ദളിത് സമുദായാംഗമായ രാംനാഥ് കോവിന്ദ് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ പദവി അലങ്കരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ദളിത്‌വേട്ടയുടേയും ന്യൂപക്ഷങ്ങളും ദളിതുകളും കൊല്ലപ്പെടുന്നതിന്റെയും പേരില്‍ മാത്രം ബി ജെ പിയും കേന്ദ്ര സര്‍ക്കാറും വാര്‍ത്തകളില്‍ നിറയുന്ന ഘട്ടത്തിലാണ്, പ്രഥമ പൗരന്റെ പദവിയില്‍ ഒരു ദളിതനെ അവരോധിച്ച് ബി ജെ പി ഇതിനൊരു മറുവാര്‍ത്ത ചമച്ചത്. എന്തുകൊണ്ട് രാംനാഥ് കോവിന്ദ്, ഇങ്ങനെയൊരാളെ എന്തുകൊണ്ട് ബി ജെ പി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കി എന്നീ ചോദ്യങ്ങള്‍ അദ്ദേഹം പ്രസിഡണ്ട് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷവും ഒട്ടും പ്രസക്തി കുറയാതെ നിലനില്‍ക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടും മുമ്പ് തന്നെ വിലയിരുത്തപ്പെടേണ്ട ഒന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ പുലരി ഉദിച്ചുയര്‍ന്ന് ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും ജാതീയമായും അല്ലാതെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയ ജനങ്ങളുടെ സ്ഥാനം എവിടെയാണ് എന്നതാണത്. അതിനുള്ള ഉത്തരം കൂടിയാണ് ഇത്തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജാതിപശ്ചാത്തലം ചര്‍ച്ച ചെയ്യുന്നതിന് കൈവന്ന അമിത പ്രാധാന്യം. ദളിതന്‍ ഇപ്പോഴും തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനുമാണെന്നും നിര്‍ണായക പദവികളിലേക്കുള്ള അവരുടെ കടന്നുവരവ് മറ്റാരുടേയോ ഔദാര്യമാണെന്നുമുള്ള ധ്വനിയാണ് ഈ ചര്‍ച്ചകളുടേയെല്ലാം ആകെത്തുകയെന്ന് പറയേണ്ടി വരും. അല്ലെങ്കില്‍ അത്തരമൊരു ബോധമനസ്സ് സൃഷ്ടിച്ചെടുക്കാന്‍ അറിഞ്ഞോ അറിയാതെയോ നാം അടക്കമുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നു കരുതേണ്ടിവരും.
ഇനി നടേപറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പരിശോധിക്കാം. റബര്‍ സ്റ്റാമ്പെന്ന വിമര്‍ശനങ്ങള്‍ തുടരുമ്പോഴും ഭരണഘടനാ തലവന്‍, സര്‍വ്വസൈന്യാധിപന്‍ എന്നീ നിലകളില്‍ രാഷ്ട്രപതി പദത്തിന് ഇന്ത്യയില്‍ അതിന്റെതായ അര്‍ഥ തലങ്ങളും പ്രസക്തിയുമുണ്ട്. ചില ഘട്ടങ്ങളിലെങ്കിലും പ്രസിഡന്റ് കൈക്കൊണ്ട തീരുമാനങ്ങള്‍ സ്വാധീന ഘടകങ്ങളാവാറുമുണ്ട്. അത്തരമൊരു പദവിയിലേക്ക് ഒരു ദളിതനെ നിശ്ചയിക്കുക വഴി ദളിത് ഉന്നമനത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന പാര്‍ട്ടി എന്ന പരിവേഷത്തിലേക്ക് ബി ജെ പിയെ ഉയര്‍ത്താനുള്ള ശ്രമങ്ങളാണോ ഇപ്പോള്‍ നടക്കുന്നത്. പ്രത്യക്ഷത്തില്‍ ആണെന്ന് തന്നെ പറയേണ്ടിവരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി ജെ പിയുടെ കരുനീക്കമാണിതെന്ന വിമര്‍ശനങ്ങളും കഴമ്പുള്ളതാണ്. എന്നാല്‍ അതു മാത്രമാണ് കോവിന്ദിനെ ആ പദവിയിലേക്ക് നിശ്ചയിക്കാനുള്ള പ്രേരണയെന്ന് കരുതാനാവില്ല.
പ്രാഥമിക രൂപമായ ജനതാ പാര്‍ട്ടിയുടെ കാലം മുതല്‍ തന്നെ ബി ജെ പി സംഘ്പരിവാറിന്റെ ചട്ടുകം മാത്രമാണ്. രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ സംഘ്പരിവാര്‍ എന്ന് വേണമെങ്കില്‍ ബി ജെ പിയെ വിശേഷിപ്പിക്കാം. കാരണം ഇരുമെയ്യും ഒരു മനസ്സും എന്നതാണ് ബി ജെ പിയും സംഘ്പരിവാറും തമ്മിലുള്ള കിടപ്പ് വശം. ജാതിവ്യവസ്ഥക്കും സവര്‍ണ മേധാവിത്വത്തിനും മതപരമായ പരികല്‍പ്പനകള്‍ നല്‍കുന്ന മനുസ്മൃതിയെ വേദവാക്യമായി കണ്ടാണ് ആര്‍ എസ് എസിന്റെ സംഘടനാ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ദളിതനോ മറ്റ് താഴ്ന്ന ജാതിക്കാര്‍ക്കോ അതില്‍ സ്ഥാനമില്ലെന്ന് മാത്രമല്ല, ഒരു ഘട്ടത്തിലും അവരെ അംഗീകരിക്കാനുള്ള വിശാലമനസ്‌കത അവര്‍ക്കിടയിലേക്ക് കടന്നുവരാറുമില്ല. എന്നിട്ടും കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത് കുറുക്കന്റെ കൗശലമാണെന്നതില്‍ സംശയമില്ല.
ദളിതുകള്‍ എക്കാലത്തും വേട്ടയാടപ്പെട്ടിട്ടുള്ളത് ഉയര്‍ന്ന ജാതിക്കാരാലാണ്. സാംസ്‌കാരികമായി മുന്നേറ്റം കൈവരിച്ച കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഒഴികെ അത്തരം വേട്ടയാടലുകള്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നുമുണ്ട്. എന്നാല്‍ അതെല്ലാം നേരത്തെ ക്ഷിപ്രപ്രേരണയാല്‍ പ്രാദേശികമായി നടക്കുന്ന സംഭവങ്ങള്‍ മാത്രമായിരുന്നു. അതില്‍നിന്നു ഭിന്നമായി ദളിതുകള്‍ വേട്ടയാടപ്പെടേണ്ടവരും ആട്ടിപ്പായിക്കപ്പെടേണ്ടവരുമാണ് എന്ന ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് സംഘ്പരിവാറിന്റെ പ്രവര്‍ത്തന നേട്ടം. രോഹിത് വെമുല, കനയ്യകുമാര്‍ സംഭവങ്ങള്‍ ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു. ദളിതര്‍ രാജ്യത്തിന്റെ ഉന്നത പദവികളില്‍ എത്തിപ്പെടേണ്ടവര്‍ അല്ലെന്നും താഴ്ന്ന ജാതിക്കാര്‍ക്ക് കുലത്തൊഴിലായി പതിച്ചുനല്‍കിയ തോട്ടിപ്പണിയും മറ്റും ചെയ്ത് ജീവിക്കേണ്ടവരാണെന്നും പറയാതെ പറയുകയാണ് ഇതിലൂടെ സംഘ്പരിവാര്‍ ചെയ്യുന്നത്.
പശു സംരക്ഷണത്തിന്റെ മറവില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍പോലെതന്നെ, ദളിതുകള്‍ക്കെതിരെ വിവിധ കാരണങ്ങളാല്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ഗുജറാത്തിലെ ഉനയില്‍ ദളിതുകളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം ഇത്തരത്തിലൊന്നായിരുന്നു. ആക്രമണം നടത്തുക മാത്രമല്ല, അത്തരം ആക്രമണങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കും വാട്‌സ്ആപും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുന്നത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല, ദളിതുകള്‍ വേട്ടയാടപ്പെടേണ്ടവരാണെന്ന് സ്ഥാപിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ്. ഫരിദാബാദില്‍ ദളിത് കുടുംബത്തെ ജീവനോടെ തീവെക്കുകയും രണ്ട് കുട്ടികള്‍ വെന്തു മരിക്കുകയും ചെയ്ത നിഷ്ഠൂരമായ സംഭവം ഉള്‍പ്പെടെ ഈ ദിശയില്‍തന്നെയുള്ള ചുവടുവെപ്പുകളായിരുന്നു. ദളിതുകള്‍ക്ക് നേരെ ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങള്‍ എന്തുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല എന്നതിനു തെളിവാണ് ദളിത് വേട്ടയുമായി ബന്ധപ്പെട്ട കേസുകളിലുണ്ടായിട്ടുള്ള വര്‍ധന. ദളിതുകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2012ല്‍ 33,665 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2013ല്‍ ഇത് 39,408 ആയും 2014ല്‍ 47,064 ആയും വര്‍ധിച്ചു. ഓരോ 18 മിനുട്ടിലും ഓരോ ദളിത് സമുദായാംഗം രാജ്യത്ത് ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു എന്നത് അതിന്റെ തീവ്രത ബോധ്യപ്പെടാന്‍ സഹായിക്കും. ഹരിയാനയാണ് ദളിത് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റെടുത്ത ശേഷം ഹരിയാനയില്‍ ദളിതുകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ഏഴു മടങ്ങ് വര്‍ധിച്ചുവെന്നാണ് കണക്ക്. ഇത് ബി ജെ പിയേയും കേന്ദ്ര സര്‍ക്കാറിനെയും മുമ്പെങ്ങുമില്ലാത്ത വിധം പ്രതിക്കൂട്ടിലാക്കുന്നുണ്ട്. മറ്റൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ ദളിത് വിരുദ്ധ പ്രതിച്ഛായ തിരിച്ചടിയാകും എന്ന കണക്കുകൂട്ടലാണ് പുതിയ കരുനീക്കങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നതെന്ന് ചുരുക്കം.
ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ആക്രമണം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വഴി ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുകയും അതിന്റെ മറവില്‍ സ്വന്തം താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി അരങ്ങേറിക്കൊണ്ടിരിക്കുകയുമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകളായിക്കൊണ്ടിരിക്കുന്നത്. ദാദ്രിയിലെ അഖ്‌ലാഖ് മുതല്‍ ഡല്‍ഹി - മഥുര ട്രെയിനില്‍ ബീഫ് തീനികളെന്നാരോപിച്ച് കുത്തിക്കൊന്ന ജുനൈദ് വരെയുള്ളവര്‍ ഇരകളുടെ നീണ്ട പട്ടികയിലെ രണ്ടറ്റങ്ങള്‍ മാത്രമാണ്. ഇത് രാജ്യത്തെ ജനങ്ങളില്‍ വല്ലാത്ത ഭയപ്പാടും ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ആസൂത്രിതമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഈ രണ്ടു വിഭാഗങ്ങളേയും നിരാശ്രയരാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, മറുപക്ഷത്ത് അധികാരത്തിലെത്താനുള്ള ചവിട്ടുപടി എന്ന നിലയില്‍ ദളിതുകളേയും മുസ്‌ലിംകളേയും ബി ജെ പിക്ക് ആവശ്യമുണ്ട്. പ്രത്യേകിച്ച് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 300ലധികം സീറ്റു നേടി അധികാരത്തില്‍ എത്തിയപ്പോഴും ബി ജെ പിയുടെ ആകെ വോട്ടുവിഹിതം 31.34 ശതമാനം മാത്രമാണ്. അതായത് ഭൂരിപക്ഷമാകുമ്പോഴും ന്യൂനപക്ഷ സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് ചുരുക്കം. ദളിത്, ന്യൂനപക്ഷ വോട്ടുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നിച്ചുപോയതാണ് ബി ജെ പിക്ക് ഇക്കാര്യത്തില്‍ വലിയ തുണയായത്. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി ജെ പിക്ക് മുന്‍തൂക്കം ലഭിച്ചതിനു പിന്നില്‍ ഈയൊരു പ്രവണത തന്നെയായിരുന്നു അടിസ്ഥാന ഘടകം. എന്നാല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യങ്ങള്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ എളുപ്പമാകില്ല എന്ന സൂചനയാണ് നല്‍കുന്നത്. ബി ജെ പിക്കെതിരെ വിശാല രാഷ്ട്രീയ കൂട്ടായ്മ എന്ന നിര്‍ദേശങ്ങള്‍ ലക്ഷ്യത്തോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ലാലു- നിതീഷ്- കോണ്‍ഗ്രസ് സഖ്യം വഴി ബിഹാറില്‍ മാത്രമാണ് ബി ജെ പിയുടെ കുതിപ്പിനെ തടയിടാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മക്ക് കഴിഞ്ഞതെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍തന്നെ പുതിയൊരു വഴി വെട്ടിത്തെളിയിക്കുന്നതില്‍ അത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് തുണയായിട്ടുണ്ട്. യു പി നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരമൊരു സഖ്യമുണ്ടായിരുന്നെങ്കിലും അത് ഒരു നിലയിലും പ്രതിഫലിച്ചില്ല എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. സമാജ്‌വാദി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും എതിര്‍ചേരിയില്‍ വിള്ളലുണ്ടാക്കാന്‍ ബി ജെ പി നടത്തിയ ആസൂത്രിത ശ്രമങ്ങളും അവസാന നിമിഷം തട്ടിക്കൂട്ടിയുണ്ടാക്കിയ സഖ്യത്തിന്റെ അസ്വസ്ഥതകളുമെല്ലാം ആ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. ബിഹാറിലേതുപോലെ യു പിയിലെ സഖ്യനീക്കം ഫലിക്കാതെ പോയതില്‍ ഇക്കാരണങ്ങളും ഒരു ഘടകമായിരുന്നു.
അതില്‍നിന്ന് കുറച്ചുകൂടി കാര്യങ്ങള്‍ മെച്ചപ്പെട്ടു എന്നതാണ് നിലവിലെ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്. ബി ജെ പിയും സംഘ് പരിവാറും ചേര്‍ന്ന് ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ഉള്‍കൊള്ളുന്ന വര്‍ഗ, വര്‍ണ, ജാതി, ദേശ, ഭാഷാ സങ്കല്‍പങ്ങള്‍ക്ക് അതീതമായ ഇന്ത്യന്‍ ബഹുസ്വരതയുടെ അസ്തിത്വത്തെയാണ്. ബഹുകക്ഷി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ബി ജെ പിക്കെതിരായ പടനീക്കത്തിന് മുന്നില്‍ നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, ബിഹാര്‍ സഖ്യത്തിന് ചരടുവലിച്ച ലാലു പ്രസാദ് യാദവ് എന്നിവര്‍ക്കെതിരെ സി ബി ഐയെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന വേട്ട ഇതിന് തെളിവാണ്. ഭയപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ കൂടെ നിര്‍ത്തുക, അതിന് കീഴ്‌പ്പെടാത്തവരെ വേട്ടയാടുക എന്ന തന്ത്രമാണത്. വര്‍ഗീയ കലാപങ്ങളിലൂടെ ഒരു പതിറ്റാണ്ടു മുമ്പ് പുറത്തെടുത്ത തന്ത്രങ്ങളുടെ രാഷ്ട്രീയ വകഭേദം എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയിലെ ഇരു വിഭാഗവും മോദിയുടെ പ്രീതിക്ക് പാത്രീഭൂതരാവാന്‍ കിണഞ്ഞു ശ്രമിക്കുന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം. ലാലുവിനെയും മമതയേയും പൂട്ടാന്‍ വഴികള്‍ തിരയുന്ന കേന്ദ്ര സര്‍ക്കാര്‍, ജയലളിതയുടെ മരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്തുകൊണ്ട് അന്വേഷണത്തിന് മുതിരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട് ഇത്രയധികം ദുരൂഹതകള്‍ ഉയരുകയും സുപ്രീംകോടതിയില്‍ വരെ പരാതികള്‍ എത്തുകയും ചെയ്തിട്ടും കേന്ദ്രം കാണിക്കുന്ന മൗനത്തിനു പിന്നില്‍ തമിഴ് രാഷ്ട്രീയത്തിലെ ഈ വിനീത വിധേയപ്പെടലുകള്‍ ഉണ്ട്. ബി ജെ പിയുടെ ഈ ലക്ഷ്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ ലാലുവും മമതയും കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്നു എന്നത് പ്രതീക്ഷ നല്‍കുന്നതാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ടായ ഐക്യത്തിന്റെ പ്രധാന ഘടകമായത് ഈ രണ്ടു നേതാക്കളും സ്വീകരിച്ച ഉറച്ച നിലപാടുകള്‍ ആയിരുന്നു എന്നതു തന്നെ കാരണം.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബി ജെ പിയുടെ തന്ത്രത്തിന് ഇനി അധികകാലം സാധ്യതകള്‍ ഇല്ല എന്ന സൂചന നല്‍കുന്നതായിരുന്നു ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം. അതുകൊണ്ടുതന്നെയാണ് ബി ജെ പി പുതിയ തന്ത്രങ്ങള്‍ പയറ്റുന്നതും. അത്തരം തന്ത്രങ്ങളില്‍ ഒന്ന് മാത്രമാണ് കോവിന്ദിന്റെ സ്ഥാനാരോഹണം.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 17 പ്രതിപക്ഷ കക്ഷികള്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ധാരണയില്‍ എത്തി എന്നത് നിര്‍ണായക ചുവടുവെപ്പായിരുന്നു. തോല്‍ക്കുമെന്ന് നൂറു ശതമാനം ഉറപ്പുണ്ടായിട്ടും ഒരുമിച്ചു നിന്ന് പോരാടാനുള്ള ഈ തീരുമാനം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമായിരുന്നു. പരസ്പരം വിട്ടുവീഴ്ചക്ക് എല്ലാ പാര്‍ട്ടികളും തയ്യാറായി എന്നതാണ് നീക്കത്തെ വേറിട്ടുനിര്‍ത്തുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെ ഡി യു, ബി ജെ ഡി എന്നിവയും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു എന്നതും ശ്രദ്ധേയമാണ്. ഈ സഖ്യ നീക്കം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയകരമായി പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അതൊരു വഴിത്തിരിവായി മാറിയേക്കും. അതേസമയം തന്നെ അവസാന നിമിഷം ഉടലെടുക്കാവുന്ന പ്രധാനമന്ത്രി പദ മോഹവും താന്‍പോരിമയും സ്വാര്‍ത്ഥ താല്‍പര്യങ്ങളും ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് എത്രത്തോളം പ്രതിസന്ധി സൃഷ്ടിക്കും എന്നത് കാത്തിരുന്നു കാണേണ്ടി വരും. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ദളിതുകളുടേയും ന്യൂനപക്ഷങ്ങളുടേയും വന്‍തോതിലുള്ള പിന്തുണയില്ലാതെ ബി ജെ പിക്കു ഇനി അധികാരത്തിലേക്കുള്ള വഴി എളുപ്പമാകില്ല. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 30.8 ശതമാനം മാത്രമാണ് ഉയര്‍ന്ന ജാതിക്കാര്‍. ഇവര്‍ പൂര്‍ണമായും ബി ജെ പിയെ മാത്രം പിന്തുണക്കുമെന്ന് ഒരിക്കലും പറയാനാകില്ല. കൂടിവന്നാല്‍ 20 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കും. ശേഷിക്കുന്ന വിടവ് നികത്തണമെങ്കില്‍ ന്യൂനപക്ഷ, ദളിത് വോട്ടുകള്‍ തന്നെ വേണ്ടി വരും. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 41.1 ശതമാനവും ന്യൂനപക്ഷങ്ങളാണ്. 19.7 ശതമാനം പട്ടിക ജാതിക്കാരും 8.5 ശതമാനം പട്ടികവര്‍ഗക്കാരും.
വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ ഒരുമിച്ചുചേരുന്നത് ബി.ജെ.പിക്കു മുന്നില്‍ വെല്ലുവിളി ശക്തമാക്കും. യു പിയില്‍ എസ് പി, ബി എസ് പി, കോണ്‍ഗ്രസ്, ബിഹാറില്‍ ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ്, ഒഡീഷയില്‍ ബി ജെ ഡി, കോണ്‍ഗ്രസ്, പശ്ചിമബംഗാളില്‍ ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും, കേരളത്തില്‍ കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ഇടതുപക്ഷം എന്നീ നിലകളില്‍ രാഷ്ട്രീയമായി യോജിച്ചു നില്‍ക്കുകയും ദേശീയ തലത്തില്‍ വിശാല സഖ്യമായി അത് രൂപാന്തരപ്പെടുന്നതിനുമുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞു വരുന്നത്. അതുകൊണ്ടുതന്നെ ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന വേട്ട ബി ജെ പിയേയും കേന്ദ്ര സര്‍ക്കാറിനെയും ഒരുകാലത്തും ഇല്ലാത്ത വിധം 'അസ്വസ്ഥമാക്കാന്‍' തുടങ്ങിയിട്ടുണ്ട്.
രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ തന്നെയാണ് പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇക്കാലമത്രയും മൗനം പാലിച്ച പ്രധാനമന്ത്രി കഴിഞ്ഞ ഒരു മാസമായി നിരന്തരം പ്രസ്താവനകളുമായി രംഗത്തെത്തുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ദ്രോഹ നടപടികളിലൂടെ മുമ്പെങ്ങുമില്ലാത്ത വിധം ജനങ്ങളെ ഒരു ഭരണകൂടം വേട്ടയാടിയ കാലം കൂടിയായിരുന്നു ഇത്. നോട്ടു നിരോധനം എന്തിന് നടപ്പാക്കി, എന്തു ഫലം ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലും ഭരണകൂടത്തിന് കഴിഞ്ഞില്ല എന്നത് പരാജയത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ്. കള്ളപ്പണം വിപണിയില്‍നിന്ന് നീക്കാനും തീവ്രവാദ സംഘങ്ങള്‍ക്ക് സഹായം ലഭിക്കുന്നത് തടയാനും എന്നീ രണ്ട് വാദങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കള്ളനോട്ട് അടിയുടെ ഏജന്റുമാരായി മാറുകയും അഴിമതിയുടെ ചക്കരക്കുടത്തില്‍ കൈയിട്ട് വാരുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ആദ്യ വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്. നോട്ടു നിരോധനത്തിനു ശേഷവും വ്യാജ കറന്‍സികള്‍ എമ്പാടും രാജ്യത്ത് നില്‍നില്‍ക്കുന്നുണ്ട്. എത്ര രൂപയുടെ കള്ളപ്പണം പിടിച്ചു, ഇനി എത്ര പിടിക്കാനുണ്ട് എന്ന കണക്കുപോലും സര്‍ക്കാറിന്റെ കൈവശമില്ല. തീവ്രവാദ ആക്രമണങ്ങള്‍ രാജ്യത്ത് പിന്നെയും ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ജനക്ഷേമ പദ്ധതികളില്‍നിന്ന് ബഹുദൂരം പിന്നാക്കംപോയി. റെയില്‍, പൊതുബജറ്റുകള്‍ ഏകീകരിച്ചതിന്റെ മറവില്‍ അടിസ്ഥാന സൗകര്യ വികസന മേഖലക്ക് പണം വകയിരുത്തുന്നതില്‍ വന്‍തോതിലുള്ള വെട്ടിക്കുറക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. നഷ്ടത്തിലുള്ളതും അല്ലാത്തതുമായ പൊതുമേഖലാ കമ്പനികള്‍ വിറ്റഴിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നു.
രാജ്യസുരക്ഷ ശക്തിപ്പെടുത്താനെന്ന പേരില്‍ ഇസ്രാഈലും യു എസും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുമായി സഹസ്ര കോടികളുടെ ആയുധ, പ്രതിരോധ കരാറുകളില്‍ ഒപ്പുവെക്കുന്നു. ഈ ഭരണപരാജയങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി മറടിയാനുള്ള ആയുധമായി ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങളും ബീഫിന്റെയും ജാതിയുടേയും പേരിലുള്ള വേട്ടയാടലുകളും വഴി ഉയര്‍ന്നുവന്ന വിവാദങ്ങളെ ഉപയോഗിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍.
പ്രതിപക്ഷ കക്ഷികളുടെ ഐക്യപ്പെടല്‍ ഫലവത്താകുന്നതോടെ ഇത്തരം തന്ത്രങ്ങള്‍ പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ വിജയം കാണണമെന്നില്ല. ദളിത്, ന്യൂനപക്ഷ വേട്ട ആവര്‍ത്തിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല എന്നതുതന്നെ കാരണം. കോവിന്ദിനെ രാഷ്ട്രപതിയാക്കിയതിലൂടെ ദളിത് സംരക്ഷണത്തിന്റെ മൊത്തം ക്രഡിറ്റ് ഏറ്റെടുക്കാന്‍ ഒരു ഭാഗത്തു ശ്രമിക്കുമ്പോള്‍ തന്നെയാണ് ദളിത് വേട്ട പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിനെ ബി ജെ പി സമര്‍ത്ഥമായി തടയുന്നതും. ഇതില്‍ പ്രതിഷേധിച്ച് ബി എസ് പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവെച്ചെങ്കിലും ഇത് അവരുടെ രാഷ്ട്രീയ നീക്കം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. ആ വാദത്തെ തള്ളിക്കളയാനും കഴിയില്ല. രാജ്യസഭാംഗത്തിന്റെ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മത്രമാണ് മായാവതിക്ക് ഇനി ശേഷിക്കുന്നത്.
ഗുജറാത്തിലെ ഉന പോലുള്ള സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ ഇല്ലാത്ത വേദനയും പൊട്ടിത്തെറിയും ഇപ്പോള്‍ എന്തുകൊണ്ട് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയം തന്നെയാണ് ഉത്തരം. പരമ്പരാഗത ദളിത് വോട്ടിനെ ആശ്രയമായി കാണുന്ന ബി എസ് പിയെ കോവിന്ദിലൂടെ ദളിത് വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങള്‍ അസ്വസ്ഥമാക്കുന്നുണ്ട്. ദളിത് വിഷയം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രാജിവെക്കുക വഴി, ബി ജെ പിയുടെ ദളിത് വിരുദ്ധ മുഖത്തില്‍ മാറ്റം വന്നിട്ടില്ലെന്നും കോവിന്ദ് എന്നത് രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ഒരു പ്രതീകം മാത്രമാണെന്നും സ്ഥാപിക്കാനാണ് മായാവതി ശ്രമിച്ചത്. ദളിത് സമുദായക്കാരനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമ്പോഴും സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള കരുനീക്കം മാത്രമാണിത്. സംഘ് പരിവാര്‍ ആശയങ്ങളോട് എക്കാലത്തും ആഭിമുഖ്യം പുലര്‍ത്തിയിട്ടുള്ള നേതാവാണ് കോവിന്ദ് എന്നതുതന്നെ കാരണം.
പല കാര്യങ്ങളിലും സവര്‍ണ ശക്തികളുടെ ചിന്താഗതിയെ പിന്തുണക്കുകയും അതുവഴി ആര്‍ എസ് എസിനെ തൃപ്തിപ്പെടുത്തുകയും ചെയ്തിട്ടുള്ള പശ്ചാത്തലമാണ് കോവിന്ദിന്റേത്. ജാതി സംവരണത്തെ തുറന്നെതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ഇതിന് ഉദാഹരണമാണ്. സവര്‍ണ താല്‍പര്യങ്ങള്‍ പേറുന്ന ഒരാളെ രാഷ്ട്രപതി പദത്തില്‍ അവരോധിക്കുക വഴി, ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ് കോവിന്ദിലൂടെ ബി ജെ പി സാധ്യമാക്കുന്നത്. രാംനാഥ് കോവിന്ദിനെപ്പോലെ ഒരാളെ രാഷ്ട്രപതി പദത്തില്‍ എത്തിച്ചതുകൊണ്ടു മാത്രം ബി.ജെ.പിക്കു മേല്‍ വന്നു പതിച്ച ദളിത് വിരുദ്ധ പ്രതിഛായ മാറ്റിയെടുക്കാന്‍ കഴിയുമോ, പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. ഒന്നുറപ്പാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ അടക്കിവാഴാതെ പരസ്പര വിട്ടുവീഴ്ചയിലും സഹകരണത്തിലും അധിഷ്ടിതമായി രാജ്യത്തെ മതേതര കക്ഷികള്‍ ഒരുമിച്ചു നിന്നാല്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്നത് അസാധ്യമായ കാര്യമല്ല. ഹൃദയവിശാലതയോടെ ആ ലക്ഷ്യത്തിനു വേണ്ടി മുന്നിട്ടിറങ്ങാന്‍ എല്ലാ കക്ഷികളും തയ്യാറാകണം എന്നു മാത്രം.
എ പി അന്‍ഷിദ്
ശബാബ് വാരിക,
2017 ജൂലൈ 28
0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:
Post a Comment