Saturday, July 23, 2016

മുജാഹിദ് പ്രസ്ഥാനം തീവ്രവാദത്തിന് വഴിമരുന്നിട്ടുവോ?



കേരളത്തിലെ ചില ചെറുപ്പക്കാരെ കാണാതായതും അവര്‍ ഭീകര സംഘടനയായ ഐ എസില്‍ ചേര്‍ന്നു എന്ന പ്രചാരണവും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഐ എസിന് സലഫി സംഘടനകളുമായി ബന്ധമുണ്ടെന്നും സലഫി /വഹാബി ഭിന്നതയാണ് ചെറുപ്പക്കാരെ ഐ എസ്സില്‍ ചേരാന്‍ പ്രേരണ നല്‍കുന്നതെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഇത്തരം വിഷയങ്ങളിലെ വസ്തുത എന്ത്? കേരളത്തിലെ മുജാഹിദുകളുടെ തീവ്രവാദത്തോടുള്ള നിലപാട് എന്ത്? മുജാഹിദ് സംഘടനയിലുണ്ടായ ഭിന്നത തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ടോ? സലഫിസവും മുജാഹിദുകളും തമ്മിലുള്ള ബന്ധമെന്ത്? ഇത്യാദി കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്. ലോകത്തിലെ മുസ്‌ലിംകള്‍ പൊതുവില്‍ സുന്നികള്‍, ശീഅകള്‍ എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടാണ് അറിയപ്പെടുന്നത്. നാലാം ഖലീഫ അലി(റ)യുടെ പേരില്‍ തത്പര കക്ഷികള്‍ ഉണ്ടാക്കിയ കക്ഷിയാണ് ശീഅകള്‍. അലി(റ)യുടെ മരണശേഷമാണ് ഇറാഖ് (കൂഫ) കേന്ദ്രീകരിച്ച് ഈ വിഭാഗം ശക്തിപ്പെട്ടത്.

അന്ത്യ പ്രവാചകന്റെ നിയോഗം പോലും ചോദ്യം ചെയ്യുന്നവര്‍ ഈ വിഭാഗത്തിലുണ്ട്. അലി(റ) ആണ് അതിന് അര്‍ഹന്‍ എന്ന് അവര്‍ വിശ്വസിക്കുന്നു. ആദ്യത്തെ മൂന്ന് ഖലീഫമാരെയും തള്ളിക്കളയുന്നവരും അവരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ ശാപപ്രാര്‍ഥന നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആദ്യ കാലഘട്ടത്തില്‍ ഉടലെടുത്ത പിഴച്ച കക്ഷികള്‍ വേറെയും ഉണ്ട്. ഇവരുടെയൊന്നും നിലപാടുകള്‍ ശരിയല്ലെന്നും പ്രവാചകനും അവിടത്തെ അടുത്ത അനുചരന്മാരും ഏതൊരു നിലപാടാണോ മത കാര്യങ്ങളില്‍ സ്വീകരിച്ചത് അതാണ് ശരിയെന്നുമാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ നിലപാട്. ഈ നിലപാട് പിന്‍പറ്റുന്നവരെയാണ് പൊതുവില്‍ സുന്നികള്‍ എന്ന് പറയുന്നത്. ഇത് ഒരു പ്രത്യേക സംഘടനയോ വിഭാഗമോ അല്ല. ഇസ്‌ലാമിനെ പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കണമെന്ന നിലപാടാണത്. ഈ സുന്നി വിഭാഗത്തില്‍ തന്നെ വിവിധ കക്ഷികളും മദ്ഹബുകളും ത്വരീഖത്തുകളും പിന്നീട് ഉടലെടുക്കുകയുണ്ടായി.

ഖുര്‍ആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ മുന്‍ഗാമികളുടെ (സലഫ്) മാര്‍ഗമാണ് അവലംബിക്കേണ്ടത്. ഈ മാര്‍ഗത്തിനാണ് മന്‍ഹജുസ്സലഫ് എന്ന് പറയുന്നത്. ഇത് ഒരു മദ്ഹബോ സംഘടനയോ അല്ല. മതപ്രമാണങ്ങള്‍ സ്വീകരിക്കുന്നതിന്റെ രീതിശാസ്ത്രമാണ്. ഒരു വ്യക്തിയെയോ സംഘടനയെയോ സൂചിപ്പിക്കുന്ന പേരല്ല സലഫ് എന്നത്. മദ്ഹബ് പക്ഷപാതിത്വമില്ലാതെ ഖുര്‍ആനും സുന്നത്തും സ്വീകരിക്കുന്ന നിലപാടാണത്. ലോകാടിസ്ഥാനത്തില്‍ ഒരു സലഫി സംഘടനയില്ല. ഗള്‍ഫ് നാടുകളില്‍ പോലും സലഫി എന്ന പേര് സൂചിപ്പിക്കുന്ന സംഘടനകള്‍ ഇല്ല. എന്നാല്‍ നിരവധി പണ്ഡിതന്മാര്‍ മതത്തിന്റെ ആശയാദര്‍ശ ആചാരാനുഷ്ഠാനങ്ങളില്‍ 'സലഫ്'ന്റെ മാര്‍ഗം സ്വീകരിച്ച് വരുന്നുണ്ട്. ഇത് അക്ഷരങ്ങളിലല്ല ആദര്‍ശതലത്തിലാണ് സ്വീകരിക്കേണ്ടത്. നബിയുടെ സ്വഹാബികളെയാണ് സലഫ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

സലഫുകളുടെ പാത പിന്‍പറ്റിയ പ്രഗത്ഭരായ നിരവധി പണ്ഡിതന്മാര്‍ പില്‍ക്കാലത്ത് രംഗത്തുവന്നിട്ടുണ്ട്. ഇബ്‌നുതൈമിയ, ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ് തുടങ്ങിയവര്‍ ആ കൂട്ടത്തില്‍പെടുന്നു. എന്നാല്‍ ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിച്ച ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിദാ തുടങ്ങിയവര്‍ 'സലഫ്'ന്റെ മാര്‍ഗത്തെ ആധുനികമായ കോണിലൂടെ വീക്ഷിച്ചവരാണ്. വിശ്വാസപരമായ കാര്യങ്ങളില്‍ പൊതുവില്‍ എല്ലാ കാലത്തെയും സലഫുകള്‍ ഏകാഭിപ്രായക്കാരായിരുന്നു.

മുജാഹിദ് പ്രസ്ഥാനം

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ത്യയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ രൂപീകൃതമായ ഏതെങ്കിലും സലഫി സംഘടനകളുടെയോ ആശയങ്ങളുടെയോ ഘടകമോ പിന്തുടര്‍ച്ചക്കാരോ അല്ല. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിശ്വാസപരമായ വീക്ഷണങ്ങളില്‍ സമാനതയുള്ള പല സംഘടനകളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഈ സമാനതകളെപ്പോലെ തന്നെ വൈരുധ്യങ്ങളും വ്യത്യസ്തതകളും അവര്‍ തമ്മിലുണ്ട്. ഇന്ത്യയിലെ ജംഇയ്യത്തെ അഹ്‌ലെ ഹദീസ് രൂപീകൃതമാവുന്നത് 1906-ലാണ്. എന്നാല്‍ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്ന് സംഘടിത രൂപം വരുന്നത് 1922-ലാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് കേരള മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചപ്പോള്‍ അഹ്‌ലേ ഹദീസുമായി എന്തെങ്കിലും ബന്ധമുള്ളതായി യാതൊരു സൂചനയും ആരും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ്സിനോട് അനുഭാവം പുലര്‍ത്തിയിരുന്ന മജ്‌ലിസുല്‍ ഉലമയുമായിട്ടായിരുന്നു ചെറിയ തോതിലെങ്കിലും ബന്ധം ഉണ്ടായിരുന്നത്. മുസ്‌ലിംകളുടെ മതഭാഷയായ അറബിയിലോ ഇന്ത്യന്‍ മുസ്‌ലിംകളുടെ വ്യവഹാര ഭാഷയായി ഗണിക്കപ്പെട്ടു പോന്ന ഉര്‍ദുവിലോ അല്ല കേരളത്തിലെ നവോത്ഥാന സംഘടന പേര് സ്വീകരിച്ചത്. മലയാള ഭാഷയിലുള്ള പേരാണ് സ്വീകരിച്ചത്.

ഐക്യസംഘം വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ കൂടി ഇടപെടുകയും അത്തരം പ്രവര്‍ത്തനങ്ങളെ അജണ്ടയായി സ്വീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഐക്യസംഘത്തെ ഒരു നവോത്ഥാന പ്രസ്ഥാനം എന്ന നിലക്ക് വിലയിരുത്തുന്നത്. എന്നാല്‍ സലഫി സംഘടനകളോട് ബന്ധമുള്ളവര്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പൊതുവായി ഇടപെടുന്ന രീതി സ്വീകരിക്കാറില്ല. മുസ്‌ലിംകളുടെ വിദ്യാഭ്യാസം മാത്രമല്ല എല്ലാ വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിനും പുരോഗതിക്കും ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്.

ഐക്യസംഘം, നദ്‌വത്ത്

ഐക്യസംഘത്തിന്റെ നേതൃത്വത്തിലാണ് നവോത്ഥാന പണ്ഡിതസഭയും കേരളത്തിലെ പ്രഥമ പണ്ഡിത സംഘടനയുമായ കേരള ജംഇയ്യത്തുല്‍ ഉലമ (1924) രൂപീകൃതമായത്. പിന്നീട് ഐക്യസംഘം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുകയും ജം ഇയ്യത്തുല്‍ ഉലമ മതപരമായ കാര്യങ്ങളില്‍ ഇടപ്പെട്ട് സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അനാചാരങ്ങള്‍ക്ക് എതിരിലും അന്ധവിശ്വാസങ്ങള്‍ക്ക് എതിരിലും ഖുര്‍ആനും തിരുസുന്നത്തും അടിസ്ഥാനമാക്കി കെ ജെ യു നിരവധി പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഐക്യസംഘം തുടങ്ങിവെച്ച നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാക്കാനായി ചില പരിഷ്‌കര്‍ത്താക്കള്‍ 1950-ല്‍ കെ എന്‍ എമ്മിന് രൂപം നല്‍കി. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന പേരാണ് നല്‍കിയത്. ഇന്ന് അറിയപ്പെടുംവിധമുള്ള ജിഹാദി ലക്ഷ്യത്തോടെയായിരുന്നില്ല ഈ പേര് സ്വീകരിച്ചത്. ആ കാലഘട്ടത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ മാനസികമായ കരുത്തും ത്യാഗസന്നദ്ധതയും അനിവാര്യമായിരുന്നു. പിഴച്ച വിഭാഗമാണ് എന്ന് മുദ്രകുത്തിയാണ് യാഥാസ്ഥിതികര്‍ നവോത്ഥാന പ്രവര്‍ത്തകരെ നേരിട്ടത്. ഈ വെല്ലുവിളി നേരിടാനുള്ള കരുത്താര്‍ജിച്ച് സ്വയം ത്യാഗപരിശ്രമത്തിന് തയ്യാറായവര്‍ എന്ന നിലക്കാണ് മുജാഹിദ്, മുജാഹിദീന്‍ എന്ന പേര് സ്വീകരിച്ചത്. കെ എന്‍ എം രൂപീകരിക്കുന്നതിന് മുമ്പ് പ്രാദേശികമായി പല സ്ഥലങ്ങളിലും 'ജംഇയ്യത്തുല്‍ മുജാഹിദീന്‍' എന്ന പേരില്‍ സമാന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിച്ചപ്പോള്‍ തിരിച്ചറിവിന്ന് വേണ്ടി ജംഇയ്യത്ത് എന്നത് ഒഴിവാക്കി നദ്‌വത്ത് എന്ന് ചേര്‍ത്തു. രണ്ടിന്റെയും അര്‍ഥം സംഘം എന്ന് തന്നെയാണ്. വിശാലാര്‍ഥത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

1967-ല്‍ യുവജന സംഘടനയായ ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീനും (ഐ എസ് എം), 1972-ല്‍ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റും (എം എസ് എം) രൂപീകരിച്ചു. 1987-ല്‍ വനിതാ വിഭാഗം രൂപീകരിച്ചപ്പോള്‍ മുസ്‌ലിം ഗേള്‍സ് ആന്റ് വിമണ്‍സ് മൂവ്‌മെന്റ് (എം ജി എം) എന്നാണ് പേര് നല്‍കിയത്. ഇവിടെ മുജാഹിദ് എന്ന വിശേഷണമല്ല ചേര്‍ത്തത്. 1970-കള്‍ക്ക് മുമ്പ് പള്ളികള്‍ക്കോ മദ്‌റസകള്‍ക്കോ മുജാഹിദ് എന്ന പേര് സാര്‍വത്രികമായി നല്‍കിയിരുന്നില്ല. എഴുപതുകള്‍ക്ക് ശേഷമാണ് ആ പേര് കൂടുതലായി നല്കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഗള്‍ഫ് നാടുകളില്‍ ജോലി അന്വേഷിച്ച് പോയ മുജാഹിദ് പ്രവര്‍ത്തകര്‍ അവിടുത്തെ കൂട്ടായ്മകള്‍ക്ക് 'ഇസ്‌ലാഹി സെന്റര്‍' എന്ന പേര് നല്‍കിയത്. അവിടെയും സലഫി/മുജാഹിദ് മുതലായ പേരുകള്‍ ഉപയോഗിച്ചിട്ടില്ല.

ഗള്‍ഫ് സലഫിസം

എന്നാല്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ ഗള്‍ഫിലെ അറബി ശൈഖുമാരുമായി കൂടുതല്‍ അടുത്തപ്പോഴാണ് സലഫി എന്ന പ്രമേയം കേരളത്തിലേക്ക് കടന്നുവന്നത്. ക്രമേണ അത് മുജാഹിദിന്റെ പര്യായമായി അറിയപ്പെടാന്‍ തുടങ്ങി. എങ്കിലും സംസ്ഥാന തലത്തിലോ മറ്റോ സലഫി എന്ന പേരില്‍ ഒരു സംഘടനയും രൂപീകരിച്ചിട്ടില്ല. സംഘടനയ്ക്കു കീഴില്‍ ഒരു ജാമിയ തുടങ്ങിയപ്പോള്‍ ജാമിഅ നദ്‌വിയ്യ (എടവണ്ണ) എന്നാണ് പേര് നല്‍കിയത്. എന്നാല്‍ 1980-കള്‍ക്ക് ശേഷം സ്ഥാപിച്ച പുളിക്കലിലെ സ്ഥാപനത്തിന് ജാമിഅ സലഫിയ്യ എന്ന പേര് നല്‍കുകയും ചെയ്തു. കാരണം വ്യക്തമാണ്. അറബി ശൈഖുമാരിലെ സലഫി ആശയക്കാരുമായി സംഘടനാ ബന്ധം ശക്തിപ്പെട്ട് വന്ന സമയമായിരുന്നു അത്.

നദ്‌വത്തിന്റെ തുടക്കത്തില്‍ സംഘടനയുടെ വാര്‍ഷിക യോഗങ്ങള്‍ നദ്‌വത്ത് സമ്മേളനം, കെ എന്‍ എം സമ്മേളനം എന്നൊക്കെയായിരുന്നു പേര് നല്‍കിയിരുന്നത്. 1979-ല്‍ പുളിക്കല്‍ വെച്ച് വിപുലമായി നടത്തിയ സമ്മേളനത്തിന് മുജാഹിദ് സമ്മേളനം എന്ന പേര് നല്‍കുകയുണ്ടായി. പിന്നീട് നടന്ന എട്ട് സമ്മേളനങ്ങളും 'മുജാഹിദ് സമ്മേളനം' എന്ന പേരില്‍ തന്നെ നടത്തി. സംഘടന ഭിന്നിച്ച ശേഷം ഇരു വിഭാഗവും അതേ പേരില്‍ തന്നെ സമ്മേളനങ്ങള്‍ നടത്തി. എന്നാല്‍ മറു വിഭാഗം സമ്മേളന നഗരിക്ക് സലഫി നഗര്‍ എന്ന പേര് നല്‍കിയപ്പോള്‍ മര്‍കസുദ്ദഅ്‌വ വിഭാഗം നഗരികള്‍ക്ക് സ്വതന്ത്ര പേരാണ് നല്‍കിയത്. വാദിസലാം (വയനാട്), നവോത്ഥാന നഗര്‍ (കോട്ടക്കല്‍) തുടങ്ങിയവ ഉദാഹരണം.

മുജാഹിദ്- സലഫി ഭിന്നതകള്‍

ഗള്‍ഫ് സലഫിസവും കേരളത്തിലെ മുജാഹിദ്/ സലഫി സംഘടനകളും തമ്മില്‍ നിരവധി കാര്യങ്ങളില്‍ വിയോജിപ്പും വൈരുധ്യങ്ങള്‍ തന്നെയും ഉണ്ട്. അഖീദ (വിശ്വാസ) കാര്യങ്ങളില്‍ താത്വികമായി യോജിപ്പുണ്ടായിരുന്നുവെങ്കിലും അവയുടെ പ്രയോഗവത്കരണത്തിന് ഭിന്ന രീതിയാണ് കേരളത്തില്‍ സ്വീകരിച്ചത്. സാമൂഹിക കര്‍മശാസ്ത്ര സമീപനങ്ങളിലും ഇത് വ്യക്തമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കല്‍, മിശ്രവിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി സ്വീകരിക്കല്‍ എന്നിവ ഉദാഹരണങ്ങളാണ്. വേഷവിധാനങ്ങളിലും ഈ വ്യതിരിക്തത പ്രകടമായിരുന്നു. താടി വളര്‍ത്തല്‍ സുന്നത്താണെന്ന വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെ താടി വെക്കുന്നവരും അല്ലാത്തവരും പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരില്‍ ഉണ്ടായിരുന്നു. മത പണ്ഡിതന്മാരും പണ്ഡിതന്മാരല്ലാത്ത ഉമറാക്കളും നേതൃത്വത്തില്‍ പങ്കാളികളായിരുന്നു. മുജാഹിദുകളും യാഥാസ്ഥിതികരും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഭാഷാപരമായ നിലപാടും ശ്രദ്ധേയമായിരുന്നു. യാഥാസ്ഥിതികര്‍ വെള്ളിയാഴ്ച ഖുത്വുബ അറബിയില്‍ മാത്രം പറയുകയുകയോ അറബി ഗ്രന്ഥമെടുത്ത് ഓതുകയോ ചെയ്തു പോന്നു. ഖുത്വുബയുടെ പ്രധാന ഭാഗങ്ങള്‍ അറബിയില്‍ പറഞ്ഞ്  വിശദീകരണങ്ങള്‍ പ്രാദേശിക ഭാഷയില്‍ നല്‍കുന്ന രീതിയാണ് മുജാഹിദുകള്‍ സ്വീകരിച്ചത്. ഖുര്‍ആനിന്ന് പരിഭാഷ പാടില്ല എന്ന് യാഥാസ്ഥിതികര്‍ വാദിച്ചപ്പോള്‍ ഖുര്‍ആനിന് മലയാള പരിഭാഷ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു മുജാഹിദുകള്‍ പ്രതികരിച്ചത്. ഭൂത പ്രേത വിശ്വാസാചാരങ്ങളില്‍ ഹൈന്ദവ ആശയ സ്വാധീനം യാഥാസ്ഥിതികരില്‍ പ്രകടമായിരുന്നു. എന്നാല്‍ മുജാഹിദുകള്‍ ഖുര്‍ആനും ശാസ്ത്രവും അടിസ്ഥാനമാക്കിയ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് ഗള്‍ഫ് സ്വാധീനത്തില്‍ വളര്‍ന്ന ചിലര്‍ ഇത്തരം കാര്യങ്ങളില്‍ സംഘടനക്ക് തെറ്റുപറ്റി എന്നും ഇത് ആദര്‍ശ വ്യതിയാനമാണെന്നും വാദമുയര്‍ത്തി.

കുവൈത്തിലെ ഇഹ്‌യാഉത്തുറാസില്‍ ഇസ്‌ലാമിയുമായി അടുപ്പം ശക്തിപ്പെടുകയും കേരളത്തില്‍ നിന്നുള്ള ഒരു പ്രതിനിധി അവിടെ കേരളീയ കാര്യങ്ങള്‍ക്ക് ചുമതല ഏല്പിക്കപ്പെടുകയും ചെയ്തതോടെ സാമ്പത്തികമായും ആശയതലത്തിലും മുജാഹിദ് സംഘടന അവരുമായി കൂടുതല്‍ താദാത്മ്യം പ്രാപിച്ചു. മുസ്‌ലിം ഭരണപ്രദേശത്തെ സാഹചര്യവും ഇന്ത്യയെപ്പോലെ ബഹുമതങ്ങള്‍ ജനാധിപത്യ മതേതര കാഴ്ചപ്പാടില്‍ വര്‍ത്തിക്കുന്ന സാഹചര്യവും വേര്‍തിരിച്ചറിയാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് സമീപനം സ്വീകരിക്കാനും കുവൈത്ത് സംഘടനക്ക് സാധിച്ചില്ല. ജോലി ആവശ്യാര്‍ഥം കുവൈത്തില്‍പോയ നിരവധി പ്രവര്‍ത്തകര്‍ അവരുടെ നാട്ടിലെ സ്ഥാപനങ്ങള്‍ക്കും മറ്റും സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങള്‍ ജംഇയ്യതു ഇഹ്‌യാഉത്തുറാസ് വഴി നല്‍കുകയും അവിടങ്ങളില്‍ ഗള്‍ഫ് ആശയങ്ങള്‍ക്കു സ്വാധീനം ഉണ്ടാവുകയും ചെയ്തു. ഇത് അപകടകരമായവിധം വളര്‍ന്നുവന്നപ്പോള്‍ അന്നത്തെ യുവജനവിഭാഗം രംഗത്തുവരികയുണ്ടായി.

തീവ്രതക്കെതിരെ

കേരളീയ പശ്ചാത്തലത്തില്‍ മതപ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഐ എസ് എം ഏറെ ശ്രദ്ധിച്ചുപോന്നിരുന്നു. കാമ്പയ്‌നുകള്‍, സമൂഹക്ഷേമ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍ മുതലായവ നടത്തി കേരളീയ മുഖം തിരിച്ചുകൊണ്ടുവരാന്‍ യുവജനസംഘടനയ്ക്ക് സാധ്യമായി. എന്നാല്‍ കെ എന്‍ എം നേതൃത്വത്തിലെ ചിലരെ തെറ്റിദ്ധരിപ്പിച്ച് യുവാക്കളും മുതിര്‍ന്നവരും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കാനും യുവാക്കളുടെ ശക്തിയെ ക്ഷയിപ്പിക്കാനും ചിലര്‍ ശ്രമിച്ചു.

ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഇറാഖിന്റെ കുവൈത്ത് ആക്രമണം ഉണ്ടായതും ഈ കാലഘട്ടത്തിലായിരുന്നു. മതതീവ്രവാദത്തിലേക്ക് മുസ്‌ലിം യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ട് തുടങ്ങിയപ്പോള്‍ അതിനെതിരെ ശക്തിയായി നിലകൊണ്ടത് ഐ എസ് എം ആയിരുന്നു. 'ഇസ്‌ലാം സമാധാനത്തിന്', 'മതം ഭീകരതക്കെതിരെ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സംഘടന ഉയര്‍ത്തിയത് ഇക്കാലത്താണ്. അന്ന് ഐ എസ് എമ്മുകാരായ യുവാക്കളിലാരും തീവ്രവാദത്തിലേക്ക് നയിക്കപ്പെട്ടില്ല. കാരണം അവര്‍ക്ക് ദിശാബോധം നല്കപ്പെട്ടിരുന്നു.

ആത്മീയവും സാമൂഹികവുമായ തീവ്രവാദ നിലപാടുകള്‍ കേരളത്തിലെ മറ്റ് മുസ്‌ലിം സംഘടനകളിലും പ്രകടമായിരുന്നു. ഇസ്‌ലാമിക ഭരണകൂടം നിലനില്‍ക്കാത്ത രാജ്യത്ത് സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിക്കാന്‍ പാടില്ല, കോടതികളില്‍ വ്യവഹാരത്തിന് പോകാന്‍ പാടില്ല, നിയമനിര്‍മാണ സഭകളിലേക്ക് മത്സരിക്കാനോ അവര്‍ക്ക് വോട്ട് ചെയ്യാനോ പാടില്ല എന്നീ വാദങ്ങള്‍ ഉയര്‍ത്തിയവര്‍ തീവ്രവാദനിലപാട് മറ്റൊരു നിലക്ക് സ്വീകരിച്ചവരാണ്. ഇന്ന് ഈ വാദക്കാര്‍ അവ കൈയ്യൊഴിയുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വോട്ട് ചെയ്യുകയും  അതിന് മതേതര സ്വഭാവത്തോടെ പ്രത്യേക പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരിക്കുന്നു.
സുന്നി യാഥാസ്ഥിതികര്‍ ആദ്യകാലത്ത് തന്നെ മുസ്‌ലിംകള്‍ പ്രാദേശിക വേഷ വസ്ത്രങ്ങള്‍ അണിയാന്‍ പാടില്ലെന്ന്  വാദിച്ചിരുന്നു. അങ്ങനെയാണ് സ്ത്രീകള്‍ കാച്ചിമുണ്ടും കുപ്പായവും ധരിക്കാന്‍ നിര്‍ബന്ധിതരായത്. പുരുഷന്മാര്‍ തല ക്രോപ്പ് ചെയ്യാനോ പാന്റ്‌സ് ധരിക്കാനോ പാടില്ലെന്നും അവര്‍ ഫത്‌വ ഇറക്കിയിരുന്നു. മുജാഹിദുകള്‍ ആദ്യകാലത്ത് തന്നെ സ്ത്രീകള്‍ക്ക് സാരിയും ഇറക്കമുള്ള ബ്ലൗസും ധരിക്കാമെന്നും അങ്ങനെ വസ്ത്രം ധരിച്ച് സര്‍ക്കാര്‍ ജോലിക്കും പഠനത്തിനും പോകാമെന്നും നിലപാട് സ്വീകരിച്ചവരായിരുന്നു. എന്നാല്‍ മേല്‍പറഞ്ഞ വാദങ്ങളില്‍നിന്ന് ഇപ്പോള്‍ സമുദായം മുക്തി നേടിയിട്ടുണ്ട്. പക്ഷേ, എല്ലാ വിഭാഗത്തിലും ഇന്ന് വേഷഭൂഷാദികളില്‍ ഗള്‍ഫ് സ്വാധീനം പ്രകടമാണ്. സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതും പുരുഷന്മാര്‍ ജുബ്ബ ധരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ചില യാഥാസ്ഥിക പണ്ഡിതന്മാര്‍ അറബി ശൈഖുമാര്‍ തല മറയ്ക്കുന്ന രീതി അതേ പടി അനുകരിക്കുന്നുമുണ്ട്. ഇതില്‍ സുന്നി മുജാഹിദ് ജമാഅത്തെ വേര്‍തിരിവില്ല.

മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ടായ ഭിന്നതയില്‍ 'ഔദ്യോഗികം' എന്നവകാശപ്പെടുന്ന വിഭാഗക്കാരില്‍ ഇപ്പോള്‍ മര്‍കസുദ്ദഅ്‌വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുമായി ആദര്‍ശപരമായി ഭിന്നത പ്രകടമല്ല. ഭിന്നത പ്രകടമായ ഘട്ടത്തില്‍ ഇരു വിഭാഗവും അംഗീകരിക്കുന്ന കേരള ജംഇയ്യത്തുല്‍ ഉലമ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വസ്തുതകള്‍ വിലയിരുത്തുകയുണ്ടായി. വിശദമായ ചര്‍ച്ചക്ക് ശേഷം കെ ജെ യു എടുത്ത തീരുമാനങ്ങള്‍ ഇരുവിഭാഗവും ഐകകണ്‌ഠ്യേന അംഗീകരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ രണ്ട് വിഭാഗമായി പിരിഞ്ഞ ശേഷം മറുവിഭാഗത്തില്‍ വീണ്ടും ഭിന്നതകള്‍ ഉടലെടുത്തു. അത് ആദര്‍ശപരം തന്നെ എന്ന് ഒരു വിഭാഗം ശക്തിയായി വാദിക്കുകയും ചെയ്യുന്നു. ഈ വിഭാഗത്തിന്നാണ് ഗള്‍ഫ് സലഫിസവുമായി കൂടുതല്‍ ബന്ധം ഉണ്ട് എന്ന് പറയാനാവുക. ഇവരെ മറുവിഭാഗം സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവര്‍ ഇപ്പോള്‍ 'വിസ്ഡം ഗ്രൂപ്പാ'യി അറിയപ്പെടുന്നു.

എന്നാല്‍ സാധാരണക്കാര്‍ ഇവരെ തിരിച്ചറിയുന്ന പേര് 'ജിന്ന്' വിഭാഗം എന്നാണ്. ജിന്നിനെക്കുറിച്ച് ഇവരുടെ സമീപനം സുന്നി യാഥാസ്ഥിതികരില്‍ നിന്ന് ഒട്ടും വിഭിന്നമല്ല. ജിന്ന് മനുഷ്യശരീരത്തില്‍ കയറുമെന്ന വിശ്വാസവും അവയെ ഇറക്കാനുള്ള തന്ത്രവും മന്ത്രങ്ങളും യാഥാസ്ഥിതിക വിഭാഗത്തില്‍നിന്നും ഭിന്നമല്ല. ഈ അദൃശ്യശക്തികളോടുള്ള സഹായതേട്ടം തൗഹിദിന് വിരുദ്ധമാണെന്ന മുജാഹിദ് നിലപാടുകള്‍ ഇവര്‍ തള്ളിക്കളയുന്നു.

ഉള്‍പ്പിരിവുകള്‍, പിളര്‍പ്പുകള്‍

ഇവരില്‍നിന്ന് രണ്ടുമൂന്ന് ഗ്രൂപ്പുകള്‍ കൂടി പിരിഞ്ഞ് പോയിട്ടുണ്ട്. ഒരു വിഭാഗം സംഘടന വേണ്ട, അത് തിന്മയാണ് എന്ന് വാദിക്കുന്നവരാണ്. ഒരു ശൈഖിനെ അമീറായി നിശ്ചയിക്കുക, മുരീദുകളായി അനുയായികള്‍ വര്‍ത്തിക്കുക എന്നതാണ് സലഫീ മന്‍ഹജ് എന്നാണ് ഇവരുടെ വീക്ഷണം. മറ്റൊരു തീവ്ര വിഭാഗം ഇന്ത്യയിലെ സാഹചര്യം ഇസ്‌ലാമിന് അനുയോജ്യമല്ലെന്നും അതുകൊണ്ട് ഹിജറ പോകേണ്ട സമയമായിരിക്കുന്നു എന്നും വാദിക്കുന്നവരാണ്. ഇവരില്‍പ്പെട്ട ചിലരെല്ലാം പലായനം തുടങ്ങുകയും ചെയ്തിരിക്കുന്നു. യമനിലേക്കും മറ്റും പഠിക്കാനും ജോലിക്കും എന്ന് പറഞ്ഞ് പോകുന്നത് ഈ 'ഹിജ്‌റ' തലക്ക് പിടിച്ചത് കൊണ്ടാണ്. ഹിജ്‌റ പോയ രാജ്യങ്ങളില്‍ രാഷ്ട്രീയവും ഭരണപരവുമായ ചേരിതിരിവുകളും യുദ്ധങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ അവിടെയുള്ള ഇവരുടെ ചില ശൈഖുമാരും അകപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ ഇവരും യുദ്ധമുഖത്ത് എത്തിപ്പെട്ടു എന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല. ശൈഖും  മുരീദുമില്ലാത്ത അവസ്ഥ. സംഘത്തില്‍ നിന്ന് ഒറ്റപ്പെട്ടാല്‍ ചെന്നായ പിടിക്കും എന്ന ആപ്ത വാക്യം ഇവരില്‍ പുലര്‍ന്നിരിക്കുകയാണ്.

ഒരു കാര്യം വളരെ വ്യക്തം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം രൂപം കൊണ്ടത് മുതല്‍ ഇന്നേ വരെ തീവ്രവാദ പക്ഷത്ത് നിലകൊണ്ടിട്ടില്ല. തീവ്രവാദ നിലപാടുകള്‍ക്ക് എതിരെ ശക്തമായി നിലകൊണ്ടവരുമാണ്. ഇത്തരം ഒരു നിലപാട് സ്വീകരിച്ചവര്‍ കേരളത്തില്‍ മുജാഹിദുകള്‍ മാത്രമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ചില വാദങ്ങള്‍ ആ കാലഘട്ടത്തിലെ ചിന്തകളായിരുന്നുവെങ്കിലും തീവ്രവാദത്തിന് പിന്‍ബലം നല്‍കുന്നവയായിരുന്നു. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സമീപനങ്ങളും ഇതിന്ന് പ്രേരകമായിട്ടുണ്ട്. ജമാഅത്ത് സൃഷ്ടിയായ സിമി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ്. 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന അപക്വമായ മുദ്രാവാക്യം ഉയര്‍ത്തിയവരാണ് അവര്‍.

സുന്നി യാഥാസ്ഥിതിക വിഭാഗത്തില്‍ എ പി, ഇ കെ ചേരിതിരിവ് ഉണ്ടായപ്പോള്‍ യഥാര്‍ഥത്തില്‍ സുന്നികള്‍ ആരാണ് എന്നതില്‍ അവര്‍ തമ്മില്‍ കിടമത്സരം നടത്തുകയുണ്ടായി. 'പുത്തന്‍ വാദികള്‍' എന്ന് അവര്‍ മുദ്രകുത്തിയ മുജാഹിദുകളോട് കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുന്നവരാണ് യഥാര്‍ഥ സുന്നികള്‍ എന്ന് ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ പുരോഹിതന്മാര്‍ ശ്രമിക്കുകയുണ്ടായി. മുജാഹിദുകളോട് സലാം പറയാന്‍ പാടില്ല, നമസ്‌കാരത്തില്‍ തുടരാന്‍ പാടില്ല, അവരുമായി വിവാഹം പോലും പാടില്ല എന്നെല്ലാമുള്ള തീവ്ര നിലപാട് അവര്‍ സ്വീകരിച്ചിരുന്നു. മാത്രമല്ല, ടൈഗര്‍ സുന്നി ജംഇയ്യത്തുല്‍ ഇഹ്‌സാനിയ എന്നിവ ഒരു വിഭാഗം സുന്നികള്‍ ഗൂഢമായ നിലയില്‍ രൂപീകരിച്ച തീവ്രവാദ സംഘങ്ങളാണ്.

നേതാക്കള്‍ക്ക് അകമ്പടി നല്കുക, എതിരാളികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തിലും പിന്നീട് എതിരാളികളെ ഉന്‍മൂലനം ചെയ്യാനും അവര്‍ ശ്രമിച്ചു. ഈ ഹിഡന്‍ അജണ്ട മൂടിവെക്കാനും സമുദായത്തിന്റെ പൊതുപിന്തുണ തേടാനും സമുദായം മൊത്തത്തില്‍ എതിരാളികളായി കാണുന്ന ചിലരെ ഉന്‍മൂലനം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുകയുണ്ടായി. സ്വതന്ത്ര ചിന്തകനായ മതപണ്ഡിതന്‍ ചേകന്നൂര്‍ മൗലവിയെ ആദര്‍ശപരമായി എതിര്‍ക്കുന്നതിനു പകരം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇവരുടെ പേരില്‍ ആരോപിക്കപ്പെടുന്നു. മുജാഹിദുകളുടെ വളര്‍ച്ച തടയാനാണ് 1992-ല്‍ പാലക്കാട് മുജാഹിദ് സമ്മേളനം മുടക്കുക എന്ന ലക്ഷ്യംവെച്ച് വര്‍ഗീയ വിഷം കുത്തിനിറച്ച പോസ്റ്റര്‍ സമ്മേളനത്തിന്റെ പേരില്‍ വ്യാപകമായി ഇവര്‍ അച്ചടിച്ചിറക്കിയത്. ബന്തടുക്ക ഖാസിയുടെ മരണത്തിലും ഇവര്‍ക്ക് പങ്കുണ്ട് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. മുജാഹിദ് സെന്റര്‍ ബോംബാക്രമണം, മുജാഹിദ് പ്രവര്‍ത്തകനായ പൂനൂര്‍ അബൂബക്കര്‍ ഹാജിയുടെ കൊലപാതകം എന്നിവയും ഇതിനോട് ചേര്‍ത്ത് വായിക്കാം. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുയായികള്‍ക്ക് രക്ഷ നേടാന്‍ രാഷ്ട്രീയ കളരിയില്‍ അഭ്യാസം നടത്താനും ഇവരുടെ ശൈഖുനക്ക് മെയ്‌വഴക്കമുണ്ട്. ഇടത്-വലത് പക്ഷത്തേക്കു ചായാനും നരേന്ദ്ര മോദിയെ പോലും വശീകരിക്കാനും ഇത് മുഖേന സാധ്യമായിട്ടുണ്ട്. സലഫിസത്തെ തകര്‍ക്കാന്‍ സൂഫിസത്തെ കളത്തിലിറക്കാന്‍ മന്ത്രം ഓതിക്കൊടുത്ത കേന്ദ്രം ഏതെന്ന് മുസ്‌ലിം കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ തീവ്രവാദവും ആത്മീയ തീവ്രവാദവും

തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഏതെങ്കിലും ഒരു മതത്തിന്റെ വക്താക്കളല്ല. ഹൈന്ദവരിലും ക്രൈസ്തവരിലും ഇവരെ കാണാം. ഇസ്‌ലാമിന്റെ പേരിലും ഇവര്‍ അറിയപ്പെടുന്നു. മതമില്ലാത്ത പ്രസ്ഥാനങ്ങളിലും തീവ്രവാദികളുടെ തിരയിളക്കം പ്രകടമാകുന്നുണ്ട്. ഇത്തരം വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പരസ്പരം തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും ഒറ്റിക്കൊടുത്തും നടത്തുന്ന ശ്രമങ്ങള്‍ ഒരിക്കലും ഫലം ചെയ്യുകയില്ല. അവ ശക്തിപ്പെടാനേ ഉപകരിക്കൂ. മത പണ്ഡിതന്മാരും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നായകരും ഒന്നിച്ച് ബോധവത്കരണത്തിന് മുന്നിട്ടിറങ്ങണം. മുസ്‌ലിംകളെ സംബന്ധിച്ച് അവര്‍ക്കിടയിലെ തീവ്രവാദ ഗ്രൂപ്പുകളെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും കൃത്യമായ അജണ്ട ഉണ്ടായിരിക്കണം. മതം പഠിച്ചവര്‍ മാത്രമല്ല ശാസ്ത്ര സാങ്കേതിക രംഗത്ത് വൈദഗ്ധ്യം നേടിയവരും തീവ്രവാദ ഗ്രൂപ്പുകളില്‍ എത്തിപ്പെടുന്നു എന്നത് ഗൗരവമായി കാണേണ്ട വസ്തുതകളാണ്.

തീവ്രവാദ നിലപാടുകളെ എല്ലാം ഒരേ പോലെ കാണാനാവില്ല. എന്നാല്‍ അതില്‍ ശരി തെറ്റുകള്‍ ഉണ്ട് എന്ന് സമര്‍ത്ഥിക്കുകയുമല്ല. നിലപാടുകളിലെ ലക്ഷ്യവും രീതിയും അറിഞ്ഞാല്‍ മാത്രമേ അവ തിരുത്തപ്പെടാനാവൂ. ആത്മീയമായ തീവ്രവാദവും രാഷ്ട്രീയമായ തീവ്രവാദവുമുണ്ട്. രാഷ്ട്രീയ തീവ്രവാദങ്ങള്‍ ഭരണകൂടങ്ങളുടെ സമീപനവുമായി ബന്ധപ്പെട്ടതാണ്. ഫലസ്തീനില്‍ ഒരു സുപ്രഭാതത്തില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ച് തദ്ദേശീയരെ അഭയാര്‍ത്ഥികളാക്കിയ സംഭവം ഇതാണ് സൂചിപ്പിക്കുന്നത്. ദശാബ്ദങ്ങളായി ഫലസ്തീനില്‍ ഇസ്‌റാഈല്‍ സംഘട്ടനം തുടരുന്നു. ഐക്യരാഷ്ട്ര സംഘടനകള്‍ക്കോ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കോ ഇത് പരിഹരിക്കാനായിട്ടില്ല. അവരുടെ കൂടി താല്‍പര്യപ്രകാരമാണ് ഈ പുതിയ രാഷ്ട്രം നിലവില്‍ വന്നത്.

മതത്തിന്റെ പേരിലുള്ള മറ്റൊരു തീവ്രവാദം അസഹിഷ്ണുതയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഇന്ത്യയില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരത ഇതിന്റെ ഉദാഹരണമാണ്. ഇതില്‍ രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ട്. ജാതീയമായതും വംശീയമായതുമായ തീവ്രവാദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും തമ്മിലും കറുത്തവനും വെളുത്തവനും തമ്മിലും വിവിധ ഭാഷകളുടെ പേരിലും സംഘട്ടനങ്ങളും ആക്രമണങ്ങളും നടന്നുവരുന്നുണ്ട്.

നീതി നിഷേധം പ്രകടമാവുമ്പോഴും അവസരസമത്വം നഷ്ടപ്പെടുമ്പോഴും ജനങ്ങള്‍ വികാരങ്ങളെ തീവ്രവല്‍ക്കരിക്കാറുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതര മതവിഭാഗങ്ങളെ കൂട്ടക്കൊല നടത്തുന്നതും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതും മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ്. ബൊക്കെഹറാം പോലെയുള്ള സംഘടനകള്‍ ഈ കൂട്ടത്തില്‍ പെട്ടതാണ്. മാവോയിസ്റ്റുകള്‍ തീവ്ര കമ്യൂണിസ്റ്റ് ആശയക്കാരാണ്.

തീവ്രവാദ ഒളിപ്പോര്‍ സംഘങ്ങള്‍ പല രാജ്യങ്ങളിലും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മുസ്‌ലിം ബഹുജനങ്ങള്‍ ഇവക്കെല്ലാം എതിരാണ്. ബഹുജനങ്ങളാണ് ഇവരുടെ ആക്രമണത്തിന് ഇരയാവുന്നത്. അഫ്ഗാനിസ്താനില്‍ ത്വാലിബാനും അല്‍ഖാഇദയും നടത്തുന്ന അക്രമങ്ങള്‍ക്ക് ഇരട്ടമുഖമുണ്ട്. ജമാഅത്തുദ്ദഅ്‌വ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഗ്രൂപ്പാണ്. ഹിസ്ബുല്‍ മുജാഹിദീന്‍, ജെയ്‌ശെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍, ലശ്കറെത്വയ്ബ എന്നിവ ഇന്ത്യക്കകത്തും പുറത്തും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്‌ലാമിക് ജിഹാദ്, അല്‍ശബാബ്, ഹറകത്തുല്‍ മുജാഹിദ് എന്നിവ മധ്യപൗരസ്ത്യ ദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ്. ഇവരെല്ലാം പ്രത്യക്ഷത്തില്‍ രംഗത്ത് വരാതെ ഒളിപ്പോര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ആദര്‍ശ തലതലത്തില്‍ ശക്തിയായി നിലപാട് സ്വീകരിച്ച മുസ്‌ലിം ബ്രദര്‍വുഡ് സംഘടനാ പാടവമുള്ള വിഭാഗമാണ്. ഈജിപ്തിലെ ഭരണകൂടഭീകരതക്കും മതധ്വംസനത്തിനും എതിരെ അവര്‍ ശക്തിയായി നിലകൊള്ളുന്നു.

സലഫി പണ്ഡിതന്മാരാല്‍ ആകര്‍ഷിക്കപ്പെട്ട് ഒരു തീവ്രവാദ ഗ്രൂപ്പ് ഏതെങ്കിലും കാലത്ത് സ്ഥാപിതമായതായോ ലോകത്തെവിടെയെങ്കിലും പ്രവര്‍ത്തിക്കുന്നതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ശ്രദ്ധേയമായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) സലഫീ ആശയക്കാരാണ് എന്ന് പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ ഇവരുടെ രക്ഷകരും മാതൃത്വവും ഏത് നാട്ടിലെ സലഫികളുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമായിട്ടില്ല. അവര്‍ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും സൃഷ്ടിയാണ് എന്നും പറയപ്പെടുന്നുണ്ട്. സുഊദി അറേബ്യയും ഖത്തറുമാണ് സലഫി ആശയവുമായി ബന്ധപ്പെട്ട ഭരണകൂട രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ഐ എസിന് വിലക്ക് മാത്രമല്ല അവരുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഐ എസ് ഇസ്‌ലാമിക വിരുദ്ധമാണ് എന്ന് ഫത്‌വ നല്‍കുകയും ചെയ്തിരിക്കുന്നു. ലോക മുസ്‌ലിംകള്‍ പുണ്യഗേഹങ്ങളായി കരുതുന്ന മക്കയിലെയും മദീനയിലെയും പള്ളികള്‍ക്ക് സമീപത്തേക്കു കൂടി ഇവരുടെ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. സലഫി അനുഭാവമുള്ള ഒരു സംഘടനയും പുണ്യ ഗേഹങ്ങള്‍ കേന്ദ്രീകരിച്ച് ചാവേറുകളാവുകയില്ല.

ഇപ്പോള്‍ മുസ്‌ലിംകള്‍ക്കുവേണ്ടിയോ മുസ്‌ലിംകളുടെ പേരിലോ പ്രവര്‍ത്തിച്ചുവരുന്ന ഏതെങ്കിലും തീവ്രവാദ സംഘടനകളുടെ നയവും ലക്ഷ്യവും ശൈലിയും ഖുര്‍ആനുമായോ പ്രവാചകചര്യയുമായോ യോജിച്ചുപോകുന്നതല്ല. പ്രത്യക്ഷമായ യുദ്ധമുഖത്തുപോലും സ്ത്രീകളെയും കുട്ടികളെയും പള്ളികളില്‍ ആരാധനകളില്‍ മുഴുകിയ ഭക്തരെയും കൊല്ലാന്‍ പാടില്ല എന്നത് ഇസ്‌ലാമിക യുദ്ധചിട്ടയാണ്. ആത്മഹത്യ മതവിരുദ്ധമാണ്. പിന്നെ എങ്ങനെ ചാവേറുകളായി പോകും. വ്യവസ്ഥാപിതമായ ഭരണകൂടം നിലനില്ക്കുന്നേടത്ത് നിയമം കൈയിലെടുക്കാന്‍ മറ്റുള്ളവര്‍ക്ക് പാടില്ലാത്തതാണ്. ഏതെങ്കിലും പള്ളിയില്‍പോയി താന്‍ ഖലീഫയാണ് എന്നും ഭരണം ഏറ്റെടുത്തിരിക്കുന്നുവെന്നും ആരെങ്കിലും പ്രഖ്യാപിക്കുന്ന രീതി ഇസ്‌ലാമികമല്ല. സലഫി മാര്‍ഗവുമല്ല.

എല്ലാ സലഫി പണ്ഡിതന്മാരും ഇത്തരം പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞതാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ മക്കയിലെ ഹറം ഇമാം എല്ലാതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ആക്രമണങ്ങളെയും അപലപിക്കുകയും ഇസ്‌ലാമിന്റെ സമാധാനസന്ദേശം വ്യക്തമാക്കുകയും ചെയ്തതാണ്.

മതവിശ്വാസാചാരങ്ങളില്‍ തീവ്രത പുലര്‍ത്തുന്നവര്‍ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലുമുണ്ടാവാം. അവരില്‍ വിവേകം കുറഞ്ഞവര്‍ ആചാരാനുഷ്ഠാനങ്ങളില്‍ ആത്മീയത വര്‍ദ്ധിപ്പിക്കാനായി തീവ്ര നിലപാട് സ്വീകരിക്കാറുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷരായ യുവാക്കള്‍ എല്ലാവരും മുജാഹിദ് വിഭാഗക്കാരാണ് എന്നതിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരും ഇങ്ങനെ ഐ എസില്‍ ചേര്‍ന്നതായി കേള്‍ക്കുന്നു. അവിടെയൊന്നും മുജാഹിദ് ആശയക്കാരോ സംഘടനയോ ഇല്ല. ജിന്ന് വിഭാഗത്തില്‍ നിന്ന് സംഘടന വേണ്ട എന്നുപറഞ്ഞ് പുറത്തുപോയവരാണ് എന്നും കേള്‍ക്കുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഇവര്‍ കേരള മുജാഹിദുകളുടെ പാരമ്പര്യം മനസ്സിലാക്കാത്തവരാണ് എന്നതാണ്. ഭിന്നതയ്ക്ക് മുമ്പ് അവര്‍ മുജാഹിദ് സംഘടനയില്‍  അംഗത്വം ഉള്ളവരല്ല. പുതുതായി ജിന്ന് ആശയത്തിലേക്ക് കടന്നു വന്നവരാണ്.

യുവാക്കളുടെ തിരോധാനം; വസ്തുതയെന്ത്?

കാണാതെ പോയവരെല്ലാം ഐ എസ്സില്‍ എത്തിപ്പെട്ടു എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയത് ഇതിന് വേണ്ടത്ര തെളിവ് ലഭിച്ചിട്ടില്ല എന്നാണ്. പത്രമാധ്യമങ്ങള്‍ ഏകപക്ഷീയ വിചാരണയിലൂടെ ചിലരെ തീവ്രവാദികളാക്കാന്‍ അമിതാവേശം കാണിക്കുകയാണ്. സാക്കിര്‍ നായിക് പ്രശ്‌നം ഇതിന് മികച്ച ഉദാഹരണമാണ്. അദ്ദേഹം ഏതെങ്കിലും ഒരു സംഘടനയുടെ വക്താവല്ല. അദ്ദേഹം മുജാഹിദ് സംഘടനയില്‍ അംഗവുമല്ല. അഹ്‌ലേ ഹദീസില്‍ അംഗമല്ല. സലഫിയാണ് എന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല. എന്നാല്‍ സാകിര്‍ നായിക് മുജാഹിദുകളുടെ സമ്മേളനങ്ങളിലും  സുന്നി സമ്മേളനങ്ങള്‍ ഉള്‍പ്പെടെ മറ്റു വേദികളിലും പങ്കെടുത്തിരിക്കാം. പങ്കെടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേരില്‍ യാതൊരു ആരോപണവും ഇല്ല താനും. സമ്മേളനങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ പരസ്യമായതും റിക്കാര്‍ഡ് ചെയ്യപ്പെട്ടതുമാണ്. മറ്റു മതങ്ങള്‍ ഇസ്‌ലാമിനെതിരെ ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് അദ്ദേഹം പ്രമാണബദ്ധമായി മറുപടി പറയാറുണ്ട്. ഇത് തെറ്റാണെന്ന് പറയാനാവുമോ?

അദ്ദേഹത്തില്‍ തീവ്രവാദ സ്വാധീനം ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കുന്നതിനെ ആരും തടയുകയില്ല. അബ്ദുന്നാസര്‍ മഅ്ദനിക്ക് എതിരെ നിലകൊണ്ട പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യവും പൗരാവകാശവും നിഷേധിച്ച് അകാരണമായി തടവില്‍വെച്ച് പീഡിപ്പിച്ചപ്പോള്‍ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയ്ക്ക് മുസ്‌ലിംലീഗ് ഒരു നിലപാട് എടുത്തത് വിമര്‍ശനവിധേയമാക്കേണ്ടതുണ്ടോ? ഇന്ത്യയിലെ ഏതൊരു പൗരനും അദ്ദേഹം വിശ്വസിക്കുന്ന ആശയത്തെ പ്രചരിപ്പിക്കാനും അതിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും അവകാശമുണ്ട്. ദേശവിരുദ്ധമായ നിലപാടും ആശയവും ഇല്ലാത്ത കാലത്തോളും ആര്‍ക്കും അത് തുടരാം. അങ്ങനെയുണ്ട് എന്ന് സംശയമുള്ളവര്‍ അത് തെളിയിക്കണം. മുജാഹിദുകള്‍ക്ക് സാക്കിര്‍ നായിക്കിന്റെ വക്കാലത്ത് പിടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ദളിത് പീഡനത്തിനെതിരെ ശക്തമായി നിലകൊണ്ട കാഞ്ച ഐലയ്യ മുജാഹിദ് സമ്മേളനത്തില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യത്തെ അവര്‍ മാനിക്കണം.

ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. വിമര്‍ശനങ്ങളുടെ പേരില്‍ പത്രം ഓഫീസ് കയ്യേറുകയും എഡിറ്ററെ കൊല്ലുകയും ചെയ്തപ്പോള്‍ അതിനെ അപലപിക്കാന്‍ മുന്നോട്ടുവന്നവരമാണ് മുജാഹിദ് പ്രസ്ഥാനം. മുജാഹിദുകള്‍ സ്വീകരിച്ച നിലപാട് പ്രസക്തമായിരുന്നു എന്ന് കാലം തെളിയിച്ചിരിക്കുന്നു.

ചുരുക്കത്തില്‍ തെറ്റിദ്ധരിച്ചും കഥയറിയാതെയും സ്ഥാനത്തും അസ്ഥാനത്തും സലഫികള്‍ തീവ്രവാദം വളര്‍ത്തുന്നു എന്നു പറയുന്ന മാധ്യമ പ്രവര്‍ത്തകരും അല്ലാത്തവരും വസ്തുതകള്‍ വസ്തുനിഷ്ഠമായി പഠിക്കണമെന്നുണര്‍ത്തുകയാണ്. ഒരാളെയോ ഒരു പ്രസ്ഥാനത്തെയോ രാജ്യദ്രോഹികളോ ഭീകരവാദികളോ ആയി ചിത്രീകരിക്കുന്നത് ദൂരവ്യാപകമായ ദുഷ്ഫലമുളവാക്കുന്ന വലിയ പാതകമാണ്. കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കാന്‍ വേണ്ടി മുസ്‌ലിം യാഥാസ്ഥിതികരാരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അത് തലമറന്ന് എണ്ണ തേക്കലാണ് എന്നുകൂടി ഓര്‍മപ്പെടുത്തട്ടെ. മുജാഹിദ് പ്രവര്‍ത്തകര്‍ തങ്ങള്‍ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കാന്‍ ശ്രമിക്കണമെന്നു കൂടി തെര്യപ്പെടുത്തുകയാണ്.            


 •►ശബാബ് വായനക്കൂട്ടം◄•

എ അസ്ഗറലി
ശബാബ് • Shabab
22-07-2016

കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തിരക്കുകൂട്ടുന്നുണ്ട് ചിലര്‍ | അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി


ഇക്കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളില്‍ മാധ്യമപ്പട പടച്ചുവിട്ട പുകിലുകള്‍ ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങി. ധാക്കയിലെ സ്‌ഫോടനം നടത്തിയ ചാവേറുകള്‍ക്ക് ഇസ്‌ലാമികാദര്‍ശ പ്രചാരകനായ സാകിര്‍ നായിക് പ്രചോദനമായി. അദ്ദേഹത്തെ പിടിച്ചുകെട്ടണം. തലയ്ക്കു വില... അപ്പോഴേക്കും അതാ ഐ എസ് കേരളത്തില്‍... ഇരുപതു യുവാക്കള്‍ സിറിയയിലെത്തി. ഐ എസ് റിക്രൂട്ട്‌മെന്റിന് മുജാഹിദ് സംഘടനാ പിളര്‍പ്പ് നിമിത്തമായി. പൊലീസും ചാനലുകളും അത്തിക്കാട്ടേക്ക്...' എന്തൊക്കെ സ്റ്റോറികള്‍ മെനഞ്ഞെടുത്തു. ഒടുവില്‍ എന്തുണ്ടായി? സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ ലക്ഷങ്ങള്‍ കേട്ടു. അന്വേഷണക്കമ്മീഷനും കേട്ടുനോക്കി. അതു കേട്ടാലാണ് അപകടമെന്നതു കൊണ്ടോ എന്തോ മഹാരാഷ്ട്ര അന്വേഷണ ഏജന്‍സി അദ്ദേഹത്തിന് ക്ലീന്‍ചീറ്റ് നല്കി. വാര്‍ത്ത പുറത്തുവിട്ട ബംഗ്ലാദേശ് പത്രം മാപ്പു പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ മാപ്പുപറഞ്ഞു. സാകിര്‍ പ്രശ്‌നം സ്വിച്ച് ഓഫാക്കിയ പോലെ ഔട്ട്. ചെറുപ്പക്കാര്‍ പോയത് ഐ എസിലേക്കോ സിറിയയിലേക്കോ അല്ലത്രേ. പിന്നെ എങ്ങോട്ടാ? ആര്‍ക്കറിയാം!~ആരും അറിഞ്ഞിട്ടില്ല. ഒരു കാര്യം പലരും സ്ഥിരീകരിക്കുന്നു. ഇസ്‌ലാം വികലമായി മനസ്സിലാക്കിയ ഒരു പറ്റം വികാരജീവികള്‍  സ്വദേശം വിട്ടിട്ടുണ്ട്. ശ്രീലങ്കയിലേക്കാണെന്ന് ചിലര്‍ വീട്ടില്‍ പറഞ്ഞു. അത്രമാത്രം.

ഇങ്ങനെ കലങ്ങി മറിഞ്ഞ സാമൂഹിക സാഹചര്യത്തിലേക്ക് സമസ്ത എന്ന സുന്നി പണ്ഡിതസഭ ഇറങ്ങിവരുന്നു. ഇനിയാണ് രസം. എന്‍ ഐ എ, റോ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ക്ക് പിടികിട്ടാത്ത, ചെറുപ്പക്കാരുടെ നിരോധാനത്തിനും തീവ്രവാദത്തിനും കാരണമെന്തെന്ന് സമസ്ത കണ്ടുപിടിച്ചിരിക്കുന്നു. ഒരു പ്രമേയത്തിലൂടെ അത് മാലോകരെ അറിയിച്ചിരിക്കുന്നു. സമസ്ത പ്രമേയം പറയുന്നു:

''വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ അനുവാദം നല്കിയതാണ് മുജാഹിദ് പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് നീങ്ങാന്‍ കാരണം. മുജാഹിദുകള്‍ പ്രശ്‌നം വിലയിരുത്തി പ്രമാണങ്ങള്‍ ആര്‍ക്കും വ്യാഖ്യാനിക്കാവുന്ന സാഹചര്യം ഒഴിവാക്കി മുന്‍ഗാമികള്‍ ക്രോഡീകരിച്ച മദ്ഹബുകളിലെ മതവിധികളിലേക്ക് മടങ്ങണം.''

സമസ്ത ബഹുമാന്യ പണ്ഡിതര്‍ ചേര്‍ന്നൊരുക്കിയ പ്രമേയം എത്ര ബാലിശവും നിരര്‍ഥകവും ചിന്താശൂന്യവുമാണ് എന്ന് അണികള്‍ക്കു പോലും ബോധ്യമുണ്ട്. എന്നാലും ചിലരുടെ അറിവിലേക്കായി ഏതാനും കാര്യങ്ങള്‍ കുറിക്കട്ടെ.

(ഒന്ന്) മുജാഹിദു പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് പോയിട്ടില്ല.

(രണ്ട്) ഇവിടെ കാണാതായി എന്ന് പറയപ്പെട്ടവര്‍ ആരും മുജാഹിദുകളല്ല.

(മൂന്ന്)
കാണാതായവര്‍ തീവ്രവാദത്തിലെത്തിയതിനും തെളിവില്ല.

(നാല്) മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുപോയ ചിലര്‍ അതിവാദത്തിലേക്കെത്തിയിട്ടുണ്ട് എന്നത് നേരാണ്. അത് വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി പഠിക്കാത്തതുകൊണ്ടാണ്. തഖ്‌ലീദിന്റെയും ത്വരീഖത്തിന്റെയും ശൈലിയില്‍ നീങ്ങിയപ്പോള്‍ വഴിപിഴച്ചുപോയി.

(അഞ്ച്) വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ മുജാഹിദുകള്‍ ആര്‍ക്കും അനുവാദം നല്കിയിട്ടില്ല.

ഇനി വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഏതാനും കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. സന്മാര്‍ഗ ദര്‍ശനാണ്, ഓരോ മുസ്‌ലിമും അത് പഠിക്കണമെന്ന് പറഞ്ഞുപഠിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാഹി പ്രസ്ഥാനം രംഗത്തുവന്നത്. എന്നാല്‍ 1924-ല്‍ പണ്ഡിത സഭയില്‍ വച്ച് വിശുദ്ധ ഖുര്‍ആന്‍ ദലീല്‍ (പ്രമാണം) ആക്കാന്‍  പറ്റുമോ എന്ന് സംശയിച്ചവരാണ് 1926-ല്‍ സമസ്തയുണ്ടാക്കിയത്. സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്‍പറ്റിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തുകൊണ്ട് സമൂഹത്തില്‍ ഖുര്‍ആന്‍ പഠനം വ്യാപകമാക്കിയവരാണ് മുജാഹിദുകള്‍. ഓരോരുത്തരും നാട്ടില്‍ നടന്ന് ഫത്‌വ നല്കാനല്ല പഠിപ്പിച്ചത്.

എന്നാല്‍ സമസ്തക്കാര്‍ ചെയ്തത് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഫാതിഹ പോലും ആശയം ഗ്രഹിക്കാന്‍ പാടില്ലാത്തതാണ് എന്ന് ഫത്‌വ നല്കുകയായിരുന്നു. സ്വതന്ത്രമായി ചിന്തിക്കാന്‍ പാടില്ല, അന്ധമായി അനുകരിക്കാനേ (തഖ്‌ലീദ്) മതത്തില്‍ അനുവാദമുള്ളൂ എന്ന് അവര്‍ ജനങ്ങളെ പഠിപ്പിച്ചു. തങ്ങള്‍ ശാഫിഈ മദ്ഹബിന്റെ അനുകര്‍ത്താക്കള്‍ (മുഖല്ലിദുകള്‍) മാത്രമാണെന്നവര്‍ സ്വയം പരിചയപ്പെടുത്തി.

എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. വിശുദ്ധ ഖുര്‍ആന്‍ സ്വതന്ത്രമായി പഠിക്കണമെന്നാഹ്വാനം ചെയ്ത മുജാഹിദുകളെ തോല്പിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഇജ്തിഹാദ് നടത്തുകയായിരുന്നു സമസ്തക്കാര്‍ ചെയ്തത്. അല്പം പിറകോട്ട് പോകാം. ലോകത്ത് ഒരു മുഫസ്സിറും പറയാത്ത ദുര്‍വ്യാഖ്യാനങ്ങളുടെ ഘോഷയാത്രയായിരുന്നു ഈ മുഖല്ലിദുകള്‍ നടത്തിയത്. വബ്തഗൂ ഇലൈഹില്‍ വസീല (5:35) എന്ന ആശയത്തിലെ വസീലാ എന്നത് രൂപം തിരിഞ്ഞു കാണുന്ന ദവാതുകളാണെന്ന് വ്യാഖ്യാനിച്ച് വിഗ്രഹാരാധനയ്ക്ക് തെളിവാക്കിയത് സമസ്ത. അല്പം കഴിഞ്ഞു ഫല്‍ മുദബ്ബിറാതി അംറാ (79:5) എന്ന ആയത്ത് മരിച്ചുപോയവരുടെ ആത്മാക്കള്‍ ലോകം നിയന്ത്രിക്കുമെന്ന് ദുര്‍വ്യാഖ്യാനിച്ചു. 1982 ആയപ്പോഴേക്ക് വസ്അല്‍ മന്‍ അര്‍സല്‍നാ (43:45) എന്ന ആയത്ത് പരേതാത്മാക്കളെ വിളിച്ചുതേടാന്‍ തെളിവായി അവതരിപ്പിച്ചു (കൊട്ടപ്പുറം സംവാദം). 2014-ല്‍ കോടമ്പുഴ എത്തിയപ്പോഴാണ് ലാതഖൂലൂ റാഇനാ വഖൂലൂ ഉന്‍ദ്വുര്‍നാ (2:104) എന്ന ആയത്ത് മരണപ്പെട്ടവരോട് പ്രാര്‍ഥിക്കാന്‍ തെളിവാക്കി. ഇങ്ങനെ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് കളിച്ചതിന് എത്രയെത്ര ഉദാഹരണങ്ങള്‍! ഇതെല്ലാം ചെയ്ത സമസ്തക്കാര്‍ പറയുന്നു, വിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ പറഞ്ഞതിനാല്‍ മുജാഹിദുകള്‍ തീവ്രവാദികളായി എന്ന്!!

വിശുദ്ധ ഖുര്‍ആന്‍ 'സ്വതന്ത്രമായി വ്യാഖ്യാനിച്ചവര്‍' വേറെയും ഉണ്ട്. ഇനില്‍ ഹുക്മു ഇല്ലാലില്ലാഹി (12:47,60) എന്ന ആയത്തുകള്‍ മതരാഷ്ട്ര വാദത്തിന് തെളിവാക്കിയവരും വജാഹിദൂ ഫീ സബീലില്ലാ (22:73) തുടങ്ങിയ ആയത്തുകള്‍ ശാന്ത സമൂഹത്തില്‍ സായുധ സംഘട്ടനത്തിനുള്ള തെളിവാക്കിയവരും ഇവിടെയുണ്ട്. എന്നാല്‍ മുജാഹിദുകള്‍ ഏതെങ്കിലും ആയത്തുകള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ വ്യാഖ്യാനങ്ങള്‍ നല്കി ജനങ്ങളെ വഴി തെറ്റിച്ചിട്ടില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിച്ച ഒറ്റപ്പെട്ട പണ്ഡിതന്മാരെ തിരുത്തിയിട്ടേ ഉള്ളൂ മുജാഹിദുകള്‍.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കാലമേറെ ചെന്നപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കാത്ത ചില പാവം പ്രൊഫഷണല്‍ വിദ്യാര്‍ഥികളെ ചില തത്പര കക്ഷികള്‍ വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് വഴി തെറ്റിക്കാന്‍ ശ്രമിച്ചത് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പേരില്‍ ആയിരുന്നു. എന്നാല്‍ അതും കണ്ടെത്തി തിരുത്തിയത് മുജാഹിദ് പണ്ഡിതന്മാര്‍ തന്നെയായിരുന്നു. ഈ വസ്തുതകളെല്ലാം വിസ്മരിച്ചുകൊണ്ട് കലക്കു വെള്ളത്തില്‍ ഞെളിഞ്ഞിരുന്ന് മീന്‍ പിടിക്കാന്‍ സമസ്ത നേതാക്കള്‍ നെയ്‌തെടുത്ത വല വെറും എട്ടുകാലി വിലയാണ്. അത് ചുരുട്ടിവെച്ചേക്കുകയാണ് നല്ലത്.   



അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
ശബാബ് • Shabab
22-07-2016

ആത്മീയ തീവ്രതയുടെ അടിയൊഴുക്കുകള്‍ | സുഫ്‌യാന്‍ അബ്ദുസ്സത്താര്‍



വിശ്വാസം ഒരു ഉന്മാദമായി മാറുകയും അത് ജീവിക്കുന്ന സമൂഹത്തിനും നാടിനും അപകടമാകുന്ന വിധത്തില്‍ ഒരു മഹാമാരിയാവുകയും ചെയ്യുമ്പോള്‍ ഇടപെടലുകള്‍ അനിവാര്യമാകുന്നു. ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളും പൊതു സമൂഹവും സലഫിസം എന്ന സംജ്ഞക്ക് പുറകിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. കാലങ്ങളായി കേരളത്തിലെ പൊതു മണ്ഡലത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു മതവിഭാഗത്തിന്റെ പേരില്‍ കര്‍ക്കശവും ഇരുട്ട് നിറഞ്ഞതുമായ പ്രതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍, അതൊരു ചെറിയ വിഭാഗത്തില്‍ നിന്നാണെങ്കില്‍ പോലും ആശങ്കയുണ്ടാക്കുന്നതാണ്. വിശേഷിച്ചും, കേരള മുസ്‌ലിംകളെ പൊതുമണ്ഡലത്തിലേക്ക് ആനയിക്കുകയും സമൂഹത്തിന്റെ പൊതുധാരയുടെ ഭാഗമായി അവരെ നിലയുറപ്പിക്കാന്‍ സജ്ജമാക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന് ശേഷമാണ് പുതിയ സവിശേഷതകള്‍ ഉണ്ടായത് എന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തില്‍ മുമ്പും പല മതവിഭാഗങ്ങളിലും ഉള്‍പ്പിരിവുകളുണ്ടായിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ പൊതുമണ്ഡലത്തെ അതൊന്നും കാര്യമായി ബാധിച്ചിരുന്നില്ല. കാരണം, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് മുസ്‌ലിംകള്‍ക്ക് ദിശാബോധവും നവോത്ഥാന ത്വരയും ചലനാത്മകതയും സംഭാവന നല്കിയ ഒരു പ്രസ്ഥാനത്തിന് കേടുപാടുകള്‍ സംഭവിക്കുമ്പോഴാണല്ലോ അത് പൊതുസമൂഹത്തെ കൂടി ബാധിക്കുന്നതായി മാറുക. യമനിലെ ദമ്മാജ് കേന്ദ്രീകരിച്ചുള്ള സലഫി പ്രസ്ഥാനം 'ദമ്മാജ് സലഫിസം' എന്ന പേരില്‍ അറിയപ്പെടുക സ്വാഭാവികമാണ്. സുഊദി ഗവണ്‍മെന്റുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ദമ്മാജില്‍ ദാറുല്‍ ഹദീസ് സ്ഥാപിതമാകുന്നത്. എന്നാല്‍, ഗള്‍ഫ് സലഫിസം എന്ന വിവക്ഷയില്‍ വരുന്ന എല്ലാ നവസലഫി ധാരകളും (ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും) ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ അനാരോഗ്യ പ്രവണതകള്‍ക്ക് ഇടയാക്കുന്നുണ്ട്. സുഊദി, യമന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗള്‍ഫ് സലഫിസത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകള്‍, ഇന്ത്യ പോലെയുള്ള വിവിധ മതവിശ്വാസികള്‍ 'സഹോദര' തുല്യതയോടെ ജീവിക്കുന്ന ഒരു രാജ്യത്തിന് അനുപേക്ഷണീയമല്ല.   അതില്‍ യമന്‍ സലഫിസം മാത്രമല്ല പ്രതിക്കൂട്ടിലുള്ളത്.

യമന്‍ സലഫിസവും ഐസിസും

ഈയിടെ കേരളത്തില്‍ നിന്നുള്ള ഏതാനും പേരുടെ തിരോധാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ യമന്‍ സലഫിസത്തിലേക്ക് നീങ്ങുന്നത്. എന്നാല്‍, അവര്‍ ഐസിസില്‍ ചേരാന്‍ വേണ്ടി രാജ്യം വിട്ടുപോയെന്നാണ് പല മാധ്യമങ്ങളും ആദ്യഘട്ടത്തില്‍ ഒട്ടും സ്ഥിരീകരണമില്ലാതെ തന്നെ റിപ്പോര്‍ട്ട് ചെയ്തത്. ഐസിസിലേക്കല്ല, ആത്മീയ ജീവിതം സ്വപ്നം കണ്ട് മതേതര രാജ്യത്ത് നിന്നുള്ള രക്ഷപ്പെടലാവാനാണ് സാധ്യത കൂടുതലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ ദമ്മാജ് സലഫിസവും ഐസിസും കൂട്ടിക്കുഴക്കുന്ന സ്ഥിതി വിശേഷമുണ്ടായി. സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും രണ്ടിനെയും പരസ്പരം ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചത്. രണ്ടിനെയും രണ്ടായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ കൃത്യമായ ബോധവത്കരണവും പ്രതിരോധവും സാധ്യമാകൂ. സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുത്ത്, മതത്തിന്റെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് രൂപപ്പെട്ട ഹിംസാത്മകമായ ആള്‍ക്കൂട്ടമാണ് ഐസിസ്. അത് തീവ്രവാദവുമാണ്. ഇതര മതസ്ഥര്‍, സ്ത്രീകള്‍, ജിഹാദിന് വേണ്ടി പുറപ്പെടാത്തവര്‍ തുടങ്ങിയവരോടുള്ള ഐസിസിന്റെ സമീപനം ആയുധങ്ങള്‍ കൊണ്ടാണ്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ അസ്ഥിരത പടര്‍ത്തുന്ന ഐസിസിന് ജൂത സയണിസ്റ്റ് ലോബികളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത് സത്യമായിരുന്നാലും ഇല്ലെങ്കിലും, ഐസിസ് മുസ്‌ലിംകളെയോ മുസ്‌ലിം രാഷ്ട്രങ്ങളെയോ സഹായിക്കുന്നതിന് വേണ്ടി രൂപം കൊണ്ടതല്ല എന്ന് തീര്‍ത്തു പറയാന്‍ സാധിക്കും.

മുസ്‌ലിം സംഘടനകളെല്ലാം കക്ഷിത്വത്തിന് (ഹിസ്ബിയ്യ) വിധേയമായിരിക്കുന്നുവെന്നും അത് കൊണ്ട് സംഘടനകളും കക്ഷികളും ഇസ്‌ലാമിക വിരുദ്ധമാണെന്നും വാദിക്കുന്നവരാണ് യമന്‍ സലഫികള്‍. അരാജകവാദത്തിന്റെ ഈ അംശങ്ങളാവാം യുവാക്കളെ അതിലേക്ക് ആകര്‍ഷിക്കുന്നത്. അറബി അറിയുന്ന പണ്ഡിതന്മാര്‍ മാത്രമേ പ്രബോധനം (ദഅവത്ത്) നടത്താന്‍ പാടുള്ളൂവെന്നും പ്രവാചക ജീവിതത്തെ അക്ഷരാര്‍ഥത്തില്‍ അനുധാവനം ചെയ്യണമെന്നുമാണ് അവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സാകിര്‍ നായികിന്റെയും ഭൗതിക വിദ്യാഭ്യാസം നേടിയവര്‍ നേതൃത്വം നല്‍കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ ഇവര്‍ എതിര്‍ക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കാണാതായവരില്‍ ചിലര്‍ സാകിര്‍ നായികിന്റെ അനുയായികളാണെന്ന മാധ്യമറിപ്പോര്‍ട്ടുകളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്. സാകിര്‍ നായികിന്റെ പ്രബോധനരീതിയോട് വിയോജിപ്പുള്ളവരാണവര്‍. സാകിര്‍ നായികിന് നീതി ലഭ്യമാക്കണം എന്ന് മതേതരമായ ഒരു സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതും തെറ്റാണത്രെ. കാരണം, ഇസ്‌ലാമികേതരമായ ഒരു സര്‍ക്കാറിനോട്, ഇസ്‌ലാമികേതരമായ ഒരു നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെടുന്നതും അതിന് വേണ്ടി സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ നടത്തുന്നതും തിന്മയില്‍ സഹകരിക്കുന്നതിന്റെ ഭാഗമായി വരുമെന്നാണ്, സാകിര്‍ നായികിന് വേണ്ടിയുള്ള പ്രചരണകാലത്തെ നവസലഫികളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പറഞ്ഞിരുന്നത്. ഇസ്‌ലാമുമായി ബന്ധമില്ലാത്ത വിചിത്രവും യുക്തിരഹിതവും ബഹുസ്വരതയുടെ ആണിക്കല്ല് ഇളക്കുന്നതുമായ ഇത്തരം പ്രചരണങ്ങള്‍ക്ക് ഫേസ്ബുക്ക് തന്നെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ.

പ്രവാചകന്‍ ഉപജീവനത്തിനായി ആടിനെ വളര്‍ത്തിയിരുന്നത് കൊണ്ട്, നവസലഫികള്‍ അതില്‍ പുണ്യം കല്‍പിക്കുകയും അത് ജീവിത മാര്‍ഗമായി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പൊതുവെ അരാഷ്ട്രീയ സ്വഭാവമുള്ള യമന്‍ സലഫിസത്തിലെ പണ്ഡിതന്മാര്‍ എല്ലാം തന്നെ ഐസിസിന്റെ കടുത്ത വിമര്‍ശകരാണ്. ആട് വളര്‍ത്തലൊന്നും ഐസിസിന്റെ അജണ്ടയേ അല്ല. ഐസിസിനെയും നവസലഫി വാദങ്ങളെയും വേര്‍തിരിച്ചു മനസ്സിലാക്കിയെങ്കില്‍ മാത്രമേ, മാധ്യമങ്ങളുടെ ഇസ്‌ലാമോഫോബിയയുടെ അകമ്പടി നില്ക്കുന്ന സമീപനത്തെയും മുസ്‌ലിംകള്‍ പൊതു മണ്ഡലത്തിലിടപെടുന്ന സാമൂഹ്യവിഭാഗമായി മാറേണ്ടതിന്റെ ആവശ്യകതയേയും തിരിച്ചറിയാനാകൂ. ഇല്ലെങ്കില്‍, ഇസ്‌ലാമോഫോബിയയുടെ ആനൂകൂല്യം പറ്റിപ്പിടിച്ച് യാഥാസ്ഥിതിക ആശയങ്ങള്‍ സമൂഹത്തില്‍ വേരോട്ടമുണ്ടാക്കും.

സലഫിവാദങ്ങളും കേരള മുസ്‌ലിംകളും

ആട് മേച്ചും കൃഷി ചെയ്തും മുന്നോട്ട് പോകുന്ന ആത്മീയാനുരാഗികളെ വിമര്‍ശിക്കുന്നത് എന്തിനാണ് എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.  ഹിമാലയ സാനുക്കളിലും മലമുകളിലും സന്ന്യസിക്കാന്‍ പോകുന്ന ഹിന്ദുസഹോദരങ്ങളുണ്ട്. സമാനമായി, യമനിലേക്ക് പോകുന്നവരെയും കണ്ടുകൂടെ എന്നും അതവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ എന്നുമാണ് ചോദ്യത്തിന്റെ പൊരുള്‍. ഇന്ത്യ എന്ന രാജ്യം തങ്ങള്‍ക്ക് താമസിക്കാന്‍ അനുയോജ്യമല്ല എന്നോ ഇവിടെ താമസിക്കുന്നവരുടെ മതജീവിതം പൂര്‍ണമാകില്ല എന്നോ സ്ഥാപിച്ചുകൊണ്ടല്ല ഹിമാലയത്തിലേക്ക് 'പലായനം' ചെയ്യുന്നത്. എന്നാല്‍ നവസലഫി വാദങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍ അവ ചെന്നെത്തുന്നത് ഇന്ത്യയില്‍ മുസ്‌ലിമിന് ജീവിതമേ സാധ്യമല്ല എന്ന തീര്‍പ്പിലേക്കാണ്. ഇവിടുത്തെ വ്യവസ്ഥകളെ അംഗീകരിച്ച് ജീവിക്കുന്നവര്‍ വിശ്വാസത്തോട് നീതി പുലര്‍ത്താത്തവരും സലഫി ധാരക്ക് പുറത്തുമാണെന്ന് നവസലഫിസം പഠിപ്പിക്കുന്നു.

മുസ്‌ലിമിന്റെ വിശ്വാസം പൂര്‍ണമാവുന്നതിന്റെ ഭാഗമാണ് ഇസ്‌ലാമിക രാജ്യങ്ങളിലേക്കുള്ള പലായനമെന്ന അധ്യാപനം കേരളത്തില്‍, ഇന്ത്യയില്‍, മറ്റ് ഇസ്‌ലാമികേതര രാജ്യങ്ങളില്‍ വസിക്കുന്ന മുഴുവന്‍ മുസ്‌ലിംകളെയും പ്രതിസന്ധിയിലാക്കുന്നതാണ്. ജീവിക്കുന്ന രാജ്യത്തോടുള്ള അവരുടെ കൂറ് ഇസ്‌ലാമിക വിരുദ്ധമാണെന്നുള്ള അധ്യാപനം ബഹുസ്വര സമൂഹത്തിന്റെ കെട്ടുറപ്പിന് വിള്ളലാഴ്ത്തുകയും, മറ്റ് സമുദായങ്ങളില്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്നതാണ്. പ്രമാണങ്ങളെയും ഇസ്‌ലാമിക ജീവിതത്തെയും അടുത്തറിയാത്ത ഭൗതിക വിദ്യഭ്യാസം നേടിയവര്‍ കാപട്യത്തിന്റെ മനസ്സുമായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ഇത് ക്രമേണയെങ്കിലും രാജ്യത്തിന്റെ മതനിരപേക്ഷതയുടെ താളം തെറ്റിക്കുന്നതാണ്.

എങ്ങനെയാണ് പ്രമാണങ്ങളെ സമീപിക്കേണ്ടത് എന്നതിന്റെ രീതിശാസ്ത്രത്തെയാണ് മന്‍ഹജുസ്സലഫ് (പൂര്‍വികരുടെ മാര്‍ഗം) എന്നു പറയുന്നത്. പ്രവാചകന് ശേഷം വിവിധ കക്ഷികളും ചിന്താധാരകളും ഖുര്‍ആനിനെയും ഹദീസിനെയും ദുര്‍വ്യാഖ്യാനം ചെയ്തപ്പോഴാണ് എങ്ങനെയാണ് പ്രമാണങ്ങളെ സമീപിക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചനകളുണ്ടായത്. എന്നാല്‍ ഗള്‍ഫ് സലഫികള്‍ സലഫി രീതിശാസ്ത്രം എന്ന പേരില്‍ അവതരിപ്പിക്കുന്നത് പ്രമാണത്തിന്റെ തെറ്റായ വായനകളാണ്. ആ വ്യാഖ്യാനങ്ങളൊക്കെ തന്നെയും ഇസ്‌ലാമിന്റെ സൗന്ദര്യാത്മകതയെ നിരാകരിക്കുന്നതും സാമൂഹിക മുന്നേറ്റങ്ങളില്‍ നിന്ന് പിറകോട്ട് വലിക്കുന്നതുമാണ്.

ഹദീസ് നിരൂപണശാസ്ത്രത്തിന്റെ ഭാഗമായി ദുര്‍ബലവും സ്വീകാര്യവുമായ ഹദീസുകളെ വേര്‍തിരിക്കുന്ന അല്‍ ജര്‍ഹു വത്തഅ്ദീല്‍, ബിദ്അത്തുകള്‍ അനുഷ്ഠിക്കുന്നവരെ അകറ്റിനിര്‍ത്താന്‍ ആവശ്യപ്പെടുന്ന ഹജ്‌റുല്‍ മുബ്തദിഅ്, വിശ്വാസികളോടും അല്ലാത്തവരോടും വര്‍ത്തിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന അല്‍വലാഉ വല്‍ ബറാഅ് എന്നീ മൂന്ന് കാര്യങ്ങളാണ് സലഫി മന്‍ഹജിന്റെ അടിസ്ഥാന താല്പര്യങ്ങളെന്ന് അവര്‍ തന്നെ പറയുന്നു. ഇതില്‍ ബിദ്അത്തുകാരോടുള്ള സമീപനവും ഇസ്‌ലാമേതര വിശ്വാസികളോടുള്ള സമീപനവും ഏറെ വിമര്‍ശനാര്‍ഹവും സാമൂഹ്യക്രമത്തില്‍ സ്വാധീനം ചെലുത്തുന്നതുമാണ്. ഈ രണ്ട് കാര്യങ്ങള്‍ക്കും 'പ്രാമാണികമായ പിന്തുണ' നേടിയെടുക്കലാണ് അല്‍ ജര്‍ഹു വത്തഅ്ദീല്‍ ചെയ്യുന്നത്. നൂറ്റാണ്ടുകളിലൂടെ ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകത്തിന്റെ ഭാഗമായി മാറിയ ഉസ്വൂലുല്‍ ഹദീസിനെയും (ഹദീസ് നിദാനശാസ്ത്രം) ഉസ്വൂലുത്തശ്‌രീഇനെയും (മതവിധികളുടെ നിര്‍ധാരണം) സങ്കുചിത വ്യാഖ്യാനങ്ങള്‍ക്കുള്ള പ്രതലമാക്കി മാറ്റുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അല്‍വലാഉ വല്‍ ബറാഅ്

അല്‍ വലാഅ് എന്നാല്‍ അല്ലാഹുവിന്റെ പേരിലുള്ള സ്‌നേഹബന്ധങ്ങളും അല്‍ ബറാഅ് എന്നാല്‍ അവിശ്വാസികളോടുള്ള ബന്ധങ്ങളുമാണ് വിവക്ഷിക്കുന്നത്. 'അവിശ്വാസികളോടുള്ള ബന്ധം' എന്നതിനേക്കാള്‍ അതില്‍ നിന്ന് എങ്ങനെയൊക്കെ മാറിനില്ക്കണം എന്നാണ് ഇതില്‍ ആലോചിക്കുന്നത്. അല്‍ ബറാഅ് എന്ന വാക്കിനര്‍ഥം തന്നെ മാറിനില്‍ക്കല്‍, മുക്തമാകല്‍ എന്നൊക്കെയാണ്. ഈ പഠനവും അതിന്റെ പ്രയോഗികരൂപവും ഇസ്‌ലാമിക പ്രമാണങ്ങളുടെ തെറ്റായ വ്യാഖ്യാനവും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്തുള്ള സങ്കുചിത ചിന്തകളുമാണ്. അതാവട്ടെ, ലോകര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്റെ താല്പര്യത്തിന് വിരുദ്ധവും ലോകര്‍ക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് എതിരുമാണ്. സുഊദി പണ്ഡിതനായ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ അല്‍ വലാഉ വല്‍ബറാഇന്റെ നിയമങ്ങള്‍ പാലിക്കാത്തവരുടെ പത്ത് സ്വഭാവങ്ങള്‍, പ്രത്യേകതകള്‍ എണ്ണിപ്പറയുന്നുണ്ട്. അവിശ്വാസികള്‍ക്കിടയില്‍ താമസിക്കല്‍, തങ്ങളുടെ ദീനിനെ സംരക്ഷിക്കുന്നതിന് വേണ്ടി മുസ്‌ലിം രാജ്യത്തേക്ക് പലായനം ചെയ്യാതിരിക്കല്‍, ക്രിസ്തുവര്‍ഷം അഥവാ ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിച്ചുള്ള തിയ്യതി കുറിക്കല്‍, ഇസ്‌ലാമികമല്ലാത്ത ആഘോഷങ്ങള്‍ക്ക് ആശംസയര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള അല്‍ വലാഉ വല്‍ബറാഅ് അവശേഷിക്കുന്നില്ല. അവര്‍ സലഫിധാരയില്‍ നിന്നും പുറത്ത് പോയിരിക്കുന്നു എന്നാണ് ശൈഖ് ഫൗസാന്‍ വിശദീകരിക്കുന്നത്. അമുസ്‌ലിംകളെ 'സഹോദരാ' എന്ന് അഭിസംബോധന ചെയ്യുന്നത് നിഷിദ്ധമാണെന്നാണ് ശൈഖ് സ്വാലിഹ് അല്‍ ഉസൈമീന്‍ നല്‍കുന്ന ഫത്‌വ. അതുകൊണ്ട് തന്നെ എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന സാധാരണ ഗതിയില്‍ പറയുന്ന പ്രയോഗങ്ങള്‍ പോലും ഇവര്‍ക്ക് അരോചകമാണ്. സര്‍ക്കാര്‍ ജോലി സ്വീകരിക്കാനോ മിശ്രവിദ്യാഭ്യാസം അനുസരിച്ച് പഠനം നടത്താനോ പാടുള്ളതല്ല.

ഇസ്‌ലാമികേതര രാജ്യത്ത് സമ്പൂര്‍ണ പൗരനായി ജീവിക്കാന്‍ പറ്റാത്ത രൂപത്തില്‍ മതതത്വങ്ങളെ വ്യാഖ്യാനിച്ച പണ്ഡിതനാണ് സയ്യിദ് മൗദൂദി. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ക്ക് അധികാര രാഷ്ട്രീയത്തിന്റെ ചുവ കൂടി ഉണ്ടായിരുന്നെങ്കില്‍ നവ സലഫി വാദങ്ങള്‍ക്ക് അധികാരം നേടേണ്ട മാര്‍ഗം പ്രബോധനം മാത്രമാണ്. അതിനാകട്ടെ, അധികാരം സ്ഥാപിക്കല്‍ ബാധ്യതയോ മുന്‍ഗണനയോ ആകുന്നുമില്ല. രാജ്യം ഇസ്‌ലാമികമല്ലെങ്കില്‍ പലായനം ചെയ്യുക എന്ന പോംവഴിയാണ് സലഫികള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് കളങ്കമുണ്ടാക്കുകയും ഇവിടെ ജീവിക്കുന്ന ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും സാമൂഹികമായ പിന്മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. കേവലമായ ആത്മീയ വാദമെന്നോ വൈയക്തികമായ താല്പര്യത്തിന് പുറത്തുള്ള വ്യക്തിസ്വാതന്ത്യമെന്നോ പറഞ്ഞ് അവഗണിക്കാന്‍ കഴിയാത്ത വിധം ധ്രുവീകരണം സൃഷ്ടിക്കുകയാണ് ഈ വാദങ്ങള്‍ ചെയ്യുന്നത്.

ഒരു ചെറുവിഭാഗം അമുസ്‌ലിംകളോട് സഹകരിക്കാതെയും ബഹുസ്വരമായ നിലപാടുകള്‍ സ്വീകരിക്കാതെയും ജീവിക്കുന്നത് കൊണ്ട് എന്താണ് അപകടമെന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ചുള്ള തിയ്യതി കുറിക്കലിനെ എതിര്‍ക്കുന്നതും അമുസ്‌ലിംകളെ സഹോദരാ എന്ന് വിളിക്കുന്നതിന് പകരം സുഹൃത്തെ എന്ന് വിളിക്കുന്നതും കൊണ്ട് എന്ത് അപകടമാണ് ഈ ബഹുസ്വര സമൂഹത്തിന് ഉണ്ടാവുക എന്നും ചിന്തിക്കുന്നവരുണ്ടാകാം. അവര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാത്ത കാലത്തോളം അവരെ എതിര്‍ക്കുന്നതെന്തിനെന്ന ചോദ്യം നിങ്ങളില്‍ ഉയരുന്നുണ്ടെങ്കില്‍, ജനാധിപത്യവും ബഹുസ്വരതയും ആന്തരികവത്കരിച്ച സാമൂഹികാവസ്ഥയാണ് പ്രസ്തുത ചോദ്യത്തിന്റെ സ്രോതസ്സ്. ആ ഉറവിടത്തില്‍ മണ്ണിട്ട് മൂടാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെയും നിസാരമായ കാര്യങ്ങളാണെങ്കില്‍ എന്തുകൊണ്ട് പ്രമാണങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ സഹിതം അവയെ വിലക്കേണ്ട ആവശ്യമുണ്ടായി എന്നൊരു മറുചോദ്യവും അവശേഷിക്കുന്നുണ്ട്. സലഫി മന്‍ഹജിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍ എന്തുകൊണ്ട് ഈ രൂപത്തിലുള്ള വിലക്കുകള്‍ സ്ഥാനം പിടിച്ചു എന്നതും ഗൗരവമുള്ള ചോദ്യമാണ്. ഒരു ബഹുസ്വര സമൂഹത്തിന്റെ സുസ്ഥിരവും ആരോഗ്യകരവുമായ നിലനില്പ് സാധ്യമാകുന്നത് ചെറിയ കാര്യങ്ങളെന്ന് നാം വിശ്വസിക്കുന്ന ഇത്തരം പങ്കുവെപ്പുകളിലൂടെയാണ്. ഈ പങ്കുവെപ്പുകളെ ഇല്ലാതാക്കുകയും ഏകശിലാത്മകമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നത്, കേരള മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരമാണ്.     


ശബാബ് • Shabab
22-07-2016

Tuesday, July 19, 2016

തൗഹീദ്: കണിശമായ വിശ്വാസം കലര്‍പ്പറ്റ ആരാധന | അബ്ദുല്‍അലി മദനി


അക്രമിയും സ്വേച്ഛാധിപതിയുമായ ഒരു രാജാവിന് സദ്‌വൃത്തനായൊരാളെ കാരാഗൃഹത്തിലിടാന്‍ കഴിയും. നന്മയുടെ സാക്ഷാല്‍ക്കാരത്തിനായി നിലകൊണ്ട അയാള്‍ ജയിലിലും ധിക്കാരിയായ രാജാവ് സുഭിക്ഷതയനുഭവിച്ച് സര്‍വതന്ത്രസ്വതന്ത്രനായി പുറത്തും കഴിച്ചുകൂട്ടുന്ന അവസ്ഥ ഇഹലോകജീവിതത്തില്‍ നാം കാണുന്നു. ഇതു നീതിയല്ലെങ്കില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം എവിടെ നിന്ന് നല്കുമെന്ന് ചോദിച്ചാല്‍ കുയുക്തികള്‍ പറഞ്ഞ് മനുഷ്യരെ വളച്ചെടുക്കാന്‍ പാടുപെടുന്നവരാണ് യുക്തിവാദികള്‍. അവര്‍ പദാര്‍ത്ഥങ്ങള്‍ക്കപ്പുറമുള്ള എല്ലാറ്റിനെയും നിരാകരിക്കുന്നു. ഇതൊന്നും ഉറപ്പായ പ്രമാണങ്ങളുടെയടിസ്ഥാനത്തിലല്ല. മറിച്ച്, ദുരൂഹതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നതിലൂടെയാണ്. ആയതിനാല്‍ ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധ്യനില്ല) എന്ന വചനം ഇത്തരം വാദഗതികളുടെ മുനയൊടിക്കുന്ന ഒരായുധവും കൂടിയാണ്. സൂര്യനെയും ചന്ദ്രനെയും ആപേക്ഷികമായി വലുതാണെന്നും മെച്ചപ്പെട്ടവയാണെന്നും കരുതി അവയെ ആരാധിക്കുന്നവരോട് ഖുര്‍ആന്‍ പറയുന്നതിതാണ്: ''അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക. നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.'' (വി.ഖു 41:37)

Wednesday, June 1, 2016

ബറാഅത്ത് രാവ് താല്പര്യവും വിവക്ഷയും | പി കെ മൊയ്തീന്‍ സുല്ലമി


പാപത്തില്‍ നിന്നും മുക്തമാകുന്ന രാവ് എന്നാണ് ബറാഅത്ത് രാവ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒരു മൊല്ല വീട്ടില്‍ വന്ന് യാസീന്‍ പാരായണം ചെയ്തതിനു ശേഷം ഒരു പ്രാര്‍ഥന ചൊല്ലിയാല്‍ വീട്ടുകാരന്റെ ആ വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന അന്ധവിശ്വാസമാണ് ഇതിന് പിന്നിലുള്ളത്. എന്നാല്‍ നമ്മുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരണമെങ്കില്‍ പാപം ചെയ്ത വ്യക്തി തന്നെ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും പിന്നീട് പ്രസ്തുത തെറ്റിലേക്ക് മടങ്ങാതിരിക്കുകയും സല്‍കര്‍മങ്ങള്‍ തുടര്‍ച്ചയായി അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടിരിക്കണമെന്ന് ഖുര്‍ആനും സുന്നത്തും നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ തെറ്റുകള്‍ സഹജീവികളായ മനുഷ്യരോടാണെങ്കില്‍ അവരും നമുക്ക് പൊറുത്തുതരികയും നമ്മുടെ പാപം പൊറുക്കാന്‍ അല്ലാഹുവോട് തേടുകയും ചെയ്യേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ബറാഅത്ത് രാവ് സങ്കല്പത്തിനും അതിലെ പ്രത്യേക അനുഷ്ഠാനങ്ങള്‍ക്കും യാതൊരു തെളിവുമില്ല. ശാഫിഈ മദ്ഹബുകാരാണെന്ന് അവകാശപ്പെടുന്നവരാണ് ഈ രാവാചരണം നടത്തുന്നത്. എന്നാല്‍ ഇതിന് മദ്ഹബിന്റെ പിന്‍ബവുമില്ല.

ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ ബറാഅത്ത് രാവിനെ സംബന്ധിച്ച് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. ശാഫിഈ മദ്ഹബുകാരുടെ മുഫ്തിയായ ഇബ്‌നുഹജറുല്‍ ഹൈതമി(റ) ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പുണ്യവും ശാമുകാരായ ചില താബിഉകള്‍ (സ്വഹാബത്തിന് ശേഷം വന്നവര്‍) മതത്തില്‍ നിര്‍മിച്ചുണ്ടാക്കിയതാണ് എന്നാണ് പറയുന്നത്. ''ശാമുകാരായ താബിഉകളില്‍ പെട്ട ചിലര്‍ ശഅ്ബാന്‍ പാതിരാവിനെ ആദരിക്കുകയും അന്ന് ആരാധനകളില്‍ മുഴുകുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ടെങ്കിലും ശരി അവര്‍ നിര്‍മിച്ചുണ്ടാക്കിയ അനാചാരങ്ങളാണ് ജനങ്ങള്‍ ആ രാവില്‍ പിന്നീട് തുടര്‍ന്നുപോന്നിട്ടുള്ളത്. അവരതിന്ന് സ്വഹീഹായ രേഖകള്‍ അവലംബിച്ചുകൊണ്ടല്ല പ്രവര്‍ത്തിച്ചുവന്നിട്ടുള്ളത്. അവരതിന് അവലംബിച്ചത് യഹൂദി കഥകളാണ്. ഈ വിഷയത്തില്‍ ഇമാം ശാഫിഈ(റ)യുടെയും ഇമാം മാലിക്കിന്റെയും(റ) മറ്റുള്ളവരുടെയും അഭിപ്രായം അപ്രകാരമാണ്. ഈ വിഷയത്തില്‍ നബി(സ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ യാതൊരു റിപ്പോര്‍ട്ടും സ്വഹീഹായി വന്നിട്ടില്ലാത്തതിനാല്‍ ആ രാവില്‍ നടത്തുന്ന എല്ലാ കര്‍മങ്ങളും അനാചാരമാണ്.'' (ഫതാവല്‍കുബ്‌റാ 2:80)

ഇബ്‌നുഹജറുല്‍ ഹൈതമിയുടെ ഈ വിഷയത്തില്‍ വന്ന മറ്റൊരു പ്രസ്താവന ശ്രദ്ധിക്കുക: ''ശഅ്ബാന്‍ പാതിരാവിന്റെയും ഈ രാവിന്റെയും (മിഅ്‌റാജ്‌രാവ്) ശ്രേഷ്ഠതകളെക്കുറിക്കുന്ന സകല റിപ്പോര്‍ട്ടുകളും അടിസ്ഥാനമില്ലാത്ത നുണകളാണ്.'' (ഫതാവല്‍ കുബ്‌റാ 1:184)

ഇമാം നവവി(റ)യുടെ ഗുരുനാഥനായ അബൂശാമ(റ) ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതകളെക്കുറിക്കുന്ന മൂന്ന് റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ''ഈ ഹദീസുകളും ദുര്‍ബലമായ പരമ്പരകളോട് കൂടിയുള്ളതാണ്. ഒന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നു അബീസുബ്‌റയും രണ്ടാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഹജ്ജാജുബ്‌നു അര്‍ത്വഅതും മൂന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നു ലുഹൈഅതും ഉണ്ട്.'' (കിതാബുല്‍ ബാഇസ് പേജ് 131)

ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പുണ്യവും നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്: 'ഇബ്‌നുവല്ലാഹ്, സൈദുബ്‌നു അസ്‌ലമില്‍ (റ) നിന്ന് ഇപ്രകാരം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഞങ്ങളുടെ മതനേതാക്കളോ കര്‍മശാസ്ത്രപണ്ഡിതന്മാരോ ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതയിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലും ഞങ്ങള്‍ കണ്ടിട്ടില്ല. മറ്റുള്ള രാവുകളെക്കാള്‍ അതിന് യാതൊരു ശ്രേഷ്ഠതയും അവര്‍ കല്പിക്കുകയും ചെയ്തിരുന്നില്ല. ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദാസന്മാരേ, ഹദീസുകള്‍ നിര്‍മിക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഒരു റിപ്പോര്‍ട്ട് നുണയാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് ദീനില്‍ നിന്നു പുറത്താണ്.'' (കിതാബുല്‍ ബാഇസ് പേജ് 127).

മേല്‍ പറഞ്ഞ പണ്ഡിതന്മാരുടെ പ്രസ്താവനകളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത് ശഅ്ബാന്‍ പാതിരാവില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ഥനകളും നമസ്‌കാരങ്ങളും പകലില്‍ അനുഷ്ഠിക്കുന്ന നോമ്പും അടിസ്ഥാന രഹിതങ്ങളായ അനാചാരങ്ങളില്‍ പെട്ടതാകുന്നു എന്നാണ്. അതേയവസരത്തില്‍ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നതിനെ ഇസ്‌ലാം നിരോധിച്ചിട്ടില്ല. നബി(സ) യും സഹാബത്തും ഖദ്വാ ആയിട്ടുള്ള നോമ്പുകള്‍ നോറ്റുവീട്ടാറുണ്ടായിരുന്നത്. മിക്കപ്പോഴും ശഅ്ബാനിലായിരുന്നു. ആ വിഷയത്തില്‍ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ഇവിടെ പണ്ഡിതന്മാര്‍ അനാചാരമാണെന്നു പ്രസ്താവിച്ചത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിന് അഥവാ ബറാഅത്ത് രാവിന് നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യേകമായ നോമ്പിനെയും നമസ്‌കാരത്തെയും പ്രാര്‍ഥനകളെയും സംബന്ധിച്ചാണ്. ഈ വിഷയത്തില്‍ വന്ന ഇബ്‌നു തൈമിയ്യ(റ)യുടെ പ്രസ്താവന ഇപ്രകാരമാണ്: ''എന്നാല്‍ ശഅ്ബാന്‍ പാതി ദിനത്തില്‍ ഒറ്റപ്പെട്ട് ആചരിക്കുന്ന നോമ്പിന് യാതൊരു അടിസ്ഥാനവുമില്ല. അത് വെറുക്കപ്പെട്ടതാണ്. അന്ന് ഒരാഘോഷമാക്കിക്കൊണ്ട് പ്രത്യേകം മോടി കൂട്ടി ഭക്ഷണമുണ്ടാക്കലും അടിസ്ഥാനരഹിതമായ അനാചാരത്തില്‍ പെട്ടതാണ്'' (ഇഖ്തിദ്വാഉ സ്വിറാത്തില്‍ മുസ്തഖീം 2:138).

ശഅ്ബാന്‍ പാതിരാവിന്റെ അനാചാരങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത് പ്രസ്തുത രാവിലാണെന്നത് അബദ്ധം രേഖപ്പെടുത്തിയവരുണ്ട്. ജലാലൈനി തഫ്‌സീറില്‍ രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ''തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.'' (ദുഖാന്‍ 3). ''അഥവാ ലൈലതുല്‍ഖദ്‌റില്‍, അല്ലെങ്കില്‍ ശഅ്ബാന്‍ പാതിരാവില്‍'' (ജലാലൈനി 2:562).

ജലാലൈനി തഫ്‌സീര്‍ ഇവിടെ ചെയ്തത്, അനുഗൃഹീത രാവായ ലൈലതുല്‍ ഖദ്‌റിനെ, ശഅ്ബാന്‍ പാതിരാവാണെന്ന് സംശയിക്കുകയാണ്. യഥാര്‍ഥത്തില്‍ ശഅ്ബാനും ഖുര്‍ആന്‍ അവതരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മുസ്‌ലിം ലോകം അംഗീകരിക്കുന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ മുഴുവന്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും പ്രസ്താവനകള്‍ ശ്രദ്ധിക്കുക. ഇമാം നവവി(റ) പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണ് എന്ന ചില മുഫസ്സിറുകളുടെ അഭിപ്രായം തെറ്റാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും നാം അതിനെ അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അതിനെ ലൈലതുല്‍ ഖദ്‌റില്‍ ഇറക്കിയിരിക്കുന്നു.'' (6:245).

ഇമാം ഇബ്‌നുകസീര്‍ പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണെന്ന് ഇക്‌രിമയെപ്പോലെ വല്ലവനും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ പ്രമാണങ്ങളില്‍ നിന്ന് വളരെ വിദൂരമാണ്. ഖുര്‍ആന്‍ അവതരിപ്പിച്ചത് റമദ്വാനിലാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.'' (4:137)

ഇമാം റാസി പറയുന്നു: ''അല്ലാഹു അനുഗൃഹീതരാവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശഅ്ബാന്‍ പാതിയിലെ രാവാണെന്നു പറഞ്ഞവര്‍ അതിന് തെളിവ് ഉദ്ധരിച്ചതായി ഞാന്‍ കണ്ടിട്ടില്ല.'' (തഫ്‌സീറുല്‍ കബീര്‍ 7:316)

ഇമാം ഖുര്‍തുബി പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസം റമദ്വാനിലാകുന്നു എന്ന് അല്ലാഹു അറിയിച്ചിരിക്കന്നു'' (ഖുര്‍ത്വുബി 16:127, 128). അഹ്‌ലുസ്സുന്നയുടെ സമുന്നതരായ പണ്ഡിതന്മാര്‍ ഈ വാദത്തെ എതിര്‍ത്തിട്ടുണ്ട്.
ചുരുക്കത്തില്‍ ബറാഅത്ത് രാവ് എന്ന രാവും പ്രസ്തുത രാവില്‍ നടത്തപ്പെടുന്ന ആരാധനാ കര്‍മങ്ങളും ഇബ്‌നുഹജറുല്‍ ഹൈതമിയും ഇമാം അബൂശാമയും ഇബ്‌നു തൈമിയ്യ(റ)വും രേഖപ്പെടുത്തിയതുപോലെ അനാചാരങ്ങളില്‍ പെട്ടതാണ്. ഖുര്‍ആനിന്റെ അവതരണം ലൈലതുല്‍ ഖദ്‌റിലാണ് എന്ന വിഷയം മുസ്‌ലിം ലോകത്ത് ഇജ്മാഅ് (ഏകാഭിപ്രായം) ഉള്ള വസ്തുത
യാണ്.          

ശബാബ് വാരിക
2016 മെയ് 20

ഇസ്‌റാഉം മിഅ്‌റാജും അനുബന്ധ അനാചാരങ്ങളും | പി കെ മൊയ്തീന്‍ സുല്ലമി



വിശുദ്ധ ഖുര്‍ആനിനു ശേഷം നബി(സ)യിലൂടെ അല്ലാഹു വെളിപ്പെടുത്തിയ ഏറ്റവും വലിയ മുഅ്ജിസത്തുകളാണ് ഇസ്‌റാഉം മിഅ്‌റാജും. അവ നിഷേധിക്കുന്നവര്‍ കാഫിറുകളാണ്. എന്നാല്‍ ഇസ്‌റാഉം മിഅ്‌റാജും ആഘോഷമാക്കാനോ അന്ന് പ്രത്യേക ആരാധനകള്‍ അനുഷ്ഠിക്കാനോ അല്ലാഹുവോ റസൂലോ കല്പിച്ചിട്ടില്ല. നബി(സ)ക്ക് പല സന്ദര്‍ഭങ്ങളിലായി അല്ലാഹുവിന്റെ അനുമതിയോടുകൂടി ചെറുതും വലുതുമായ നിരവധി മുഅ്ജിസത്തുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയോടനുബന്ധിച്ച് പ്രത്യേക നമസ്‌കാരങ്ങളോ നോമ്പോ പ്രാര്‍ഥനകളോ മറ്റു ആരാധനാ കര്‍മങ്ങളോ ചര്യയാക്കിയിട്ടില്ല. ഇസ്‌റാഅ്, മിഅ്‌റാജ്, ബറാഅത്ത് രാവ് തുടങ്ങി യാഥാസ്ഥിതികരും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന ആരാധനാകര്‍മങ്ങള്‍ അവര്‍ സ്വയം നിര്‍മിച്ചതാണ്. ഇത്തരം ദിവസങ്ങളില്‍ മതപുരോഹിതന്മാര്‍ വീടുകളില്‍ കയറി വീട്ടുകാര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തുകയും ഭക്ഷണം കഴിച്ച് കൈമടക്കു വാങ്ങുകയും ചെയ്യുന്നു!

ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും ദിനത്തില്‍ നമസ്‌കാരവും നോമ്പും അനുഷ്ഠിക്കണമെങ്കില്‍ പ്രസ്തുത ദിനം കൃത്യമായി അറിയേണ്ടതുണ്ട്. എന്നാല്‍ ആ ദിനത്തിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ട്. ഫത്ഹുല്‍ ബാരിയില്‍ ഇബ്‌നുഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തുന്നു: ''ഇസ്‌റാഅ് മിഅ്‌റാജ് എന്നുണ്ടായി എന്നതിനെ സംബന്ധിച്ച് പത്തിലധികം അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. റമദാനിലാണെന്നും ശവ്വാലിലാണെന്നും റജബിലാണെന്നും റബീഉല്‍ അവ്വലിലാണെന്നും റബീഉല്‍ ആഖറിലാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.'' സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാനമായ ഉംദതുല്‍ഖാരിയില്‍ ഇമാം ഐനി പ്രസ്താവിക്കുന്നു: ''ഇസ്‌റാഅ് സംഭവം ദുല്‍ഖഅ്ദ മാസത്തിലാണെന്നും ഇമാം സുഹ്‌രിയുടെ അഭിപ്രായത്തില്‍ റബീഉല്‍ അവ്വലിലാണെന്നും റജബുമാസം ഇരുപത്തി ഏഴിനാണെന്നും റജബു മാസം ആദ്യ ജുമുഅ രാവിലാണെന്നും പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്'' (4:39). ഇസ്‌റാഉം മിഅ്‌റാജും ഏതു രാവിലാണ് സംഭവിച്ചതെന്നു പോലും അറിയാത്ത അവസ്ഥയില്‍ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ റജബ് 27-ന് പ്രാധാന്യം നല്കി അന്ന് പ്രത്യേക ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത്.

ഇനി അന്നത്തെ നോമ്പിന്റെ കാര്യം നോക്കാം. ഇസ്‌ലാമിലെ നോമ്പ് രാത്രിയാണോ അതോ പകലോ? നബി(സ)യുടെ ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ചത് രാത്രിയല്ലേ? നോമ്പിന്റെ സമയം പകലല്ലേ? രാത്രിയില്‍ നടന്ന ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും അടിസ്ഥാനത്തില്‍ എങ്ങനെ പകല്‍ നോമ്പനുഷ്ഠിക്കും? റജബ് 27-ന്റെ ശ്രേഷ്ഠതകളെ കുറിക്കുന്ന സകല റിപ്പോര്‍ട്ടുകളും ദുര്‍ബലങ്ങളോ നിര്‍മിതങ്ങളോ ആണ്. റജബ് 27-നും ബറാഅത്ത് രാവിനും നിര്‍വഹിക്കണം എന്നു പറയപ്പെടുന്ന ഒരു നമസ്‌കാരമാണ് സ്വലാത്തുര്‍റഗാഇബ്. ഇത് 100 റക്അത്തായതിനാല്‍ ഇത് പുണ്യമാണെന്നു വാദിക്കുന്നവര്‍ പോലും ഇത് നമസ്‌കരിക്കാറില്ല എന്നതാണ് സത്യം.

ഇമാം നവവി(റ) പറയുന്നു: ''സ്വലാത്തുല്‍ റഗാഇബ് എന്ന നമസ്‌കാരം നിര്‍മിച്ചുണ്ടാക്കിയവനെയും അത് കെട്ടിച്ചമച്ചവനെയും അല്ലാഹു ശപിക്കട്ടെ. തീര്‍ച്ചയായും അത് നിഷിദ്ധമാക്കപ്പെട്ട അനാചാരമാണ്'' (ശര്‍ഹുമുസ്‌ലിം 4:275). ഇമാം റംലി പറയുന്നു: ''ഈ നമസ്‌കാരം ബഹുഭൂരിപക്ഷം  പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അനാചാരമാണ്''(ഫതാവാ റംലി 1:209). ഇബ്‌നു ഹജറുല്‍ ഹൈതമി പറയുന്നു: ''ചില ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്വലാത്തുര്‍റഗാഇബ് എന്ന രണ്ടു നമസ്‌കാരങ്ങളും നിന്ദ്യവും മോശപ്പെട്ടതുമായ അനാചാരങ്ങളില്‍ പെട്ടതാണ്. അവയെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസ് നിര്‍മിതവുമാണ്.'' (ഫതാവല്‍ കുബ്‌റാ 1:217)

ഇസ്‌റാഅ് മിഅ്‌റാജ് ദിനത്തിന്റെ പോരിശകളെ സംബന്ധിച്ചും ശ്രേഷ്ഠതകളെക്കുറിച്ചും വന്ന സകല റിപ്പോര്‍ട്ടുകളും ദുര്‍ബലങ്ങളോ നിര്‍മിതങ്ങളോ ആണ്. ഒരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ''റജബ് 27-നു വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ 60 മാസത്തെ നോമ്പ് അല്ലാഹു അവന്റെ മേല്‍ രേഖപ്പെടുത്തും''(ശഹ്‌റുബ്‌നുഹൂശബ്). ഈ ഹദീസിനെ സംബന്ധിച്ച് ഇമാം അബൂശാമ പറയുന്നു: ''ഈ ഹദീസ് സ്വീകാര്യ യോഗ്യമല്ലെന്ന് അബുല്‍ ഖത്ത്വാബ്(റ) പ്രസ്താവിച്ചിരിക്കുന്നു'' (കിതാബുല്‍ ബാഇസ്, പേജ് 232). ഇബ്‌നുഹജര്‍(റ) പറയുന്നു: ''ദുര്‍ബലവും മൗഖൂഫുമാണ്'' (തബ്‌യീനുല്‍ അജബ് പേജ് 60).

ഈ വിഷയത്തില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ട്: ''റജബ് അല്ലാഹുവിന്റേതാണ്. ശഅ്ബാന്‍ എന്റെ സമുദായത്തിന്റെ മാസമാണ്. വല്ലവനും റജബില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെപ്പോലെയാണ്'' (ത്വബ്‌റാനി). ഈ ഹദീസിനെ സംബന്ധിച്ച് അബൂശാമ പറയുന്നു: ''ഈ റിപ്പോര്‍ട്ട് നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്ന് അബുല്‍ ഖത്ത്വാബ്(റ) പ്രസ്താവിച്ചിരിക്കുന്നു'' (കിതാബുല്‍ ബാഇസ് പേജ് 234).

''റജബുമാസത്തിന്റെ ശ്രേഷ്ഠതകളെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസുകളെ ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) വിലയിരുത്തിയിട്ടുള്ളത് അടിസ്ഥാന രഹിതങ്ങളാണ് എന്ന നിലയിലാണ്. അതുപോലെ ഇബ്‌നുല്‍ ജൗസിയും ഇബ്‌നുഹജറും ഒരുകൂട്ടം നിര്‍മിതവും അടിസ്ഥാനരഹിതങ്ങളുമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്''(മവാഹിബുല്‍ ജലീല്‍ 2:408)

റജബ് 27-ന്റെ രാവിനെയും പകലിനെയും ആദരിക്കുന്ന സമ്പ്രദായം ഹിജ്‌റ 4-ാം നൂറ്റാണ്ടിനു ശേഷം തുടങ്ങിയ അനാചാരമാണ്. പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായപ്രകാരം ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ നിര്‍മിതങ്ങളാണ്'' (ഇഖ്തിളാഉ സ്സ്വിറാത്ത്വില്‍ മുസ്തഖീം 2:121) അതേ ഗ്രന്ഥത്തില്‍ തന്നെ അദ്ദേഹം സ്വഹാബികളില്‍ പ്രമുഖരായ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരില്‍ നിന്നും വന്നിട്ടുള്ള ഒരു ഹദീസ് ഉദ്ധരിക്കുന്നു: ''നബി(സ) റജബു മാസത്തിലെ നോമ്പിനെ നിരോധിച്ചിരിക്കുന്നു'' (ഇബ്‌നുമാജ, ഇഖ്തിളാഉ സ്സ്വിറാത്ത്വില്‍ മുസ്തഖീം 2:135)

അഹ്‌ലുസ്സുന്നയുടെ പ്രമുഖ പണ്ഡിതന്മാരെല്ലാം ഈ അനാചാരത്തെ എതിര്‍ത്തിട്ടുണ്ട്. ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു: ''സ്വഹാബികളോ താബിഉകളോ ഇസ്‌റാഇന്റെ രാവിന് യാതൊരു പ്രത്യേകതയും കല്പിച്ചിരുന്നില്ല. അങ്ങനെ ഒരു ദിവസത്തെ അവര്‍ ഓര്‍ക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഇസ്‌റാഅ് എന്നത് നബി(സ)യുടെ ഏറ്റവും വലിയ ശ്രേഷ്ഠതയില്‍ പെട്ടതായിരുന്നുവെങ്കിലും അത് സംഭവിച്ച സ്ഥലത്തോ കാലത്തോ പ്രത്യേകമായ ഒരു ചര്യയും മതപരമായ ആരാധനാകര്‍മം എന്ന നിലയില്‍ ചര്യയാക്കപ്പെട്ടിട്ടില്ല.'' (സാദുല്‍ മആദ് 1:58)

ഈ വിഷയത്തില്‍ വന്ന ഇബ്‌നു അബീശൈബയുടെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ''ഉമര്‍(റ) റജബ് മാസം നോമ്പനുഷ്ഠിക്കുന്നവരുടെ കൈക്ക് അവര്‍ ഭക്ഷണത്തില്‍ കൈവെക്കുന്നതുവരെ അടിക്കാറുണ്ടായിരുന്നു. അവരോട് ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു: റജബു മാസത്തെ ആദരിക്കുകയെന്നത് ജാഹിലിയ്യാ സമ്പ്രദായമാണ്. ഇസ്‌ലാം അതിനെ ഉപേക്ഷിച്ചിരിക്കുന്നു.'' (മുസ്വന്നഫ് 2:345)

ഇബ്‌നുഹജര്‍(റ) പറയുന്നു: ''ഉമര്‍(റ) റജബുമാസം നോമ്പനുഷ്ഠിക്കുന്നവരെ അവര്‍ വായിലേക്ക് ഭക്ഷണവുമായി കൈകളുയര്‍ത്തുന്നതു വരെ അടിക്കാറുണ്ടായിരുന്നു. ഇപ്രകാരം അവരോട് പറയുകയും ചെയ്യാറുണ്ടായിരുന്നു: റജബുമാസം ജാഹിലിയ്യാ കാലക്കാര്‍ ബഹുമാനിച്ചു വന്ന ഒരു മാസമാകുന്നു.'' (തബ്‌യീനുല്‍ അജബി, പേജ് 66).

ഇമാം നവവി(റ)യുടെ ഗുരുനാഥനായ അബൂശാമ(റ) പറയുന്നു: റജബ് മാസത്തിന്റെ ശ്രേഷ്ഠത സംബന്ധിച്ചോ അന്ന് നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചോ നബി(സ)യില്‍ നിന്നും അംഗീകരിക്കാവുന്ന വിധമുള്ള യാതൊരു ഹദീസും വന്നിട്ടില്ല. തീര്‍ച്ചയായും അന്ന് നോമ്പനുഷ്ഠിക്കല്‍ വെറുക്കപ്പെട്ടതാണെന്ന റിപ്പോര്‍ട്ടു വന്നിട്ടുണ്ട്. അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ അത്തരം റിപ്പോര്‍ട്ടര്‍മാരില്‍ ചിലരാണ്. ഉമര്‍(റ) അന്ന് നോമ്പനുഷ്ഠിക്കുന്നവരെ ചാട്ടവാറുകൊണ്ട് അടിക്കാറുണ്ടായിരുന്നു.'' (കിതാബുല്‍ ബാഇസ്, പേ 167)

പ്രമുഖ സലഫീ പണ്ഡിതനായ മുഹമ്മദ് അബ്ദുസ്സലാം ഖിദ്വര്‍(റ) പറയുന്നു: ''ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) തബ്‌യീനുല്‍ അജബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: റജബു മാസത്തിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ചോ അന്ന് നോമ്പനുഷ്ഠിക്കുന്നതിനെ സംബന്ധിച്ചോ, അന്ന് ഏതെങ്കിലും ഒരു ദിവസം നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചോ, അന്ന് ഏതെങ്കിലും ഒരു രാവില്‍ നമസ്‌കരിക്കുന്നതിനെക്കുറിച്ചോ തെളിവിനു കൊള്ളാവുന്ന വിധമുള്ള യാതൊരു വിധ രേഖയും വന്നിട്ടില്ല.'' (അസ്സുനനുവല്‍ മുബ്തദആത്ത്, പേജ് 125)

അനാചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് രണ്ടു തരം നഷ്ടം സംഭവിക്കുന്നതാണ്. ഒന്ന്, സാമ്പത്തികവും ശാരീരികവുമായ ഭൗതിക നഷ്ടങ്ങള്‍. രണ്ട്, പരലോകത്ത് ലഭിക്കുന്ന നരകശിക്ഷ. നല്ലതാണെന്ന വിശ്വാസത്തോടെ അനാചാരങ്ങളില്‍ മുഴുകുന്നവര്‍ അതില്‍ നിന്ന് വിരമിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പരലോക ചിന്തയുള്ളവര്‍ക്കേ വീണ്ടുവിചാരം വരാന്‍ സാധ്യതയുള്ളൂ. ആദരണീയ മാസങ്ങളെന്ന് അല്ലാഹു വിശേഷിപ്പിച്ച (9:36) നാലു മാസങ്ങളില്‍ ഒന്നാണ് റജബ്. ഈ മാസങ്ങളില്‍ യുദ്ധം ചെയ്യല്‍ നിരോധിച്ചിട്ടുണ്ട്. ആദരണീയ മാസങ്ങളില്‍ പ്രത്യേക അനുഷ്ഠാനങ്ങളൊന്നും നബി(സ) പഠിപ്പിച്ചിട്ടില്ല.          

ശബാബ് വാരിക
2016 മെയ് 13

ഖുത്ബയുടെ റുക്‌നുകളും സമാപന പ്രാര്‍ഥനയും | പി കെ മൊയ്തീന്‍ സുല്ലമി



മുജാഹിദ് പ്രസ്ഥാനം പ്രമാണങ്ങള്‍ നിരത്തിവെച്ചുകൊണ്ട് സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തി പരാജയപ്പെട്ട ചിലര്‍ യുക്തിവാദം നടത്തി ഇസ്‌ലാമിനെ തന്നെ നശിപ്പിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. 2016 മാര്‍ച്ച് ലക്കം അല്‍ഇസ്വ്‌ലാഹ് മാസികയിലൂടെ ഇവര്‍ നടത്തിയ ശ്രമം മുസ്‌ലിംകള്‍ തര്‍ക്കമില്ലാതെ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വഹിച്ചുപോരുന്ന വിവാഹ ഖുത്ബയെ ഇല്ലായ്മ ചെയ്യാനാണ്. ആദ്യം 'ഖുത്വുബ'യുടെ റുക്‌നുകളെ (നിര്‍ബന്ധ ഘടകങ്ങള്‍) നിഷേധിക്കുന്നു. മുമ്പ് വിവാഹ ഖുത്വുബയെ സംബന്ധിച്ച് അസംബന്ധം എഴുതിവിട്ട അതേ വ്യക്തി തന്നെയാണ് ഇതും എഴുതിയിട്ടുള്ളത്. ജുമുഅ ഖുത്വുബയുടെ അവസാനത്തെ റുക്‌നായി എണ്ണപ്പെടുന്ന കര്‍മം സത്യവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയാണ്. അതിന് തെളിവില്ല എന്നാണ് അല്‍ഇസ്വ്‌ലാഹ് ലേഖകന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ''അത് മതമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നബി(സ) ചെയ്യുമായിരുന്നു. അതിനാല്‍ നബി(സ) മുസ്‌ലിംകള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് കുറിക്കുന്ന പ്രത്യേക  തെളിവ് അനിവാര്യമാണ്. പ്രത്യേക തെളിവില്ലെങ്കില്‍ നാം അത് സ്വീകരിക്കുകയില്ല. അത് ഖുത്വുബയുടെ സുന്നത്തുകളില്‍ പെട്ടതാണെന്ന് നാം പറയുകയില്ല'' (അല്‍ഇസ്വ്‌ലാഹ് 2016, മാര്‍ച്ച്, പേജ് 24). ആരാണ് ഈ നാം? നാം ഇപ്പോഴും ഇതുവരെയും ഖുത്വുബയുടെ അവസാനത്തില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുന്നത് ഏതു തെളിവിന്റെ അടിസ്ഥാനത്തിലാണ്?

ഇമാമുരായ അബൂഹനീഫ, മാലിക്, മാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍(റ), ലോകത്തുള്ള മുഴുവന്‍ അഹ്‌ലുല്‍ ഹദീസു പണ്ഡിതന്മാര്‍, മക്ക, മദീനയടക്കമുള്ള അറബു ലോകത്ത് ഖുത്വുബ നടത്തുന്ന പണ്ഡിതന്മാര്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും മുജാഹിദുകളും അല്ലാത്തവരുമായ ഖത്വീബുമാര്‍ ഇവരൊക്കെ ഖുത്വുബയുടെ അവസാനത്തില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരുന്നതും ഹദീസുകളെ പ്രമാണമാക്കിക്കൊണ്ടുതന്നെയാണ്. ഇമാമുകളക്കമുള്ള ചില പണ്ഡിതന്മാര്‍ അത് നിര്‍ബന്ധ ഘടകമായും ചിലര്‍ സുന്നത്തായും രേഖപ്പെടുത്തിയിട്ടുണ്ട്. സുന്നത്താണെങ്കില്‍ പോലും അത് പതിവാക്കലായിരുന്നു നബി(സ)യുടെ ചര്യയെന്ന് ഇമാം ബുഖാരിയടക്കമുള്ള മുഹദിസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്‌ലിമും അതിന്റെ വ്യാഖ്യാനങ്ങളായ ഫത്ഹുല്‍ ബാരിയും ശറഹു മുസ്‌ലിമും വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ജുമുഅ ഖുത്വുബക്കു ശേഷമുള്ള പ്രാര്‍ഥനയെ സംബന്ധിച്ച് സംശയം ഉണ്ടാകാന്‍ തരമില്ല. ഇമാം ബുഖാരി പ്രാര്‍ഥനയുടെ അധ്യായത്തില്‍ കൊടുത്ത തലക്കെട്ട് തന്നെ മതി, ഖുത്വുബയിലെ പ്രാര്‍ഥനയെക്കുറിച്ച് മനസ്സിലാക്കാന്‍. അതിപ്രകാരമാണ്: ''നബി(സ) ഖിബ്‌ലയിലേക്ക് മുന്നിടാതെ പ്രാര്‍ഥിച്ച ഭാഗം'' (ബുഖാരി, ഫത്ഹുല്‍ ബാരി 14:222). അതിന്നു താഴെ ഇപ്രകാരവും കാണാവുന്നതാണ്. ''നബി(സ) ഖിബ്‌ലയിലേക്ക് തിരിഞ്ഞുനിന്നു പ്രാര്‍ഥിച്ച അധ്യായം''(ബുഖാരി, ഫത്ഹുല്‍ബാരി 14:223). മേല്‍ പറഞ്ഞ രണ്ട് അധ്യായങ്ങളും നബി(സ) മിമ്പറില്‍ വെച്ചു നടത്തിയ പ്രാര്‍ഥനകളെ സ്പര്‍ശിക്കുന്നതാണ്. മേല്‍പറഞ്ഞ രണ്ട് അധ്യായങ്ങളിലെ പ്രാര്‍ഥനകളും നബി(സ) മഴക്കുവേണ്ടി നടത്തിയതാണ്. ഒന്ന് ഖിബ്‌ലക്ക് പിന്നിട്ടും മറ്റൊന്ന് മുന്നിട്ടും. അപ്പോള്‍ പണ്ഡിതന്മാരുടെ ഇടയില്‍ വന്നിട്ടുള്ള ഭിന്ന വീക്ഷണം ഖുത്വുബയുടെ അവസാനം നടത്തുന്ന പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്തേണ്ടതുണ്ടോ ഇല്ലയോ എന്നൊക്കെയാണ് അതിവിടെ വിഷയമല്ലാത്തതിനാല്‍ പരാമര്‍ശിക്കുന്നില്ല. ഇബ്‌നു ഹജര്‍(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക:

''നബി(സ) ഖിബ്‌ലയിലേക്കു തിരിഞ്ഞ് രണ്ടു പ്രാവശ്യം പ്രാര്‍ഥിച്ചതായിട്ടല്ലാതെ ഉദ്ധരിക്കപ്പെട്ടിട്ടില്ല''(ഫത്ഹുല്‍ ബാരി 14:223) സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാതാവായ ഇമാം ഐനിയുടെ പ്രസ്താവന ഇപ്രകാരമാണ്: ''ഇമാം സുഹ്‌രി പറയുന്നു. വെള്ളിയാഴ്ച ഖുത്വുബയില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍ അനാചാരമാണ്. അത് ആദ്യമായി തുടങ്ങിയത് മഅ്മര്‍ മകന്‍ അബ്ദുല്ലയുടെ മകന്‍ ഉബൈദുല്ലയാണ്''(ഉംദതുല്‍ഖാരി 5:239). ഇവിടെ മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനകളില്‍ കൈകള്‍ ഉയര്‍ത്താം എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കും മുഹദ്ദിസുകള്‍ക്കുമിടയിലും തര്‍ക്കമില്ലാത്ത കാര്യമാണ്. പിന്നെ ഇമാം സുഹ്‌രി പറഞ്ഞ കൈകള്‍ ഉയര്‍ത്തിയുള്ള പ്രാര്‍ഥന ബിദ്അത്താകുന്നത് ഖുത്വുബകള്‍ക്കു ശേഷമുള്ള പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്തുന്നതിനെ സംബന്ധിച്ചാണ്. അതുപോലെ തന്നെയാണ് ഇബ്‌നു ഹജര്‍(റ)വിന്റെ പ്രാര്‍ഥന സംബന്ധമായ പ്രസ്താവനയും. നബി(സ) മിമ്പറില്‍ വെച്ച് ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൈകളുയര്‍ത്തി രണ്ടു തവണ മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ എന്നതില്‍ നിന്നും നബി(സ) ഖുതുബകള്‍ക്കു ശേഷം നടത്തിയ മറ്റുള്ള എല്ലാ പ്രാര്‍ഥനകളും കൈകള്‍ ഉയര്‍ത്താത്ത അവസ്ഥയിലായിരുന്നു എന്ന കാര്യം മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ നബി(സ)യുടെ മിമ്പറില്‍ വെച്ചല്ലാത്ത പല പ്രാര്‍ഥനകളും കൈകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു. അത് ഇവിടെ വിശദീകരിക്കുന്നില്ല.

സ്വഹീഹ് മുസ്‌ലിം പരിശോധിച്ചാലും നബി(സ) ഖുത്വുബകളുടെ അവസാനത്തില്‍ പ്രാര്‍ഥിച്ചിരുന്നതായി ബോധ്യപ്പെടും. അത് ശ്രദ്ധിക്കുക: ''ഉമാറതുബ്‌നുറുഅയ്ബത് പ്രസ്താവിച്ചു: ബിശ്‌റുബ്‌നുമര്‍വാന്‍ മിമ്പറില്‍ വെച്ച് കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്നതായി അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: താങ്കളുടെ ഇരു കരങ്ങളെയും അല്ലാഹു ചീത്തയാക്കട്ടെ. തീര്‍ച്ചയായും നബി(സ)യെ ഞാന്‍ കണ്ടിട്ടുണ്ട്. കൈവിരല്‍ ചൂണ്ടുക എന്നതിനേക്കാള്‍ അവിടുന്ന് അധികരിപ്പിക്കാറുണ്ടായിരുന്നില്ല. ഉമാറ തന്റെ ചൂണ്ടുവിരല്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി''(സ്വഹീഹ് മുസ്‌ലിം 3:422)  അതിന്റെ താഴെ മറ്റൊരു റിപ്പോര്‍ട്ടും കാണാം. അതിപ്രകാരമാണ്: ''അബ്ദുറഹ്മാന്‍ മകന്‍ ഹുസൈന്‍ പ്രസ്താവിച്ചു.

ബിശ്‌റുബ്‌നു മര്‍വാന്‍ കൈകളുയര്‍ത്തി വെള്ളിയാഴ്ച പ്രാര്‍ഥിക്കുന്നതായി ഞാന്‍ കണ്ടു (സ്വഹീഹു മുസ്‌ലിം 3:422). മേല്‍ പറഞ്ഞ ഹദീസുകളെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ''ഖുത്വുബയിലെ പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്താതിരിക്കലാണ് നബിചര്യ. അപ്രകാരമാണ് ഇമാം മാലിക്കും നമ്മുടെ അനുയായികളും മറ്റുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്''(ശറഹുമുസ്‌ലിം 3:428). ഖുതുബയുടെ അവസാനത്തില്‍ നടത്തുന്ന പ്രാര്‍ഥനക്ക് തെളിവായി പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് ഇതാണ്: ''അബ്ദുറഹ്മാന്റെ മകന്‍ ഹുസൈന്‍ പ്രസ്താവിച്ചു: നബി(സ) ഖുത്വുബ നടത്തുന്നതായി ഞാന്‍ കണ്ടു. പ്രാര്‍ഥിക്കുമ്പോള്‍ ചൂണ്ടുവിരല്‍ മാത്രം ഉയര്‍ത്തുകയുണ്ടായി''(അഹ്മദ് മുസ്‌നദ്). ഇവ കൂടാതെ മറ്റു ചില ഹദീസുകളും അഹ്‌ലുസുന്നയുടെ പണ്ഡിതന്മാരുടെ പ്രസ്താവനകളും ഈ വിഷയത്തില്‍ വന്നിട്ടുണ്ട്. ശൈഖ് ഉഥൈമീന്റെയും എം ടി അബ്ദുറഹ്മാന്‍ മൗലവിയുടെയും വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഇവര്‍ ഉപയോഗിച്ചുകാണുന്നു. ഇഥൈമീന്‍ ഖുത്വുബയിലെ പ്രാര്‍ഥന പുണ്യകരമാണ് എന്നാണ് രേഖപ്പെടുത്തിയത്. അത് അല്‍ ഇസ്‌ലാഹ് ലേഖകന്‍ തന്നെ പേജ് 24 ല്‍ കൊടുത്തതിനാല്‍ ഇവിടെ പരാമര്‍ശിക്കിക്കുന്നില്ല.

എതിരഭിപ്രായമില്ലാത്ത ഒരു മസ്അലയും ഉണ്ടാവില്ല. എത്ര തെളിവുകളുണ്ടെങ്കിലും ശരി. അത്തരം സന്ദര്‍ഭങ്ങളില്‍ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ അവലംബിച്ച നയം ഖുര്‍ആനിനോടും സുന്നത്തിനോടും യോജിച്ചവ സ്വീകരിക്കുകയും അല്ലാത്തത് തള്ളിക്കളയുകയും ചെയ്യുക എന്നതാണ്. ഇവര്‍ക്ക് നിരാശയുടെ അപകര്‍ഷതാബോധവും സംഭവിച്ചിരിക്കുന്നു. കാരണം ആദ്യമായി ഇവര്‍ ഒരുമ്പെട്ടത് മുജാഹിദുകള്‍ പ്രബോധനം നടത്തി ഇല്ലായ്മ ചെയ്തതും കാലഹരണപ്പെട്ടുപോയതുമായ ഖുറാഫാത്തുകളെ പുനരുജ്ജീവിപ്പിക്കാനാണ്. അതിന്ന് അണികളുടെ സപ്പോര്‍ട്ടില്ല എന്നു കണ്ടപ്പോഴാണ് ഇസ്‌ലാമിലെ കര്‍മങ്ങളെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. യഥാര്‍ഥ മുജാഹിദുകളെ അഖ്‌ലാനികളും ഹദീസു നിഷേധികളുമാക്കിയതിനുള്ള ശിക്ഷയാണ് ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ശബാബ് വാരിക,
2016 മെയ് 06

Wednesday, April 27, 2016

പ്രവാചക വൈദ്യത്തിനു മറവില്‍ കൊഴുക്കുന്ന ചൂഷണ വ്യവസായം | സി മുഹമ്മദ് സലീം സുല്ലമി



ഡോ. അബ്ദുല്ല ഫൗണ്ടേഷന്‍ എന്ന പേരില്‍ ചികിത്സാസ്ഥാപനം നടത്തുന്ന കാരന്തൂര്‍ സ്വദേശി കോഴിക്കോട് പോലീസ് പിടിയിലായ വാര്‍ത്ത വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം നേടുകയുണ്ടായി. പ്രവാചക വൈദ്യ ചികിത്സയുടെ മറവില്‍ പത്തുവര്‍ഷത്തോളമായി കാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സ നടത്തിവരികയായിരുന്നു. യുനാനി, അലോപ്പതി, ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികിത്സ. തെറ്റായ നിര്‍ദേശവും ചികിത്സയും നല്കിയതു മൂലം രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ഇയാളുടെ വാചകക്കസര്‍ത്തില്‍ മയങ്ങി ചികിത്സയില്‍ വിശ്വസിച്ച് ഡയാലിസിസ് നിര്‍ത്തിവെച്ച രോഗികള്‍ പോലുമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിക്കു സമീപത്തെ വാടകക്കെട്ടിടത്തില്‍ ചികിത്സയ്‌ക്കൊപ്പം അനധികൃതമായി പ്രവാചക വൈദ്യത്തില്‍ മെഡിക്കല്‍ ബിരുദ കോഴ്‌സും ഇയാള്‍ നടത്തിയിരുന്നുവത്രെ. മതരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുമായി ബന്ധം സ്ഥാപിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിച്ച് അതിന്റെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് വിശ്വാസ്യത സൃഷ്ടിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഷാഫി സുഹൂരി എന്ന കാരന്തൂര്‍ പൂളക്കണ്ടി പി കെ മുഹമ്മദ് ഷാഫിയാണ് പോലീസ് അറസ്റ്റിലായ വ്യാജന്‍. ഇയാള്‍ നിരവധി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായി പൊലീസ് പറയുന്നു. ഷാഫിയുടെ പീഡനത്തിനിരയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പീഡനത്തിനിരയായ സ്ത്രീകള്‍ മാനഹാനി ഭയന്ന് പരാതിപ്പെടാതിരുന്നതിനാലാണ് ഷാഫിയുടെ 'വ്യാജചികിത്സ' ഇത്രയും കാലം പുറംലോകമറിയാതെ പോയതെന്നാണ് സൂചന. കുറ്റിക്കാട്ടൂരിലുള്ള ഇയാളുടെ കേന്ദ്രത്തിലും പലരും തട്ടിപ്പിന് വിധേയമായിരുന്നു. ഇതിനെതിരെ ഇദ്ദേഹത്തിന്റെ ശിഷ്യര്‍ തന്നെ രംഗത്ത് വന്നിരുന്നു.

മതത്തെയും പ്രവാചക വൈദ്യത്തെയും ദുരുപയോഗം ചെയ്താണ് സുഹൂരി ലൈംഗിക പീഡന മടക്കമുള്ള തട്ടിപ്പുകള്‍ നടത്തിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പ്രവാചക വൈദ്യം, ആത്മീയ ചികിത്സ, ഖുര്‍ആന്‍ തെറാപ്പി, സ്പിരിച്വല്‍ സൈക്ക്യാട്രി തുടങ്ങിയ പല പേരുകളില്‍ മതത്തിന്റെ മറവിലുള്ള ചികിത്സ തട്ടിപ്പുകള്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. പ്രവാചകന്‍ നിര്‍ദേശിച്ചതെന്ന പേരില്‍ പല പ്രാകൃത ചികിത്സാമുറകളും പ്രചരിപ്പിക്കാനും മരുന്നുകള്‍ വിപണിയിലിറക്കി വ്യാപാരം നടത്താനും ചില കേന്ദ്രങ്ങള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രവാചക വൈദ്യത്തെ സംബന്ധിച്ചുള്ള വിശദമായ പഠനം പ്രസക്തമായിരിക്കുന്നു.

പ്രവാചക വൈദ്യം

അത്ത്വിബ്ബുന്നബവ്വിയ്യ് അഥവാ പ്രവാചകവൈദ്യം എന്ന ഒരു ശാസ്ത്രം നിലവിലുണ്ട്. നബി(സ) സ്വീകരിച്ച ചികിത്സാ രൂപങ്ങളും അവിടുത്തെ ചികിത്സാ സംബന്ധമായ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇത്. നബി(സ) ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നിലനിന്നിരുന്ന ചികിത്സാകാര്യങ്ങളും പൗരാണികമായ രീതികളും ഉള്‍ക്കൊള്ളുന്നതോടൊപ്പം ശാശ്വതമായ ചില വൈദ്യശാസ്ത്ര തത്വങ്ങളും ഇതില്‍ കാണാവുന്നതാണ്. പ്രവാചകനില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളിലാണ് ഇവയെല്ലാം കാണുന്നത്. വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ പരന്നുകിടക്കുന്ന ഇത്തരം വചനങ്ങള്‍ ചിലര്‍ സമാഹരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. ചില ഹദീസ് ഗ്രന്ഥങ്ങള്‍ തന്നെ ത്വിബ്ബ് അഥവാ വൈദ്യം എന്ന പേരില്‍ പ്രത്യേകം തലക്കെട്ടുകള്‍ നല്‍കി ക്രോഡീകരിച്ചവരുമുണ്ട്. ഇമാം ബുഖാരി തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ കിതാബുത്ത്വിബ്ബ് എന്ന പേരില്‍ നൂറിലേറെ ഹദീസുകള്‍ വിവിധ തലക്കെട്ടുകളിലായി ക്രോഡീകരിച്ചിട്ടുണ്ട്.

ഇത്തരം ഹദീസുകള്‍ മാത്രം ശേഖരിച്ച് ക്രോഡീകരിക്കുകയും പ്രത്യേക ഗ്രന്ഥരൂപത്തില്‍ അവ രേഖപ്പെടുത്തുകയും ചെയ്ത നിരവധി പേരുണ്ട്. അവരില്‍ ഏറ്റവും പൗരാണികനാണ് ഇമാം അലിയ്യുബ്‌നു മൂസാ അല്‍ കാദ്വിം ബ്‌നു ജഅ്ഫര്‍ അസ്സ്വാദിഖ് (മരണം ഹി. 203). ഇദ്ദേഹം ഖലീഫ മഅ്മൂനിന് സമര്‍പ്പിക്കാനാണ് ഇത്തരമൊരു ഗ്രന്ഥരചന നടത്തിയത്.

ഹിജ്‌റ 238-ല്‍ മൃതിയടഞ്ഞ ഇമാം അബ്ദുല്‍ മാലികില്‍ ഉന്‍ദുലുസി, ഹിജ്‌റ 368-ല്‍ നിര്യാതനായ ഹാഫിദ് അബൂബക്കര്‍ ഇബ്‌നുസ്സനിയ്യ് തുടങ്ങി ഒട്ടേറെ പേരെ ഇങ്ങനെ കാണാവുന്നതാണ്. ഇതില്‍ പില്‍ക്കാലത്ത് വന്ന രചനകളാണ് ഇമാം ദഹബിയുടെയും (മരണം ഹി.748) ഇബ്‌നുല്‍ഖയ്യിമിന്റെയും (മരണം ഹി. 751) ഇമാം സുയൂത്വിയുടെയും (മരണം ഹി. 911) ഗ്രന്ഥങ്ങള്‍. ഇതില്‍ ഇബ്‌നുല്‍ഖയ്യിമിന്റെ ത്വിബ്ബുന്നബവിയ്യ് എന്ന പേരില്‍ പ്രസിദ്ധമായ ഗ്രന്ഥം അദ്ദേഹത്തിന്റെ സാദുല്‍മആദ് എന്ന നബിചര്യാ ഗ്രന്ഥത്തിന്റെ നാലാമത്തെ വാള്യമായി എഴുതപ്പെട്ടതാണ്.

പ്രവാചക ജീവിതത്തിലെ വിവിധ രംഗങ്ങളിലുള്ള മാതൃകകള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന അദ്ദേഹം നബി(സ) ചികിത്സാ മേഖലയില്‍ സ്വീകരിച്ച നിലപാടുകളും മറ്റുളളവര്‍ക്ക് അവിടുന്ന നിര്‍ദേശിച്ച ചികിത്സാക്രമങ്ങളുമെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. അഞ്ഞൂറോളം പുറങ്ങളുളള ഈ ഗ്രന്ഥത്തില്‍ നൂറ്റി അന്‍പതിലേറെ ശീര്‍ഷകങ്ങളിലായി നബി(സ) നടത്തിയതും നിര്‍ദേശിച്ചതുമായ ചികിത്സാമുറകളും തത്വങ്ങളും, തന്റെ കാലഘട്ടത്തിലെ വിജ്ഞാനങ്ങളുമായി ചേര്‍ത്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നുണ്ട്. ഏറെ വിജ്ഞാനപ്രദമായ ഈ ഗ്രന്ഥം പ്രവാചക വൈദ്യത്തിന്റെ മഹിമ വിളിച്ചോതുന്നതാണ്.

പ്രവാചകദൗത്യം

നബി(സ) നിയുക്തനായിട്ടുളളത് വൈദ്യശാസ്ത്രം അഭ്യസിപ്പിക്കുവാനല്ല. പ്രത്യുത മാനവതയ്ക്കാകമാനം ദൈവിക സന്ദേശത്തിന്റെ മാര്‍ഗദര്‍ശനം പകര്‍ന്നുകൊടുക്കാനാണ്. അതില്‍ തന്നെ, പാരത്രിക ജീവിതത്തില്‍ വിജയം വരിക്കാനാവശ്യമായ വിശ്വാസം, ആരാധന, അനുഷ്ഠാന കാര്യങ്ങള്‍ പ്രത്യേകമായി പഠിപ്പിക്കുകയും അതോടൊപ്പം മനുഷ്യജീവിതത്തിന്റെ ഇതര മേഖലകളില്‍ അനുവര്‍ത്തിക്കേണ്ട ദൈവികമായ മാര്‍ഗദര്‍ശനം എന്തെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലേക്കും ദൈവികമായ മാര്‍ഗദര്‍ശനം നല്‍കുമ്പോള്‍ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട രംഗത്തേക്കും ദൈവികമായ മാര്‍ഗദര്‍ശനം നല്‍കുകയുണ്ടായി. ഇബ്‌നുല്‍ഖയ്യിം(റ) പറയുന്നു: ''പ്രവാചകന്‍ നിയുക്തനായിട്ടുള്ളത് അല്ലാഹുവിലേക്കും അവന്റെ സ്വര്‍ഗത്തിലേക്കും ക്ഷണിക്കുന്നവനും വഴികാട്ടിയുമായിട്ടാണ്. എന്നാല്‍, വൈദ്യം അവിടുത്തെ ശരീഅത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ്. ആവശ്യമാകുമ്പോള്‍ ഉപയോഗിക്കുക എന്ന നിലക്ക് മാത്രം. ആവശ്യമായി വരുന്നില്ലെങ്കില്‍ ആത്മീയവും മാനസികവുമായ പരിപോഷണത്തിന് ശ്രദ്ധ തിരിക്കുകയും അത്തരം രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കുകയുമാണ് വേണ്ടത്'' (ത്വിബ്ബുന്നബിയ്യ്, പുറം 24). അപ്പോള്‍ നബി(സ)യില്‍ നിന്ന് വന്ന ശാരീരിക ചികിത്സാ കാര്യങ്ങള്‍ വിലയിരുത്തേണ്ടത് ഇത്തരം ഒരടിത്തറയില്‍നിന്ന് കൊണ്ടായിരിക്കണമെന്നാണ് ഇബ്‌നുല്‍ഖയ്യിമിന്റെ വീക്ഷണം.

പ്രവാചകവൈദ്യമായി വന്ന റിപ്പോര്‍ട്ടുകളോടുള്ള സമീപനം

വൈദ്യശാസ്ത്രപരമായും ചികിത്സാപരമായും നബി(സ)യില്‍ നിന്ന് വന്ന എല്ലാ നിവേദനങ്ങളും ഇസ്‌ലാമിക ശരീഅത്തിലെ വിശ്വാസ-ആരാധനാ-അനുഷ്ഠാന കാര്യങ്ങള്‍പോലെ അക്ഷരാര്‍ഥത്തില്‍ തന്നെ എടുക്കേണ്ട കാര്യങ്ങളാണോ? അതല്ല, അവിടുന്ന് ജീവിച്ച കാലഘട്ടവുമായി ബന്ധപ്പെട്ടതും താത്ക്കാലികവുമായ നിര്‍ദേശങ്ങളെന്ന നിലക്ക് കാണേണ്ടതാണോ? ഇമാം ഇബ്‌നുല്‍ഖയ്യിം പ്രവാചക വൈദ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച തുടങ്ങുമ്പോള്‍ നബിവചനങ്ങളെ രണ്ടു വിഭാഗമായി തിരിച്ചിരിക്കുന്നു.

എന്നിട്ടദ്ദേഹം പറയുന്നു: ''നബി(സ)യുടെ പ്രസ്താവനകള്‍ രണ്ടു വിധമാണ്. ഒന്ന്, എല്ലാവര്‍ക്കും ഒരുപോലെ ബാധകമായത്. രണ്ട്, പ്രത്യേക സ്ഥലക്കാര്‍ക്ക് മാത്രമായത്. നിങ്ങള്‍ ഖിബ്‌ലയെ അഭിമുഖീകരിച്ചോ പിന്നിട്ടോ മലമൂത്രവിസര്‍ജനം ചെയ്യരുത്, എന്നാല്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുക എന്ന നബിവചനംപോലെ. ഇതിലെ സംബോധന കിഴക്കോ പടിഞ്ഞാറോ ഇറാഖിലോ ജീവിക്കുന്ന ആളുകള്‍ക്കുള്ളതല്ല. മദീനക്കാര്‍ക്കും അതിനോടു യോജിക്കുന്നവര്‍ക്കുമുള്ളതാണ്. ശാം (സിറിയ) പോലെയുള്ള പ്രദേശങ്ങള്‍ക്കും ഇതേപോലെത്തന്നെയാണ്.'' (ത്വിബ്ബുന്നബവിയ്യ്, പുറം 25,26)

ഈ വിഭജനത്തിനുശേഷം പനിയുമായി ബന്ധപ്പെട്ട ഒരു നബിവചനം അദ്ദേഹം ചര്‍ച്ച ചെയ്യുന്നു: ''തീര്‍ച്ചയായും പനി, അല്ലെങ്കില്‍ പനിയുടെ കാഠിന്യം ജഹന്നമിന്റെ (നരകത്തിന്റെ) ജ്വാലയില്‍ നിന്നുള്ളതാണ്. അതിനാല്‍ നിങ്ങളത് വെള്ളം കൊണ്ട് തണുപ്പിക്കുക'' (ബുഖാരി). ഈ നബിവചനത്തെ ഇബ്‌നുല്‍ഖയ്യിം(റ) ഹിജാസുകാര്‍ക്കും തൊട്ടടുത്തുളള പ്രദേശക്കാര്‍ക്കും മാത്രം ബാധകമായ പ്രസ്താവനയായിട്ടാണ് കാണുന്നത്. കാരണം അവിടുത്തുകാര്‍ക്കുണ്ടാകുന്ന അധിക പനികളും സൂര്യാതപത്തിന്റെ ശക്തിയാല്‍ ഉണ്ടാകുന്നതാണ്. അതിന് കുളിച്ചോ കുടിച്ചോ വെള്ളം കൊണ്ട് തണുപ്പിക്കാവുന്നതാണ്.

വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുന്ന എല്ലാ നബിവചനങ്ങളും എല്ലാ വ്യക്തികള്‍ക്കും എല്ലാ പ്രദേശത്തുകാര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്നില്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു. അതിലെ ചില സൂചനകള്‍ നബി(സ) ജീവിച്ച കാലവും സ്ഥലവുമായി ബന്ധപ്പെട്ടതു മാത്രമാകാവുന്നതാണ്. എന്നാല്‍ 'എല്ലാ രോഗത്തിനും മരുന്നുണ്ട്. രോഗത്തിനുള്ള മരുന്ന് കിട്ടിക്കഴിഞ്ഞാല്‍ അല്ലാഹുവിന്റെ ഉത്തരവോടെ രോഗം ഭേദപ്പെടും' എന്ന നബിവചനമാണ് ഇതില്‍ പൊതുവായും വ്യാപകമായും പരിഗണിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നബി(സ)യില്‍ നിന്ന് വന്ന ചികിത്സാ നിര്‍ദേശങ്ങള്‍ ചികിത്സയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോ അവിടുത്തെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതോ അല്ലെങ്കില്‍ അതിന്റെയടിസ്ഥാനത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ആനുകാലികമാക്കേണ്ടവയായിട്ടോ കാണുകയാണ് വേണ്ടത്.

ആഇശ(റ)യുടെ പ്രസ്താവന ഈ കാര്യം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്: ''നബി(സ)ക്ക് അവിടുത്തെ അവസാനകാലത്ത് രോഗം ബാധിച്ചു. അറബികള്‍ നാനാഭാഗത്തു നിന്നും അവിടുത്തെ സന്ദര്‍ശിക്കാനെത്തി. അവര്‍ അവിടുത്തേക്ക് പല ചികിത്സകളും നിര്‍ദേശിക്കും. ഞാന്‍ അതെല്ലാം ഉപയോഗിച്ച് അദ്ദേഹത്തെ ചികിത്സിക്കുമായിരുന്നു.'' (അഹ്മദ്). മറ്റൊരു റിപ്പോര്‍ട്ടില്‍ 'അറബികളും അനറബികളുമായ വൈദ്യന്മാര്‍ നിര്‍ദേശിക്കുന്ന ചികിത്സ അദ്ദേഹത്തിന് ഞങ്ങള്‍ നടത്താറുണ്ടായിരുന്നു' എന്നാണ് വന്നിട്ടുള്ളത് (ഹാകിം). രോഗത്തിന് ചികിത്സിക്കണമെന്നും കൂടുതല്‍ യോഗ്യരായ ചികിത്സരെ കണ്ടെത്തണമെന്നുള്ള പ്രവാചകന്റെ നിര്‍ദേശവും ഈ കാര്യങ്ങള്‍ തന്നെ മനസ്സിലാക്കിത്തരുന്നു.

മുസ്‌ലിംസമൂഹം നബി(സ)യില്‍ നിന്ന് സ്ഥിരപ്പെട്ട ചികിത്സാമുറകള്‍ വര്‍ത്തമാന കാലവുമായി യോജിച്ചവ കണ്ടെത്തുകയോ കൂടുതല്‍ ശാസ്ത്രീയപഠനങ്ങള്‍ നടത്തി അതിലെ വൈദ്യവിധികള്‍ ആനുകാലികമാക്കുകയോ ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പ്രവാചകന്റെ ചില ചികിത്സാവിധികള്‍ അവിടുത്തെ പ്രവാചകത്വത്തിന് തന്നെ തെളിവായും വരാവുന്നതാണ്. ഇത്തരം ഒരു രീതി വികസിച്ചുവന്നാല്‍, വിശ്വാസികളെ സംബന്ധിച്ച് കൂടുതല്‍ മനസ്സമാധാനം ലഭിക്കുകയും പ്രവാചകന്റെ ഒരു മാതൃക പിന്‍പറ്റിയ അനുഭവവും രോഗം ശാസ്ത്രീയമായി ചികിത്സിച്ച് ഭേദപ്പെടുത്തിയ അവസ്ഥയും ഒന്നിച്ചുണ്ടാകുന്നതാണ്. എന്നാല്‍ ചികിത്സാ വിഷയത്തില്‍ വന്ന പ്രവാചക നിര്‍ദേശങ്ങള്‍ തികച്ചും മതപരമായ ഒരു കാര്യമായി പരിഗണിക്കേണ്ടതുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്. പൂര്‍വ്വകാല പണ്ഡിതന്മാരില്‍ ചിലര്‍ അവ ഒരു ശര്‍ഇയായ നിയമമായി പരിഗണിക്കേണ്ടതില്ലെന്ന വീക്ഷണം വെച്ചു പുലര്‍ത്തിയതായി കാണാവുന്നതാണ്. ആധുനികരായ യൂസുഫുല്‍ ഖറദാവിയും മഹ്മൂദ് ശല്‍തൂതും ഇത്തരം കാര്യങ്ങളൊന്നും മതപരമായ നിര്‍ദേശമായി പരിഗണിക്കേണ്ടതില്ലെന്ന പക്ഷക്കാരാണ്.

പ്രവാചക ചികിത്സയുടെ അടിസ്ഥാനം

പ്രവാചക വൈദ്യത്തിന് സുപ്രധാനമായ മൂന്ന് അടിത്തറകള്‍ കാണാവുന്നതാണ്. ഇബ്‌നുല്‍ഖയ്യിം ഇതിന്റെ ചില വശങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഒന്ന്, മാനസികശക്തി പകരുന്നവിധം പ്രാര്‍ഥനയും തവക്കുലും മറ്റു പുണ്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കലും ഇതിന്റെ ഭാഗമായി അദ്ദേഹം കാണുന്നു. ഇത്തരം പുണ്യപ്രവര്‍ത്തനങ്ങള്‍ വഴി ലഭിക്കുന്ന ആശ്വാസം രോഗങ്ങള്‍ക്ക് ശമനം നല്‍കുന്ന കാര്യമാണ്. അനുഭവങ്ങള്‍ ഇതിന്റെ സാധുത തെളിയിക്കുന്നതായി കാണാവുന്നതാണ്. ശരീരത്തിനു നല്‍കുന്ന മരുന്നുകള്‍ക്ക് അതിന്റേതായ സ്വാധീനഫലങ്ങള്‍ ഉണ്ടെങ്കിലും അത് തന്നെയും ദൈവികമായ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നതാണെങ്കിലും പ്രാര്‍ഥനയും തവക്കുലും വഴി മനസ്സ് അതിന്റെ സ്രഷ്ടാവായ നാഥനുമായി സ്ഥാപിക്കുന്ന ബന്ധത്തിലൂടെ നേടുന്ന സമാധാനവും ആശ്വാസവും മരുന്നുകളെക്കാളും മീതെയാണ്. മനസ്സിന്റെ ശക്തി വര്‍ധിക്കുന്തോറും രോഗത്തിന്റെ മേല്‍ അത് വിജയം വരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ നിഷേധിക്കുന്നവര്‍ വൈദ്യവുമായും മനുഷ്യന്റെ യാഥാര്‍ഥ്യവുമായും വളരെ അകന്നവരാണ്. (ത്വിബുന്നബിയ്യ്, പുറം 12)

രണ്ട്: പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും രീതിയാണ്. ഇസ്‌ലാം നിര്‍ദേശിക്കുന്ന വൃത്തിയുടെയും ശുദ്ധിയുടെയും കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആത്മീയമായ പശ്ചാത്താപം സ്വീകരിക്കുന്നവരെയും ശാരീരികവും ഭൗതികവുമായ ശുദ്ധീകരണം നടത്തുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നതായി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (2:222). രോഗികള്‍ക്ക് നല്‍കുന്ന ഇളവുകളും മതവിധികളിലെ ലഘൂകരണവും ഇതിന്റെ ഭാഗമായിത്തന്നെ കാണേണ്ടതാണ്. അതോടൊപ്പംതന്നെ, ഭക്ഷണകാര്യത്തില്‍ ഒരിക്കലും അമിതത്വം വരാതെ സൂക്ഷിക്കാനുള്ള നിര്‍ദേശവും ആരോഗ്യ കാര്യവുമായി ബന്ധപ്പെട്ടുതു തന്നെ. ഇബ്‌നുല്‍ഖയ്യിം(റ) ഭക്ഷണക്രമത്തെ മൂന്നായി വിഭജിക്കുന്നു. ഒന്ന്: ആവശ്യത്തിന് മാത്രമുള്ള ഭക്ഷണം. രണ്ട്: തികഞ്ഞ ഭക്ഷണം മൂന്ന്: ആവശ്യത്തിലും കവിഞ്ഞ് നല്‍കുന്നത്. ഇതില്‍ ഒന്നാമത്തേതാണ് ഒരാള്‍ക്ക് അവകാശപ്പെട്ടതും ആരോഗ്യകരമായതും.

ഇസ്‌ലാം നിഷിദ്ധമാക്കിയ ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും വര്‍ജിക്കുന്നതും പ്രതിരോധത്തിന്റെ ഇനത്തില്‍ തന്നെയാണ് ഉള്‍പ്പെടുന്നത്. ലഹരി ഉപയോഗവും ശവം തിന്നുന്നതും പന്നിമാംസം കഴിക്കുന്നതും രക്തം കുടിക്കുന്നതുമെല്ലാം ഇതില്‍പ്പെടുന്നു. പകരാന്‍ സാധ്യതയുള്ള പ്ലേഗ് പോലെയുള്ള രോഗങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ പ്രവാചകന്‍ കല്‍പിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്.

മൂന്ന്: രോഗത്തിന്റെ ഭൗതികമായ കാരണങ്ങള്‍ കണ്ടെത്തി അതിനനുഗുണമായ ചികിത്സ നല്‍കുക എന്നതാണ്. ഇത്തരം ചികിത്സ പ്രവാചകന്‍ പ്രത്യേകം നിര്‍ദേശിച്ചതാണ്. എല്ലാ രോഗത്തിനും ചികിത്സയുണ്ട്. രോഗത്തിനുളള ഔഷധം ലഭിച്ചുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ ഉത്തരവോടെ രോഗം ഭേദപ്പെടുമെന്ന് റസൂല്‍(സ) പറയുന്നുണ്ട് (മുസ്‌ലിം). ''ചികിത്സയല്ലാത്ത ഒരു രോഗത്തെയും അല്ലാഹു നല്കിയിട്ടില്ല'' (ബുഖാരി) എന്ന നബിവചനവും ഇതു മനസ്സിലാക്കിത്തരുന്നു.

ഇതിന്റെയടിസ്ഥാനത്തില്‍ വെള്ളം ദാഹത്തെയും ഭക്ഷണം വിശപ്പിനെയും അകറ്റുന്നതുപോലെ മരുന്ന് രോഗത്തെയും അകറ്റുന്നു. അതുപോലെ ഓരോ രോഗത്തിനും അതിനു ലഭിക്കേണ്ട പ്രത്യേക ചികിത്സയും മരുന്നും ലഭിക്കുമ്പോഴാണ് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് രോഗം ഭേദപ്പെടുന്നത്. അപ്പോള്‍ രോഗചികിത്സയെക്കുറിച്ച് പഠിച്ച് മരുന്ന് കണ്ടെത്തുകയെന്നത് ഇസ്‌ലാം നിര്‍ദേശിക്കുന്ന കാര്യമായി മാറുന്നു. കാര്യകാരണങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഇത്തരം ചികിത്സാ രീതികളെ ഇസ്‌ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം രീതികള്‍ ഇസ്‌ലാം പഠിപ്പിക്കുന്ന, വൈദ്യത്തില്‍ ഭരമേല്‍പിക്കുക (തവക്കുല്‍) എന്ന വിശ്വാസപ്രശ്‌നത്തെ ഒരിക്കലും ബാധിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നുമില്ല. മേല്‍ പ്രസ്താവിച്ച മൂന്നു തത്വങ്ങളും ആധുനിക കാലഘട്ടത്തിലും രോഗചികിത്സാരംഗത്ത് പ്രസക്തമായി നില്‍ക്കുന്നുവെന്ന് കാണാവുന്നതാണ്.

ചികിത്സയിലെ അന്ധവിശ്വാസങ്ങള്‍

രോഗവും ചികിത്സയുമായി ബന്ധപ്പെട്ടുനില്ക്കുന്ന അന്ധവിശ്വാസങ്ങള്‍ അനവധിയാണ്. ഭൂത-പ്രേതാദികളുടെയും ജിന്ന് റൂഹാനികളുടെയും പ്രവര്‍ത്തനഫലമാണ് രോഗങ്ങള്‍ ബാധിക്കുന്നതെന്ന വിശ്വാസം മുന്‍പത്തെപ്പോലെ ഇന്നും നിലനില്ക്കുന്നുണ്ട്. ഏതെങ്കിലും വനദേവതകളുടെയോ ചാത്തന്മാരുടേയോ പരേതാത്മാക്കളുടേയോ ശാപ കോപങ്ങളാണ് രോഗകാരണമെന്ന് വിശ്വസിക്കുന്നവരാണ് വനവാസികള്‍. ഇത്തരം രോഗങ്ങള്‍ ഭേദമാക്കാന്‍ ഈ ദൈവങ്ങളെയും ആത്മാക്കളെയും പ്രീതിപ്പെടുത്താനാവശ്യമായ മന്ത്രതന്ത്രങ്ങളും പ്രാര്‍ഥനാകീര്‍ത്തനങ്ങളും ബലിതര്‍പ്പണങ്ങളും ഇവര്‍ നടത്തുന്നു. ഇതില്‍ ചിലപ്പോള്‍ മനുഷ്യബലി വരെ ഉള്‍പ്പെടുന്നു.

ഏതു രോഗവും ഇങ്ങനെയുള്ള അദൃശ്യശക്തികളുടെ ശാപ കോപ ഫലമായുണ്ടാകുന്നതാണെന്ന വിശ്വാസം എല്ലാ സമുദായങ്ങളിലുമുണ്ട്. ചെകുത്താന്മാരും റൂഹാനികളുമാണ് രോഗം പരത്തുന്നതെന്ന വിശ്വാസം മുസ്‌ലിം സമുദായത്തിലുമുണ്ട്. വസൂരി രോഗത്തിന് കുരിപ്പ് ചെയ്ത്താന്‍ എന്ന പേര് വന്നത് ഇങ്ങനെയാണ്. ശൈത്വാനും റൂഹാനിയുമെല്ലാം തനിക്ക് പറ്റിയവരുടെ ദേഹത്ത് കയറി കൂടുമെന്നും എന്നിട്ട് അവരുദ്ദേശിക്കുന്നവിധം അയാളെക്കൊണ്ട് ചെയ്യിക്കുമെന്നും വിശ്വസിക്കുന്നു. ഇത്തരം ആളുകള്‍ പല കോപ്രായങ്ങളും ഗോഷ്ടികളും കാണിക്കുന്നു. സ്ത്രീകളെയാണ് ഇത് കൂടുതലായും ബാധിക്കാറുള്ളത്. ഇവരെ ചികിത്സിക്കുന്നതിന് ചെകുത്താനിറക്കുകയെന്നാണ് പറയപ്പെടുന്നത്. അടിച്ചും തൊഴിച്ചും മന്ത്രിച്ചും നടത്തുന്ന ഈ ചികിത്സാരീതി തനിപ്രാകൃതം തന്നെയാണ്. എന്നാല്‍ ആധുനിക കാലത്തും ഇത്തരം വിശ്വാസങ്ങളും ചികിത്സകളും നിലനില്ക്കുന്നുവെന്നുള്ളത് അന്ധവിശ്വാസങ്ങള്‍ കാലദേശങ്ങള്‍ക്കതീതമായി ഉണ്ടാകുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ്.

ആത്മീയ ചികിത്സകളോ?

രോഗ ചികിത്സയുടെ കേന്ദ്രങ്ങളായി അറിയപ്പെടുന്നവയാണ് ആത്മീയ കേന്ദ്രങ്ങള്‍. ഹൈന്ദവ- ക്രൈസ്തവ-മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് ഇന്നും പ്രചാരം കൂടിവരികയാണ്. തിരക്കുപിടിച്ച ആധുനിക ജീവിതത്തിനിടയില്‍ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുന്ന മനുഷ്യന്‍ മനസ്സമാധാനത്തിനും ആത്മശാന്തിക്കുമായി എത്തിച്ചേരുന്നത് ഇത്തരം ഇടങ്ങളിലാണ്. ജാതിമത ഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ഇത്തരം കേന്ദ്രങ്ങള്‍ തേടിയെത്തുന്നു. എല്ലാ കേന്ദ്രങ്ങളിലും അതാതു മതത്തിന്റെ പ്രത്യേക പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഉരുവിടുകയും അവരുടെ ആരാധ്യപുരുഷനെ രക്ഷകനായി മനസ്സില്‍ ധ്യാനിച്ചു പ്രാര്‍ഥനാനിരതരായി കഴിച്ചുകൂട്ടുമ്പോള്‍ അനുഭവപ്പെടുന്ന താത്കാലിക മുട്ടുശാന്തി രോഗ ശമനവും ആരാധ്യപുരുഷന്റെ അനുഗ്രഹവുമായി ചിത്രീകരിക്കുകയാണ് ചെയ്യപ്പെടുന്നത്.

ക്രൈസ്തവ സമൂഹം നടത്തുന്ന ധ്യാന കേന്ദ്രങ്ങളില്‍ യേശുവിനെ മനസ്സില്‍ ധ്യാനിച്ച് സര്‍വവും യേശുവിലര്‍പ്പിച്ച് അതിവേദം നടത്തുന്ന പ്രാര്‍ഥന-കീര്‍ത്തനങ്ങള്‍ക്കിടയില്‍ അക്ഷരസ്ഫുടതയില്ലാതെ പുറത്തുവരുന്ന ശബ്ദങ്ങള്‍ ഭാഷാവാരം (അന്യഭാഷ) ആണെന്ന് വിശ്വസിപ്പിച്ച് വിശ്വാസികളെ ആശ്വസിപ്പിക്കുന്നു. വ്യാപകമായ കളവു പ്രചാരമാണ് ഇത്തരം ധ്യാനകേന്ദ്രങ്ങളുടെ മുതല്‍ മുടക്ക്.

ആത്മീയമായ മുട്ടുശാന്തിക്കു പുറമെ ശാരീരികമായ വൈകല്യങ്ങള്‍പോലും ഇത്തരം കേന്ദ്രങ്ങള്‍ നിമിഷനേരം കൊണ്ട് ഭേദമാക്കിവിടുന്നുവെന്നുള്ളത് അത്യത്ഭുതകരമാണ്. ടെലിവിഷന്‍ ചാനലുകള്‍ വഴിയും ഇത്തരം ചികിത്സകള്‍ക്ക് പ്രചാരണം സിദ്ധിക്കുന്നു. കാലിനുമുടന്തുമായി വരുന്നയാള്‍ കര്‍ത്താവിനാല്‍ അനുഗൃഹീതനായി, ശുശ്രൂഷകന്റെ കരസ്പര്‍ശമേറ്റു മുടന്തു മാറി നടന്നുപോകുന്ന കാഴ്ച ആരേയും അതിശയിപ്പിക്കുന്നതാണ്. അഭ്യസ്തവിദ്യരും, വൈദ്യശാസ്ത്രം അഭ്യസിച്ചവരും വരെ ഇത്തരം കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നുവെന്നുള്ളത് ഈ ചൂഷണത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ്. യഥാര്‍ഥ ഏകദൈവവിശ്വാസത്തിനല്ലാതെ ഇതില്‍ നിന്നൊന്നും മനുഷ്യരെ മോചിപ്പിക്കാനാവുകയില്ലെന്ന് ഇതെല്ലാം തെളിയിക്കുന്നു.

അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ രോഗശാന്തി തേടിയെത്തിയ ബാലന്റെ മുടന്തു മാറിയതും മറ്റനേകം അത്ഭുത പ്രവൃത്തികളും അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാന്‍ കാരണമായതത്രേ. മനോരമ ദിനപത്രത്തില്‍  വരുന്ന ഉപകാരസ്മരണയെന്ന പരസ്യം വായിച്ചാല്‍ ക്രൈസ്തവ സമൂഹത്തില്‍ ഇത്തരം മൂഢവിശ്വാസികളുടെ സ്വാധീനം എത്രമാത്രമാണെന്ന് ബോധ്യമാകും. ഹൈന്ദവസമൂഹത്തിലും ഇതിനു സമാനമായ കേന്ദ്രങ്ങളുണ്ട്. മാതാഅമൃതാനന്ദമയിയുടെ തിരുസന്നിധിയില്‍ എത്തി അവരുടെ തിരുപാദങ്ങള്‍ പൂജിച്ചും അനുഗ്രഹം വാങ്ങിയും മനസ്സമാധനവും രോഗശാന്തിയും നേടുന്നവരുടെ വ്യാപ്തി എത്രയാണെന്ന് മീഡിയ അറിയിച്ചുതരുന്നുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ പോലും കടന്നു ഭക്തജനങ്ങള്‍ ഇവിടേക്ക് ഒഴുകുകയാണ്. അന്ധവിശ്വാസങ്ങളുടെ സ്വാധീനത്തിനു ഒരതിരും ബാധകമല്ലതന്നെ.

മുസ്‌ലിം സമൂഹത്തിലും ഇതിനു സമാനമായ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ക്വുര്‍ആന്‍ തെറാപ്പിയെന്നും കൗണ്‍സലിംഗ് എന്നും പേരുപറഞ്ഞ് നടത്തുന്ന കേന്ദ്രങ്ങളില്‍ നടക്കുന്നതും ഇത്തരം കാര്യങ്ങള്‍ തന്നെ. ചില പ്രത്യേക ദിക്‌റുകള്‍ ഇടതടവില്ലാതെ ഉരുവിടുവിക്കുകയും അത്യുച്ചത്തില്‍ ചെവികളില്‍ ഇത്തരം പ്രാര്‍ഥന കീര്‍ത്തനങ്ങള്‍ അടിച്ചേല്പിക്കുകയും ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ഒരു പ്രത്യേക തരം അവസ്ഥ രോഗചികിത്സയായും ആത്മശാന്തിയായും പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ജിന്നും ചെകുത്താനുമെല്ലാം ബാധിച്ചവരെയാണ് ഇത്തരം കേന്ദ്രങ്ങള്‍ മുഖ്യമായും ചികിത്സിക്കുന്നത്. അടിച്ചും തൊഴിച്ചുമെല്ലാം ബാധയിറക്കുന്ന പരിപാടികളും ഇത്തരം കേന്ദ്രങ്ങളിലുണ്ട്. ക്വുര്‍ആന്‍ വാക്യങ്ങളും നബിവചനങ്ങളും തെറ്റായി വ്യാഖ്യാനിച്ചാണ് ഇതിന് രേഖയുണ്ടാക്കുന്നത്.

ജീവന്‍ ടി വി യില്‍ ആഴ്ചയിലൊരിക്കല്‍ പ്രത്യക്ഷപ്പെടുന്ന മുസ്‌ല്യാരും ചികിത്സാ തട്ടിപ്പു തന്നെയാണ് നടത്തുന്നത്. ലോകത്തുള്ള മുഴുവന്‍ രോഗങ്ങള്‍ക്കും ഇദ്ദേഹം ചികിത്സ പ്രഖ്യാപിക്കുന്നു. എല്ലാം ഏതെങ്കിലും ചില ക്വുര്‍ആന്‍ വാക്യങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടാനും ശരീരത്തില്‍ തടവാനും എഴുതി കുടിക്കാനുമെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍. ചൊറിയും ചിരങ്ങും മുടികൊഴിച്ചിലും മാരകമായ കാന്‍സര്‍ വരെ എല്ലാ രോഗങ്ങള്‍ക്കും ഇവിടെ ചികിത്സയുണ്ട്. ആത്മീയ ചൂഷണത്തിനുപുറമെ ഭീമമായ സാമ്പത്തിക തട്ടിപ്പും ഒരുമിച്ചാണ് ഇവിടെ നടക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രാര്‍ഥന ചികിത്സാ പുസ്തകം നല്ല വിലക്ക് വിറ്റുകൊണ്ടും ഇദ്ദേഹം ചികിത്സാ ബിസിനസ്സ് ലാഭകരമാക്കുന്നു.              


ശബാബ് വാരിക
2016 ഏപ്രിൽ 22

മുസ്‌ലിംകള്‍ വൈദ്യവിജ്ഞാനത്തിലെ മുന്‍ഗാമികള്‍ | പി മുഹമ്മദ് കുട്ടശ്ശേരി



വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പൂര്‍വകാല മുസ്‌ലിംകള്‍ വഹിച്ച പങ്ക് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചിട്ടുള്ളതാണ്. അവരുടെ നിരീക്ഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തതു തന്നെ എന്ന് പറയുന്നതാകും ശരി. തങ്ങളുടെ കാലത്ത് ഗ്രീക്കുകാരും പേര്‍ഷ്യക്കാരും കല്‍ദാനികളും ഇന്ത്യാക്കാരും അറബികളും കൈകാര്യം ചെയ്തിരുന്ന എല്ലാ വൈദ്യവിജ്ഞാനങ്ങളും അവര്‍ പഠിച്ചു. ഗാലന്റെയും ഹിപ്പോക്രിറ്റിന്റെയും ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. വൈദ്യവിജ്ഞാനത്തിന്റെ കുത്തകതന്നെ അവര്‍ കൈവശപ്പെടുത്തി. അറബിയില്‍ ധാരാളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ മാത്രം 860 വൈദ്യന്മാരുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു. സൈഫുദ്ദൗല ഭക്ഷണത്തിനിരിക്കുമ്പോള്‍ കൂടെ 24 വൈദ്യന്മാരുണ്ടാകും. പുരുഷന്മാരെപ്പോലെ വൈദ്യത്തില്‍ വൈഭവം നേടിയ വനിതകളുമുണ്ടായിരുന്നു. സഹ്‌റുല്‍ അല്‍ദലുസിയുടെ പുത്രന്റെ പേരമകളും അവളുടെ മക്കളും പ്രസിദ്ധരായ ഡോക്ടര്‍മാര്‍ ആയിരുന്നു. മന്‍സൂറിന്റെ കുടുംബത്തിലെ സ്ത്രീകളെ ചികിത്സിച്ചിരുന്നത് ഇവര്‍ മാത്രമായിരുന്നു.

മുസ്‌ലിംകള്‍ വൈദ്യത്തില്‍ പരീക്ഷണങ്ങളും നടത്തി. കുഷ്ഠരോഗത്തെ സംബന്ധിക്കുന്ന ഗ്രന്ഥം ആദ്യമായി രചിച്ചത് അവരാണ്. മയക്കി കിടത്താന്‍ ആദ്യമായി വരക ധാന്യം ഉപയോഗിച്ചതും ഭ്രാന്തിന് ചികിത്സിക്കാന്‍ ആരംഭിച്ചതും മുസ്‌ലിംകളാണ്. ഇന്ത്യയില്‍നിന്ന് ധാരാളം പച്ചമരുന്നുകള്‍ വരുത്തി പഠനഗവേഷണം നടത്തിയ മുസ്‌ലിംകള്‍ ഫാര്‍മസി വിജ്ഞാനശാഖയെ വികസിപ്പിച്ചു. ഇന്ത്യയിലെ പറിച്ചെടുക്കുന്ന മരുന്നുകള്‍ പലതിന്റെയും പേരുകള്‍ അറബിയില്‍ അതേ രൂപത്തില്‍ തന്നെ ഇപ്പോഴും തുടരുന്നു. ഫ്രഞ്ചുകാര്‍ ഔഷധ പഠനത്തില്‍ മുന്നോട്ട് നീങ്ങിയപ്പോഴാണ് മുസ്‌ലിംകള്‍ ഈ വിഷയത്തില്‍ എത്രമാത്രം ഗവേഷണം നടത്തിയെന്ന് ബോധ്യമാവുക. ആശുപത്രികളുടെ നിര്‍മ്മാണത്തിലും അവര്‍ മികച്ച സംഭാവനകള്‍ അര്‍പ്പിച്ചു. ബീമാരിസ്താന്‍ എന്ന പേര്‍ഷ്യന്‍ പദമാണ് അന്ന് ആശുപത്രികള്‍ക്ക് ഉപയോഗിച്ചിരുന്നത്. ആദ്യമായി ആശുപത്രികള്‍ നിര്‍മ്മിച്ചത് ഹി.88ല്‍ വലീദുബ്‌നു അബ്ദില്‍ മലിക് ആണ്. അദ്ദേഹം കുഷ്ഠരോഗികളെ പ്രത്യക സ്ഥലത്ത് പാര്‍പ്പിച്ചത് അവര്‍ക്ക് സജന്യമായി ഭക്ഷണം നല്‍കാനായിരുന്നു. ബഗ്ദാദിലെ ആശുപത്രികണ്ടപ്പോള്‍ മറ്റ് പട്ടണങ്ങളും അവയെ അനുകരിച്ച് ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.

വൈദ്യശാസ്ത്ര രംഗത്തെ മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച പല പ്രഗത്ഭമതികളുമുണ്ട്. അലി ഇബ്‌നുഅബ്ബാസ്(ഹി.994) രചിച്ച കാമിലുസ്സനാ അഫിത്തിബ്ബ് എന്ന ഗ്രന്ഥം ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പില്‍ അതിനെ ഒരു അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കുന്നു. ഇബ്‌നുല്‍ ജസ്സാര്‍ (ക്രി.1009) രചിച്ച  സാദുല്‍ മുസാഫിര്‍ എന്ന ഗ്രന്ഥം ആന്തരിക രോഗങ്ങളെ പറ്റിയാണ് വിവരിക്കുന്നത്. ഇബ്‌നുല്‍ ഖാതിമ (ക്രി.1369) പകര്‍ച്ച വ്യാധികളെപ്പറ്റി പ്രത്യേക പഠനം നടത്തിയ വൈദ്യശാസ്ത്രജ്ഞനാണ്. ഇബ്‌നു സഹ്ര്‍ (ക്രി. 1093) പ്രധാനമായും പഥ്യത്തെയും ആഹാരക്രമത്തെയുമാണ് വിവരിക്കുന്നത്. മദ്ധ്യനൂറ്റാണ്ടുകളില്‍ നേത്രചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഭിഷഗ്വരനായിരുന്നു അലി ഇബ്‌നു ഈസാ. അദ്ദേഹം എഴുതിയ 'തദ്കിറ' എന്ന ഗ്രന്ഥത്തില്‍ 130 നേത്രരോഗങ്ങളെയും അതിനുള്ള 143 മരുന്നുകളെയുംപറ്റി പറയുന്നുണ്ട്. കണ്ണ് ഓപ്പറേഷനെപ്പറ്റി വിവരിക്കുന്ന  ഗ്രന്ഥകാരന്‍ മൂക്കില്‍ ശ്വസിപ്പിച്ചു ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്നിനെപ്പറ്റി വിവരിക്കുന്നുണ്ട്. അമ്മാറുല്‍ മൗസിലി (996-1020)യും കണ്ണുരോഗത്തെയും കണ്ണ് ഓപ്പറേഷനെയും പറ്റി വിവരിക്കുന്നുണ്ട്.

ഓപ്പറേഷനെപ്പറ്റി അബുല്‍ ക്വാസീം സഹാവി (ക്രി. 1013) രചിച്ച അത്തസ്‌രിഫ് ലിമന്‍ അജസ അനിത്തഅലിഫ' എന്ന മുപ്പത് അദ്ധ്യായങ്ങളുള്ള ഗ്രന്ഥം പല യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 200 ശസ്ത്രക്രിയാ ഉപകരണങ്ങളെപ്പറ്റി ഗ്രന്ഥം വിവരിക്കുന്നു. യൂറോപ്പില്‍ ശസ്ത്രക്രിയാപഠനത്തിന്റെ പുരോഗതിക്ക് ഏറ്റവും അധികം സഹായം നല്‍കിയ ഗ്രന്ഥമാണിത്. പതിനാലാം നൂറ്റാണ്ടിന് ശേഷം ജന്മമെടുത്ത എല്ലാ ശ്‌സ്ത്രക്രിയാ വിദഗ്ധന്മാരും ഈ ഗ്രന്ഥമാണ് പ്രധാന സ്രോതസ്സായി ഉപോയഗിച്ചത്. പല വൈദ്യന്മാരും ശസ്ത്രക്രിയ നടത്തി അപകടം സൃഷ്ടിക്കുന്നത് കണ്ടതുകൊണ്ടാണ് താന്‍ ഇത്തരം ഒരു ഗ്രന്ഥം രചിക്കാന്‍ തയ്യാറായതെന്ന് സഹാവി പറയുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ശരിയായ പഠനം നടത്തിയ ഭിഷാഗ്വരനത്രെ ഇബ്‌നുന്നഫീസ് (ക്രി.1288) ആന്തരികാവയവങ്ങളെപ്പറ്റി അദ്ദേഹം പൂര്‍വികരില്‍നിന്ന് വ്യത്യസ്തമായ പുതിയ ചിന്തകള്‍ പലതും അവതരിപ്പിച്ചു.

എന്നാല്‍ രണ്ടു പ്രഗത്ഭമതികളായ മുസ്‌ലിം ഭിക്ഷഗ്വരന്മാരാണ് വൈദ്യശാസ്ത്രത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തവരും പാശ്ചാത്യലോകത്ത് ഏറ്റവും അധികം അറിയപ്പെടുന്നവരും. ഒന്നാമത്തെ പണ്ഡിതന്‍ ജാലീനൂസുല്‍അറബ്' (അറബികളുടെ ഗാലന്‍' അബുത്ത്വിബ്ബുല്‍ അറബി അറബി വൈദ്യത്തിന്റെ പിതാവ്) എന്നീ വിശേഷണങ്ങള്‍ നല്‍കപ്പെടുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്‌നു സകരിയ്യ റാസി (ക്രി. 865) ആണ്. അദ്ദേഹത്തെപ്പറ്റി പഠനം നടത്താനും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സൂക്ഷിക്കാനുമായി അമേരിക്കയിലെ ബ്രസ്റ്റോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പ്രത്യേകവിഭാഗം തന്നെയുണ്ട്. ഇസ്‌ലാമിന്റെ എന്നല്ല മദ്ധ്യ നൂറ്റാണ്ടുകളില്‍ തന്നെ ഏറ്റവും അധികം കണ്ടുപിടുത്തങ്ങളും സൃഷ്ടികളും നടത്തിയ മഹാനായ ഭിഷഗ്വരന്‍ എന്നാണ് ഫിലിപ്പ് ഹിറ്റി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. റാസിയുടെ ഗവേഷണവുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ഒരു സംഭവം ചരിത്രഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നു. അബ്ബാറസി ഖലീഫയായിരുന്ന അള്ദുദ്ദൗല ബഗ്ദാദില്‍ ഒരു ഗവണ്‍മെന്റ് ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍ റാസിയെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം കുറേ മാംസക്കഷണങ്ങള്‍ ബാഗ്ധാദിലെ വ്യത്യസ്ത പ്രദേശങ്ങളില്‍വെച്ച് ഏറ്റവും വേഗത്തില്‍ ചീഞ്ഞുനശിക്കുന്നത് എവിടെയെന്ന് പരീക്ഷിച്ചുനോക്കി ആ സ്ഥലം ഒഴിവാക്കി ഏറ്റവും വൈകി മാസം കേടുവരുന്ന സ്ഥലം കണ്ടുപിടിച്ചു.

യവന-റോമന്‍-പേര്‍ഷ്യന്‍ ഭാരതീയ വൈദ്യവിജ്ഞാനങ്ങള്‍ മുഴുവന്‍ സ്വായത്തമാക്കി പരീക്ഷണം നടത്തി റാസി പുതിയ വൈദ്യസിദ്ധാന്തങ്ങള്‍ കണ്ടുപിടിച്ചു. ആഹാരംകൊണ്ട് ചികിത്സിച്ചു മാറ്റാവുന്ന രോഗത്തിന് മരുന്ന് ഉപയോഗിച്ചുകൂടെന്നും മരുന്നുകൊണ്ട് മാറ്റാവുന്ന രോഗത്തിന് ശസ്ത്രക്രിയ പാടില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. വൈദ്യന്‍ രോഗിക്ക് സുഖമുണ്ടെന്ന് തോന്നിപ്പിക്കുകയും തനിക്ക് വിശ്വാസമായില്ലെങ്കില്‍ പോലും രോഗം മാറുമെന്ന പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്യണമെന്നാണ് റാസിയുടെ പക്ഷം. രോഗം സുഖമമായശേഷം രോഗിക്ക് ഏതെങ്കിലും ഒരു ഭക്ഷണസാധനത്തോട് കൂടുതല്‍ കൊതി തോന്നിയാല്‍ അത് വിലക്കുന്നതിന് പകരം സൂത്രം പ്രയോഗിച്ച് രോഗിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് റാസി പറയുന്നു. കുപ്പിയില്‍ മൂത്രം നിറച്ച് വൈദ്യനെ സമീപിക്കുന്ന സമ്പ്രദായമാണ് അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ രോഗം നിര്‍ണയത്തിന് അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമേ റാസി മൂത്രത്തെ ആശ്രയിച്ചിരുന്നുള്ളു. മെര്‍ക്കുറി പുരട്ടി ചികിത്സിക്കുന്ന സമ്പ്രദായം ആദ്യം പരീക്ഷിച്ചത് റാസിയാണ്. കുരങ്ങുകളിലാണ് ആദ്യം അദ്ദേഹം ഈ പരീക്ഷണത്തിന് വിധേയമാക്കിയത്. 'പനിനീര്‍പൂമണക്കുമ്പോള്‍ അബൂസൈദുല്‍ ബന്‍ജിക്ക് ബാധിക്കുന്ന രോഗം' എന്ന ലേഖനത്തില്‍ റാസി അലര്‍ജി മുഖേനയുണ്ടാവുന്ന രോഗത്തെപ്പറ്റി ആദ്യമായി അറിവ് നല്‍കി.

റാസിയുടെ ഒരു ചികിത്സാനുഭവം ഇങ്ങനെ വിവരിക്കുന്നു: കഷണ്ടി ബാധിച്ച ഒരാള്‍ എന്നെ സമീപിച്ചു. ഒരു പരുക്കന്‍ ശീലകൊണ്ട് രക്തം പൊടിയുംവരെ തല ഉരസാന്‍ ഞാന്‍ കല്‍പിച്ചു. ശേഷം ഉള്ളി ഉരസാനും. അയാള്‍ പലവട്ടം അതാവര്‍ത്തിച്ചു. അമിതമായത് കാരണം കടുത്ത വേദന. അപ്പോള്‍ കോഴിയുടെ നെയ്യ് പുരട്ടാന്‍ കല്‍പിച്ചു. വേദന ശമിച്ചു, മുടി മുളച്ചു. പണ്ടത്തേക്കാള്‍ കറുത്തു തിങ്ങിയ തലമുടി.

റാസിയുടെ സുപ്രസിദ്ധകൃതിയായ അല്‍ജൂദ്‌രിയ്യ വല്‍ഹസബ (സ്മാള്‍ പോക്‌സും മീസ്ല്‍സും) ആ വിഷയത്തിലുള്ള ആദ്യത്തെ പുസ്തകമാണ്. 1498നും 1866നുമിടക്ക് ഇംഗ്ലീഷില്‍ അതിന്റെ നാല്‍പത് വിവര്‍ത്തനപതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1856ല്‍ ആണ് അതിന്റെ ഫ്രഞ്ച് വിവര്‍ത്തനം പ്രസിദ്ധീകൃതമായത്. 'ദരിദ്രന്മാരുടെ വൈദ്യം' എന്ന പുസ്തകത്തില്‍ വൈദ്യന്മാരില്ലാത്ത സ്ഥലത്ത് എങ്ങനെ ചികിത്സ നടത്തണമെന്ന വിഷയമാണ് വിവരിക്കുന്നത്. വിവിധ വൈദ്യവിജ്ഞാന ശാഖകളിലായി 224 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

മെഡിക്കല്‍ വിജ്ഞാനരംഗത്ത് ലോകത്തിന്റെ കനത്ത സംഭാവനകള്‍ അര്‍പ്പിച്ച രണ്ടാമത്തെ പണ്ഡിതന്‍ ഇബ്‌നുസീന (ക്രി.980-1037) ആണ്. അദ്ദേഹം രചിച്ച 'അല്‍ഖാനൂന്‍ ഫിത്തിബ്ബ്' എന്ന ഗ്രന്ഥം ഇന്നും വൈദ്യവിജ്ഞാനത്തില്‍ ഒരു അടിസ്ഥാന രേഖയായി ഗണിക്കപ്പെടുന്നു. ആറ് നൂറ്റാണ്ടുകളോളം യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഈ ഗ്രന്ഥം ഇന്നും മെഡിക്കല്‍കോളേജുകളില്‍ പരീക്ഷിക്കപ്പെടുന്നു. 25 വാള്യങ്ങളുള്ള ഈ ബ്രഹത് ഗ്രന്ഥത്തില്‍ മതം, രാഷ്ട്രീയം, പ്രകൃതി ശാസ്ത്രം, അഭൗതികജ്ഞാനം, മ്യൂസിക്, വൈദ്യം, രസതന്ത്രം, പറിച്ചെടുക്കാവുന്ന മരുന്നുകള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിന്റെ ഒന്നാം അധ്യായത്തില്‍ മഹാരോഗങ്ങള്‍, അവ നിര്‍ണയിക്കുന്നവിധം അവയുടെ ചികിത്സ, കുത്തിവെപ്പ്, ആരോഗ്യശാസ്ത്രം, രോഗപ്രതിരോധ നടപടികള്‍, കൊമ്പുവെക്കല്‍, ചൂടുവെക്കല്‍, ഉഴിച്ചില്‍ തുടങ്ങിയ ചികിത്സാവിധികളാണ് വിവരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും നെഞ്ചിനും കൂടുതല്‍ ശക്തി നല്‍കാന്‍ ഗാഢമായി ശ്വാസോഛാസം നടത്താനും ഇടക്കിടെ ഉറക്കെ അട്ടഹസിക്കാനും ഇബ്‌നുസീനാ ഉപദേശിക്കുന്നു.

മൂന്നാം അധ്യായത്തില്‍ ലൈംഗികരോഗങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍, പ്രേമപാരവശ്യം മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ വിവരിക്കുന്നത്. നാലാം അധ്യായത്തില്‍ പഥ്യം, ഓപ്പറേഷന്‍, സുഗന്ധ ദ്രവ്യങ്ങള്‍, ചര്‍മ്മവും മുടിയും സംരക്ഷിക്കേണ്ടവിധം എന്നിവ കൈകാര്യം ചെയ്യുന്നുണ്ട്. അഞ്ചാം അധ്യായത്തില്‍ 760 മരുന്നുകളുടെ ചേരുവകള്‍ കൃത്യമായി പറയുന്നുണ്ട്. ഓരോ മരുന്നിന്റെയും രൂപം രുചി, നിറം, മണം എന്നിവ അദ്ദേഹം വെവ്വേറെ വിവരിക്കുന്നുണ്ട്. ഒരു സ്ത്രീ മുലകൊടുക്കുമ്പോള്‍ പാലിക്കേണ്ട ക്രമങ്ങളെപ്പറ്റി പ്രത്യേകം വിവരിക്കുന്നുണ്ട്. ഇത്‌പോലെ വൈദ്യശാസ്ത്രഗ്രന്ഥം ശാസ്ത്രജ്ഞന്മാര്‍ രചിച്ചിട്ടില്ല. റോമില്‍ അച്ചടിച്ച ഈ ഗ്രന്ഥം 12ാം നൂറ്റാണ്ടില്‍ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. 15ാം നൂറ്റാണ്ടില്‍ അതിന്റെ 16 പതിപ്പുകളും 20ാം നൂറ്റാണ്ടില്‍ 20 പതിപ്പുകളും പുറത്തുവരികയും ചെയ്തു. 18 ാം നൂറ്റാണ്ടുവരെയും യൂറോപ്യന്‍ സര്‍വകലാശാലകളില്‍ അത് പാഠ്യപുസ്തകമായിരുന്നു.

മനശ്ശാസ്ത്ര ചികിത്സയില്‍ അതിവിദഗ്ധനായിരുന്ന ഇബ്‌നുസീനയുടെ രോഗനിര്‍ണ്ണയ സാമര്‍ഥ്യം തെളിയിക്കുന്ന ഒരു സംഭവം: ഒരു ചെറുപ്പക്കാരന്‍ ദിവസം ചെല്ലുംതോറും മെലിയുന്നു. രോഗം കണ്ടുപിടിക്കുന്നതില്‍ വൈദ്യന്മാരെല്ലാം പരാജയപ്പെട്ടു. അവസാനമാണ് രോഗിയെ ഇബിനുസീനായുടെ അടുത്തെത്തിക്കുന്നത്. ശാരീരികമായി ഒരു തകരാറുമില്ലെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പിന്നെ മനശ്ശാസ്ത്രപരമായ അന്വേഷണം നടത്തി. അവന്‍ താമസിക്കുന്ന സ്ഥലത്തെപ്പറ്റി ശരിക്കറിയാവുന്ന ഒരു ഗ്രാമത്തലവനെ വിളിച്ചുവരുത്തി. അയാളോട് ഗ്രാമത്തിലെ ഓരോ വില്ലകളെപ്പറ്റിയും ചോദിച്ചുകൊണ്ടിരുന്നു. ഒരു വില്ലയുടെ പേര് പറഞ്ഞപ്പോള്‍ പെട്ടെന്ന് യുവാവിന്റെ നാഡിമിടിപ്പില്‍ മാറ്റം. പിന്നെ ഗ്രാമത്തലവന്‍ ആ വില്ലയിലെ ഓരോ വീടിന്റെയും പേര് പറഞ്ഞു. ഒരു വീടിന്റെ പേര് പറഞ്ഞപ്പോള്‍ നാഡിമിടുപ്പിന് വലിയ മാറ്റം. കൂടുതല്‍ ശക്തമാകുന്നു. പിന്നെ ആ വീട്ടില്‍ താമസിക്കുന്ന ഓരോ അംഗത്തിന്റെയും പേര് പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ പേര് പറഞ്ഞപ്പോള്‍ നാഡിമിടിപ്പ് പിന്നെയും കൂടുതല്‍ ശക്തമാകുന്നു. യുവാവിന്റെ മുഖത്ത് ഭാവഭേദം. ഒട്ടാകെ ഒരു അസ്വസ്ഥത. ഇബ്‌നുസീനാ രക്ഷിതാക്കളോട് പറഞ്ഞു: 'ഇതാണ് രോഗം, ഈ പെണ്‍കുട്ടിയെ അവന് വിവാഹം കഴിച്ചുകൊടുക്കുകയാണ് ഏക ചികിത്സ.' അല്‍ഖാനൂന്‍ പോലെ ഇബ്‌നുസീനാക്ക് മറ്റൊരു പ്രസിദ്ധ ഗ്രന്ഥം കൂടിയുണ്ട്, അശ്ശിഫാ. വൈദ്യശാസ്ത്രത്തില്‍ ഒട്ടാകെ നൂറില്‍ അധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ പഠനഗവേഷണങ്ങളുടെ അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തിട്ടുള്ളതെന്ന് നിഷ്പക്ഷമതികളായ എല്ലാ ചരിത്രകാരന്മാരും പ്രഖ്യാപിക്കുന്നു. 


ശബാബ് വാരിക
2016 ഏപ്രിൽ 22

Wednesday, March 30, 2016

തബ്‌ലീഗ് ജമാഅത്തും വ്യതിയാനങ്ങളും | പി കെ മൊയ്തീന്‍ സുല്ലമി



തബ്‌ലീഗ് ജമാഅത്ത് എന്ന പേര് വാക്കിലും അര്‍ഥത്തിലും കേള്‍ക്കാന്‍ സുന്ദരമാണ്. ജമാഅതുത്തബ്‌ലീഗ് എന്ന വാക്കിന്റെ അര്‍ഥം പ്രബോധകസംഘം എന്നാണ്. സംഘടനയുടെ പേരുപോലെ തന്നെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വേഷവും സ്വഭാവങ്ങളും ആകര്‍ഷകമാണ്. പക്ഷെ പ്രസ്തുത സംഘടന ഇസ്‌ലാമികാദര്‍ശ പ്രകാരം ഒരുപാട് വ്യതിയാനങ്ങള്‍ നിറഞ്ഞതാണ് എന്ന യാഥാര്‍ഥ്യം അതില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും അറിഞ്ഞുകൂടാ. ഇവരുടെ ലക്ഷ്യം പരലോക വിജയമാണെങ്കിലും അതിലേക്കുള്ള മാര്‍ഗവും പ്രമാണങ്ങളും പൂര്‍ണമായും ഇസ്‌ലാമികമല്ല. ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാം.

ഒന്ന്) സത്യവിശ്വാസികള്‍ പ്രമാണമായി സ്വീകരിക്കേണ്ടത് ഖുര്‍ആനും സുന്നത്തുമാണെന്നത് മുസ്‌ലിം ലോകത്ത് തര്‍ക്കമില്ലാത്ത കാര്യമാണല്ലോ. എന്നാല്‍ തബ്‌ലീഗ് ജമാഅത്തുകാര്‍ പ്രമാണമാക്കി ജീവിക്കുന്നത് സൂഫിയും ഹനഫീ മദ്ഹബുകാരനുമായ മുഹമ്മദ് ഇല്‍യാസ് എന്ന വ്യക്തിയെയാണ്. അവര്‍ ജനങ്ങളെ പഠിപ്പിക്കുന്നത് ഖുര്‍ആനോ സുന്നത്തോ അല്ല, മറിച്ച് അല്‍ബലാഗ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ചില കഥകളാണ്.

രണ്ട്) ഇവര്‍ പ്രബോധനരംഗത്തും പ്രവര്‍ത്തന രംഗത്തും ഒന്നാംസ്ഥാനം നല്കുന്നത് തൗഹീദിനല്ല. മറിച്ച് നമസ്‌കാരത്തിനാണ്. അതുകൊണ്ടു തന്നെ തബ്‌ലീഗ് ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ആളുകളും ശിര്‍ക്കില്‍ നിന്ന് മുക്തരല്ല. പ്രവാചകന്മാരും സത്യവിശ്വാസികളും എക്കാലത്തും പ്രബോധനരംഗത്ത് ഒന്നാം സ്ഥാനം നല്കിവരുന്നത് തൗഹീദിനാണ്. ''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ താങ്കള്‍ക്കു മുമ്പ് ഒരു ദൂതനെയും അയച്ചിട്ടില്ല'' (അന്‍ബിയാഅ് 25). നബി(സ) പറയുന്നു: ''ഞാനും എനിക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള പ്രവാചകന്മാരും പറഞ്ഞിട്ടുള്ള വചനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ലാഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ വചനമാണ്'' (മാലിക്, തിര്‍മിദി, മുവത്വ 1:215)

ഇവര്‍ക്ക് തൗഹീദുര്‍റുബൂബിയ്യത്ത് (സംരക്ഷണത്തിലെ ഏകത്വം) മാത്രമേയുള്ളൂ. തൗഹീദുല്‍ ഉലൂഹിയത്ത് (ആരാധനയിലെ ഏകത്വം) ഇല്ല എന്നതാണ് വസ്തുത. കേരളത്തിലെ സമസ്തക്കാര്‍ നിലനിര്‍ത്തിപ്പോരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവരും നിലനിര്‍ത്തിപ്പോരുന്നു എന്ന കാര്യം ഇവരുടെ ഗ്രന്ഥങ്ങള്‍ തന്നെ തെളിയിക്കുന്നു. നബി(സ)യെ വസീലയാക്കി പ്രാര്‍ഥിക്കാമെന്ന് സമസ്തക്കാര്‍ സൂറത്തുന്നിസാഇലെ 64-ാം വചനം ദുര്‍വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതേ വാദം ഇവരും അംഗീകരിക്കുന്നു. ആദം നബി(അ) പോലും നബി(സ)യെ തവസ്സുലാക്കി പ്രാര്‍ഥിച്ചു എന്ന് ഇവര്‍ രേഖപ്പെടുത്തുന്നു. (സ്വലാത്തിന്റെ മഹത്വങ്ങള്‍, പേജ് 33)

മൂന്ന്) ഏതുതരം ശിര്‍ക്കും കുഫ്‌റും ചെയ്യുന്ന വ്യക്തികള്‍ക്കും അവരോടൊപ്പം അണിചേരാം. നമസ്‌കാരം നിലനിര്‍ത്തിയാല്‍ മാത്രം മതി. ഏതു ത്വരീഖത്തുകാരനും അവരോടൊപ്പം പ്രവര്‍ത്തിക്കാം. അവരുടെ നേതാവിനെ പ്രശംസിച്ചുകൊണ്ട് രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ''ചിശ്ത്തിയ്യ, ഖാദിരിയ്യ, മാതുരീദിയ്യ, നഖ്ശബന്ദിയ്യ എന്നിങ്ങനെ നാലു ത്വരീഖത്തിന്റെ ശൈഖാണ് സകരിയ്യാ സാഹിബ്''(തബ്‌ലീഗിന്റെ മഹത്വങ്ങള്‍, മുഖവുര, പേജ് 3). ത്വരീഖത്തുകാരെപ്പോലെ തന്നെ ശൈഖിന്റെ മുന്നില്‍ എല്ലാം അര്‍പ്പിച്ച് മയ്യിത്തുപോലെ കിടക്കണം എന്നത് ഇവരുടെ ദര്‍ശനമാണ് (അമലുകളുടെ മഹത്വങ്ങള്‍, പേജ് 395,396).

നാല്) സമസ്തക്കാരെപ്പോലെ മദ്ഹബുകള്‍ നിര്‍ബന്ധമാണെന്ന് ഇവരും വാദിക്കുന്നു. സമസ്തക്കാര്‍ മദ്ഹബ് വലിച്ചെറിഞ്ഞ് നാട്ടാചാരം സ്വീകരിക്കുന്നു. ഇവര്‍ മദ്ഹബ് വലിച്ചെറിഞ്ഞു മുഹമ്മദ് ഇല്‍യാസിനെ അന്ധമായി അനുകരിക്കുന്നു. സമസ്തക്കാരെപ്പോലെ സ്ത്രീപള്ളി പ്രവേശനം ഇവര്‍ക്കും ഹറാമാണ്.

അഞ്ച്) ഹഖ്ഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവ മുന്‍നിര്‍ത്തി തവസ്സുല്‍ ചെയ്യല്‍ ഇവരും അനുവദനീയമാക്കുന്നു. (അമലുകളുടെ മഹത്വങ്ങള്‍, പേജ് 94.)

ആറ്) മഹത്തുക്കള്‍ മുഖേന പരലോകത്ത് പാപമോചനം ലഭിക്കും എന്ന ശിര്‍ക്കന്‍ വാദവും ഇവര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. (അമലുകളുടെ മഹത്വങ്ങള്‍, പേജ് 353)

ഏഴ്) നന്മ കല്പിക്കാറുണ്ടെങ്കിലും തിന്മ നിരോധിക്കല്‍ പ്രവര്‍ത്തി പഥത്തില്‍ ഇല്ല. പ്രത്യേകിച്ചും ശിര്‍ക്ക് അവര്‍ വിരോധിക്കാറില്ല.

അല്ലാഹുവല്ലാത്ത മഹത്തുകളോട് സഹായപ്രാര്‍ഥന നടത്തുന്നവരാണ് സമൂഹം പൊതുവില്‍. ശിര്‍ക്ക് എന്ന പാപം സകല സല്‍ക്കര്‍മങ്ങളെയും നിഷ്ഫലമാക്കിക്കളയും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അക്കാര്യം തബ്‌ലീഗ് ജമാഅത്തിലെ നേതാക്കള്‍ അവരുടെ അനുയായികളെ പഠിപ്പിക്കാറില്ല. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും താങ്കള്‍ക്കും താങ്കളുടെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇപ്രകാരമാകുന്നു. താങ്കള്‍ അല്ലാഹുവിന് പങ്കുകാരനെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും താങ്കളുടെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും താങ്കള്‍ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.''(സുമര്‍ 65)

തബ്‌ലീഗ് ജമാഅത്തുകാരെ സംബന്ധിച്ചേടത്തോളം നമസ്‌കാരം നിലനിര്‍ത്തിയാല്‍ മതി. നമസ്‌കാരം ഉള്‍പ്പെടെ എല്ലാ സല്‍കര്‍മങ്ങളെയും ബാത്വിലാക്കിക്കളയുന്ന ശിര്‍ക്കിനെ അവര്‍ ഒട്ടും ഭയപ്പെടാറില്ല. അതിനെ അവര്‍ എതിര്‍ക്കാതിരിക്കുന്നത്, എതിര്‍ത്താല്‍ അവരുടെ സംഘടന തന്നെ നിലനില്ക്കുകയില്ല എന്നതുകൊണ്ടും പണ്ഡിതനും പാമരനും ഒരേ അന്ധവിശ്വാസത്തില്‍ ഉറച്ചു നില്ക്കുന്നവരാണെങ്കില്‍ ആര്‍ക്കും ആരെയും എതിര്‍ക്കാന്‍ അവകാശമില്ല എന്നതുകൊണ്ടുമാണ്.

എട്ട്) ഇവരുടെ പ്രബോധന മേഖല പള്ളികളാണ്. പള്ളികളിലിരുന്ന് അവരുടെ നേതാവെന്ന പേരിലറിയപ്പെടുന്ന പണ്ഡിതന്‍, അവരുടെ തന്നെ മറ്റൊരു പണ്ഡിതന്‍ എഴുതിയ ഒരു കഥാപുസ്തകം വായിച്ചുകൊടുക്കലാണ് ഇവരുടെ പ്രബോധനരീതി. പ്രസ്തുത പുസ്തകത്തില്‍ നിര്‍മിതങ്ങളും ദുര്‍ബലങ്ങളുമായ കഥകളായിരിക്കും ബഹുഭൂരിപക്ഷവും. അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയെന്ന അജണ്ടയും ഇവര്‍ക്കില്ല. കാരണം ഇവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അധികവും പള്ളികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്.

ഒന്‍പത്) ഇവര്‍ ജനങ്ങളെ പഠിപ്പിക്കാറുള്ളത് ഫദ്വാഇലുകള്‍ (ശ്രേഷ്ഠതകള്‍) മാത്രമാണ്. അഥവാ ചെറിയ കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ചെറിയ കുറ്റങ്ങള്‍ക്ക് വലിയ ശിക്ഷ അറിയിക്കുന്നതുമായി ഒരുപാട് റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. ഇവയില്‍ മിക്കതും ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ തള്ളിയതും തെളിവിനു കൊള്ളാത്തതുമായ നിര്‍മിതങ്ങളോ ദുര്‍ബലങ്ങളോ ആയിട്ടുള്ള വാറോലകളാണ്. ഇസ്‌ലാം പ്രതിഫലം വാഗ്ദാനം ചെയ്യുന്നത് ദൃഢമായ ഏകദൈവ വിശ്വാസത്തിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള ത്യാഗസമ്പൂര്‍ണമായ കര്‍മങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഭൗതികമായി കണ്ണഞ്ചിപ്പിക്കുന്ന പല പ്രസ്ഥാനങ്ങളും ആത്മീയമായി വിലയിരുത്തുമ്പോള്‍ വട്ടപ്പൂജ്യമായിരിക്കും എന്ന് ഓര്‍ക്കുക.


Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ