Wednesday, March 23, 2016

പ്രവാചകനും അടിമകളും | സുഫ്‌യാന്‍ അബ്ദുസ്സത്താര്‍



അടിമത്തം ഒരു വ്യവസ്ഥിതിയായി നിലവിലുണ്ടായിരുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. മനുഷ്യനെ ഒരു വില്പനച്ചരക്ക് മാത്രമായി കാണുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ് അടിമത്തത്തെ നിലനിര്‍ത്തിയിരുന്നത്.  അടിമയ്ക്ക് സ്വയം വിമോചിതനാകാനോ സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനോ സാധ്യമായിരുന്നില്ല. കൃഷി മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്. അലഞ്ഞുതിരിഞ്ഞ് നാടോടിയായി ജീവിച്ചിരുന്ന മനുഷ്യനെ സ്ഥിരതാമസക്കാരനും നാട്ടുകാരനുമാക്കിയത് കൃഷിയാണ്. അതേ കൃഷിയുടെ വ്യാപനം തന്നെയാണ് അടിമ സമ്പ്രദായത്തിന് തുടക്കമിട്ടതെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു.  യുദ്ധങ്ങളാണ് ഈ വ്യവസ്ഥിതിക്ക് തുടര്‍ച്ചയുണ്ടാക്കിയത്. പൗരാണികമായ പല സംസ്‌കാരങ്ങളും അത് പരിപോഷിപ്പിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചു. ഇന്ത്യയില്‍ ആധുനിക കാലം വരെയും വിവിധ രൂപത്തില്‍ അടിമത്തം നിലനിന്നിരുന്നു. മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയുള്ള ജാതിവ്യവസ്ഥ അതിന്റെ ഒരു ഉദാഹരണമാണ്.   ദാസ്യവേലക്ക് വേണ്ടി പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടവരാണ് ശുദ്രരെന്നായിരുന്നു വിശ്വാസം.  അടിമകളായി ജനിക്കാന്‍ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ മൃഗതുല്യരായാണ് പരിഗണിച്ചിരുന്നത്, അവരോടുള്ള പെരുമാറ്റം ക്രൂരവും മൃഗീയവുമായിരുന്നു.

പൗരാണിക ഈജിപ്തുകാര്‍ക്കിടയില്‍ അടിമ എന്നത് സമൂഹത്തിന്റെ നിലനില്‍പിന്റെ ഭാഗമായിരുന്നു. അലങ്കാരത്തിനും സേവനത്തിനും വേണ്ടി അടിമകളെ കൊട്ടാരത്തിലേക്ക് വാങ്ങാറുണ്ടായിരുന്നു. അടിമകളോട് നല്ല രൂപത്തിലും മോശം രൂപത്തിലും വര്‍ത്തിക്കുന്ന സ്വഭാവവും പൗരാണിക ഈജിപ്തുകാര്‍ക്കിടയിലുണ്ട്. യൂസുഫ് നബിയുടെ ബാല്യകാലത്ത് അദ്ദേഹത്തെ കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ രാജാവ് ഭാര്യക്ക് നല്‍കുന്ന നിര്‍ദ്ദേശം, പ്രസ്തുത അടിമയോട് മാന്യമായി വര്‍ത്തിക്കാനാണ്.  പൗരാണിക കാലത്ത് ജൂതന്മാര്‍ക്കിടയില്‍ അടിമത്ത സമ്പ്രദായമുണ്ടായിരുന്നു. തൗറാത്തില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. രണ്ട് രൂപത്തിലാണ് അടിമകളെ ഉണ്ടാക്കിയെടുത്തിരുന്നത്. വലിയ പാതകങ്ങള്‍ ചെയ്തവരെ അടിമകളാക്കി മാറ്റുന്നത് പോലെ യുദ്ധത്തില്‍ പിടിക്കപ്പെടുന്ന ജൂതന്മാരല്ലാത്തവരെ മുഴുവന്‍ അടിമകളാക്കി മാറ്റുമായിരുന്നു. ഈ രണ്ട് മാര്‍ഗങ്ങളിലൂടെയാണ് അന്ന് അടിമകള്‍ ഉണ്ടായി വന്നത്. 

ജാഹിലിയ്യ കാലത്തെ അടിമ സമ്പ്രദായം

അടിമ സമ്പ്രദായം തുടങ്ങുന്നതിനേയോ പ്രോത്സാഹിപ്പിക്കുന്നതിലോ ഇസ്‌ലാം മതത്തിന് യാതൊരു പങ്കുമില്ല. മറിച്ച്, ഏകനായ ദൈവത്തിന്റെ അടിമകളാണ് മനുഷ്യരെന്നും അവര്‍ പരസ്പരം ഏകോദര സഹോദരന്മാരാണെന്നും അവര്‍ തമ്മില്‍ അടിമ  ഉടമ ബന്ധമില്ല എന്നുമാണ് ഇസ്‌ലാമിന്റെ ആന്തരിക സത്ത. എന്നാല്‍ അറേബ്യന്‍ ഉപദ്വീപിലേക്ക് ഇസ്‌ലാം മതം കടന്നുവരുന്ന സന്ദര്‍ഭത്തില്‍ അടിമ സമ്പ്രദായം വ്യാപകവും സാര്‍വത്രികവുമായിരുന്നു. പ്രത്യുത അടിമത്ത സമ്പ്രദായത്തെ ക്രിയാത്മകമായി അഭിമൂഖീകരിക്കുന്നതില്‍ ഇസ്‌ലാം മതം കാഴ്ച വെച്ചത് അനുകരണീയമായ ഒരു മാതൃകയാണ്. ജാഹിലിയ്യ കാലത്തെ അടിമ സമ്പ്രദായത്തെ മനസ്സിലാക്കുന്നതിലൂടെ ഇസ്‌ലാമിക അധ്യാപനങ്ങളുടെ പ്രസക്തി മനസ്സിലാകും. അബ്ദുള്ളാഹിബ്‌നു ജദ്ആനെ പോലുള്ളവര്‍ അക്കാലത്തെ അടിമ വ്യാപാരികളായിരുന്നു. സൈദു ബ്‌നു ഹാരിസ്, ബിലാല്‍ ബ്‌നു റബാഹ് തുടങ്ങിയ പ്രമുഖരായ പല സ്വഹാബികളും അടിമകളായിരുന്നു. ഉക്കാദ ചന്തയാണ് അടിമ വ്യാപാരത്തിന്റെ കേന്ദ്രം. മനുഷ്യനെന്ന പരിഗണന പോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. വികാരങ്ങളോ സ്വതന്ത്ര ചിന്തകളോ ഇല്ലാത്ത കേവലം ഉരുപ്പടികള്‍ എന്ന നിലയിലായിരുന്ന അടിമകളെ സമീപിച്ചിരുന്നത്. സഹസ്രാബ്ദങ്ങളുടെ അടിമ പാരമ്പര്യം പേറുന്ന കുടുംബങ്ങളില്‍ ജനിക്കുന്ന പരമ്പരാഗത അടിമകള്‍, സ്വന്തത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. സ്വന്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തി പോലും ഈ വ്യവസ്ഥിതി അവരില്‍ നിന്ന് പറിച്ച് കളഞ്ഞിരുന്നു.

എത്യോപ്യക്കാരനായ ബിലാല്‍
ഇസ്‌ലാമിലെ അടിമ വിമോചനത്തെക്കുറിച്ച് പറയുമ്പോള്‍ അനിവാര്യമായും സ്പര്‍ശിക്കേണ്ട ഒരു അധ്യായമാണ് ബിലാല്‍ (റ)വിന്റേത്. മാതാപിതാക്കള്‍ അടിമകളായത് കൊണ്ട് അടിമയായി ജനിച്ച വ്യക്തിയാണ് ബിലാല്‍. അനേകം വര്‍ഷങ്ങള്‍ക്കപ്പുറം അറേബ്യയിലെ അടിമ കമ്പോളത്തില്‍ ആടുമാടുകളെപ്പോലെ വില്‍ക്കപ്പെട്ടവരാണ് ബിലാലിന്റെ മാതാപിതാക്കള്‍. അദ്ദേഹമാവട്ടെ, മക്കയിലെ ഉമയ്യത്തിന്റെ അടിമയായിരുന്നു. വര്‍ണവിവേചനത്തിന് പേര് കേട്ട ആഫ്രിക്കയിലെ എത്യോപ്യയിലാണ് അദ്ദേഹത്തിന്റെ ജനനം. ക്രിസ്തുമതത്തിനായിരുന്നു അന്ന് അവിടെ പ്രാമുഖ്യമുണ്ടായിരുന്നത്. ചുട്ടുപഴുത്ത ഇരുമ്പു കമ്പികള്‍ കൊണ്ട് ശരീരത്തില്‍ അടയാളം വെക്കപ്പെട്ട ശേഷമാണ് അടിമച്ചന്തയിലേക്ക് അദ്ദേഹം ആനയിക്കപ്പെട്ടിരുന്നത്. ആദ്യം വീട്ടുജോലികള്‍ക്കും പിന്നീട് ഒട്ടകത്തെ മേക്കാനുമാണ് നിയോഗിക്കപ്പെട്ടത്. ചുട്ടുപൊള്ളുന്ന മണലിലൂടെ ഒട്ടകങ്ങളുടെ പിറകില്‍ നടക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. എന്നാല്‍, മധുരമായ ശബ്ദസൗകുമാര്യം ഉള്ളത് കൊണ്ട് യാത്രാ സംഘങ്ങളിലേക്കും കച്ചവട യാത്രകളിലേക്കും അദ്ദേഹത്തെ കൂടെക്കൂട്ടി.

യാത്രാസംഘത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അടിമകളെ കൂടെ കൊണ്ടുപോവുക പതിവായിരുന്നു. അത്തരത്തിലുള്ള ഒരു സിറിയന്‍ യാത്രയിലാണ്, പിന്നീട് അദ്ദേഹത്തെ മോചിപ്പിച്ച അബൂബക്കര്‍ (റ) വിനെ കൂട്ടുകാരനായി ലഭിക്കുന്നത്. അന്നേ വരെ ആരും കാണിക്കാത്ത സ്‌നേഹവും പരിഗണനയുമാണ് അബൂബക്കര്‍ എന്ന പ്രമാണി ബിലാല്‍ എന്ന കാപ്പിരിയായ അടിമയോട് കാണിച്ചത്. സിറിയയില്‍ വെച്ച്, അറബികള്‍ക്കിടയില്‍ ഒരു പ്രവാചകന്‍ വരുമെന്ന ഒരു പുരോഹിതന്റെ പ്രവചനം അവര്‍ ഒരുമിച്ചാണ് ശ്രവിച്ചത്. അതുകൊണ്ട് തന്നെ, അബൂബക്കര്‍ ഇസ്‌ലാം മതത്തിലേക്ക് ആദ്യമായി പ്രവേശിച്ച ഉടനെ തന്നെ അടിമയായി ക്കൊണ്ട് മുസ്‌ലിമാകുവാന്‍ ബിലാലിനും സാധിച്ചു. എല്ലാതരം പീഡനങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നുമുള്ള മോചനമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നതും കുടുംബ മഹിമയോ ആഭിജാത്യമോ വര്‍ണവ്യത്യാസമോ പരിഗണിക്കാത്ത ഒരു ദൈവിക സന്ദേശമാണ് മുഹമ്മദ് നബി കൊണ്ടുവന്നിരിക്കുന്നതെന്നതും അറേബ്യയിലെ അടിമകള്‍ക്കിടയില്‍ വേഗത്തില്‍ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിക്കുവാന്‍ കാരണമായി. അതുകൊണ്ട് തന്നെ, യജമാനന്മാരുടെ ഭാഗത്ത് നിന്ന് കടുത്ത പീഡനവും മര്‍ദ്ദനവും അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നു. അടിമകളെയും യജമാന്മാരെയും ഒരേ സദസ്സില്‍ ഒരുമിച്ചിരുത്തുന്നതും ഒരേ പോലെ പരിഗണിക്കുന്നതും അറബികളെ സംബന്ധിച്ചേടത്തോളം അസഹനീയമായിരുന്നു.

അറബികള്‍ക്കിടയിലെ ഗോത്രപ്രമാണിമാരായിരുന്ന ചിലര്‍ പ്രവാചകന്റെ സദസ്സില്‍ വരാന്‍ മടികാണിച്ചു. പ്രവാചകന്റെ ഇടത്തും വലത്തുമുണ്ടായിരുന്നത് അടിമകളായ ബിലാല്‍, അമ്മാര്‍, ഖബ്ബാബ് തുടങ്ങിയവരായിരുന്നു. അവരെ സദസ്സില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പ്രമാണിമാര്‍ ആഗ്രഹമറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രവാചകന്‍ അതിന് തയ്യാറായെങ്കിലും ഉടന്‍ തന്നെ അല്ലാഹുവിന്റെ സന്ദേശം വെളിപാടായി അവതരിച്ചു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ആരാധിച്ചുകൊണ്ടിരിക്കുന്നവരെ ആട്ടിയകറ്റരുതെന്നായിരുന്നു ദൈവിക കല്‍പന. അടിമകളായ അവരെ മാറ്റിനിര്‍ത്തിയാല്‍ തങ്ങള്‍ ഒപ്പം വരാമെന്ന വരേണ്യവിഭാഗത്തിന്റെ പ്രലോഭനത്തെ തള്ളിക്കളയാനാണ് അല്ലാഹു ഖുര്‍ആനിലൂടെ ആവശ്യപ്പെടുന്നത്.  അധസ്ഥിത, പിന്നാക്ക വിഭാഗത്തോടുള്ള ഇസ്‌ലാമിന്റെ എക്കാലത്തേക്കുമുള്ള സമീപനമാണ് ഈ വചനങ്ങളിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. ദൈവിക ഭക്തികൊണ്ടല്ലാതെ മറ്റു സ്ഥാനമാനങ്ങള്‍ക്കോ പദവികള്‍ക്കോ അല്ലാഹുവിന്റെ മുന്നില്‍ യാതൊരു സ്ഥാനവുമില്ല എന്നത് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിച്ചതാണ്. (വി ഖു 49:13)

ഇസ്‌ലാം അടിമത്തം ഇല്ലാതാക്കിയതെങ്ങനെ?
ഒരു വ്യവസ്ഥിതി ഇല്ലാതാക്കുവാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഇസ്‌ലാം ഉപയോഗിച്ചിട്ടുണ്ട്. ഒറ്റയടിക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ബഹുദൈവാരാധനയെയും ഘട്ടം ഘട്ടമായി നിരോധിച്ചുകൊണ്ട് മദ്യത്തെയും വിശ്വാസികളില്‍ നിന്ന് ഇസ്‌ലാം ഇല്ലാതാക്കി. എന്നാല്‍ അടിമത്തം നിര്‍മാര്‍ജനം ചെയ്തത് നിരോധനം കൊണ്ടല്ല, അതിന് മറ്റുമാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ചെയ്തത്. ഇസ്‌ലാം ലക്ഷ്യമാക്കുന്നത് കേവലം നിരോധനങ്ങളല്ല, ശാശ്വതമായ മാറ്റവും സാമൂഹികമായ പരിവര്‍ത്തനവുമാണ്. അതിന് ഉതകുന്ന വിധത്തില്‍ അടിമത്ത വ്യവസ്ഥയെയും അഭിമൂഖീകരിച്ചു. ഇന്ന് മുസ്‌ലിം ലോകത്തോ മറ്റെവിടെയെങ്കിലുമോ വ്യവസ്ഥാപിത അടിമത്തം നിലനില്‍ക്കുന്നില്ല എന്നത് തന്നെ, ഇസ്‌ലാം പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച പ്രയോഗിക സമീപനം ഏറെ ഫലപ്രദമായിരുന്നുവെന്നതിന്റെ തെളിവാണ്.

നിരന്തരമായ അടിമത്ത ജീവിതം അടിമയുടെ മനോനിലയെ അധമബോധത്തിലേക്ക് നയിക്കുകയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സജ്ജമല്ലാത്ത, പ്രാപ്തമല്ലാത്ത ഒരു മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് നിരുപാധികം അടിമമോചനം സാധ്യമാക്കുന്നത് കൊണ്ട് യഥാര്‍ഥത്തില്‍ അത് സംഭവിക്കുന്നില്ല. കല്‍പനകള്‍ അനുസരിക്കാന്‍ മാത്രം സാധ്യമാകുന്ന രൂപത്തില്‍ പരുവപ്പെട്ട മാനസിക, ബൗദ്ധിക നിലവാരത്തിലുള്ളവരെ ഒരു സുപ്രഭാതത്തില്‍ മോചിപ്പിക്കുന്നത് ശാസ്ത്രീയവും പ്രയോഗികവുമല്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ, ഇസ്‌ലാം അഞ്ച് മാര്‍ഗങ്ങളിലൂടെയാണ് അടിമ മോചനം സാധ്യമാക്കിയത്. അവയിലൂടെ എന്നെന്നേക്കുമായി ആ വ്യവസ്ഥിതിയെ നിര്‍മാര്‍ജനം ചെയ്യുക കൂടിയായിരുന്നു ഇസ്‌ലാം ചെയ്തത്.

1. എല്ലാ മനുഷ്യരും ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും സഹോദരീ സഹോദരന്മാരുമാണെന്നുമുള്ള അത്യുന്നതമായ മാനവികബോധം വിശ്വാസികളില്‍ ഊട്ടിയുറപ്പിച്ചു. ജന്മം കൊണ്ട് ആരും പവിത്രരോ കളങ്കിതരോ ആകുന്നില്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ എല്ലാവരും സമന്മാരാണെന്നുള്ള ബോധമുണ്ടാക്കി. അറബിക്ക് അനബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ശ്രേഷ്ഠതയില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചു.

2. അടിമ കേവലം ഒരു ഉപഭോഗ വസ്തുവല്ലെന്നും ഉടമയെപ്പോലെ അടിമക്കും അവകാശങ്ങളുണ്ടെന്നും ഇസ്‌ലാം പഠിപ്പിച്ചു. ഉടമയുടെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി യത്‌നിക്കുക മാത്രമായിരുന്നു അക്കാലത്തെ അടിമയുടെ ബാധ്യത. അവകാശങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.  പ്രവാചകന്‍ കൃത്യമായി പഠിപ്പിച്ചു: 'നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവര്‍. തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്‍പിക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കണം' (ബുഖാരി, മുസ്‌ലിം). അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് ഖുര്‍ആനും പഠിപ്പിച്ചു. 'ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക' (വി ഖു 4:36). പ്രവാചകന്‍ വ്യക്തമായി പറഞ്ഞു: 'വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍ നാം അവനെയും ഷണ്ഡീകരിക്കും' (മുസ്‌ലിം, അബൂദാവൂദ്). യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന ചരക്ക് എന്ന അവസ്ഥയില്‍ നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമുള്ളവനായിത്തീരുകയായിരുന്നു. അടിമകളോടുള്ള ബന്ധത്തില്‍ ഇസ്‌ലാം മുന്നോട്ട് വെച്ച, ചരിത്രത്തില്‍ മാതൃകയില്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ചിലത് ഇവിടെ സൂചിപ്പിക്കുന്നു. ഒന്ന്, അടിമയുടെ അഭിമാനത്തിന് ക്ഷതം പറ്റുന്ന പരാമര്‍ശങ്ങള്‍ പോലും ഉടമയുടെ ഭാഗത്ത് നിന്നുണ്ടാവരുത്. രണ്ട്, അടിമക്ക് നേതാവാകാന്‍ അവകാശമുണ്ട്. അങ്ങനെ നിയോഗിക്കപ്പെട്ടാല്‍ അനുസരിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. മൂന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ബാധ്യത ഉടമയ്ക്കാണ്. അടിമയെ ഉപദ്രവിക്കാന്‍ പാടുള്ളതല്ല. ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ വഴി അടിമയും ഉടമയും തമ്മിലുള്ള മാനസിക അന്തരം കുറക്കാന്‍ സാധിച്ചു.

3. അവകാശങ്ങള്‍ ഉള്ള ഒരു വ്യക്തിയായി അടിമയെ അവതരിപ്പിക്കുക വഴി അടിമത്ത മനോഭാവത്തെ ഇല്ലാതാക്കാന്‍ ഇസ്‌ലാമിന് സാധിച്ചു. അടിമ മോചനം പുണ്യകര്‍മമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ തന്നെ അടിമ മോചനം കൊണ്ടുവരാന്‍ ഇസ്‌ലാമിന് സാധിച്ചു. അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകര്‍മമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. 'എന്നിട്ട് അവന്‍ ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താണെന്ന് നിനക്കറിയാമോ? അടിമമോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കുക' (90:1216) അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ (സ) തന്നെ ആദ്യമായി മാതൃക കാണിച്ചു. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തിന്റെ അനുചരന്മാര്‍ പ്രസ്തുത പാത പിന്തുടര്‍ന്നു. സഹാബികളില്‍ പ്രമുഖനായിരുന്ന അബൂബക്ര്‍ (റ) സത്യനിഷേധികളില്‍ നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കുന്നതിനായി അളവറ്റ സമ്പത്ത് ചെലവഴിച്ചിരുന്നതായി കാണാനാവും. ബിലാല്‍ (റ) വിനെ മോചിപ്പിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ യജമാനനായ ഉമയ്യത്തിന് മികച്ച വില നല്‍കിയാണ് അദ്ദേഹം ബിലാലിനെ മോചിപ്പിക്കുന്നത്. നിസാരമായ വില നല്‍കിയാലും ഞാന്‍ ബിലാലിനെ മോചിപ്പിക്കുമായിരുന്നുവെന്ന് ഉമയ്യത്ത് പ്രതികരിച്ചപ്പോള്‍, ബിലാലിന് വേണ്ടി എത്രയും ചെലവഴിക്കാന്‍ താന്‍ സന്നദ്ധനാണെന്നാണ് അബൂബക്ര്‍ (റ) പ്രതിവചിച്ചത്. അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: 'സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലും മോ ചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തില്‍ നിന്ന് മോചനം നല്‍കുന്നതാണ്. അഥവാ കൈയിന് കൈയും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ' (ബുഖാരി, മുസ്‌ലിം). ഒരിക്കല്‍ അബൂദര്‍റ് (റ) നബി(സ)യോട് ചോദിച്ചു: അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്ര തിവചിച്ചു: ഭയജമാനന് ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കല്‍. അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ തിരുമേനി (സ) പറഞ്ഞു: 'തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്' (ബുഖാരി, മുസ്‌ലിം). സകാത്ത് ചെലവഴിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരിനം അടിമ മോചനം കൂടിയായിരുന്നു. അത്രയധികം ഇസ്‌ലാം അതിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്.

4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു. മനഃപൂര്‍വമല്ലാത്ത കൊലപാതകം, ഭാര്യയെ സമീപിക്കുകയില്ലെന്ന ശപഥത്തിന്റെ ലംഘനം, വ്രതമനുഷ്ഠിച്ചുകൊണ്ടിരിക്കെയുള്ള ഭാര്യഭര്‍തൃ ബന്ധം  തുടങ്ങിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി നിശ്ചയിച്ചത് അടിമ മോചനത്തെയാണ്. പുണ്യകര്‍മമായി അടിമമോചനം ചെയ്യാത്തവര്‍ മുഖേനയും അടിമ മോചനം സാധ്യമാക്കാന്‍ പ്രായശ്ചിത്തം നിശ്ചയിക്കുക വഴി സാധിച്ചു. അടിമകള്‍ മോചിപ്പിക്കപ്പെടേണ്ടവരാണ് എന്ന പൊതുധാരണയും മാനസികാവസ്ഥയും സംജാതമാക്കുവാന്‍ ഇതു കാരണമാകുന്നുണ്ട്.

5. മുകാതബ:: അടിമ മോചനമെന്ന പുണ്യകര്‍മ്മത്തിലൂടെയോ പ്രായശ്ചിത്തത്തിലൂടെയോ മോചനം സാധ്യമാകാത്തവര്‍ക്ക് ഇസ്‌ലാം ഏര്‍പ്പെടുത്തിയ മാര്‍ഗമാണ് മുകാതബ. സ്വയം മോചനം ആഗ്രഹിക്കുന്ന അടിമകള്‍ക്ക് മോചനം നേടാനുള്ള മാര്‍ഗമാണത്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യം നിശ്ചയിക്കുക, അത് അടച്ച് തീര്‍ക്കാനുള്ള സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിന് വേണ്ടി അടിമക്ക് പുറത്ത് പോയി ജോലി ചെയ്യാവുന്നതാണ്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അടച്ച് തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊതു ഖജനാവിനെ സമീപിക്കാവുന്നതാണ്. സകാത്തിന്റെ അവകാശികളില്‍ പെട്ട ഒരു വിഭാഗമായത് കൊണ്ട് സകാത്തിന്റെ പണവും മുകാതബക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ്.

മുകളില്‍ പറഞ്ഞ വിവിധ മാര്‍ഗങ്ങളിലൂടെ അടിമ മോചനവും അടിമത്ത സംവിധാനത്തിന് അറുതിയും വരുത്താന്‍ ഇസ്‌ലാമിന് സാധിച്ചു. അതോടൊപ്പം, അടിമ സ്ത്രീകളുടെ കാര്യത്തില്‍ യജമാനനിലൂടെ അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രരായിരിക്കുമെന്നും കുട്ടികളുടെ മാതാവിനെ പിന്നീട് വില്‍ക്കാന്‍ പാടില്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ആ കുട്ടികള്‍ക്കോ യജമാനന്റെ മറ്റു കുട്ടികളെപ്പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യജമാനനെ അനുവദിക്കുന്ന ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ വ്യഭിചാരത്തെ നിയമാനുസൃതമാക്കുകയല്ലേ ചെയ്തിരിക്കുന്നത് എന്ന ആക്ഷേപം ഉന്നയിക്കപ്പെടാറുണ്ട്?  അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് പിതൃസ്വത്തില്‍ അവകാശങ്ങളൊന്നുമില്ലെന്ന യഹൂദ നിലപാടുമായി ഇസ്‌ലാം വിയോജിക്കുന്നു. ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും അയാളുടെ മക്കള്‍ തന്നെയാണ്. യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മില്‍ ഉണ്ടാകുവാന്‍ പാടില്ല. യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്ത്രീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവളുടെ മക്കളാണ്. അവര്‍ക്കാണെങ്കില്‍ പിതൃസ്വത്തില്‍ നിന്ന് മറ്റു മക്കളെപ്പോലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും. ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയു ള്ള ഒരു സംവിധാനമാണ് ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരിക്കാനുള്ള അനുവാദം നല്‍കുക വഴി ഇസ്‌ലാം ഒരുക്കിയിരിക്കുന്നത്.

റഫറന്‍സ്:
എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക, Historical Survey: slave owning societies. ചാതുര്‍വര്‍ണ്യ വ്യവസ്ഥ അടിസ്ഥാനപ്പെടുത്തി മനുഷ്യരെ ശ്രേണികളാക്കി തിരിക്കുന്നത് അടിമത്ത സമ്പ്രദായത്തിന് സഹായകമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇന്ത്യയില്‍ എട്ട് മില്യണിലധികം അടിമകളുണ്ടായിരുന്നുവെന്നാണ് എന്‍സൈക്ലോപീഡിയ രേഖപ്പെടുത്തുന്നത്.
ഛന്ദോഗ്യോപനിഷത്ത്: 5: 10:7
സൂറ. യൂസുഫ് 21.
പേജ്: 155, അര്‍റിഖ്ഖ് ഫില്‍ ജാഹിലിയ്യ, ഇബ് റാഹീം മുഹമ്മദ് ഹസന്‍ അല്‍ ജമല്‍, ജാമിഅത്തുല്‍ ഇസ്‌ലാമിയ്യ, മദീന
ബിലാല്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഐ പി എച്ച്, 2014അധിക വായനക്ക്: ബിലാല്‍ മുഅദ്ദിനുര്‍റസൂല്‍, അബ്ദുല്‍ഹമീദ് ജൌദത്തുസ്സഹാര്‍, ദാറു മിസ്വര്‍ ലില്‍ത്വിബാഅ, ഈജിപ്ത്, 1944
സൂറ. അല്‍ അന്‍ആം 52, സൂറ. അല്‍ കഹ് ഫ് 28.
ഖുര്‍ആനിന്റെ മൗലികത, ഭാഗം 1, എം എം അക്ബര്‍, നിച്ച് ഓഫ് ട്രൂത്ത്, കൊച്ചി.
ഹദീസ് നമ്പര്‍: 22978, മുസ് നദ് അഹമ്മദ്, ദാറുല്‍ ഇഹ് യാ തുറാസുല്‍ അറബി, 1993
'അടിമത്ത നിര്‍മാര്‍ജനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍', ഖുര്‍ആനിന്റെ മൗലികത, ഭാഗം 1, എം എം അക്ബര്‍, നിച്ച് ഓഫ് ട്രൂത്ത്, കൊച്ചി.
ബുഖാരി 2434, മുസ്‌ലിം 4275
വിശുദ്ധ ഖുര്‍ആന്‍. സൂറ തൗബ. 60

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ