Tuesday, March 22, 2016

അധ:കൃതര്‍, അഭിജാതര്‍, പ്രമാണിമാര്‍ | സി മുഹമ്മദ് സലീം സുല്ലമി



മനുഷ്യോത്പത്തിയെക്കുറിച്ച് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്, ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് തന്നെയാണ് എല്ലാവരെയും സൃഷ്ടിച്ചതെന്നും മനുഷ്യന്റെ ഇണയെയും അതേ അസ്തിത്വത്തില്‍ തന്നെയാണ് സൃഷ്ടിച്ചത് എന്നുമാണ് (വി.ഖു 4:1). മനുഷ്യര്‍ എല്ലാം ഒരു പിതാവിന്റെയും ഒരു മാതാവിന്റെയും സൃഷ്ടികളാണെന്ന കാഴ്ചപ്പാട് ഇസ്‌ലാം ഊന്നിപ്പറയുന്നുണ്ട്. വൈവിധ്യമാര്‍ന്ന കഴിവുകളും വിഭിന്നമായ സാധ്യതകളും കൊണ്ട് മനുഷ്യര്‍ പരസ്പരം ഏറ്റക്കുറവുകളുള്ളവരാണെങ്കിലും ഇതൊന്നും മനുഷ്യന്‍ എന്ന പദവിക്കോ പരിഗണനക്കോ വിഘാതമായി ഇസ്‌ലാം കാണുന്നില്ല. എന്നല്ല, ഇത്തരം വൈവിധ്യങ്ങള്‍ മനുഷ്യകുലത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ് എന്ന നിലക്കാണ് ഇസ്‌ലാം ഇതിനെ വീക്ഷിക്കുന്നത്. വിവിധ ഗോത്രങ്ങളും സമുദായങ്ങളുമായി മനുഷ്യന്‍ നിലനില്ക്കുന്നതിന്റെ ഉദ്ദേശ്യം അന്യോന്യം തിരിച്ചറിയേണ്ടതിന് മാത്രമാണെന്ന തത്വവും വി.ഖുര്‍ആന്‍ പഠിപ്പിക്കുന്നു (വി.ഖു 49:13). അപ്പോള്‍ മനുഷ്യര്‍ക്കിടയില്‍ നിലനില്ക്കുന്ന വൈജാത്യവും വൈവിധ്യവും മനുഷ്യവംശത്തിന്റെ തന്നെ പുരോഗതിക്കും നന്മക്കും മാത്രമാണെന്നും പരസ്പരം കീഴ്‌മേല്‍ സ്ഥാനപദവികള്‍ സ്ഥാപിക്കാനുള്ള മാര്‍ഗമോ ഉപാധിയോ അല്ലെന്നും വ്യക്തം.

എന്നാല്‍, പില്‍ക്കാലത്ത് മനുഷ്യന്‍ ആഭിജാത്യനെന്നും കീഴാളനെന്നും വിഭജിക്കപ്പെടുകയും ഇത് പരസ്പരം അകലാനും ചിലര്‍ക്ക് ചിലരുടെ മേല്‍ മേല്‍ക്കോയ്മ നടിക്കാനുള്ള മാര്‍ഗമായിത്തീരുകയും ചെയ്തു. ഇത് ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും നിലനിന്നതായി കാണാവുന്നതാണ്. പ്രാചീന നാഗരികതകളും സംസ്‌കാരങ്ങളും നിലനിന്നയിടങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. വനാന്തരങ്ങളില്‍ നിവസിച്ചിരുന്ന ഗോത്ര വര്‍ഗങ്ങള്‍ക്കിടയിലും ഇത്തരം കീഴ്-മേല്‍ വര്‍ഗങ്ങള്‍ നിന്നതായി കാണാനാവുന്നതാണ്.

ഇത്തരം ചില അഭിജാത ചിന്തകളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ജൂത ക്രൈസ്തവ വിഭാഗം വെച്ചുപുലര്‍ത്തിയിരുന്ന ചിന്തയെ ഖുര്‍ആന്‍ ഇങ്ങനെ പരിചയപ്പടുത്തുന്നു: ''യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു''(വി.ഖു 5:18). തുടര്‍ന്ന് നിങ്ങള്‍ മറ്റുള്ളവരെപ്പോലെത്തന്നെ സാധാരണ മനുഷ്യര്‍ തന്നെയാണെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. പ്രവാചകന്മാരുടെ ദൗത്യനിര്‍വഹണത്തിന് എതിര് നില്ക്കുകയും ജനങ്ങളുടെ മേല്‍ മേല്‍ക്കോയ്മ നടിക്കുകയും സത്യമാര്‍ഗത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും അഹന്തയും അഹങ്കാരവും മുഖമുദ്രയായി സ്വീകരിക്കുകയും ചെയ്ത ഒരു വിഭാഗത്തെ - ഇവര്‍ എല്ലാ പ്രവാചകന്മാരുടെ കാലത്തും ഉണ്ടായിരുന്നു - ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. 'അല്‍ മലഅ്' എന്ന പേരിലാണ്. പ്രമാണിമാര്‍ എന്ന് ഇതിനര്‍ഥം. നൂഹ് നബി(സ)യുടെ കാലത്തും മൂസാനബി(സ)യുടെ കാലത്തും ശുഐബ് നബി(സ)യുടെ കാലത്തും ബില്‍ക്കീസ് രാജ്ഞിയുടെ കാലത്തുമെല്ലാം ഈ 'മലഉ'കള്‍ ജനജീവിതത്തില്‍ ഇടപെട്ടതായി ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു. മൂസാ (അ)യെ പരിഹസിക്കാനും അദ്ദേഹത്തിനെതിരില്‍ മാന്ത്രിക ന്മാരെ സംഘടിപ്പിക്കാനും മറ്റും നേതൃത്വം കൊടുത്തിരുന്നത്, ഫറോവയുടെ ശിങ്കിടികളും സില്‍ബന്ധികളുമായിരുന്ന ഈ പ്രമാണിമാരായിരുന്നു. ഇവര്‍ അഴിച്ചു വിട്ടിരുന്ന മര്‍ദനങ്ങള്‍ ജനങ്ങളെ വിശ്വാസത്തില്‍ നിന്ന് തടയുകയും അവരെ ഭീതിയോടെ മാത്രം ജനങ്ങള്‍ വീക്ഷിക്കുന്ന അവസ്ഥയുമുണ്ടാക്കിയിരുന്നു.

എന്നാല്‍, ഫറോവയുടെയും ഈ ശിങ്കിടികളായ പ്രമാണിമാരുടെയും ഭീഷണിക്കൊന്നും വഴങ്ങാതെ മൂസാ(അ)യില്‍ വിശ്വാസം പ്രഖ്യാപിച്ച ഏതാനും യുവാക്കളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു (വി.ഖു 10:83). എക്കാലത്തും ഇത്തരം പ്രമാണിവര്‍ഗത്തിനെതിരെ ശബ്ദിക്കാനും പോരാടാനും ധീരമായ ചുവടുവെപ്പുകള്‍ നടത്താനും ആദര്‍ശപ്രഖ്യാപനം നടത്താനും ധീരത കാണിക്കുന്നത് യുവജനങ്ങളാണെന്ന് ഖുര്‍ആന്‍ ഇവിടെ സാക്ഷീകരിക്കുകയാണ്. ഇന്നും അവസ്ഥ ഇങ്ങനെത്തന്നെയാണെന്ന് കാണാവുന്നതാണ്. ബഹുദൈവത്വപരമായ വിശ്വാസങ്ങള്‍ സ്ഥാപിച്ച് നിലനിര്‍ത്താനും പാരത്രിക വിശ്വാസത്തെ നിരാകരിക്കാനും പരിസഹിക്കാനുമെല്ലാം ഈ പ്രമാണിവര്‍ഗം ധൃഷ്ടരാകുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു (വി.ഖു 23:32).

അധാര്‍മികതയില്‍ അധിഷ്ഠിതമായ നേതൃത്വത്തെയും അവരുടെ താല്പര്യങ്ങളെയും പിന്തുണയ്ക്കുകയും ഭരണകൂട ഭീതകരതയെയും തോന്ന്യാസങ്ങളെയും താങ്ങിനിര്‍ത്തുന്നതും ഈ പ്രമാണിവര്‍ഗം തന്നെയാണെന്നും മൂസാ-ഫിര്‍ഔന്‍ സംഭവങ്ങളിലൂടെ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. മൂസാ നബി (അ)യുടെ പ്രബോധനകാലത്ത്, ഫിര്‍ഔന്‍ ഈ 'മലഇ' നെ ഉപയോഗപ്പെടുത്തിയാണ് വിശ്വാസികളെ പീഡിപ്പിച്ചത്. അവര്‍  പരസ്പരമുള്ള ധാരണയുടെയും ഒത്തുകളിയുടെയും അടിസ്ഥാനത്തിലാണ് എല്ലാ അ സാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്തത്. അതുകൊണ്ട്തന്നെ മൂസാ (അ)യുടെ പ്രബോധനത്തെപ്പറ്റി പറയുന്ന അധിക സ്ഥലങ്ങളിലും ഖുര്‍ആന്‍, 'ഫിര്‍ഔന വ മലഇഹി' ഫിര്‍ഔനും അയാളുടെ കൂടെയുള്ള പ്രമാണിമാരുടെയും അടുക്കലേക്ക് പ്രാവചകനെ അയച്ചുവെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നത്.

ഭരണത്തിന്റെയും അധികാരത്തിന്റെയും തണല്‍ പറ്റി കഴിഞ്ഞിരുന്ന ഈ വിഭാഗം തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നിലപാടുകള്‍ ഭരണാധികാരിയോട് വിനയ വിധേയരായി സ്വീകരിക്കുക മാത്രമാണ് ചെയ്തിരുന്നതെന്ന് ഖുര്‍ആനിക പ്രയോഗങ്ങളില്‍ നിന്ന് വ്യക്തമാകുന്നതാണ്. നൂഹ് നബി(സ)യുടെ കാലത്തും, യൂസുഫ് നബി(അ)യുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന 'അസീസ്' രാജാവിന്റെ പരിവാരങ്ങളായും ബില്‍ക്കീസ് രാജ്ഞിയുടെ ആജ്ഞാനുവര്‍ത്തികളായുമെല്ലാം ഈ പ്രമാണിവര്‍ഗം ഉണ്ടായിരുന്നതായി ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നു. ഇത്തരം പ്രമാണിമാര്‍ എല്ലാ നീതിനിയമ വ്യവസ്ഥക്കും അതീതരായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇക്കാലത്തും ഇത്തരം അധീശ വര്‍ഗത്തെ കാണാവുന്നതാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലകാലങ്ങളിലായി മനുഷ്യര്‍ക്കിടയില്‍ അസമത്വങ്ങളും വിവേചനങ്ങളും നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. മനുഷ്യന് മൃഗത്തേക്കാള്‍ പരിഗണന കുറഞ്ഞതും പക്ഷിമൃഗാദികളേക്കാളും വൃക്ഷങ്ങളേക്കാളുമെല്ലാം താഴ്ന്ന പദവി നല്കപ്പെട്ടതും കാണാവുന്നതാണ്. ചില സംസ്‌കാരങ്ങളില്‍ ആരാധ്യവസ്തുക്കളായ പക്ഷി മൃഗാദികള്‍ക്കും വൃക്ഷങ്ങള്‍ക്കും മറ്റു അചേതന വസ്തുക്കള്‍ക്കും നല്‍കിയ പരിഗണന പോലും ജീവനുള്ള മനുഷ്യന് ലഭിച്ചിരുന്നില്ല. എന്നല്ല, ഇത്തരം ആരാധ്യവസ്തുക്കള്‍ക്ക് മുമ്പില്‍ മനുഷ്യന്‍ ജീവനോടെ ബലിയര്‍പ്പിക്കപ്പെടുന്ന അധ:സ്ഥിതിയും നിലനിന്നിരുന്നു!

ഇന്ത്യയില്‍ നിലനിന്നിരുന്ന വര്‍ണ വ്യവസ്ഥയും ജാതീയതയും മനുഷ്യനെ മൃഗതുല്യനോ അതിലും പതിതനോ ആയി മാത്രം കണ്ടിരുന്നു. ചില വംശങ്ങള്‍ ദൈവിക പ്രാതിനിധ്യവും വിശുദ്ധിയും അവകാശപ്പെടുകയും ചെയ്തിരുന്നു. സൂരജ് ബന്‍സും (സൂര്യവംശം) ചന്ദ്രബന്‍സും (ചന്ദ്രവംശം) ഇന്ത്യയില്‍ നിലനിന്നിരുന്ന വംശങ്ങളാണ്. ഈജിപ്തിലെ ഫറോവ രാജവംശം അവരുടെ മേല്‍ക്കോയ്മയും അധികാരവും നിലനിര്‍ത്തുന്നതിനായി അവകാശപ്പെട്ടിരുന്നത് സൂര്യദേവനായ 'റേ' (ഞമ്യ)യുടെ മനുഷ്യാവതാരങ്ങളാണെന്നാണ്. ഇറാനിലെ കിസ്രാ രാജവംശം അവകാശപ്പെട്ടിരുന്നത് തങ്ങളുടെ സിരകളില്‍ ഒഴുകുന്നത് ദിവ്യരക്തമാണ് എന്നായിരുന്നു. ജനങ്ങള്‍ അവരെ വീക്ഷിച്ചിരുന്നത് അതീവ ആദരവോടെയും ദിവ്യത്വ ബഹുമാനത്തോടെയുമായിരുന്നു. മനുഷ്യരിലെ ഇത്തരം ദൈവങ്ങള്‍ മരിച്ചാലും മരിക്കാത്ത അനശ്വരരാണെന്നും സൂര്യന്‍ ഉദിക്കുമ്പോള്‍ ഉദിക്കുന്നവരും അസ്തമിക്കുമ്പോള്‍ അസ്മതിക്കുന്നവരാണെന്നും വിശ്വസിക്കപ്പെട്ടിരുന്നു. സീസര്‍മാരും ഇതുപോലെ ദിവ്യത്വം അവകാശപ്പെട്ടുകൊണ്ടായിരുന്നു അധികാരം നിലനിര്‍ത്തിയിരുന്നത്. അവരുടെ സ്ഥാനപ്പേര് അഗസ്റ്റസ് എന്നായിരുന്നു. ഇതിനര്‍ഥം ഭീതിയും മഹത്വവും ഉളവാക്കുന്നവന്‍ എന്നാണ്. ചൈനക്കാര്‍ അവരുടെ ഭരണാധികാരിയെ 'ആകാശപുത്ര'നായി ഗണിച്ചിരുന്നു! അറബികള്‍ അവരല്ലാത്തവരെയെല്ലാം സംബോധന ചെയ്തിരുന്നത് 'അജം' എന്നായിരുന്നു. ഭാഷയറിയാത്തവന്‍ എന്നും സംസാരം വ്യക്തമാകാത്തവന്‍ എന്നും ഇതിനര്‍ഥം. ഖുറയ്ശ് എന്നത് മക്കയിലെ അഭിജാത വംശമായിരുന്നു. ഇതര വിഭാഗങ്ങളുമായി കൂടിക്കലരുകയോ അവരുമായി ആരാധനാ കര്‍മങ്ങള്‍ പങ്കിടുകയോ ചെയ്യാതെ 'ഉന്നത' ന്മാരായി അവര്‍ നിലകൊണ്ടു. കഅ്ബാലയത്തിന്റെ പരിപാലകരെന്ന നിലയ്ക്ക് ഈ ആഢ്യത്വം അവര്‍ നിലനിര്‍ത്തി. ഹജ്ജ് വേളയില്‍ മറ്റുള്ളവരെപ്പോലെ അറഫയില്‍ പങ്കെടുക്കാതെ ഹറമിലോ മുസ്ദലിഫയിലോ തങ്ങി തങ്ങള്‍ വലിയ മതാഭിമാനികളും മതാവേശമുള്ളവരുമാണെന്ന് ദുരഭിമാനം പറയുകയും പൂര്‍വപിതാക്കളുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുകയുമായിരുന്നു അവര്‍ ചെയ്തിരുന്നത്.

ഇന്ത്യാരാജ്യത്ത് നിലനിന്നിരുന്ന വര്‍ണാശ്രമ വ്യവസ്ഥയില്‍ മനുഷ്യന്റെ സൃഷ്ടിപ്പ് തന്നെ ഈ തരത്തിലുള്ള വിഭാഗീയതയിലാണ് നിലനിന്നിരുന്നതെന്ന വിശ്വാസമാണുണ്ടായിരുന്നത്. ഉയര്‍ന്ന ജാതിക്കാരനായ ബ്രാഹ്മണന്‍ ബ്രഹ്മാവിന്റെ മുഖത്തു നിന്നും ക്ഷത്രിയന്‍ കൈകളില്‍ നിന്നും വൈശ്യന്‍ തുടകളില്‍ നിന്നും ശൂദ്രന്‍ പാദങ്ങളില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു എന്ന് സങ്കല്പിച്ചു. അഞ്ചാം വര്‍ണക്കാരനായ ചണ്ഡാളനും നാലാം വര്‍ണക്കാരനായ ശൂദ്രനും ബ്രാഹ്മണ ക്ഷത്രിയ വൈശ്യാദികള്‍ക്ക് അടിമപ്പണിയെടുക്കേണ്ടവരാണെന്ന് വിശ്വസിക്കപ്പെട്ടു. ഉയര്‍ന്ന ജാതിക്കാര്‍ സാമാന്യമായ നീതി-നിയമ വ്യവസ്ഥകള്‍ക്ക് അതീതരായിരുന്നു!

ഇസ്‌ലാം മനുഷ്യലോകത്തിന് സമര്‍പ്പിച്ച സംഭാവനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യരെ ഒന്നായി കാണാനുള്ള കാഴ്ചപ്പാട് വളര്‍ത്തിയെന്നത്. സകല ഉച്ചനീചത്വങ്ങളും ഇല്ലാതാക്കുകയും മനുഷ്യരെല്ലാം ഒന്നാണെന്ന ബോധം വളര്‍ത്തുകയും ചെയ്തു. അടിമ-ഉടമ വ്യവസ്ഥകളും മേലാള-കീഴാള സങ്കല്പങ്ങളും നിര്‍മാര്‍ജനം ചെയ്തു. ഇതിനായി ഇസ്‌ലാം സ്വീകരിച്ച ആദര്‍ശ ബോധം അടിസ്ഥാനപരമായി രണ്ടു കാര്യങ്ങളാണ്. ഒന്ന്: ഇസ്‌ലാമിലെ ഏകദൈവ സിദ്ധാന്തം. മറ്റൊന്ന് മാനവകുലത്തിന്റെ ഏകതയെക്കുറിച്ച കാഴ്ചപ്പാട്.

ഏകദൈവ സിദ്ധാന്തത്തിന്റെ മൗലികാടിത്തറ പ്രപഞ്ച സ്രഷ്ടാവിനെ മാത്രം വണങ്ങുക, അവനെ മാത്രം ആരാധിക്കുക എന്നതാണ്. അഥവാ സൃഷ്ടികളില്‍ ആരും തന്നെ ആരാധ്യരായി ഇല്ല തന്നെ. സൃഷ്ടികളെല്ലാം സ്രഷ്ടാവിനെ വണങ്ങുകയെന്നതല്ലാതെ പരസ്പരം ആരാധ്യരായി കണ്ടുകൊണ്ട് സമീപിച്ചുകൂടാ എന്നതാണ് ഇതിന്റെ അടിത്തറ. പ്രകൃതിയും പ്രപഞ്ചവുമെല്ലാം മനുഷ്യനു സേവനം ചെയ്യാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. അവയെ മനുഷ്യന് വിധേയമാക്കിത്തന്നതു തന്നെയും ഇത്തരമൊരു ലക്ഷ്യത്തിലാണ്. വി.ഖുര്‍ആനിലൂടെ അല്ലാഹു അക്കാര്യം അറിയിക്കുന്നു: ''അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്.''(2:29)

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വ്യക്തികളിലാരിലും ഒരിക്കലും ദിവ്യത്വം ആരോപിച്ചുകൂടാത്തതാണ്. മനുഷ്യകുലം മനുഷ്യനെത്തന്നെ ദൈവമായി സ്വീകരിക്കുന്ന അവസ്ഥ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ദൈവത്തിനു പുത്രന്മാരായി മനുഷ്യരിലെ ചിലരെ സങ്കല്പിച്ചിരുന്ന വിശ്വാസത്തിന്റെ കടയ്ക്ക്  തന്നെ ഇസ്‌ലാം കത്തിവെക്കുന്നു. യേശുവിനെ ദൈവപുത്രനായി വിശ്വസിച്ച ക്രിസ്തീയ വിഭാഗത്തെ വിമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വിഷയത്തിന്റെ ഗൗരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്: ''അവരുടെ വായില്‍ നിന്ന് പുറത്തുവരുന്ന വാക്ക് ഗുരുതരവും കള്ളവുമാണ്''(18:5). ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും ഭൂമി വിണ്ടുകീറുകയും പര്‍വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറ് ഗുരുതരമായ ആരോപണമാണതെന്ന് പറയുന്നു'' (19:89,90)

പ്രപഞ്ച സ്രഷ്ടാവായ ദൈവം പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ അംശങ്ങളിലോ ലയിച്ചു ചേരുകയോ അവന്റെ സൃഷ്ടികളായ മനുഷ്യരില്‍ അവതരിക്കുകയോ, മനുഷ്യന്‍ ദൈവത്തിന്റെ പ്രാതിനിധ്യം അര്‍ഹിക്കുകയോ ചെയ്യുന്നില്ല. ദൈവത്തിന്റെ പ്രാതിനിധ്യം അവകാശപ്പെട്ടുകൊണ്ടാണ് മുമ്പു കാലങ്ങളില്‍ പലരും നാടു ഭരിച്ചിരുന്നത്. ഇത്തരം സവര്‍ണ ദൈവങ്ങളെ ഇസ്‌ലാം നിഷ്‌കാസകനം ചെയ്തു. ഏകദൈവ വിശ്വാസവും ഏകദൈവാരാധനയും മനുഷ്യമനസ്സുകളില്‍ സ്വാധീനം നേടുന്നതോടെ മനസ്സുകളില്‍ കുടിയിരുത്തപ്പെട്ടിരുന്ന മനുഷ്യദൈവങ്ങളെല്ലാം ഇറങ്ങിപ്പോവുകയും അവരൊക്കെ തങ്ങളെപ്പോലെ കേവലം മനുഷ്യര്‍ തന്നെയാണെന്ന വിശ്വാസം ദൃഢമാവുകയും ചെയ്യുന്നു. ഇത് മനുഷ്യസമത്വത്തിന് വലിയ സംഭാവനയാണ് ചെയ്തത്. ആള്‍ദൈവങ്ങളായി അവരോധിതരായ എല്ലാവരും സാധാരണ മനുഷ്യരുടെ നിലവാരത്തിലേക്ക് ഇറങ്ങിവരുന്നു.

റുബ്ഇയ്യുബിന്‍ ആമിര്‍ സ്വഹാബി എന്ന റുസ്തമിന്റെ കൊട്ടാരത്തിലേക്ക് ഉപചാരങ്ങളൊന്നുമില്ലാതെ കടന്നു ചെന്നപ്പോള്‍ ആഗമനോദ്ദേശ്യം ആരാഞ്ഞതി ന് അദ്ദേഹം നല്കിയ മറുപടി ഇസ്‌ലാമിന്റെ സങ്കല്പം എത്രമാത്രം മനുഷ്യ സമത്വവും ദൈവികതയുമുള്‍ ക്കൊള്ളുന്നുവെന്ന് മനസ്സിലാക്കിത്തരുന്നതാണ്: ''അല്ലാഹു ഞങ്ങളെ നിയോഗിച്ചിട്ടുള്ളത്, മനുഷ്യര്‍ തങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് ഇബാദത്ത് ചെയ്യുന്നതില്‍ നിന്ന് മോചിപ്പിച്ച് അവരുടെ രക്ഷിതാവായ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിലേക്ക് കൊണ്ടുപോകാനും, ഐഹിക ജീവിതത്തിന്റെ പരിമിതികളില്‍നിന്ന് പാരത്രിക ജീവിതത്തിന്റെ വിശാലതയിലേ ക്കും മതങ്ങളുടെ അതിക്രമങ്ങളില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും ആനയിക്കുവാനുമാണ്. പ്രവാചക ശിഷ്യന്മാര്‍ക്ക് ഈ സമത്വബോധം നല്കിയത് ഇസ്‌ലാമിന്റെ ഏകദൈവ വിശ്വാസവും മനുഷ്യനെ സംബന്ധിച്ച കാഴ്ചപ്പാടുമാണ്.

രണ്ടാമത്തെ കാര്യം, മാനവ കുലം ഒരൊറ്റ സമുദായമാണ് എന്ന ഇസ്‌ലാമിക കാഴ്ചപ്പാട് മനുഷ്യര്‍ക്കിടയില്‍ നിന്ന് എല്ലാവിധ ഉച്ചനീചത്വങ്ങളും വിപാടനം ചെയ്യുന്നു എന്നതാണ്. ഇസ്‌ലാമിന് ലോകത്ത് പ്രചാരം സിദ്ധിക്കുവാന്‍ അതിന്റെ ഈ കാഴ്ചപ്പാട് ഏറെ സഹായകമായിട്ടുണ്ടെന്ന് ഒട്ടനവധി ചരിത്രകാരന്‍മാരും സാമൂഹിക ശാസ്ത്രജ്ഞന്മാരും വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഇത് വന്‍ വിപ്ലവം സൃഷ്ടിച്ചുവെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ രേഖപ്പെടുത്തുകയുണ്ടായി (ഡിസ്‌കവറി ഓഫ് ഇന്ത്യ): എന്താണ് ഈ കാഴ്ചപ്പാടിന്റെ മൗലികത മുഹമ്മദ് നബി(സ)യുടെ പ്രഖ്യാപനത്തില്‍ ഇത് തെളിഞ്ഞു കാണാം. അവിടുന്ന് ലോകത്തോട് പ്രഖ്യാപിച്ചു: മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവ് ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്, നിങ്ങളെല്ലാവരും ആദമില്‍ നിന്ന്. ആദമാകട്ടെ മണ്ണില്‍ നിന്നും.  അല്ലാഹുവിങ്കല്‍ നിങ്ങളില്‍ ആദരണീയന്‍ ഏറ്റവുമധി കം ധര്‍മനിഷ്ഠ പാലിക്കുന്നവനാണ്.  അറബ് വംശജന് അനറബിയേക്കാള്‍ ഒരു മഹത്വവുമില്ല. വെളുത്തവന് കറുത്തവനേക്കാള്‍ ഒരു മഹത്വവുമില്ല; ധര്‍മനിഷ്ഠയുടെ അടിസ്ഥാനത്തിലല്ലാതെ. ചരിത്രത്തിലെ തുല്യതയില്ലാത്ത വിപ്ലവ പ്രസ്താവമാണിത്. ഇന്ന് ലോകമെമ്പാടും സമത്വത്തിന് വേണ്ടി വാദിക്കുകയും ശബ്ദിക്കുകയും ചെയ്യുമ്പോഴും അസമത്വങ്ങളുടെ രംഗങ്ങള്‍ നിത്യേനയെന്നോണം നാം കണ്ടുകൊണ്ടിരിക്കുന്നു. ഉന്നത കലാലയങ്ങളില്‍ പോലും ഇത്തരം വിവേചനങ്ങള്‍ നടമാടുകയും അതിനെ ന്യായീകരിക്കുകയും അത് ദേശസ്‌നേഹമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ വിദ്യാഭ്യാസം എന്നതിന്റെ താല്പര്യമെന്താണെന്ന് സംശയിച്ചുപോ വുകയാണ്. ഉച്ചനീചത്വങ്ങള്‍ നിലനിര്‍ത്താനാണോ മനുഷ്യന്‍ വിദ്യ അഭ്യസിക്കുന്നത് അതോ ഇതെല്ലാം നിഷ്‌കാസനം  ചെയ്യാനോ?

മനുഷ്യമഹത്വവും സമത്വവും ഊന്നിക്കൊണ്ടുള്ള തിരുനബിയുടെ പ്രസ്താവന അതുല്യമാണ്. അറബ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗോത്രക്കാരനും കഅ്ബ പരിപാലിക്കുന്ന കുടുംബത്തിലെ അംഗവും അഭിജാതനുമായ ഉന്നതനായ വ്യക്തിയാണ്, തന്നെപ്പോലെ തുല്യാവകാശമുള്ളവരാണ് അവിടെയുള്ള എല്ലാ ആളുകളുമെന്ന് പ്രഖ്യാപിക്കുന്നത്! തനിക്കും തന്റെ ഗോത്രത്തിനും ലഭിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ബഹുമാനാദരവുകളുടെയും കടയ്ക്കാണ് അദ്ദേഹം കത്തി വെച്ചത്. ബിലാലിനെപ്പോലെ അസവര്‍ണരും അടിമകളും വിദേശികളുമായ കീഴാളന്മാരുടെ ജീവനും രക്തവും അഭിമാനവും തന്റേതു പോലെത ന്നെ വിശുദ്ധവും ആദരണീയവുമാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രകമ്പനങ്ങള്‍ ചെറുതല്ല. മനുഷ്യത്വത്തിന്റെ മാനദണ്ഡം ജന്മമോ ഭാഷയോ വര്‍ണമോ ദേശമോ അല്ലെന്നും അത് ധര്‍മനിഷ്ഠമായ ജീവിതം മാത്രമാണെന്നും പറയുന്നതോടെ ഏതെ ല്ലാം മേഖലകളിലേക്കാണ് അതിന്റെ അലയൊ ലികള്‍ അടിച്ചുയരുന്നത്? ആരുടെയൊക്കെ സ്വപ്നങ്ങളുടെയും ആഢ്യത്വത്തിന്റെയും ചീട്ടുകൊട്ടാരങ്ങളെയാണ് അത് തകര്‍ത്തെറിയുന്നത്?

ലോകമിന്നും സമത്വം ഉദ്‌ഘോഷിക്കുകയും അതാവശ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ, ഇതെല്ലാം കീഴാളന്മാരുടെ ഭാഗത്ത് നിന്നാണ് നടക്കുന്നത്. അഭിജാതരും സവര്‍ണരുമായ ആളുകളും നേതാക്കളും പ്രഖ്യാപിക്കട്ടെ, എന്റെയും കീഴാളന്മാരുടെയും അഭിമാനവും രക്തവും ജീവനും തുല്യമാണെന്ന്. അവിടെയാണ് പ്രവാചക തിരുമേനി വിജയിച്ചത്. മുകളില്‍ നിന്ന് താഴോട്ടായിരുന്നു സമത്വത്തിന്റെ ആഹ്വാനം. താഴെ നിന്ന് മേലോട്ടായിരുന്നില്ല.

പ്രവാചക തിരുമേനി വളര്‍ത്തിയെടുത്ത സദസ്സും സമൂഹവും ഇതുപോലെത്തന്നെയായിരുന്നു. അവിടെ ഖുറയ്ശ് വംശജനായ അബൂബക്കറും എത്യോപ്യക്കാരനായ കറുത്തവര്‍ഗക്കാരന്‍ ബിലാലും പേര്‍ഷ്യക്കാരനായ സല്‍മാനും റോമക്കാരന്‍ വെളുത്തതൊലിയു ള്ള സുഹയ്ബും ഒരുപോലെ തുല്യബോധത്തോടെ കഴിയുമ്പോള്‍ അവിടെ ഇസ്‌ലാം വിഭാവനം ചെയ്യുന്ന മനഷ്യസമത്വം അതിന്റെ മൂര്‍ത്ത രൂപം സ്വീകരിക്കുകയാണ്.

ഇസ്‌ലാമിന്റെ ഈ കാഴ്ചപ്പാട് പ്രവാചകശിഷ്യന്മാരുടെയിടയില്‍ പ്രതിഫലിച്ചു കാണുകയുണ്ടായി. പ്രവാചകന്‍ അനുയായികളൊന്നിച്ച് കഴിയുമ്പോള്‍ പുറത്തുനിന്ന് വരുന്നവര്‍ക്ക് ആരാണ് ഇതില്‍ ദൈവ ദൂതരെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം അവര്‍ ഒരേ ഭാവത്തിലും രീതിയിലും ജീവിച്ചു. യജമാനനും അടിമയും ഒരേപോലെ വസ്ത്രം ധരിച്ചും ഭക്ഷണം കഴി ച്ചും ഒന്നിച്ചു ചുമല്‍ചേര്‍ന്നുനിന്ന് ഒരേ നാഥനു മുമ്പി ല്‍ നമസ്‌കരിച്ചു. ലോകമൊന്നാകെ ഇതിന്റെ അലയൊലികള്‍ പ്രകടമായി. സമത്വത്തിന്റെ സന്ദേശം ഹൃ ദയങ്ങളെ കുളിരണിയിച്ചുകൊണ്ട് കടന്നുപോയിക്കൊണ്ടിരുന്നു. പില്‍ക്കാലത്ത്, ഇന്ത്യയില്‍ അടിമരാജവം ശം എന്ന പേരില്‍ അറിയപ്പെടുന്ന അടിമകളുടെ രാജവംശംതന്നെ രൂപപ്പെടുവോളം ഇതെത്തിച്ചേര്‍ന്നു.

© സി മുഹമ്മദ് സലീം സുല്ലമി
അത്തൗഹീദ് ദ്വൈമാസിക
2016 ജനുവരി - ഫെബ്രുവരി

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ