Showing posts with label അത്തൗഹീദ്. Show all posts
Showing posts with label അത്തൗഹീദ്. Show all posts

Wednesday, March 23, 2016

വര്‍ണ വൈജാത്യത്തിന്റെ രാഷ്ട്രീയം | കെ പി ഖാലിദ്


''ബ്രഹ്മാവ് ബ്രാഹ്മണനെ സ്വന്തം വായില്‍ നിന്നും ക്ഷത്രിയനെ തോളില്‍ നിന്നും വൈശ്യനെ തുടയില്‍ നിന്നും ശൂദ്രനെ പാദത്തില്‍ നിന്നും സൃഷ്ടിച്ചു.'' (മനു നിയമം 1-31)

മനുഷ്യസൃഷ്ടിയുടെ ആരൂഢങ്ങളിലേക്കിറങ്ങുന്ന വേദ ഹിന്ദുത്വം മനു എന്ന ഋഷിയിലൂടെ ചെന്നെത്തുന്ന സൃഷ്ടി രഹസ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. മനുഷ്യകുലത്തെ നാലു വര്‍ണങ്ങളിലാക്കി വിഭജനത്തിലൂടെ വിവേചനത്തിലെത്തിച്ച വര്‍ണാശ്രമ ധര്‍മമെന്ന ആര്യമേധാവിത്വരൂപ രേഖയാണ് വേദങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത 'മനുസ്മൃതി' എന്ന് അറിയപ്പെടുന്ന മനുധര്‍മങ്ങള്‍. മനുസ്മൃതിയാണ് ബ്രാഹ്മണന്‍, 'പ്രകൃതിയുടെ അന്തിമ നിയമ'മെന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉന്നതമായ സിവില്‍ കോഡ്. വര്‍ണ വിഭജനത്തിന്റെ ബീഭത്സമായ മുഖങ്ങളിലേക്കു തിരിച്ചു വെക്കാവുന്ന ഏറ്റവും നല്ല കണ്ണാടിയാണ് മനുസ്മൃതി.

ഋഗ്വേദത്തില്‍ പൊതുവേ രണ്ടു വര്‍ണങ്ങളാണ് കാണാന്‍ കഴിയുന്നത് (ബി സി 1500-1000) ആര്യരും ദാസരും. ആര്യര്‍ ഉന്നതരും ദാസര്‍ അധമരുമായിരുന്നു. ഉന്നതരെ സേവിക്കുന്നതിലൂടെ ദാസര്‍ക്ക് പിന്നീടുള്ള ജന്മങ്ങളില്‍ ബ്രാഹ്മണനായി ജനിക്കാം. ഋഗ്വേദത്തിനു ശേഷം  വന്ന അഥര്‍വ വേദ കാലമായപ്പോഴേക്കും വര്‍ണം നാലാവുകയും ശൂദ്രരുടെ നിര്‍ണയമുണ്ടാവുകയും ചെയ്തു. നാലു വര്‍ണങ്ങള്‍ ക്കുപുറത്തുള്ള ചണ്ഡാളരാവട്ടെ മനുഷ്യ ഗണത്തിനു പുറത്ത് ശ്മശാന ജീവിതത്തിലേക്കു തള്ളിവിടപ്പെടുകയും ചെയ്തു.

പുരാതന ഭാരതത്തില്‍ ആര്യാധിനിവേശത്തിനു മുമ്പുണ്ടായിരുന്ന മതവിഭാഗങ്ങള്‍ ജൈനരും ബുദ്ധരുമായിരുന്നു. ബുദ്ധമതം വിഗ്രഹാരാധനയെ എതിര്‍ത്തിരുന്നു. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ജൈനര്‍ക്കു ശേഷം ബുദ്ധര്‍ വ്യാപകമായി വളര്‍ന്നിരുന്നു. ജാതീയതയുടെ അസ്പൃശ്യതകളെ ബുദ്ധര്‍ കഠിനമായി എതിര്‍ക്കുകയും അതിര്‍ വരമ്പുകളെ ഭേദിച്ച് മുന്നേറുകയും ചെയ്തു. ബുദ്ധ ചക്രവര്‍ത്തിമാരും നാടു വാഴികളും ഈ പാത പൊതുവെ പിന്തുടര്‍ന്നിരുന്നു.

ക്ഷത്രിയരുള്‍പ്പെടുന്ന സമൂഹ വിഭാഗങ്ങളെ ജ്ഞാനബലം കൊണ്ട് അടക്കി വാണിരുന്ന ബ്രാഹ്മണരാണ് അക്കാലത്ത് സിവില്‍ കോഡുകള്‍ നിര്‍മിച്ചുവച്ചിരുന്നത്. ആത്മീയതയും വേദജ്ഞാനവുമായി ജീവിക്കുന്ന ബ്രാഹ്മണ്യ വ്യവസ്ഥിതിയുടെ കാവലാളുകളാണ് എല്ലാ വര്‍ണ വിഭാഗങ്ങളുമെന്ന് മനുസ്മൃതി പോലുള്ള സിവില്‍ കോഡുകള്‍ വച്ച് അവര്‍ സ്ഥാപിച്ചെടുത്തിരുന്നു.

വര്‍ണ വിഭജനമെന്നത് സമൂഹ വ്യവസ്ഥിതിയുടെ നിലനില്പ്പിന്നാധാരമായിട്ടുള്ള 'ക്ലാസിഫിക്കേഷ'നുകളാണെന്നതായിരുന്നു ജാതീയതക്കടിസ്ഥാനമായി ബ്രാഹ്മണ്യം പറഞ്ഞുവച്ചത്. ഉത്തരവാദിത്വത്തിന്റെ അതിരവരമ്പുകള്‍ക്കപ്പുറത്ത് സമൂഹത്തിന്റെ നിലനില്പ് വേദജ്ഞാനികളായ ബ്രാഹ്മണരിലായിരുന്നു. ക്ഷത്രിയര്‍ നാടു ഭരിക്കുമ്പോള്‍ വൈശ്യന്‍ കച്ചവടം ചെയ്ത് സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തണം. ശൂദ്രനാവട്ടെ അടിത്തട്ടിലെ കീഴാളജോലികളിലും വ്യാപൃതനാവണം. കച്ചവടക്കാരന്റെ മകന്‍ കച്ചവടക്കാരനും, ഭരണാധികാരിയുടെ മകന്‍ ഭരണാധികാരിയും കൊല്ലന്റെ മകന്‍ കൊല്ലനുമാവുമ്പോള്‍ തൊഴില്‍ വൈദഗ്ധ്യമുള്ള ഒരു സമൂഹം നിലനില്ക്കും. ഇതാണ് ജാതീയതയെ ന്യായീകരിക്കുന്ന സവര്‍ണമതം ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ആശയങ്ങള്‍! എ ഡി. 400 ല്‍ ഉണ്ടായി എന്നു പറയുന്ന 'മഹാഭാരതം' എന്ന കൃതി ജാതീയതയുടെ രാഷ്ട്രീയ മാനങ്ങള്‍ക്ക് സാധാരണ ജീവിതത്തിന്റെ പകിട്ടുകള്‍ നല്കി. അധമന്‍ അമ്പെയ്ത്ത് കട്ടു പഠിച്ചാലും തള്ളവിരല്‍ ഛേദിക്കപ്പെടുമെന്ന താക്കീത് 'ഏകലവ്യന്‍' എന്ന കഥാപാത്രത്തിലൂടെ ഭാരതീയ ജനതക്കു നല്‍കപ്പെട്ടു! ശൂദ്രന്‍ വേദം കേള്‍ക്കാന്‍ പോലും നില്ക്കരുതെന്നും അങ്ങനെ കേട്ടാല്‍ അവന്റെ ചെവിയില്‍ ലോഹം ഉരുക്കി ഒഴുക്കണമെന്ന മനുനിയമത്തിന്റെ കലാപരമായ ആവിഷ്‌ക്കാരമായിരുന്നു ഏകലവ്യന്റെയും കര്‍ണന്റെയും കഥ പറയുന്ന മഹാഭാരതം.

'ശൂദ്രന് സമ്പത്തുണ്ടാവരുത്. ശൂദ്രന്റെ സമ്പത്ത് ബ്രാഹ്മണനു ദോഷം ചെയ്യും' (മനു നിയമം ഢകകക-417) ജ്ഞാനത്തോടൊപ്പം സമ്പത്തും നിഷേധിക്കപ്പെട്ട അടിമ വര്‍ഗത്തെ സൃഷ്ടിച്ചെടുക്കാന്‍ സവര്‍ണ മേധാവിത്വം തിരഞ്ഞെടുത്ത ഏറ്റവും ബുദ്ധിപൂര്‍വമായ ആശയ സംഹിതയാണ് വര്‍ണാശ്രമ നിയമങ്ങള്‍ എന്നതിന് ഇത്തരം കോഡുകള്‍ തന്നെ തെളിവ്! 'ശൂദ്രന്‍ ഉയര്‍ന്ന ജാതിക്കാരന്റെ കീഴില്‍ സേവനം ചെയ്തു കാലം തീര്‍ക്കണം' (മനു നിയമം 1-91) എന്ന തത്വത്തിലും ഈ അധീശത്വ സൂത്രങ്ങള്‍ തന്നെയാണ് ഒളിഞ്ഞിരിക്കുന്നതും. 'ബ്രഹ്മ' എന്നാല്‍ പരിപാവനമെന്നതിനാല്‍, ആ പരിപാവനതക്കു കീഴില്‍ ഇതര മനുഷ്യര്‍ പ്രഖ്യാപിക്കുന്ന സ്വയം അടിമത്വ പ്രഖ്യാപനമാണ് വര്‍ണ ജാതി വിഭജനത്തിന്റെ സത്ത! നൂറു വയസ്സുള്ള ക്ഷത്രിയന്‍ പോലും പത്തു വയസ്സുള്ള ബ്രാഹ്മണ ബാലനെ പിതാവിന്റെ സ്ഥാനത്ത് കാണണം (മനു. 11-139) എന്നതിനര്‍ഥം പ്രായഭേദമന്യേ സ്വയം എടുത്തണിയുന്ന അടിമത്തമാണ് സ്വജനനത്തിലൂടെ ഇതര ജാതികള്‍ ചെയ്യേണ്ടതെന്ന് സാരം.

മുഗള്‍ ഭരണകാലത്ത് ഇന്ത്യയുടെ ജാതീയത നിരവധി തിരിച്ചടികള്‍ നേരിട്ടിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവം സാഹോദര്യത്തിന് അഭിരാമങ്ങായ സ്ഥൂലരൂപങ്ങളുണ്ടെന്ന് കീഴാളര്‍ക്കും ക്ഷത്രിയര്‍ക്കുമൊക്കെ കാണിച്ചുകൊടുത്തു. ബുദ്ധ മതത്തിലുപരി നൈതികതയുടെ കടുത്ത സിവില്‍ കോഡുകള്‍ തൊട്ടുകൂടായ്മക്കും അധമത്വത്തിനുമെതിരെ വാളുകളായി. 1857 ല്‍ മുഗള്‍ഭരണം തരുകയും  ബ്രിട്ടീഷ് ഭരണം വരികയും ചെയ്തതോടെ ജാതീയത അതിന്റെ ഉത്തുംഗതയിലേക്ക് വീണ്ടും കയറിപ്പോയി. ബുദ്ധമതത്തെ എ ഡി എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യരുടെ 'സംവാദ' നിഷ്‌കാസനത്തിലൂടെ നേടി ബംഗാള്‍ ചക്രവര്‍ത്തി ശശാങ്കന്‍ ചെയ്തതുപോലെ ബ്രിട്ടീഷുകാര്‍ ജാതീയതയെ അതിന്റെ എല്ലാ ഭീകരതകളോടെയും തിരിച്ചുകൊണ്ടുവന്നു.

ജാതീയതയിലൂടെ വൈദഗ്ധ്യങ്ങളുടെ ജനിതക കൈമാറ്റവും അധമത്വത്തിന്റെ താത്വിക കൈമാറ്റവും നടക്കുന്നുവെന്ന വേദ ബ്രാഹ്മണ്യത്തെ 'വിഭജനത്തിലൂടെ ഭരണം' എന്ന ആശയം കൈമുതലാക്കിയ ബ്രിട്ടീഷുകാര്‍ വേണ്ടുവോളം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഫലം, മാറുമറയ്ക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ട കീഴാള സ്ത്രീവര്‍ഗം ഇരുളിന്റെ മറവില്‍ ജന്മിത്വത്തിന്റെ കിരാത പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. കേരളത്തില്‍ തോന്നിയ പോലെ 'സംബന്ധം' ചെയ്ത് ബ്രാഹ്മണര്‍ സാമൂഹിക ഘടനയെത്തന്നെ അട്ടിമറിച്ചുകൊണ്ടുള്ള ജനിതക മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

സവര്‍ണ മേധാവിത്വം, ബ്രാഹ്മണ്യത്തിലൂടെ നടത്തിയ സാംസ്‌കാരികവും സാമൂഹികവും രാഷ്ട്രീയവുമായ അവിശ്വസനീയമായ അധിനിവേശമാണ് വേദങ്ങളുടെ സഹായത്തോടെ ഇന്ത്യയില്‍ വര്‍ണ വിഭജനത്തിലൂടെ നടന്നത്. 'മനുസ്മൃതി' എന്ന ഏറ്റവും വലിയ സവര്‍ണ രൂപരേഖയാണ് താത്വികമായി ഈ അധിനിവേശത്തിന് പിന്‍ബലമേകിയ പ്രത്യയശാസ്ത്രം. ഹൈന്ദവതയെ മതത്തിനു പുറത്ത് സനാതന സാംസ്‌കാരികതയായി കാണണമെന്ന് പറയുന്ന സംഘ് പരിവാര്‍ ഉദ്ദേശിക്കുന്നത് ഈ പ്രത്യയ ശാസ്തത്തിന്റെ സംസ്ഥാപനമാണ്.

വേദങ്ങളില്‍ സ്രഷ്ടാവ് ബ്രഹ്മാവാണ്. സൃഷ്ടിയില്‍ നടത്തിയ വിവേചനം മനുഷ്യകുലത്തിന്റെ നിലനില്പിന്റെ ആധാരമാണെന്ന് വാദിക്കേണ്ടിവരും, ഈ ദൈവിക വിഭജനത്തെ അംഗീകരിക്കുമ്പോള്‍! തന്റെ പാദത്തില്‍ നിന്ന് ഒരു കുലത്തെ പാദസേവര്‍ക്കുവേണ്ടി സൃഷ്ടിച്ചു എന്ന വിശ്വാസം നിരാകരിക്കപ്പെടേണ്ടതാണ്. കാരണം തികഞ്ഞ അടിമ വ്യവസ്ഥിതിയുടെ ന്യായീകരണം പ്രത്യയ ശാസ്ത്രപരമായ സാധൂകരണവുമായി അതു മാറുന്നു. 'ജ്ഞാനം' സവര്‍ണന്റെ മാത്രം കൈമുതലാണെന്നും 'ദേവ കാര്യങ്ങള്‍' അവര്‍ മാത്രമേ അറിയാവൂ എന്നതും അജ്ഞതയെ സാര്‍വദേശീയമാക്കാനുള്ള കൗടില്യമാണ്. അറിവ് നേടുന്നവന്റെ ചെവി ഉരുക്കിയ ലോഹം കൊണ്ട് അടയ്ക്കണം എന്ന സന്ദേശത്തിലുള്ളത് സനാതന മൂല്യങ്ങളല്ല, വന്യമായ അധിനിവേശത്തിന്റെ വൈകൃത ബാഹ്യരൂപമാണ്.


അധ:സ്ഥിത മോചനം ഇസ്‌ലാമില്‍ | ഡോ.സലീം ചെര്‍പ്പുളശ്ശേരി


മുഹമ്മദ് നബി (സ)യുടെ ആഗമനത്തോടെ ജന്മമെടുത്ത ഒരു മതമല്ല ഇസ്‌ലാം. ലോകത്ത് മനുഷ്യവാസമാരംഭിച്ചത് മുതല്‍ എവിടെയൊക്കെ സാമൂഹ്യജീവിത ക്രമങ്ങളുണ്ടായിട്ടുണ്ടോ അവിടെയെല്ലാം ദൈവിക സന്ദേശങ്ങളും ജീവിത ദര്‍ശനങ്ങളും ലഭ്യമായിട്ടുണ്ട് എന്ന് പ്രപഞ്ച സ്രഷ്ടാവ് അറിയിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യസമൂഹത്തിന്റെ പൊതുമതമായിട്ടാണ് ഇസ്‌ലാ മിനെ നമുക്ക് കാണാന്‍ കഴിയുക.

മനുഷ്യസഞ്ചയത്തിന്റെ സൃഷ്ടിപ്പ് കേവലം യന്ത്രോത്പ്പന്നങ്ങളുടെ ഏകരൂപ ഭാവത്തിലല്ല. ഭൗതിക ഘടനയിലെ അവയവങ്ങള്‍ തുല്യമെങ്കിലും രൂപഭാവങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. തൊലിയുടെയും മുടിയുടെയും നിറഭേദങ്ങള്‍, കണ്ണ്, മൂക്ക്, ചെവി, പുരികം തുടങ്ങിയവയിലെ വ്യത്യസ്തതകള്‍ എല്ലാം തന്നെയും ഭൂപ്രകൃതിയുമായും ഭൗമാന്തരീക്ഷ ഘടനകളുമായും ബന്ധപ്പെട്ടുകിടക്കുന്നു. 'മനുഷ്യരേ! നാം നിങ്ങളെ ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം ഗോത്രങ്ങളും വിഭാഗങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാകുന്നു, അല്ലാഹുവിങ്കല്‍ നിങ്ങളിലേറ്റവും ആദരിക്കപ്പെട്ടവന്‍ നിങ്ങളില്‍ ദൈവഭക്തിയുള്ളവനത്രെ'' (വി.ക്വു. 49:13)

മാനവകുലത്തിലേക്ക് നിയോഗിക്കപ്പെട്ട അഖില പ്രവാചകന്മാരും പ്രാഥമികമായി മനുഷ്യരോടാഹ്വാനം ചെയ്തത് മനുഷ്യര്‍ തമ്മിലുള്ളതും പ്രപഞ്ച സൃഷ്ടികളോടുള്ളതുമായ അഭൗതിക വിധേയത്വവും പ്രണാമ പൂജകളും അവസാനിപ്പിക്കണമെന്നും ഏവരും ഒരേയൊരു ദൈവത്തെ മാത്രം ധ്യാനിക്കണമെന്നുമാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ അന്ത്യോപദേശങ്ങള്‍ വെളുത്തവന് കറുത്തവനേക്കാള്‍ യാതൊരു ഔന്നത്യവുമില്ലെന്ന മനുഷ്യാവകാശ പ്രഖ്യാപനം കൂടിയായിരുന്നു.

മനുഷ്യസൃഷ്ടിപ്പിന്റെ വിശിഷ്ടമായ സവിശേഷത അവന്റെ ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തി ആലോചിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ്. ഇതരജീവികളില്‍ നന്നേ പരിമിതവും ജന്മവാസകളിലൊതുങ്ങുന്നതുമായ ഈ പ്രത്യേകത, പക്ഷേ, മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രവിശാലമാണ്. ഈ സവിശേഷതയില്‍ സര്‍വമനുഷ്യരും തുല്യരാണ്. വിശുദ്ധ ക്വുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ മൗലികത ഉണര്‍ത്തുന്നതായി കാണാം.

താന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നിട്ടില്ലാത്ത ഒരു കാലഘട്ടം മനുഷ്യന്റെ മേല്‍ കഴിഞ്ഞുപോയിട്ടില്ലയോ? സങ്കലിത ബീജത്തില്‍നിന്നും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുന്നതിനായി, അങ്ങനെ നാം അവനെ കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു (വി.ക്വു. 76:1, 2).

അവന് നാം രണ്ടു കണ്ണുകളും ഒരു നാക്കും രണ്ട് ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ? തെളിഞ്ഞു നില്ക്കുന്ന രണ്ട് മാര്‍ഗങ്ങള്‍ അവന്ന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. (വി.ക്വു. 91:8-10).

സര്‍വ്വ മനുഷ്യരുടെയും സൃഷ്ടിപ്പിലുള്ള മൗലിക ഘടനയാണ് സ്രഷ്ടാവായ അല്ലാഹു വ്യക്തമാക്കുന്നത്. പക്ഷേ, മനുഷ്യരെ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ മാത്രം.

അതുപോലെത്തന്നെയാണ് സാമൂഹ്യക്രമത്തിലുള്ള മനുഷ്യരുടെ വൈജാത്യങ്ങളും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മനുഷ്യര്‍ക്കുള്ള പരീക്ഷണത്തിന്റെ ഭാഗമാണെന്ന് അല്ലാഹു വിശദീകരിക്കുമ്പോള്‍ അവ കൂടുതല്‍ ലഭിച്ചിട്ടുള്ളവന്‍ ഒട്ടും അഹങ്കരിക്കേണ്ടതില്ലെന്നും അല്പം മാത്രം ലഭിച്ചവന്‍ ഒരിക്കലും നിരാശനാവേണ്ടെന്നുമാണ് പഠിപ്പിക്കുന്നത്. അറിവ്, അധികാരം, സമ്പത്ത്, സന്താനങ്ങള്‍ എന്നിങ്ങനെയുള്ളവയിലെ ആധിക്യവും സമ്പന്നതയുമൊന്നും ആഭിജാത്യത്തിന്റെയും അഭിമാനത്തിന്റെയും അളവുകോലുകളല്ലെന്ന് അടിക്കടി ഉണര്‍ത്തുന്ന ഇസ്‌ലാം അവയെല്ലാം കരഗതമാകുന്നതോടെ കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാവാനാണ് ആവശ്യപ്പെടന്നത്.

വെളുത്ത തൊലി സൗന്ദര്യമായും ഇരുണ്ടതും കറുത്തതുമായ ചര്‍മ്മം വൈരൂപ്യമായും ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയത് എങ്ങനെയെന്ന് നിരൂപിക്കാനാവില്ല. ഒരുപക്ഷേ, വെയിലേല്‍ക്കാതെ, കോട്ടകളിലും കൊട്ടാരങ്ങളിലും കഴിഞ്ഞിരുന്നവര്‍ നിറം കൂടിയവരും വെയിലും ചൂടുമേറ്റ് പണിയെടുത്തിരുന്നവര്‍ക്ക് നിറം മങ്ങിയതുമായിരിക്കാം. തന്നെയുമല്ല, ഭൂപ്രകൃതിക്കനുസരിച്ച് ശരീരപ്രകൃതിയും സംവിധാനിച്ച് അല്ലാഹുതന്നെ അങ്ങനെ സൃഷ്ടിച്ചതുമാകാം. പിന്നീട് ശീതമേഖലകളില്‍നിന്ന് അധിനിവേശം നടത്തിയവര്‍ വര്‍ണമേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തതുമാകാം. ഇന്ത്യയിലുടലെടുത്ത വര്‍ണാശ്രമ വ്യവസ്ഥയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും അവയില്‍നിന്നുല്‍ഭൂതമായ ഉച്ചനീചത്വങ്ങളുടെയും ചരിത്രപശ്ചാത്തലവും ഇതുതന്നെയാകാം. ആര്യന്മാരും മംഗോളിയന്മാരും അഫ്ഗാന്‍ ചൈനീസ് മലഞ്ചെരുവുകളിലൂടെ ഇന്ത്യയില്‍ പ്രവേശിക്കുകയും ഇവിടെയുണ്ടായിരുന്ന ദ്രാവിഡരുടെയും ദളിതുകളുടെയും മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയുമായിരുന്നു. ഈ മേല്‍കോയ്മ ദുര്‍ബലമാകുന്നുണ്ടോ എന്ന ആശങ്കയാണ് സവര്‍ണ ഫാസിസ്റ്റുകളുടെ അസഹിഷ്ണുതയുടെ മന:ശാസ്ത്രം. എന്തുവില നല്‍കിയും അത് നിലനിര്‍ത്തേണ്ടത് സ്വന്തം ദാര്‍ശനിക പ്രതിബദ്ധതയായി അവര്‍ കാണുകയും ചെയ്യുന്നു.

ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക സമഭാവന
അന്യൂനമായ മാനവിക സംസ്‌കൃതിയുടെ മഹനീയ ദര്‍ശനമായ ഇസ്‌ലാം ഇവയൊന്നും അംഗീകരിക്കുന്നില്ല. മനുഷ്യ സമഭാവനയാണത് വിളംബരം ചെയ്യുന്നത്. മുഹമ്മദ് നബി (സ) ക്ക് മുമ്പുള്ള പ്രവാചകന്മാരുടെ ചരിത്രങ്ങളിലെല്ലാം തന്നെ സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളും ദരിദ്രരുമാണ് ദൈവികമതത്തോടൊപ്പം നിന്നിരുന്നതെന്ന് കാണാം. ഭൗതികവും ആത്മീയവുമായ വിമോചന പ്രതീക്ഷ ആ പ്രവാചകരില്‍ അവര്‍ അര്‍പ്പിച്ചു. ദുഷ്ടനും സ്വേഛാധിപതിയുമായിരുന്ന ഫിര്‍ഔനിന്റെ കിരാതമായ അടിമത്തവും പീഡനങ്ങളും ദൈവീകമതത്തിനെതിരാണെന്ന പ്രഖ്യാപനമാണ് മൂസാനബി (സ) നടത്തിയത്. ദൈവികഭരണ സംസ്ഥാപനത്തേക്കാളേറെ ഫിര്‍ഔനിന്റെ കൊടും ക്രൂരതകളില്‍നിന്ന് ഇസ്രായില്യരെ ആ പ്രവാചകന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

മനുഷ്യസമഭാവനയുടേതായ ഇസ്‌ലാമിന്റെ മാനവിക ദര്‍ശനം നിന്ദിതരും പീഡിതരുമായ ധാരാളം സാധുക്കളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചിട്ടുണ്ട്. ഇതര പ്രവാചകന്മാരെപ്പോലെ മുഹമ്മദ് നബി (സ) യോട് മക്കയിലെ പ്രമാണിമാര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാകുന്നു.

ഇസ്‌ലാമിന്റെ മാതൃകാപുരുഷനായ മുഹമ്മദ് നബി (സ)യുടെ ജീവിതത്തില്‍ എവിടെയും മനുഷ്യരെ ഏതെങ്കിലും തരത്തില്‍ വേര്‍തിരിച്ചുകൊണ്ടുള്ള ഇടപെടലുകള്‍ കാണുക സാധ്യമല്ല. ഒരിക്കല്‍ പ്രവാചകന്‍ സമൂഹത്തിലെ പ്രധാനികളുമായി സംസാരിച്ചുകൊണ്ടിരിക്കവെ, അന്ധനായ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം സദസ്സിലേക്ക് വന്നതില്‍ നീരസം പ്രകടിപ്പിച്ച പ്രവാചകനെ അല്ലാഹു തിരുത്തുകയുണ്ടായി. പില്‍കാലത്തുവരുന്നവര്‍ക്ക് പാഠമാകുന്നതിന് ക്വുര്‍ആന്‍ വചനവും അല്ലാഹു അവതരിപ്പിച്ചു.

അദ്ദേഹത്തിന്റെ അടുത്ത് ആ അന്ധന്‍ വന്നതിനാല്‍ അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. (നബിയേ) നിനക്ക് എന്തറിയാം? അയാള്‍ ഒരുപക്ഷേ, പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ (80:1-3).

ഈ സാഹോദര്യവും സമഭാവനയും പ്രവാചക ശിഷ്യരിലും പ്രകടമായിരുന്നു. സുമുഖനും സുന്ദരനുമായിരുന്ന സല്‍മാനുല്‍ ഫാരിസിയും കറുത്ത നീഗ്രോ വംശജനായിരുന്ന ബിലാലും ഒരേ മാതാപിതാക്കളുടെ മക്കളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. മുഹാജിറുകളും അന്‍സാറുകളും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ മകുടഭാവങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. സാമ്പത്തികമായ ഉയര്‍ച്ച താഴ്ചകള്‍ അവരുടെ ഹൃദയങ്ങളെയോ ശരീരങ്ങളെയോ അകറ്റിയിരുന്നില്ല. അല്ലാഹുവിന്റെ മുന്നില്‍ ഇസ്‌ലാമിന്റെ ധര്‍മ്മവീഥിയില്‍ എല്ലാവരും തുല്യരാണെന്ന ബോധമാണല്ലോ അവരുടെ മനസ്സുകളെ കീഴടക്കിയത്. ഭരണകര്‍ത്താവും ഭരണീയരും ഒരുപോലെ ദൈവസൃഷ്ടികളാണെന്നും കര്‍മ്മഫലങ്ങള്‍ കണക്കുനോക്കുമ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഫലപ്പെടുകയുള്ളൂവെന്ന വിശ്വാസമാണ് അവരെ ഈ ഉത്കൃഷ്ടമായ ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്ഥാന ചരിത്രത്തിലേക്ക് നയിച്ചത്. ചരിത്രം സാക്ഷിയായി ഒട്ടേറെ  സന്ദര്‍ഭങ്ങള്‍ പ്രവാചക ജീവിതത്തില്‍ ഇതിന്ന് ഉപോല്‍ബലകമായി നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്‍ മുഹമ്മദ് നബി (സ) യെ സന്ദര്‍ശിക്കാന്‍ പ്രവാചക സദസ്സിലേക്ക് വന്ന പേര്‍ഷ്യക്കാരനായ മനുഷ്യന്‍ ചോദിക്കുന്നത്, നിങ്ങളില്‍ ആരാണ് മുഹമ്മദ് എന്നാണ്. ഇരിപ്പിടത്തിന്റെ പ്രത്യേകതകളോ, വൈയക്തികമായ ഹാവഭാവാദികളോ വേഷഭൂഷാദികളോ ഒന്നുമില്ലാതെ സാധാരണക്കാരുടെ ഇടയിലെ ഒരാള്‍ മാത്രം. പക്ഷേ, സംസാരത്തിലും നേതൃത്വപരിഗണയിലും ആദരവുകള്‍ നല്കപ്പെട്ടിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

പ്രവാചകന്റെ മാതൃകയില്‍നിന്ന്
അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു'' (വി.ക്വു.7:157).

പ്രവാചകന്റെ മാതൃകയില്‍ നിന്ന്:
പ്രവാചക നിയോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ മനുഷ്യന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കുക, വരിഞ്ഞു മുറുക്കപ്പെട്ട സാമൂഹ്യദുരാചാരങ്ങളില്‍ നിന്ന് മോചനം നല്‍കുക എന്നിവയെല്ലാം ഉള്‍പ്പെടുമെന്ന് ഈ വചനം വ്യക്തമാക്കുന്നു. ദുര്‍ബലരും ആലംബഹീനരും പ്രവാചകനില്‍ ആകൃഷ്ടരായതിന്റെ പശ്ചാത്തലം നമുക്കതില്‍നിന്ന് മനസ്സിലാകുന്നു.

തന്റെയും ഇസ്‌ലാമിന്റെയും ശത്രുക്കളോട് മുഹമ്മദ് നബി (സ) യെന്ന മാതൃകാപുരുഷന്‍ എങ്ങനെ പെരുമാറിയിരുന്നുവെന്ന് ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. എല്ലാവരോടും മാന്യമായി പെരുമാറണമെന്ന ക്വുര്‍ആനിക കല്‍പനയുടെ  പ്രാവര്‍ത്തിക രൂപമായിരുന്നു പ്രവാചകന്റെ ഇടപെടലുകള്‍. പാവങ്ങളോടും ദുര്‍ബലരോടുമുള്ള കനിവും ആര്‍ദ്രതയും ആ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ സാമൂഹത്തിലെ ദരിദ്രരും അവഗണിക്കപ്പെട്ടവരുമാണ് പ്രവാചകന്റെ പിന്നില്‍ ആദ്യമായി അണിനിരന്നത്. സാമൂഹിക ഉച്ചനീചത്വങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടവര്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമായതോടെ അധമബോധത്തില്‍ നിന്ന് മുക്തരാവുകയും മനുഷ്യ സാഹോദര്യത്തിന്റെ അവാച്യമായ വികാര വായ്പുകള്‍ ആസ്വദിക്കാനവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു.

ശത്രുക്കളുടെ മര്‍ദ്ദനം അസഹനീയമായ സന്ദര്‍ഭത്തില്‍ അബിസീനിയയിലേക്ക് പോയ അഭയാര്‍ത്ഥികളില്‍പ്പെട്ട ജഅഫര്‍ (റ) അവിടത്തെ രാജാവിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ഹൃദയാവര്‍ജകമായ പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയാണ് 'നമുക്ക് അല്ലാഹു നല്‍കിയിട്ടുള്ള വിഭവങ്ങള്‍, സമ്പത്തുക്കള്‍, പ്രത്യേകമായ അനുഗ്രഹങ്ങള്‍ നമുക്ക് മാത്രമായി  അനുഭവിക്കാനുള്ളവയല്ല. അത് മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടണം. അതുകൊണ്ട് നിര്‍ലോഭമായി ദാനം ചെയ്യുക. സാധുക്കളെ സഹായിക്കണം. അനാഥകളെ സംരക്ഷിക്കലും ഇല്ലാത്തവനെ പരിഗണിക്കലും നമ്മുടെ കര്‍ത്തവ്യമാണ്.

ഇസ്‌ലാമില്‍ അധ:സ്ഥിത വിഭാഗമില്ല
തറവാടിത്തവും കുലീനതയുമുള്ള കുടുംബത്തില്‍ ജനിക്കാത്തതുകൊണ്ടോ സാമ്പത്തിക നിലവാരത്തിലെ കുറവുകൊണ്ടോ ചര്‍മനിറം മങ്ങിയതുകൊണ്ടോ ഒക്കെയാണ് പാര്‍ശ്വവല്‍ക്കരണവും അധമത്വവും നിര്‍ണയിക്കുന്നതെങ്കില്‍ അത്തരം അധ:സ്ഥിതവിഭാഗം ഇസ്‌ലാമിലില്ല തന്നെ. പാവപ്പെട്ടവനും ധനികനും നിറമുള്ളവനും ഇല്ലാത്തവനും നിരക്ഷരനും സാക്ഷരനുമെല്ലാം ഇസ്‌ലാമിക സമൂഹത്തില്‍ ഒരു ചീര്‍പ്പിലെ പല്ലുകള്‍ പോലെ അടുപ്പമുള്ളവരാണ്.

ഒരു യന്ത്രത്തെപ്പോലെ രാപ്പകല്‍ കഠിനജോലികള്‍ക്ക് നിര്‍ബന്ധിക്കപ്പെട്ടിരുന്ന നീഗ്രോ അടിമയായിരുന്ന ബിലാല്‍ മുസ്‌ലിമായപ്പോള്‍ ലഭിച്ച മാനസികോല്ലാസവും മന:ശാന്തിയും ആവാച്യമാണ്. പ്രവാചകന്‍ സ്വന്തം കരങ്ങള്‍കൊണ്ട്  ആശ്‌ളേഷിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയും സന്തോഷവും മറ്റെവിടെനിന്നാണ് ലഭിക്കുക ഇതാണ് ഇസ്‌ലാമിന്റെ  മാതൃക. മുസ്‌ലിംകളുടെ സംഘം ചേര്‍ന്നുള്ള യാത്രകളിലും യുദ്ധപ്പുറപ്പാടുകളിലുമെല്ലാം ഈ മാനുഷിക സമത്വത്തിന്റെ സ്ഫുരണങ്ങള്‍ നമുക്ക് കാണാനാവും. എന്നാല്‍ അവരില്‍ പണക്കാരും പണിക്കാരുമുണ്ടായിരുന്നു. അടിമയും ഉടമയുമുണ്ടായിരുന്നു.  കച്ചവടക്കാരും ഇതര ജോലിക്കാരുമുണ്ടായിരുന്നു. അതൊന്നും അവര്‍ക്കിടയിലുള്ള സാഹോദര്യ പരിഗണനക്ക് വിലങ്ങുതടിയായില്ല.

വിശ്വാസി സമൂഹത്തിന്റെ പ്രഥമ ഗണത്തില്‍ വിഭാഗീയതകളോ ചേരിതിരുവുകളോ ഭൗതിക മാനദണ്ഡങ്ങളാല്‍ വിവിധ തട്ടുകളാക്കി വേര്‍തിരിക്കുന്ന സ്വഭാവമോ ഇല്ല. 'നിങ്ങളെല്ലാം ആദമില്‍നിന്ന്, ആദമോ മണ്ണില്‍നിന്നും' ഇതാണ് ഇസ്‌ലാമിന്റെ മുദ്രാവാക്യം. പക്ഷേ, ഇസ്‌ലാമിന്റെ ജീവിത വിശുദ്ധിക്കനുസരിച്ചും വിശ്വാസദാര്‍ഢ്യത്തിന് അനുസൃതമായും അവന് മഹത്വം കല്പിക്കപ്പെടുന്നു. അത് ദൈവസന്നിധിയില്‍ മാത്രം.

ഉമര്‍ (റ) രാഷ്ട്രം ഭരിക്കുന്ന ഖലീഫയാണ്. റേഷന്‍ വിഹിതമായി ഓരോരുത്തര്‍ക്കും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുണി ഉപയോഗിച്ച് ഖലീഫ വസ്ത്രം ധരിച്ചിരിക്കുന്നു. ഇത് പൊതുവേദിയില്‍ ചോദ്യം ചെയ്യുന്നത് ഒരു സാധാരണ പൗരനാണ്. ഖലീഫ മന്ദസ്മിതം തൂകി. അദ്ദേഹം വിശദീകരിക്കാന്‍ തന്റെ മകനോട് പറയുന്നു. തന്റെ വിഹിതം കൂടി ഉപ്പാക്ക് നല്കിയിട്ടാണ് അല്പം വലുപ്പം കൂടിയ വസ്ത്രം പിതാവ് തയ്പ്പിച്ചതെന്ന് വ്യക്തമാക്കിയപ്പോഴാണ് ജനം ആശ്വസിച്ചത്. 'ശരി എങ്കില്‍ തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞോളൂ, ഞങ്ങള്‍ അനുസരിക്കാം' ജനം പറഞ്ഞു.

എതിര്‍ ശബ്ദമുയര്‍ത്തുന്നവനെ കല്‍തുറങ്കിലടച്ച് ഇല്ലാത്ത കുറ്റപത്രങ്ങള്‍ നല്കി വിചാരണക്കെടുക്കുക പോലും ചെയ്യാതെ പീഡിപ്പിക്കുകയോ വധശിക്ഷക്ക് വരെ വിധേയമാക്കുകയോ ചെയ്യുന്ന വര്‍ത്തമാന കാലത്ത് ഈ ചരിത്രസംഭവം അത്ഭുതത്തോടെ നോക്കിനില്ക്കാനല്ലാതെ ആവുകയില്ല.

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത് ഇസ്‌ലാമില്‍ പലതരത്തിലുള്ള കക്ഷിത്വങ്ങളും വിഭാഗീയതകളും ഉടലെടുത്തു എന്നത് നിഷേധിക്കുന്നില്ല. അവിടെയൊക്കെയും പ്രധാനമായി നമുക്ക് കാണാനാവുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ കയറിക്കൂടിയ കപടവിശ്വാസികളുടെ രാഷ്ട്രീയ ഉപജാപങ്ങളും കുതന്ത്രങ്ങളും, അതോടൊപ്പം കര്‍മാനുഷ്ഠാനങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച പണ്ഡിതശ്രേഷ്ഠരോട് അന്ധമായി വിധേയത്വം പുലര്‍ത്തി ദുരഭിമാനവും ദുര്‍വാശിയും അസഹിഷ്ണുതയിലേക്ക് നയിച്ചതിലൂടെ രൂപപ്പെട്ട സംഘങ്ങളും ചേരികളുമാണ്. ഇസ്‌ലാമിന്റെ പോരായ്മയായി ഇത് ഗണിക്കാവതല്ല.

'സ്വബ്ര്‍' എന്ന ഒറ്റമൂലി
സാമ്പത്തിക സമത്വവും ഇസ്‌ലാം വിഭാവനം ചെയ്യുന്നില്ല. അതുപോലെതന്നെ ഇസ്‌ലാം ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന്, ഇസ്‌ലാം തൊഴിലില്ലായ്മക്ക് ക്ഷേമ രാഷ്ട്രത്തിന് ഇസ്‌ലാം തുടങ്ങിയ ചില മുദ്രാവാക്യങ്ങള്‍ മതരാഷ്ട്രീയവാദികളായ ചിലരില്‍നിന്ന് കേള്‍ക്കാനാവുന്നുണ്ട്. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു പറയുന്നു;

'അല്പമൊക്കെ വിശപ്പ്, ഭയം, സാമ്പത്തിക ഞെരുക്കം, ശാരീരിക പ്രയാസങ്ങള്‍, വിഭവങ്ങളുടെ ദൗര്‍ലഭ്യം മുഖേന നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്' (2:155). ഈ ക്വുര്‍ആന്‍ വചനം ആരംഭിക്കുന്നത് വിശ്വാസികളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. വിശ്വാസികളായി എന്നതുകൊണ്ട് ഇത്തരം പ്രതിസന്ധികളും വിഷമതകളും നിങ്ങള്‍ക്കുണ്ടാവാതിരിക്കില്ല എന്നര്‍ത്ഥം. പ്രവാചകന്മാരുടെയും ഖലീഫമാരുടെയും കാലത്തുപോലും ക്ഷാമവും കാലാവസ്ഥവ്യതിയാനങ്ങളും പകര്‍ച്ചവ്യാധികളും മറ്റും ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതിനെയെല്ലാം പ്രാര്‍ത്ഥനയിലൂടെയും ക്ഷമയിലൂടെയും തരണ ചെയ്യാനാണ് അല്ലാഹു പഠിപ്പിക്കുന്നത്.  'ഞങ്ങളെല്ലാം അല്ലാഹുവിനുള്ളവരാണ്, അവനിലേക്ക് മടങ്ങുന്നവരാണ്' എന്ന അടിസ്ഥാനജീവിത വീക്ഷണത്തിലാണെന്ന് അറിയിക്കുകയും ചെയ്യുന്നു.

അനുഗ്രഹം നല്കപ്പെട്ടവരുടെ ബാധ്യതകള്‍
അവശരുടെയും അശരണരുടെയും പരിദേവനങ്ങള്‍ ശ്രദ്ധിക്കാനും ആവുംവിധം അവരുടെ പതിതാവസ്ഥക്ക് സാന്ത്വനമേകാനും ആവശ്യപ്പെടുന്ന നിരവധി കല്പനാ നിര്‍ദ്ദേശങ്ങള്‍ വിശുദ്ധ ക്വുര്‍ആനില്‍ കാണാം.

സംസാരസൗമ്യതയോടെയായിരിക്കണം (20:44) വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം (2:273). അനാഥകളെ സംരക്ഷിക്കണം (2:220) ചോദിച്ചുവരുന്നവരെ ആട്ടിയോടിക്കരുത് (93 : 10) പുച്ഛത്തിലും പരുഷഭാവത്തിലും ആക്ഷേപിക്കരുത് (3:159) പരിഹസിക്കുകയും കുത്തുവാക്കുപറയുകയുമരുത് (48:11) പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം (107:3) ഉച്ചനീചത്വബോധമുണ്ടാക്കരുത് (49:13) ആരോടും അനീതി ചെയ്യരുത് (5:8) ചെയ്ത ഉപകാരം എടുത്ത് പറയരുത് (2:264) വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം.

പക്ഷപാതിത്വങ്ങള്‍ അരുത് (4:58) കടബാധ്യതയുള്ളവന്‍ ബുദ്ധിമുട്ടിലാണെങ്കില്‍ വിഷമിപ്പിക്കരുത് (2:280) തുടങ്ങിയ ശക്തമായ ആഹ്വാനങ്ങളും ഉപദേശങ്ങളും പരസ്പരം സംതൃപ്തവും വിശ്വാസവും ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ഉത്തമ സാമൂഹ്യസംസ്‌കൃതിയുടെ നിര്‍മിതി ലക്ഷ്യമാക്കിയുള്ളതാണ്. ഇതൊന്നും തന്നെ ഭരണകര്‍ത്താക്കളുടെ കര്‍ക്കശനിയമങ്ങളെന്ന നിലക്ക് നടപ്പിലാക്കപ്പെടേണ്ടതല്ല.  തന്റെ സ്രഷ്ടാവിന്റെ തൃപ്തിയും അതിലൂടെ സ്വര്‍ഗപ്രവേശവും ആഗ്രഹിച്ചുകൊണ്ട് സ്വയം സന്നദ്ധനായി വ്യക്തികള്‍ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരേണ്ടതാണ്. 'നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്നും ദൈവമാര്‍ഗത്തില്‍ ചെലവുചെയ്യുന്നതുവരെ നിങ്ങള്‍ പുണ്യവാന്മാരാവുകയില്ല' (വിശുദ്ധ ക്വുര്‍ആന്‍) എന്ന അറിയിപ്പ് ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുന്നവന് ഏറെ ആശ്വാസകരമാണ്.

അയല്‍ക്കാരോടുള്ള ബാധ്യതകള്‍ വിശദീകരിക്കുമ്പോള്‍ അവന്റെ ജാതിയോ മതമോ പോലും പരിഗണിക്കരുതെന്നാണ് അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്. യാതൊരു തലത്തിലും ദ്രോഹിക്കാനോ ശല്യം ചെയ്യാനോ ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. മറ്റൊരാളുടെ രക്തം, ധനം, അഭിമാനം എന്നിവക്ക് മഹത്തായ പാവനത്വമാണ് ഇസ്‌ലാം കല്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ അല്ലാഹുവിന്റെ പരീക്ഷണത്താല്‍ ഏതെങ്കിലും വിധത്തില്‍ പതിതാവസ്ഥയിലാണെങ്കില്‍ പോലും ആ അവസ്ഥ അവനൊരിക്കലും 'ഫീല്‍' ചെയ്തിട്ടില്ല. അലോസരപ്പെടുത്തുകയില്ല. അതാണ് ഉത്തമമായ മുസ്‌ലിം സമൂഹത്തിന്റെ ശ്രദ്ധേയമായ സവിശേഷത.


പ്രവാചകനും അടിമകളും | സുഫ്‌യാന്‍ അബ്ദുസ്സത്താര്‍



അടിമത്തം ഒരു വ്യവസ്ഥിതിയായി നിലവിലുണ്ടായിരുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. മനുഷ്യനെ ഒരു വില്പനച്ചരക്ക് മാത്രമായി കാണുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ് അടിമത്തത്തെ നിലനിര്‍ത്തിയിരുന്നത്.  അടിമയ്ക്ക് സ്വയം വിമോചിതനാകാനോ സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനോ സാധ്യമായിരുന്നില്ല. കൃഷി മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്. അലഞ്ഞുതിരിഞ്ഞ് നാടോടിയായി ജീവിച്ചിരുന്ന മനുഷ്യനെ സ്ഥിരതാമസക്കാരനും നാട്ടുകാരനുമാക്കിയത് കൃഷിയാണ്. അതേ കൃഷിയുടെ വ്യാപനം തന്നെയാണ് അടിമ സമ്പ്രദായത്തിന് തുടക്കമിട്ടതെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു.  യുദ്ധങ്ങളാണ് ഈ വ്യവസ്ഥിതിക്ക് തുടര്‍ച്ചയുണ്ടാക്കിയത്. പൗരാണികമായ പല സംസ്‌കാരങ്ങളും അത് പരിപോഷിപ്പിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചു. ഇന്ത്യയില്‍ ആധുനിക കാലം വരെയും വിവിധ രൂപത്തില്‍ അടിമത്തം നിലനിന്നിരുന്നു. മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയുള്ള ജാതിവ്യവസ്ഥ അതിന്റെ ഒരു ഉദാഹരണമാണ്.   ദാസ്യവേലക്ക് വേണ്ടി പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടവരാണ് ശുദ്രരെന്നായിരുന്നു വിശ്വാസം.  അടിമകളായി ജനിക്കാന്‍ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ മൃഗതുല്യരായാണ് പരിഗണിച്ചിരുന്നത്, അവരോടുള്ള പെരുമാറ്റം ക്രൂരവും മൃഗീയവുമായിരുന്നു.

പൗരാണിക ഈജിപ്തുകാര്‍ക്കിടയില്‍ അടിമ എന്നത് സമൂഹത്തിന്റെ നിലനില്‍പിന്റെ ഭാഗമായിരുന്നു. അലങ്കാരത്തിനും സേവനത്തിനും വേണ്ടി അടിമകളെ കൊട്ടാരത്തിലേക്ക് വാങ്ങാറുണ്ടായിരുന്നു. അടിമകളോട് നല്ല രൂപത്തിലും മോശം രൂപത്തിലും വര്‍ത്തിക്കുന്ന സ്വഭാവവും പൗരാണിക ഈജിപ്തുകാര്‍ക്കിടയിലുണ്ട്. യൂസുഫ് നബിയുടെ ബാല്യകാലത്ത് അദ്ദേഹത്തെ കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ രാജാവ് ഭാര്യക്ക് നല്‍കുന്ന നിര്‍ദ്ദേശം, പ്രസ്തുത അടിമയോട് മാന്യമായി വര്‍ത്തിക്കാനാണ്.  പൗരാണിക കാലത്ത് ജൂതന്മാര്‍ക്കിടയില്‍ അടിമത്ത സമ്പ്രദായമുണ്ടായിരുന്നു. തൗറാത്തില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. രണ്ട് രൂപത്തിലാണ് അടിമകളെ ഉണ്ടാക്കിയെടുത്തിരുന്നത്. വലിയ പാതകങ്ങള്‍ ചെയ്തവരെ അടിമകളാക്കി മാറ്റുന്നത് പോലെ യുദ്ധത്തില്‍ പിടിക്കപ്പെടുന്ന ജൂതന്മാരല്ലാത്തവരെ മുഴുവന്‍ അടിമകളാക്കി മാറ്റുമായിരുന്നു. ഈ രണ്ട് മാര്‍ഗങ്ങളിലൂടെയാണ് അന്ന് അടിമകള്‍ ഉണ്ടായി വന്നത്. 

ജാഹിലിയ്യ കാലത്തെ അടിമ സമ്പ്രദായം

അടിമ സമ്പ്രദായം തുടങ്ങുന്നതിനേയോ പ്രോത്സാഹിപ്പിക്കുന്നതിലോ ഇസ്‌ലാം മതത്തിന് യാതൊരു പങ്കുമില്ല. മറിച്ച്, ഏകനായ ദൈവത്തിന്റെ അടിമകളാണ് മനുഷ്യരെന്നും അവര്‍ പരസ്പരം ഏകോദര സഹോദരന്മാരാണെന്നും അവര്‍ തമ്മില്‍ അടിമ  ഉടമ ബന്ധമില്ല എന്നുമാണ് ഇസ്‌ലാമിന്റെ ആന്തരിക സത്ത. എന്നാല്‍ അറേബ്യന്‍ ഉപദ്വീപിലേക്ക് ഇസ്‌ലാം മതം കടന്നുവരുന്ന സന്ദര്‍ഭത്തില്‍ അടിമ സമ്പ്രദായം വ്യാപകവും സാര്‍വത്രികവുമായിരുന്നു. പ്രത്യുത അടിമത്ത സമ്പ്രദായത്തെ ക്രിയാത്മകമായി അഭിമൂഖീകരിക്കുന്നതില്‍ ഇസ്‌ലാം മതം കാഴ്ച വെച്ചത് അനുകരണീയമായ ഒരു മാതൃകയാണ്. ജാഹിലിയ്യ കാലത്തെ അടിമ സമ്പ്രദായത്തെ മനസ്സിലാക്കുന്നതിലൂടെ ഇസ്‌ലാമിക അധ്യാപനങ്ങളുടെ പ്രസക്തി മനസ്സിലാകും. അബ്ദുള്ളാഹിബ്‌നു ജദ്ആനെ പോലുള്ളവര്‍ അക്കാലത്തെ അടിമ വ്യാപാരികളായിരുന്നു. സൈദു ബ്‌നു ഹാരിസ്, ബിലാല്‍ ബ്‌നു റബാഹ് തുടങ്ങിയ പ്രമുഖരായ പല സ്വഹാബികളും അടിമകളായിരുന്നു. ഉക്കാദ ചന്തയാണ് അടിമ വ്യാപാരത്തിന്റെ കേന്ദ്രം. മനുഷ്യനെന്ന പരിഗണന പോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. വികാരങ്ങളോ സ്വതന്ത്ര ചിന്തകളോ ഇല്ലാത്ത കേവലം ഉരുപ്പടികള്‍ എന്ന നിലയിലായിരുന്ന അടിമകളെ സമീപിച്ചിരുന്നത്. സഹസ്രാബ്ദങ്ങളുടെ അടിമ പാരമ്പര്യം പേറുന്ന കുടുംബങ്ങളില്‍ ജനിക്കുന്ന പരമ്പരാഗത അടിമകള്‍, സ്വന്തത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. സ്വന്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തി പോലും ഈ വ്യവസ്ഥിതി അവരില്‍ നിന്ന് പറിച്ച് കളഞ്ഞിരുന്നു.

എത്യോപ്യക്കാരനായ ബിലാല്‍
ഇസ്‌ലാമിലെ അടിമ വിമോചനത്തെക്കുറിച്ച് പറയുമ്പോള്‍ അനിവാര്യമായും സ്പര്‍ശിക്കേണ്ട ഒരു അധ്യായമാണ് ബിലാല്‍ (റ)വിന്റേത്. മാതാപിതാക്കള്‍ അടിമകളായത് കൊണ്ട് അടിമയായി ജനിച്ച വ്യക്തിയാണ് ബിലാല്‍. അനേകം വര്‍ഷങ്ങള്‍ക്കപ്പുറം അറേബ്യയിലെ അടിമ കമ്പോളത്തില്‍ ആടുമാടുകളെപ്പോലെ വില്‍ക്കപ്പെട്ടവരാണ് ബിലാലിന്റെ മാതാപിതാക്കള്‍. അദ്ദേഹമാവട്ടെ, മക്കയിലെ ഉമയ്യത്തിന്റെ അടിമയായിരുന്നു. വര്‍ണവിവേചനത്തിന് പേര് കേട്ട ആഫ്രിക്കയിലെ എത്യോപ്യയിലാണ് അദ്ദേഹത്തിന്റെ ജനനം. ക്രിസ്തുമതത്തിനായിരുന്നു അന്ന് അവിടെ പ്രാമുഖ്യമുണ്ടായിരുന്നത്. ചുട്ടുപഴുത്ത ഇരുമ്പു കമ്പികള്‍ കൊണ്ട് ശരീരത്തില്‍ അടയാളം വെക്കപ്പെട്ട ശേഷമാണ് അടിമച്ചന്തയിലേക്ക് അദ്ദേഹം ആനയിക്കപ്പെട്ടിരുന്നത്. ആദ്യം വീട്ടുജോലികള്‍ക്കും പിന്നീട് ഒട്ടകത്തെ മേക്കാനുമാണ് നിയോഗിക്കപ്പെട്ടത്. ചുട്ടുപൊള്ളുന്ന മണലിലൂടെ ഒട്ടകങ്ങളുടെ പിറകില്‍ നടക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. എന്നാല്‍, മധുരമായ ശബ്ദസൗകുമാര്യം ഉള്ളത് കൊണ്ട് യാത്രാ സംഘങ്ങളിലേക്കും കച്ചവട യാത്രകളിലേക്കും അദ്ദേഹത്തെ കൂടെക്കൂട്ടി.

യാത്രാസംഘത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അടിമകളെ കൂടെ കൊണ്ടുപോവുക പതിവായിരുന്നു. അത്തരത്തിലുള്ള ഒരു സിറിയന്‍ യാത്രയിലാണ്, പിന്നീട് അദ്ദേഹത്തെ മോചിപ്പിച്ച അബൂബക്കര്‍ (റ) വിനെ കൂട്ടുകാരനായി ലഭിക്കുന്നത്. അന്നേ വരെ ആരും കാണിക്കാത്ത സ്‌നേഹവും പരിഗണനയുമാണ് അബൂബക്കര്‍ എന്ന പ്രമാണി ബിലാല്‍ എന്ന കാപ്പിരിയായ അടിമയോട് കാണിച്ചത്. സിറിയയില്‍ വെച്ച്, അറബികള്‍ക്കിടയില്‍ ഒരു പ്രവാചകന്‍ വരുമെന്ന ഒരു പുരോഹിതന്റെ പ്രവചനം അവര്‍ ഒരുമിച്ചാണ് ശ്രവിച്ചത്. അതുകൊണ്ട് തന്നെ, അബൂബക്കര്‍ ഇസ്‌ലാം മതത്തിലേക്ക് ആദ്യമായി പ്രവേശിച്ച ഉടനെ തന്നെ അടിമയായി ക്കൊണ്ട് മുസ്‌ലിമാകുവാന്‍ ബിലാലിനും സാധിച്ചു. എല്ലാതരം പീഡനങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നുമുള്ള മോചനമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നതും കുടുംബ മഹിമയോ ആഭിജാത്യമോ വര്‍ണവ്യത്യാസമോ പരിഗണിക്കാത്ത ഒരു ദൈവിക സന്ദേശമാണ് മുഹമ്മദ് നബി കൊണ്ടുവന്നിരിക്കുന്നതെന്നതും അറേബ്യയിലെ അടിമകള്‍ക്കിടയില്‍ വേഗത്തില്‍ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിക്കുവാന്‍ കാരണമായി. അതുകൊണ്ട് തന്നെ, യജമാനന്മാരുടെ ഭാഗത്ത് നിന്ന് കടുത്ത പീഡനവും മര്‍ദ്ദനവും അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നു. അടിമകളെയും യജമാന്മാരെയും ഒരേ സദസ്സില്‍ ഒരുമിച്ചിരുത്തുന്നതും ഒരേ പോലെ പരിഗണിക്കുന്നതും അറബികളെ സംബന്ധിച്ചേടത്തോളം അസഹനീയമായിരുന്നു.

അറബികള്‍ക്കിടയിലെ ഗോത്രപ്രമാണിമാരായിരുന്ന ചിലര്‍ പ്രവാചകന്റെ സദസ്സില്‍ വരാന്‍ മടികാണിച്ചു. പ്രവാചകന്റെ ഇടത്തും വലത്തുമുണ്ടായിരുന്നത് അടിമകളായ ബിലാല്‍, അമ്മാര്‍, ഖബ്ബാബ് തുടങ്ങിയവരായിരുന്നു. അവരെ സദസ്സില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പ്രമാണിമാര്‍ ആഗ്രഹമറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രവാചകന്‍ അതിന് തയ്യാറായെങ്കിലും ഉടന്‍ തന്നെ അല്ലാഹുവിന്റെ സന്ദേശം വെളിപാടായി അവതരിച്ചു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ആരാധിച്ചുകൊണ്ടിരിക്കുന്നവരെ ആട്ടിയകറ്റരുതെന്നായിരുന്നു ദൈവിക കല്‍പന. അടിമകളായ അവരെ മാറ്റിനിര്‍ത്തിയാല്‍ തങ്ങള്‍ ഒപ്പം വരാമെന്ന വരേണ്യവിഭാഗത്തിന്റെ പ്രലോഭനത്തെ തള്ളിക്കളയാനാണ് അല്ലാഹു ഖുര്‍ആനിലൂടെ ആവശ്യപ്പെടുന്നത്.  അധസ്ഥിത, പിന്നാക്ക വിഭാഗത്തോടുള്ള ഇസ്‌ലാമിന്റെ എക്കാലത്തേക്കുമുള്ള സമീപനമാണ് ഈ വചനങ്ങളിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. ദൈവിക ഭക്തികൊണ്ടല്ലാതെ മറ്റു സ്ഥാനമാനങ്ങള്‍ക്കോ പദവികള്‍ക്കോ അല്ലാഹുവിന്റെ മുന്നില്‍ യാതൊരു സ്ഥാനവുമില്ല എന്നത് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിച്ചതാണ്. (വി ഖു 49:13)

ഇസ്‌ലാം അടിമത്തം ഇല്ലാതാക്കിയതെങ്ങനെ?
ഒരു വ്യവസ്ഥിതി ഇല്ലാതാക്കുവാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഇസ്‌ലാം ഉപയോഗിച്ചിട്ടുണ്ട്. ഒറ്റയടിക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ബഹുദൈവാരാധനയെയും ഘട്ടം ഘട്ടമായി നിരോധിച്ചുകൊണ്ട് മദ്യത്തെയും വിശ്വാസികളില്‍ നിന്ന് ഇസ്‌ലാം ഇല്ലാതാക്കി. എന്നാല്‍ അടിമത്തം നിര്‍മാര്‍ജനം ചെയ്തത് നിരോധനം കൊണ്ടല്ല, അതിന് മറ്റുമാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ചെയ്തത്. ഇസ്‌ലാം ലക്ഷ്യമാക്കുന്നത് കേവലം നിരോധനങ്ങളല്ല, ശാശ്വതമായ മാറ്റവും സാമൂഹികമായ പരിവര്‍ത്തനവുമാണ്. അതിന് ഉതകുന്ന വിധത്തില്‍ അടിമത്ത വ്യവസ്ഥയെയും അഭിമൂഖീകരിച്ചു. ഇന്ന് മുസ്‌ലിം ലോകത്തോ മറ്റെവിടെയെങ്കിലുമോ വ്യവസ്ഥാപിത അടിമത്തം നിലനില്‍ക്കുന്നില്ല എന്നത് തന്നെ, ഇസ്‌ലാം പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച പ്രയോഗിക സമീപനം ഏറെ ഫലപ്രദമായിരുന്നുവെന്നതിന്റെ തെളിവാണ്.

നിരന്തരമായ അടിമത്ത ജീവിതം അടിമയുടെ മനോനിലയെ അധമബോധത്തിലേക്ക് നയിക്കുകയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സജ്ജമല്ലാത്ത, പ്രാപ്തമല്ലാത്ത ഒരു മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് നിരുപാധികം അടിമമോചനം സാധ്യമാക്കുന്നത് കൊണ്ട് യഥാര്‍ഥത്തില്‍ അത് സംഭവിക്കുന്നില്ല. കല്‍പനകള്‍ അനുസരിക്കാന്‍ മാത്രം സാധ്യമാകുന്ന രൂപത്തില്‍ പരുവപ്പെട്ട മാനസിക, ബൗദ്ധിക നിലവാരത്തിലുള്ളവരെ ഒരു സുപ്രഭാതത്തില്‍ മോചിപ്പിക്കുന്നത് ശാസ്ത്രീയവും പ്രയോഗികവുമല്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ, ഇസ്‌ലാം അഞ്ച് മാര്‍ഗങ്ങളിലൂടെയാണ് അടിമ മോചനം സാധ്യമാക്കിയത്. അവയിലൂടെ എന്നെന്നേക്കുമായി ആ വ്യവസ്ഥിതിയെ നിര്‍മാര്‍ജനം ചെയ്യുക കൂടിയായിരുന്നു ഇസ്‌ലാം ചെയ്തത്.

1. എല്ലാ മനുഷ്യരും ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും സഹോദരീ സഹോദരന്മാരുമാണെന്നുമുള്ള അത്യുന്നതമായ മാനവികബോധം വിശ്വാസികളില്‍ ഊട്ടിയുറപ്പിച്ചു. ജന്മം കൊണ്ട് ആരും പവിത്രരോ കളങ്കിതരോ ആകുന്നില്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ എല്ലാവരും സമന്മാരാണെന്നുള്ള ബോധമുണ്ടാക്കി. അറബിക്ക് അനബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ശ്രേഷ്ഠതയില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചു.

2. അടിമ കേവലം ഒരു ഉപഭോഗ വസ്തുവല്ലെന്നും ഉടമയെപ്പോലെ അടിമക്കും അവകാശങ്ങളുണ്ടെന്നും ഇസ്‌ലാം പഠിപ്പിച്ചു. ഉടമയുടെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി യത്‌നിക്കുക മാത്രമായിരുന്നു അക്കാലത്തെ അടിമയുടെ ബാധ്യത. അവകാശങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.  പ്രവാചകന്‍ കൃത്യമായി പഠിപ്പിച്ചു: 'നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവര്‍. തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്‍പിക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കണം' (ബുഖാരി, മുസ്‌ലിം). അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് ഖുര്‍ആനും പഠിപ്പിച്ചു. 'ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക' (വി ഖു 4:36). പ്രവാചകന്‍ വ്യക്തമായി പറഞ്ഞു: 'വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍ നാം അവനെയും ഷണ്ഡീകരിക്കും' (മുസ്‌ലിം, അബൂദാവൂദ്). യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന ചരക്ക് എന്ന അവസ്ഥയില്‍ നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമുള്ളവനായിത്തീരുകയായിരുന്നു. അടിമകളോടുള്ള ബന്ധത്തില്‍ ഇസ്‌ലാം മുന്നോട്ട് വെച്ച, ചരിത്രത്തില്‍ മാതൃകയില്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ചിലത് ഇവിടെ സൂചിപ്പിക്കുന്നു. ഒന്ന്, അടിമയുടെ അഭിമാനത്തിന് ക്ഷതം പറ്റുന്ന പരാമര്‍ശങ്ങള്‍ പോലും ഉടമയുടെ ഭാഗത്ത് നിന്നുണ്ടാവരുത്. രണ്ട്, അടിമക്ക് നേതാവാകാന്‍ അവകാശമുണ്ട്. അങ്ങനെ നിയോഗിക്കപ്പെട്ടാല്‍ അനുസരിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. മൂന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ബാധ്യത ഉടമയ്ക്കാണ്. അടിമയെ ഉപദ്രവിക്കാന്‍ പാടുള്ളതല്ല. ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ വഴി അടിമയും ഉടമയും തമ്മിലുള്ള മാനസിക അന്തരം കുറക്കാന്‍ സാധിച്ചു.

3. അവകാശങ്ങള്‍ ഉള്ള ഒരു വ്യക്തിയായി അടിമയെ അവതരിപ്പിക്കുക വഴി അടിമത്ത മനോഭാവത്തെ ഇല്ലാതാക്കാന്‍ ഇസ്‌ലാമിന് സാധിച്ചു. അടിമ മോചനം പുണ്യകര്‍മമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ തന്നെ അടിമ മോചനം കൊണ്ടുവരാന്‍ ഇസ്‌ലാമിന് സാധിച്ചു. അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകര്‍മമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. 'എന്നിട്ട് അവന്‍ ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താണെന്ന് നിനക്കറിയാമോ? അടിമമോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കുക' (90:1216) അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന്‍ (സ) തന്നെ ആദ്യമായി മാതൃക കാണിച്ചു. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തിന്റെ അനുചരന്മാര്‍ പ്രസ്തുത പാത പിന്തുടര്‍ന്നു. സഹാബികളില്‍ പ്രമുഖനായിരുന്ന അബൂബക്ര്‍ (റ) സത്യനിഷേധികളില്‍ നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കുന്നതിനായി അളവറ്റ സമ്പത്ത് ചെലവഴിച്ചിരുന്നതായി കാണാനാവും. ബിലാല്‍ (റ) വിനെ മോചിപ്പിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ യജമാനനായ ഉമയ്യത്തിന് മികച്ച വില നല്‍കിയാണ് അദ്ദേഹം ബിലാലിനെ മോചിപ്പിക്കുന്നത്. നിസാരമായ വില നല്‍കിയാലും ഞാന്‍ ബിലാലിനെ മോചിപ്പിക്കുമായിരുന്നുവെന്ന് ഉമയ്യത്ത് പ്രതികരിച്ചപ്പോള്‍, ബിലാലിന് വേണ്ടി എത്രയും ചെലവഴിക്കാന്‍ താന്‍ സന്നദ്ധനാണെന്നാണ് അബൂബക്ര്‍ (റ) പ്രതിവചിച്ചത്. അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: 'സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലും മോ ചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തില്‍ നിന്ന് മോചനം നല്‍കുന്നതാണ്. അഥവാ കൈയിന് കൈയും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ' (ബുഖാരി, മുസ്‌ലിം). ഒരിക്കല്‍ അബൂദര്‍റ് (റ) നബി(സ)യോട് ചോദിച്ചു: അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്ര തിവചിച്ചു: ഭയജമാനന് ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കല്‍. അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ തിരുമേനി (സ) പറഞ്ഞു: 'തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്' (ബുഖാരി, മുസ്‌ലിം). സകാത്ത് ചെലവഴിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരിനം അടിമ മോചനം കൂടിയായിരുന്നു. അത്രയധികം ഇസ്‌ലാം അതിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്.

4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു. മനഃപൂര്‍വമല്ലാത്ത കൊലപാതകം, ഭാര്യയെ സമീപിക്കുകയില്ലെന്ന ശപഥത്തിന്റെ ലംഘനം, വ്രതമനുഷ്ഠിച്ചുകൊണ്ടിരിക്കെയുള്ള ഭാര്യഭര്‍തൃ ബന്ധം  തുടങ്ങിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി നിശ്ചയിച്ചത് അടിമ മോചനത്തെയാണ്. പുണ്യകര്‍മമായി അടിമമോചനം ചെയ്യാത്തവര്‍ മുഖേനയും അടിമ മോചനം സാധ്യമാക്കാന്‍ പ്രായശ്ചിത്തം നിശ്ചയിക്കുക വഴി സാധിച്ചു. അടിമകള്‍ മോചിപ്പിക്കപ്പെടേണ്ടവരാണ് എന്ന പൊതുധാരണയും മാനസികാവസ്ഥയും സംജാതമാക്കുവാന്‍ ഇതു കാരണമാകുന്നുണ്ട്.

5. മുകാതബ:: അടിമ മോചനമെന്ന പുണ്യകര്‍മ്മത്തിലൂടെയോ പ്രായശ്ചിത്തത്തിലൂടെയോ മോചനം സാധ്യമാകാത്തവര്‍ക്ക് ഇസ്‌ലാം ഏര്‍പ്പെടുത്തിയ മാര്‍ഗമാണ് മുകാതബ. സ്വയം മോചനം ആഗ്രഹിക്കുന്ന അടിമകള്‍ക്ക് മോചനം നേടാനുള്ള മാര്‍ഗമാണത്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യം നിശ്ചയിക്കുക, അത് അടച്ച് തീര്‍ക്കാനുള്ള സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിന് വേണ്ടി അടിമക്ക് പുറത്ത് പോയി ജോലി ചെയ്യാവുന്നതാണ്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അടച്ച് തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊതു ഖജനാവിനെ സമീപിക്കാവുന്നതാണ്. സകാത്തിന്റെ അവകാശികളില്‍ പെട്ട ഒരു വിഭാഗമായത് കൊണ്ട് സകാത്തിന്റെ പണവും മുകാതബക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ്.

മുകളില്‍ പറഞ്ഞ വിവിധ മാര്‍ഗങ്ങളിലൂടെ അടിമ മോചനവും അടിമത്ത സംവിധാനത്തിന് അറുതിയും വരുത്താന്‍ ഇസ്‌ലാമിന് സാധിച്ചു. അതോടൊപ്പം, അടിമ സ്ത്രീകളുടെ കാര്യത്തില്‍ യജമാനനിലൂടെ അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രരായിരിക്കുമെന്നും കുട്ടികളുടെ മാതാവിനെ പിന്നീട് വില്‍ക്കാന്‍ പാടില്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ആ കുട്ടികള്‍ക്കോ യജമാനന്റെ മറ്റു കുട്ടികളെപ്പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യജമാനനെ അനുവദിക്കുന്ന ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ വ്യഭിചാരത്തെ നിയമാനുസൃതമാക്കുകയല്ലേ ചെയ്തിരിക്കുന്നത് എന്ന ആക്ഷേപം ഉന്നയിക്കപ്പെടാറുണ്ട്?  അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് പിതൃസ്വത്തില്‍ അവകാശങ്ങളൊന്നുമില്ലെന്ന യഹൂദ നിലപാടുമായി ഇസ്‌ലാം വിയോജിക്കുന്നു. ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും അയാളുടെ മക്കള്‍ തന്നെയാണ്. യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മില്‍ ഉണ്ടാകുവാന്‍ പാടില്ല. യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്ത്രീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവളുടെ മക്കളാണ്. അവര്‍ക്കാണെങ്കില്‍ പിതൃസ്വത്തില്‍ നിന്ന് മറ്റു മക്കളെപ്പോലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും. ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയു ള്ള ഒരു സംവിധാനമാണ് ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരിക്കാനുള്ള അനുവാദം നല്‍കുക വഴി ഇസ്‌ലാം ഒരുക്കിയിരിക്കുന്നത്.

റഫറന്‍സ്:
എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക, Historical Survey: slave owning societies. ചാതുര്‍വര്‍ണ്യ വ്യവസ്ഥ അടിസ്ഥാനപ്പെടുത്തി മനുഷ്യരെ ശ്രേണികളാക്കി തിരിക്കുന്നത് അടിമത്ത സമ്പ്രദായത്തിന് സഹായകമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇന്ത്യയില്‍ എട്ട് മില്യണിലധികം അടിമകളുണ്ടായിരുന്നുവെന്നാണ് എന്‍സൈക്ലോപീഡിയ രേഖപ്പെടുത്തുന്നത്.
ഛന്ദോഗ്യോപനിഷത്ത്: 5: 10:7
സൂറ. യൂസുഫ് 21.
പേജ്: 155, അര്‍റിഖ്ഖ് ഫില്‍ ജാഹിലിയ്യ, ഇബ് റാഹീം മുഹമ്മദ് ഹസന്‍ അല്‍ ജമല്‍, ജാമിഅത്തുല്‍ ഇസ്‌ലാമിയ്യ, മദീന
ബിലാല്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഐ പി എച്ച്, 2014അധിക വായനക്ക്: ബിലാല്‍ മുഅദ്ദിനുര്‍റസൂല്‍, അബ്ദുല്‍ഹമീദ് ജൌദത്തുസ്സഹാര്‍, ദാറു മിസ്വര്‍ ലില്‍ത്വിബാഅ, ഈജിപ്ത്, 1944
സൂറ. അല്‍ അന്‍ആം 52, സൂറ. അല്‍ കഹ് ഫ് 28.
ഖുര്‍ആനിന്റെ മൗലികത, ഭാഗം 1, എം എം അക്ബര്‍, നിച്ച് ഓഫ് ട്രൂത്ത്, കൊച്ചി.
ഹദീസ് നമ്പര്‍: 22978, മുസ് നദ് അഹമ്മദ്, ദാറുല്‍ ഇഹ് യാ തുറാസുല്‍ അറബി, 1993
'അടിമത്ത നിര്‍മാര്‍ജനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍', ഖുര്‍ആനിന്റെ മൗലികത, ഭാഗം 1, എം എം അക്ബര്‍, നിച്ച് ഓഫ് ട്രൂത്ത്, കൊച്ചി.
ബുഖാരി 2434, മുസ്‌ലിം 4275
വിശുദ്ധ ഖുര്‍ആന്‍. സൂറ തൗബ. 60

Tuesday, March 22, 2016

വര്‍ണ വംശ വ്യത്യാസത്തിന് അതീതമായ മാനുഷിക സമത്വം | പി മുഹമ്മദ് കുട്ടശ്ശേരി



അബൂദര്‍റുല്‍ ഗിഫാരി(റ) ഒരു അടിമയോട് വാക്കേറ്റം നടത്തുകയാണ്. ദേഷ്യത്തിന്റെ മുര്‍ദ്ധന്യതയില്‍ അദ്ദേഹം പറഞ്ഞുപോയി: 'എടാ, കറുത്ത പെണ്ണിന്റെ മകനേ!' വാചകം മുഴുമിച്ചില്ല അപ്പോഴേക്കും നബി(സ) തിരിഞ്ഞുനോക്കി. അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു. 'വെളുത്തവളുടെ പുത്രന് കറുത്തവളുടെ പുത്രനേക്കാള്‍ യാതൊരു ശ്രേഷ്ഠതയുമില്ല - സത്ക്കര്‍മം കൊണ്ടല്ലാതെ' അബൂദര്‍റ് വിനിയാന്വിതനായി അദ്ദേഹത്തിന്റെ കവിള്‍ മണ്ണില്‍ വെച്ച് ആ കറുത്ത നീഗ്രോയോട് പറയുന്നു: 'എഴുന്നേറ്റു വന്ന് എന്റെ കവിളില്‍ ചിവിട്ടൂ!'വര്‍ണ വിവേചനം അതിന്റെ ഉച്ചിയില്‍ നിലകൊള്ളുന്ന കാലത്താണ് ഖുര്‍ആന്‍ മനുഷ്യ സമത്വത്തിന്റെ സന്ദേശവും വഹിച്ചുകൊണ്ട് അവതരിക്കുന്നത്. രാജ്യമോ, ജനതയോ, നിറമോ, ഭാഷയോ ഒന്നും പരിഗണിക്കാതെ ഭൂമിയില്‍ നിവസിക്കുന്ന, ദൈവത്തിന്റെ സൃഷ്ടികളായ എല്ലാ മനുഷ്യരെയും അഭിസംബോധന ചെയ്തുകൊണ്ട് ഖുര്‍ആന്‍ പ്രഖ്യാപിച്ചു: 'ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നും പിറന്ന നിങ്ങളെ വ്യത്യസ്ത ജനവിഭാഗങ്ങളും ഗോത്രങ്ങളുമായി തരം തിരിച്ചത് പരസ്പരം വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്.' തുടര്‍ന്ന് മനുഷ്യന്റെ മഹത്വവും മൂല്യവും കണക്കാക്കാനുള്ള മാനദണ്ഡം ഇതൊന്നു മാത്രമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'നിങ്ങളില്‍ ഏറ്റവും യോഗ്യന്‍ ഏറ്റവും കൂടുതല്‍ ഭക്തി പുലര്‍ത്തി ജീവിക്കുന്നവന്‍'. ഈ അടിസ്ഥാന തത്വം ജീവിതത്തില്‍ പുലര്‍ത്തിക്കൊണ്ട് പ്രവാചകന്‍ മാതൃക കാണിച്ചു. അനുയായികള്‍ അത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതില്‍ നിന്ന് അവര്‍ വ്യതിചലിക്കുമ്പോള്‍ അദ്ദേഹം അവരെ തിരുത്തുകയും ചെയ്തു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച സംഭവത്തെ പ്പറ്റി വ്യത്യസ്തമായ മറ്റു ചില റിപ്പോര്‍ട്ടുകള്‍ കൂടിയുണ്ട്. അബൂദര്‍ദും എത്യോപ്യക്കാരനായ ബിലാലും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായപ്പോള്‍ ഇങ്ങനെ പറഞ്ഞുപോയി: 'എടോ, കറുത്ത പെണ്ണിന്റെ മകനേ,' ബിലാല്‍ ഇക്കാര്യം നബിയോട് പരാതിപ്പെട്ടപ്പോള്‍ നബി അബൂദര്‍റിനോട് ചോദിച്ചു: 'നീ അവന്റെ ഉമ്മയുടെ പേര് പറഞ്ഞ് അവനെ അപലപിച്ചുവോ? നീ ജാഹിലിയ്യ സ്വഭാവമുള്ള മനുഷ്യനാണല്ലോ'. മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: 'നീ ചുകന്നവനേക്കാളോ കറുത്തവനേക്കാളോ ഒന്നും ഉത്തമനല്ല - ദൈവ ഭക്തികൊണ്ട് അവരേക്കാള്‍ ഉത്തമനായാല്‍ ഒഴികെ'- മുഹമ്മദ് നബി ഈ വിഷയത്തില്‍ പ്രഖ്യാപിച്ച പൊതു തത്വം ഇതാണ്: 'നിങ്ങളെല്ലാം ആദമിന്റെ മക്കള്‍. ആദമോ മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനും'

തറവാടിന്റെയും കുടുംബ പാരമ്പര്യത്തിന്റെയും മഹിമ, വംശത്തിന്റെ ശ്രേഷ്ഠത തുടങ്ങിയ പൊള്ള യായ കുമിളകള്‍ കൊണ്ട് പേരും പെരുമയും നടിക്കുന്നവരായിരുന്നു അറബ് സമൂഹം. തന്റെ പിതാവ് അല്ലെങ്കില്‍ പിതാമഹന്‍ ഇന്നയാള്‍, താന്‍ ഇന്ന ഗോത്രത്തില്‍ പിറന്നവന്‍, താന്‍ വെളുത്തവന്‍, അറബി, നീ അനറബി, കറുത്തവന്‍, ഇന്ന തറവാട്ടില്‍ പിറന്നവന്‍ - ഇത്തരം പൊങ്ങച്ച വാദങ്ങളെ മുഴുവന്‍ ഇസ്‌ലാം തച്ചുടച്ചു. പിതാവും ഗോത്രവും യോഗ്യതയോ യോഗ്യതക്കുറവോ അല്ലെന്ന് നബി പ്രഖ്യാപിച്ചു. മനുഷ്യരെല്ലാം ആദമിനും ഹവ്വാക്കും ജനിച്ചവര്‍. അല്ലാഹു അന്ത്യനാളില്‍ നിങ്ങളുടെ തറവാടിനെയും വംശത്തെയും പറ്റിയൊന്നും ചോദിക്കുകയില്ല. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും കൂടുതല്‍ ഭക്തിയുള്ളവന്‍' കുടുംബ മഹിമ കൊണ്ട് പൊങ്ങച്ചം നടിച്ചവരെ കഠിന സ്വരത്തില്‍ ആക്ഷേപിച്ചുകൊണ്ട് നബി പറഞ്ഞു: 'മണ്‍മറഞ്ഞ പിതാക്കളെക്കൊണ്ട് പൊങ്ങച്ചം നടിക്കുന്നവര്‍ക്കാണ് നാശം. അവരെല്ലാം നരകത്തിലെ തീക്കട്ടകളായിക്കഴിഞ്ഞു.' പ്രവാചകന്റെ കാലത്ത് തന്റെ അനുയായികള്‍ക്കിടയില്‍ വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ പേരില്‍ യാതൊരു തരത്തിലുള്ള വിവേചനവുമുണ്ടായിരുന്നില്ല. അടിമയും യജമാനനും തമ്മിലുള്ള ബന്ധത്തിന് അന്ന് ഒരു പുതിയ മാനം വന്നു. അബ്ദുറഹ്മാനുബ്‌നു ഔഫും അടിമയും നടക്കുമ്പോള്‍ രണ്ടുപേരുടെയും വേഷം ഒന്നായിരുന്നതിനാല്‍ തമ്മില്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസമായിരുന്നുവത്രേ. ഇമാം അലി തന്റെ അടിമയെയും കൂട്ടി മാര്‍ക്കറ്റിലേക്ക് പോയി രണ്ട് ഉടുപ്പുകള്‍ വാങ്ങി. ഒന്ന്, വില കൂടിയതും മറ്റേത് വില കുറഞ്ഞതും. വില കൂടിയത് അടിമക്ക് കൊടുത്തു. വില കുറഞ്ഞത് അദ്ദേഹമെടുത്തു. 'യജമാനരേ, അങ്ങാണല്ലോ ഇതിന് കൂടുതല്‍ അര്‍ഹന്‍' അടിമ പറഞ്ഞു. 'അല്ല, നീയാണ് കൂടുതല്‍ അര്‍ഹന്‍. കാരണം നീ ചെറുപ്പക്കാരന്‍. ഞാന്‍ വയസ്സന്‍'- അലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇസ്‌ലാം സ്വീകരിക്കുന്നതോടെ കറുത്തവനും വെളുത്തവനും ആഫ്രിക്കക്കാരനും ഏഷ്യക്കാരനും അടിമയും യജമാനനും എല്ലാവരും തുല്യരായിത്തീരുന്നു. ആഫ്രിക്കന്‍ ജനത കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് കടന്നുവരുന്നതിന് ഈ സമത്വനയം വളരെ പ്രേരകമായിട്ടുണ്ട്. ഇന്ത്യയില്‍ വിശേഷിച്ചും കേരളത്തില്‍ താഴ്ന്ന ജാതിക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ ഇസ്‌ലാമിലേക്ക് ദ്രുതഗതിയില്‍ പ്രവേശിച്ചതിന്റെ രഹസ്യം മഹാകവി കുമാരനാശാന്റെ ഈ കവിതയിലൂടെ വായിച്ചെടുക്കാം.

എത്രയോ ദൂരം വഴിതെറ്റി നില്‍ക്കണ്ടൊ
രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍
ചിത്രമവനെത്തി ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ട തമ്പുരാരേ.
മറ്റൊരു കവിയായ പണ്ഡിറ്റ് കറുപ്പന്റെ വാക്കുകള്‍:
'അല്ലാ, ഇവനിന്നൊരു പുലയനല്ലേ
അള്ളാ മതം നാളെ സ്വീകരിച്ചാല്‍
ഇല്ലാ തടസ്സമെല്ലായിടത്തും
ഇല്ലത്തും പോയിടാം ജ്ഞാനപ്പെണ്ണേ നോക്ക്
സുന്നത്തിന്‍ മാഹാത്മ്യം യോഗപ്പെണ്ണേ'

ജാതി വ്യവസ്ഥ കൊടികുത്തി വാഴുന്ന ഇന്ത്യയില്‍ ഇന്നും സമൂഹത്തില്‍ തുല്യപദവിക്കും അംഗീകാരത്തിനും ഇസ്‌ലാമിലേക്കാണ് താണ ജാതിക്കാരെന്ന് വിധിയെഴുതപ്പെട്ടവള്‍ ഉറ്റു നോക്കുന്നത്. ഒരു ഗ്രാമം മുഴുവന്‍ ഇസ്‌ലാമില്‍ പ്രവേശിച്ച സംഭവം അടുത്ത കാലത്തുണ്ടായല്ലോ. ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവന്നപ്പോള്‍ ഇവിടുത്തെ ദളിതരും പിന്നാക്കക്കാരും ഇസ്‌ലാമിനെ ഒരു മോചന മാര്‍ഗമായാണ് കണ്ടത്. മനസ്സില്‍ ഐത്തം കൊണ്ടുനടക്കുന്നവരാണ് ഇന്ന് ഒരു വലിയ വിഭാഗം- നിയമം മൂലം നിരോധിക്കുകയും തുല്യനീതിക്ക് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പലതും കൊണ്ടുവരികയും ചെയ്തിട്ടുണ്ടെങ്കിലും.

വര്‍ണ വിവേചനം ഏറ്റവും കൂടുതല്‍ പ്രകടമായത് പരിഷ്‌കൃത രാജ്യങ്ങളിലാണെന്നത് എത്ര വലിയ വിരോധാഭാസമാണ്. എത്ര മനുഷ്യര്‍ അതിന്റെ പീഡനങ്ങള്‍ക്കിരയായി. നല്‍സന്‍ മണ്ഡേലയെപ്പോലുള്ളവര്‍ ദീര്‍ഘ കാലം ജയില്‍ വാസമനുഷ്ഠിച്ചു. ഇന്നും വര്‍ണ വിവേചനത്തിന്റെ പിടുത്തത്തില്‍ നിന്ന് ലോകം മോചിതമായിട്ടില്ല. എല്ലാ മനുഷ്യരും ആദമിന്റെ മക്കള്‍ എന്ന മാനുഷിക ദര്‍ശനം പൂര്‍ണരൂപത്തില്‍ ഉള്‍ക്കൊള്ളാന്‍ പരിഷ്‌കൃത ലോകത്തിന് കഴിയുന്നില്ലെന്നത് വലിയൊരു അപമാനം തന്നെയാണ്.

175 കോടി വരുന്ന മുസ്‌ലിം ജനസംഖ്യയില്‍ അറബികള്‍ ആനുപാതികമായി നോക്കുമ്പോള്‍ ഒരു ചെറിയ ശതമാനം മാത്രമേയുള്ളൂ. അറബി മാതൃഭാഷയായ രാജ്യങ്ങളിലെ ജനങ്ങളെയാണല്ലോ അറബികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അറബി ഭാഷക്ക് വലിയ പ്രാധാന്യമാണ് ഇസ്‌ലാമിലുള്ളത്. ഖുര്‍ആനിന്റെ ഭാഷ, പ്രവാചകനായ മുഹമ്മദ് നബിയുടെ ഭാഷ, ആരാധനാകര്‍മങ്ങളെല്ലാം നിര്‍വഹിക്കപ്പെടുന്ന ഭാഷ എന്നീ പ്രാധാന്യങ്ങളെല്ലാം ഉണ്ട്. എന്നാല്‍ ഈ ഭാഷ സംസാരിക്കുന്നവരായി എന്നതുകൊണ്ട് മതത്തില്‍ വല്ല പ്രത്യേകതയുമുണ്ടോ? ഭാഷ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരമാണ് പ്രധാനം. അറബിക്ക് അനറബിയേക്കാള്‍ ഒരു സവിശേഷതയുമില്ല - തഖ്‌വ കൊണ്ടാല്ലാതെ' എന്ന നബിയുടെ പ്രഖ്യാപനം വളരെ അര്‍ഥവത്താണ്. അപ്പോള്‍ അറബ് വംശീയതക്ക് ഒരു സ്ഥാനവുമില്ല. അതേ അവസരം കഅബ നിലകൊള്ളുന്ന മക്കയുടെയും രണ്ടാമത്തെ ഹറം നിലകൊള്ളുന്ന മദീനയുടെയും ഹജ്ജിന്റെ ചടങ്ങുകള്‍ നടക്കുന്ന മിനാ, അറഫാ തുടങ്ങിയ പുണ്യസ്ഥലങ്ങളുടെയും മഹത്വം വേറിട്ടു നില്ക്കുന്നു. സുഊദി അറേബ്യ പൊതുവില്‍ ലോകമുസ്‌ലിംകളും ആദരവിനര്‍ഹമായ രാജ്യമാണ്. എന്നാല്‍ അറബ് നാടുകളില്‍ മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികളും ജൂതരുമെല്ലാം താമസിക്കുന്നുണ്ട്. അതുപോലെ അറബികള്‍ എല്ലാവരും ആദര്‍ശ നിഷ്ഠരും സംശുദ്ധരും ദൈവ കല്പനകള്‍ അക്ഷരം പ്രതിപാലിക്കുന്നവരുമാണെന്ന് ആരും അവകാശപ്പെടുകയില്ല. ചുരുക്കത്തില്‍ അറബ് വംശീയതക്ക് മതദൃഷ്ട്യാ ഒരു സ്ഥാനവുമില്ല.

എന്നാല്‍ ഇന്ന് സിറിയ, ലിബിയ, യമന്‍, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ അറബ് സമൂഹത്തിനാകമാനം ലോകത്തിന്റെ ദൃഷ്ടിയില്‍ വികൃതമായ ഒരു ചിത്രം നല്കിയിരിക്കുന്നു എന്ന ദു:ഖസത്യം ആര്‍ക്കും നിഷേധിക്കുക സാധ്യമല്ല. അറബികളായി എന്നതുകൊണ്ട് ഒരു പുണ്യവും ലോകം അവര്‍ക്ക് കല്പിക്കുന്നുമില്ല. അതേ അവസരം എണ്ണ സമ്പന്നമായ അറബ് നാടുകള്‍ ലോകത്തെങ്ങുമുള്ള ജനങ്ങള്‍ക്ക് പൊതുവിലും മുസ്‌ലിം വിശ്വാസികള്‍ക്ക് പ്രത്യേകിച്ചും തൊഴില്‍ നല്കുന്നു. മുസ്‌ലിം നാടുകളിലെ മതപരവും സാസ്‌കാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായും മറ്റു വിധത്തിലും സഹായിക്കുന്നു. അറബി ഭാഷക്കും സാഹിത്യത്തിനും ഇസ്‌ലാമിക സംസ്‌കാരത്തിനും അറബ് നാടുകളിലുള്ള വളര്‍ച്ച ആരാലും നിഷേധിക്കുക സാധ്യമല്ല.

© പി മുഹമ്മദ് കുട്ടശ്ശേരി
അത്തൗഹീദ് ദ്വൈമാസിക
2016 ജനുവരി - ഫെബ്രുവരി

വിശ്വമാനവികതയുടെ വിശ്വാസദര്‍ശനം | സി പി ഉമർ സുല്ലമി


മനുഷ്യനിര്‍മിതമായ ഒരു ഫാക്റ്ററിയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ബ്രാന്റഡ് ഉത്പന്നങ്ങള്‍ എല്ലാം ഒരേ രീതിയിലായിരിക്കും. എന്നാല്‍ ഈ പ്രപഞ്ചത്തില്‍ അതിന്റെ സ്രഷ്ടാവ് ഉത്പാദിച്ച വസ്തുക്കളൊന്നും ഒരുപോലെയല്ല. ഏറ്റവു ഉത്കൃഷ്ടസൃഷ്ടിയായ മനുഷ്യന്‍ വിശേഷിച്ചും. വലുപ്പം, നിറം, തൂക്കം, കഴിവുകള്‍, പ്രതിഭകള്‍, അഭിരുചികള്‍ തുടങ്ങി ഓരോ കാര്യത്തിലും മനുഷ്യന്‍ പ്രതിജനഭിന്നമാണ്. ഇത് യാദൃഛികതയല്ല. സ്രഷ്ടാവിന്റെ നിശ്ചയമാണ്. ഈ വൈവിധ്യത്തില്‍ ഏറെ വൈരുധ്യങ്ങളും കാണാം. പണിക്കാരന്‍-പണക്കാരന്‍, അടിമ-ഉടമ, ശക്തന്‍-ദുര്‍ബലന്‍, സമര്‍ഥന്‍-പോഴന്‍, രോഗി-അരോഗദൃഢഗാത്രന്‍, സ്ത്രീ-പുരുഷന്‍, പരിഷ്‌കൃതര്‍-അപരിഷ്‌കൃതര്‍, രാജാവ്-പ്രജ എന്നിങ്ങനെ ഭിന്നവിരുദ്ധ ചേരികളിലായിട്ടാണ് മനുഷ്യസമൂഹത്തിന്റെ നിലനില്പ്. ഇതെല്ലാം ചേര്‍ന്ന സാകല്യമാണ് സമൂഹം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ. ചരിത്രത്തിന്റെ ഏതു ദശാസന്ധികള്‍ പരിശോധിച്ചാലും സമൂഹത്തില്‍ കാണാന്‍ കഴിയുന്ന ഒരു പ്രതിഭാസമാണ്, ശക്തന്‍ ദുര്‍ബലനെ കീഴ്‌പ്പെടുത്തി ജീവുക്കുന്നു എന്നത്. ഈ ഭിന്നദ്വന്ദ്വത്തില്‍ ഒന്ന് പ്രഭാവം കാണിക്കുകയും മറ്റേത് പാര്‍ശ്വത്കരിക്കപ്പെടുകയും ചെയ്യുന്നു. 'മനുഷ്യരെല്ലാം ഒന്നുപോലെയാവുന്ന ഒരു സ്ഥിതിവിശേഷം ഒരിക്കലും വന്നിട്ടില്ല വരികയുമില്ല'.

ഓരോ മനുഷ്യനും തന്റെ കുറവുകളും മികവുകളും നിലനില്‍ക്കെത്തന്നെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. ഏറ്റവും ദുര്‍ബല കണ്ണിയാണ് ചങ്ങലയുടെ യഥാര്‍ഥ ബലം എന്നു പറഞ്ഞതുപോലെ ഒരു വിഭാഗം ഏറെ പിന്നാക്കം നിന്നാല്‍ ആ സമൂഹം വികസിതമായി കണക്കാക്കാവതല്ല. നിറം, ഭാഷ, തറവാട്, തൊഴില്‍ തുടങ്ങിയ പല തലങ്ങളിലും സമൂഹത്തില്‍ ഉച്ചനീചത്വങ്ങള്‍ നിലനില്ക്കുന്നു. ജാതീയത, വര്‍ണവെറി, അടിമത്തം, ഐത്തസങ്കല്‍പം, സാമ്പത്തിക പരാധീനത തുടങ്ങിയവയെല്ലാം മനുഷ്യര്‍ അധമത്വത്തില്‍ നിലനില്‍ക്കാന്‍ കാരണമായ സംഗതികളാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെ നീങ്ങാന്‍ പ്രബല വിഭാഗങ്ങള്‍ ശ്രമിക്കുക എന്നത് സമൂഹത്തിന്റെ എക്കാലത്തെയും അവസ്ഥയാണ്. വര്‍ത്തമാനകാല ലോകവും നമ്മുടെ ഭാരതവും ഇതില്‍ നിന്നൊഴിവല്ല. വിവേചനത്തിന്റെയും അരികുവത്കരണത്തിന്റെയും ഇരകളായി നെല്‍സന്‍ മണ്ഡേല മുതല്‍ രോഹിത് വെമൂല വരെ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.

ഇവ്വിധം വൈവിധ്യമാര്‍ന്ന മനുഷ്യകുലത്തെ ഒന്നായിക്കാണാനും ഒരുപോലെ കൈകാര്യം ചെയ്യാനുമാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ഒരു തരത്തിലുള്ള ഉച്ചനീചത്വങ്ങളുമില്ലാത്ത നീതിനിഷ്ഠമായ ഉത്തമസമൂഹസൃഷ്ടിയാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. എന്നാല്‍ ഒരു വ്യത്യാസവും അംഗീകരിക്കാത്ത കൃത്രിമമായ ഏകതാനതയോ നിര്‍ബന്ധിത സ്ഥിതി സമത്വമോ നടപ്പില്ലതാ നും. എല്ലാ വൈവിധ്യങ്ങളും വൈജാത്യങ്ങളും നിലനില്‍ക്കെത്തന്നെ മാനവികതയ്ക്ക് വില കല്‍പിക്കുന്ന തരത്തില്‍ സമൂഹക്രമം കെട്ടിപ്പടുക്കാനാവശ്യമായ വിശ്വ മാനവികതയുടെ വിശ്വാസദര്‍ശനമാണിസ്‌ലാം. ഇസ്‌ലാം മനുഷ്യനെ കാണുന്നത് രണ്ടു 'വ്യൂപോയന്റില്‍' നിന്നുകൊണ്ടാണ്. ഒന്ന്, എല്ലാ മനുഷ്യരും ഒരേയൊരു സ്രഷ്ടാവിന്റെ സൃഷ്ടികളാണ്. രണ്ട്, എല്ലാ മനുഷ്യരും ഒരുമ്മയുടെയും അച്ഛന്റെയും മക്കളാണ്. 23വര്‍ഷം കൊണ്ട് മുഹമ്മദ് നബി അറേബ്യയില്‍ വരുത്തിയ പരിവര്‍ത്തനവും വാര്‍ത്തെടുത്ത ഉത്തമസമൂഹവും ഈ വിശ്വാസദര്‍ശനത്തിലൂന്നി നിന്ന വിശ്വാസസഹോദര്യത്തിന്റെ പരിണതിയായിരുന്നു.

മുഹമ്മദ് നബി(സ) വിശുദ്ധ ക്വുര്‍ആനിന്റെ സന്ദേശവുമായി ഇസ്‌ലാമിക പ്രബോധനത്തിനറിങ്ങിത്തിരിക്കുമ്പോള്‍ സകലമാന ഉച്ചനീചത്വങ്ങളും അതില്‍ നിന്നുത്ഭൂതമാകുന്ന അടിച്ചമര്‍ത്തലും ചൂഷണങ്ങളും നിലനില്‍ക്കുന്ന കാലമായിരുന്നു. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കിവയ്ക്കുകയും അടിമകളെ നാല്ക്കാലികളെപ്പോലെ പരിഗണിക്കുകയും ചെയ്തിരുന്നവരിലേക്ക് മനുഷ്യത്വത്തിന്റെ വിലയും അടിമത്തത്തിന്റെ പ്രയാസങ്ങളും ബോധ്യപ്പെടുത്തി അടിമമോചനത്തിലേക്ക് ആ സമൂഹത്തെ മുഹമ്മദ്‌നബി(സ) നയിച്ചു. ഗോത്രഭരണം നിലനിന്നിരുന്ന അറേബ്യയില്‍ കുടുംബ മഹിമയുടെ ആഢ്യത്വം നിലനില്ക്കുകയും ഈ രംഗത്തെ താന്‍ പോരിമയ്ക്കുവേണ്ടി നിത്യവും സംഘട്ടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ വംശത്തിന്റെ പേരില്‍ യാതൊരു പോരിശയുമില്ല എന്നു ബോധ്യപ്പെടുത്തിയെടുത്തു. ഗോത്രപ്പെരുമ മാത്രമല്ല അറബ് ദേശീയയുടെ പേരിലും ഇതരരെ ഇകഴ്ത്തിയിരുന്നവരോട് പ്രവാചകന്‍ പ്രഖ്യാപിച്ച് അറബിക്ക് അനറബിയേക്കാള്‍ മഹത്വമില്ല . വെളുത്തവന് കറുത്തവനേക്കാള്‍ ശ്രേഷ്ഠതയില്ല. സൂക്ഷ്മത പുലര്‍ത്തുന്ന ഭക്തജനങ്ങള്‍ക്ക് മാത്രമേ ദൈവത്തിങ്കല്‍ മഹത്വവും മാന്യതയുമുള്ളൂ എന്നായിരുന്നു. ഏതുകാലത്തും അടിച്ചമര്‍ത്തപ്പെട്ട ആ വിഭാഗമാണ് സ്ത്രീകള്‍. പ്രതൃത്യായുള്ള 'അബലത'യും സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ട് പിന്‍തള്ളപ്പെട്ടവരാണ് സ്ത്രീകള്‍. സമൂഹത്തിന്റെ അര്‍ധഭാഗമാണ് സ്ത്രീകളെന്നും അവര്‍ക്ക് ബാധ്യതപോലെ അവകാശവും പുരുഷനെപ്പോലെ സ്വാതന്ത്ര്യവും ഉണ്ടെന്നും പ്രവാചകന്‍ ബോധ്യപ്പെടുത്തി. അല്ലാഹു നിശ്ചയിച്ച ചില നിയന്ത്രണങ്ങളോടെ സ്ത്രീകളെ മനുഷ്യസമൂഹത്തിന്റെ അവിഭാജ്യഘടകമാക്കിയത് ഇസ്‌ലാമാണ്.

ഫറോവ, ഹാമാന്‍, നംറൂദ് തുടങ്ങിയ രാജാക്കന്മാരുടെ ഭരണകൂട ഭീകരതകളും ജാലൂത്തിന്റെ കീരാതത്വവും ചരിത്രത്തില്‍ നിന്നെടുത്ത് പഠിപ്പിച്ച വിശുദ്ധ ക്വുര്‍ആനും നബിചര്യയും ഭരണാധികാരിയും ഭരണീയരും എങ്ങനെ ആയിരിക്കണമെന്ന് കൃത്യമായി പഠിപ്പിച്ചു. പ്രവാചകന്‍ ഭരണം നടത്തി മാതൃക കാണിച്ചു. പ്രവാചകന്റെ അനുചരന്മാര്‍ ഭരണാധികാരികളായിത്തീര്‍ന്നപ്പോള്‍ ലോകത്തിനു മുന്നില്‍ എന്നും മാതൃകയും നീതിയുടെ നിറകുടവുമായിവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. നാഗരികതയില്‍ ജീവിക്കുന്നവര്‍ ഉന്നതരും വിദൂര ഗ്രാമീണരായ 'നാടന്‍മാര്‍' രണ്ടാം തരമാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയും ചരിത്രത്തില്‍ വായിച്ചെടുക്കാം. നബി(സ) ഉന്നതരും നാഗരികരെന്നും കരുതപ്പെട്ട ഖുറൈശികളോടും അക്കാലത്തെ ആദിവാസികളായിരുന്ന അഅ്‌റാബികളോടും പെരുമാറിയത് ഒരേ നീതി ബോധത്തോടെയായിരുന്നു.

ഇങ്ങനെ ഒരു സമൂഹത്തെ ആമൂലാഗ്രം പരിവര്‍ത്തിപ്പിച്ചെടുത്ത, ചരിത്രത്തില്‍ തുല്യതയില്ലാത്ത, മഹാ ദൗത്യമായിരുന്നു മുഹമ്മദ് നബിയുടെ ജീവിതം. ഇത് ഒരു സുപ്രഭാതത്തില്‍ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് നേടിയെടുത്തതല്ല. അധികാരം കൈവന്നപ്പോള്‍ ചെങ്കോലും പട്ടാളവും ഉപയോഗിച്ച് സാധിച്ചെടുത്തതുമല്ല. മനുഷ്യന്റെ മനസ്സിനെ വിശ്വാസ ദര്‍ശനം കൊണ്ട് ഊതിക്കാച്ചിയെടുത്തുകൊണ്ട് എല്ലാവരും തുല്യരാണ് എന്ന ബോധം വളര്‍ത്തിയെടുത്തതാണ്. മനുഷ്യന്‍ എത്ര ഉന്നതനായാലും അല്ലാഹുവിന്റെ മുന്നില്‍ നിസ്സാരനാണ്. ഏതെങ്കിലും തരത്തില്‍ താഴെതട്ടിലാണെങ്കിലും അല്ലാഹുവിന്റെ മുന്നില്‍ അത് കുറച്ചിലല്ല എന്ന ചിന്താഗതി രൂപപ്പെടുത്തിയതാണ്. സമൂഹത്തില്‍ നിരാലംബരായിത്തീരാന്‍ സാധ്യതയുള്ള അനാഥര്‍, അഗതികള്‍, വിധവകള്‍ തുടങ്ങി. എല്ലാ ഏഴകളുടെയും തോഴനായി വര്‍ത്തിച്ച പ്രവാചകന്‍ പഠിപ്പിച്ച മതം (ഇസ്‌ലാം) കാഴ്ചവെച്ചത് വിശ്വമാനവികതയാണ്. വിശ്വസാഹോദര്യമാണ്. അടിച്ചമര്‍ത്തലുകളോ അരികുവത്കരിക്കലോ അവഗണിക്കലോ ഇല്ലാത്ത സമത്വ സുന്ദരമായ സമൂഹ നിര്‍മിതി സാധിച്ചെടുത്തതാകട്ടെ അടിയുറച്ച ഏകദൈവ വിശ്വാസവും കറകളഞ്ഞ പരലോക ചിന്തയും മുഖേനയായിരുന്നു. മനുഷ്യന്‍ ജന്‍മനാ രണ്ടു ജാതി; ആണും പെണ്ണും. കര്‍മം കൊണ്ടും രണ്ടു ജാതി;  സജ്ജനങ്ങളും ദുര്‍ജനങ്ങളും. ഇതല്ലാത്ത വിവേചനങ്ങള്‍ ഇസ്ലാം അംഗീകരിക്കുന്നില്ല. ജാതീയത, ഐത്തം, ഉച്ചനീചത്വം തുടങ്ങിയവ മാനവിക വിരുദ്ധമാണ്; ഇസ്‌ലാം വിരുദ്ധവും.


© സി പി ഉമർ സുല്ലമി
അത്തൗഹീദ് ദ്വൈമാസിക
2016 ജനുവരി - ഫെബ്രുവരി

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ