മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഏതു കാലത്തും വിമര്‍ശനങ്ങള്‍ക്കും പുനര്‍വായനകള്‍ക്കും വിധേയമാകാറുണ്ട്. കാരണം കാലഘട്ടങ്ങള്‍ക്കനുസരിച്ച് സമൂഹത്തില്‍ പുതിയ സിദ്ധാന്തങ്ങളും ചിന്താധാരകളും രൂപപ്പെടുന്നു. അവയും മതങ്ങളും തമ്മില്‍ സൈദ്ധാന്തികമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. ഇത്തരം ചര്‍ച്ചകളില്‍ മറ്റു മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാമിന് വളരെയധികം പ്രാതിനിധ്യം ലഭിക്കാറുണ്ട്. ഇസ്‌ലാമിന് ഏതു കാര്യത്തിലും അതിന്റേതായ ഒരു കാഴ്ചപ്പാടുണ്ട് എന്നതാണ് കാരണം. ഈ കാഴ്ചപ്പാടുകള്‍ വിശുദ്ധ ഖുര്‍ആനിന്റെയും നബി(സ)യുടെ പ്രബല ഹദീസുകളുടെയും വെളിച്ചത്തില്‍ ഉള്ളവയായിരിക്കും. ഖുര്‍ആനും തിരുവചനങ്ങളുമാണ് ഇസ്‌ലാമിന്റെ സൈദ്ധാന്തികമായ അടിത്തറ.
എതിര്‍ സ്വരങ്ങള്‍ക്ക് ഇടം നല്കിയ ഗ്രന്ഥം
ഇസ്‌ലാം ഏതു പ്രത്യയശാസ്ത്രങ്ങളുമായും മാറ്റുരയ്ക്കുന്നത് ഖുര്‍ആനിന്റെയും ഹദീസുകളുടെയും പിന്‍ബലത്തിലാണ്. അപ്പോള്‍ മറ്റു പ്രത്യയശാസ്ത്രങ്ങളും ഇസ്‌ലാമിനോട് വിയോജിപ്പുള്ളവരും കടന്നാക്രമിക്കുന്നത് ഖുര്‍ആനെയും നബിയുടെ ജീവിതമായ ഹദീസുകളെയുമാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ ഇസ്‌ലാമിനു നേരെ ചോദ്യശരങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്കും എതിര്‍ സ്വരങ്ങള്‍ക്കും നേരെ ഇസ്‌ലാം ഒരിക്കലും കണ്ണടയ്ക്കാറില്ല. അതിനു പകരമായി എതിര്‍വാദങ്ങളും മറ്റു വാദങ്ങളും ഉന്നയിക്കാന്‍ അവസരങ്ങള്‍ നല്കാറാണ്.
വിശുദ്ധ ഖുര്‍ആന്‍ പരിശോധിക്കുകയാണെങ്കില്‍ ഇസ്‌ലാമിനെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും പ്രതിയോഗികള്‍ നിരത്തിയ വിമര്‍ശനങ്ങള്‍ അതുപോലെ തന്നെ ഉദ്ധരിച്ചതായി കാണാം. ഉദാഹരണമായി മുഹമ്മദ് നബി(സ)യെക്കുറിച്ച് മക്കയിലെ എതിരാളികളുടെ പ്രധാന ആരോപണങ്ങള്‍ ഖുര്‍ആനിന്റെ വിവിധ ഭാഗങ്ങളില്‍ വിവരിക്കുന്നു. കവി, മാരണക്കാരന്‍, ഭ്രാന്തന്‍ തുടങ്ങിയ ശത്രുക്കളുടെ ആരോപണങ്ങള്‍ ഖുര്‍ആന്‍ എടുത്തുകാണിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ക്കും എതിര്‍വാദങ്ങള്‍ക്കും ചെവി കൊടുക്കാത്ത ഒരു മതമാണ് ഇസ്‌ലാമെങ്കില്‍ ദൈവിക ഗ്രന്ഥമായ ഖുര്‍ആനില്‍ എതിരാളികളുടെ ഇത്തരം വിമര്‍ശനങ്ങള്‍ക്കും വാദങ്ങള്‍ക്കും ഇടം നല്കുമായിരുന്നില്ല. ലോകത്ത് ഇന്നുള്ള മറ്റു മതഗ്രന്ഥങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവയില്‍ ആ ഗ്രന്ഥം കൊണ്ടുവന്ന പ്രവാചകനെക്കുറിച്ചുള്ള സമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ കാണാന്‍ വളരെ പ്രയാസമാണ്.
ദൈവിക പരികല്പന നല്കി അവതരിപ്പിക്കപ്പെടുന്ന ഒരാശയം കേവലം വിമര്‍ശനങ്ങള്‍കൊണ്ട് തകരുകയില്ല എന്നാണ് ഇസ്‌ലാമിക സങ്കല്പം. അതുകൊണ്ടാണ് ഇസ്‌ലാം ബൗദ്ധികമായ എതിര്‍പ്പുകളെ സഹിഷ്ണുതയോടെ സ്വീകരിക്കുന്നത്. മനുഷ്യ പിതാവായ ആദം നബി(അ)യും ശേഷം വന്ന പ്രവാചകന്മാരും സമൂഹത്തില്‍ നിന്നുള്ള എതിര്‍ ചോദ്യങ്ങളെ നേരിട്ടിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കുകയല്ലാതെ വിമര്‍ശകരെ അവര്‍ ഒരിക്കലും അടിച്ചമര്‍ത്തുകയോ കായികമായി നേരിടുകയോ ചെയ്തിട്ടില്ല.
വിമര്‍ശനം മനുഷ്യസഹജം
ഏതു കാര്യത്തെയും വിമര്‍ശന ബുദ്ധിയോടെ കാണുക എന്നത് മനുഷ്യ സഹജമാണ്. മനുഷ്യന്റെ ഈ സഹജവാസനയെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നില്ല. ചോദ്യങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയുമാണ് ഒരു സിദ്ധാന്തം ശരിയാണോ തെറ്റാണോ എന്ന് തെളിയിക്കപ്പെടുന്നത്. സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന സിദ്ധാന്തങ്ങളാണ് ആത്യന്തികമായി നിലനില്ക്കുക. ഇസ്‌ലാമിന് ഈ കാഴ്ചപ്പാടാണുള്ളത്. ലോകാവസാനം വരെ നിലനില്ക്കുന്ന ഒരു മതമാണ് ഇസ്‌ലാമെന്ന് മുസ്‌ലിംകള്‍ ഉറച്ചു വിശ്വസിക്കുന്നു.
അതുപോലെ തന്നെ ഇസ്‌ലാമില്‍ മാറ്റത്തിരുത്തലുകള്‍ ഒരിക്കലും സാധ്യമല്ലായെന്നും. ഈ രണ്ടു കാര്യങ്ങളും കണക്കിലെടുക്കുമ്പോള്‍, ദ്രുതഗതിയില്‍ മാറ്റം വരുന്ന ആധുനിക സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഇസ്‌ലാം ഉത്തരം നല്‌കേണ്ടതുണ്ട്. സമൂഹത്തിലെ ആത്മീയവും ഭൗതികവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇസ്‌ലാമിന്റേതായ പ്രമാണ സൂത്രങ്ങളുണ്ട്. അതുകൊണ്ടാണ് മുസ്‌ലിംകള്‍ ഏതൊരു പ്രശ്‌നത്തിലും ഇസ്‌ലാമിന്റെ നയം എന്താണെന്ന് പരിശോധിക്കുന്നത്. എപ്പോഴും ഇസ്‌ലാമിന്റെ നയം ചില മൂല്യങ്ങളും സമൂഹത്തിന്റെ മൊത്തത്തിലുള്ള കെട്ടുറപ്പും പരിഗണിച്ചുകൊണ്ടായിരിക്കും. അതുപോലെ തന്നെ ഇസ്‌ലാം അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ പലപ്പോഴും സമൂഹങ്ങള്‍ പാരമ്പര്യമായി അനുഷ്ഠിച്ചു പോരുന്നതിന് എതിരായിരിക്കും. ഈ അവസങ്ങളിലെല്ലാം ഇസ്‌ലാം തുറന്ന സംവാദങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് പതിവ്.
പ്രവാചകന്മാരുടെ സംവാദം
വിമര്‍ശനങ്ങളുടെ ഉയര്‍ന്നതലമാണ് സംവാദങ്ങളും തുറന്ന ചര്‍ച്ചകളും. ഇന്നും ധൈഷണികമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓപ്പണ്‍ ഫോറങ്ങളെ ആശ്രയിക്കുന്നു. പ്രാചീന ഗ്രീസില്‍ 2300 വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന തത്വചിന്തകനായ അരിസ്റ്റോട്ടിലാണ് ആശയ വിനിമയത്തിന് കൂടുതല്‍ ഫലപ്രദമായ ഇത്തരം സങ്കേതങ്ങള്‍ തുടങ്ങിയതെന്ന് കരുതപ്പെടുന്നു. അരിസ്റ്റോട്ടിലിന്റെ റട്ടറിക്ക് എന്ന കൃതിയിലാണ് ആശയ വിനിമയ തത്വങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്.
എന്നാല്‍ ഇതിനും എത്രയോ കാലങ്ങള്‍ക്കു മുമ്പ് ഇസ്‌ലാം അതിന്റെ നാള്‍വഴികളില്‍ പ്രചരണത്തിന് തുറന്ന ചര്‍ച്ചകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ വളരെ മനോഹരമായി പ്രവാചകന്മാരുടെ സംവാദങ്ങള്‍ പുനഃസൃഷ്ടിച്ചിട്ടുണ്ട്. മൂസാനബി(അ) ഫറോവയുമായി നടത്തുന്ന തുറന്ന ചര്‍ച്ച എത്ര മനോഹരവും സൈദ്ധാന്തികവുമാണ്. ഇബ്‌റാഹീം(അ) രാജാവായ നംറൂദുമായി നടത്തുന്ന ആശയസംവാദവും മുസ്‌ലിംകള്‍ക്ക് മാതൃകയാണ്.
ഈ രണ്ട് പ്രവാചകന്മാരും ഇസ്‌ലാമിന്റെ ആത്മാവായ തൗഹീദിനെക്കുറിച്ചുള്ള പരസ്യ സംവാദം നടത്തിയത് അന്നത്തെ സമൂഹത്തിലെ പണ്ഡിതന്മാര്‍ സമ്മേളിക്കുന്ന രാജസദസ്സിലാണ്. രണ്ടു രാജാക്കന്മാരും ഇസ്‌ലാമിനെയും അതിലെ ദൈവസങ്കല്പത്തെയും കടന്നാക്രമിക്കുകയാണ് ഉണ്ടായതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ അതേ രീതിയിലല്ല മഹാന്മാരായ രണ്ടു പ്രവാചകന്മാരും പ്രതികരിച്ചത്. മാന്യവും സൈദ്ധാന്തികവുമായ ഇസ്‌ലാമിക രീതിശാസ്ത്രമനുസരിച്ചാണ്.
ഇബ്‌റാഹീം നബി(അ) ചന്ദ്രനെയും സൂര്യനെയും താരതമ്യം ചെയ്തുകൊണ്ട് പൊതുജനമധ്യത്തില്‍ ഇസ്‌ലാമിന്റെ ഉജ്വല ദൈവസങ്കല്പം അവതരിപ്പിക്കുന്നുണ്ട്. ഇതും ആശയതലത്തിലെ മറ്റൊരു സംവാദമായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ) പരസ്യ പ്രബോധനം തുടങ്ങിയതും ക്ഷണിക്കപ്പെട്ട ഒരു സദസ്സിന് മുന്നിലായിരുന്നു. അപ്പോള്‍ തന്നെ നബിയുടെ ബന്ധുവായ അബൂലഹബ് നബിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ അധിക്ഷേപിച്ചു. അതിനൊന്നും ഇസ്‌ലാമിന്റെ പ്രയാണത്തെ തടഞ്ഞുനിര്‍ത്താനുള്ള ശേഷി ഉണ്ടായിരുന്നില്ല. ആശയ സംഘട്ടനങ്ങളെ ഇസ്‌ലാം എന്നും കൗതുകത്തോടെ കാണുന്നു. സമൂഹത്തില്‍ ആശയ സംവാദവും ആശയ സമന്വയവും പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. ഏതു വിധേനയുള്ള ചര്‍ച്ചകള്‍ക്കും പ്രവാചകന്‍മാര്‍ നേതൃത്വം നല്കിയിട്ടുണ്ട്. അതെല്ലാം തുടക്കത്തില്‍ എതിര്‍പ്പുകള്‍ക്കും ശാരീരിക സംഘട്ടനങ്ങള്‍ക്കും വരെ കാരണമായിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാം ശാരീരിക സംഘട്ടനത്തിന്റെ മാര്‍ഗത്തില്‍ നിന്നും ഒഴിഞ്ഞ് ധൈഷണിക ചര്‍ച്ചകളുടെ മാര്‍ഗമാണ് അവലംബിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഒരു കാലത്ത് ഇസ്‌ലാമിനെ നശിപ്പിക്കാന്‍ ഒരുങ്ങിയ ഉമര്‍(റ), അബൂസുഫ്‌യാന്‍(റ), ഖാലിദ് ഇബ്‌നു വലീദ്(റ) തുടങ്ങിയവര്‍ ഇസ്‌ലാമിന്റെ കാവല്‍ക്കാരായത്. ഇന്നും ഈ പ്രതിഭാസം തുടരുന്നു. സപ്തംബര്‍ 11-നു ശേഷം ഇസ്‌ലാമിനെക്കുറിച്ചുള്ള വിമര്‍ശനാത്മക പഠനങ്ങള്‍ക്കാണ് അമേരിക്കയും യൂറോപ്പും വേദിയായത്. ഇസ്‌ലാമിന്റെ ഇഴകള്‍ പരിശോധിച്ചുള്ള വിമര്‍ശനങ്ങളാണ് ഇന്നും നടക്കുന്നത്. എന്നിട്ടുപോലും യൂറോപ്പില്‍ ഏറ്റവും വളര്‍ച്ചയുള്ള മതം ഇസ്‌ലാമാണ്. കഠിനമായി വിമര്‍ശിക്കുന്നവരെ സ്വയം ആകര്‍ഷിക്കുന്ന മാന്ത്രിക ശക്തി ഇസ്‌ലാമിനുണ്ട്.
വിമര്‍ശനങ്ങള്‍ക്കൊരു മാര്‍ഗരേഖ
താത്വികമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന ഇസ്‌ലാം മറ്റു മതങ്ങളെ വിമര്‍ശിക്കുന്നതിനും ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതിനും വ്യക്തമായ പെരുമാറ്റച്ചട്ടം കൊണ്ടുവന്നിട്ടുണ്ട്. ഇസ്‌ലാമിനെ എതിര്‍ക്കുമ്പോള്‍ സ്വാഭാവികമായും മുസ്‌ലിംകള്‍ വിമര്‍ശകരുടെ ദൈവങ്ങളെയും അധിക്ഷേപിക്കാം. ഇത് ഇസ്‌ലാം വിരോധിച്ച ഒന്നാണ്. സൂറത്തു അന്‍ആമില്‍ അല്ലാഹു പറയുന്നു: ''അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും.''(9:108). സൂറതുന്നഹ്‌ലില്‍ ഇപ്രകാരം കാണാം: ''യുക്തിദീക്ഷയോടുകൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക.''(16:125)
ഇസ്‌ലാം എപ്പോഴും ആരോഗ്യകരമായ സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായാണ് മുകളില്‍ പറഞ്ഞ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ മുസ്‌ലിംകള്‍ സംവാദ സമയത്ത് പാലിക്കേണ്ട പ്രധാന കാര്യങ്ങളും ഈ വചനങ്ങളില്‍ വ്യക്തമാക്കുന്നു. അതില്‍ പ്രധാനമായത്, എന്ത് എതിര്‍പ്പുകള്‍ ഉണ്ടായാലും അന്യമതത്തെ നിന്ദിക്കുന്ന രീതി മുസ്‌ലിംകള്‍ സ്വീകരിക്കരുത് എന്നാണ്. അതുപോലെ വൈകാരികമായ രീതിയില്‍ മറുപടി പറയരുത്. ഇന്നത്തെ അവസ്ഥയില്‍ ഈ വചനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. ഒരു ഭാഗത്ത് ഇസ്‌ലാമിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇസ്‌ലാമോഫോബിയ (ഇസ്‌ലാമിനെ പേടി) എന്ന മാനസികാവസ്ഥ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ എങ്ങും നടത്തുകയാണ്. ഈ സമയത്ത് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികള്‍ വ്യക്തിപരവും വൈകാരികവുമായാല്‍ ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ വിരിച്ച വലയില്‍ നാം വീഴും.
സംവാദം ഇഷ്ടപ്പെടുന്ന മതം
ആര്‍ക്കും ഇസ്‌ലാമിനെ വിമര്‍ശിക്കാം. പക്ഷേ, നിന്ദിക്കരുത്. മറ്റു മതങ്ങളെ നിന്ദിക്കുന്നത് ഇസ്‌ലാം കഠിനമായി വിരോധിക്കുന്നുണ്ട്. അതേ തരത്തിലുള്ള ഒരു നയമാണ് ഇസ്‌ലാം തിരിച്ചും ആഗ്രഹിക്കുന്നത്. എന്തു കൊണ്ടെന്നാല്‍ വിമര്‍ശനത്തിലൂടെയും ആശയ സംവാദത്തിലൂടെയും മാത്രമേ ഇസ്‌ലാമിനെ പുറംലോകം അറിയൂ. പള്ളികളിലെ നാലു ചുമരുകള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല ഇസ്‌ലാം. സമൂഹമാണ് ഇസ്‌ലാമിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത്. അപ്പോള്‍ വ്യതിരിക്തമായ അഭിപ്രായങ്ങളും വായനകളും സംഭവിക്കും. ഈ അഭിപ്രായങ്ങളെയും വായനകളെയും ഇസ്‌ലാമിന്റെ പരിപ്രേക്ഷ്യത്തില്‍ കൊണ്ടുവരിക എന്നതാണ് മുസ്‌ലിം സമൂഹത്തിന്റെ ധര്‍മം.
ഇത് യഥാര്‍ഥത്തില്‍ വമ്പിച്ച ഉത്തരവാദിത്തമാണ്. ഒരു കാലത്ത് പ്രവാചകന്‍മാര്‍ നടത്തിയ ദൗത്യമാണ് ഇത്. കാലപ്രവാഹത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ ചുമലുകളിലാണ് ഈ ബാധ്യത വന്നു ചേര്‍ന്നിട്ടുള്ളത്. മുസ്‌ലിം സമൂഹം അതിന് പ്രാപ്തരാണോ? ചിന്തിക്കേണ്ട വസ്തുതയാണ്. പ്രവാചകന്മാര്‍ അവതരിപ്പിച്ച ചൈതന്യം തുളുമ്പിയ ഇസ്‌ലാമിന്റെ പേക്കോലങ്ങള്‍ മാത്രമാണ് ഇന്ന് പൊതുസമൂഹം കാണുന്ന ഇസ്‌ലാം. ഇതു കാരണവും ഇസ്‌ലാം വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. ഇസ്‌ലാമിന്റെ യഥാര്‍ഥ ദൈവസങ്കല്പം, നൈതികത എന്നിവ തിരിച്ചു പിടിച്ചാല്‍ മാത്രമേ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള കരുത്ത് ഇസ്‌ലാമിന് ലഭിക്കൂ. അതിന് ഇസ്‌ലാമിക സമൂഹം സ്വയം തയ്യാറാകേണ്ടതുണ്ട്.
© അമീൻ വളവന്നൂർ
ശബാബ്
2016 മാർച്ച് 18
0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:
Post a Comment