Tuesday, February 7, 2017

അതിരുവിടുന്ന ആചാരങ്ങള്‍ക്കെതിരെ മതത്തിന്റെ ജാഗ്രത | സി മുഹമ്മദ് സലീം സുല്ലമി



തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു കഴിഞ്ഞ രണ്ടാഴ്ചകളായി പത്രമാധ്യമങ്ങളുടെ തലക്കെട്ട് പിടിച്ചുപറ്റിയത്. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ജെല്ലിക്കെട്ട് വീണ്ടും കടന്നുവരുന്നത്. 2014-ല്‍ സുപ്രീംകോടതി ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് അരങ്ങേറുകയുണ്ടായി. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മാണം നടത്താത്തതിനെതിരെ വന്‍പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. വിദ്യാര്‍ഥികള്‍, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാര്‍, സാംസ്‌കാരിക നായകന്മാര്‍, കലാകാരന്മാര്‍, യുവാക്കള്‍ തുടങ്ങിയ എല്ലാ വിഭാഗമാളുകളും ഇതില്‍ അഭിപ്രായവ്യത്യാസമില്ലാതെ അണിനിരന്നു. വളരെ അപൂര്‍വമായി മാത്രമേ ഇത്തരം ഒത്തുചേരലും പ്രതിഷേധവും ഇന്ത്യാരാജ്യത്ത് നടക്കാറുള്ളൂ. മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഉള്‍പ്പെടെ വലിയ ഒരു സമൂഹം തന്നെ പ്രധാനമന്ത്രിയെ കാണുകയും ചെയ്തു. പ്രക്ഷോഭകരുടെ പൊതുആവശ്യം ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള നിരോധനം നീക്കണമെന്നും അത് നിരോധിക്കാന്‍ കാരണക്കാരായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ്ഒഫ് അനിമല്‍സ് (പെറ്റ) എന്ന സംഘടനയെ നിരോധിക്കണമെന്നുമാണ്.

ഇത്രമാത്രം പ്രക്ഷോഭം നടത്തി സാധിച്ചെടുത്ത ജെല്ലിക്കെട്ടില്‍ രണ്ടുപേര്‍ കാളകളുടെ കുത്തേറ്റ് മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എന്നിട്ടും തമിഴ്‌നാട്ടില്‍ അതിന്റെ പേരില്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടായി കേട്ടില്ല. മുമ്പും ഈ ജെല്ലിക്കെട്ടില്‍ ജീവഹാനി സംഭവിക്കാറുണ്ടായിരുന്നു. ഇതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട സംഘടന-പെറ്റ-മൃഗപീഡനം എന്ന പേരിലാണ് വിധി സമ്പാദിച്ചത്.

എന്നാല്‍, ഇതൊരു മൃഗപീഡനം എന്നതിലുപരി ആത്മഹത്യാപരമായ ഒരു ചടങ്ങുകൂടിയാണെന്ന് ആരും കാണുന്നില്ല. കൊമ്പുകൂര്‍പ്പിച്ച് വര്‍ണങ്ങള്‍ പൂശി, തലയിളക്കി വിറളിയെടുത്ത് കുതിക്കുന്ന കൂറ്റന്‍കാളയുടെ പൂഞ്ഞയില്‍ ചാടിപ്പിടിച്ച് കീഴടക്കുന്നതിന്റെ 'ത്രില്ലിനു' പുറമെ ഇതൊരു പുണ്യകര്‍മമായി കരുതുന്നുവെന്നതാണ് ഇതിലെ കൗതുകം.  അലക്ഷ്യമായ ദൈവാരാധനയും ദൈവഭക്തിയും മനുഷ്യനെക്കൊണ്ട് എന്തെല്ലാം അത് ചെയ്യിക്കില്ല! ചരിത്രത്തിലും വര്‍ത്തമാനത്തിലും അനേകം ഉദാഹരണങ്ങള്‍ അതിനു കാണാം. ഇതിനിടയില്‍ കാളയുടെ കുത്തേറ്റോ ചവിട്ടേറ്റോ മൃത്യു വരിക്കുന്നത് വീരചരമവും പുണ്യകര്‍മവുമായി മാറുകയും ചെയ്യുന്നു.

പൈതൃകവും പാരമ്പര്യവും
ഏത് തിന്മകളെയും അനാചാരങ്ങളെയും അത്യാചാരങ്ങളെയും ന്യായീകരിക്കാന്‍ എക്കാലത്തും അതിന്റെ ആളുകള്‍ ഉന്നയിച്ചുപോന്നിട്ടുള്ള ന്യായങ്ങളിലൊന്നാണ് പൈതൃകവാദം. പാരമ്പര്യമായി തങ്ങള്‍ ചെയ്തുപോരുന്ന കാര്യങ്ങളെ ചോദ്യംചെയ്യുകയോ അതിന്റെ ന്യായാന്യായതകളെ വിലയിരുത്തി വിമര്‍ശിക്കുകയോ അതിലെ ബുദ്ധിശൂന്യതയോ അശാസ്ത്രീയതയോ ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ അത് ധിക്കാരമോ 'മഹത്തായ പൈതൃക'ത്തെ ചോദ്യംചെയ്യലോ ആയി മാറുന്നു. എന്നല്ല, ഇത് മതവിരുദ്ധ പ്രവര്‍ത്തനവുമായി മാറുന്നു. ഇത് ഏറ്റവും വലിയ രാഷ്ട്രീയ തന്ത്രവുമായും ചിലപ്പോള്‍ മാറാറുണ്ട്.

ചരിത്രത്തില്‍, ഈജിപ്ത് ഭരിച്ചിരുന്ന ഫറോവ ചക്രവര്‍ത്തി ആരാധ്യതയും ഭരണസംവിധാനവും പിടിച്ചുനിര്‍ത്താന്‍ അതിനെതിരില്‍ വന്ന മൂസാ(അ)യെയും ഹാറൂനിനെയും(അ) നേരിടുന്നതിനുപയോഗിച്ച തന്ത്രം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ''ഫറോവയും ആളുകളും കൂടിയാലോചനക്കുശേഷം നടത്തിയ പ്രസ്താവന: തീര്‍ച്ചയായും, ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്. അവരുടെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുകയാണ്.'' (വി.ഖു 20:63)

ത്വരീഖതുമുല്‍ മുഥ്‌ലാ (നിങ്ങളുടെ മാതൃകാപരമായ മാര്‍ഗം അഥവാ സംസ്‌കാരം) എന്നതു കൊണ്ടുദ്ദേശിക്കുന്നത് അവിടെ നിലനിന്നിരുന്ന പൈതൃകമാണ്. അത് വീണ്ടെടുക്കുകയോ തകര്‍ത്തുകളയുകയോ ചെയ്യുമെന്ന് പറയുമ്പോള്‍ ജനങ്ങള്‍ സ്വാഭാവികമായും വികാരഭരിതരാവുകയും സമരസജ്ജരാവുകയും ചെയ്യും. ആ തന്ത്രമാണ് ഫിര്‍ഔനും കൂട്ടരും മൂസാ(അ)ക്കും ഹാറൂനും(അ) എതിരെ ഇവിടെ പറയുന്നത്. തമിഴകത്ത് നടന്ന സംഭവങ്ങളിലും ഈ രണ്ട് ഭാഗവുമുണ്ടെന്ന് കാണാവുന്നതാണ്.

നബിമാരുടെ കാലത്ത്
ഖുര്‍ആനില്‍ നൂഹ്‌നബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത് പൊതുവായി ഈയൊരു ഭാഗം കാണാവുന്നതാണ്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പിന്‍ബലത്തില്‍ ബഹുദൈവാരാധനാപരമായ കാര്യങ്ങളും അധാര്‍മികവും മനുഷ്യത്വപരവുമല്ലാത്തതുമായ കാര്യങ്ങളും നിലനിര്‍ത്താന്‍വേണ്ടി ഇതിനെ ഉപയോഗപ്പെടുത്തുന്നത് കാണാം. പ്രവാചകതിരുമേനി വരുന്നതിനു മുമ്പും പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ അവസാന കാലംവരെയും അവിടെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു കഅ്ബാലയം ത്വവാഫ് ചെയ്യാന്‍ വരുന്നവര്‍ സ്ത്രീപുരുഷ ഭേദമന്യെ നഗ്നരായി ത്വവാഫ് ചെയ്യുക എന്നുള്ളത്. ഇത് ന്യായീകരിക്കാന്‍ അതിന്റെ ആളുകള്‍ പറഞ്ഞിരുന്നത് ഇത് പാരമ്പര്യവും ദൈവിക കല്പനക്ക് അനുസൃതവുമാണെന്നാണ്. ഈ വാദത്തെ ഖുര്‍ആന്‍ ഖണ്ഡിക്കുന്നത് നോക്കുക: ''അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍ ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും അല്ലാഹു ഞങ്ങളോട് കല്പിച്ചതാണ് അത് എന്നുമാണവര്‍ പറയുക. നബിയേ, പറയുക: നീചവൃത്തി ചെയ്യാന്‍ അല്ലാഹു കല്പിക്കുകയില്ല. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ?'' (വി.ഖു 7:28)

അല്ലാഹു അവതരിപ്പിച്ചതിലേക്കും അവന്റെ ദൂതന്റെവഴിയിലേക്കും വരൂ എന്ന് അവരോട് പറഞ്ഞാല്‍, അവര്‍ പറയും: ''ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതുമതി ഞങ്ങള്‍ക്ക് എന്നായിരുന്നു പ്രവാചകന്മാരോടുള്ള ജനങ്ങളുടെ മറുപടി.'' (വി.ഖു 5:104) അവരുടെ ഈ നിലപാടിനെക്കുറിച്ച് അല്ലാഹു പറയുന്നത് ''അവരുടെ പിതാക്കള്‍ യാതൊന്നും അറിയാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാലും (അത് മതി എന്നാണോ)'' (വി.ഖു 5:104). മറ്റൊരു സ്ഥലത്ത് 'ചിന്തിക്കാത്തവര്‍' (2:170), 'പിശാച് അവരെ നരകത്തിലേക്ക് ക്ഷണിച്ചാലും' (31:21) എന്നും അവരുടെ നിലപാടിനെക്കുറിച്ച് അല്ലാഹു അറിയിക്കുന്നു. ഇത്തരം പിന്തിരിപ്പന്‍ നിലപാടുകള്‍ക്കെതിരിലായിരുന്നു പ്രവാചകന്മാര്‍ നിലപാടെടുത്തിരുന്നത്.

പൈതൃകവാദത്തിന്റെ ദുരന്തം
പൈതൃകവാദമുന്നയിച്ച് നടപ്പാക്കുന്നതും നിലനിര്‍ത്തുന്നതുമായ കാര്യങ്ങളേറെയും അര്‍ഥശൂന്യമായതോ നിലനിര്‍ത്താന്‍ യോഗ്യമല്ലാത്തതോ ആയിരിക്കും. ഇപ്പോള്‍ ചര്‍ച്ചയിലിരിക്കുന്ന ജെല്ലിക്കെട്ടു പോലും സംഘകാലം മുതല്‍ നിലനിന്നുപോരുന്നത് എന്ന നിലക്കാണ് ന്യായീകരിക്കുന്നത്. അയ്യായിരം വര്‍ഷത്തെ പാരമ്പര്യത്തിന്റെ ആധികാരിതയോടെ ഇന്ത്യയില്‍ നിലനിര്‍ത്താനും പുനസ്ഥാപിക്കാനും ഉദ്ദേശിക്കുന്ന 'ഹിന്ദുത്വ' എന്ന സംസ്‌കാരത്തിന്റെയും കഥയിതുതന്നെ. 'സതി' പോലുള്ള അത്യാചാരങ്ങളും പുരുഷമേധ യാഗവുമെല്ലാം ഇതില്‍പെടുന്നു. വിധവകള്‍ പുനര്‍വിവാഹം ചെയ്യപ്പെട്ടുകൂടാ എന്നതും ഇതില്‍ പെട്ടതുതന്നെ. തികച്ചും ആഭാസകരവും മനുഷ്യപ്രകൃതിയോട് ഇണങ്ങാത്തതുമായ ചിലത് ഇന്നും നമ്മുടെ നാട്ടില്‍ ഇതിന്റെ പേരില്‍ നടക്കുന്നു.

വടകരയ്ക്കടുത്ത ഒരു ആശ്രമത്തില്‍ സ്ത്രീപുരുഷന്മാരെല്ലാം വിവസ്ത്രരായി ജീവിക്കുകയും രാത്രി വകഭേദമില്ലാതെ ഒന്നിച്ച് ശയിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു!! കര്‍ണാടകയില്‍ ഓരോ വര്‍ഷവും നടക്കുന്ന ഒരു സ്‌നാനത്തിന്റെ റിപ്പോര്‍ട്ട് നമ്മുടെ പത്രങ്ങള്‍ കൊടുക്കാറുണ്ട്. സ്ത്രീകളും പുരുഷന്മാരുമെല്ലാം നഗ്നരായി നദിയില്‍ കുളിക്കുകയും നഗ്നരായി തന്നെ പുറത്തേക്ക് വരികയും ചെയ്യുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരെ തടയാന്‍ ചെന്ന പൊലീസുകാരെ പോലും അവര്‍ നഗ്നരാക്കി കൂടെ നടത്തുകയുണ്ടായി.

അവരും ഇതിനെ ന്യായീകരിച്ചത് പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍തന്നെ. ശരീരഭാഗങ്ങളില്‍ ഇരുമ്പ് കമ്പിയുടെ കൊളുത്തുകള്‍ പിടിപ്പിച്ച് തൂങ്ങിയാടുന്ന ചിത്രങ്ങള്‍ പത്രങ്ങള്‍ നല്‍കാറുണ്ട്. മുസ്‌ലിം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗം അവരുടെ ഹദ്ദാദ്, റാത്തീബ് പരിപാടികളില്‍ ആയുധമുപയോഗിച്ച് വയറിന് കുത്തുകയും നാവിന് കീറലുണ്ടാക്കുകയുമെല്ലാം ചെയ്യുന്നു. കുത്ത്‌റാത്തീബും ഇതില്‍പെടുന്നു. അവരും പാരമ്പര്യവാദികള്‍ തന്നെ.

ഇസ്‌ലാമിക നിലപാട്
ഇസ്‌ലാം ദൈവികമതമെന്ന നിലയില്‍ മനുഷ്യരുടെ സ്രഷ്ടാവ് അവതരിപ്പിച്ചതാണ്. അതില്‍ എവിടെയും ഈ രൂപത്തിലുള്ള ആരാധനകളോ അനുഷ്ഠാനങ്ങളോ കാണാന്‍ കഴിയില്ല. മനുഷ്യപ്രകൃതി അറിയുന്ന സ്രഷ്ടാവ് തന്നെ മനുഷ്യനുവേണ്ടി നിയമങ്ങളവതരിപ്പിക്കുമ്പോള്‍ അത് പ്രകൃതിയോട് തികച്ചും പൂരകമായിരിക്കും. പൂര്‍വകാലങ്ങളില്‍ മതപൗരോഹിത്യവും മതാധ്യക്ഷന്മാരും ജനങ്ങളുടെ മേല്‍ അനേകം ചങ്ങലക്കെട്ടുകളും ഭാരങ്ങളും ചുമത്തുകയുണ്ടായി. ഇസ്‌ലാമില്‍ പ്രവാചകന്റെ നിയോഗത്തിന്റെ ഉദ്ദേശ്യങ്ങള്‍ അല്ലാഹു വിശദീകരിക്കുന്നതു തന്നെ ഇത്തരം ഭാരങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: ''അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു.'' (വി.ഖു 7:157)

വിശ്വാസ, ആരാധന, അനുഷ്ഠാന, സംസ്‌കാര രംഗങ്ങളിലും സാമൂഹിക സാമ്പത്തിക കുടുംബമേഖലകളിലും തുടങ്ങി ജീവിതത്തിന്റെ മുഴുവന്‍ തുറകളിലും മനുഷ്യ പ്രകൃതിയോടിണങ്ങിയ നിയമങ്ങളാണ് ഇസ്‌ലാം അവതരിപ്പിച്ചിട്ടുള്ളത്. അത് മനുഷ്യരോടും മൃഗങ്ങളോടും പരിസ്ഥിതിയോടുമെല്ലാം ഇണങ്ങിനില്ക്കുന്നു. അത്രയ്ക്ക് ശാരീരിക പീഡനങ്ങളോ കഠിന തപസ്യകളോ കടുത്ത അത്യാചാരങ്ങളോ ഒന്നും തന്നെയില്ല. തികച്ചും ലളിതവും പ്രായോഗികവും അനായാസേന നടത്തിക്കൊണ്ടുപോകാവുന്നതുമാണ്. അല്ലാഹു കല്പിച്ചതോ നിര്‍ദേശിച്ചതോ ആയ കാര്യങ്ങളൊന്നും തന്നെ ഒരനാവശ്യമോ അര്‍ഥശൂന്യമോ അല്ലതന്നെ. എന്നല്ല, അവയെല്ലാം മനുഷ്യജീവിതം സസൂക്ഷ്മവും സൗകര്യപ്രദവും സന്തോഷകരവുമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനിവാര്യങ്ങളത്രെ.

എന്നാല്‍, ഇസ്‌ലാം നിരോധിക്കുകയും വിലക്കുകയും ചെയ്ത കാര്യങ്ങളെല്ലാം തന്നെ മനുഷ്യ പ്രകൃതി അറക്കുകയും വെറുക്കുകയും ചെയ്യുന്നവയും (മുന്‍കര്‍) മനുഷ്യ ജീവിതത്തില്‍ കഷ്ടനഷ്ടങ്ങളും നാശങ്ങളും വരുത്തിത്തീര്‍ക്കുന്നവയുമാണ്. നന്മ ചെയ്യുക, വിശ്വാസ്യത പുലര്‍ത്തുക, സ്വാര്‍ഥത കൈയൊഴിക്കുക, പുണ്യവും പുഞ്ചിരിയും നല്കുക, പരസ്പര സഹകരണവും സൗഹൃദവും പുലര്‍ത്തുക, വിനയവും സ്‌നേഹവും പ്രകടിപ്പിക്കുക, ഔദാര്യവും ആദരവും നിലനിര്‍ത്തുക, സമര്‍പ്പണവും സത്യസന്ധതയും നിലനിര്‍ത്തുക, കനിവും കാരുണ്യവും കാണിക്കുക തുടങ്ങി മനുഷ്യജീവിതം ഉയര്‍ന്ന സംസ്‌കാരത്തില്‍ മുന്നോട്ടുപോകാനാവശ്യമായ അനേകം ഗുണങ്ങളാണ് മതം അനുശാസിക്കുന്നത്.

എന്നാല്‍ ഇസ്‌ലാം വിലക്കുന്ന കാര്യങ്ങള്‍ മനുഷ്യപ്രകൃതി പൊതുവെ വെറുക്കുകയും അകറ്റുകയും ചെയ്യുന്ന കാര്യങ്ങളാണ്. മദ്യപാനം, ചൂതാട്ടം, വ്യഭിചാരം തുടങ്ങിയ വൃത്തികേടുകളും ബന്ധങ്ങളുടെ പവിത്രതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനു തടസ്സമാകുന്ന വിവാഹബന്ധങ്ങളും ഇസ്‌ലാം നിരോധിക്കുന്നു. മാതാക്കളെയും പെണ്‍മക്കളെയും സഹോദരിമാരെയും തുടങ്ങി വിവാഹം നിഷിദ്ധമായവരുടെ ഒരു പട്ടികതന്നെ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. അവയത്രയും മനുഷ്യപ്രകൃതിയോട് ഇണങ്ങിയതും മാനവിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നവയുമാണ്. സ്വഭാവ ദൂഷ്യങ്ങളുടെ കാര്യത്തില്‍ ധൂര്‍ത്തും ദുര്‍വ്യയവും കളവാരോപണവും കള്ളത്തരങ്ങളും പിശുക്കും സങ്കുചിതത്വവും കോപവും വെറുപ്പും സ്വകാര്യതകള്‍ ഭഞ്ജിക്കുന്നതും ചാരപ്രവര്‍ത്തനവും അസൂയ, പക, വിദ്വേഷം, വഞ്ചന, പരിഹാസം അക്രമം, ശത്രുത, പരദൂഷണം തുടങ്ങി ഒട്ടേറെ ദുസ്സ്വഭാവങ്ങളും വിലക്കുന്നു. മേല്‍പറഞ്ഞ സല്‍ഗുണങ്ങളിലേതെങ്കിലും മനുഷ്യസമൂഹത്തിന് ദോഷമാണെന്നോ പിന്നീട് പരാമര്‍ശിച്ച ദുര്‍ഗുണങ്ങളിലേതെങ്കിലുമൊന്ന് ഇസ്‌ലാം നിരോധിച്ചത് ശരിയായില്ല എന്നോ വിവേകമുള്ള ആരും പറയുകയില്ല. ഇത്തരം നിയമങ്ങളെ വിശുദ്ധ ഖുര്‍ആന്‍ മഅ്‌റൂഫ് അഥവാ മനുഷ്യ പ്രകൃതിക്ക് പരിചിതമായത് എന്നും നിഷിദ്ധമായവയെ മുന്‍കര്‍ മനുഷ്യപ്രകൃതി തിരസ്‌കരിക്കുന്നത് എന്നും പരാമര്‍ശിക്കുന്നത് ശ്രദ്ധേയമാണ്.

ആരാധനാ കര്‍മങ്ങളില്‍
തന്റെ സ്രഷ്ടാവായ നാഥനുമായി ബന്ധം സ്ഥാപിക്കണമെന്നത് മനുഷ്യാത്മാവിന്റെ ദാഹമാണ്. മനുഷ്യരെല്ലാം ഇതാഗ്രഹിക്കുന്നു. ഈ ബന്ധം സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും മനസ്സിന്റെ ദാഹങ്ങള്‍ സമര്‍പ്പിച്ച് ശമനം വരുത്തുന്നതിനും നിശ്ചയിച്ചിട്ടുള്ളവയാണ് ആരാധനാ കര്‍മങ്ങള്‍. എന്നാല്‍ ഇതില്‍ മനുഷ്യന്റെ കഴിവും സാധ്യതയും ഇസ്‌ലാം പരിഗണിച്ചിരിക്കുന്നു. എന്നല്ല, ഇസ്‌ലാമികാദര്‍ശത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നുതന്നെ, കഴിയാത്തതുകൊണ്ട് കല്പനയില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ആരാധനകള്‍ ലളിതവും പ്രായോഗികവുമാണെന്ന് കാണാവുന്നതാണ്. അല്ലാഹു പറയുന്നു: ''മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല'' (വി.ഖു 22:78). പ്രവാചകതിരുമേനി പറയുന്നത് നോക്കുക: ''നിശ്ചയം, മതം ലളിതമാണ്. ആരെങ്കിലും മതത്തില്‍ കാര്‍ക്കശ്യം ഉണ്ടാക്കിയാല്‍ മതം അവനെ അതിജയിക്കാതിരിക്കില്ല.'' (ബുഖാരി). അഥവാ, മതം അവന് ജീവിതത്തില്‍ സാധാരണമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വരികയും അവസാനം മതമുപേക്ഷിക്കേണ്ടിവരികയും ചെയ്യുന്നു.

പ്രവാചകതിരുമേനിയുടെ സ്വകാര്യ ജീവിതത്തിലെ ആരാധനാ രീതികളെക്കുറിച്ച് പഠിക്കാന്‍, പ്രവാചക പത്‌നി ആഇശ(റ)യെ സമീപിച്ച മൂന്നുപേര്‍ വിവരങ്ങളറിഞ്ഞശേഷം ആത്മഗതം ചെയ്യുകയാണ്: നബിയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ എവിടെയാണ്? ഒരുവന്‍ പറഞ്ഞു: ഞാന്‍ ഇനി മുതല്‍ രാപ്പകല്‍ നമസ്‌കരിക്കും. രണ്ടാമന്‍: ഞാന്‍ നോമ്പ് ഒഴിവാക്കാതെ കാലം മുഴുവന്‍ നോല്ക്കും. മൂന്നാമന്‍: ഞാന്‍ വിവാഹം കഴിക്കില്ല. സ്ത്രീകളെ ഒഴിവാക്കും. ഇതറിഞ്ഞ തിരുദൂതര്‍ ഇസ്‌ലാമിന്റെ ആരാധനാകര്‍മങ്ങളോടുള്ള നിലപാട് അവരെ പഠിപ്പിച്ചു. അവിടുന്ന് ചോദിച്ചു: നിങ്ങളാണോ ഇങ്ങനെയും ഇങ്ങനെയുമൊക്കെ പറഞ്ഞത്? എന്നാല്‍, ഞാന്‍ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നവനും അവനോട് ഏറ്റവും ഭക്തിയുള്ളവനുമാണ്. പക്ഷേ, ഞാന്‍ നോമ്പെടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യുന്നു. നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുകയും ചെയ്യുന്നു. ആരെങ്കിലും എന്റെ ഈ ചര്യയില്‍ നിന്ന് വിമുഖത കാണിച്ചാല്‍ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല.'' (ബുഖാരി)

അപ്പോള്‍ മതത്തില്‍ കാര്‍ക്കശ്യം കാണിക്കുന്ന നിലപാട് പ്രവാചകചര്യയില്‍ പെട്ടതല്ലെന്ന് വ്യക്തം. അമിത ഭക്തരാകാനുള്ള അനുയായികളുടെ മോഹത്തെ മുളയില്‍ തന്നെ അവിടുന്ന് നുള്ളിക്കളയുന്നു. എത്ര ഉന്നതവും മഹത്തരവുമാണ് ഇസ്‌ലാമിന്റെ ഈ കാഴ്ചപ്പാട്. ഇതര മതവിഭാഗങ്ങളില്‍ കാണുന്ന ചില ആരാധനാകര്‍മങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇതിന്റെ മഹത്വം കൂടുതല്‍ ബോധ്യമാകുന്നത്. ഹിമാലയസാനുക്കളില്‍ താമസിക്കുന്ന അഘൊര വിഭാഗക്കാര്‍ ഭക്തിയുടെ പേരില്‍ കാട്ടിക്കൂട്ടുന്നത് അങ്ങേയറ്റം വഷളത്തരമാണ്. ഋതുരക്തം കുടിക്കുകയും മനുഷ്യമാംസം തിന്നുകയും പൂര്‍ണനഗ്നരായി നടക്കുകയും ചെയ്യുന്നു!?

വെയിലും മഴയും ഏറ്റും മത്സ്യ മാംസാദികള്‍ വര്‍ജിച്ചും കാട്ടിലേറി വള്ളിക്കുടിലുകള്‍ക്കുള്ളില്‍ തപസ്സിരുന്നും പച്ചയിലകളും കായ്കനികളും കഴിച്ചും ദാമ്പത്യസുഖവും സന്താനഭാഗ്യവും നഷ്ടപ്പെടുത്തിയും ധ്യാനനിരതരായി ഇരുന്നും ഉപവസിച്ചും ശരീരത്തെയും മനസ്സിനെയും കഠിനപീഠകള്‍ക്ക് വിധേയമാക്കിയും അവസാനം വെറും പുറ്റായിത്തീരുകയും ചെയ്യുന്ന ആരാധനാരീതിയും ഭക്തിപ്രകടനവും മനുഷ്യപ്രകൃതിയോട് എന്തുമാത്രം വിയോജിക്കുന്നതും വിദൂരവുമാണെന്നോര്‍ത്തു നോക്കൂക. ഇതിനെയെല്ലാം വലിയ മഹത്വമായി കാണുന്നത് മനുഷ്യപ്രകൃതി അറിയാത്തതുകൊണ്ടും ആരാധനകള്‍ എന്തിനെന്നതിനെക്കുറിച്ചറിയാത്തതുകൊണ്ടുമാണ്.

ആരാധനാകര്‍മങ്ങളില്‍ മാത്രം മുഴുകിജീവിക്കുന്ന പ്രവാചകശിഷ്യന്‍ അംറുബ്‌നുല്‍ ആസ്വിനെവിളിച്ച് ശാസനാസ്വരത്തില്‍ പ്രവാചകതിരുമേനി ഉപദേശിച്ചു. അവിടുന്ന് ചോദിച്ചു: നീ എല്ലാദിവസവും പകല്‍ നോമ്പെടുക്കുകയും രാത്രി നിന്ന് നമസ്‌കരിക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചിരിക്കുന്നല്ലോ? അദ്ദേഹം പറഞ്ഞു: അതെ റസൂലേ. അവിടുന്ന് പറഞ്ഞു: അങ്ങനെ ചെയ്യരുത്. നോമ്പെടുക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യുക, രാത്രി ഉറങ്ങുകയും നമസ്‌കരിക്കുകയും ചെയ്യുക. കാരണം, നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ കണ്ണുകളോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ ഭാര്യയോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ സന്ദര്‍ശകരോടും നിനക്ക് ബാധ്യതയുണ്ട്'' (ബുഖാരി, മുസ്‌ലിം). അതിനാല്‍ ഓരോരുത്തരോടും നിര്‍വഹിക്കേണ്ട ബാധ്യത അതിന്റെ തോതനുസരിച്ച് നിര്‍വഹിക്കണമെന്ന് താല്പര്യം.

നോമ്പെടുക്കുന്നതും ഇതുപോലെ പ്രായോഗികമായ രീതിയിലാവണമെന്നാണ് ഇസ്‌ലാമിന്റെ അനുശാസന. കൃത്യമായ ദിവസങ്ങളില്‍ കൃത്യമായ സമയത്ത് മാത്രം. അത് പകലുകളില്‍ മാത്രം. രാത്രികളില്‍ ആഹരിക്കാനും ദാമ്പത്യ ബന്ധത്തിലേര്‍പ്പെടാനും അനുവദിക്കുന്നു എന്ന് മാത്രമല്ല, നോമ്പ് മുറിക്കാതെ തുടര്‍ന്നുകൊണ്ട് നോമ്പില്‍ തന്നെ നിലനില്ക്കുന്നതിനും അവിടുന്ന് അനുവദിക്കുകയുണ്ടായില്ല. വര്‍ഷം മുഴുവന്‍ നോമ്പെടുക്കുന്നവനെ അവിടുന്ന് വിശേഷിപ്പിച്ചത് അവന്‍ നോമ്പെടുത്തിട്ടില്ല എന്നു പറഞ്ഞുകൊണ്ടാണ്. സമയമായിട്ടും നോമ്പ് തുറക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെയും അവിടുന്ന് വിമര്‍ശിച്ചു. പ്രഭാതത്തിന് മുമ്പ് ഭക്ഷണം കഴിക്കാതെ നോമ്പില്‍ പ്രവേശിക്കുന്നതും അവിടുന്ന് അനുവദിച്ചില്ല. അങ്ങനെ മനുഷ്യ പ്രകൃതിക്കിണങ്ങിയതും മനുഷ്യന് നന്മയായി ഭവിക്കുന്നതും മനസ്സിനും ശരീരത്തിനും ഒരുപോലെ സംസ്‌കരണവും ഒന്നത്യവും ലഭിക്കുന്നതുമായ ഒരു കര്‍മമായി നോമ്പിനെ അവിടുന്ന് നിശ്ചയിച്ചു.

നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ ആരാധനാ കര്‍മങ്ങളിലൂടെ ആരാധനകളു ടെ വൈവിധ്യമാര്‍ന്ന രൂപവും രീതിയുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവയിലെവിടെയും പീഡനങ്ങള്‍ ഇല്ല. ജന്തുക്കളോടോ പ്രകൃതിയോടെ പരിസ്ഥിതിയോടോ ഏറ്റുമുട്ടലുകളില്ല. എല്ലാറ്റിനോടും ഇണങ്ങിയും താളപ്പൊരുത്തത്തോടെ ചേര്‍ന്നും നില്ക്കുന്ന കര്‍മങ്ങള്‍ മനുഷ്യ ജീവിതത്തിലുടനീളം കൊണ്ടുനടക്കാവുന്ന തികച്ചും പ്രായോഗികമായ രീതിമാത്രം. 
•┈┈┈┈•✿❁✿•┈┈┈┈•
@ശബാബ്
2017 ഫെബ്രുവരി 03
വെള്ളി

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ