Wednesday, April 27, 2016

പ്രവാചക വൈദ്യത്തിനു മറവില്‍ കൊഴുക്കുന്ന ചൂഷണ വ്യവസായം | സി മുഹമ്മദ് സലീം സുല്ലമി



ഡോ. അബ്ദുല്ല ഫൗണ്ടേഷന്‍ എന്ന പേരില്‍ ചികിത്സാസ്ഥാപനം നടത്തുന്ന കാരന്തൂര്‍ സ്വദേശി കോഴിക്കോട് പോലീസ് പിടിയിലായ വാര്‍ത്ത വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം നേടുകയുണ്ടായി. പ്രവാചക വൈദ്യ ചികിത്സയുടെ മറവില്‍ പത്തുവര്‍ഷത്തോളമായി കാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സ നടത്തിവരികയായിരുന്നു. യുനാനി, അലോപ്പതി, ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികിത്സ. തെറ്റായ നിര്‍ദേശവും ചികിത്സയും നല്കിയതു മൂലം രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ഇയാളുടെ വാചകക്കസര്‍ത്തില്‍ മയങ്ങി ചികിത്സയില്‍ വിശ്വസിച്ച് ഡയാലിസിസ് നിര്‍ത്തിവെച്ച രോഗികള്‍ പോലുമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിക്കു സമീപത്തെ വാടകക്കെട്ടിടത്തില്‍ ചികിത്സയ്‌ക്കൊപ്പം അനധികൃതമായി പ്രവാചക വൈദ്യത്തില്‍ മെഡിക്കല്‍ ബിരുദ കോഴ്‌സും ഇയാള്‍ നടത്തിയിരുന്നുവത്രെ. മതരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുമായി ബന്ധം സ്ഥാപിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിച്ച് അതിന്റെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് വിശ്വാസ്യത സൃഷ്ടിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഷാഫി സുഹൂരി എന്ന കാരന്തൂര്‍ പൂളക്കണ്ടി പി കെ മുഹമ്മദ് ഷാഫിയാണ് പോലീസ് അറസ്റ്റിലായ വ്യാജന്‍. ഇയാള്‍ നിരവധി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായി പൊലീസ് പറയുന്നു. ഷാഫിയുടെ പീഡനത്തിനിരയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പീഡനത്തിനിരയായ സ്ത്രീകള്‍ മാനഹാനി ഭയന്ന് പരാതിപ്പെടാതിരുന്നതിനാലാണ് ഷാഫിയുടെ 'വ്യാജചികിത്സ' ഇത്രയും കാലം പുറംലോകമറിയാതെ പോയതെന്നാണ് സൂചന. കുറ്റിക്കാട്ടൂരിലുള്ള ഇയാളുടെ കേന്ദ്രത്തിലും പലരും തട്ടിപ്പിന് വിധേയമായിരുന്നു. ഇതിനെതിരെ ഇദ്ദേഹത്തിന്റെ ശിഷ്യര്‍ തന്നെ രംഗത്ത് വന്നിരുന്നു.

മതത്തെയും പ്രവാചക വൈദ്യത്തെയും ദുരുപയോഗം ചെയ്താണ് സുഹൂരി ലൈംഗിക പീഡന മടക്കമുള്ള തട്ടിപ്പുകള്‍ നടത്തിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പ്രവാചക വൈദ്യം, ആത്മീയ ചികിത്സ, ഖുര്‍ആന്‍ തെറാപ്പി, സ്പിരിച്വല്‍ സൈക്ക്യാട്രി തുടങ്ങിയ പല പേരുകളില്‍ മതത്തിന്റെ മറവിലുള്ള ചികിത്സ തട്ടിപ്പുകള്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. പ്രവാചകന്‍ നിര്‍ദേശിച്ചതെന്ന പേരില്‍ പല പ്രാകൃത ചികിത്സാമുറകളും പ്രചരിപ്പിക്കാനും മരുന്നുകള്‍ വിപണിയിലിറക്കി വ്യാപാരം നടത്താനും ചില കേന്ദ്രങ്ങള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രവാചക വൈദ്യത്തെ സംബന്ധിച്ചുള്ള വിശദമായ പഠനം പ്രസക്തമായിരിക്കുന്നു.

പ്രവാചക വൈദ്യം

അത്ത്വിബ്ബുന്നബവ്വിയ്യ് അഥവാ പ്രവാചകവൈദ്യം എന്ന ഒരു ശാസ്ത്രം നിലവിലുണ്ട്. നബി(സ) സ്വീകരിച്ച ചികിത്സാ രൂപങ്ങളും അവിടുത്തെ ചികിത്സാ സംബന്ധമായ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇത്. നബി(സ) ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നിലനിന്നിരുന്ന ചികിത്സാകാര്യങ്ങളും പൗരാണികമായ രീതികളും ഉള്‍ക്കൊള്ളുന്നതോടൊപ്പം ശാശ്വതമായ ചില വൈദ്യശാസ്ത്ര തത്വങ്ങളും ഇതില്‍ കാണാവുന്നതാണ്. പ്രവാചകനില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളിലാണ് ഇവയെല്ലാം കാണുന്നത്. വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ പരന്നുകിടക്കുന്ന ഇത്തരം വചനങ്ങള്‍ ചിലര്‍ സമാഹരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. ചില ഹദീസ് ഗ്രന്ഥങ്ങള്‍ തന്നെ ത്വിബ്ബ് അഥവാ വൈദ്യം എന്ന പേരില്‍ പ്രത്യേകം തലക്കെട്ടുകള്‍ നല്‍കി ക്രോഡീകരിച്ചവരുമുണ്ട്. ഇമാം ബുഖാരി തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ കിതാബുത്ത്വിബ്ബ് എന്ന പേരില്‍ നൂറിലേറെ ഹദീസുകള്‍ വിവിധ തലക്കെട്ടുകളിലായി ക്രോഡീകരിച്ചിട്ടുണ്ട്.

ഇത്തരം ഹദീസുകള്‍ മാത്രം ശേഖരിച്ച് ക്രോഡീകരിക്കുകയും പ്രത്യേക ഗ്രന്ഥരൂപത്തില്‍ അവ രേഖപ്പെടുത്തുകയും ചെയ്ത നിരവധി പേരുണ്ട്. അവരില്‍ ഏറ്റവും പൗരാണികനാണ് ഇമാം അലിയ്യുബ്‌നു മൂസാ അല്‍ കാദ്വിം ബ്‌നു ജഅ്ഫര്‍ അസ്സ്വാദിഖ് (മരണം ഹി. 203). ഇദ്ദേഹം ഖലീഫ മഅ്മൂനിന് സമര്‍പ്പിക്കാനാണ് ഇത്തരമൊരു ഗ്രന്ഥരചന നടത്തിയത്.

ഹിജ്‌റ 238-ല്‍ മൃതിയടഞ്ഞ ഇമാം അബ്ദുല്‍ മാലികില്‍ ഉന്‍ദുലുസി, ഹിജ്‌റ 368-ല്‍ നിര്യാതനായ ഹാഫിദ് അബൂബക്കര്‍ ഇബ്‌നുസ്സനിയ്യ് തുടങ്ങി ഒട്ടേറെ പേരെ ഇങ്ങനെ കാണാവുന്നതാണ്. ഇതില്‍ പില്‍ക്കാലത്ത് വന്ന രചനകളാണ് ഇമാം ദഹബിയുടെയും (മരണം ഹി.748) ഇബ്‌നുല്‍ഖയ്യിമിന്റെയും (മരണം ഹി. 751) ഇമാം സുയൂത്വിയുടെയും (മരണം ഹി. 911) ഗ്രന്ഥങ്ങള്‍. ഇതില്‍ ഇബ്‌നുല്‍ഖയ്യിമിന്റെ ത്വിബ്ബുന്നബവിയ്യ് എന്ന പേരില്‍ പ്രസിദ്ധമായ ഗ്രന്ഥം അദ്ദേഹത്തിന്റെ സാദുല്‍മആദ് എന്ന നബിചര്യാ ഗ്രന്ഥത്തിന്റെ നാലാമത്തെ വാള്യമായി എഴുതപ്പെട്ടതാണ്.

പ്രവാചക ജീവിതത്തിലെ വിവിധ രംഗങ്ങളിലുള്ള മാതൃകകള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന അദ്ദേഹം നബി(സ) ചികിത്സാ മേഖലയില്‍ സ്വീകരിച്ച നിലപാടുകളും മറ്റുളളവര്‍ക്ക് അവിടുന്ന നിര്‍ദേശിച്ച ചികിത്സാക്രമങ്ങളുമെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. അഞ്ഞൂറോളം പുറങ്ങളുളള ഈ ഗ്രന്ഥത്തില്‍ നൂറ്റി അന്‍പതിലേറെ ശീര്‍ഷകങ്ങളിലായി നബി(സ) നടത്തിയതും നിര്‍ദേശിച്ചതുമായ ചികിത്സാമുറകളും തത്വങ്ങളും, തന്റെ കാലഘട്ടത്തിലെ വിജ്ഞാനങ്ങളുമായി ചേര്‍ത്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നുണ്ട്. ഏറെ വിജ്ഞാനപ്രദമായ ഈ ഗ്രന്ഥം പ്രവാചക വൈദ്യത്തിന്റെ മഹിമ വിളിച്ചോതുന്നതാണ്.

പ്രവാചകദൗത്യം

നബി(സ) നിയുക്തനായിട്ടുളളത് വൈദ്യശാസ്ത്രം അഭ്യസിപ്പിക്കുവാനല്ല. പ്രത്യുത മാനവതയ്ക്കാകമാനം ദൈവിക സന്ദേശത്തിന്റെ മാര്‍ഗദര്‍ശനം പകര്‍ന്നുകൊടുക്കാനാണ്. അതില്‍ തന്നെ, പാരത്രിക ജീവിതത്തില്‍ വിജയം വരിക്കാനാവശ്യമായ വിശ്വാസം, ആരാധന, അനുഷ്ഠാന കാര്യങ്ങള്‍ പ്രത്യേകമായി പഠിപ്പിക്കുകയും അതോടൊപ്പം മനുഷ്യജീവിതത്തിന്റെ ഇതര മേഖലകളില്‍ അനുവര്‍ത്തിക്കേണ്ട ദൈവികമായ മാര്‍ഗദര്‍ശനം എന്തെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലേക്കും ദൈവികമായ മാര്‍ഗദര്‍ശനം നല്‍കുമ്പോള്‍ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട രംഗത്തേക്കും ദൈവികമായ മാര്‍ഗദര്‍ശനം നല്‍കുകയുണ്ടായി. ഇബ്‌നുല്‍ഖയ്യിം(റ) പറയുന്നു: ''പ്രവാചകന്‍ നിയുക്തനായിട്ടുള്ളത് അല്ലാഹുവിലേക്കും അവന്റെ സ്വര്‍ഗത്തിലേക്കും ക്ഷണിക്കുന്നവനും വഴികാട്ടിയുമായിട്ടാണ്. എന്നാല്‍, വൈദ്യം അവിടുത്തെ ശരീഅത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ്. ആവശ്യമാകുമ്പോള്‍ ഉപയോഗിക്കുക എന്ന നിലക്ക് മാത്രം. ആവശ്യമായി വരുന്നില്ലെങ്കില്‍ ആത്മീയവും മാനസികവുമായ പരിപോഷണത്തിന് ശ്രദ്ധ തിരിക്കുകയും അത്തരം രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കുകയുമാണ് വേണ്ടത്'' (ത്വിബ്ബുന്നബിയ്യ്, പുറം 24). അപ്പോള്‍ നബി(സ)യില്‍ നിന്ന് വന്ന ശാരീരിക ചികിത്സാ കാര്യങ്ങള്‍ വിലയിരുത്തേണ്ടത് ഇത്തരം ഒരടിത്തറയില്‍നിന്ന് കൊണ്ടായിരിക്കണമെന്നാണ് ഇബ്‌നുല്‍ഖയ്യിമിന്റെ വീക്ഷണം.

പ്രവാചകവൈദ്യമായി വന്ന റിപ്പോര്‍ട്ടുകളോടുള്ള സമീപനം

വൈദ്യശാസ്ത്രപരമായും ചികിത്സാപരമായും നബി(സ)യില്‍ നിന്ന് വന്ന എല്ലാ നിവേദനങ്ങളും ഇസ്‌ലാമിക ശരീഅത്തിലെ വിശ്വാസ-ആരാധനാ-അനുഷ്ഠാന കാര്യങ്ങള്‍പോലെ അക്ഷരാര്‍ഥത്തില്‍ തന്നെ എടുക്കേണ്ട കാര്യങ്ങളാണോ? അതല്ല, അവിടുന്ന് ജീവിച്ച കാലഘട്ടവുമായി ബന്ധപ്പെട്ടതും താത്ക്കാലികവുമായ നിര്‍ദേശങ്ങളെന്ന നിലക്ക് കാണേണ്ടതാണോ? ഇമാം ഇബ്‌നുല്‍ഖയ്യിം പ്രവാചക വൈദ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച തുടങ്ങുമ്പോള്‍ നബിവചനങ്ങളെ രണ്ടു വിഭാഗമായി തിരിച്ചിരിക്കുന്നു.

എന്നിട്ടദ്ദേഹം പറയുന്നു: ''നബി(സ)യുടെ പ്രസ്താവനകള്‍ രണ്ടു വിധമാണ്. ഒന്ന്, എല്ലാവര്‍ക്കും ഒരുപോലെ ബാധകമായത്. രണ്ട്, പ്രത്യേക സ്ഥലക്കാര്‍ക്ക് മാത്രമായത്. നിങ്ങള്‍ ഖിബ്‌ലയെ അഭിമുഖീകരിച്ചോ പിന്നിട്ടോ മലമൂത്രവിസര്‍ജനം ചെയ്യരുത്, എന്നാല്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുക എന്ന നബിവചനംപോലെ. ഇതിലെ സംബോധന കിഴക്കോ പടിഞ്ഞാറോ ഇറാഖിലോ ജീവിക്കുന്ന ആളുകള്‍ക്കുള്ളതല്ല. മദീനക്കാര്‍ക്കും അതിനോടു യോജിക്കുന്നവര്‍ക്കുമുള്ളതാണ്. ശാം (സിറിയ) പോലെയുള്ള പ്രദേശങ്ങള്‍ക്കും ഇതേപോലെത്തന്നെയാണ്.'' (ത്വിബ്ബുന്നബവിയ്യ്, പുറം 25,26)

ഈ വിഭജനത്തിനുശേഷം പനിയുമായി ബന്ധപ്പെട്ട ഒരു നബിവചനം അദ്ദേഹം ചര്‍ച്ച ചെയ്യുന്നു: ''തീര്‍ച്ചയായും പനി, അല്ലെങ്കില്‍ പനിയുടെ കാഠിന്യം ജഹന്നമിന്റെ (നരകത്തിന്റെ) ജ്വാലയില്‍ നിന്നുള്ളതാണ്. അതിനാല്‍ നിങ്ങളത് വെള്ളം കൊണ്ട് തണുപ്പിക്കുക'' (ബുഖാരി). ഈ നബിവചനത്തെ ഇബ്‌നുല്‍ഖയ്യിം(റ) ഹിജാസുകാര്‍ക്കും തൊട്ടടുത്തുളള പ്രദേശക്കാര്‍ക്കും മാത്രം ബാധകമായ പ്രസ്താവനയായിട്ടാണ് കാണുന്നത്. കാരണം അവിടുത്തുകാര്‍ക്കുണ്ടാകുന്ന അധിക പനികളും സൂര്യാതപത്തിന്റെ ശക്തിയാല്‍ ഉണ്ടാകുന്നതാണ്. അതിന് കുളിച്ചോ കുടിച്ചോ വെള്ളം കൊണ്ട് തണുപ്പിക്കാവുന്നതാണ്.

വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുന്ന എല്ലാ നബിവചനങ്ങളും എല്ലാ വ്യക്തികള്‍ക്കും എല്ലാ പ്രദേശത്തുകാര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്നില്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു. അതിലെ ചില സൂചനകള്‍ നബി(സ) ജീവിച്ച കാലവും സ്ഥലവുമായി ബന്ധപ്പെട്ടതു മാത്രമാകാവുന്നതാണ്. എന്നാല്‍ 'എല്ലാ രോഗത്തിനും മരുന്നുണ്ട്. രോഗത്തിനുള്ള മരുന്ന് കിട്ടിക്കഴിഞ്ഞാല്‍ അല്ലാഹുവിന്റെ ഉത്തരവോടെ രോഗം ഭേദപ്പെടും' എന്ന നബിവചനമാണ് ഇതില്‍ പൊതുവായും വ്യാപകമായും പരിഗണിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നബി(സ)യില്‍ നിന്ന് വന്ന ചികിത്സാ നിര്‍ദേശങ്ങള്‍ ചികിത്സയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോ അവിടുത്തെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതോ അല്ലെങ്കില്‍ അതിന്റെയടിസ്ഥാനത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ആനുകാലികമാക്കേണ്ടവയായിട്ടോ കാണുകയാണ് വേണ്ടത്.

ആഇശ(റ)യുടെ പ്രസ്താവന ഈ കാര്യം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്: ''നബി(സ)ക്ക് അവിടുത്തെ അവസാനകാലത്ത് രോഗം ബാധിച്ചു. അറബികള്‍ നാനാഭാഗത്തു നിന്നും അവിടുത്തെ സന്ദര്‍ശിക്കാനെത്തി. അവര്‍ അവിടുത്തേക്ക് പല ചികിത്സകളും നിര്‍ദേശിക്കും. ഞാന്‍ അതെല്ലാം ഉപയോഗിച്ച് അദ്ദേഹത്തെ ചികിത്സിക്കുമായിരുന്നു.'' (അഹ്മദ്). മറ്റൊരു റിപ്പോര്‍ട്ടില്‍ 'അറബികളും അനറബികളുമായ വൈദ്യന്മാര്‍ നിര്‍ദേശിക്കുന്ന ചികിത്സ അദ്ദേഹത്തിന് ഞങ്ങള്‍ നടത്താറുണ്ടായിരുന്നു' എന്നാണ് വന്നിട്ടുള്ളത് (ഹാകിം). രോഗത്തിന് ചികിത്സിക്കണമെന്നും കൂടുതല്‍ യോഗ്യരായ ചികിത്സരെ കണ്ടെത്തണമെന്നുള്ള പ്രവാചകന്റെ നിര്‍ദേശവും ഈ കാര്യങ്ങള്‍ തന്നെ മനസ്സിലാക്കിത്തരുന്നു.

മുസ്‌ലിംസമൂഹം നബി(സ)യില്‍ നിന്ന് സ്ഥിരപ്പെട്ട ചികിത്സാമുറകള്‍ വര്‍ത്തമാന കാലവുമായി യോജിച്ചവ കണ്ടെത്തുകയോ കൂടുതല്‍ ശാസ്ത്രീയപഠനങ്ങള്‍ നടത്തി അതിലെ വൈദ്യവിധികള്‍ ആനുകാലികമാക്കുകയോ ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പ്രവാചകന്റെ ചില ചികിത്സാവിധികള്‍ അവിടുത്തെ പ്രവാചകത്വത്തിന് തന്നെ തെളിവായും വരാവുന്നതാണ്. ഇത്തരം ഒരു രീതി വികസിച്ചുവന്നാല്‍, വിശ്വാസികളെ സംബന്ധിച്ച് കൂടുതല്‍ മനസ്സമാധാനം ലഭിക്കുകയും പ്രവാചകന്റെ ഒരു മാതൃക പിന്‍പറ്റിയ അനുഭവവും രോഗം ശാസ്ത്രീയമായി ചികിത്സിച്ച് ഭേദപ്പെടുത്തിയ അവസ്ഥയും ഒന്നിച്ചുണ്ടാകുന്നതാണ്. എന്നാല്‍ ചികിത്സാ വിഷയത്തില്‍ വന്ന പ്രവാചക നിര്‍ദേശങ്ങള്‍ തികച്ചും മതപരമായ ഒരു കാര്യമായി പരിഗണിക്കേണ്ടതുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്. പൂര്‍വ്വകാല പണ്ഡിതന്മാരില്‍ ചിലര്‍ അവ ഒരു ശര്‍ഇയായ നിയമമായി പരിഗണിക്കേണ്ടതില്ലെന്ന വീക്ഷണം വെച്ചു പുലര്‍ത്തിയതായി കാണാവുന്നതാണ്. ആധുനികരായ യൂസുഫുല്‍ ഖറദാവിയും മഹ്മൂദ് ശല്‍തൂതും ഇത്തരം കാര്യങ്ങളൊന്നും മതപരമായ നിര്‍ദേശമായി പരിഗണിക്കേണ്ടതില്ലെന്ന പക്ഷക്കാരാണ്.

പ്രവാചക ചികിത്സയുടെ അടിസ്ഥാനം

പ്രവാചക വൈദ്യത്തിന് സുപ്രധാനമായ മൂന്ന് അടിത്തറകള്‍ കാണാവുന്നതാണ്. ഇബ്‌നുല്‍ഖയ്യിം ഇതിന്റെ ചില വശങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഒന്ന്, മാനസികശക്തി പകരുന്നവിധം പ്രാര്‍ഥനയും തവക്കുലും മറ്റു പുണ്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കലും ഇതിന്റെ ഭാഗമായി അദ്ദേഹം കാണുന്നു. ഇത്തരം പുണ്യപ്രവര്‍ത്തനങ്ങള്‍ വഴി ലഭിക്കുന്ന ആശ്വാസം രോഗങ്ങള്‍ക്ക് ശമനം നല്‍കുന്ന കാര്യമാണ്. അനുഭവങ്ങള്‍ ഇതിന്റെ സാധുത തെളിയിക്കുന്നതായി കാണാവുന്നതാണ്. ശരീരത്തിനു നല്‍കുന്ന മരുന്നുകള്‍ക്ക് അതിന്റേതായ സ്വാധീനഫലങ്ങള്‍ ഉണ്ടെങ്കിലും അത് തന്നെയും ദൈവികമായ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നതാണെങ്കിലും പ്രാര്‍ഥനയും തവക്കുലും വഴി മനസ്സ് അതിന്റെ സ്രഷ്ടാവായ നാഥനുമായി സ്ഥാപിക്കുന്ന ബന്ധത്തിലൂടെ നേടുന്ന സമാധാനവും ആശ്വാസവും മരുന്നുകളെക്കാളും മീതെയാണ്. മനസ്സിന്റെ ശക്തി വര്‍ധിക്കുന്തോറും രോഗത്തിന്റെ മേല്‍ അത് വിജയം വരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ നിഷേധിക്കുന്നവര്‍ വൈദ്യവുമായും മനുഷ്യന്റെ യാഥാര്‍ഥ്യവുമായും വളരെ അകന്നവരാണ്. (ത്വിബുന്നബിയ്യ്, പുറം 12)

രണ്ട്: പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും രീതിയാണ്. ഇസ്‌ലാം നിര്‍ദേശിക്കുന്ന വൃത്തിയുടെയും ശുദ്ധിയുടെയും കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആത്മീയമായ പശ്ചാത്താപം സ്വീകരിക്കുന്നവരെയും ശാരീരികവും ഭൗതികവുമായ ശുദ്ധീകരണം നടത്തുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നതായി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (2:222). രോഗികള്‍ക്ക് നല്‍കുന്ന ഇളവുകളും മതവിധികളിലെ ലഘൂകരണവും ഇതിന്റെ ഭാഗമായിത്തന്നെ കാണേണ്ടതാണ്. അതോടൊപ്പംതന്നെ, ഭക്ഷണകാര്യത്തില്‍ ഒരിക്കലും അമിതത്വം വരാതെ സൂക്ഷിക്കാനുള്ള നിര്‍ദേശവും ആരോഗ്യ കാര്യവുമായി ബന്ധപ്പെട്ടുതു തന്നെ. ഇബ്‌നുല്‍ഖയ്യിം(റ) ഭക്ഷണക്രമത്തെ മൂന്നായി വിഭജിക്കുന്നു. ഒന്ന്: ആവശ്യത്തിന് മാത്രമുള്ള ഭക്ഷണം. രണ്ട്: തികഞ്ഞ ഭക്ഷണം മൂന്ന്: ആവശ്യത്തിലും കവിഞ്ഞ് നല്‍കുന്നത്. ഇതില്‍ ഒന്നാമത്തേതാണ് ഒരാള്‍ക്ക് അവകാശപ്പെട്ടതും ആരോഗ്യകരമായതും.

ഇസ്‌ലാം നിഷിദ്ധമാക്കിയ ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും വര്‍ജിക്കുന്നതും പ്രതിരോധത്തിന്റെ ഇനത്തില്‍ തന്നെയാണ് ഉള്‍പ്പെടുന്നത്. ലഹരി ഉപയോഗവും ശവം തിന്നുന്നതും പന്നിമാംസം കഴിക്കുന്നതും രക്തം കുടിക്കുന്നതുമെല്ലാം ഇതില്‍പ്പെടുന്നു. പകരാന്‍ സാധ്യതയുള്ള പ്ലേഗ് പോലെയുള്ള രോഗങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ പ്രവാചകന്‍ കല്‍പിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്.

മൂന്ന്: രോഗത്തിന്റെ ഭൗതികമായ കാരണങ്ങള്‍ കണ്ടെത്തി അതിനനുഗുണമായ ചികിത്സ നല്‍കുക എന്നതാണ്. ഇത്തരം ചികിത്സ പ്രവാചകന്‍ പ്രത്യേകം നിര്‍ദേശിച്ചതാണ്. എല്ലാ രോഗത്തിനും ചികിത്സയുണ്ട്. രോഗത്തിനുളള ഔഷധം ലഭിച്ചുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ ഉത്തരവോടെ രോഗം ഭേദപ്പെടുമെന്ന് റസൂല്‍(സ) പറയുന്നുണ്ട് (മുസ്‌ലിം). ''ചികിത്സയല്ലാത്ത ഒരു രോഗത്തെയും അല്ലാഹു നല്കിയിട്ടില്ല'' (ബുഖാരി) എന്ന നബിവചനവും ഇതു മനസ്സിലാക്കിത്തരുന്നു.

ഇതിന്റെയടിസ്ഥാനത്തില്‍ വെള്ളം ദാഹത്തെയും ഭക്ഷണം വിശപ്പിനെയും അകറ്റുന്നതുപോലെ മരുന്ന് രോഗത്തെയും അകറ്റുന്നു. അതുപോലെ ഓരോ രോഗത്തിനും അതിനു ലഭിക്കേണ്ട പ്രത്യേക ചികിത്സയും മരുന്നും ലഭിക്കുമ്പോഴാണ് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് രോഗം ഭേദപ്പെടുന്നത്. അപ്പോള്‍ രോഗചികിത്സയെക്കുറിച്ച് പഠിച്ച് മരുന്ന് കണ്ടെത്തുകയെന്നത് ഇസ്‌ലാം നിര്‍ദേശിക്കുന്ന കാര്യമായി മാറുന്നു. കാര്യകാരണങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഇത്തരം ചികിത്സാ രീതികളെ ഇസ്‌ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം രീതികള്‍ ഇസ്‌ലാം പഠിപ്പിക്കുന്ന, വൈദ്യത്തില്‍ ഭരമേല്‍പിക്കുക (തവക്കുല്‍) എന്ന വിശ്വാസപ്രശ്‌നത്തെ ഒരിക്കലും ബാധിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നുമില്ല. മേല്‍ പ്രസ്താവിച്ച മൂന്നു തത്വങ്ങളും ആധുനിക കാലഘട്ടത്തിലും രോഗചികിത്സാരംഗത്ത് പ്രസക്തമായി നില്‍ക്കുന്നുവെന്ന് കാണാവുന്നതാണ്.

ചികിത്സയിലെ അന്ധവിശ്വാസങ്ങള്‍

രോഗവും ചികിത്സയുമായി ബന്ധപ്പെട്ടുനില്ക്കുന്ന അന്ധവിശ്വാസങ്ങള്‍ അനവധിയാണ്. ഭൂത-പ്രേതാദികളുടെയും ജിന്ന് റൂഹാനികളുടെയും പ്രവര്‍ത്തനഫലമാണ് രോഗങ്ങള്‍ ബാധിക്കുന്നതെന്ന വിശ്വാസം മുന്‍പത്തെപ്പോലെ ഇന്നും നിലനില്ക്കുന്നുണ്ട്. ഏതെങ്കിലും വനദേവതകളുടെയോ ചാത്തന്മാരുടേയോ പരേതാത്മാക്കളുടേയോ ശാപ കോപങ്ങളാണ് രോഗകാരണമെന്ന് വിശ്വസിക്കുന്നവരാണ് വനവാസികള്‍. ഇത്തരം രോഗങ്ങള്‍ ഭേദമാക്കാന്‍ ഈ ദൈവങ്ങളെയും ആത്മാക്കളെയും പ്രീതിപ്പെടുത്താനാവശ്യമായ മന്ത്രതന്ത്രങ്ങളും പ്രാര്‍ഥനാകീര്‍ത്തനങ്ങളും ബലിതര്‍പ്പണങ്ങളും ഇവര്‍ നടത്തുന്നു. ഇതില്‍ ചിലപ്പോള്‍ മനുഷ്യബലി വരെ ഉള്‍പ്പെടുന്നു.

ഏതു രോഗവും ഇങ്ങനെയുള്ള അദൃശ്യശക്തികളുടെ ശാപ കോപ ഫലമായുണ്ടാകുന്നതാണെന്ന വിശ്വാസം എല്ലാ സമുദായങ്ങളിലുമുണ്ട്. ചെകുത്താന്മാരും റൂഹാനികളുമാണ് രോഗം പരത്തുന്നതെന്ന വിശ്വാസം മുസ്‌ലിം സമുദായത്തിലുമുണ്ട്. വസൂരി രോഗത്തിന് കുരിപ്പ് ചെയ്ത്താന്‍ എന്ന പേര് വന്നത് ഇങ്ങനെയാണ്. ശൈത്വാനും റൂഹാനിയുമെല്ലാം തനിക്ക് പറ്റിയവരുടെ ദേഹത്ത് കയറി കൂടുമെന്നും എന്നിട്ട് അവരുദ്ദേശിക്കുന്നവിധം അയാളെക്കൊണ്ട് ചെയ്യിക്കുമെന്നും വിശ്വസിക്കുന്നു. ഇത്തരം ആളുകള്‍ പല കോപ്രായങ്ങളും ഗോഷ്ടികളും കാണിക്കുന്നു. സ്ത്രീകളെയാണ് ഇത് കൂടുതലായും ബാധിക്കാറുള്ളത്. ഇവരെ ചികിത്സിക്കുന്നതിന് ചെകുത്താനിറക്കുകയെന്നാണ് പറയപ്പെടുന്നത്. അടിച്ചും തൊഴിച്ചും മന്ത്രിച്ചും നടത്തുന്ന ഈ ചികിത്സാരീതി തനിപ്രാകൃതം തന്നെയാണ്. എന്നാല്‍ ആധുനിക കാലത്തും ഇത്തരം വിശ്വാസങ്ങളും ചികിത്സകളും നിലനില്ക്കുന്നുവെന്നുള്ളത് അന്ധവിശ്വാസങ്ങള്‍ കാലദേശങ്ങള്‍ക്കതീതമായി ഉണ്ടാകുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ്.

ആത്മീയ ചികിത്സകളോ?

രോഗ ചികിത്സയുടെ കേന്ദ്രങ്ങളായി അറിയപ്പെടുന്നവയാണ് ആത്മീയ കേന്ദ്രങ്ങള്‍. ഹൈന്ദവ- ക്രൈസ്തവ-മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് ഇന്നും പ്രചാരം കൂടിവരികയാണ്. തിരക്കുപിടിച്ച ആധുനിക ജീവിതത്തിനിടയില്‍ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുന്ന മനുഷ്യന്‍ മനസ്സമാധാനത്തിനും ആത്മശാന്തിക്കുമായി എത്തിച്ചേരുന്നത് ഇത്തരം ഇടങ്ങളിലാണ്. ജാതിമത ഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ഇത്തരം കേന്ദ്രങ്ങള്‍ തേടിയെത്തുന്നു. എല്ലാ കേന്ദ്രങ്ങളിലും അതാതു മതത്തിന്റെ പ്രത്യേക പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഉരുവിടുകയും അവരുടെ ആരാധ്യപുരുഷനെ രക്ഷകനായി മനസ്സില്‍ ധ്യാനിച്ചു പ്രാര്‍ഥനാനിരതരായി കഴിച്ചുകൂട്ടുമ്പോള്‍ അനുഭവപ്പെടുന്ന താത്കാലിക മുട്ടുശാന്തി രോഗ ശമനവും ആരാധ്യപുരുഷന്റെ അനുഗ്രഹവുമായി ചിത്രീകരിക്കുകയാണ് ചെയ്യപ്പെടുന്നത്.

ക്രൈസ്തവ സമൂഹം നടത്തുന്ന ധ്യാന കേന്ദ്രങ്ങളില്‍ യേശുവിനെ മനസ്സില്‍ ധ്യാനിച്ച് സര്‍വവും യേശുവിലര്‍പ്പിച്ച് അതിവേദം നടത്തുന്ന പ്രാര്‍ഥന-കീര്‍ത്തനങ്ങള്‍ക്കിടയില്‍ അക്ഷരസ്ഫുടതയില്ലാതെ പുറത്തുവരുന്ന ശബ്ദങ്ങള്‍ ഭാഷാവാരം (അന്യഭാഷ) ആണെന്ന് വിശ്വസിപ്പിച്ച് വിശ്വാസികളെ ആശ്വസിപ്പിക്കുന്നു. വ്യാപകമായ കളവു പ്രചാരമാണ് ഇത്തരം ധ്യാനകേന്ദ്രങ്ങളുടെ മുതല്‍ മുടക്ക്.

ആത്മീയമായ മുട്ടുശാന്തിക്കു പുറമെ ശാരീരികമായ വൈകല്യങ്ങള്‍പോലും ഇത്തരം കേന്ദ്രങ്ങള്‍ നിമിഷനേരം കൊണ്ട് ഭേദമാക്കിവിടുന്നുവെന്നുള്ളത് അത്യത്ഭുതകരമാണ്. ടെലിവിഷന്‍ ചാനലുകള്‍ വഴിയും ഇത്തരം ചികിത്സകള്‍ക്ക് പ്രചാരണം സിദ്ധിക്കുന്നു. കാലിനുമുടന്തുമായി വരുന്നയാള്‍ കര്‍ത്താവിനാല്‍ അനുഗൃഹീതനായി, ശുശ്രൂഷകന്റെ കരസ്പര്‍ശമേറ്റു മുടന്തു മാറി നടന്നുപോകുന്ന കാഴ്ച ആരേയും അതിശയിപ്പിക്കുന്നതാണ്. അഭ്യസ്തവിദ്യരും, വൈദ്യശാസ്ത്രം അഭ്യസിച്ചവരും വരെ ഇത്തരം കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നുവെന്നുള്ളത് ഈ ചൂഷണത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ്. യഥാര്‍ഥ ഏകദൈവവിശ്വാസത്തിനല്ലാതെ ഇതില്‍ നിന്നൊന്നും മനുഷ്യരെ മോചിപ്പിക്കാനാവുകയില്ലെന്ന് ഇതെല്ലാം തെളിയിക്കുന്നു.

അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ രോഗശാന്തി തേടിയെത്തിയ ബാലന്റെ മുടന്തു മാറിയതും മറ്റനേകം അത്ഭുത പ്രവൃത്തികളും അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാന്‍ കാരണമായതത്രേ. മനോരമ ദിനപത്രത്തില്‍  വരുന്ന ഉപകാരസ്മരണയെന്ന പരസ്യം വായിച്ചാല്‍ ക്രൈസ്തവ സമൂഹത്തില്‍ ഇത്തരം മൂഢവിശ്വാസികളുടെ സ്വാധീനം എത്രമാത്രമാണെന്ന് ബോധ്യമാകും. ഹൈന്ദവസമൂഹത്തിലും ഇതിനു സമാനമായ കേന്ദ്രങ്ങളുണ്ട്. മാതാഅമൃതാനന്ദമയിയുടെ തിരുസന്നിധിയില്‍ എത്തി അവരുടെ തിരുപാദങ്ങള്‍ പൂജിച്ചും അനുഗ്രഹം വാങ്ങിയും മനസ്സമാധനവും രോഗശാന്തിയും നേടുന്നവരുടെ വ്യാപ്തി എത്രയാണെന്ന് മീഡിയ അറിയിച്ചുതരുന്നുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ പോലും കടന്നു ഭക്തജനങ്ങള്‍ ഇവിടേക്ക് ഒഴുകുകയാണ്. അന്ധവിശ്വാസങ്ങളുടെ സ്വാധീനത്തിനു ഒരതിരും ബാധകമല്ലതന്നെ.

മുസ്‌ലിം സമൂഹത്തിലും ഇതിനു സമാനമായ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ക്വുര്‍ആന്‍ തെറാപ്പിയെന്നും കൗണ്‍സലിംഗ് എന്നും പേരുപറഞ്ഞ് നടത്തുന്ന കേന്ദ്രങ്ങളില്‍ നടക്കുന്നതും ഇത്തരം കാര്യങ്ങള്‍ തന്നെ. ചില പ്രത്യേക ദിക്‌റുകള്‍ ഇടതടവില്ലാതെ ഉരുവിടുവിക്കുകയും അത്യുച്ചത്തില്‍ ചെവികളില്‍ ഇത്തരം പ്രാര്‍ഥന കീര്‍ത്തനങ്ങള്‍ അടിച്ചേല്പിക്കുകയും ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ഒരു പ്രത്യേക തരം അവസ്ഥ രോഗചികിത്സയായും ആത്മശാന്തിയായും പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ജിന്നും ചെകുത്താനുമെല്ലാം ബാധിച്ചവരെയാണ് ഇത്തരം കേന്ദ്രങ്ങള്‍ മുഖ്യമായും ചികിത്സിക്കുന്നത്. അടിച്ചും തൊഴിച്ചുമെല്ലാം ബാധയിറക്കുന്ന പരിപാടികളും ഇത്തരം കേന്ദ്രങ്ങളിലുണ്ട്. ക്വുര്‍ആന്‍ വാക്യങ്ങളും നബിവചനങ്ങളും തെറ്റായി വ്യാഖ്യാനിച്ചാണ് ഇതിന് രേഖയുണ്ടാക്കുന്നത്.

ജീവന്‍ ടി വി യില്‍ ആഴ്ചയിലൊരിക്കല്‍ പ്രത്യക്ഷപ്പെടുന്ന മുസ്‌ല്യാരും ചികിത്സാ തട്ടിപ്പു തന്നെയാണ് നടത്തുന്നത്. ലോകത്തുള്ള മുഴുവന്‍ രോഗങ്ങള്‍ക്കും ഇദ്ദേഹം ചികിത്സ പ്രഖ്യാപിക്കുന്നു. എല്ലാം ഏതെങ്കിലും ചില ക്വുര്‍ആന്‍ വാക്യങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടാനും ശരീരത്തില്‍ തടവാനും എഴുതി കുടിക്കാനുമെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍. ചൊറിയും ചിരങ്ങും മുടികൊഴിച്ചിലും മാരകമായ കാന്‍സര്‍ വരെ എല്ലാ രോഗങ്ങള്‍ക്കും ഇവിടെ ചികിത്സയുണ്ട്. ആത്മീയ ചൂഷണത്തിനുപുറമെ ഭീമമായ സാമ്പത്തിക തട്ടിപ്പും ഒരുമിച്ചാണ് ഇവിടെ നടക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രാര്‍ഥന ചികിത്സാ പുസ്തകം നല്ല വിലക്ക് വിറ്റുകൊണ്ടും ഇദ്ദേഹം ചികിത്സാ ബിസിനസ്സ് ലാഭകരമാക്കുന്നു.              


ശബാബ് വാരിക
2016 ഏപ്രിൽ 22

മുസ്‌ലിംകള്‍ വൈദ്യവിജ്ഞാനത്തിലെ മുന്‍ഗാമികള്‍ | പി മുഹമ്മദ് കുട്ടശ്ശേരി



വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പൂര്‍വകാല മുസ്‌ലിംകള്‍ വഹിച്ച പങ്ക് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചിട്ടുള്ളതാണ്. അവരുടെ നിരീക്ഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തതു തന്നെ എന്ന് പറയുന്നതാകും ശരി. തങ്ങളുടെ കാലത്ത് ഗ്രീക്കുകാരും പേര്‍ഷ്യക്കാരും കല്‍ദാനികളും ഇന്ത്യാക്കാരും അറബികളും കൈകാര്യം ചെയ്തിരുന്ന എല്ലാ വൈദ്യവിജ്ഞാനങ്ങളും അവര്‍ പഠിച്ചു. ഗാലന്റെയും ഹിപ്പോക്രിറ്റിന്റെയും ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. വൈദ്യവിജ്ഞാനത്തിന്റെ കുത്തകതന്നെ അവര്‍ കൈവശപ്പെടുത്തി. അറബിയില്‍ ധാരാളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ മാത്രം 860 വൈദ്യന്മാരുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു. സൈഫുദ്ദൗല ഭക്ഷണത്തിനിരിക്കുമ്പോള്‍ കൂടെ 24 വൈദ്യന്മാരുണ്ടാകും. പുരുഷന്മാരെപ്പോലെ വൈദ്യത്തില്‍ വൈഭവം നേടിയ വനിതകളുമുണ്ടായിരുന്നു. സഹ്‌റുല്‍ അല്‍ദലുസിയുടെ പുത്രന്റെ പേരമകളും അവളുടെ മക്കളും പ്രസിദ്ധരായ ഡോക്ടര്‍മാര്‍ ആയിരുന്നു. മന്‍സൂറിന്റെ കുടുംബത്തിലെ സ്ത്രീകളെ ചികിത്സിച്ചിരുന്നത് ഇവര്‍ മാത്രമായിരുന്നു.

മുസ്‌ലിംകള്‍ വൈദ്യത്തില്‍ പരീക്ഷണങ്ങളും നടത്തി. കുഷ്ഠരോഗത്തെ സംബന്ധിക്കുന്ന ഗ്രന്ഥം ആദ്യമായി രചിച്ചത് അവരാണ്. മയക്കി കിടത്താന്‍ ആദ്യമായി വരക ധാന്യം ഉപയോഗിച്ചതും ഭ്രാന്തിന് ചികിത്സിക്കാന്‍ ആരംഭിച്ചതും മുസ്‌ലിംകളാണ്. ഇന്ത്യയില്‍നിന്ന് ധാരാളം പച്ചമരുന്നുകള്‍ വരുത്തി പഠനഗവേഷണം നടത്തിയ മുസ്‌ലിംകള്‍ ഫാര്‍മസി വിജ്ഞാനശാഖയെ വികസിപ്പിച്ചു. ഇന്ത്യയിലെ പറിച്ചെടുക്കുന്ന മരുന്നുകള്‍ പലതിന്റെയും പേരുകള്‍ അറബിയില്‍ അതേ രൂപത്തില്‍ തന്നെ ഇപ്പോഴും തുടരുന്നു. ഫ്രഞ്ചുകാര്‍ ഔഷധ പഠനത്തില്‍ മുന്നോട്ട് നീങ്ങിയപ്പോഴാണ് മുസ്‌ലിംകള്‍ ഈ വിഷയത്തില്‍ എത്രമാത്രം ഗവേഷണം നടത്തിയെന്ന് ബോധ്യമാവുക. ആശുപത്രികളുടെ നിര്‍മ്മാണത്തിലും അവര്‍ മികച്ച സംഭാവനകള്‍ അര്‍പ്പിച്ചു. ബീമാരിസ്താന്‍ എന്ന പേര്‍ഷ്യന്‍ പദമാണ് അന്ന് ആശുപത്രികള്‍ക്ക് ഉപയോഗിച്ചിരുന്നത്. ആദ്യമായി ആശുപത്രികള്‍ നിര്‍മ്മിച്ചത് ഹി.88ല്‍ വലീദുബ്‌നു അബ്ദില്‍ മലിക് ആണ്. അദ്ദേഹം കുഷ്ഠരോഗികളെ പ്രത്യക സ്ഥലത്ത് പാര്‍പ്പിച്ചത് അവര്‍ക്ക് സജന്യമായി ഭക്ഷണം നല്‍കാനായിരുന്നു. ബഗ്ദാദിലെ ആശുപത്രികണ്ടപ്പോള്‍ മറ്റ് പട്ടണങ്ങളും അവയെ അനുകരിച്ച് ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.

വൈദ്യശാസ്ത്ര രംഗത്തെ മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച പല പ്രഗത്ഭമതികളുമുണ്ട്. അലി ഇബ്‌നുഅബ്ബാസ്(ഹി.994) രചിച്ച കാമിലുസ്സനാ അഫിത്തിബ്ബ് എന്ന ഗ്രന്ഥം ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പില്‍ അതിനെ ഒരു അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കുന്നു. ഇബ്‌നുല്‍ ജസ്സാര്‍ (ക്രി.1009) രചിച്ച  സാദുല്‍ മുസാഫിര്‍ എന്ന ഗ്രന്ഥം ആന്തരിക രോഗങ്ങളെ പറ്റിയാണ് വിവരിക്കുന്നത്. ഇബ്‌നുല്‍ ഖാതിമ (ക്രി.1369) പകര്‍ച്ച വ്യാധികളെപ്പറ്റി പ്രത്യേക പഠനം നടത്തിയ വൈദ്യശാസ്ത്രജ്ഞനാണ്. ഇബ്‌നു സഹ്ര്‍ (ക്രി. 1093) പ്രധാനമായും പഥ്യത്തെയും ആഹാരക്രമത്തെയുമാണ് വിവരിക്കുന്നത്. മദ്ധ്യനൂറ്റാണ്ടുകളില്‍ നേത്രചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഭിഷഗ്വരനായിരുന്നു അലി ഇബ്‌നു ഈസാ. അദ്ദേഹം എഴുതിയ 'തദ്കിറ' എന്ന ഗ്രന്ഥത്തില്‍ 130 നേത്രരോഗങ്ങളെയും അതിനുള്ള 143 മരുന്നുകളെയുംപറ്റി പറയുന്നുണ്ട്. കണ്ണ് ഓപ്പറേഷനെപ്പറ്റി വിവരിക്കുന്ന  ഗ്രന്ഥകാരന്‍ മൂക്കില്‍ ശ്വസിപ്പിച്ചു ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്നിനെപ്പറ്റി വിവരിക്കുന്നുണ്ട്. അമ്മാറുല്‍ മൗസിലി (996-1020)യും കണ്ണുരോഗത്തെയും കണ്ണ് ഓപ്പറേഷനെയും പറ്റി വിവരിക്കുന്നുണ്ട്.

ഓപ്പറേഷനെപ്പറ്റി അബുല്‍ ക്വാസീം സഹാവി (ക്രി. 1013) രചിച്ച അത്തസ്‌രിഫ് ലിമന്‍ അജസ അനിത്തഅലിഫ' എന്ന മുപ്പത് അദ്ധ്യായങ്ങളുള്ള ഗ്രന്ഥം പല യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 200 ശസ്ത്രക്രിയാ ഉപകരണങ്ങളെപ്പറ്റി ഗ്രന്ഥം വിവരിക്കുന്നു. യൂറോപ്പില്‍ ശസ്ത്രക്രിയാപഠനത്തിന്റെ പുരോഗതിക്ക് ഏറ്റവും അധികം സഹായം നല്‍കിയ ഗ്രന്ഥമാണിത്. പതിനാലാം നൂറ്റാണ്ടിന് ശേഷം ജന്മമെടുത്ത എല്ലാ ശ്‌സ്ത്രക്രിയാ വിദഗ്ധന്മാരും ഈ ഗ്രന്ഥമാണ് പ്രധാന സ്രോതസ്സായി ഉപോയഗിച്ചത്. പല വൈദ്യന്മാരും ശസ്ത്രക്രിയ നടത്തി അപകടം സൃഷ്ടിക്കുന്നത് കണ്ടതുകൊണ്ടാണ് താന്‍ ഇത്തരം ഒരു ഗ്രന്ഥം രചിക്കാന്‍ തയ്യാറായതെന്ന് സഹാവി പറയുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ശരിയായ പഠനം നടത്തിയ ഭിഷാഗ്വരനത്രെ ഇബ്‌നുന്നഫീസ് (ക്രി.1288) ആന്തരികാവയവങ്ങളെപ്പറ്റി അദ്ദേഹം പൂര്‍വികരില്‍നിന്ന് വ്യത്യസ്തമായ പുതിയ ചിന്തകള്‍ പലതും അവതരിപ്പിച്ചു.

എന്നാല്‍ രണ്ടു പ്രഗത്ഭമതികളായ മുസ്‌ലിം ഭിക്ഷഗ്വരന്മാരാണ് വൈദ്യശാസ്ത്രത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തവരും പാശ്ചാത്യലോകത്ത് ഏറ്റവും അധികം അറിയപ്പെടുന്നവരും. ഒന്നാമത്തെ പണ്ഡിതന്‍ ജാലീനൂസുല്‍അറബ്' (അറബികളുടെ ഗാലന്‍' അബുത്ത്വിബ്ബുല്‍ അറബി അറബി വൈദ്യത്തിന്റെ പിതാവ്) എന്നീ വിശേഷണങ്ങള്‍ നല്‍കപ്പെടുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്‌നു സകരിയ്യ റാസി (ക്രി. 865) ആണ്. അദ്ദേഹത്തെപ്പറ്റി പഠനം നടത്താനും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സൂക്ഷിക്കാനുമായി അമേരിക്കയിലെ ബ്രസ്റ്റോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പ്രത്യേകവിഭാഗം തന്നെയുണ്ട്. ഇസ്‌ലാമിന്റെ എന്നല്ല മദ്ധ്യ നൂറ്റാണ്ടുകളില്‍ തന്നെ ഏറ്റവും അധികം കണ്ടുപിടുത്തങ്ങളും സൃഷ്ടികളും നടത്തിയ മഹാനായ ഭിഷഗ്വരന്‍ എന്നാണ് ഫിലിപ്പ് ഹിറ്റി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. റാസിയുടെ ഗവേഷണവുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ഒരു സംഭവം ചരിത്രഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നു. അബ്ബാറസി ഖലീഫയായിരുന്ന അള്ദുദ്ദൗല ബഗ്ദാദില്‍ ഒരു ഗവണ്‍മെന്റ് ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍ റാസിയെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം കുറേ മാംസക്കഷണങ്ങള്‍ ബാഗ്ധാദിലെ വ്യത്യസ്ത പ്രദേശങ്ങളില്‍വെച്ച് ഏറ്റവും വേഗത്തില്‍ ചീഞ്ഞുനശിക്കുന്നത് എവിടെയെന്ന് പരീക്ഷിച്ചുനോക്കി ആ സ്ഥലം ഒഴിവാക്കി ഏറ്റവും വൈകി മാസം കേടുവരുന്ന സ്ഥലം കണ്ടുപിടിച്ചു.

യവന-റോമന്‍-പേര്‍ഷ്യന്‍ ഭാരതീയ വൈദ്യവിജ്ഞാനങ്ങള്‍ മുഴുവന്‍ സ്വായത്തമാക്കി പരീക്ഷണം നടത്തി റാസി പുതിയ വൈദ്യസിദ്ധാന്തങ്ങള്‍ കണ്ടുപിടിച്ചു. ആഹാരംകൊണ്ട് ചികിത്സിച്ചു മാറ്റാവുന്ന രോഗത്തിന് മരുന്ന് ഉപയോഗിച്ചുകൂടെന്നും മരുന്നുകൊണ്ട് മാറ്റാവുന്ന രോഗത്തിന് ശസ്ത്രക്രിയ പാടില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. വൈദ്യന്‍ രോഗിക്ക് സുഖമുണ്ടെന്ന് തോന്നിപ്പിക്കുകയും തനിക്ക് വിശ്വാസമായില്ലെങ്കില്‍ പോലും രോഗം മാറുമെന്ന പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്യണമെന്നാണ് റാസിയുടെ പക്ഷം. രോഗം സുഖമമായശേഷം രോഗിക്ക് ഏതെങ്കിലും ഒരു ഭക്ഷണസാധനത്തോട് കൂടുതല്‍ കൊതി തോന്നിയാല്‍ അത് വിലക്കുന്നതിന് പകരം സൂത്രം പ്രയോഗിച്ച് രോഗിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് റാസി പറയുന്നു. കുപ്പിയില്‍ മൂത്രം നിറച്ച് വൈദ്യനെ സമീപിക്കുന്ന സമ്പ്രദായമാണ് അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ രോഗം നിര്‍ണയത്തിന് അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമേ റാസി മൂത്രത്തെ ആശ്രയിച്ചിരുന്നുള്ളു. മെര്‍ക്കുറി പുരട്ടി ചികിത്സിക്കുന്ന സമ്പ്രദായം ആദ്യം പരീക്ഷിച്ചത് റാസിയാണ്. കുരങ്ങുകളിലാണ് ആദ്യം അദ്ദേഹം ഈ പരീക്ഷണത്തിന് വിധേയമാക്കിയത്. 'പനിനീര്‍പൂമണക്കുമ്പോള്‍ അബൂസൈദുല്‍ ബന്‍ജിക്ക് ബാധിക്കുന്ന രോഗം' എന്ന ലേഖനത്തില്‍ റാസി അലര്‍ജി മുഖേനയുണ്ടാവുന്ന രോഗത്തെപ്പറ്റി ആദ്യമായി അറിവ് നല്‍കി.

റാസിയുടെ ഒരു ചികിത്സാനുഭവം ഇങ്ങനെ വിവരിക്കുന്നു: കഷണ്ടി ബാധിച്ച ഒരാള്‍ എന്നെ സമീപിച്ചു. ഒരു പരുക്കന്‍ ശീലകൊണ്ട് രക്തം പൊടിയുംവരെ തല ഉരസാന്‍ ഞാന്‍ കല്‍പിച്ചു. ശേഷം ഉള്ളി ഉരസാനും. അയാള്‍ പലവട്ടം അതാവര്‍ത്തിച്ചു. അമിതമായത് കാരണം കടുത്ത വേദന. അപ്പോള്‍ കോഴിയുടെ നെയ്യ് പുരട്ടാന്‍ കല്‍പിച്ചു. വേദന ശമിച്ചു, മുടി മുളച്ചു. പണ്ടത്തേക്കാള്‍ കറുത്തു തിങ്ങിയ തലമുടി.

റാസിയുടെ സുപ്രസിദ്ധകൃതിയായ അല്‍ജൂദ്‌രിയ്യ വല്‍ഹസബ (സ്മാള്‍ പോക്‌സും മീസ്ല്‍സും) ആ വിഷയത്തിലുള്ള ആദ്യത്തെ പുസ്തകമാണ്. 1498നും 1866നുമിടക്ക് ഇംഗ്ലീഷില്‍ അതിന്റെ നാല്‍പത് വിവര്‍ത്തനപതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1856ല്‍ ആണ് അതിന്റെ ഫ്രഞ്ച് വിവര്‍ത്തനം പ്രസിദ്ധീകൃതമായത്. 'ദരിദ്രന്മാരുടെ വൈദ്യം' എന്ന പുസ്തകത്തില്‍ വൈദ്യന്മാരില്ലാത്ത സ്ഥലത്ത് എങ്ങനെ ചികിത്സ നടത്തണമെന്ന വിഷയമാണ് വിവരിക്കുന്നത്. വിവിധ വൈദ്യവിജ്ഞാന ശാഖകളിലായി 224 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

മെഡിക്കല്‍ വിജ്ഞാനരംഗത്ത് ലോകത്തിന്റെ കനത്ത സംഭാവനകള്‍ അര്‍പ്പിച്ച രണ്ടാമത്തെ പണ്ഡിതന്‍ ഇബ്‌നുസീന (ക്രി.980-1037) ആണ്. അദ്ദേഹം രചിച്ച 'അല്‍ഖാനൂന്‍ ഫിത്തിബ്ബ്' എന്ന ഗ്രന്ഥം ഇന്നും വൈദ്യവിജ്ഞാനത്തില്‍ ഒരു അടിസ്ഥാന രേഖയായി ഗണിക്കപ്പെടുന്നു. ആറ് നൂറ്റാണ്ടുകളോളം യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഈ ഗ്രന്ഥം ഇന്നും മെഡിക്കല്‍കോളേജുകളില്‍ പരീക്ഷിക്കപ്പെടുന്നു. 25 വാള്യങ്ങളുള്ള ഈ ബ്രഹത് ഗ്രന്ഥത്തില്‍ മതം, രാഷ്ട്രീയം, പ്രകൃതി ശാസ്ത്രം, അഭൗതികജ്ഞാനം, മ്യൂസിക്, വൈദ്യം, രസതന്ത്രം, പറിച്ചെടുക്കാവുന്ന മരുന്നുകള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിന്റെ ഒന്നാം അധ്യായത്തില്‍ മഹാരോഗങ്ങള്‍, അവ നിര്‍ണയിക്കുന്നവിധം അവയുടെ ചികിത്സ, കുത്തിവെപ്പ്, ആരോഗ്യശാസ്ത്രം, രോഗപ്രതിരോധ നടപടികള്‍, കൊമ്പുവെക്കല്‍, ചൂടുവെക്കല്‍, ഉഴിച്ചില്‍ തുടങ്ങിയ ചികിത്സാവിധികളാണ് വിവരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും നെഞ്ചിനും കൂടുതല്‍ ശക്തി നല്‍കാന്‍ ഗാഢമായി ശ്വാസോഛാസം നടത്താനും ഇടക്കിടെ ഉറക്കെ അട്ടഹസിക്കാനും ഇബ്‌നുസീനാ ഉപദേശിക്കുന്നു.

മൂന്നാം അധ്യായത്തില്‍ ലൈംഗികരോഗങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍, പ്രേമപാരവശ്യം മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ വിവരിക്കുന്നത്. നാലാം അധ്യായത്തില്‍ പഥ്യം, ഓപ്പറേഷന്‍, സുഗന്ധ ദ്രവ്യങ്ങള്‍, ചര്‍മ്മവും മുടിയും സംരക്ഷിക്കേണ്ടവിധം എന്നിവ കൈകാര്യം ചെയ്യുന്നുണ്ട്. അഞ്ചാം അധ്യായത്തില്‍ 760 മരുന്നുകളുടെ ചേരുവകള്‍ കൃത്യമായി പറയുന്നുണ്ട്. ഓരോ മരുന്നിന്റെയും രൂപം രുചി, നിറം, മണം എന്നിവ അദ്ദേഹം വെവ്വേറെ വിവരിക്കുന്നുണ്ട്. ഒരു സ്ത്രീ മുലകൊടുക്കുമ്പോള്‍ പാലിക്കേണ്ട ക്രമങ്ങളെപ്പറ്റി പ്രത്യേകം വിവരിക്കുന്നുണ്ട്. ഇത്‌പോലെ വൈദ്യശാസ്ത്രഗ്രന്ഥം ശാസ്ത്രജ്ഞന്മാര്‍ രചിച്ചിട്ടില്ല. റോമില്‍ അച്ചടിച്ച ഈ ഗ്രന്ഥം 12ാം നൂറ്റാണ്ടില്‍ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. 15ാം നൂറ്റാണ്ടില്‍ അതിന്റെ 16 പതിപ്പുകളും 20ാം നൂറ്റാണ്ടില്‍ 20 പതിപ്പുകളും പുറത്തുവരികയും ചെയ്തു. 18 ാം നൂറ്റാണ്ടുവരെയും യൂറോപ്യന്‍ സര്‍വകലാശാലകളില്‍ അത് പാഠ്യപുസ്തകമായിരുന്നു.

മനശ്ശാസ്ത്ര ചികിത്സയില്‍ അതിവിദഗ്ധനായിരുന്ന ഇബ്‌നുസീനയുടെ രോഗനിര്‍ണ്ണയ സാമര്‍ഥ്യം തെളിയിക്കുന്ന ഒരു സംഭവം: ഒരു ചെറുപ്പക്കാരന്‍ ദിവസം ചെല്ലുംതോറും മെലിയുന്നു. രോഗം കണ്ടുപിടിക്കുന്നതില്‍ വൈദ്യന്മാരെല്ലാം പരാജയപ്പെട്ടു. അവസാനമാണ് രോഗിയെ ഇബിനുസീനായുടെ അടുത്തെത്തിക്കുന്നത്. ശാരീരികമായി ഒരു തകരാറുമില്ലെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പിന്നെ മനശ്ശാസ്ത്രപരമായ അന്വേഷണം നടത്തി. അവന്‍ താമസിക്കുന്ന സ്ഥലത്തെപ്പറ്റി ശരിക്കറിയാവുന്ന ഒരു ഗ്രാമത്തലവനെ വിളിച്ചുവരുത്തി. അയാളോട് ഗ്രാമത്തിലെ ഓരോ വില്ലകളെപ്പറ്റിയും ചോദിച്ചുകൊണ്ടിരുന്നു. ഒരു വില്ലയുടെ പേര് പറഞ്ഞപ്പോള്‍ പെട്ടെന്ന് യുവാവിന്റെ നാഡിമിടിപ്പില്‍ മാറ്റം. പിന്നെ ഗ്രാമത്തലവന്‍ ആ വില്ലയിലെ ഓരോ വീടിന്റെയും പേര് പറഞ്ഞു. ഒരു വീടിന്റെ പേര് പറഞ്ഞപ്പോള്‍ നാഡിമിടുപ്പിന് വലിയ മാറ്റം. കൂടുതല്‍ ശക്തമാകുന്നു. പിന്നെ ആ വീട്ടില്‍ താമസിക്കുന്ന ഓരോ അംഗത്തിന്റെയും പേര് പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ പേര് പറഞ്ഞപ്പോള്‍ നാഡിമിടിപ്പ് പിന്നെയും കൂടുതല്‍ ശക്തമാകുന്നു. യുവാവിന്റെ മുഖത്ത് ഭാവഭേദം. ഒട്ടാകെ ഒരു അസ്വസ്ഥത. ഇബ്‌നുസീനാ രക്ഷിതാക്കളോട് പറഞ്ഞു: 'ഇതാണ് രോഗം, ഈ പെണ്‍കുട്ടിയെ അവന് വിവാഹം കഴിച്ചുകൊടുക്കുകയാണ് ഏക ചികിത്സ.' അല്‍ഖാനൂന്‍ പോലെ ഇബ്‌നുസീനാക്ക് മറ്റൊരു പ്രസിദ്ധ ഗ്രന്ഥം കൂടിയുണ്ട്, അശ്ശിഫാ. വൈദ്യശാസ്ത്രത്തില്‍ ഒട്ടാകെ നൂറില്‍ അധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ പഠനഗവേഷണങ്ങളുടെ അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തിട്ടുള്ളതെന്ന് നിഷ്പക്ഷമതികളായ എല്ലാ ചരിത്രകാരന്മാരും പ്രഖ്യാപിക്കുന്നു. 


ശബാബ് വാരിക
2016 ഏപ്രിൽ 22

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ