Wednesday, March 23, 2016

അടിമത്തം, ജാതിയത, ഇസ്‌ലാം | ഡോ.പി അബ്ദുസലഫി



ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലിരിക്കുന്ന അവസ്ഥയാണ് അടിമത്തം. വന്‍തോതില്‍ കൃഷി ആരംഭിച്ചതോടെയാണ് അടിമസമ്പ്രദായം നിലവില്‍വന്നതെന്നാണ് കരുതപ്പെടുന്നത്. പ്രാചീന ബാബിലോണിയ, റോം തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് ആരംഭിച്ചത്. അടിമകള്‍ ഏറ്റവും കിരാതമായ പീഡനങ്ങള്‍ക്ക് വിധേയമായത് റോമിലാണ്. അവിടെ അടിമകള്‍ നയിച്ച കലാപങ്ങള്‍ ചരിത്രപ്രസിദ്ധമാണ്.

ഹമുറാബിയുടെ നിയമാവലിയില്‍ അടിമകള്‍ക്ക് ചില ആശ്വാസങ്ങള്‍ അനുവദിച്ചിരുന്നു. സാമ്പത്തികവും സാമൂഹികവുമായ സമ്മര്‍ദ്ധങ്ങളാണ് അടിമത്വത്തിന് കളമൊരുക്കിയത്. കൃഷിപ്പണിക്കും ഖനി ജോലികള്‍ക്കുമായി ഏഷ്യാക്കാരെയും ആഫ്രിക്കക്കാരെയും യൂറോപ്യര്‍ അടിമകളാക്കിവെച്ചിരുന്നു. പതിനഞ്ചാം ശതകത്തില്‍ ഉടലെടുത്ത കോളനിവാഴ്ച അടിമത്വത്തെ കൂടുതല്‍ വ്യാപകവും പരുഷവുമാക്കി. 1865ലാണ് അമേരിക്കയില്‍ നിയമനിര്‍മ്മാണം വഴി അടിമവ്യാപാരത്തിന് അന്ത്യം കുറിച്ചത്. നീഗ്രോവംശജര്‍ ഇപ്പോഴും രണ്ടാം തരക്കാരായി കണക്കാക്കപ്പെടുന്നു. 1994ലാണ് വംശവെറിയില്‍ നിന്ന് ആഫ്രിക്ക മോചനം നേടുന്നത്.

വേദകാലം മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കര്‍ക്കശമായ ജാതി വ്യവസ്ഥ അടിമത്ത സമ്പ്രദായത്തിന്റെ മറ്റൊരു മുഖമാണ്. മതപരിവേഷമുള്ളതിനാല്‍ ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടി (ഇസ്‌ലാമിക വിജ്ഞാന കോശം 79, 80).

കേരളത്തില്‍ ജാതീയതയുമായി ബന്ധപ്പെട്ട് വിപാടനം ചെയ്യാനാവാത്ത മട്ടില്‍ രൂക്ഷമായ അടിമത്തം നിലനിന്നിരുന്നു.

ജനസംഖ്യയിലെ വലിയൊരു വിഭാഗം മണ്ണുമായി ബന്ധപ്പെട്ട അടിമകളായിരുന്നു. അധ:സ്ഥിതരായ മറ്റുള്ളവരുടെ സ്ഥിതിയും ഇതില്‍ ഇന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല. എന്തെങ്കിലും കുറ്റകൃത്യങ്ങളാല്‍ ജാതി നഷ്ടപ്പെട്ടവരെയും മരണശിക്ഷക്ക് വിധിക്കപ്പെട്ടവരെയും അടിമകളാക്കി വില്‍ക്കാന്‍ രാജാക്കന്മാര്‍ക്ക് അവകാശമുണ്ടായിരുന്നു. അടിമകളെന്ന് മുദ്രകുത്തിയാണ് അവരെ വിറ്റിരുന്നത്. ചിലപ്പോഴെല്ലാം ഇന്ത്യയുടെ ഇതരഭാഗങ്ങളിലേക്കും അടിമകളെ കയറ്റി അയച്ചിരുന്നു. (ഞാന്‍ കണ്ട കേരളം, സാമുവല്‍ജമീര്‍ 406, 407).

പ്രാചീന അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ജീര്‍ണ്ണതകളുടെ ഭാഗം തന്നെയായിരുന്നു അടിമത്തവും. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഉടമയുടെ മുന്നില്‍ മൃഗീയജീവിതം നയിക്കേണ്ടി വന്നിരുന്ന വിഭാഗമായിരുന്നു അടിമകള്‍. ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ അവര്‍ക്കവകാശമില്ല. എതിര്‍ത്താല്‍ മരണമടക്കമുള്ള കടുത്ത ശിക്ഷകളായിരുന്നു അവരെ കാത്തിരുന്നത്.

സമൂഹത്തിന്റെ അവിഭാജ്യഘടകമായി അടിമകള്‍ മാറിയിരുന്നതിനാല്‍ അടിമത്തം ഒറ്റയടിക്ക് നിരോധിക്കുന്നത് പ്രായോഗികമായിരുന്നില്ല. അതിനാല്‍ ഇസ്‌ലാം പല കാര്യങ്ങളും നടപ്പില്‍വരുത്താന്‍ സ്വീകരിച്ച പടിപടിയായ രീതിയാണ് അടിമത്തം നിര്‍മ്മാര്‍ജ്ജനരംഗത്ത് സ്വീകരിച്ചത്. സ്വന്തമായ സ്വത്തോ, സംരക്ഷണ സംവിധാനങ്ങളോ അവര്‍ക്കുണ്ടായിരുന്നില്ല. ഭക്ഷണവും പാര്‍പ്പിടവും ഉടമകള്‍ നല്‍കുന്നത് മാത്രമായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഇവരെയെല്ലാം സ്വതന്ത്രരാക്കിയാല്‍ അതവരുടെ നിലനില്പിന് ഭീഷണി സൃഷ്ടിക്കുമായിരുന്നു.

അടിമമോചനത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ നടപടികള്‍ കൈക്കൊണ്ട ഇസ്‌ലാം, നിലവിലുള്ള അടിമകളോട് വര്‍ത്തിക്കേണ്ട രീതിയെകുറിച്ച് സമഗ്രമായതും അടിമ സൗഹൃദപരവുമായ നിയമനിര്‍മ്മാണമാണ് കൊണ്ടുവന്നത്. അടിമകളെ സഹോദരന്മാരായി കാണാനും ഭക്ഷണത്തിലും വസ്ത്രത്തിലും പാര്‍പ്പിടത്തിലും മാന്യമായ പങ്കാളിത്തം നല്‍കി അവരെ സ്വന്തമായി കരുതാനും ഇസ്‌ലാം പഠിപ്പിച്ചു. കടുത്ത ജോലികള്‍ അവര്‍ക്ക് ചെയ്യേണ്ടിവന്നാല്‍ അവരെ അക്കാര്യത്തില്‍ സഹായിക്കണമെന്ന് നബി (സ) ഓര്‍മ്മിപ്പിച്ചു.

''വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ അവനെ ഞാനും വധിക്കും, വല്ലവനും തന്റെ അടിമയെ അംഗവിച്ഛേദം ചെയ്താല്‍ നാമും അവന്റെ അംഗം വിഛേദിക്കും, വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍ നാം അവനെ ഷണ്ഡിക്കും' എന്ന് നബി (സ) പ്രഖ്യാപിക്കുകയുണ്ടായി. വിശുദ്ധ ക്വുര്‍ആന്‍ സുപ്രധാന പുണ്യകര്‍മ്മങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നമസ്‌കാരത്തിന്റെയും സകാത്തിന്റെയും മുന്നില്‍ പറയുന്നത് അടിമ മോചനത്തെക്കുറിച്ചാണ് (2:11). ഇസ്‌ലാമിലെ സകാത്ത് വിതരണരംഗത്ത് അടിമകളുടെ മോചനത്തിന്നായി വിഹിതം മാറ്റി വെക്കാന്‍ ക്വുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

അടിമകളെ ദാസന്‍, ദാസി എന്നിങ്ങനെയാണ് വിളിക്കുന്നതുപോലും നബി (സ) വിലക്കിയതായി കാണാം. വാഹനത്തിന് പുറകില്‍ അടിമയെ നടത്തി വാഹനയാത്ര ചെയ്യുന്ന ഒരാളോട് അബൂഹുറയ്‌റ (റ) പറഞ്ഞു: 'നിന്റെ പിറകില്‍ അവനേയും കയറ്റൂ നിന്റെ സഹോദരനാണവന്‍, നിന്റേതുപോലുള്ള ആത്മാവ് അവനുമുണ്ട്'.

അടിമ മോചനത്തിന് വമ്പിച്ച പ്രാധാന്യം നല്‍കുകയും അതൊരു പുണ്യകര്‍മ്മമായി നിശ്ചയിക്കുകയും ചെയ്ത ഇസ്‌ലാം 10 പേര്‍ക്ക് എഴുത്തും വായനയും പഠിപ്പിച്ച അടിമകളെ മോചിപ്പിച്ച് സ്വതന്ത്രരാക്കുകയുണ്ടായി. അടിമസ്ത്രീയില്‍ യജമാനനുണ്ടാകുന്ന കുട്ടികള്‍ സ്വതന്ത്രരായിരിക്കുമെന്നും യജമാനന്റെ മരണത്തോടെ ആ സ്ത്രീ സ്വതന്ത്രയാവുമെന്നും പ്രഖ്യാപിച്ചു. യുദ്ധത്തിലൂടെയല്ലാതെ ഒരാളെ അടിമയാക്കാവുന്ന എല്ലാ സമ്പ്രദായങ്ങളും വിരോധിച്ചു. ശത്രുക്കള്‍ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുമ്പോള്‍ ഇതല്ലാതെ ഒരുവഴി അന്നുണ്ടായിരുന്നില്ല. അബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ അടിമത്തം നിരോധിക്കുന്നതുവരെയും ലോകത്ത് അടിമത്തം നിലനിന്നിരുന്നു. അടിമ സമ്പ്രദായത്തിന്റെ പേരില്‍ ഇസ്‌ലാമിനെതിരെ മുന്‍കാലങ്ങളില്‍ ആരും ആരോപണം ഉയര്‍ത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അടിമത്തം ലോകത്ത് നിന്ന് തുടച്ച് മാറ്റപ്പെട്ട ശേഷം അതിന്റെ പേരില്‍ ഇസ്‌ലാ മിനെ വിമര്‍ശിക്കുന്നവര്‍ക്ക് വേറെ ലക്ഷ്യമാണുള്ളത്. പുതിയ രൂപത്തില്‍ അടിമത്തം തിരിച്ച് വരുന്നതിനെ ഒരു നിലക്കും ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്ന താണ് സത്യം.

അടിമവേലയും - ഇബാദത്തും
ഒരടിമ തന്റെ യജമാനന് അടിമവേല ചെയ്യുന്നത് അവനെ ആരാധിക്കുന്നതിന് തുല്യമാണ് എന്ന വ്യാ ഖ്യാനം പില്‍ക്കാലത്ത് ചിലര്‍ നടത്തിയിരുന്നു. രാഷ് ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ദുര്‍വ്യാഖ്യാനം മാത്രമായിരുന്നു അത്. 'നബി (സ)ക്ക് അടിമകളും ഉണ്ടായിരുന്നു. അവര്‍ യജമാനന്മാര്‍ക്ക് അടിമവേല ചെയ്യുന്നതിനെ തൗഹീദിന് വിരുദ്ധമായി നബി (സ) ഗണിച്ചിട്ടില്ല. അടിമവേല യജമാനന്മാര്‍ക്ക് അര്‍പ്പിച്ചുകൊണ്ട് തന്നെ അവര്‍ ഇബാദത്ത് (ആരാധന) അല്ലാഹുവിന്ന് മാത്രം അര്‍പ്പിക്കുന്ന ഏകദൈവ വിശ്വാസികളായി ജീവിച്ചു. അതിനാല്‍ ഇബാദത്തിന് അടിമവേല എന്ന പരിഭാഷ അനുയോജ്യമല്ല. പ്രസിദ്ധ ഭാഷാ നിഘണ്ടുവായ ലിസാനുല്‍ അറബില്‍ പറയുന്നു; 'അടിമ യജമാനന് അടിമവേല ചെയ്താല്‍ ഇബാദത്ത് ചെയ്തു എന്ന് പറയുകയില്ല' അടിമവേല യും ഇബാദത്തും ഒന്നല്ലെന്ന് വ്യക്തം. ഈ അര്‍ത്ഥ കല്‍പനയില്‍ അറബികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല' (ഇസ്‌ലാം, വിശ്വാസ ദര്‍ശനം പേജ് 587). നബി (സ)ക്ക് പോലും അടിമകളുണ്ടായിരുന്നു. അവരുടെ അനുസരണയും പ്രവര്‍ത്തിയും നബി (സ)യെ ആരാധിക്കലായിരുന്നില്ലല്ലോ.

ജാതീയതയുടെ വേരുകള്‍
അടിമസമ്പ്രദായം ഔദ്യോഗികമായി ഇന്ന് നിലനില്‍ക്കുന്നില്ലെങ്കിലും ജാതീയത വളരെ ശക്തമായി കാണപ്പെടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് അതിഭീകരമാംവിധമാണ് ഇന്നും നിലനില്ക്കുന്നത്. അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും വി ടി ഭട്ടതിരിപ്പാടും കുറേയേറെ പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും പലരുടെയും മനസ്സില്‍ ജാതീയതക്ക് തന്നെയാണ് ഇന്നും സ്ഥാനമുള്ളത്. കുമാരനാശാന്‍ തന്റെ കവിതകളിലൂടെ ജാതിക്കോമരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഒരു പൂന്തോട്ടത്തിലെ വ്യത്യസ്ത വര്‍ണ്ണവും രൂപവുമുള്ള പൂക്കളായി മനുഷ്യ വര്‍ഗ്ഗത്തെ കാണണമെന്നാണ് 'ദുരവസ്ഥ' എന്ന പ്രസിദ്ധ കവിതയിലൂടെ കുമാരനാശാന്‍ ആഹ്വാനം ചെയ്തത്.

ജനനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വിഭിന്ന തട്ടുകളായി നിശ്ചയിക്കുന്ന പ്രാകൃത വ്യവസ്ഥയാണ് ജാതീയത. ആര്‍ഷ ഭാരതം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ ജാതീയത അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപത്തില്‍ നിലനിന്നിരുന്നു. വേദങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍ എന്നിവയിലെല്ലാം ജാതിക്കനുകൂലമായ പരാമര്‍ശങ്ങള്‍ കാണാം. 'ശൂദ്രന്‍ നിന്ദ, ഈര്‍ഷ്യത, അഹങ്കാരം തുടങ്ങിയ മനോദോഷങ്ങള്‍ വെടിഞ്ഞ് ബ്രാഹ്മണ, ക്ഷത്രിയ വൈശ്യന്മാരെ ശുശ്രൂഷിക്കുകയും അതില്‍നിന്ന് കിട്ടുന്നതുകൊണ്ട് ജീവിക്കുകയും വേണം' (മനുസ്മൃതി 1:81-91) ശൂദ്രന് സ്വന്തമായ സ്വത്തവകാശമില്ല. ഉള്ളത് അവന്റെ യജമാനന് സ്വന്തമായിരിക്കും. അവര്‍ എപ്പോഴും മറ്റ് ഉയര്‍ന്ന ജാതിക്കാരുടെ അടിമകളായി കഴിയണം എന്ന സിദ്ധാന്തമായിരുന്നു നിലനിന്നിരുന്നത്.

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏറ്റവും സുപ്രധാനമായ ആശയങ്ങളിലൊന്ന് 'ഒരേയൊരു ദൈവം ഒരൊറ്റ ജനത' എന്നതാണ് പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനുമായ ഏക ദൈവം മാത്രമാണ് യഥാര്‍ത്ഥ ആരാധ്യന്‍. പ്രപഞ്ചത്തിലെ സകല വസ്തുക്കളും അവന്റെ മാത്രം സൃഷ്ടികളാണ്. കറുത്തവനും വെളുത്തവനും ഉയരം കൂടിയവനും കുറഞ്ഞവനും സുന്ദരനും വിരൂപനും സ്ത്രീയും പുരുഷനും എല്ലാം അവന്റെ സൃഷ്ടിവൈഭവത്തിന്റെയും വൈവിധ്യങ്ങളുടെയും നിദര്‍ശനങ്ങളാണ്. ഓരോ വ്യക്തിക്കും സ്വതന്ത്രമായ അസ്തിത്വവും വ്യക്തിത്വവും ലഭ്യമായിത്തീരാന്‍ ഈ വൈവിധ്യം സഹായിക്കുന്നു 'നിങ്ങളെ വംശങ്ങളും ഗോത്രങ്ങളുമായി തിരിച്ചത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്' എന്നും അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ഒരൊറ്റ സമൂഹമാക്കുമായിരുന്നു ' എന്നും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു. മനുഷ്യന്‍ എന്ന നിലക്ക് ഒരു ഏകകമായും തുല്യാവകാശങ്ങള്‍ അനുഭവിക്കേണ്ടവരെയുമാണ് അവന്‍ സംവിധാനിച്ചിട്ടുള്ളത്. 'നിശ്ചയം നിങ്ങളുടെ ഭാഷകളും വര്‍ണ്ണങ്ങളും വിഭിന്നമായതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്' എന്ന ക്വുര്‍ആന്‍ വചനം ഇതിലേക്കുള്ള സൂചനയാണ്. അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ മഹത്വമില്ല. നിങ്ങളെല്ലാം ആദമില്‍ നിന്നും ആദമാകട്ടെ മണ്ണില്‍നിന്നും സൃഷടിക്കപ്പെട്ടവനാണ്' എന്ന നബി (സ) യുടെ പ്രഖ്യാപനം വളരെ പ്രസക്തമത്രേ.

മതമോ ജാതിയോ ആകാരരൂപമോ നോക്കാതെ മുഴുവന്‍ മനുഷ്യരെയും സമഭാവനയോടെ കാണണമെന്നാണ് ഇസ്‌ലാമിക ദര്‍ശനം. അവര്‍ണ്ണനായ ഒരു അടിമയാണ് അധികാരത്തില്‍ വരുന്നതെങ്കിലും അവനെ അനുസരിക്കണമെന്നാണ് പ്രവാചക നിര്‍ദ്ദേശം. ദുര്‍ബലവിഭാഗമായ അടിമകള്‍, അബലകള്‍, തൊഴിലാളികള്‍ എന്നിവരെ അവഗണിക്കുന്നതിനെതിരെ നബി (സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജന്മമോ തറവാടോ ഒരാളെ മഹാനാക്കുന്നില്ല. അവന്റെ കര്‍മ്മങ്ങളാണ് അവനെ ഉന്നതനാക്കുന്നത്. തിയ്യിനാല്‍ സൃഷ്ടിക്കപ്പെട്ട ഇബ്‌ലീസ് അഹന്ത നിമിത്തം, മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട ആദമിന്ന് സുജൂദ് ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ അല്ലാഹു അവനെ ശപിക്കുകയാണുണ്ടായത്. ഖിബ്തി വംശജനായ ഫിര്‍ഔന്‍ ഇസ്‌റാഈല്‍ വംശത്തോട് ക്രൂരത കാണിച്ചപ്പോള്‍ അവര്‍ നശിപ്പിക്കപ്പെട്ട ചരിത്രവും ക്വുര്‍ആന്‍ വിശദീകരിക്കുന്നു.

ഒരു ദുര്‍ബല നിമിഷത്തില്‍ അബൂദര്‍റ് (റ) ബിലാല്‍ (റ) വിനെ കറുത്തവളുടെ മകനേ എന്ന് വിളിച്ചപ്പോള്‍ നബി (സ) ശകാരിച്ചുകൊണ്ട് പറഞ്ഞത് 'നിന്നില്‍ ജാഹിലിയ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നു' എന്നാണ്. അടിമയുടെ മകനേ' എന്നു വിളിച്ച ഒരു സംഭവത്തില്‍ ഉമര്‍ (റ) ചോദിച്ചത്. 'എപ്പോഴാണ് നീ ജനങ്ങളെ അടിമകളാക്കിയത്, അവരെ അവരുടെ മാതാക്കള്‍ സ്വതന്ത്രരായി പ്രസവിച്ചു എന്നിരിക്കെ ' എന്നായിരുന്നു. ജാതി ചിന്തയില്ലാത്ത ഇസ്‌ലാമിന്റെ സമത്വവീക്ഷണം ലോകത്തിന് സമ്മാനിച്ചത് ഒരു ഉന്നത സംസ്‌കാരമായിരുന്നു. ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിക്കാന്‍ ഏറെ സഹായിച്ചത് ജാതിചിന്തകള്‍ക്കതീതമായ അതിന്റെ കാഴ്ചപ്പാടുകളായിരുന്നുവെന്ന് ചിന്തകനും രാഷ്ട്രീയ വിചക്ഷണനുമായ ജവഹര്‍ലാല്‍ നെഹ്‌റു രേഖപ്പെടുത്തിയിട്ടുണ്ട്.

കുറേയേറെ ഗുണപരമായ മാറ്റം ഈ രംഗത്ത് സംജാതമായിട്ടുണ്ടെങ്കിലും ജാതീയതയുടെ വേരുകള്‍ ഇപ്പോഴും തളിര്‍ത്ത് നില്‍ക്കുന്നുണ്ട്. ദളിതരെ ഇന്ന് രണ്ടാം കണ്ണുകൊണ്ട് കാണുന്ന സവര്‍ണ്ണ മനസ്സുകള്‍ നിലനില്‍ക്കുന്നു. വൃത്തികെട്ടതും, മോശമായ അര്‍ഥം ധ്വനിക്കുന്നതുമായ പേരുകളാണ് ദളിതന് ഇന്നും നല്‍കികൊണ്ടിരിക്കുന്നത്. താഴ്ന്ന ജാതിക്കാര്‍ വിദ്യാഭ്യാസപരമായി ഉയരാന്‍ ശ്രമിക്കുമ്പോള്‍ അവരെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമം നടക്കുന്ന വാര്‍ത്തകളാണ് രാജ്യത്തെ ഉന്നത കലാലയങ്ങളില്‍നിന്നുപോലും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പിന്നാക്ക വിഭാഗക്കാരും ദളിത് സമൂഹാംഗങ്ങളും രാജ്യത്തെ രണ്ടാംകിട പൗരന്മാരായി കരുതപ്പെടുന്ന സാഹചര്യം ഭീതിജനകമാണ്.

ജാതീയതക്കും വിഭാഗീയതക്കും അതീതമായി മനുഷ്യരെ മുഴുവന്‍ ഒന്നായി കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദ്ദവും സൃഷ്ടിക്കാന്‍ സാധ്യമാവൂ. ഇസ്‌ലാം മുന്നോട്ട് വെച്ച ദര്‍ശനം സമത്വത്തിന്റെയും സമഭാവയുടേതുമാണ്. വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എല്ലാവരുടേയും സ്രഷ്ടാവായ നാഥനെ മാത്രം ആരാധിക്കുകയും അവന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന ചിന്തയോടെ ജീവിക്കാന്‍ ശ്രമിക്കുകയുമാണ് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ കരണീയമായിട്ടുള്ളത്.

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ