Tuesday, March 22, 2016

വര്‍ണ വംശ വ്യത്യാസത്തിന് അതീതമായ മാനുഷിക സമത്വം | പി മുഹമ്മദ് കുട്ടശ്ശേരിഅബൂദര്‍റുല്‍ ഗിഫാരി(റ) ഒരു അടിമയോട് വാക്കേറ്റം നടത്തുകയാണ്. ദേഷ്യത്തിന്റെ മുര്‍ദ്ധന്യതയില്‍ അദ്ദേഹം പറഞ്ഞുപോയി: 'എടാ, കറുത്ത പെണ്ണിന്റെ മകനേ!' വാചകം മുഴുമിച്ചില്ല അപ്പോഴേക്കും നബി(സ) തിരിഞ്ഞുനോക്കി. അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു. 'വെളുത്തവളുടെ പുത്രന് കറുത്തവളുടെ പുത്രനേക്കാള്‍ യാതൊരു ശ്രേഷ്ഠതയുമില്ല - സത്ക്കര്‍മം കൊണ്ടല്ലാതെ' അബൂദര്‍റ് വിനിയാന്വിതനായി അദ്ദേഹത്തിന്റെ കവിള്‍ മണ്ണില്‍ വെച്ച് ആ കറുത്ത നീഗ്രോയോട് പറയുന്നു: 'എഴുന്നേറ്റു വന്ന് എന്റെ കവിളില്‍ ചിവിട്ടൂ!'വര്‍ണ വിവേചനം അതിന്റെ ഉച്ചിയില്‍ നിലകൊള്ളുന്ന കാലത്താണ് ഖുര്‍ആന്‍ മനുഷ്യ സമത്വത്തിന്റെ സന്ദേശവും വഹിച്ചുകൊണ്ട് അവതരിക്കുന്നത്. രാജ്യമോ, ജനതയോ, നിറമോ, ഭാഷയോ ഒന്നും പരിഗണിക്കാതെ ഭൂമിയില്‍ നിവസിക്കുന്ന, ദൈവത്തിന്റെ സൃഷ്ടികളായ എല്ലാ മനുഷ്യരെയും അഭിസംബോധന ചെയ്തുകൊണ്ട് ഖുര്‍ആന്‍ പ്രഖ്യാപിച്ചു: 'ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നും പിറന്ന നിങ്ങളെ വ്യത്യസ്ത ജനവിഭാഗങ്ങളും ഗോത്രങ്ങളുമായി തരം തിരിച്ചത് പരസ്പരം വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്.' തുടര്‍ന്ന് മനുഷ്യന്റെ മഹത്വവും മൂല്യവും കണക്കാക്കാനുള്ള മാനദണ്ഡം ഇതൊന്നു മാത്രമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'നിങ്ങളില്‍ ഏറ്റവും യോഗ്യന്‍ ഏറ്റവും കൂടുതല്‍ ഭക്തി പുലര്‍ത്തി ജീവിക്കുന്നവന്‍'. ഈ അടിസ്ഥാന തത്വം ജീവിതത്തില്‍ പുലര്‍ത്തിക്കൊണ്ട് പ്രവാചകന്‍ മാതൃക കാണിച്ചു. അനുയായികള്‍ അത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതില്‍ നിന്ന് അവര്‍ വ്യതിചലിക്കുമ്പോള്‍ അദ്ദേഹം അവരെ തിരുത്തുകയും ചെയ്തു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച സംഭവത്തെ പ്പറ്റി വ്യത്യസ്തമായ മറ്റു ചില റിപ്പോര്‍ട്ടുകള്‍ കൂടിയുണ്ട്. അബൂദര്‍ദും എത്യോപ്യക്കാരനായ ബിലാലും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായപ്പോള്‍ ഇങ്ങനെ പറഞ്ഞുപോയി: 'എടോ, കറുത്ത പെണ്ണിന്റെ മകനേ,' ബിലാല്‍ ഇക്കാര്യം നബിയോട് പരാതിപ്പെട്ടപ്പോള്‍ നബി അബൂദര്‍റിനോട് ചോദിച്ചു: 'നീ അവന്റെ ഉമ്മയുടെ പേര് പറഞ്ഞ് അവനെ അപലപിച്ചുവോ? നീ ജാഹിലിയ്യ സ്വഭാവമുള്ള മനുഷ്യനാണല്ലോ'. മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: 'നീ ചുകന്നവനേക്കാളോ കറുത്തവനേക്കാളോ ഒന്നും ഉത്തമനല്ല - ദൈവ ഭക്തികൊണ്ട് അവരേക്കാള്‍ ഉത്തമനായാല്‍ ഒഴികെ'- മുഹമ്മദ് നബി ഈ വിഷയത്തില്‍ പ്രഖ്യാപിച്ച പൊതു തത്വം ഇതാണ്: 'നിങ്ങളെല്ലാം ആദമിന്റെ മക്കള്‍. ആദമോ മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനും'

തറവാടിന്റെയും കുടുംബ പാരമ്പര്യത്തിന്റെയും മഹിമ, വംശത്തിന്റെ ശ്രേഷ്ഠത തുടങ്ങിയ പൊള്ള യായ കുമിളകള്‍ കൊണ്ട് പേരും പെരുമയും നടിക്കുന്നവരായിരുന്നു അറബ് സമൂഹം. തന്റെ പിതാവ് അല്ലെങ്കില്‍ പിതാമഹന്‍ ഇന്നയാള്‍, താന്‍ ഇന്ന ഗോത്രത്തില്‍ പിറന്നവന്‍, താന്‍ വെളുത്തവന്‍, അറബി, നീ അനറബി, കറുത്തവന്‍, ഇന്ന തറവാട്ടില്‍ പിറന്നവന്‍ - ഇത്തരം പൊങ്ങച്ച വാദങ്ങളെ മുഴുവന്‍ ഇസ്‌ലാം തച്ചുടച്ചു. പിതാവും ഗോത്രവും യോഗ്യതയോ യോഗ്യതക്കുറവോ അല്ലെന്ന് നബി പ്രഖ്യാപിച്ചു. മനുഷ്യരെല്ലാം ആദമിനും ഹവ്വാക്കും ജനിച്ചവര്‍. അല്ലാഹു അന്ത്യനാളില്‍ നിങ്ങളുടെ തറവാടിനെയും വംശത്തെയും പറ്റിയൊന്നും ചോദിക്കുകയില്ല. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും കൂടുതല്‍ ഭക്തിയുള്ളവന്‍' കുടുംബ മഹിമ കൊണ്ട് പൊങ്ങച്ചം നടിച്ചവരെ കഠിന സ്വരത്തില്‍ ആക്ഷേപിച്ചുകൊണ്ട് നബി പറഞ്ഞു: 'മണ്‍മറഞ്ഞ പിതാക്കളെക്കൊണ്ട് പൊങ്ങച്ചം നടിക്കുന്നവര്‍ക്കാണ് നാശം. അവരെല്ലാം നരകത്തിലെ തീക്കട്ടകളായിക്കഴിഞ്ഞു.' പ്രവാചകന്റെ കാലത്ത് തന്റെ അനുയായികള്‍ക്കിടയില്‍ വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ പേരില്‍ യാതൊരു തരത്തിലുള്ള വിവേചനവുമുണ്ടായിരുന്നില്ല. അടിമയും യജമാനനും തമ്മിലുള്ള ബന്ധത്തിന് അന്ന് ഒരു പുതിയ മാനം വന്നു. അബ്ദുറഹ്മാനുബ്‌നു ഔഫും അടിമയും നടക്കുമ്പോള്‍ രണ്ടുപേരുടെയും വേഷം ഒന്നായിരുന്നതിനാല്‍ തമ്മില്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസമായിരുന്നുവത്രേ. ഇമാം അലി തന്റെ അടിമയെയും കൂട്ടി മാര്‍ക്കറ്റിലേക്ക് പോയി രണ്ട് ഉടുപ്പുകള്‍ വാങ്ങി. ഒന്ന്, വില കൂടിയതും മറ്റേത് വില കുറഞ്ഞതും. വില കൂടിയത് അടിമക്ക് കൊടുത്തു. വില കുറഞ്ഞത് അദ്ദേഹമെടുത്തു. 'യജമാനരേ, അങ്ങാണല്ലോ ഇതിന് കൂടുതല്‍ അര്‍ഹന്‍' അടിമ പറഞ്ഞു. 'അല്ല, നീയാണ് കൂടുതല്‍ അര്‍ഹന്‍. കാരണം നീ ചെറുപ്പക്കാരന്‍. ഞാന്‍ വയസ്സന്‍'- അലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇസ്‌ലാം സ്വീകരിക്കുന്നതോടെ കറുത്തവനും വെളുത്തവനും ആഫ്രിക്കക്കാരനും ഏഷ്യക്കാരനും അടിമയും യജമാനനും എല്ലാവരും തുല്യരായിത്തീരുന്നു. ആഫ്രിക്കന്‍ ജനത കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് കടന്നുവരുന്നതിന് ഈ സമത്വനയം വളരെ പ്രേരകമായിട്ടുണ്ട്. ഇന്ത്യയില്‍ വിശേഷിച്ചും കേരളത്തില്‍ താഴ്ന്ന ജാതിക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ ഇസ്‌ലാമിലേക്ക് ദ്രുതഗതിയില്‍ പ്രവേശിച്ചതിന്റെ രഹസ്യം മഹാകവി കുമാരനാശാന്റെ ഈ കവിതയിലൂടെ വായിച്ചെടുക്കാം.

എത്രയോ ദൂരം വഴിതെറ്റി നില്‍ക്കണ്ടൊ
രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍
ചിത്രമവനെത്തി ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ട തമ്പുരാരേ.
മറ്റൊരു കവിയായ പണ്ഡിറ്റ് കറുപ്പന്റെ വാക്കുകള്‍:
'അല്ലാ, ഇവനിന്നൊരു പുലയനല്ലേ
അള്ളാ മതം നാളെ സ്വീകരിച്ചാല്‍
ഇല്ലാ തടസ്സമെല്ലായിടത്തും
ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ നോക്ക്
സുന്നത്തിന്‍ മാഹാത്മ്യം യോഗപ്പെണ്ണേ'

ജാതി വ്യവസ്ഥ കൊടികുത്തി വാഴുന്ന ഇന്ത്യയില്‍ ഇന്നും സമൂഹത്തില്‍ തുല്യപദവിക്കും അംഗീകാരത്തിനും ഇസ്‌ലാമിലേക്കാണ് താണ ജാതിക്കാരെന്ന് വിധിയെഴുതപ്പെട്ടവള്‍ ഉറ്റു നോക്കുന്നത്. ഒരു ഗ്രാമം മുഴുവന്‍ ഇസ്‌ലാമില്‍ പ്രവേശിച്ച സംഭവം അടുത്ത കാലത്തുണ്ടായല്ലോ. ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവന്നപ്പോള്‍ ഇവിടുത്തെ ദളിതരും പിന്നാക്കക്കാരും ഇസ്‌ലാമിനെ ഒരു മോചന മാര്‍ഗമായാണ് കണ്ടത്. മനസ്സില്‍ ഐത്തം കൊണ്ടുനടക്കുന്നവരാണ് ഇന്ന് ഒരു വലിയ വിഭാഗം- നിയമം മൂലം നിരോധിക്കുകയും തുല്യനീതിക്ക് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പലതും കൊണ്ടുവരികയും ചെയ്തിട്ടുണ്ടെങ്കിലും.

വര്‍ണ വിവേചനം ഏറ്റവും കൂടുതല്‍ പ്രകടമായത് പരിഷ്‌കൃത രാജ്യങ്ങളിലാണെന്നത് എത്ര വലിയ വിരോധാഭാസമാണ്. എത്ര മനുഷ്യര്‍ അതിന്റെ പീഡനങ്ങള്‍ക്കിരയായി. നല്‍സന്‍ മണ്ഡേലയെപ്പോലുള്ളവര്‍ ദീര്‍ഘ കാലം ജയില്‍ വാസമനുഷ്ഠിച്ചു. ഇന്നും വര്‍ണ വിവേചനത്തിന്റെ പിടുത്തത്തില്‍ നിന്ന് ലോകം മോചിതമായിട്ടില്ല. എല്ലാ മനുഷ്യരും ആദമിന്റെ മക്കള്‍ എന്ന മാനുഷിക ദര്‍ശനം പൂര്‍ണരൂപത്തില്‍ ഉള്‍ക്കൊള്ളാന്‍ പരിഷ്‌കൃത ലോകത്തിന് കഴിയുന്നില്ലെന്നത് വലിയൊരു അപമാനം തന്നെയാണ്.

175 കോടി വരുന്ന മുസ്‌ലിം ജനസംഖ്യയില്‍ അറബികള്‍ ആനുപാതികമായി നോക്കുമ്പോള്‍ ഒരു ചെറിയ ശതമാനം മാത്രമേയുള്ളൂ. അറബി മാതൃഭാഷയായ രാജ്യങ്ങളിലെ ജനങ്ങളെയാണല്ലോ അറബികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അറബി ഭാഷക്ക് വലിയ പ്രാധാന്യമാണ് ഇസ്‌ലാമിലുള്ളത്. ഖുര്‍ആനിന്റെ ഭാഷ, പ്രവാചകനായ മുഹമ്മദ് നബിയുടെ ഭാഷ, ആരാധനാകര്‍മങ്ങളെല്ലാം നിര്‍വഹിക്കപ്പെടുന്ന ഭാഷ എന്നീ പ്രാധാന്യങ്ങളെല്ലാം ഉണ്ട്. എന്നാല്‍ ഈ ഭാഷ സംസാരിക്കുന്നവരായി എന്നതുകൊണ്ട് മതത്തില്‍ വല്ല പ്രത്യേകതയുമുണ്ടോ? ഭാഷ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരമാണ് പ്രധാനം. അറബിക്ക് അനറബിയേക്കാള്‍ ഒരു സവിശേഷതയുമില്ല - തഖ്‌വ കൊണ്ടാല്ലാതെ' എന്ന നബിയുടെ പ്രഖ്യാപനം വളരെ അര്‍ഥവത്താണ്. അപ്പോള്‍ അറബ് വംശീയതക്ക് ഒരു സ്ഥാനവുമില്ല. അതേ അവസരം കഅബ നിലകൊള്ളുന്ന മക്കയുടെയും രണ്ടാമത്തെ ഹറം നിലകൊള്ളുന്ന മദീനയുടെയും ഹജ്ജിന്റെ ചടങ്ങുകള്‍ നടക്കുന്ന മിനാ, അറഫാ തുടങ്ങിയ പുണ്യസ്ഥലങ്ങളുടെയും മഹത്വം വേറിട്ടു നില്ക്കുന്നു. സുഊദി അറേബ്യ പൊതുവില്‍ ലോകമുസ്‌ലിംകളും ആദരവിനര്‍ഹമായ രാജ്യമാണ്. എന്നാല്‍ അറബ് നാടുകളില്‍ മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികളും ജൂതരുമെല്ലാം താമസിക്കുന്നുണ്ട്. അതുപോലെ അറബികള്‍ എല്ലാവരും ആദര്‍ശ നിഷ്ഠരും സംശുദ്ധരും ദൈവ കല്പനകള്‍ അക്ഷരം പ്രതിപാലിക്കുന്നവരുമാണെന്ന് ആരും അവകാശപ്പെടുകയില്ല. ചുരുക്കത്തില്‍ അറബ് വംശീയതക്ക് മതദൃഷ്ട്യാ ഒരു സ്ഥാനവുമില്ല.

എന്നാല്‍ ഇന്ന് സിറിയ, ലിബിയ, യമന്‍, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ അറബ് സമൂഹത്തിനാകമാനം ലോകത്തിന്റെ ദൃഷ്ടിയില്‍ വികൃതമായ ഒരു ചിത്രം നല്കിയിരിക്കുന്നു എന്ന ദു:ഖസത്യം ആര്‍ക്കും നിഷേധിക്കുക സാധ്യമല്ല. അറബികളായി എന്നതുകൊണ്ട് ഒരു പുണ്യവും ലോകം അവര്‍ക്ക് കല്പിക്കുന്നുമില്ല. അതേ അവസരം എണ്ണ സമ്പന്നമായ അറബ് നാടുകള്‍ ലോകത്തെങ്ങുമുള്ള ജനങ്ങള്‍ക്ക് പൊതുവിലും മുസ്‌ലിം വിശ്വാസികള്‍ക്ക് പ്രത്യേകിച്ചും തൊഴില്‍ നല്കുന്നു. മുസ്‌ലിം നാടുകളിലെ മതപരവും സാസ്‌കാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായും മറ്റു വിധത്തിലും സഹായിക്കുന്നു. അറബി ഭാഷക്കും സാഹിത്യത്തിനും ഇസ്‌ലാമിക സംസ്‌കാരത്തിനും അറബ് നാടുകളിലുള്ള വളര്‍ച്ച ആരാലും നിഷേധിക്കുക സാധ്യമല്ല.

© പി മുഹമ്മദ് കുട്ടശ്ശേരി
അത്തൗഹീദ് ദ്വൈമാസിക
2016 ജനുവരി - ഫെബ്രുവരി

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ