ലോകത്തെ മനുഷ്യരില്‍ സിംഹഭൂരിപക്ഷവും ഏതെങ്കിലുമൊക്കെ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. മനുഷ്യരിലെ സഹജമായ ആത്മീയ ബോധവും ദൈവിക ബോധവുമാണതിന്റെ പിന്നിലെ ഘടകമെന്നാണ് ഖുര്‍ആന്‍ നിരീക്ഷിക്കുന്നത്. കടുത്ത ആത്മ വഞ്ചനയും നിരാകരണവുമില്ലാതെ ഒരാള്‍ക്ക് മതനിരാസിയായി ജീവിച്ച് തീര്‍ക്കാന്‍ സാധിക്കില്ല. മനുഷ്യന്റെ ആദിമകാലം മുതല്‍ അവന്‍ സാമൂഹിക ജീവിതം ആരംഭിച്ചിട്ടുണ്ടെന്നും ആ സാമൂഹിക ജീവിതത്തിന് ഒരു ക്രമീകരണവും നിയന്ത്രണവും ഏര്‍പ്പെടുത്തിക്കൊണ്ട് ചില മൂല്യങ്ങള്‍ അവനില്‍ സന്നിവേശിപ്പിക്കുകയാണുണ്ടായതെന്നുമാണ് ഇസ്‌ലാമിക പക്ഷം. ആ മൂല്യങ്ങളുടെ സഞ്ചയരൂപങ്ങളെ പിന്നീട് മതമെന്ന് വിളിക്കപ്പെടുകയായിരുന്നു. നിലനില്‍ക്കുന്ന ഒരു മതത്തേയും ഇസ്‌ലാം ആക്ഷേപിക്കുകയോ കൊച്ചാക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല ഓരോ മതങ്ങളുടേയും അന്തസിനേയും അഭിമാന ബോധത്തേയും ഹനിക്കുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവതല്ലെന്നും ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു. ഇതര മത വിശ്വാസികളുമായി ആത്മീയ വിഷയങ്ങളിലോ മറ്റേതെങ്കിലും മത വിഷയങ്ങളിലോ സംവദിക്കുകയാണെങ്കില്‍ അത് മൂല്യബന്ധിതമായിരിക്കണമെന്നും മാന്യതയുടേയും ഗുണകാംക്ഷയുടേയും മാനദണ്ഡങ്ങളിലൂടെയല്ലാതെ അത്തരം ഉദ്യമങ്ങള്‍ക്ക് മുതിരരുതെന്നും ഖുര്‍ആന്‍ കര്‍ശനമായി അനുശാസിക്കുന്നു. മിക്കവാറും മതങ്ങളും ശരിയായ ലക്ഷ്യങ്ങളും മൂല്യങ്ങളുമായി ആരംഭിക്കപ്പെട്ടതാണെന്നും പിന്നീടെപ്പോഴൊക്കെയോ അവയുടെ ആന്തരിക മൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ട് പോകുകയുമാണുണ്ടായതെന്നുമാണ് ഖുര്‍ആനിക പക്ഷം. മൂല്യങ്ങള്‍ നഷ്ടപ്പെട്ട്, അക്ഷര രൂപങ്ങളായും ആചാരങ്ങളായും മതങ്ങള്‍ പലതും പിന്നീട് പരിവര്‍ത്തിക്കപ്പെടുകയായിരുന്നുവെന്നാണ് ഇസ്‌ലാം വിലയിരുത്തുന്നത്.
കാലങ്ങള്‍ കടന്നുള്ള സഞ്ചാര പാതയില്‍ ഇസ്‌ലാമിനും അങ്ങനെയുള്ള ഭാവപ്പകര്‍ച്ചകളുണ്ടാകാന്‍ സാധ്യതകളുണ്ടെന്ന മുന്നറിയിപ്പും ഖുര്‍ആന്‍ ഉയര്‍ത്തുന്നുണ്ട്. അപ്പോഴൊക്കെ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന മൂല്യങ്ങളുടെ പ്രചാരകരും പ്രതിനിധികളുമായി ആരെങ്കിലുമൊക്കെ അവശേഷിക്കുകയോ നിലനില്‍ക്കുകയോ ചെയ്യുമെന്നുള്ള ശുഭാപ്തി വിശ്വാസത്തെയും ഇസ്‌ലാം വളര്‍ത്തുന്നുണ്ട്. ആത്യന്തികമായി നന്മയും തിന്മയും നിശ്ചയിക്കുവാന്‍ കഴിയുന്നത് രക്ഷിതാവിന് മാത്രമാണെന്നും സ്വന്തം ബോധ്യങ്ങളോട് കൂറു പുലര്‍ത്തി ജീവിക്കലാണ് ഓരോ സത്യാന്വേഷകന്റേയും ബാധ്യതയെന്നും അതിനപ്പുറമുള്ളതൊക്കെ രക്ഷിതാവിങ്കലേക്കും അവന്റെ ന്യാ യാന്യായ വിവേചനത്തിന്റെ പരിധിയിലേക്കും വിട്ടു നല്‍കണമെന്നുമാണ് ഖുര്‍ആന്റെ ആഹ്വാനം. ഖുര്‍ആന്‍ മുന്നോട്ട് വെയ്ക്കുന്ന നന്മകളുടേയും മൂല്യങ്ങളുടേയും അടിസ്ഥാനത്തില്‍ സാമൂഹ്യമായ ഇടപെടലുകള്‍ നടത്തല്‍ വിശ്വാസികളുടെ പരമ പ്രധാനമായ ബാധ്യതയാണെന്ന് ഖുര്‍ആന്‍ അനവധിയിടങ്ങളില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ജീവിത മൂല്യങ്ങളുടെ വാഹകരായി ഓരോ സമൂഹത്തിന്റേയും മുന്നില്‍ നടക്കുവാനായി സ്വയം സമര്‍പ്പിക്കുന്നവരാണ് മുസ്‌ലിംകള്‍. ആ സംഘങ്ങളുടെ വാര്‍ത്തെടുപ്പാണ് ഓരോ പ്രവാചക ഉദ്യമങ്ങളിലൂടെയും നിര്‍വഹിക്കപ്പെട്ട് പോന്നിട്ടുള്ളത്. ഏതാനും ആഴ്ചകളും ദിവസങ്ങളും മാത്രം പ്രവാചക സന്നിധിയില്‍ കഴിച്ച് കൂട്ടുകയും ഇസ്‌ലാമിനെ ഉള്‍ക്കൊണ്ട് വിദൂരമായ സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകുകയും ചെയ്ത ഗോത്ര വിഭാഗങ്ങളുടെ വിവരണങ്ങള്‍ മുഹമ്മദ് നബി(സ) യുടെ ചരിത്രത്തില്‍ കാണാനാകും. എന്താണ് ഇസ്‌ലാമെന്ന ചില അന്വേഷകരുടെ ചോദ്യങ്ങള്‍ക്ക് പ്രവാചകന്‍ (സ) നല്‍കിയ മറുപടികളും മോക്ഷ ലബ്ധിക്കായി ഒരാള്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യങ്ങള്‍ക്ക് പ്രവാചകന്‍ നല്‍കിയ ഉത്തരങ്ങളും ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളെയും നിലപാടുകളെയും കുറിച്ച് വ്യക്തമായ ചില ധാരണകള്‍ നല്‍കാന്‍ സഹായിക്കുന്നതാണ്. ഇത്ര ചെറിയ കാലയളവ് കൊണ്ടും ഇത്ര ചെറിയ വിവരണങ്ങള്‍ കൊണ്ടും ബോധ്യപ്പെടുത്താനും ഉള്‍ക്കൊള്ളാനും സാധിച്ചിരുന്നതാണ് ഇസ്‌ലാമെങ്കില്‍ പിന്നെയെങ്ങനെ ഇത്രമാത്രം വൈജ്ഞാനിക പഠനവും ഗഹനമായ ദൈവിക വിഷയങ്ങളും ഉള്‍ക്കൊണ്ടാല്‍ മാത്രം ഗ്രഹിക്കാനാകുന്ന മതധാരയായി അത് പരിവര്‍ത്തിക്കപ്പെട്ടു? ഇസ്‌ലാമിനെ അതി സങ്കീര്‍ണതകളുടെയും അതിരു കടന്ന വ്യവസ്ഥകളുടെയും കെട്ടുപാടുകളില്‍ കുടുക്കിയിടത്തക്ക വിധം അയഥാര്‍ത്ഥങ്ങളായ ചില മനുഷ്യ നിര്‍മിതമായ ചട്ടക്കൂടുകള്‍കൊണ്ട് അത് വളയം ചെയ്യപ്പെട്ട് തുടങ്ങിയ സാമൂഹിക സാഹചര്യങ്ങളെ നാം നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിച്ചാല്‍ ഇസ്‌ലാമിന് സംഭവിച്ച ബാഹ്യ വ്യതിയാനങ്ങള്‍ എവ്വിധമായിരുന്നുവെന്ന് ബോധ്യപ്പെട്ട് തുടങ്ങും.
വര്‍ത്തമാന കാലത്ത്, ലോകത്തെ ഏറ്റവും സജീവമായ അന്വേഷണങ്ങളിലൊന്ന് ഇസ്‌ലാമിനെക്കുറിച്ചുള്ളതാണ്. ഇസ്‌ലാമും അത് മുന്നോട്ട് വെയ്ക്കുന്ന പ്രതിനിധാനങ്ങളും സൂക്ഷ്മവും സങ്കീര്‍ണവുമായ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമാകുകയും, വിമര്‍ശനങ്ങളായും പഠനങ്ങളായും അവ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ലോകത്തെല്ലായിടത്തും വര്‍ധിച്ച് വരികയാണ്. ഇസ്‌ലാമിന്റെ സാമൂഹ്യ പ്രസക്തിയും അതിന്റെ ആത്മീയ കാഴ്ചപ്പാടുകളുമാണ് ചര്‍ച്ചകളുടേയും അന്വേഷണങ്ങളുടേയും കേന്ദ്രബിന്ദു. മുസ്‌ലിം സമൂഹങ്ങള്‍ക്ക് പുറത്ത് നിന്നെന്ന പോലെ അതിന്റെ ഉള്ളില്‍ നിന്നും ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ കൂടുതല്‍ സജീവമാകുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. സമീപകാലത്തെ വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും സംഘങ്ങളുടെയും അജണ്ടകളും സാഹിത്യങ്ങളും നിലപാടുകളും പരിശോധിച്ചാല്‍ ഈയൊരു നിരീക്ഷണം ശരിയാണെന്ന് എളുപ്പത്തില്‍ ബോധ്യമാകും. ഒരു ഭാഗത്ത് അതിശക്തമായ പിന്നോട്ട് വലിയലുകളും അതിനായുള്ള ശ്രമങ്ങളും പുരോഗമിക്കുമ്പോഴും ഇസ്‌ലാമിനെ അതിന്റെ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുവാനും മനസിലാക്കാനും പ്രതിനിധാനം ചെയ്യാനുമുള്ള ത്വര മുമ്പത്തെക്കാള്‍ സജീവമാകുന്നുവെന്നാണ് മനസിലാക്കപ്പെടുന്നത്. ഇസ്‌ലാമിനെ അതിന്റെ പരമ്പരാഗതവും അസ്ഥിരപ്പെട്ടതുമായ ചട്ടക്കൂടുകളില്‍ നിന്നും മോചിപ്പിക്കാനും വര്‍ത്തമാന കാലത്തിന്റെ പുതിയ സങ്കേതങ്ങളുമായും സമസ്യകളുമായും സംവദിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ പുതുമയുള്ളതല്ല. ഇത്തരം ശ്രമങ്ങളും അവയോടുള്ള കലഹങ്ങളും കൊണ്ട് മുഖരിതമായതാണ് ഇസ്‌ലാമിന്റെ മുഴുകാല ചരിത്രവും. ഈ ശ്രമങ്ങളോട് വിപ്രതിപത്തി പുലര്‍ത്തുകയും പഴമയുടെ ഗരിമകളില്‍ മാത്രം വിശുദ്ധമാക്കപ്പെടുന്നതാണ് ഇസ്‌ലാമിന്റെ അന്തസത്തയെന്ന് ഉറക്കെ വിശ്വസിക്കുകയും ചെയ്യുന്നവര്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. നവീനതയോടും അതിന്റെ ഉപകരണങ്ങളോടും അപരിചിതത്വം പ്രകടിപ്പിച്ച് കൊണ്ടേയിരിക്കുകയും സാമൂഹികമായ വികാസ ക്ഷമതയോടും അതിന്റെ ഉപാധികളോടും ശത്രുതാപരമായ അകലം പാലിക്കുകയും ചെയ്യുന്ന ലക്ഷണങ്ങള്‍ മുസ്‌ലിം സമൂഹങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് മതത്തിന്റെ മൂല്യങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും പ്രമാണങ്ങളെ മൂല്യങ്ങളില്‍ നിന്ന് വേര്‍പെടുത്തി ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്.
ഇസ്‌ലാമിന്റെ കാലിക പ്രതിനിധാനങ്ങളെ പിന്നോട്ട് വലിക്കുന്ന സന്ദര്‍ഭങ്ങളെ സ്യഷ്ടിച്ചെടുക്കുന്നതില്‍ പങ്ക് വഹിക്കുന്ന ഘടകങ്ങളിലെ ഏറ്റവും പ്രധാനമായവയില്‍ ഉള്‍പ്പെടുന്നതാണ് മതത്തിന്റെ ദൗത്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും അതിന്റെ പ്രമാണങ്ങളെയും മൂല്യങ്ങളെയും പറ്റിയുള്ള അവധാനതക്കുറവും. സുദീര്‍ഘമായ പഠനങ്ങളുടെയോ സങ്കീര്‍ണമായ ദൈവശാസ്ത്ര ചര്‍ച്ചകളുടെയോ ആവശ്യമില്ലാതെ തന്നെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നവയാണ് മതത്തിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും. ഈ മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രവാചകന്‍ (സ) മതത്തെ പരിചയപ്പെടുത്തിയത്. ആ മൂല്യങ്ങളെ രേഖപ്പെടുത്തുന്ന അക്ഷരരൂപങ്ങളാണ് ടെക്സ്റ്റുകള്‍ അഥവാ പ്രമാണങ്ങള്‍. പ്രവചകന്‍ (സ) വിദൂര ദേശങ്ങളിലുള്ള ഗോത്രനേതാക്കള്‍ക്കും രാജാക്കന്മാര്‍ക്കും മറ്റ് പ്രമാണിമാര്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിന് ഉപയോഗിച്ചിരുന്ന കത്തുകളും അവയുടെ ഭാഷയും പരിശോധിച്ചാല്‍ ലഘുവായതും കാര്യമാത്രപ്രസക്തമായതുമായ ചില മൂല്യോപദേശങ്ങളാണ് അവയിലൊക്കെ ഉള്‍പ്പെടുത്തിയിരുന്നത് എന്ന് കാണാന്‍ സാധിക്കും. ഒന്നോ രണ്ടോ തവണ മാത്രം പ്രവാചകനെ സന്ധിക്കുകയും അദ്ദേഹം പകര്‍ന്ന് കൊടുത്ത ബോധനങ്ങളെ ഉള്‍ക്കൊണ്ട് വിദൂരദിക്കുകളില്‍ ഇസ്‌ലാമിക സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്തവരുടെ ചരിത്രങ്ങളും, മതത്തിന്റെ പ്രതിനിധാനങ്ങളെക്കുറിച്ചുള്ള ചില വേറിട്ട ചിന്തകള്‍ നല്‍കാന്‍ പര്യാപ്തമായതാണ്. സങ്കീര്‍ണമായ മറ്റ് നിരവധി മുന്നുപാധികള്‍ മതത്തിന്റെ ആധികാരികമായ മുഖഭാഷയായി മാറിയതെവിടെ മുതലാണ് എന്ന് നാം അന്വേഷിക്കേണ്ടി വരുന്നത് ഇങ്ങനെ ചില യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടി വരുമ്പോഴാണ്. മതപ്രമാണങ്ങള്‍ പുതിയ പശ്ചാത്തലങ്ങള്‍ക്കും പുതിയ സന്ദര്‍ഭങ്ങള്‍ക്കും പുതിയ വീക്ഷണങ്ങള്‍ക്കും തെല്ലും പിടികൊടുക്കാത്ത സ്ഥിരസ്ഥാനീയങ്ങളാണ് എന്ന നിലപാടുകളില്‍ നിന്നാണ് മതത്തിന്റെ അക്ഷര പാരായണവും അതിന്റെ പിന്‍സഞ്ചാരങ്ങളും ആരംഭിക്കുന്നത്. പ്രമാണങ്ങളിലെ അക്ഷരങ്ങള്‍ക്ക് മുന്നില്‍ അവയുടെ മൂല്യങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നതോളം വലിയ ദുരന്തങ്ങള്‍ ഇസ്‌ലാമിന് ഏല്‍ക്കാനുണ്ടാകില്ല. ഇസ്‌ലാമിക മുന്നേറ്റങ്ങളെയും കാലികമായ പ്രതിനിധാനങ്ങളെയും പിന്നിലോട്ട് വലിച്ച് കൊണ്ടേയിരിക്കുന്നതും ഈ നിലപാടുകളല്ലാതെ മറ്റൊന്നുമല്ല.
ഓരോ കാലത്തോടും അതിന്റെ സാഹചര്യങ്ങളോടും ഇസ്‌ലാമിക മൂല്യങ്ങള്‍ അഭിസംബോധന ചെയ്യുമ്പോള്‍ രൂപപ്പെടുന്നതാണ് ഓരോ കാലത്തേയും ഇസ്‌ലാമിക നിയമങ്ങള്‍. മൂല്യങ്ങളുടെ സാമൂഹികമായ രൂപവല്‍കരണങ്ങളും ആവിഷ്‌കാരങ്ങളുമാണ് ഓരോ കാലത്തേയും നിയമങ്ങളിലൂടെയും വ്യവസ്ഥകളിലൂടെയും സാധ്യമാക്കുന്നത്. ഓരോ കാലത്തും ഇജ്തിഹാദിയായ പുതിയ ചട്ടക്കൂടുകള്‍ മതത്തിന് ആവശ്യമായി വന്നേക്കാം.
ഇസ്‌ലാമിക മൂല്യങ്ങള്‍ സ്ഥിര സ്ഥാനീയങ്ങളും സാമൂഹികമായ ബാഹ്യാവസ്ഥകള്‍ ചലനാത്മകവുമാണ്. കാലത്തിന്റേയും ദേശത്തിന്റേയും ബാഹ്യാവസ്ഥകളെ നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയോടൊക്കെ ഇസ്‌ലാമിക മൂല്യങ്ങള്‍ സംവദിക്കുമ്പോള്‍ എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ സംസ്‌കാരങ്ങളിലും ഒരേ റിസള്‍ട്ട് തന്നെ ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ സാധിക്കില്ല. സ്വന്തം സാമൂഹിക സാഹചര്യങ്ങളെ നിര്‍ദ്ദാരണം ചെയ്യാനും അവയുമായി സംവദിക്കാനും സാധിക്കാതെ വരുമ്പോഴാണ് മറ്റ് ദേശങ്ങളിലോ സാഹചര്യങ്ങളിലോ കാലങ്ങളിലോ ഇസ്‌ലാം നടത്തിയിരിക്കുന്ന ഔട്ട് പുട്ടുകളെ സ്ഥലവും സാഹചര്യവും തെറ്റിച്ച് പ്രതിഷ്ഠിക്കേണ്ടി വരുന്നത്. നിലനില്‍ക്കുന്ന സാഹചര്യങ്ങളെ അഭിമുഖീകരിച്ച് രൂപപ്പെട്ടതല്ലാത്ത നിലപാടുകള്‍ ഒരു സമൂഹത്തിന് ഒരിക്കലും ഭൂഷണമാകില്ല. അവയുണ്ടാക്കുന്ന കേടുപാടുകളുടെ ഇരകളായി സ്വയം മാറാനാകും ആ സമൂഹങ്ങളുടെയൊക്കെ ഗതി. വികാരപരമായല്ലാതെ ഈ വിഷയങ്ങളില്‍ വിവേകപരമായ പുനരാലോചനകള്‍ക്ക് നാം സജ്ജമാകേണ്ടിയിരിക്കുന്നു.
ഇസ്‌ലാമിന്റെ കാലികമായ പ്രതിനിധാനത്തില്‍ മനുഷ്യന്റെ സേവനവും ചിന്തയും ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ മനുഷ്യന്റെ ഇടപെടലുകള്‍ ഇസ്‌ലാം ആവശ്യപ്പെടുന്നത് എവിടെ മുതല്‍ എവിടെ വരെയാണ് എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. മതത്തിന്റെ അകക്കാമ്പുകള്‍ ശുദ്ധമായ ദൈവിക നിര്‍ദേശങ്ങളോടെ ഉറപ്പിക്കപ്പെട്ടതും മനുഷ്യന്റെ കൈകടത്തലുകളോ പുതുക്കിപ്പണിയലുകളോ ആവശ്യമില്ലാത്ത വിധം ഭദ്രതയോടെ വിശുദ്ധമാക്കപ്പെട്ടതുമാണ്. അവയെയാണ് മതത്തിന്റെ മൂല്യങ്ങള്‍ എന്ന് വിളിക്കുന്നത്. അത്തരം വിഷയങ്ങളുടെ ഉള്ളടക്കങ്ങളില്‍ ഇടപെടുവാനോ അതിനെ കോണ്‍ഫിഗര്‍ ചെയ്യുവാനോ പ്രവാചകന്മാര്‍ക്ക് പോലും അവസരങ്ങളില്ല. പ്രവാചകന്മാരുള്‍പ്പടെയുള്ളവരുടെ ആത്മീയ ചോദനകളെ സംതൃപ്തപ്പെടുത്തേണ്ടത് ദൈവികമായ ഈ ഉള്ളടക്കങ്ങളാണ്. എന്നാല്‍ മതത്തിന്റെ ബാഹ്യ രൂപങ്ങള്‍, ജീവിക്കുന്ന കാലത്തിനോടും ദേശത്തോടും സമൂഹത്തോടുമുള്ള ജൈവിക സംവാദങ്ങളാല്‍ രൂപപ്പെടേണ്ടതുമാണ്. മതത്തെ മനസിലാക്കാനുള്ള ഉപാധികള്‍ അതിന്റെ പ്രമാണങ്ങളാണെന്നതില്‍ യാതൊരു തര്‍ക്കത്തിനും അവസരങ്ങളില്ല. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം വിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ നിലപാടുകളുമാണ് പ്രമാണങ്ങള്‍. അകക്കാമ്പും ചട്ടക്കൂടുകളുമില്ലാതെ ഒരു വസ്തുവിനും രൂപം പ്രാപിക്കല്‍ സാധ്യമല്ല. ഇസ്‌ലാം അതിന്റെ രൂപം പ്രാപിക്കുന്നതും ഇങ്ങനെ ഒരു ശക്തമായ അകക്കാമ്പ് കൊണ്ടും സാമൂഹികമായ ചട്ടക്കൂടുകളിലുമാണ്. ദിവ്യ വെളിപാടുകള്‍ കൊണ്ട് സ്ഥാപിക്കപ്പെട്ട മൂല്യങ്ങള്‍ക്കനുസൃതമായി ഇസ്‌ലാമിന്റെ ബാഹ്യ ചട്ടക്കൂടുകളെ പ്രവാചകന്‍ വികസിപ്പിച്ചെടുത്തത് അദ്ദേഹം ജീവിച്ച കാലത്തിന്റേയും കഴിച്ച് കൂട്ടിയ ദേശത്തിന്റേയും ഇടപെട്ട സാംസ്‌കാരിക ലോകത്തിന്റേയും അടരുകളോട് സംവദിച്ചും സംബോധിച്ചുമായിരുന്നു. ഇസ്‌ലാം മനുഷ്യരോട് നിരന്തരമായി ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്നത് മതത്തിന്റെ അകക്കാമ്പുകളെ സമ്പൂര്‍ണമായും ഉള്‍ക്കൊള്ളൂകയും അതിന്റെ ലക്ഷ്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസൃതമായി ബാഹ്യ രൂപങ്ങളെ നിരന്തരമായി നവീകരിച്ച് കൊണ്ടിരിക്കുകയും ചെയ്യണമെന്നാണ്. ദിവ്യ വെളിപാടുകളിലൂടെ പ്രവാചകന്‍ പൂര്‍ത്തിയാക്കിയത് ആ അകക്കാമ്പിന്റെ സ്ഥാപനമണ്. ബാഹ്യ രൂപങ്ങളെ കാലങ്ങള്‍ക്കപ്പുറത്തേക്കും ദേശങ്ങളിലൂടെയും സഞ്ചരിപ്പിക്കുകയും വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വമാണ് വിശ്വാസികള്‍ക്ക് പ്രവചകന്‍ (സ) ഏല്‍പ്പിച്ച് നല്‍കിയത്. പുതിയ കാലത്തേക്ക് ഇസ്‌ലാമുമായി നാം കടന്ന് ചെല്ലണമോ അതോ പുതിയ കാലം നമ്മുടെ കയ്യിലുള്ള ഇസ്‌ലാമിന് കീഴൊതുങ്ങണമോ എന്നതാണ് ഇസ്‌ലാമിന്റെ സാമൂഹിക ശാസ്ത്രപരമായ പ്രതിനിധാനങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ തര്‍ക്കങ്ങളുടേയും മര്‍മം. കാലവും ചരിത്രവും എപ്പോഴും സാധൂകരിക്കുന്നത് ആദ്യത്തെ നിലപാടുകളെ മാത്രമാണെന്ന് ഇതുവരെ പിന്നിട്ട ഇസ്‌ലാമിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഒരു ന്യൂനപക്ഷം മുന്നേ നടക്കുകയും ബഹുഭൂരിപക്ഷം പതിയെ മാത്രം നടന്നെത്തുകയും ചെയ്യുന്ന നിലപാടുകളെയും ലക്ഷ്യങ്ങളെയുമാണ് നവോത്ഥാന നിലപാടുകള്‍ എന്ന് വിളിക്കുന്നത്. ആ അര്‍ത്ഥത്തില്‍ പരിശോധിക്കപ്പെടുകയാണെങ്കില്‍ മുഹമ്മദ് നബി (സ) സാധ്യമാക്കിയത് ആത്മീയതയുടെ യഥാര്‍ഥമായ അവതരണവും കാലികമായ ഒരു സാമൂഹിക നവോത്ഥാനവുമായിരുന്നു.
ഇസ്‌ലാം എല്ലാ കാലത്തേക്കും ദേശത്തേക്കുമുള്ളതാണെന്നതില്‍ ലോകത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കൊന്നും അഭിപ്രായ വ്യത്യാസങ്ങളില്ല. മനുഷ്യകുലത്തിന്റെ മാര്‍ഗരേഖയാണ് ഇസ്‌ലാമെന്നും ഒരു സാമ്പ്രദായിക മതമെന്നതിനെക്കാള്‍ ഇസ്‌ലാമിന് ചേരുന്ന വിവക്ഷ 'ഒരു ജീവിത രേഖ'യെന്നാണെന്നതും മിക്കവാറും എല്ലാവര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്നതാണ്. നിയമങ്ങളും വ്യവസ്ഥകളുമില്ലാതിരുന്ന ഒരു സമൂഹത്തിലും നിയമങ്ങളും വ്യവസ്ഥകളും കൊണ്ട് ഭദ്രമാക്കപ്പെട്ട ഒരു സമൂഹത്തിലും ഇസ്‌ലാമിന് നിര്‍വഹിക്കാനുള്ളത് ഒരേ ദൗത്യങ്ങളാണോയെന്നതാണ് ഇസ്‌ലാമിന്റെ സാമൂഹിക പ്രതിനിധാനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന ചോദ്യം. ഒരു പ്രവാചകനും അദ്ദേഹത്തിന്റെ പ്രാഥമിക അഭിസംബോധിതരും ഒരേ ഭാഷക്കാരും ഒരേ ദേശക്കാരും ഒരേ സാംസ്‌കാരിക പൈതൃകത്തെ പങ്ക് വെയ്ക്കുന്നവരുമാകുമ്പോള്‍ സംഭവിക്കുന്നത് തന്നെയാണോ പ്രവാചകനും അഭിസംബോധിതരും രണ്ട് കാലത്തേയും, രണ്ട് ദേശത്തേയും, രണ്ട് സാംസ്‌കാരിതയേയും, രണ്ട് ഭൂപ്രകൃതികളേയും പ്രതിനിധാനം ചെയ്യുമ്പോഴും സംഭവിക്കേണ്ടത് എന്നതും ഈ വിഷയത്തിലെ ഒരു ഗൗരവമായ ചോദ്യമാണ്. ആണ് എന്നാണുത്തരമെങ്കില്‍ പിന്നീട് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. ആ ഉത്തരക്കാര്‍ക്ക് ഇസ്‌ലാമിനെയുമായി പിന്നോട്ടോടാനല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ല. ഇസ്‌ലാമിന്റെ ആത്മീയ മൂല്യങ്ങളേയും ആത്മീയ ലക്ഷ്യങ്ങളേയും നേടിയെടുക്കാന്‍ അവര്‍ക്ക് ഒട്ടൊക്കെ കഴിഞ്ഞേക്കും. പക്ഷേ അവരുടെ സ്വകാര്യതകളുടെ താവളങ്ങളില്‍ നിന്ന് ആ ഇസ്‌ലാമിനെ പുറത്ത് കടത്തല്‍ ദുസ്സഹമാകും. ഇസ്‌ലാമിന്റെ അജയ്യതയും അപ്രമാദിത്യവും അത്തരം നിലപാടുകാര്‍ ഒരിക്കലും അവകാശപ്പെടരുത്. സ്വകാര്യതകളില്‍ മാത്രം ഉണര്‍ന്നിരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന് അത് സാധ്യമല്ല എന്നത് തന്നെയാണതിന്റെ കാരണം. ഇസ്‌ലാമിന്റെ അതിപ്രധാനമായ സാമൂഹിക പ്രതിനിധാനത്തെയും ദൗത്യത്തേയും അതിശക്തമായി നിരാകരിച്ച് കൊണ്ട് മാത്രമേ അവര്‍ക്ക് ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. മതത്തിലേക്ക് സമ്പൂര്‍ണമായി കടന്ന് വരണമെന്ന ഖുര്‍ആനിക ആഹ്വാനം അവര്‍ക്ക് മുന്നില്‍ ഉത്തരം ചെയ്യപ്പെടാതെ മാറ്റൊലി മുഴക്കിക്കൊണ്ടേയിരിക്കും. മറിച്ച് അല്ല എന്നാണുത്തരമെങ്കില്‍ വലിയ ആലോചനകളും ചിന്തകളും പക്വവും വിജ്ഞാനപ്രദമായ നിലപാടുകളും അതിന് അനിവാര്യമാണ്. ഓരോ സമൂഹത്തിന്റേയും മുന്നില്‍ നടക്കുന്ന നായക പദവി ഇസ്‌ലാമിന് കൈവരണമെങ്കില്‍ ജീവിക്കുന്ന സമൂഹത്തിന്റെ മുഴുവന്‍ ചലനങ്ങളും ഉള്‍ക്കൊള്ളാനും ദിശാപരമായി ഇടപെടാനും കഴിയുന്ന നിലവാരത്തിലേക്ക് ഉയരുന്ന മുസ്‌ലിം നേതൃത്വം ഉണ്ടായേ മതിയാകൂ. കാലത്തിന്റെ മുന്നില്‍ നടക്കുന്ന സമീപനങ്ങള്‍ കൈക്കൊള്ളാനും സ്വന്തം അജണ്ടകള്‍ സ്വയം നിര്‍ണയിക്കാനും സാധിക്കണം. മതത്തിന്റെ അകക്കാമ്പും അതിന്റെ ബാഹ്യ രൂപവും തമ്മില്‍ യോജിക്കുന്ന ബിന്ദുക്കളും സന്ദര്‍ഭങ്ങളുമെവിടെ മുതല്‍ ആരംഭിക്കുന്നുവെന്ന ബോധ്യങ്ങള്‍ എപ്പോഴും ഉണര്‍ന്നിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇസ്‌ലാം തേടുന്ന കാലികമായ നവീകരണങ്ങള്‍ സാധ്യമാക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.
ലോകത്ത് ഇസ്‌ലാം ഒന്ന് മാത്രമേയുള്ളൂ. ഒരേ മൂല്യങ്ങളാണ് ലോകത്തെ എല്ലായിടത്തെ ഇസ്‌ലാമും ഉള്‍ക്കൊള്ളുന്നത്. ഓരോയിടത്തെയും സാമൂഹിക സാഹചര്യങ്ങളെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും രക്ഷിതാവാണ്. സാമൂഹിക സാഹചര്യത്തിനനുസരിച്ചും കാലദേശങ്ങളുടെ വൈവിധ്യങ്ങള്‍ക്കനുസരിച്ചും ഇസ്‌ലാമിന്റെ ബാഹ്യാവസ്ഥകള്‍ക്ക് എത്രത്തോളം വ്യത്യാസങ്ങള്‍ കൈവരാം? ഇങ്ങനെയുള്ള വ്യത്യാസങ്ങള്‍ക്ക് മതത്തില്‍ സാധുതയുണ്ടോ? സ്വഭാവികമായും ഉയര്‍ന്ന് വരാവുന്ന ചില സംശയങ്ങളാണിതൊക്കെ. നേരത്തെ സൂചിപ്പിച്ചത് പോലെ ഇസ്‌ലാമിന്റെ കാലികമായ പ്രതിനിധാനം ലക്ഷ്യമായിക്കാണുന്നവര്‍ക്ക് മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അതിശക്തമായി ഉറപ്പിച്ച് കൊണ്ട് അതിന്റെ പ്രയോഗവല്‍കരണത്തിലും രീതിശാസ്ത്രങ്ങളിലുമുണ്ടാകുന്ന വ്യത്യാസങ്ങളെ പാകതയോടെയും വൈജ്ഞാനിക പിന്‍ബലത്തോടെയും അംഗീകരിക്കാതിരിക്കനാകില്ല. ബുദ്ധിയും ചിന്തയും ആലോചനാ ശേഷിയുമുള്ള മനുഷ്യന്റെ കൈയ്യിലേക്ക് ദൈവിക വചനങ്ങളും മൂല്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത് അവന്റെ ബുദ്ധിയും ചിന്തയും അവയുമായി സംവദിക്കാനല്ല എന്ന് സങ്കല്പിക്കുന്നത് വേദഗ്രന്ഥത്തിന്റെ ആഹ്വാനങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും വ്യക്തമായ എതിരാണ്. ലോകവസാനം വരെയുള്ള കാലത്തേക്കുള്ള മാനവ ജീവിതത്തിന്റേയും അന്ന് വരെ രൂപപ്പെടുന്ന സംസ്‌കാരങ്ങളുടേയും മാര്‍ഗ രേഖയായിരിക്കേണ്ടത് ഖുര്‍ആനായിരിക്കണം എന്നതാണ് സാമൂഹിക നിര്‍മിതിയെക്കുറിച്ചുള്ള ഖുര്‍ആന്റെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാടുകള്‍ സാധ്യമാക്കപ്പെടണമെങ്കില്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചും ഖുര്‍ആനിക മൂല്യങ്ങളെ ആധാരമാക്കിയും നിയമങ്ങളും വ്യവസ്ഥകളും പരിഷ്‌കരിക്കപ്പെട്ട് കൊണ്ടേയിരിക്കണം.
ഇസ്‌ലാം മനുഷ്യരെ അഭിസംബോധന ചെയ്യുന്നത് സുപ്രധാനമായും രണ്ട് തലങ്ങളിലാണ്. ഒന്നാമതായി മനുഷ്യന്റെ ആത്മീയ ചോദനകളെയാണ്. മനുഷ്യന്‍ ഒരു ആത്മീയ ജീവിയാണെന്നും കേവല ഭൗതികനല്ലെന്നും അവന്റെ ആത്മാവ് ദൈവികമായ നിശ്വാസം കൊണ്ട് പരിപാവനമായതാണെന്നുമുള്ള തികഞ്ഞ കാല്പനികമായ ഒരു വിജ്ഞാനമാണ് ആത്മീയ ഭാവത്തെക്കുറിച്ച് ഇസ്‌ലാം അവതരിപ്പിക്കുന്നത്. ഇതിന്റെ ആഴത്തിലുള്ള വായനകള്‍ വൈയക്തികവും ജ്ഞാനപരവുമായി സ്വയം ആര്‍ജിച്ചെടുക്കേണ്ടതാണ്. അതിലേക്കാവശ്യമുള്ള ഊന്നുവടികള്‍ ഖുര്‍ആന്‍, ആത്മാവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളില്‍ നല്‍കുന്നുണ്ട്. ആ ആത്മീയ ഭാവത്തെ സമ്പൂര്‍ണമായി ത്യപ്തിപ്പെടുത്തുകയും മരണ ശേഷമുള്ള മറ്റൊരു ലോകത്തേക്കും കാലത്തേക്കുമായി ആത്മാവിനെ ശുദ്ധീകരിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ഇസ്‌ലാമിന്റെ ആത്മീയന്വേഷണ പദ്ധതികള്‍.
രണ്ടാമതായി അതിനുള്ളത് അതിവിശാലമായ സാമൂഹിക ലക്ഷ്യങ്ങളാണ്. ഓരോ വ്യക്തിയില്‍ നിന്നുമാരംഭിക്കുന്ന വികസനക്ഷമതയും സാംസ്‌കാരിക വികാസവുമാണ് അതിന്റെ അടിസ്ഥാന ഫലകങ്ങള്‍. ആത്മീയാന്വേഷണങ്ങളുമായി സാമൂഹികമായ ഉത്തരവാദിത്വങ്ങളെയും കടമകളെയും കൂട്ടി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഒരേ സമയം ആത്മീയവും സാമൂഹികവുമായ മുഖങ്ങളാണ് ഇസ്‌ലാമിനുള്ളത്.
ആത്മീയമോ സാമൂഹികമോ ആയ ലക്ഷ്യങ്ങളെ ഉള്‍ക്കൊള്ളാത്ത ആഹ്വാനങ്ങളൊന്നും ഇസ്‌ലാം ഉയര്‍ത്തുന്നില്ല. ഇസ്‌ലാമിന്റെ ഏതെങ്കിലും ആഹ്വാനങ്ങളില്‍ ഈ ലക്ഷ്യങ്ങളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ പ്രാമാണികമായ പുനപ്പരിശോധനകള്‍ അനിവാര്യമാണ്. മതപ്രമാണങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമാക്കിയിരിക്കുന്നത് മനുഷ്യ ബുദ്ധികൊണ്ടും ചിന്ത കൊണ്ടും ഉണര്‍ത്തേണ്ടതും വളര്‍ത്തേണ്ടതുമായ നിലപാടുകളും മൂല്യങ്ങളുമാണ്. അവയെ കണ്ടെത്തലും അനുഭവിക്കലും തന്നെയാണ് മതജീവിതം ആത്യന്തികമായി മനുഷ്യരില്‍ സംഭവിപ്പിക്കേണ്ടത്.
•┈┈┈┈•✿❁✿•┈┈┈┈•
@ശബാബ്
2017 ഫെബ്രുവരി 03
വെള്ളി
0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:
Post a Comment