Wednesday, March 30, 2016

തബ്‌ലീഗ് ജമാഅത്തും വ്യതിയാനങ്ങളും | പി കെ മൊയ്തീന്‍ സുല്ലമിതബ്‌ലീഗ് ജമാഅത്ത് എന്ന പേര് വാക്കിലും അര്‍ഥത്തിലും കേള്‍ക്കാന്‍ സുന്ദരമാണ്. ജമാഅതുത്തബ്‌ലീഗ് എന്ന വാക്കിന്റെ അര്‍ഥം പ്രബോധകസംഘം എന്നാണ്. സംഘടനയുടെ പേരുപോലെ തന്നെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വേഷവും സ്വഭാവങ്ങളും ആകര്‍ഷകമാണ്. പക്ഷെ പ്രസ്തുത സംഘടന ഇസ്‌ലാമികാദര്‍ശ പ്രകാരം ഒരുപാട് വ്യതിയാനങ്ങള്‍ നിറഞ്ഞതാണ് എന്ന യാഥാര്‍ഥ്യം അതില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും അറിഞ്ഞുകൂടാ. ഇവരുടെ ലക്ഷ്യം പരലോക വിജയമാണെങ്കിലും അതിലേക്കുള്ള മാര്‍ഗവും പ്രമാണങ്ങളും പൂര്‍ണമായും ഇസ്‌ലാമികമല്ല. ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാം.

ഒന്ന്) സത്യവിശ്വാസികള്‍ പ്രമാണമായി സ്വീകരിക്കേണ്ടത് ഖുര്‍ആനും സുന്നത്തുമാണെന്നത് മുസ്‌ലിം ലോകത്ത് തര്‍ക്കമില്ലാത്ത കാര്യമാണല്ലോ. എന്നാല്‍ തബ്‌ലീഗ് ജമാഅത്തുകാര്‍ പ്രമാണമാക്കി ജീവിക്കുന്നത് സൂഫിയും ഹനഫീ മദ്ഹബുകാരനുമായ മുഹമ്മദ് ഇല്‍യാസ് എന്ന വ്യക്തിയെയാണ്. അവര്‍ ജനങ്ങളെ പഠിപ്പിക്കുന്നത് ഖുര്‍ആനോ സുന്നത്തോ അല്ല, മറിച്ച് അല്‍ബലാഗ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ചില കഥകളാണ്.

രണ്ട്) ഇവര്‍ പ്രബോധനരംഗത്തും പ്രവര്‍ത്തന രംഗത്തും ഒന്നാംസ്ഥാനം നല്കുന്നത് തൗഹീദിനല്ല. മറിച്ച് നമസ്‌കാരത്തിനാണ്. അതുകൊണ്ടു തന്നെ തബ്‌ലീഗ് ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ആളുകളും ശിര്‍ക്കില്‍ നിന്ന് മുക്തരല്ല. പ്രവാചകന്മാരും സത്യവിശ്വാസികളും എക്കാലത്തും പ്രബോധനരംഗത്ത് ഒന്നാം സ്ഥാനം നല്കിവരുന്നത് തൗഹീദിനാണ്. ''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ താങ്കള്‍ക്കു മുമ്പ് ഒരു ദൂതനെയും അയച്ചിട്ടില്ല'' (അന്‍ബിയാഅ് 25). നബി(സ) പറയുന്നു: ''ഞാനും എനിക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള പ്രവാചകന്മാരും പറഞ്ഞിട്ടുള്ള വചനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ലാഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ വചനമാണ്'' (മാലിക്, തിര്‍മിദി, മുവത്വ 1:215)

ഇവര്‍ക്ക് തൗഹീദുര്‍റുബൂബിയ്യത്ത് (സംരക്ഷണത്തിലെ ഏകത്വം) മാത്രമേയുള്ളൂ. തൗഹീദുല്‍ ഉലൂഹിയത്ത് (ആരാധനയിലെ ഏകത്വം) ഇല്ല എന്നതാണ് വസ്തുത. കേരളത്തിലെ സമസ്തക്കാര്‍ നിലനിര്‍ത്തിപ്പോരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവരും നിലനിര്‍ത്തിപ്പോരുന്നു എന്ന കാര്യം ഇവരുടെ ഗ്രന്ഥങ്ങള്‍ തന്നെ തെളിയിക്കുന്നു. നബി(സ)യെ വസീലയാക്കി പ്രാര്‍ഥിക്കാമെന്ന് സമസ്തക്കാര്‍ സൂറത്തുന്നിസാഇലെ 64-ാം വചനം ദുര്‍വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതേ വാദം ഇവരും അംഗീകരിക്കുന്നു. ആദം നബി(അ) പോലും നബി(സ)യെ തവസ്സുലാക്കി പ്രാര്‍ഥിച്ചു എന്ന് ഇവര്‍ രേഖപ്പെടുത്തുന്നു. (സ്വലാത്തിന്റെ മഹത്വങ്ങള്‍, പേജ് 33)

മൂന്ന്) ഏതുതരം ശിര്‍ക്കും കുഫ്‌റും ചെയ്യുന്ന വ്യക്തികള്‍ക്കും അവരോടൊപ്പം അണിചേരാം. നമസ്‌കാരം നിലനിര്‍ത്തിയാല്‍ മാത്രം മതി. ഏതു ത്വരീഖത്തുകാരനും അവരോടൊപ്പം പ്രവര്‍ത്തിക്കാം. അവരുടെ നേതാവിനെ പ്രശംസിച്ചുകൊണ്ട് രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ''ചിശ്ത്തിയ്യ, ഖാദിരിയ്യ, മാതുരീദിയ്യ, നഖ്ശബന്ദിയ്യ എന്നിങ്ങനെ നാലു ത്വരീഖത്തിന്റെ ശൈഖാണ് സകരിയ്യാ സാഹിബ്''(തബ്‌ലീഗിന്റെ മഹത്വങ്ങള്‍, മുഖവുര, പേജ് 3). ത്വരീഖത്തുകാരെപ്പോലെ തന്നെ ശൈഖിന്റെ മുന്നില്‍ എല്ലാം അര്‍പ്പിച്ച് മയ്യിത്തുപോലെ കിടക്കണം എന്നത് ഇവരുടെ ദര്‍ശനമാണ് (അമലുകളുടെ മഹത്വങ്ങള്‍, പേജ് 395,396).

നാല്) സമസ്തക്കാരെപ്പോലെ മദ്ഹബുകള്‍ നിര്‍ബന്ധമാണെന്ന് ഇവരും വാദിക്കുന്നു. സമസ്തക്കാര്‍ മദ്ഹബ് വലിച്ചെറിഞ്ഞ് നാട്ടാചാരം സ്വീകരിക്കുന്നു. ഇവര്‍ മദ്ഹബ് വലിച്ചെറിഞ്ഞു മുഹമ്മദ് ഇല്‍യാസിനെ അന്ധമായി അനുകരിക്കുന്നു. സമസ്തക്കാരെപ്പോലെ സ്ത്രീപള്ളി പ്രവേശനം ഇവര്‍ക്കും ഹറാമാണ്.

അഞ്ച്) ഹഖ്ഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവ മുന്‍നിര്‍ത്തി തവസ്സുല്‍ ചെയ്യല്‍ ഇവരും അനുവദനീയമാക്കുന്നു. (അമലുകളുടെ മഹത്വങ്ങള്‍, പേജ് 94.)

ആറ്) മഹത്തുക്കള്‍ മുഖേന പരലോകത്ത് പാപമോചനം ലഭിക്കും എന്ന ശിര്‍ക്കന്‍ വാദവും ഇവര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. (അമലുകളുടെ മഹത്വങ്ങള്‍, പേജ് 353)

ഏഴ്) നന്മ കല്പിക്കാറുണ്ടെങ്കിലും തിന്മ നിരോധിക്കല്‍ പ്രവര്‍ത്തി പഥത്തില്‍ ഇല്ല. പ്രത്യേകിച്ചും ശിര്‍ക്ക് അവര്‍ വിരോധിക്കാറില്ല.

അല്ലാഹുവല്ലാത്ത മഹത്തുകളോട് സഹായപ്രാര്‍ഥന നടത്തുന്നവരാണ് സമൂഹം പൊതുവില്‍. ശിര്‍ക്ക് എന്ന പാപം സകല സല്‍ക്കര്‍മങ്ങളെയും നിഷ്ഫലമാക്കിക്കളയും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അക്കാര്യം തബ്‌ലീഗ് ജമാഅത്തിലെ നേതാക്കള്‍ അവരുടെ അനുയായികളെ പഠിപ്പിക്കാറില്ല. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും താങ്കള്‍ക്കും താങ്കളുടെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇപ്രകാരമാകുന്നു. താങ്കള്‍ അല്ലാഹുവിന് പങ്കുകാരനെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും താങ്കളുടെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും താങ്കള്‍ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.''(സുമര്‍ 65)

തബ്‌ലീഗ് ജമാഅത്തുകാരെ സംബന്ധിച്ചേടത്തോളം നമസ്‌കാരം നിലനിര്‍ത്തിയാല്‍ മതി. നമസ്‌കാരം ഉള്‍പ്പെടെ എല്ലാ സല്‍കര്‍മങ്ങളെയും ബാത്വിലാക്കിക്കളയുന്ന ശിര്‍ക്കിനെ അവര്‍ ഒട്ടും ഭയപ്പെടാറില്ല. അതിനെ അവര്‍ എതിര്‍ക്കാതിരിക്കുന്നത്, എതിര്‍ത്താല്‍ അവരുടെ സംഘടന തന്നെ നിലനില്ക്കുകയില്ല എന്നതുകൊണ്ടും പണ്ഡിതനും പാമരനും ഒരേ അന്ധവിശ്വാസത്തില്‍ ഉറച്ചു നില്ക്കുന്നവരാണെങ്കില്‍ ആര്‍ക്കും ആരെയും എതിര്‍ക്കാന്‍ അവകാശമില്ല എന്നതുകൊണ്ടുമാണ്.

എട്ട്) ഇവരുടെ പ്രബോധന മേഖല പള്ളികളാണ്. പള്ളികളിലിരുന്ന് അവരുടെ നേതാവെന്ന പേരിലറിയപ്പെടുന്ന പണ്ഡിതന്‍, അവരുടെ തന്നെ മറ്റൊരു പണ്ഡിതന്‍ എഴുതിയ ഒരു കഥാപുസ്തകം വായിച്ചുകൊടുക്കലാണ് ഇവരുടെ പ്രബോധനരീതി. പ്രസ്തുത പുസ്തകത്തില്‍ നിര്‍മിതങ്ങളും ദുര്‍ബലങ്ങളുമായ കഥകളായിരിക്കും ബഹുഭൂരിപക്ഷവും. അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയെന്ന അജണ്ടയും ഇവര്‍ക്കില്ല. കാരണം ഇവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അധികവും പള്ളികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്.

ഒന്‍പത്) ഇവര്‍ ജനങ്ങളെ പഠിപ്പിക്കാറുള്ളത് ഫദ്വാഇലുകള്‍ (ശ്രേഷ്ഠതകള്‍) മാത്രമാണ്. അഥവാ ചെറിയ കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ചെറിയ കുറ്റങ്ങള്‍ക്ക് വലിയ ശിക്ഷ അറിയിക്കുന്നതുമായി ഒരുപാട് റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. ഇവയില്‍ മിക്കതും ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ തള്ളിയതും തെളിവിനു കൊള്ളാത്തതുമായ നിര്‍മിതങ്ങളോ ദുര്‍ബലങ്ങളോ ആയിട്ടുള്ള വാറോലകളാണ്. ഇസ്‌ലാം പ്രതിഫലം വാഗ്ദാനം ചെയ്യുന്നത് ദൃഢമായ ഏകദൈവ വിശ്വാസത്തിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള ത്യാഗസമ്പൂര്‍ണമായ കര്‍മങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഭൗതികമായി കണ്ണഞ്ചിപ്പിക്കുന്ന പല പ്രസ്ഥാനങ്ങളും ആത്മീയമായി വിലയിരുത്തുമ്പോള്‍ വട്ടപ്പൂജ്യമായിരിക്കും എന്ന് ഓര്‍ക്കുക.


2 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Slave of Allah said...

അമലുകളുടെമഹത്വം എന്നബുക്കിൽ താങ്കൾ പറഞ്ഞ പേജുണ്ട് ,പക്ഷെ അവിടെ താങ്കൾ പറഞ്ഞ കാര്യങ്ങളെവിടെ സുല്ലമീ...?

Slave of Allah said...

അമലുകളുടെമഹത്വം എന്നബുക്കിൽ താങ്കൾ പറഞ്ഞ പേജുണ്ട് ,പക്ഷെ അവിടെ താങ്കൾ പറഞ്ഞ കാര്യങ്ങളെവിടെ സുല്ലമീ...?

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ