
മതത്തെ മൗലികമായി ഉള്‍ക്കൊള്ളുകയും അത് പ്രായോഗികമാക്കി ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ക്കല്ലല്ലോ ഇപ്പോള്‍ 'മതമൗലികവാദി' എന്ന സംജ്ഞ പ്രയോഗിക്കപ്പെടുന്നത്. അതുപോലെതന്നെയാണ് 'യുക്തിവാദി' എന്ന പദവും. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിക്കുകയും യുക്തിഭദ്രമായി അവലോകനം നടത്തുകയും ചെയ്യുന്നവനല്ല ഇന്നത്തെ പ്രയോഗമനുസരിച്ച് യുക്തിവാദി. നേരെമറിച്ച്, മതനിരാസവും മാനവികതയ്ക്ക് വിരുദ്ധമായ നയവും ആദര്‍ശമായി സ്വീകരിച്ച് എന്തിനെയും തള്ളിപ്പറയുകയും തങ്ങള്‍ക്ക് ഒന്നും ബാധകമല്ലെന്നു വിചാരിക്കുകയും ചെയ്യുന്ന ചിലയാളുകള്‍ തങ്ങള്‍ യുക്തിവാദികളാണെന്ന് സ്വയം വിശേഷിപ്പിക്കാറുണ്ട്. അത്തരത്തില്‍ വിവിധ ഗ്രൂപ്പുകള്‍ നമ്മുടെ നാട്ടിലുമുണ്ട്. വ്യക്തമായ ആദര്‍ശമില്ല, നിയതമായ പ്രമാണങ്ങളില്ല, എന്നിട്ടുമെന്തിന് വിവിധ ഗ്രൂപ്പുകള്‍ എന്ന ചോദ്യത്തിന് ശരിയുത്തരം നമുക്കറിയില്ല. മതനിരാസ വാദികളുടെതായി വിവിധ പ്രസിദ്ധീകരണങ്ങളും കണ്ടുവരുന്നു. ഇവരില്‍ ചിലര്‍ക്ക് താത്പര്യം ഇസ്‌ലാമിനെയും വിശുദ്ധ ഖുര്‍ആനിനെയും താറടിച്ചുകാണിക്കുക എന്നതാണ്. കഥയറിയാതെ ആട്ടം കാണുക എന്നുപറഞ്ഞതുപോലെ ചില പാവങ്ങള്‍ ഇത്തരം വസ്‌വാസുകളില്‍പെട്ട് ചില ചോദ്യങ്ങളുമായി വരാറുണ്ട്. ചോദ്യം ചിലപ്പോള്‍ വെല്ലുവിളിയാകും. അതില്‍പെട്ടതാണ് ഏതാനും ആഴ്ചകളിലായി കോഴിക്കോട്ടും പരിസരത്തുമൊക്കെയുള്ള ഒരു യുക്തിവാദിസംഘം മുസ്‌ലിം സംഘടനകളെയും പണ്ഡിതന്മാരെയും ഒക്കെ സംവാദത്തിന് ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് ഈ സംഘവുമായി ആശയസംവാദം നടത്തുകയുണ്ടായി.