക്രമണത്തെ തടയുന്നതില്‍ സംസ്ഥാന ഭരണകൂടത്തിന്റെ പരാജയം
4. മുസ്‌ലിംകള്‍ ഹിന്ദുക്കളെ അക്രമിക്കുന്നതായി കാണിക്കുന്ന ഫേക്ക് വീഡിയോകള്‍ ബി ജെ പി പ്രചരിപ്പിച്ചത്. ബസീര്‍ ഹട്ടില്‍ നടന്നതായി ബി ജെ പി പ്രചരിപ്പിച്ച വീഡിയോകള്‍ യഥാര്‍ഥത്തില്‍ ബോജ്പുരി സിനിമയില്‍ ഹിന്ദു സ്ത്രീ ബലാല്‍ക്കാരം ചെയ്യപ്പെടുന്ന രംഗമായിരുന്നു. ഇതെല്ലാം ബസീര്‍ ഹട്ടില്‍ നടന്നതായിട്ടാണ് ബി ജെ പി പ്രചരണം. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയും ഹിന്ദു സ്ത്രീ കലാപ പ്രദേശത്ത് ബലാല്‍സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുകയുണ്ടായി. ഒടുവില്‍ ബംഗാളില്‍ ഇരകള്‍ ഹിന്ദുക്കളാണെന്നും കൊട്ടിഘോഷിക്കപ്പെടുകയുണ്ടായി. ഇതുവരെ വര്‍ഗീയ ലഹള കുറവായിരുന്ന സംസ്ഥാനത്ത് വര്‍ത്തമാനകാല സംഭവങ്ങള്‍ വര്‍ഗീയ ധ്രുവീകണത്തിന് കാരണമാവില്ലെന്നാണ് എന്റെ പ്രതീക്ഷ.
രാംപുനിയാനി
വിവ.
സിദ്ദീഖ് സി സൈനുദ്ദീന്‍
ശബാബ് വാരിക,
2017 ജൂലൈ 28
0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:
Post a Comment