Wednesday, March 23, 2016

അധ:സ്ഥിത മോചനം ഇസ്‌ലാമില്‍ | ഡോ.സലീം ചെര്‍പ്പുളശ്ശേരി


മുഹമ്മദ് നബി (സ)യുടെ ആഗമനത്തോടെ ജന്മമെടുത്ത ഒരു മതമല്ല ഇസ്‌ലാം. ലോകത്ത് മനുഷ്യവാസമാരംഭിച്ചത് മുതല്‍ എവിടെയൊക്കെ സാമൂഹ്യജീവിത ക്രമങ്ങളുണ്ടായിട്ടുണ്ടോ അവിടെയെല്ലാം ദൈവിക സന്ദേശങ്ങളും ജീവിത ദര്‍ശനങ്ങളും ലഭ്യമായിട്ടുണ്ട് എന്ന് പ്രപഞ്ച സ്രഷ്ടാവ് അറിയിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യസമൂഹത്തിന്റെ പൊതുമതമായിട്ടാണ് ഇസ്‌ലാ മിനെ നമുക്ക് കാണാന്‍ കഴിയുക.

മനുഷ്യസഞ്ചയത്തിന്റെ സൃഷ്ടിപ്പ് കേവലം യന്ത്രോത്പ്പന്നങ്ങളുടെ ഏകരൂപ ഭാവത്തിലല്ല. ഭൗതിക ഘടനയിലെ അവയവങ്ങള്‍ തുല്യമെങ്കിലും രൂപഭാവങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. തൊലിയുടെയും മുടിയുടെയും നിറഭേദങ്ങള്‍, കണ്ണ്, മൂക്ക്, ചെവി, പുരികം തുടങ്ങിയവയിലെ വ്യത്യസ്തതകള്‍ എല്ലാം തന്നെയും ഭൂപ്രകൃതിയുമായും ഭൗമാന്തരീക്ഷ ഘടനകളുമായും ബന്ധപ്പെട്ടുകിടക്കുന്നു. 'മനുഷ്യരേ! നാം നിങ്ങളെ ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം ഗോത്രങ്ങളും വിഭാഗങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാകുന്നു, അല്ലാഹുവിങ്കല്‍ നിങ്ങളിലേറ്റവും ആദരിക്കപ്പെട്ടവന്‍ നിങ്ങളില്‍ ദൈവഭക്തിയുള്ളവനത്രെ'' (വി.ക്വു. 49:13)

മാനവകുലത്തിലേക്ക് നിയോഗിക്കപ്പെട്ട അഖില പ്രവാചകന്മാരും പ്രാഥമികമായി മനുഷ്യരോടാഹ്വാനം ചെയ്തത് മനുഷ്യര്‍ തമ്മിലുള്ളതും പ്രപഞ്ച സൃഷ്ടികളോടുള്ളതുമായ അഭൗതിക വിധേയത്വവും പ്രണാമ പൂജകളും അവസാനിപ്പിക്കണമെന്നും ഏവരും ഒരേയൊരു ദൈവത്തെ മാത്രം ധ്യാനിക്കണമെന്നുമാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ അന്ത്യോപദേശങ്ങള്‍ വെളുത്തവന് കറുത്തവനേക്കാള്‍ യാതൊരു ഔന്നത്യവുമില്ലെന്ന മനുഷ്യാവകാശ പ്രഖ്യാപനം കൂടിയായിരുന്നു.

മനുഷ്യസൃഷ്ടിപ്പിന്റെ വിശിഷ്ടമായ സവിശേഷത അവന്റെ ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തി ആലോചിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ്. ഇതരജീവികളില്‍ നന്നേ പരിമിതവും ജന്മവാസകളിലൊതുങ്ങുന്നതുമായ ഈ പ്രത്യേകത, പക്ഷേ, മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രവിശാലമാണ്. ഈ സവിശേഷതയില്‍ സര്‍വമനുഷ്യരും തുല്യരാണ്. വിശുദ്ധ ക്വുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ മൗലികത ഉണര്‍ത്തുന്നതായി കാണാം.

താന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നിട്ടില്ലാത്ത ഒരു കാലഘട്ടം മനുഷ്യന്റെ മേല്‍ കഴിഞ്ഞുപോയിട്ടില്ലയോ? സങ്കലിത ബീജത്തില്‍നിന്നും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുന്നതിനായി, അങ്ങനെ നാം അവനെ കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു (വി.ക്വു. 76:1, 2).

അവന് നാം രണ്ടു കണ്ണുകളും ഒരു നാക്കും രണ്ട് ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ? തെളിഞ്ഞു നില്ക്കുന്ന രണ്ട് മാര്‍ഗങ്ങള്‍ അവന്ന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. (വി.ക്വു. 91:8-10).

സര്‍വ്വ മനുഷ്യരുടെയും സൃഷ്ടിപ്പിലുള്ള മൗലിക ഘടനയാണ് സ്രഷ്ടാവായ അല്ലാഹു വ്യക്തമാക്കുന്നത്. പക്ഷേ, മനുഷ്യരെ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ മാത്രം.

അതുപോലെത്തന്നെയാണ് സാമൂഹ്യക്രമത്തിലുള്ള മനുഷ്യരുടെ വൈജാത്യങ്ങളും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മനുഷ്യര്‍ക്കുള്ള പരീക്ഷണത്തിന്റെ ഭാഗമാണെന്ന് അല്ലാഹു വിശദീകരിക്കുമ്പോള്‍ അവ കൂടുതല്‍ ലഭിച്ചിട്ടുള്ളവന്‍ ഒട്ടും അഹങ്കരിക്കേണ്ടതില്ലെന്നും അല്പം മാത്രം ലഭിച്ചവന്‍ ഒരിക്കലും നിരാശനാവേണ്ടെന്നുമാണ് പഠിപ്പിക്കുന്നത്. അറിവ്, അധികാരം, സമ്പത്ത്, സന്താനങ്ങള്‍ എന്നിങ്ങനെയുള്ളവയിലെ ആധിക്യവും സമ്പന്നതയുമൊന്നും ആഭിജാത്യത്തിന്റെയും അഭിമാനത്തിന്റെയും അളവുകോലുകളല്ലെന്ന് അടിക്കടി ഉണര്‍ത്തുന്ന ഇസ്‌ലാം അവയെല്ലാം കരഗതമാകുന്നതോടെ കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാവാനാണ് ആവശ്യപ്പെടന്നത്.

വെളുത്ത തൊലി സൗന്ദര്യമായും ഇരുണ്ടതും കറുത്തതുമായ ചര്‍മ്മം വൈരൂപ്യമായും ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയത് എങ്ങനെയെന്ന് നിരൂപിക്കാനാവില്ല. ഒരുപക്ഷേ, വെയിലേല്‍ക്കാതെ, കോട്ടകളിലും കൊട്ടാരങ്ങളിലും കഴിഞ്ഞിരുന്നവര്‍ നിറം കൂടിയവരും വെയിലും ചൂടുമേറ്റ് പണിയെടുത്തിരുന്നവര്‍ക്ക് നിറം മങ്ങിയതുമായിരിക്കാം. തന്നെയുമല്ല, ഭൂപ്രകൃതിക്കനുസരിച്ച് ശരീരപ്രകൃതിയും സംവിധാനിച്ച് അല്ലാഹുതന്നെ അങ്ങനെ സൃഷ്ടിച്ചതുമാകാം. പിന്നീട് ശീതമേഖലകളില്‍നിന്ന് അധിനിവേശം നടത്തിയവര്‍ വര്‍ണമേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തതുമാകാം. ഇന്ത്യയിലുടലെടുത്ത വര്‍ണാശ്രമ വ്യവസ്ഥയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും അവയില്‍നിന്നുല്‍ഭൂതമായ ഉച്ചനീചത്വങ്ങളുടെയും ചരിത്രപശ്ചാത്തലവും ഇതുതന്നെയാകാം. ആര്യന്മാരും മംഗോളിയന്മാരും അഫ്ഗാന്‍ ചൈനീസ് മലഞ്ചെരുവുകളിലൂടെ ഇന്ത്യയില്‍ പ്രവേശിക്കുകയും ഇവിടെയുണ്ടായിരുന്ന ദ്രാവിഡരുടെയും ദളിതുകളുടെയും മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയുമായിരുന്നു. ഈ മേല്‍കോയ്മ ദുര്‍ബലമാകുന്നുണ്ടോ എന്ന ആശങ്കയാണ് സവര്‍ണ ഫാസിസ്റ്റുകളുടെ അസഹിഷ്ണുതയുടെ മന:ശാസ്ത്രം. എന്തുവില നല്‍കിയും അത് നിലനിര്‍ത്തേണ്ടത് സ്വന്തം ദാര്‍ശനിക പ്രതിബദ്ധതയായി അവര്‍ കാണുകയും ചെയ്യുന്നു.

ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക സമഭാവന
അന്യൂനമായ മാനവിക സംസ്‌കൃതിയുടെ മഹനീയ ദര്‍ശനമായ ഇസ്‌ലാം ഇവയൊന്നും അംഗീകരിക്കുന്നില്ല. മനുഷ്യ സമഭാവനയാണത് വിളംബരം ചെയ്യുന്നത്. മുഹമ്മദ് നബി (സ) ക്ക് മുമ്പുള്ള പ്രവാചകന്മാരുടെ ചരിത്രങ്ങളിലെല്ലാം തന്നെ സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളും ദരിദ്രരുമാണ് ദൈവികമതത്തോടൊപ്പം നിന്നിരുന്നതെന്ന് കാണാം. ഭൗതികവും ആത്മീയവുമായ വിമോചന പ്രതീക്ഷ ആ പ്രവാചകരില്‍ അവര്‍ അര്‍പ്പിച്ചു. ദുഷ്ടനും സ്വേഛാധിപതിയുമായിരുന്ന ഫിര്‍ഔനിന്റെ കിരാതമായ അടിമത്തവും പീഡനങ്ങളും ദൈവീകമതത്തിനെതിരാണെന്ന പ്രഖ്യാപനമാണ് മൂസാനബി (സ) നടത്തിയത്. ദൈവികഭരണ സംസ്ഥാപനത്തേക്കാളേറെ ഫിര്‍ഔനിന്റെ കൊടും ക്രൂരതകളില്‍നിന്ന് ഇസ്രായില്യരെ ആ പ്രവാചകന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

മനുഷ്യസമഭാവനയുടേതായ ഇസ്‌ലാമിന്റെ മാനവിക ദര്‍ശനം നിന്ദിതരും പീഡിതരുമായ ധാരാളം സാധുക്കളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ചിട്ടുണ്ട്. ഇതര പ്രവാചകന്മാരെപ്പോലെ മുഹമ്മദ് നബി (സ) യോട് മക്കയിലെ പ്രമാണിമാര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാകുന്നു.

ഇസ്‌ലാമിന്റെ മാതൃകാപുരുഷനായ മുഹമ്മദ് നബി (സ)യുടെ ജീവിതത്തില്‍ എവിടെയും മനുഷ്യരെ ഏതെങ്കിലും തരത്തില്‍ വേര്‍തിരിച്ചുകൊണ്ടുള്ള ഇടപെടലുകള്‍ കാണുക സാധ്യമല്ല. ഒരിക്കല്‍ പ്രവാചകന്‍ സമൂഹത്തിലെ പ്രധാനികളുമായി സംസാരിച്ചുകൊണ്ടിരിക്കവെ, അന്ധനായ സ്വഹാബി അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം സദസ്സിലേക്ക് വന്നതില്‍ നീരസം പ്രകടിപ്പിച്ച പ്രവാചകനെ അല്ലാഹു തിരുത്തുകയുണ്ടായി. പില്‍കാലത്തുവരുന്നവര്‍ക്ക് പാഠമാകുന്നതിന് ക്വുര്‍ആന്‍ വചനവും അല്ലാഹു അവതരിപ്പിച്ചു.

അദ്ദേഹത്തിന്റെ അടുത്ത് ആ അന്ധന്‍ വന്നതിനാല്‍ അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. (നബിയേ) നിനക്ക് എന്തറിയാം? അയാള്‍ ഒരുപക്ഷേ, പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ (80:1-3).

ഈ സാഹോദര്യവും സമഭാവനയും പ്രവാചക ശിഷ്യരിലും പ്രകടമായിരുന്നു. സുമുഖനും സുന്ദരനുമായിരുന്ന സല്‍മാനുല്‍ ഫാരിസിയും കറുത്ത നീഗ്രോ വംശജനായിരുന്ന ബിലാലും ഒരേ മാതാപിതാക്കളുടെ മക്കളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. മുഹാജിറുകളും അന്‍സാറുകളും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ മകുടഭാവങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. സാമ്പത്തികമായ ഉയര്‍ച്ച താഴ്ചകള്‍ അവരുടെ ഹൃദയങ്ങളെയോ ശരീരങ്ങളെയോ അകറ്റിയിരുന്നില്ല. അല്ലാഹുവിന്റെ മുന്നില്‍ ഇസ്‌ലാമിന്റെ ധര്‍മ്മവീഥിയില്‍ എല്ലാവരും തുല്യരാണെന്ന ബോധമാണല്ലോ അവരുടെ മനസ്സുകളെ കീഴടക്കിയത്. ഭരണകര്‍ത്താവും ഭരണീയരും ഒരുപോലെ ദൈവസൃഷ്ടികളാണെന്നും കര്‍മ്മഫലങ്ങള്‍ കണക്കുനോക്കുമ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഫലപ്പെടുകയുള്ളൂവെന്ന വിശ്വാസമാണ് അവരെ ഈ ഉത്കൃഷ്ടമായ ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്ഥാന ചരിത്രത്തിലേക്ക് നയിച്ചത്. ചരിത്രം സാക്ഷിയായി ഒട്ടേറെ  സന്ദര്‍ഭങ്ങള്‍ പ്രവാചക ജീവിതത്തില്‍ ഇതിന്ന് ഉപോല്‍ബലകമായി നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്‍ മുഹമ്മദ് നബി (സ) യെ സന്ദര്‍ശിക്കാന്‍ പ്രവാചക സദസ്സിലേക്ക് വന്ന പേര്‍ഷ്യക്കാരനായ മനുഷ്യന്‍ ചോദിക്കുന്നത്, നിങ്ങളില്‍ ആരാണ് മുഹമ്മദ് എന്നാണ്. ഇരിപ്പിടത്തിന്റെ പ്രത്യേകതകളോ, വൈയക്തികമായ ഹാവഭാവാദികളോ വേഷഭൂഷാദികളോ ഒന്നുമില്ലാതെ സാധാരണക്കാരുടെ ഇടയിലെ ഒരാള്‍ മാത്രം. പക്ഷേ, സംസാരത്തിലും നേതൃത്വപരിഗണയിലും ആദരവുകള്‍ നല്കപ്പെട്ടിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

പ്രവാചകന്റെ മാതൃകയില്‍നിന്ന്
അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു'' (വി.ക്വു.7:157).

പ്രവാചകന്റെ മാതൃകയില്‍ നിന്ന്:
പ്രവാചക നിയോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ മനുഷ്യന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കുക, വരിഞ്ഞു മുറുക്കപ്പെട്ട സാമൂഹ്യദുരാചാരങ്ങളില്‍ നിന്ന് മോചനം നല്‍കുക എന്നിവയെല്ലാം ഉള്‍പ്പെടുമെന്ന് ഈ വചനം വ്യക്തമാക്കുന്നു. ദുര്‍ബലരും ആലംബഹീനരും പ്രവാചകനില്‍ ആകൃഷ്ടരായതിന്റെ പശ്ചാത്തലം നമുക്കതില്‍നിന്ന് മനസ്സിലാകുന്നു.

തന്റെയും ഇസ്‌ലാമിന്റെയും ശത്രുക്കളോട് മുഹമ്മദ് നബി (സ) യെന്ന മാതൃകാപുരുഷന്‍ എങ്ങനെ പെരുമാറിയിരുന്നുവെന്ന് ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. എല്ലാവരോടും മാന്യമായി പെരുമാറണമെന്ന ക്വുര്‍ആനിക കല്‍പനയുടെ  പ്രാവര്‍ത്തിക രൂപമായിരുന്നു പ്രവാചകന്റെ ഇടപെടലുകള്‍. പാവങ്ങളോടും ദുര്‍ബലരോടുമുള്ള കനിവും ആര്‍ദ്രതയും ആ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ സാമൂഹത്തിലെ ദരിദ്രരും അവഗണിക്കപ്പെട്ടവരുമാണ് പ്രവാചകന്റെ പിന്നില്‍ ആദ്യമായി അണിനിരന്നത്. സാമൂഹിക ഉച്ചനീചത്വങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടവര്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമായതോടെ അധമബോധത്തില്‍ നിന്ന് മുക്തരാവുകയും മനുഷ്യ സാഹോദര്യത്തിന്റെ അവാച്യമായ വികാര വായ്പുകള്‍ ആസ്വദിക്കാനവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു.

ശത്രുക്കളുടെ മര്‍ദ്ദനം അസഹനീയമായ സന്ദര്‍ഭത്തില്‍ അബിസീനിയയിലേക്ക് പോയ അഭയാര്‍ത്ഥികളില്‍പ്പെട്ട ജഅഫര്‍ (റ) അവിടത്തെ രാജാവിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ഹൃദയാവര്‍ജകമായ പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയാണ് 'നമുക്ക് അല്ലാഹു നല്‍കിയിട്ടുള്ള വിഭവങ്ങള്‍, സമ്പത്തുക്കള്‍, പ്രത്യേകമായ അനുഗ്രഹങ്ങള്‍ നമുക്ക് മാത്രമായി  അനുഭവിക്കാനുള്ളവയല്ല. അത് മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടണം. അതുകൊണ്ട് നിര്‍ലോഭമായി ദാനം ചെയ്യുക. സാധുക്കളെ സഹായിക്കണം. അനാഥകളെ സംരക്ഷിക്കലും ഇല്ലാത്തവനെ പരിഗണിക്കലും നമ്മുടെ കര്‍ത്തവ്യമാണ്.

ഇസ്‌ലാമില്‍ അധ:സ്ഥിത വിഭാഗമില്ല
തറവാടിത്തവും കുലീനതയുമുള്ള കുടുംബത്തില്‍ ജനിക്കാത്തതുകൊണ്ടോ സാമ്പത്തിക നിലവാരത്തിലെ കുറവുകൊണ്ടോ ചര്‍മനിറം മങ്ങിയതുകൊണ്ടോ ഒക്കെയാണ് പാര്‍ശ്വവല്‍ക്കരണവും അധമത്വവും നിര്‍ണയിക്കുന്നതെങ്കില്‍ അത്തരം അധ:സ്ഥിതവിഭാഗം ഇസ്‌ലാമിലില്ല തന്നെ. പാവപ്പെട്ടവനും ധനികനും നിറമുള്ളവനും ഇല്ലാത്തവനും നിരക്ഷരനും സാക്ഷരനുമെല്ലാം ഇസ്‌ലാമിക സമൂഹത്തില്‍ ഒരു ചീര്‍പ്പിലെ പല്ലുകള്‍ പോലെ അടുപ്പമുള്ളവരാണ്.

ഒരു യന്ത്രത്തെപ്പോലെ രാപ്പകല്‍ കഠിനജോലികള്‍ക്ക് നിര്‍ബന്ധിക്കപ്പെട്ടിരുന്ന നീഗ്രോ അടിമയായിരുന്ന ബിലാല്‍ മുസ്‌ലിമായപ്പോള്‍ ലഭിച്ച മാനസികോല്ലാസവും മന:ശാന്തിയും ആവാച്യമാണ്. പ്രവാചകന്‍ സ്വന്തം കരങ്ങള്‍കൊണ്ട്  ആശ്‌ളേഷിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയും സന്തോഷവും മറ്റെവിടെനിന്നാണ് ലഭിക്കുക ഇതാണ് ഇസ്‌ലാമിന്റെ  മാതൃക. മുസ്‌ലിംകളുടെ സംഘം ചേര്‍ന്നുള്ള യാത്രകളിലും യുദ്ധപ്പുറപ്പാടുകളിലുമെല്ലാം ഈ മാനുഷിക സമത്വത്തിന്റെ സ്ഫുരണങ്ങള്‍ നമുക്ക് കാണാനാവും. എന്നാല്‍ അവരില്‍ പണക്കാരും പണിക്കാരുമുണ്ടായിരുന്നു. അടിമയും ഉടമയുമുണ്ടായിരുന്നു.  കച്ചവടക്കാരും ഇതര ജോലിക്കാരുമുണ്ടായിരുന്നു. അതൊന്നും അവര്‍ക്കിടയിലുള്ള സാഹോദര്യ പരിഗണനക്ക് വിലങ്ങുതടിയായില്ല.

വിശ്വാസി സമൂഹത്തിന്റെ പ്രഥമ ഗണത്തില്‍ വിഭാഗീയതകളോ ചേരിതിരുവുകളോ ഭൗതിക മാനദണ്ഡങ്ങളാല്‍ വിവിധ തട്ടുകളാക്കി വേര്‍തിരിക്കുന്ന സ്വഭാവമോ ഇല്ല. 'നിങ്ങളെല്ലാം ആദമില്‍നിന്ന്, ആദമോ മണ്ണില്‍നിന്നും' ഇതാണ് ഇസ്‌ലാമിന്റെ മുദ്രാവാക്യം. പക്ഷേ, ഇസ്‌ലാമിന്റെ ജീവിത വിശുദ്ധിക്കനുസരിച്ചും വിശ്വാസദാര്‍ഢ്യത്തിന് അനുസൃതമായും അവന് മഹത്വം കല്പിക്കപ്പെടുന്നു. അത് ദൈവസന്നിധിയില്‍ മാത്രം.

ഉമര്‍ (റ) രാഷ്ട്രം ഭരിക്കുന്ന ഖലീഫയാണ്. റേഷന്‍ വിഹിതമായി ഓരോരുത്തര്‍ക്കും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുണി ഉപയോഗിച്ച് ഖലീഫ വസ്ത്രം ധരിച്ചിരിക്കുന്നു. ഇത് പൊതുവേദിയില്‍ ചോദ്യം ചെയ്യുന്നത് ഒരു സാധാരണ പൗരനാണ്. ഖലീഫ മന്ദസ്മിതം തൂകി. അദ്ദേഹം വിശദീകരിക്കാന്‍ തന്റെ മകനോട് പറയുന്നു. തന്റെ വിഹിതം കൂടി ഉപ്പാക്ക് നല്കിയിട്ടാണ് അല്പം വലുപ്പം കൂടിയ വസ്ത്രം പിതാവ് തയ്പ്പിച്ചതെന്ന് വ്യക്തമാക്കിയപ്പോഴാണ് ജനം ആശ്വസിച്ചത്. 'ശരി എങ്കില്‍ തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞോളൂ, ഞങ്ങള്‍ അനുസരിക്കാം' ജനം പറഞ്ഞു.

എതിര്‍ ശബ്ദമുയര്‍ത്തുന്നവനെ കല്‍തുറങ്കിലടച്ച് ഇല്ലാത്ത കുറ്റപത്രങ്ങള്‍ നല്കി വിചാരണക്കെടുക്കുക പോലും ചെയ്യാതെ പീഡിപ്പിക്കുകയോ വധശിക്ഷക്ക് വരെ വിധേയമാക്കുകയോ ചെയ്യുന്ന വര്‍ത്തമാന കാലത്ത് ഈ ചരിത്രസംഭവം അത്ഭുതത്തോടെ നോക്കിനില്ക്കാനല്ലാതെ ആവുകയില്ല.

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത് ഇസ്‌ലാമില്‍ പലതരത്തിലുള്ള കക്ഷിത്വങ്ങളും വിഭാഗീയതകളും ഉടലെടുത്തു എന്നത് നിഷേധിക്കുന്നില്ല. അവിടെയൊക്കെയും പ്രധാനമായി നമുക്ക് കാണാനാവുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ കയറിക്കൂടിയ കപടവിശ്വാസികളുടെ രാഷ്ട്രീയ ഉപജാപങ്ങളും കുതന്ത്രങ്ങളും, അതോടൊപ്പം കര്‍മാനുഷ്ഠാനങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച പണ്ഡിതശ്രേഷ്ഠരോട് അന്ധമായി വിധേയത്വം പുലര്‍ത്തി ദുരഭിമാനവും ദുര്‍വാശിയും അസഹിഷ്ണുതയിലേക്ക് നയിച്ചതിലൂടെ രൂപപ്പെട്ട സംഘങ്ങളും ചേരികളുമാണ്. ഇസ്‌ലാമിന്റെ പോരായ്മയായി ഇത് ഗണിക്കാവതല്ല.

'സ്വബ്ര്‍' എന്ന ഒറ്റമൂലി
സാമ്പത്തിക സമത്വവും ഇസ്‌ലാം വിഭാവനം ചെയ്യുന്നില്ല. അതുപോലെതന്നെ ഇസ്‌ലാം ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന്, ഇസ്‌ലാം തൊഴിലില്ലായ്മക്ക് ക്ഷേമ രാഷ്ട്രത്തിന് ഇസ്‌ലാം തുടങ്ങിയ ചില മുദ്രാവാക്യങ്ങള്‍ മതരാഷ്ട്രീയവാദികളായ ചിലരില്‍നിന്ന് കേള്‍ക്കാനാവുന്നുണ്ട്. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു പറയുന്നു;

'അല്പമൊക്കെ വിശപ്പ്, ഭയം, സാമ്പത്തിക ഞെരുക്കം, ശാരീരിക പ്രയാസങ്ങള്‍, വിഭവങ്ങളുടെ ദൗര്‍ലഭ്യം മുഖേന നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്' (2:155). ഈ ക്വുര്‍ആന്‍ വചനം ആരംഭിക്കുന്നത് വിശ്വാസികളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. വിശ്വാസികളായി എന്നതുകൊണ്ട് ഇത്തരം പ്രതിസന്ധികളും വിഷമതകളും നിങ്ങള്‍ക്കുണ്ടാവാതിരിക്കില്ല എന്നര്‍ത്ഥം. പ്രവാചകന്മാരുടെയും ഖലീഫമാരുടെയും കാലത്തുപോലും ക്ഷാമവും കാലാവസ്ഥവ്യതിയാനങ്ങളും പകര്‍ച്ചവ്യാധികളും മറ്റും ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതിനെയെല്ലാം പ്രാര്‍ത്ഥനയിലൂടെയും ക്ഷമയിലൂടെയും തരണ ചെയ്യാനാണ് അല്ലാഹു പഠിപ്പിക്കുന്നത്.  'ഞങ്ങളെല്ലാം അല്ലാഹുവിനുള്ളവരാണ്, അവനിലേക്ക് മടങ്ങുന്നവരാണ്' എന്ന അടിസ്ഥാനജീവിത വീക്ഷണത്തിലാണെന്ന് അറിയിക്കുകയും ചെയ്യുന്നു.

അനുഗ്രഹം നല്കപ്പെട്ടവരുടെ ബാധ്യതകള്‍
അവശരുടെയും അശരണരുടെയും പരിദേവനങ്ങള്‍ ശ്രദ്ധിക്കാനും ആവുംവിധം അവരുടെ പതിതാവസ്ഥക്ക് സാന്ത്വനമേകാനും ആവശ്യപ്പെടുന്ന നിരവധി കല്പനാ നിര്‍ദ്ദേശങ്ങള്‍ വിശുദ്ധ ക്വുര്‍ആനില്‍ കാണാം.

സംസാരസൗമ്യതയോടെയായിരിക്കണം (20:44) വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം (2:273). അനാഥകളെ സംരക്ഷിക്കണം (2:220) ചോദിച്ചുവരുന്നവരെ ആട്ടിയോടിക്കരുത് (93 : 10) പുച്ഛത്തിലും പരുഷഭാവത്തിലും ആക്ഷേപിക്കരുത് (3:159) പരിഹസിക്കുകയും കുത്തുവാക്കുപറയുകയുമരുത് (48:11) പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം (107:3) ഉച്ചനീചത്വബോധമുണ്ടാക്കരുത് (49:13) ആരോടും അനീതി ചെയ്യരുത് (5:8) ചെയ്ത ഉപകാരം എടുത്ത് പറയരുത് (2:264) വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം.

പക്ഷപാതിത്വങ്ങള്‍ അരുത് (4:58) കടബാധ്യതയുള്ളവന്‍ ബുദ്ധിമുട്ടിലാണെങ്കില്‍ വിഷമിപ്പിക്കരുത് (2:280) തുടങ്ങിയ ശക്തമായ ആഹ്വാനങ്ങളും ഉപദേശങ്ങളും പരസ്പരം സംതൃപ്തവും വിശ്വാസവും ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ഉത്തമ സാമൂഹ്യസംസ്‌കൃതിയുടെ നിര്‍മിതി ലക്ഷ്യമാക്കിയുള്ളതാണ്. ഇതൊന്നും തന്നെ ഭരണകര്‍ത്താക്കളുടെ കര്‍ക്കശനിയമങ്ങളെന്ന നിലക്ക് നടപ്പിലാക്കപ്പെടേണ്ടതല്ല.  തന്റെ സ്രഷ്ടാവിന്റെ തൃപ്തിയും അതിലൂടെ സ്വര്‍ഗപ്രവേശവും ആഗ്രഹിച്ചുകൊണ്ട് സ്വയം സന്നദ്ധനായി വ്യക്തികള്‍ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരേണ്ടതാണ്. 'നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്നും ദൈവമാര്‍ഗത്തില്‍ ചെലവുചെയ്യുന്നതുവരെ നിങ്ങള്‍ പുണ്യവാന്മാരാവുകയില്ല' (വിശുദ്ധ ക്വുര്‍ആന്‍) എന്ന അറിയിപ്പ് ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുന്നവന് ഏറെ ആശ്വാസകരമാണ്.

അയല്‍ക്കാരോടുള്ള ബാധ്യതകള്‍ വിശദീകരിക്കുമ്പോള്‍ അവന്റെ ജാതിയോ മതമോ പോലും പരിഗണിക്കരുതെന്നാണ് അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്. യാതൊരു തലത്തിലും ദ്രോഹിക്കാനോ ശല്യം ചെയ്യാനോ ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. മറ്റൊരാളുടെ രക്തം, ധനം, അഭിമാനം എന്നിവക്ക് മഹത്തായ പാവനത്വമാണ് ഇസ്‌ലാം കല്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ അല്ലാഹുവിന്റെ പരീക്ഷണത്താല്‍ ഏതെങ്കിലും വിധത്തില്‍ പതിതാവസ്ഥയിലാണെങ്കില്‍ പോലും ആ അവസ്ഥ അവനൊരിക്കലും 'ഫീല്‍' ചെയ്തിട്ടില്ല. അലോസരപ്പെടുത്തുകയില്ല. അതാണ് ഉത്തമമായ മുസ്‌ലിം സമൂഹത്തിന്റെ ശ്രദ്ധേയമായ സവിശേഷത.


0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ