'ഇസ്‌ലാമിക ശരീഅത്തും ജ്ഞാനപരമായ പുനരാഖ്യാനങ്ങളും' എന്ന ശീര്‍ഷകത്തില്‍ എം എസ് ഷൈജു അവതരിപ്പിച്ച 'വീക്ഷണങ്ങള്‍' (ശബാബ് 2017 ജൂലൈ 14) ചിന്താര്‍ഹവും അതേസമയം വിശദീകരണം ആവശ്യപ്പെടുന്നതുമാണ്. സാമാന്യം ദീര്‍ഘമായ ലേഖനത്തില്‍ ലേഖകന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് 'ശരീഅത്തിന്റെ അന്തസ്സാരങ്ങള്‍ക്കും ലക്ഷ്യബോധങ്ങള്‍ക്കും പരിക്കുപറ്റാതെ ബാഹ്യരൂപങ്ങള്‍ക്ക് പരിഷ്‌കരണം വരുത്താന്‍ കാലാകാലങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ചുമതല നല്‍കപ്പെട്ടിട്ടുണ്ട്' എന്നാണ്. ഇതിലടങ്ങിയ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നതോടൊപ്പം തന്നെ ഈ സാമാന്യോക്തി തെറ്റിദ്ധാരണകള്‍ക്കിടം നല്‍കുമെന്ന് ഉണര്‍ത്തുകയാണ്. ഓരോ സംഗതിയും ഉദാഹരണസഹിതം വിശദീകരിക്കുകയും എവിടെയൊക്കെ, ഏതൊക്കെ, എത്രത്തോളമാവണമെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടിയിരുന്നു. പ്രത്യേകിച്ചും ശരീഅത്ത് പൊതുചര്‍ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍.
ആദ്യമനുഷ്യന്‍ മുതല്‍ അന്തിമ മനുഷ്യന്‍ അവസാനിക്കുന്നേടത്തോളം കാലം നിലനില്‌ക്കേണ്ട ദൈവിക നിയമങ്ങളാണ് ശരീഅത്ത് എന്നത് ലേഖകന്‍ നിഷേധിക്കുന്നില്ല. കാലാതിവര്‍ത്തിയായ ശരീഅത്തിനെ കാലത്തിനൊത്ത് പ്രായോഗികമാക്കണമെന്ന സന്ദേശമാണ് ലേഖനത്തിന്റെ അന്തസ്സാരം. പക്ഷേ, നീണ്ടുപരന്നുകിടക്കുന്ന മഹാവാക്യങ്ങള്‍ ചിലപ്പോള്‍ ദുരൂഹവും ദുര്‍ഗ്രഹവുമാണെന്ന് പറയാതെ വയ്യ. അല്ലാഹുവിന്റെ നിയമമാണ് ശരീഅത്ത് എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ആയതിനാല്‍ അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും പറയാം. അതേസമയം കാലത്തിനൊപ്പം സജീവമായി നിലകൊള്ളുന്ന സമൂഹമായിത്തീരാന്‍ ഇസ്‌ലാമിക ശരീഅത്ത് തടസ്സമായിട്ടുമില്ല. എല്ലാ പ്രവാചകന്മാര്‍ക്കും 'ശിര്‍അത്തും മിന്‍ഹാജും നല്‍കിയിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ (52:13) പറഞ്ഞത് മതതത്വങ്ങളും ധാര്‍മിക മൂല്യങ്ങളും അവയുടെ അടിസ്ഥാനമായ വിശ്വാസസംഹിതകളുമാണ്. എന്നാല്‍ ഇന്ന് 'ശരീഅത്ത് നിയമങ്ങള്‍' പരിഷ്‌ക്കരിക്കണമെന്നും പാടില്ലെന്നും ചര്‍ച്ച ചെയ്യപ്പെടുന്നത് ഇതല്ല. 'ഇന്ത്യന്‍ ശരീഅത്ത് നിയമങ്ങള്‍' എന്നു വ്യവഹരിക്കപ്പെടുന്നത് മറ്റൊരു ഭാഗമാണ്. ഇവ എല്ലാം കൂടി സാമാന്യവത്കരിച്ച് 'പുനരാഖ്യാനം' നടത്തുമ്പോള്‍ ദുര്‍ഗ്രഹമായിപ്പോകുന്നു എന്നതാണ് ലേഖനത്തിന്റെ ഡീമെറിറ്റ്.
വിശ്വാസ കാര്യങ്ങള്‍ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ല തന്നെ. വിശ്വാസികള്‍ ജീവിത വിശുദ്ധിക്കുവേണ്ടിയും സ്രഷ്ടാവിനോടുള്ള നന്ദി സൂചകമായിട്ടും അതിലുപരി ആത്യന്തിക മോക്ഷത്തിനുമായി നിര്‍വഹിക്കാന്‍ നിഷ്‌കര്‍ഷിക്കപ്പെട്ട അനുഷ്ഠാനങ്ങളും കാലത്തിനൊത്ത് പുനര്‍വായിക്കപ്പെടേണ്ടതല്ല. എന്നിരുന്നാലും ജീവിക്കുന്ന ലോകത്തിന്റെ സാഹചര്യങ്ങള്‍ അവയില്‍ പ്രതിഫലിക്കുമെന്നത് തീര്‍ച്ചയാണ്. ഉദാഹരണത്തിന് സകാത്തിന്റെ കാര്യമെടുക്കാം. നബി(സ) വിശുദ്ധ ഖുര്‍ആനിന്റെ പ്രായോഗികതയായി സകാത്ത് നിര്‍വഹണം പഠിപ്പിച്ചിട്ടുണ്ട്. സമ്പത്തിന്റെ ഇനങ്ങള്‍, സകാത്ത് നിര്‍ബന്ധമാകുന്ന മിനിമം സമ്പത്ത്, കൊടുക്കേണ്ട തോത്, നിര്‍വഹിക്കേണ്ട രീതി, ലഭിക്കേണ്ട അര്‍ഹര്‍ ഇതിലൊന്നും കാലിക മാറ്റം ആവശ്യമില്ല. എന്നാല്‍ നബി(സ) യുടെ കാലത്തെ സമ്പദ് ഘടന തികച്ചും മാറിയ ഒരു കാലമാണിത് എന്നതില്‍ സംശയമില്ല. മേല്‍ പറഞ്ഞ അന്തസാരങ്ങള്‍ക്ക് മാറ്റമില്ലാതെ അവ ഇന്നത്തെ സമ്പദ്ഘടനയിലേക്ക് 'അപ്ലൈ' ചെയ്യാന്‍ ഒരു പ്രയാസവുമില്ല; വിലക്കുമില്ല. ഇത്തരം സംഗതികളാണ് ശരീഅത്തിന്റെ പുനരാഖ്യാനമെങ്കില്‍ അത് എന്നോ നടന്നുകഴിഞ്ഞിരുന്നു. ഇന്നും നടക്കുന്നു. ഇനിയും നടക്കും. മനിസ്തത്വാഅഇലൈഹി സബീലാ എന്ന് ഹജ്ജ് നിര്‍ബന്ധമാകാന്‍ ഖുര്‍ആന്‍ പറഞ്ഞ നിബന്ധന സത്യവും സ്ഥായിയുമാണ്. എന്നാല്‍ നബിയുടെ കാലത്തില്ലാത്ത രാജ്യാതിര്‍ത്തികളും ക്വാട്ടകളും സര്‍ക്കാര്‍ അനുമതികളുമെല്ലാം 'സബീല്‍' എന്നതിന്റെ സാരാംശത്തില്‍ വന്നുചേരുന്നു. ഇതാണ് പുനരാഖ്യാനമെങ്കില്‍ അതിന് ശരീഅത്തോ വിശ്വാസികളോ എതിരല്ല. കാരണം വിശുദ്ധഖുര്‍ആന്‍ അവതരണ കാലത്തില്ലാത്ത പുതിയ പ്രശ്‌നങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞു നില്ക്കാനല്ല മുസ്‌ലിംകള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. മറിച്ച്, പ്രശ്‌നങ്ങളെ ഗവേഷണാത്മകമായി സമീപിക്കാനാണ്. ആ സമീപനമാണ് ഖിയാസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങളായിത്തന്നെ മുസ്‌ലിം ലോകം അംഗീകരിക്കുന്നത്. പക്ഷേ, ഇതെല്ലാം പഠിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നിടത്ത് വീഴ്ചകളും പോരായ്മകളും പറ്റിയിട്ടുണ്ട് എന്നത് നേരാണ്.
വിശ്വാസവും അനുഷ്ഠാനവും കഴിഞ്ഞാല്‍ സ്വഭാവ മര്യാദകളും സാംസ്‌കാരിക മൂല്യങ്ങളുമാണ് ഇസ്‌ലാമിക ശരീഅത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. കാലത്തിനൊത്ത് മാറാത്തവയാണ് സാംസ്‌കാരിക മൂല്യങ്ങളെന്ന് പറയാതെ വയ്യ. സത്യം, ധര്‍മം, ദയ, സ്‌നേഹാദരങ്ങള്‍, മാതാപിതാപുത്ര ബന്ധങ്ങളുടെ പവിത്രത തുടങ്ങിയ ഇസ്‌ലാമിക മൂല്യങ്ങള്‍ മാനവികതയ്ക്കനുസൃതമാണെന്നു മാത്രമല്ല, മതാന്തര യോജിപ്പുള്ള കാര്യവും കൂടിയാണിവ. മാതാപിതാ നിന്ദ, ചൂഷണം, കൊള്ള, കൊലപാതകം തുടങ്ങിയവ പാപങ്ങളും മാനവിക വിരുദ്ധവുമായി കാണുന്ന സമീപനം കാലാതിവര്‍ത്തിയും മതങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായമുള്ളവയുമാണ്. സാമൂഹിക ബന്ധങ്ങളിലെ മറ്റൊരു പ്രധാന ഘടകമാണ് ക്രയവിക്രയങ്ങളും ഇടപാടുകളിലെ സുതാര്യതയും ചൂഷണമുക്തമായ സാമ്പത്തിക ക്രമങ്ങളും. ഇവയിലൊന്നും കാലപ്പകര്‍ച്ചയ്ക്കനുസരിച്ച് പരിവര്‍ത്തനങ്ങള്‍ ആവശ്യമില്ല.
സമൂഹ ക്രമത്തിന്റെ ഉന്നതവും വിശാലവുമായ ഇടമാണല്ലോ ഭരണം. ഒരു രാജ്യത്തിന്റെ ഭരണക്രമം ശരീഅത്തിനനുസൃതമായിത്തീരുന്നതില്‍ മറ്റൊരു രാജ്യത്തിനോ ലോകക്രമത്തിനോ പ്രയാസമില്ല. രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ പൂര്‍ണനീതി നടപ്പാക്കുന്ന പ്രജാക്ഷേമ തത്പരതയാണ് ഇസ്‌ലാം ഭരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടിയാലോചന (ശൂറാ) യാണതിന്റെ ആണിക്കല്ല്. സമൂഹദ്രോഹ പരമായ ചെയ്തികള്‍ പൗരന്മാര്‍ക്കിടയിലുണ്ടായാല്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടും. ഇസ്‌ലാം നിശ്ചയിച്ച ശിക്ഷാ സമ്പ്രദായങ്ങള്‍ ചിലപ്പോള്‍ വിമര്‍ശിക്കപ്പെടാറുമുണ്ട്. അത് കഥയറിയാതെ ആട്ടം കാണുന്നതുകൊണ്ടാണ്. പ്രതിക്രിയ എന്ന ഘാതകവധം, ഹദ്ദ് എന്നറിയപ്പെടുന്ന ഏതാനും നിര്‍ണിത ശിക്ഷകള്‍ എന്നിവക്ക് മാറ്റമില്ല. ബാക്കി കുറ്റങ്ങളും ശിക്ഷകളും കാലത്തിനനുസരിച്ച് വിശദീകരിക്കാന്‍ ഭരണാധികാരികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതാണ് തഅ്‌സീര്‍ എന്നറിയപ്പെടുന്നത്. മാത്രമല്ല, നിര്‍ണിത ശിക്ഷയായ ഹദ്ദ് പോലും ഖലീഫ ഉമര്‍(റ) സാഹചര്യം പരിഗണിച്ച് ഇളവു നല്കിയതായി കാണാം. വിശദപഠനം ആവശ്യമായ ഒരു രംഗമാണിതെങ്കിലും ശരീഅത്ത് പുനരാഖ്യാനം വേണമെന്നുപറയാന്‍ ഇതൊരു ന്യായമല്ല. കാരണം ഭരണാധികാരികള്‍ ഈ നിയമനിര്‍മാണത്തില്‍ സ്വതന്ത്രരാണ്.
സമൂഹത്തിന്റെ ചെറിയ ഏകകമായ കുടുംബം സംവിധാനിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇസ്‌ലാമിക ശരീഅത്ത് കാഴ്ച വച്ചതിനേക്കാള്‍ ഉത്തമമായതൊന്ന് ഇതുവരെ ആരും ആവിഷ്‌കരിച്ചിട്ടില്ല എന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ കാലാതിവര്‍ത്തിത്വം വിളിച്ചോതുന്നു. വിവാഹമാണതിന്റെ അടിത്തറ. ഒരിണയെ തെരഞ്ഞെടുക്കുന്നു ആജീവനാന്തം. അതിലൂടെ ഉരുവം കൊള്ളുന്ന കുടുംബമെന്ന സ്ഥാപനവും അതിലെ പവിത്രമായ ബന്ധങ്ങളും മാനവികതയ്ക്ക് മാറ്റുകൂട്ടുന്നു. മാനുഷികമായ അനിവാര്യതകള്‍ വരുന്നിടത്ത് കര്‍ശനമായ നിബന്ധനകള്‍ക്കു വിധേയമായി പുരുഷന് ഒരേ സമയം ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കാന്‍ അനുവാദം നല്കിയിട്ടുണ്ട്. ഇത് സാമാന്യവത്കരിക്കാവുന്ന പൊതു നിയമമമല്ല. അതുപോലെത്തന്നെ മാനുഷികവും ന്യായവുമായ കാരണത്താല്‍ ഇണകള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം നേരിട്ടാല്‍ ഇരു കുടുംബങ്ങളുടെയും വിശദമായ വിലയിരുത്തലുകള്‍ക്കു ശേഷം മറ്റു പോംവഴികളില്ലെങ്കില്‍ ബന്ധവിഛേദത്തിനും ഇസ്‌ലാം അനുവദിക്കുന്നു. ഇത് ആണിനും പെണ്ണിനും അനുവദിക്കപ്പെട്ടിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ മറ്റേതു കാര്യത്തിലുമെന്ന പോലെ ഈ അനുവാദങ്ങള്‍ ദുരുപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്; ഇസ്‌ലാം വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, കൂടുതല്‍ മെച്ചപ്പെട്ട ഒരു നിയമം ആരും അവതരിപ്പിച്ചിട്ടില്ല എന്നിരിക്കെ ഇവിടെയും പരിഷ്‌ക്കരണത്തിന്റെ ആവശ്യം വരുന്നില്ല. ഉള്ള നിയമം കൃത്യമായി നടപ്പിലാക്കുന്നതിന് ബോധവത്കരണവും നിയമ നിഷ്‌കൃഷ്ടതയും ആണ് വേണ്ടത്. ഭൗതിക നിയമങ്ങള്‍ക്കു പോലും ഇത് ബാധകമാണ്. വൈവാഹിക രംഗത്ത് ഇസ്‌ലാമിക ശരീഅത്ത് മാറ്റേണ്ടതില്ല എന്നുപറഞ്ഞാല്‍ ഒന്നിലേറെ വിവാഹം കഴിക്കാന്‍ അവസരം വേണമെന്നോ യഥേഷ്ടം ത്വലാഖ് നടത്താന്‍ സ്വാതന്ത്ര്യം വേണമെന്നോ ആണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചുപോയിട്ടുണ്ട്. പുറത്തുള്ളവരും ചിലപ്പോള്‍ അകത്തുള്ളവരും.
കുടുംബ നേതൃത്വവും സംരക്ഷണ ബാധ്യതയും പുരുഷനും കുടുംബ കൈകാര്യത്തില്‍ പരിപൂര്‍ണ സ്വാതന്ത്ര്യം സ്ത്രീക്കും ആണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ഇത് പുരുഷാധിപത്യവും സ്ത്രീപീഡനാനുവാദവും ലിംഗവിവേചനവുമായി ചിത്രീകരിക്കുന്നവരാരും ബദല്‍ സംവിധാനം മുന്നോട്ടു വച്ചിട്ടില്ല. കുടുംബ നേതൃത്വം സ്ത്രീക്കു കൊടുത്തു എന്നുവെച്ചാല്‍ പരിഹാരമല്ല ലിംഗ വിവേചനത്തിന്റെ മറ്റൊരു മുഖമല്ലേ ആവൂ എന്നാരും ആലോചിക്കുന്നില്ല. ഇവിടെയും ശരീഅത്തിന്റെ പുനര്‍വായന ഏതൊരളവിലാണ് ആവശ്യമായി വരുന്നതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. പുതുക്കിയ റേഷന്‍ കാര്‍ഡ് ഗൃഹനാഥയുടെ പേരിലാണല്ലോ ഇറക്കിയത്. ഇതുകൊണ്ട് സാമൂഹ്യരംഗത്ത് എന്തെങ്കിലും പരിവര്‍ത്തനത്തിന് വിദൂര സാധ്യതയെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആണിനെയും പെണ്ണിനെയും പടച്ചവന്റെ നിയമം മാത്രമേ കാലാതിവര്‍ത്തിയായി നിലനില്ക്കൂ.
സമൂഹത്തിന്റെ ഇരു പാതികളായ സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ഇടപഴകലിന് ഇസ്‌ലാം നിയന്ത്രണം വെച്ചിട്ടുണ്ട്. ഇതാണ് ശരീഅത്തിന്റെ 'പിന്തിരിപ്പന്‍ നിലപാടുകളി'ലൊന്നായി ആക്ഷേപിക്കപ്പെടുന്നത്. യഥാര്‍ഥത്തില്‍ അനിയന്ത്രിത സ്ത്രീപുരുഷ സംസര്‍ഗമല്ലേ പൗരാണിക - ജാഹിലിയ്യ സമൂഹങ്ങള്‍ മുതല്‍ ഉത്തരാധുനിക- പാശ്ചാത്യന്‍ സമൂഹങ്ങള്‍ വരെ അനുഭവിക്കുന്ന സാമൂഹിക ജീര്‍ണതകളിലൊന്ന്? ഇസ്‌ലാം നിഷ്‌കര്‍ഷിച്ച നിയന്ത്രണങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്ക് ഒരു നിലയിലും പ്രതികൂലമായി ബാധിച്ചിട്ടില്ല.
അന്യ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ മാന്യമായേ സംസര്‍ഗത്തിനവകാശമുള്ളൂ എന്നും ലൈംഗിക സദാചാരം കണിശമായി പാലിക്കപ്പെടണമെന്നും മാത്രമേ ശരീഅത്ത് നിഷ്‌കര്‍ഷിച്ചിട്ടുള്ളൂ. ഉപരിസൂചിത ലേഖനത്തില്‍ ആശങ്കപ്പെടുന്നതുപോലെ 'ഭിന്ന ലിംഗക്കാരും ഭിന്ന ശേഷിക്കാരും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നുവരികയും അവരുടെ അസ്തിത്വപരമായ നിലനില്പിന് കരുത്തു നല്കപ്പെടുകയും' ചെയ്യുന്നത് ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണെങ്കിലല്ലേ 'ശരീഅത്തിന് പരിക്കേല്ക്കുകയുള്ളൂ'! വസ്തുതകള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് വേണ്ടത്. സുതാര്യമായ ഇസ്‌ലാമിക ശരീഅത്തിന്റെ പേരില്‍ പൗരോഹിത്യം തീര്‍ത്ത ചങ്ങലക്കെട്ടുകള്‍, പ്രമാണത്തിലൂന്നി നിന്നുകൊണ്ട് മാറ്റിയെടുക്കുകയാണ് വേണ്ടത്. മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ ദൗത്യവും ഇതായിരുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ മതനിരപേക്ഷ സമൂഹങ്ങളിലെ സാമൂഹിക നിലപാടുകളുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക ലോകത്ത് നടക്കുന്ന 'ന്യൂനപക്ഷ കര്‍മശാസ്ത്ര' ചര്‍ച്ച തന്നെ ഇസ്‌ലാമിക ശരീഅത്തിന്റെ 'കാലിക വായന'ക്ക് നിദര്‍ശനമാണല്ലോ. ഇന്ത്യന്‍ ശരീഅത്ത് നിയമങ്ങളില്‍ മാറ്റങ്ങള്‍ പാടില്ലെന്നു ശഠിക്കുന്നത് ഓപ്പറേഷന്‍ നടത്തുന്ന കൈകള്‍ ശുദ്ധമല്ല എന്ന യാഥാര്‍ഥ്യം മുന്നില്‍ വെച്ചുകൊണ്ടാണ്. ശരീഅത്തിന്റെ പുനരാഖ്യാനം അതിനുള്ള പരിഹാരവുമാകുന്നില്ല. ചുരുക്കത്തില്‍ നിയമങ്ങള്‍ക്കല്ല തകരാറ്, നടപ്പിലാക്കുന്നതിലാണ്.
സി അബ്ദുല്‍ജബ്ബാര്‍
ശബാബ് വാരിക,
2017 ജൂലൈ 28
0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:
Post a Comment