Wednesday, August 23, 2017

സ്ത്രീ ഇസ്‌ലാമിലും ഇതര സംസ്‌കാരങ്ങളിലും | പി മുഹമ്മദ് കുട്ടശ്ശേരി


പുരുഷന് തുല്യമായ സ്ഥാനം സ്ത്രീക്ക് നല്‍കിക്കൊണ്ട് മുഹമ്മദ് നബി ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുമ്പോള്‍ എന്തായിരുന്നു ലോകത്ത് സ്ത്രീയുടെ അവസ്ഥ? ഹൈന്ദവ സംസ്‌കാരത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീ ചിതയില്‍ ചാടി മരിക്കണമെന്നായിരുന്നു വ്യവസ്ഥ. ബാബിലോണിയയിലെ ഹമൂറാബി സംസ്‌കാരത്തില്‍ അവള്‍ നാല്‍ക്കാലിയായി ഗണിക്കപ്പെട്ടു. ഒരാള്‍ മറ്റൊരാളുടെ പുത്രിയെ വധിച്ചാല്‍ ഘാതകന്റെ പുത്രിയെയും കൊല്ലുമായിരുന്നു. ഗ്രീക്കുകാര്‍ ജാലകങ്ങളില്ലാത്ത ഇരുണ്ട മുറിയിലായിരുന്നു അവളെ പാര്‍പ്പിച്ചിരുന്നത്. പുറത്ത് കാവല്‍ക്കാരെയും നിയമിക്കും. റോമാ സംസ്‌കാരത്തില്‍ സ്ത്രീക്ക് സ്വന്തമായ വ്യക്തിത്വം പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

പുരാതന ഈജിപ്ത്യന്‍ സംസ്‌കാരം ആദ്യകാലത്ത് സ്ത്രീകളെ ആദരിച്ചിരുന്നുവെങ്കിലും പിന്നീട് അവള്‍ മലിനമാണെന്നും ശപികക്കപ്പെട്ടവളാണെന്നും വിധിച്ചു അവളെ അകറ്റി നിര്‍ത്തി. സ്ത്രീക്ക് ആത്മാവുണ്ടോ എന്ന സംവാദം പോലും അന്ന് നടന്നു. കന്യാമര്‍യമിനു മാത്രമേ ആത്മാവുള്ളൂ എന്ന വാദഗതി ഉയര്‍ന്നു വന്നു. ക്രിസ്തുമതത്തിലും യഹൂദ മതത്തിലും തിന്മയുടെ കവാടമാണ് സ്ത്രീ എന്ന് വിധിക്കപ്പെട്ടു. ഒഴിവാക്കാന്‍ നിവൃത്തിയില്ലാത്ത ഒരു ശല്യമാണ് സ്ത്രീ എന്നുപോലും ചില ക്രൈസ്തവ പുരോഹിതന്മാര്‍ അഭിപ്രായപ്പെട്ടു. മുഹമ്മദ് നബി ജനിച്ച അറബ് സമൂഹവും സ്ത്രീകളെ ആദരിക്കുന്നവരായിരുന്നില്ല.

സ്ത്രീയുടെ ജനനം തന്നെ അവര്‍ അപമാനമായി കണ്ടു.ഒട്ടകത്തെ തീറ്റിപ്പോറ്റാന്‍ വരുന്ന ചെലവ് അനാവശ്യമായി കാണാത്ത അവര്‍ ഒരു സ്ത്രീയെ തീറ്റിപ്പോറ്റുന്നത് വൃഥാവേലയായി കണ്ടു. കുഞ്ഞ് പെണ്ണാണെങ്കില്‍ അവളെ ജീവനോടെ കുഴിച്ചുമൂടുക എന്നതായിരുന്നു  ചിലര്‍ കണ്ട പരിഹാര മാര്‍ഗം. അറബികളുടെ സംസ്‌കാരത്തില്‍ ഇഷ്ടമുള്ള എണ്ണം സ്ത്രീകളെ വിവാഹം കഴിക്കാം. തോന്നുമ്പോഴൊക്കെയും വിവാഹമോചനവും നടത്താം എന്നതായിരുന്നു അവസ്ഥ.

ഇങ്ങനെ ലോകം മുഴുവനും സ്ത്രീയെ അവഹേളിക്കുന്ന ഒരു അവസ്ഥയിലാണ് ഇസ്‌ലാം സ്ത്രീയുടെ വിഷയത്തില്‍ ഒരു പുതിയ സന്ദേശവുമായി രംഗത്ത് വന്നത്. ഖുര്‍ആന്‍ പുരുഷന്റെ അതേ പദവി തന്നെ സ്ത്രീക്കും നല്‍കി. പുരുഷന്‍ സ്ത്രീയില്‍ നിന്നും സ്ത്രീ പുരുഷനില്‍നിന്നുമാണെന്ന് പ്രഖ്യാപിച്ചു. അല്ലാഹുവിന്റെയടുക്കല്‍ രണ്ടുപേരും തുല്യര്‍. ആരാണോ വിശ്വാസത്തോടെ കൂടുതല്‍ കര്‍മം ചെയ്യുന്നതെങ്കില്‍ അവര്‍ക്കാണ് ശ്രേഷ്ഠതയെന്ന് വിധിച്ചു. അവകാശങ്ങളിലും കടമകളിലും രണ്ടു വിഭാഗവും തുല്യര്‍. അവളുടെ അനുമതിയില്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ ആര്‍ക്കും അധികാരമില്ല. പുരുഷനെപ്പോലെ സ്ത്രീക്കും, തന്ന ധനം തിരിച്ചു നല്‍കി വിവാഹമോചനം നടത്താനുള്ള അവകാശം നല്‍കി. കെട്ടിയും മൊഴിചൊല്ലിയും സ്ത്രീയെ കെട്ടിയിടുക എന്ന പീഡനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. അനന്തരസ്വത്തില്‍ അവള്‍ക്കും അവകാശം നല്‍കി. അല്ലാഹുവിനെയും ചെന്നായയെയുമല്ലാത്ത മറ്റൊന്നിനെയും ഭയപ്പെടാതെ സ്ത്രീകള്‍ക്ക് നിര്‍ഭയം യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയുണ്ടായി.

പുരുഷന്‍ പങ്കെടുക്കുന്ന എല്ലാ രംഗങ്ങളിലും സ്ത്രീക്കും സാന്നിധ്യം ലഭിച്ചു. അവളുടെ ശാരീരിക മാനസിക പ്രത്യേകതകളുമായി ഇണങ്ങച്ചേരാത്ത ചില രംഗങ്ങളിലൊഴികെ. യുദ്ധത്തിലും സ്ത്രീ പങ്കെടുത്തു. പട്ടാളക്കാര്‍ക്ക് വെളളം നല്‍കുക, മുറിവേറ്റവരെ ചികിത്സിക്കുക, പട്ടാളക്കാരുടെ സാധനങ്ങള്‍ സൂക്ഷിക്കുക മുതലായവയായിരുന്നു അവരില്‍ അര്‍പ്പിതമായ ദൗത്യം. എന്നാല്‍ പുരുഷന്മാരെ കവച്ച് വെക്കുന്ന ധീരതയോടെ അടര്‍ക്കളത്തില്‍ പടവെട്ടിയ ചില വനിതകളുണ്ട്. സ്വന്തം മകനെ യുദ്ധക്കളത്തില്‍ വെട്ടിയ ശത്രുവിനെ വധിച്ച നസീബയെപ്പോലുള്ള ധീരവനിതകള്‍ ഉദാഹരണം.

സ്ത്രീയുടെ ആരാധനാ സ്വാതന്ത്ര്യമാണ് ഇസ്‌ലാമിന്റെ ഏറ്റവും മികച്ച സംഭാവന. ജുമുഅ- ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ അവര്‍ അനുശാസിക്കപ്പെട്ടു. ഈദുഗാഹുകളില്‍ ഋതുമതികള്‍ പോലും പങ്കെടുക്കുമായിരുന്നു. വിജ്ഞാന സമ്പാദന വിഷയത്തില്‍ സ്ത്രീക്ക് ലഭിച്ച സ്വാതന്ത്ര്യം അവരില്‍ പുരുഷന്മാര്‍ക്കു കൂടി ക്ലാസ്സെടുക്കുകയും ഫത്‌വാ നല്‍കുകയും ചെയ്യുന്ന പണ്ഡിതകളെ വാര്‍ത്തെടുക്കാന്‍ കാരണമായി. രാഷ്ട്രീയ രംഗത്തും ശ്രദ്ധേയമായ സാന്നിധ്യം മുസ്‌ലിം സ്ത്രീ നേടി. ഭരണാധികാരികളുടെ ഉത്തരവുകള്‍ പരസ്യമായി ചോദ്യം ചെയ്യാന്‍ മാത്രം അവരുടെ രാഷ്ട്രീയ ബോധം ഉയര്‍ന്നു.

സ്ത്രീയുടെ ഏറ്റവും വലിയ മഹത്വം ഉമ്മ എന്ന പദവിയാണ്. മനുഷ്യന്‍ ഏറ്റവും അധികം കടപ്പെട്ടത് ഉമ്മയോടാണ്. ഉമ്മ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും സമുദ്രമാണ്. ഒരു ഉമ്മക്ക് കുട്ടിയോടുള്ള സ്‌നേഹവും വികാരവും വര്‍ണ്ണനാതീതമാണ്. പത്തുമാസം ഗര്‍ഭം ചുമന്നു നടന്നു. നൊന്ത് പ്രസവിച്ചു. രണ്ടു വര്‍ഷം മുലയൂട്ടി; പ്രയാസത്തോടെ വളര്‍ത്തി. കുട്ടിക്ക് വേണ്ടി എത്ര പ്രയാസം സഹിക്കേണ്ടിവന്നാലും അതില്‍ വിഷമം അനുഭവിക്കില്ല. സ്‌നേഹത്തെ കവികളും സാഹിത്യകാരന്മാരും എത്ര ഹൃദയാവര്‍ജകമായാണ് വര്‍ണിക്കുന്നത്. മികാഈല്‍ നുഐമ എന്ന പ്രസിദ്ധനായ അറബി എഴുത്തുകാരന്‍ ഉമ്മയെ വര്‍ണിക്കുന്നതിങ്ങനെ:

'എല്ലാ  ഹൃദയങ്ങളുടെ കാര്യവും അത്ഭുതകരമാണ്.എന്നാല്‍ മാതാവിന്റെ ഹൃദയം അത്യത്ഭുതം നിറഞ്ഞതാണ്. കുട്ടി അവരുടെ സമീപത്തുനിന്നു മാറി നില്‍ക്കേണ്ട സന്ദര്‍ഭമുണ്ടായാല്‍ അവര്‍ക്ക് രണ്ട് ശരീരവും രണ്ടു ഹൃദയവുമായി. ഉമ്മമാര്‍ കുട്ടികളെ 'എന്റെ കരളേ എന്റെ കണ്ണേ' എന്നൊക്കെ വിളിക്കാറില്ലേ? ഇതൊന്നും അവരെ സംബന്ധിച്ചേടത്തോളം ഭംഗി വാക്കുകളല്ല. യാഥാര്‍ഥ്യം തന്നെയാണ്. കുട്ടിക്ക് ഒരു വിഷമം നേരിടുമ്പോഴേക്കും അവള്‍ക്ക് അതിന്റെ ഇരട്ടി വിഷമമായി. അവന്റെ ഞരമ്പില്‍ നിന്ന് ഒരു തുള്ളി ചോരയൊലിക്കുമ്പോഴേക്കും അവളുടെ ഹൃദയം പൊട്ടി ധാരധാരയായി ഒഴുകുകയായി. അവന്റെ കണ്ണില്‍ ഒരു പകല്‍ കറുക്കുമ്പോഴേക്കും അവളുടെ കണ്ണിലെ സൂര്യന്മാര്‍ മുഴുവന്‍ ഇരുട്ടിലാവുകയായി. അവളുടെ കണ്ണില്‍ നിന്ന് അവന്‍ അപ്രത്യക്ഷമാകുമ്പോഴേക്കും അവളുടെ കണ്ണിലെ ഉറക്കം കെടുകയായി. തന്റെ കുട്ടി സുരക്ഷിതനായി വേഗം തിരിച്ചു വരട്ടെ എന്ന പ്രാര്‍ഥനയില്‍ മുഴുകുകയായി അവര്‍. അവനെയെങ്ങാനും മരണം തട്ടിയെടുത്താലോ അവളുടെ ഹൃദയം മരിക്കുകയായി. അവളുടെ അവസ്ഥ വര്‍ണിക്കാന്‍ ഒരു കവിക്കോ സാഹിത്യകാരനോ പ്രസംഗകനോ കഴിയില്ല'.

മക്കള്‍ എത്ര പ്രായമാകട്ടെ ഉമ്മക്ക് എന്നും അവര്‍ മക്കള്‍ തന്നെയാണ്. സ്വന്തം അവശതയേക്കാള്‍ കൂടുതല്‍ അവര്‍ മക്കളുടെ സുഖവിവരങ്ങളാണ് അന്വേഷിക്കുക. ഉമ്മയുടെ വേര്‍പാട് അസഹനീയമാണ് മക്കള്‍ക്ക്. രണ്ടു കണ്ണും നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് ഉമ്മയായിരുന്നു ഏക ആശ്രയം. ആ ഉമ്മ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ദു:ഖം അണപൊട്ടിയൊഴുകിയത് ഇങ്ങനെ: 'ഞാന്‍ അന്ധനായി സൃഷ്ടിക്കപ്പെട്ടു. എന്റെ ഉമ്മയുടെ കണ്ണിലായിരുന്നു എന്റെ വെളിച്ചം. എന്റെ ഉമ്മ എനിക്ക് നഷ്ടപ്പെട്ടു. റബ്ബേ, ഇപ്പോള്‍ ഞാന്‍ രണ്ടുവട്ടം അന്ധനായി.' പ്രസിദ്ധ അന്ധ സാഹിത്യകാരനായ ഡോ ത്വാഹാ ഹുസൈന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഉമ്മയുടെ കനിവ് അദ്ദേഹത്തിന് നല്‍കിയ നനവ് ഇങ്ങനെ വിവരിക്കുന്നു. 'ഉമ്മ എന്റെ നെറ്റിത്തടത്തില്‍ അര്‍പ്പിക്കുന്ന മുത്തമായിരുന്നു ജീവിതത്തില്‍ എനിക്കുണ്ടായിരുന്ന ഏക ആശ്വാസം' . മറ്റൊരു കവി ഉമ്മയുടെ കനിവിനെ വര്‍ണിക്കുന്നത് ഇങ്ങനെയാണ്. 'എന്റെ ധനവും കൂട്ടുകാരും വിലപിടിച്ച കവിതകളുമെല്ലാം എനിക്ക് നഷ്ടപ്പെട്ടു. പക്ഷേ, മുത്തുകള്‍ പതിച്ച കിരീടത്തേക്കാള്‍ വിലയുള്ള ഒരു നിധി എനിക്കുണ്ട്. അത് എന്റെ ഉമ്മയുടെ നെഞ്ചിലെ കനിവാണ്. സ്ത്രീയുടെ ഏറ്റവും വലിയ മഹത്വം ഉമ്മയാകാന്‍ കഴിഞ്ഞു എന്നത് തന്നെയാണ്.

ഈ ഉമ്മയോട് മനുഷ്യന്‍ എത്രമാത്രം കടപ്പെട്ടിരിക്കുന്നു. ഈ ലോകത്ത് മനുഷ്യന്‍ ഏറ്റവും നല്ല സഹവാസം പാലിക്കേണ്ടത് ഉമ്മയോടാണ്. ഉമ്മയെ വെറുപ്പിക്കുന്നത് മഹാപാപവും. എന്നാല്‍ കാലത്തിന്റെ മാറ്റമനുസരിച്ച് ഉമ്മയോടുള്ള മക്കളുടെ സമീപനത്തിലും വലിയ മാറ്റങ്ങള്‍ വന്നു. ഭാര്യയും ഉമ്മയും തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ രണ്ടു പേരെയും അവഗണിക്കാതെ സമന്വയത്തിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അതിന് പകരം ഉമ്മയെ പുറം തള്ളി ഒറ്റക്ക് താമസിക്കുന്ന സമീപന രീതിയാണ് ഇന്ന് യുവാക്കളില്‍ പലരും സ്വീകരിക്കുന്നത്. ലോകം മാതാവിന് വേണ്ടി മാത്രം ഇന്ന് ഒരു ദിനം ആചരിക്കുകയാണ്. അന്നു മാതാവിനെ സന്ദര്‍ശിക്കുന്നു, അവര്‍ക്ക് സമ്മാനങ്ങള്‍ സമര്‍പ്പിക്കുന്നു. മനുഷ്യന്‍ എത്തിപ്പെട്ട സംസ്‌കാരച്യുതിയാണ് ഈ സമ്പ്രദായം തെളിയിക്കുന്നത്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം മാതാവിനോടുള്ള സ്‌നേഹവും ബന്ധവും ഏതെങ്കിലും ഒരു ദിവസത്തില്‍ മാത്രം ഒതുങ്ങിക്കൂടാ.

സ്ത്രീക്ക് ഇസ്‌ലാമിലുള്ള സ്ഥാനം  വിവരിക്കുമ്പോള്‍ ഉയര്‍ത്തപ്പെടുന്ന ഒരു പ്രശ്‌നമാണ് സ്ത്രീ പുരുഷ സമത്വ ചിന്ത. നേരത്തെ സൂചിപ്പിച്ചത് പോലെ സ്ത്രീയുടെ ശാരീരികവും മാനസികവുമായ ചില വ്യത്യാസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുരുഷനും സത്രീയും തമ്മില്‍ ഒന്നിലും വ്യത്യാസമില്ല. വിശ്വാസവും കര്‍മവുമാണ് ദൈവസാമീപ്യത്തിനുള്ള മാര്‍ഗം. 'ആണാവട്ടെ, പെണ്ണാവട്ടെ വിശ്വാസത്തോടെ നിങ്ങളില്‍ ആര് സുകൃതം പ്രവര്‍ത്തിച്ചാലും നാം അവര്‍ക്ക് ഉത്തമ ജീവിതം പ്രദാനം ചെയ്യും (16:97). മനുഷ്യരെയെല്ലാം ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതേ അവസരം പ്രകൃതി സ്ത്രീക്കും പുരുഷനും ചില വ്യത്യാസങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്ത്രീക്ക് വിളിക്കാനല്ല , വിളി കേള്‍ക്കാനുള്ള പ്രകൃതിയാണ്. പുരുഷന്റെ ശബ്ദത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീയുടെ ശബ്ദം നേര്‍ത്തതും മൃദുലവുമാണ്. അതുകൊണ്ട് പ്രകൃതിപരമായ ഒരു മേല്‍ക്കോയ്മ സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. ഒരു കുടുംബത്തിന് ഒരു നേതാവ് അനിവാര്യമാണ്. ഈ ബാധ്യത ഇസ്‌ലാം പുരുഷനാണ് നല്‍കിയിട്ടുള്ളത്.

അതേ അവസരം പാശ്ചാത്യ ചിന്തയിലെ സ്ത്രീ-പുരുഷ സമത്വം സ്ത്രീയുടെ പ്രത്യേക വ്യക്തിത്വത്തെയും സവിശേഷതകളെയും അംഗീകരിക്കാത്ത രൂപത്തിലാണുള്ളത്. മനുഷ്യന്റെ ഉപഭോഗതൃഷ്ണയെയും വിനോദാനന്ദ വാസനകളെയും തൃപ്തിപ്പെടുത്താനുള്ള ഒരു ഉപകരണമായി സ്ത്രീ ഉപയോഗപ്പെടുത്തപ്പെടുന്നു എന്നതാണ് ഏറ്റവും ദയനീയമായ സ്ഥിതി വിശേഷം. വേഷത്തില്‍പോലും സ്ത്രീ-പുരഷ വ്യത്യാസം പാടില്ല എന്നാണ് പുതിയ വീക്ഷണം. ഇസ്‌ലാമാകട്ടെ, പുരുഷന്‍ നേടുന്ന എല്ലാ നന്മകളും പുരോഗതിയും ആര്‍ജ്ജിക്കാന്‍ സ്ത്രീക്കും അവകാശം നല്‍കുന്നതോടൊപ്പം സ്ത്രീ എന്ന അവളുടെ വ്യക്തിത്വത്തെ ഒരിക്കലും ഹനിക്കാന്‍ പാടില്ല എന്ന സമീപന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. 


അത്തൗഹീദ് مجلة التوحيد
ജൂലൈ-ആഗസ്റ്റ് 2017

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ