ചരിത്രാതീതകാലം മുതല്‍ക്കുതന്നെ അടിമത്തം എന്ന പൊതുസങ്കല്‍പം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രയോഗത്തിലുണ്ടായിരുന്ന അടിമ സമ്പ്രദായത്തില്‍ നിന്നും ഇസ്‌ലാമില്‍ ഈ സമ്പ്രദായം വളരെയേറെ വ്യത്യസ്തമാണ്. ഇസ്‌ലാമിന്റെ ആവിര്‍ഭാവശേഷമുളള കാലഘട്ടങ്ങളില്‍പോലും മുസ്‌ലിമേതരരിലുളള അടിമസമ്പ്രദായം തനി പ്രാകൃതരൂപത്തിലാണെന്നത് വസ്തുതയാണ്. അറ്റ്‌ലാന്റിക്കിനപ്പുറമുളള അമേരിക്കക്കാര്‍നടപ്പാക്കിയിരുന്ന അടിമത്വത്തിന്റെ ചിത്രം മനുഷ്യന്‍ കണ്ടിട്ടുളളതില്‍ വെച്ചേറ്റവും നികൃഷ്ടസ്വഭാവത്തിലുളളതായിരുന്നു. ഒരുതരത്തിലുളള മാനുഷിക പരിഗണനയും കല്‍പിക്കാത്ത അടിമകള്‍ക്ക് ഒന്നിനും അവകാശമില്ലായിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പുളള ജാഹിലിയ്യാകാലത്തും ഏറെക്കുറെ ഇതുതന്നെയൊയിരുന്നു അവസ്ഥ. എ ന്നാല്‍ മാനവകുലത്തിനനുഗ്രഹമായിവന്ന ഇസ്‌ലാം ഇതരഭൂപ്രദേശങ്ങളില്‍ ഒന്നും പരിചിതമല്ലാതിരുന്ന അവകാശങ്ങള്‍ അടിമകള്‍ക്ക് കല്‍പിച്ചു.
അടിമകളോടുളള അനുവര്‍ത്തനം
അടിമകള്‍ക്ക് അവകാശങ്ങള്‍ നിര്‍ണയിച്ചതോടൊപ്പം തന്നെ അടിമത്തസമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തുന്ന നടപടികളും ഇസ്‌ലാം മുന്നോട്ട് വച്ചു. ഇസ്‌ലാമേതരപ്രദേശങ്ങളില്‍ അടിമകളോട് നീചവും അധമവുമായി പെരുമാറിയിരുന്നത് ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. സംസാരത്തിലുളള അവഹേളനത്തോടൊപ്പം ശാരീരികമായും അടിമകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. വഹിക്കാവുന്നതിനും സഹിക്കാവുന്നതിനുമപ്പുറമുളള കഠിന ജോലികള്‍ യജമാനന്‍ അവരെക്കൊണ്ട് രാപ്പകല്‍ ചെയ്യിക്കുമായിരുന്നു. പഴകിയ കീറിപ്പറിഞ്ഞ വസ്ത്രങ്ങളാണ് അടിമകള്‍ ധരിച്ചിരുന്നതെങ്കില്‍ യജമാനന്മാര്‍ ധരിച്ചിരുന്നത് അന്ന് ലഭ്യമാകുന്നതില്‍ വെച്ച് ഏറ്റവും മുന്തിയ ഇനം വസ്ത്രങ്ങളായിരുന്നു. ഭക്ഷണമാണെങ്കില്‍ ഉച്ചിഷ്ടങ്ങളോ അല്ലെങ്കില്‍ ഒട്ടും സ്വാദിഷ്ടമല്ലാത്ത ആഹാരമോ ആയിരിക്കും. ഉടമസ്ഥര്‍ വയറുനിറയ്ക്കുന്ന മാംസാഹാരമോ പഴവര്‍ഗങ്ങളോ ലഭിച്ചിരുന്നവര്‍ വളരെ വിരളം. ദൈവിക നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം പ്രവാചകന്‍ മുഹമ്മദ് നബി(സ) അത്തരം പ്രാകൃതസമ്പ്രദായങ്ങളെല്ലാം നിരോധിച്ചു.അതുകൊണ്ട്തന്നെ അടിമ-ഉടമബന്ധം ശ്ലാഘനീയമാവുകയും അടിമകള്‍ എല്ലാ അസഹ്യതകളില്‍ നിന്നും മുക്തരാവുകയും ഉടമകള്‍ ധരിക്കുന്നതും കഴിക്കുന്നതും അടിമകള്‍ക്കും ലഭ്യമാവുകയും ചെയ്തു.
അല്‍മൗറൂര്‍ പ്രസ്താവിക്കുന്നു: അല്‍റബദയില്‍ ഞാന്‍ അബൂദര്‍റിനെ കണ്ടുമുട്ടുകയുണ്ടായി. അദ്ദേഹം ഒരു മേലങ്കി അണിഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അടിമയും അതുപോലുളളത് ധരിച്ചിരുന്നു. ഞാന്‍ കാരണമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു.
'ഞാന്‍ ഒരു മനുഷ്യനെ അവന്റെ ഉമ്മയെ വഷളാക്കി പറഞ്ഞുകൊണ്ട് ദ്രോഹിച്ചിരുന്നു. പ്രവാചകന്‍ (സ) എന്നെ ശാസിച്ചുകൊണ്ട് പറഞ്ഞു. 'ഓ അബൂദര്‍റ് ! നീ അവനെ അവന്റെ മാതാവിനെ നിന്ദിച്ചുകൊണ്ട് ഉപദ്രവിച്ചുവെന്നോ? ജാഹിലിയ്യത്തിലെ ചില സ്വഭാവങ്ങള്‍ ഇനിയും നിന്നില്‍ അവശേഷിക്കുന്നു. നിങ്ങളുടെ അടിമകള്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അല്ലാഹു അവരെ നിങ്ങളുടെ ഇംഗിതങ്ങള്‍ക്കായി ഏല്‍പ്പിച്ചുവെന്നു മാത്രം. അതുകൊണ്ട് ആര്‍ക്കെങ്കിലും അത്തരത്തില്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിനായുളള സഹോദരനുണ്ടെങ്കില്‍ താന്‍ ആഹരിക്കുന്നത് അവനെയും ആഹരിപ്പിക്കട്ടെ. താന്‍ ഉടുക്കുന്നത് അവനെയും ഉടുപ്പിക്കട്ടെ. സാധ്യമാകാത്ത ജോലികള്‍ അവരെ ഏല്‍പ്പിക്കാതിരിക്കുക അഥവാ അങ്ങനെ ഏല്‍പ്പിക്കുന്നുവെങ്കില്‍ അവരെ അതില്‍ സഹായിക്കുക.' (ബുഖാരി)
ഇസ്‌ലാമിന്റെ രംഗപ്രവേശത്തോടെയും പ്രയോഗവല്‍ക്കരണത്തിലൂടെയും അടിമ സമ്പ്രദായത്തിന് പുതിയ അര്‍ത്ഥവും മാനവും കൈവരികയാണ് ചെയ്തത്. തന്റെ കീഴിലുളളത് ഏതോ ഒരു കാട്ടുമൃഗമാണെന്നും അതിനെ എങ്ങനെയും ദ്രോഹിക്കാമെന്നുമുളള ധാരണയെ ഇസ്‌ലാം തിരുത്തിക്കുറിച്ചു. ജീ വന്‍ നിലനിര്‍ത്താനുളള അല്‍പഭക്ഷണം മാത്രം നല്‍കി പകലന്തിയോളം കഴുതകളെപ്പോലെ പണിയെടുപ്പിക്കുന്ന സ്വഭാവത്തിന് ഇസ്‌ലാം അറുതി വരുത്തി. അടിമയായിട്ടുളള ഓരോ മനുഷ്യനും ഒരു മുസ്‌ലിമിന്റെ സ്വന്തം സഹോദരനാണെന്നും മാനുഷികമൂല്യങ്ങളും അവകാശങ്ങളും അവന് വകവെച്ചുകൊടുക്കേണ്ടത് ഓരോ വിശ്വാസിയുടേയും ബാധ്യതയാണെന്നും ഇസ്‌ലാം വ്യക്തമാക്കി. അടിമയും ഉടമയും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ തുല്യരാണെ ന്നും ആര്‍ക്കെങ്കിലും അത്തരത്തില്‍ ആജ്ഞാനുവര്‍ത്തിയായ സഹോദരനുണ്ടെങ്കില്‍ അവന് ഇസ്‌ലാം നിഷ്‌ക്കര്‍ഷിച്ചിട്ടുളള അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്നുറപ്പു വരുത്തണമെന്ന് ഇസ്‌ലാം പഠിപ്പിച്ചു.
അടിമകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും സംസ്‌ക്കാരം പഠിപ്പിക്കുന്നതിനും ശക്തമായി പ്രേരിപ്പിക്കുന്ന പ്രവാചക വചനങ്ങളും നമുക്ക് കാണാവുതാണ്. അബൂബുര്‍്ദ്ദ(റ)യുടെ പിതാവില്‍നിന്ന് അളളാഹുവിന്റെ റസൂല്‍(സ) പറഞ്ഞു 'മൂന്നുവ്യക്തികള്‍ക്ക് ഇരട്ടി പ്രതിഫലം ഉണ്ടായിരിക്കും(1) വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ പെട്ടവനായിരിക്കെ സ്വന്തം പ്രവാചകനിലും മുഹമ്മദ് നബി(സ)യിലും വിശ്വസിച്ചവര്‍(2) അല്ലാഹുവിനോടും സ്വന്തം യജമാനനോടുമുളള ബാധ്യതകള്‍ യഥാവിധി നിര്‍വ്വഹിക്കുന്ന അടിമ (3) സ്വന്തം അടിമസ്ത്രീയെ ഉത്തമ സംസ്‌ക്കാരം പഠിപ്പിക്കുകയും അവള്‍ക്ക് അധ്യാപനങ്ങള്‍ നല്‍കി സ്വഭാവമഹിമകള്‍ക്കുടമയാക്കുകയും ശേഷം അവളെ വിവാഹം ചെയ്യുകയും ചെയ്തവന്‍. (ബുഖാരി)
ഇവിടെ നമുക്ക് കാണാനാവുന്നത് വിദ്യ അഭ്യസിപ്പിക്കുന്നതിന്റെ പ്രാധാന്യം മാത്രമല്ല. അടിമത്തത്തെ നിരുത്സാഹപ്പെടുത്തുന്നതിന്റെ പ്രായോഗികത കൂടിയാണ്. വേദഗ്രന്ഥത്തിന്റെ ആളുകളില്‍പെട്ട വ്യക്തി ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ഇരട്ടി പ്രതിഫലാര്‍ഹനാകുന്നു. അത് സുനിശ്ചിതമാണ്. അതുപോലെ തന്നെയാണ് തന്റെ അടിമസ്ത്രീയെ സംസ്‌കൃത ചിത്തയാക്കി വിദ്യാഭ്യാസം നല്‍കി സ്വതന്ത്രയാക്കി വിവാഹം ചെയ്യുക എന്നതും, അടിമത്തത്തിന്റെ വഴി അടയ്ക്കുകയും വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് വഴിതുറക്കുകയുമാണ് ഇസ്‌ലാം ഇതിലൂടെചെയ്യുന്നത്. അടിമപ്പെണ്‍കുട്ടികളെ വ്യഭിചാരത്തിലേര്‍പ്പെടുത്തി ധനം സമ്പാദിക്കുന്നതില്‍ നിന്നും മുസ്‌ലിംകളെ ഇസ്‌ലാം വിരോധിച്ചു. അന്‍സാരികളില്‍പെട്ട ഒരാളുടെ അടിമസ്ത്രീയെ അവിഹിതത്തിന് നിര്‍ബന്ധിച്ച സന്ദര്‍ഭത്തില്‍ അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ വചനം അവതരിപ്പിക്കുകയുണ്ടായി. ജാബിര്‍ബ്‌നു അബ്ദുളള(റ)നിവേദനം: ഒരു അന്‍സാരിയുടെ അടിമസ്ത്രീയായിരുന്ന മുസൈഖ, നബി(സ)യു ടെ വസതിയില്‍ വന്ന് പറഞ്ഞു 'എന്റെ യജമാനന്‍ എന്നെ പരപുരുഷ ബന്ധത്തിന് നിര്‍ബന്ധിക്കുന്നു'. ആ സന്ദര്‍ഭത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ വചനം അവതരിച്ചത്, 'നിങ്ങളുടെ കൈകാര്യക്കാരായ സ്ത്രീകളെ നിങ്ങള്‍ വ്യഭിചാരത്തിന് പ്രേരിപ്പിക്കരുത്' (അബൂദാവൂദ്)
സമഭാവനയുടെ പാഠങ്ങള്‍
ഇതര മനുഷ്യരോടെന്ന പോലെതന്നെ അടിമകളോടും സഹവര്‍ത്തിക്കണമെന്നു പഠിപ്പിക്കുന്ന ധാരാളം നിര്‍ദ്ദേശങ്ങളും സന്ദര്‍ഭങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം. ഇതര മനുഷ്യരെപോലെ പരിഗണിക്കപ്പെടേണ്ടവരാണ് അടിമകളുമെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു. അജ്ഞാത കാലത്ത് അടിമയുടെ അടുത്ത് നില്‍ക്കാന്‍ പോലും ജനം മടിച്ചിരുന്നെങ്കില്‍ പ്രാര്‍ത്ഥനാ വേളകളില്‍ പോലും അല്ലാഹുവിന്റെ മുമ്പില്‍ ഞങ്ങളെല്ലാം സമന്മാരും ഏകതാഭാവമുളളവരുമാണെന്ന വിളംബരത്തിന്റെ നാന്ദിയായി മുസ്‌ലിംകള്‍ അവരുമായി തോളോട് തോള്‍ ചേര്‍ന്നുനില്‍ക്കുന്നു. ഹസ്രത്ത് ബിലാല്‍(റ) ആദ്യമായി ഇസ്‌ലാം സ്വീകരിച്ച അടിമകളില്‍ ഒരാളായിരുന്നു. ഇസ്‌ലാമിനെ അവഹേളിക്കാനും വിഗ്രഹാരാധനയെ അനുകൂലിക്കാനുമായി അവിശ്വാസികളാല്‍ കഠിനമായി അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. എന്നാല്‍ ഇസ്‌ലാമില്‍ നിന്ന് ഒരിക്കലും പുറകോട്ടു പോകാതെ പ്രവാചക പാഠങ്ങളില്‍ ശക്തമായി നിലയുറപ്പിക്കുകയാണദ്ദേഹം ചെയ്തത്. വിശുദ്ധ കഅ്ബാലയത്തിന് മുകളില്‍ കയറി ആദ്യമായി ബാങ്കൊലി മുഴക്കിയതും അദ്ദേഹമാണ്. വിമോചിതരും അല്ലാത്തവരുമായ ധാരാളം അടിമകളാല്‍ നിവേദനം ചെയ്യപ്പെട്ട സ്വഹീഹായ നബിവചനങ്ങളിലൂടെ അടിമകള്‍ക്ക് ഇസ്‌ലാമില്‍ ലഭിച്ചിരുന്ന അംഗീകാരവും സമത്വവും മാനുഷിക പരിഗണനകളും ഇന്ന് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്. അവരുടെ വാമൊഴികള്‍ക്കും ചരിത്രാഖ്യാനങ്ങള്‍ക്കുമുളള അംഗീകാരവും സ്വീകാര്യതയുമാണ് ഇത് തെളിയിക്കുത്. പരസ്പരം തൊട്ടുരുമ്മി നിന്ന് അടിമകളായവര്‍ നേതൃത്വം നല്‍കിയ സന്ദര്‍ഭങ്ങളും ഇസ്‌ലാമിന്റെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.
ഇബ്‌നുഉമര്‍(റ)നിവേദനം പാലായനത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രവാചകന്‍ എത്തിച്ചേരുന്നതിന് മുമ്പ്, ഖുബായിലുളള അല്‍-ഇസ്ബായിലെത്തിയവര്‍ ജമാഅത്ത് നമസ്‌ക്കാരങ്ങളില്‍ ക്വുര്‍ആന്‍ കൂടുതല്‍ ഹൃദിസ്ഥമാക്കിയതു അബൂഹുദൈഫയുടെ അടിമയായിരുന്ന സാലിമിനെയായിരുന്നു പതിവായി ഇമാമാക്കിയിരുന്നത്. (ബുഖാരി)
അവിശ്വാസികളായ സ്ത്രീപുരുഷന്‍മാരെക്കാള്‍ മഹത്വം ഇസ്‌ലാം ആശ്ലേഷിച്ച സ്ത്രീപുരുഷ അടിമകള്‍ക്കാണെന്ന ഇസ്‌ലാമിക കാഴ്ചപ്പാട് വിശുദ്ധ ക്വുര്‍ആനില്‍ നിന്നും ഏതൊരാള്‍ക്കും വായിച്ചെടുക്കാന്‍ കഴിയും. വിഗ്രഹപൂജകരായ സ്ത്രീപുരുഷന്മാരെക്കാള്‍ അടിമകളായ സ്ത്രീപുരുഷന്‍മാരെ സ്വന്തം മക്കളെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മുസ്‌ലിംകളെ ഉപദേശിക്കുന്നതും ഖുര്‍ആനില്‍ നമുക്ക് കാണാവുതാണ്. 'ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരടിമസ്ത്രീയാണ് ബഹുദൈവ വിശ്വാസിനിയേക്കാള്‍ ഉത്തമം. അവര്‍ നിങ്ങള്‍ക്ക് കൗതുകം ഉണര്‍ത്തിയാലും ശരി. ബഹുദൈവ വിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിച്ചു കൊടുക്കുകയുമരുത്. സത്യവിശ്വാസിയായ ഒരടിമയാണ് ബഹുദൈവ വിശ്വാസിയെക്കാള്‍ നല്ലത്. അവര്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും ശരി. അടിമകളെ ആദരിക്കുന്നതില്‍ ഇസ്‌ലാം ഒരുപടികൂടി മുന്നിട്ടു നില്‍ക്കുന്നു. നിങ്ങളാരും ഇതെന്റെ അടിയാണെന്ന് പറയാതെ, ഇതെന്റെ ആളാണ്, ഇതെന്റെ പരിചാരികയാണ് എന്നു പറയുവാനാണ് നബി(സ) ആഹ്വാനം ചെയ്തത്.
അടിമമോചനത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം
അടിമകളെ സ്വതന്ത്രരാക്കുന്നതിനും അവരെ മോചിപ്പിക്കുന്നതിനും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)അതിയായ പ്രാധാന്യം കല്‍പ്പിച്ചിരുന്നതായി കാണാം. അവിശ്വാസിയായിരിക്കെ അടിമയെ സ്വതന്ത്രരാക്കിയെങ്കില്‍ ആ കൃത്യത്തിനുളള പുണ്യം വിശ്വാസിയായതിന് ശേഷവും ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചു ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പ്രതിഫലമെന്നും പേരിനും പ്രശസ്തിക്കും ചെയ്യുന്ന കാര്യങ്ങള്‍ അന്ത്യനാളില്‍ ഫലശൂന്യമാകുമെന്നുമാണ് ഇസ്‌ലാമിന്റെ തത്വം. എന്നാല്‍ അടിമമോചനം മുസ്‌ലിമാകുന്നതിന് മുമ്പ് ചെയ്താല്‍ പോലും പ്രതിഫലാര്‍ഹമാണ്.
ഹാക്കിമിബ്‌നു ഹിസാം നിവേദനം 'ഞാന്‍ അ ല്ലാഹുവിന്റെ പ്രവാചകനോട് ചോദിച്ചു, റസൂലേ ഞാന്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് ഏറെ സല്‍പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ദാന ധര്‍മ്മങ്ങള്‍ ചെയ്യുകയും, അടിമകളെ സ്വതന്ത്രരാക്കുകയും ബന്ധുക്കളുമായി ഉറ്റബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. അതിനൊക്കെ എനിയ്ക്ക് പ്രതിഫലം ലഭിക്കുമോ? പ്രവാചകന്‍ മറുപടി പറഞ്ഞു, 'ആ സല്‍പ്രവര്‍ത്തനങ്ങളുമായിട്ടാണല്ലോ താങ്കള്‍ മുസ്‌ലിമായിട്ടുളളത്.(ബുഖാരി). തന്റെ പ്രവാചകനിലൂടെ അടിമകളെ സ്വതന്ത്രരാക്കുന്നതിന്റെ മഹത്വം അല്ലാഹു പഠിപ്പിക്കുന്നു. നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മനുഷ്യനോട് പ്രായശ്ചിത്തമായി പ്രവാചകന്‍ ആദ്യം നിര്‍ദ്ദേശിച്ചത് ഒരു അടിമയെ മോചിപ്പിക്കാനാണ്.
അബൂഹുറൈ(റ)യില്‍ നിന്ന്: 'ഞങ്ങള്‍ ഒരിയ്ക്കല്‍ പ്രവാചകസന്നിധിയില്‍ ഇരിക്കവെ ഒരു മനുഷ്യന്‍ ആഗതനായി പറഞ്ഞു അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ പാപിയായിരിക്കുന്നു' എന്താണ് സംഭവിച്ചതെന്ന് പ്രവാചകന്‍ ആരാഞ്ഞു. ആ മനുഷ്യന്‍ വിശദീകരിച്ചു. 'ഞാന്‍ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.' പ്രവാചകന്‍ ചോദിച്ചു, താങ്കള്‍ക്ക് ഒരു അടിമയെ മോചിപ്പിക്കാനാകുമോ? കഴിയില്ലെന്ന് ആ മനുഷ്യന്‍ മറുപടി നല്‍കി. 'താങ്കള്‍ തുടര്‍ച്ചയായി രണ്ടുമാസം വ്രതം അനുഷ്ഠിക്കുക' പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. തനിയ്ക്കതിനും ആവില്ലെന്നായിരുന്നു ആ മനുഷ്യന്റെ മറുപടി. വീണ്ടും പ്രവാചകന്‍ പറഞ്ഞു. എങ്കില്‍ 60 സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുക' അതിനും കഴിയില്ലെന്നയാള്‍ മറുപടി നല്‍കി. പ്രവാചകന്‍ മൗനമവലംബിച്ചു. അങ്ങനെയിരിക്കവെ, ഒരു വലിയ കുട്ട നിറയെ ഈത്തപ്പഴം നബിക്കു മുന്നില്‍ കൊണ്ടുവരപ്പെട്ടു. നേരത്തെ ചോദ്യങ്ങളുമായി വന്ന മനുഷ്യനെ പ്രവാചകന്‍ അന്വേഷിച്ചു. വീണ്ടും ആ മനുഷ്യന്‍ പ്രവാചകന്റെ മുന്നിലെത്തി. നബി പറഞ്ഞു. ' ഇതാ ഈ ഈത്തപ്പഴം മുഴുവന്‍ കൊണ്ടുപോയി ദാനം ചെയ്യൂ', പക്ഷേ ആ മനുഷ്യന്‍ പറഞ്ഞു 'എന്നെക്കാള്‍ ദരിദ്രനായ ഒരാള്‍ക്ക് ഞാനിത് നല്‍കണമെന്നോ? അല്ലാഹുവാണെ (മദീനയിലെ) ഈ രണ്ടു മലകള്‍ക്കിടയില്‍ എന്നെക്കാള്‍ സാധുവായ ഒരു കുടുംബവുമില്ലതന്നെ' അണപ്പല്ലുകള്‍ പ്രത്യക്ഷപ്പെടുമാറ് ചിരിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു, 'ഇതു കൊണ്ടു പോയി നീ നിന്റെ കുടുംബത്തിന് നല്‍കുക'.
ഒരടിമയ്ക്ക് രണ്ട് ഉടസ്ഥരുണ്ടായിരുന്ന സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ അവരിലൊരാള്‍ അല്ലാഹുവെ ഉദ്ദേശിച്ച് തന്റെ ഉടമസ്ഥാവകാശം ഒഴിവാക്കാനും താല്‍പര്യപ്പെടുമായിരുന്നു. അത്തരം രേഖകളില്‍ തന്റെ ഉടമസ്ഥാവകാശ ഓഹരി ഒഴിവാക്കുന്ന വ്യക്തി ശിഷ്ട ഓഹരികൂടി നല്‍കി ആ അടിമയെ പൂര്‍ണ്ണമായും മുക്തമാക്കണമെന്നായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. ആ വ്യക്തിക്കതിനു സാധിക്കാത്ത പക്ഷം ശിഷ്ടമൂല്യം കണക്കാക്കി സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച് രണ്ടാമത്തെ ഉടമയ്ക്ക് ആ ബാധ്യത വീട്ടി സ്വതന്ത്രനാകാന്‍ ആ അടിമയ്ക്ക് അവകാശമുണ്ടായിരുന്നു.
അബൂഹുറൈറ (റ)യില്‍ നിന്ന്: പ്രവാചകന്‍(സ) പറഞ്ഞു. കൂട്ടുടമസ്ഥതയിലുളള ഒരടിമയെ മോചിപ്പിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നു എങ്കില്‍ ശിഷ്ട ഓഹരി കൂടി നല്‍കി ആ അടിമയെ പൂര്‍ണ്ണ സ്വതന്ത്രനാക്കലാണ് അനുപേക്ഷ്യം. അതിന് പ്രാപ്തിയില്ലാത്ത സാമ്പത്തികാവസ്ഥയിലാണെങ്കില്‍ ശിഷ്ട ഓഹരിയുടെ മൂല്യം ന്യായപ്രകാരം നിശ്ചയിക്കുകയും അധ്വാനത്തിലൂടെ അത്രയും ധനം സമ്പാദിച്ച് സ്വതന്ത്രനാകാന്‍ ഒരു അടിമയെ അനുവദിക്കേണ്ടതാണ്.' (ബുഖാരി). മാത്രമല്ല, അടിമകളെ വിവാഹം കഴിക്കാന്‍ ഖുര്‍ആന്‍ പ്രോത്സാഹനം നല്‍കുന്നു.
'നിങ്ങളില്‍ ആര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിയ്ക്കാന്‍ സാമ്പത്തിക ശേഷി ഇല്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ നിന്ന് നിങ്ങള്‍ക്ക് വിവാഹം കഴിക്കാവുന്നതാണ്. അല്ലാഹു ആകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുവന്‍, നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ'? (വി, ഖു. 4:25) ഉടമസ്ഥന്റെ അനുമതിയോടെ അടിമകള്‍ വിവാഹിതരാകാവുന്നതാണ്. വിവാഹ കര്‍മ്മത്തിലൂടെ അടിമ സ്ത്രീ പുരുഷന്‍മാര്‍ സ്വതന്ത്രരാക്കുന്നതിനുളള സാഹചര്യമാണ് അല്ലാഹു ഇതിലൂടെ ഒരുക്കുന്നത്.
പടിപടിയായുള്ള നിര്‍മാര്‍ജനം എന്തുകൊണ്ട്?
അടിമ മോചനം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്നത് സംശയാതീതമാണ്. എന്നാലും അടിമത്ത സമ്പ്രദായം ഒരു സാമൂഹ്യ ദുരാചാരമായിട്ടു കൂടി ഇസ്‌ലാം എന്തുകൊണ്ട് അത് നിരോധിക്കു ന്നില്ല, എന്നൊരു പക്ഷെ ചോദ്യം ഉയര്‍ന്നേക്കാം. പ്രാഥമികമായി വിലയിരുത്തേണ്ടത് ഇസ്‌ലാമില്‍ കാണുന്ന അടിമ-ഉടമ സംസ്‌ക്കാരവും, ഇസ്‌ലാമിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കന്യമായ അടിമത്ത രീതിയും തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ട് എന്നതാണ്. രണ്ടാമതായി അടിമത്തം അക്കാലത്ത് പെട്ടെന്ന് നിരോധിക്കാനാവുമായിരുന്നില്ല. സ്വതന്ത്രരായ സാധാരണ മനുഷ്യരെ കമ്പോള ചരക്കാക്കുന്നത് ഇസ്‌ലാം അനുവദിച്ചില്ല. അമുസ്‌ലിംകളുമായുളള യുദ്ധങ്ങളില്‍ പിടിച്ചെടുക്കപ്പെട്ടവരായിരുന്നു അടിമകളില്‍ ഭൂരിഭാഗവും. ജയില്‍ സമ്പ്രദായം ഇല്ലാതിരുന്ന അക്കാലത്ത് സമരമുഖത്തു നിന്ന് ലഭിക്കുന്ന യുദ്ധത്തടവുകാരെ അടിമകളാക്കി സംരക്ഷിക്കുകയായിരുന്നു പ്രായോഗികം. ഇവരെ മുസ്‌ലിംകള്‍ക്കിടയില്‍ സ്വതന്ത്രരായി വിടുന്നത് ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണിയായിരിക്കും. തന്നെയുമല്ല, അന്തഃഛിദ്രത വളരാനും മുസ്‌ലിംകള്‍ അക്രമിക്കപ്പെടാനും സ്വഹാബാക്കളെയോ ഒരുവേള പ്രവാചകനെ തന്നെയോ നിഗ്രഹിക്കാന്‍വരെ അത് നിമിത്തമായേക്കാം. അവരെ അടിമകളാക്കി സ്വഹാബാക്കള്‍ക്കിടയില്‍ വീതിക്കപ്പെട്ടതിനാല്‍ അവര്‍ക്ക് സംഘംചേരാനോ ഉപജാപങ്ങളുണ്ടാക്കുവാനോ മുസ് ലിംകളെ അക്രമിക്കാനോ അവസരമില്ലാതായി.
അടിമത്തത്തിന് തുടക്കം കുറിച്ചത് ഇസ്‌ലാമല്ലെന്നും ഇസ്‌ലാമിന്റെ രംഗപ്രവേശത്തിനെത്രയോ മുമ്പ് തന്നെ ഈ സമ്പ്രദായം നിലനിന്നു എന്നതും നമുക്കറിയാവുന്നതാണ്, സുവ്യക്തമാണ്. ആത്യന്തികമായി അടിമസമ്പ്രദായം ഉന്മൂലനം ചെയ്യാനുപയുക്തമായ നിയമ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. അടിമയെ സ്വതന്ത്രനാക്കുന്നവന് മഹത്തായ പ്രതിഫലമാണുളളത്. അടിമമോചനത്തിലൂടെ ആ സമ്പ്രദായത്തിനറുതി വരുത്താനുളള എല്ലാ പ്രേരണയും ഖുര്‍ആനിലൂടെ അല്ലാഹു നല്‍കുന്നു.
'എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തളളിക്കടന്നില്ല, ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ പട്ടിണിനാളില്‍ കുടുംബബന്ധമുളള അനാഥയ്‌ക്കോ കടുത്ത ദാരിദ്ര്യമുളള ഒരു സാധുവിനോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയത്രെ അത്' (വി. ഖു 90: 11-16)
അടിമസമ്പ്രദായത്തോടുള്ള ഇസ്‌ലാമിന്റെ നിലപാട്
നിറമോ, വര്‍ഗമോ, ജാതിയോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ സര്‍വ്വ മനുഷ്യരെയും ആദരിക്കാന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. ഇതര സമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമായി അടിമകള്‍ക്ക് മാനുഷിക പരിഗണനയും അവകാശങ്ങളും ഇസ് ലാം കല്‍പിക്കുന്നു. ഇസ്‌ലാം അവര്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്‍കുന്നു. അതോടൊപ്പം അവരെ സഹോദരന്മാരായി ഗണിക്കുവാനും എല്ലാവരും ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്നത് അവര്‍ക്കും നല്‍കുവാനും ആവശ്യപ്പെടുന്നു. അടിമകളെ ക്കുറിച്ചുളള ചില നിര്‍ദ്ദേശങ്ങള്‍ ബൈബിളിലും കാണാനാവും.
'ഒരുത്തന്‍ തന്റെ സ്ത്രീ-പുരുഷ അടിമയെ ചാ ട്ടയാല്‍ അടിക്കുകയും അങ്ങനെ ആ അടിമ മരണപ്പെടുകയും ചെയ്താല്‍ അവന്‍ ശിക്ഷിക്കപ്പെടണം. പക്ഷെ, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുളളില്‍ ആ അടിമ എഴുന്നേല്‍ക്കുന്ന പക്ഷം അടിച്ചവന്‍ ശിക്ഷാര്‍ഹനല്ല., കാരണം ആ അടിമ അവന്റെ സ്വത്താകു ന്നു. (പുറപ്പാട് 21 : 20, 21) ഇവിടെ നാം കാണുന്നത്, തന്റെ അടിമയെ അടിയ്ക്കാന്‍ ഉടമയെ ബൈബിള്‍ അനുവദിക്കുകയും അടിമ മരണപ്പെട്ടില്ലെങ്കില്‍ ഉടമ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതുമാണ്. അടിമയെ സ്വന്തം സ്വത്തുക്കളുടെ ഭാഗമായിട്ടാണ് ഉടമ കാണുന്നത്. അടിമസമ്പ്രദായത്തിലെ പോലെ മറ്റനേകം ആചാരങ്ങളിലെ മനുഷ്യനിര്‍മ്മിത നിയമങ്ങളും ധാരണകളും തിരുത്തിക്കൊണ്ടാണ് ഇസ്‌ലാം രംഗപ്രവേശം ചെയ്തത്. മാനുഷികതയുടെ ഭാഗത്തു നിന്നുകൊണ്ട് മാനവികതയുടെ മഹത്വം മനുഷ്യനെ പഠിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്.
ഇസ്‌ലാമിന്റെ വരവോടെ അടിമകള്‍ക്ക് മാനുഷികപരിഗണന ലഭിയ്ക്കുകയും സ്വന്തം സ്വത്ത് എന്ന ധാരണ തിരുത്തപ്പെടുകയും ചെയ്തു. ക്രമേണയായി മനുഷ്യര്‍ ഈ സമ്പ്രദായം ഉപേക്ഷിക്കുന്നതായി ഇസ്‌ലാം ഉറപ്പുവരുത്തി. അപ്രധാന കാരണങ്ങള്‍ കൊണ്ടുപോലും അടിമമോചനം പ്രോത്സാഹിപ്പിയ്ക്കപ്പെട്ടു. സൂര്യഗ്രഹണമുണ്ടാകുമ്പോഴും ചന്ദ്രഗ്രഹണമുണ്ടാകുമ്പോഴും അടിമകളെ മോചിപ്പിക്കാന്‍ ആളുകള്‍ രംഗത്തു വന്നു. മറ്റു പല സന്ദര്‍ഭങ്ങളിലും അടിമകളെ സ്വതന്ത്രരാക്കുവാന്‍ മുസ്‌ലിംകള്‍ പ്രചോദിപ്പിക്കപ്പെട്ടു. അടിമകള്‍ക്ക് ഇസ്‌ലാം സുരക്ഷിതത്വം പ്രദാനം ചെയ്യുകയും ക്രമേണ ക്രമേണയായി ആ സമ്പ്രദായം തന്നെ തീര്‍ത്തും ഉന്മൂലനം ചെയ്യപ്പെടാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്തു.
0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:
Post a Comment