Wednesday, March 23, 2016

ശക്തരും ദുര്‍ബലരും ക്വുര്‍ആനിക വീക്ഷണം | അബ്ദുല്‍ അലി മദനിമനുഷ്യര്‍ക്കിടയില്‍ ബലഹീനര്‍, ശക്തര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ കാണാം. മനുഷ്യരെല്ലാം ദുര്‍ബലരും അശക്തരുമാകാന്‍ പാടില്ലാത്ത പോലെത്തന്നെ അവരെല്ലാവരും ഒരേപോലെ ശക്തരും കരുത്തരുമാകാനും പാടുള്ളതല്ല. അങ്ങനെയൊരു വ്യവസ്ഥയാണ് സ്രഷ്ടാവ് നിര്‍ണയിച്ചിട്ടുള്ളത്. ലോകത്തിന്റെ നിലനില്പിനും അഭിവൃദ്ധിക്കും ഒരു ദൃഷ്ടാന്തമെന്ന നിലയില്‍ ഈയൊരവസ്ഥ അനിവാര്യമാണെന്ന് കാണാവുന്നതാണ്. ശക്തരും അശക്തരും തമ്മില്‍ പരസ്പരം കടിച്ചുകീറാന്‍ വേണ്ടിയോ അവര്‍ തമ്മില്‍ അടിച്ചൊതുക്കി ശക്തന്മാര്‍ മേല്‍ക്കോയ്മ സ്ഥാപിച്ചു വാഴാന്‍ വേണ്ടിയോ അല്ല നാഥന്‍ ഇങ്ങനെ നിശ്ചയിച്ചിട്ടുള്ളത്. മറിച്ച്, ദുര്‍ബലനെ ശക്തന്‍ പരിപാലിക്കാനും അശക്തന്‍ ബലവാനോട് നല്ല നിലയില്‍ വര്‍ത്തിക്കാനുമാണ്. പരസ്പരം താങ്ങും തണലും സഹായവുമാകണമെന്ന് സാരം. പക്ഷേ, ഇത്തരമൊരവസ്ഥയല്ല ലോകത്തുള്ളത്. തന്മൂലം പ്രാപഞ്ചിക വ്യവസ്ഥയില്‍ തന്നെ അത്യന്തം ആപല്ക്കരമായ സ്ഥിതി വിശേഷം സംജാതമാവുന്നു. മനുഷ്യ സമൂഹം ഒന്നടങ്കം അതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നു.

ജീവസ്സുറ്റ മതദര്‍ശനമായ ഇസ്‌ലാം നീതിപൂര്‍വകമായൊരു സമീപനം സ്വീകരിക്കുന്നതായി കാണാനാകും. ശക്തരായ ആളുകള്‍ ദുര്‍ബലരെ അടിച്ചൊതുക്കി മേല്‍ക്കോയ്മ സ്ഥാപിക്കുന്നതും അവരുടെ മാനുഷികാവശ്യങ്ങളെ ഹനിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യും വിധം പെരുമാറാന്‍ പാടില്ലെന്നതാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. നമ്മുടെ രാജ്യത്ത് വ്യക്തികള്‍ക്കു പകരം സംഘങ്ങളും പാര്‍ട്ടികളുമായി മാറിക്കൊണ്ട് ഇത്തരമൊരു വാഴ്ച നിലനിര്‍ത്തിപ്പോരുന്നതായി അനുഭവപ്പെടുന്നു. ഭൂരിപക്ഷം ന്യൂനപക്ഷത്തോടും ബലവാന്‍ ബലഹീനനോടും കാണിക്കുന്ന ഈ അതിക്രമ മനോഭാവത്തെ അപലപിക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. പീഡിതന്റെ മനസ്സില്‍ തട്ടിയുള്ള പ്രാര്‍ഥനയെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുകയെന്ന് മുന്നറിയിപ്പു നല്കിയ ദര്‍ശനമാണ് ഇസ്‌ലാം. അവര്‍ ആരായാലും അവന്റെയും ദൈവത്തിന്റെയമിടയില്‍ യാതൊരു മറയും ഉണ്ടായെന്നു വരില്ലെന്നും ദൈവദൂതന്‍ മുന്നറിയിപ്പു നല്കുന്നുണ്ട്. ഭൂമിയില്‍ ദുര്‍ബലരായ ജനങ്ങള്‍ അനുഭവിക്കുന്ന വേദനയകറ്റാന്‍ ത്യാഗപരിശ്രമം നടത്തുന്നത് പുണ്യകര്‍മമായാണ് ഇസ്‌ലാം വീക്ഷിക്കുന്നത്.

അശക്തരും ദുര്‍ബലരുമായവരെ സംരക്ഷിക്കേണ്ട മാര്‍ഗത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് ത്യാഗപരിശ്രമം നടത്തുന്നില്ലെന്ന് ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് ചോദിക്കുന്നതായി കാണാം. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും നിന്റെ വകയായി, ഒരു രക്ഷാധികാരിയേയും ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതകരുകയും ചെയ്യേണമേ, എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന, മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടിയും (നിങ്ങള്‍ ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ?) (വി.ഖു 4:75)

ശക്തരെയും ബലഹീനരെയും ഭൂമിയില്‍ നിശ്ചയി ച്ച നാഥന്‍ ദുര്‍ബലരെ സംരക്ഷിക്കാന്‍ സമരമുറ സ്വീ കരിക്കാന്‍ ആഹ്വാനം ചെയ്യുന്നു എന്ന് മാത്രമല്ല അവരുടെ രോദനം കേട്ട് പരിഹാരമാര്‍ഗം നിര്‍ദേശിക്കുക യും ചെയ്യുന്നു. ബലഹീനരെ അടിച്ചൊതുക്കാന്‍ വേ ണ്ടിയുള്ള ഒരു പ്രത്യേക വിഭാഗമായിട്ടല്ല ശക്തരുടെ മുന്നില്‍ അവരെ പ്രപഞ്ചനാഥന്‍ നിശ്ചയിച്ചിട്ടുള്ളതെ ന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. തങ്ങള്‍ക്ക് സ്വന്തമായി അത്യാവശ്യവും താല്പര്യവും ഉള്ളതോടൊപ്പം തന്നെ അഗതികള്‍ക്കും അനാഥര്‍ക്കും തടവുകാര്‍ ക്കുംആഹാരം നല്കിയ യഥാര്‍ഥ വിശ്വാസിയുടെ ല ക്ഷണമായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (വി.ഖു 76:8-ാം വചനം നോക്കുക). ഇത്തരം സന്ദര്‍ഭത്തില്‍ വിശ്വാസികളുടെ മനോഗതി എന്തായിരിക്കുമെന്ന് പോലും അല്ലഹു വിശദമാക്കിയിരിക്കുന്നു. ''(അവര്‍ പറയും) അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല''(വി.ഖു 76:9). ഈയൊരു സമീപനം തന്നെയാണ് ശക്തരുടെയും ദുര്‍ബലരുടെയും ഇടയില്‍ നില്‌ക്കേണ്ടത്.

ഭൂമിയില്‍ അടിച്ചൊതുക്കപ്പെട്ട അശക്തരെയും സാധുക്കളെയും ധാരാളം ദൈവാനുഗ്രഹങ്ങളും ആധിപത്യവും നല്കി ആദരിക്കാനാണ് അല്ലാഹു തീരുമാനിച്ചിട്ടുള്ളതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നതായി കാണാം. ഈയൊരു ദൈവികവാഗ്ദാനം ഫ റോവയുടെയും ഇസ്‌റാഈല്യരുടെയും ജീവചരിത്രം അനാവരണം ചെയ്യുന്ന(28: 4,5) വചനങ്ങളിലും സൂ ചനയുണ്ട്. ''തീര്‍ച്ചയായും ഫിര്‍ഔന്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗ ത്തെ ദുര്‍ബലരായിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്, തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു. നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും അവരെ നേതാക്കളാക്കുവാനും അവരെ(നാടിന്റെ) അനന്തരാവകാശികളാക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. അവര്‍ക്ക് (ആ മര്‍ദിതര്‍ ക്ക്) ഭൂമിയില്‍ സ്വാധീനം നല്കുവാനും, ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു) (വി.ഖു 28:4,5,6). ഈ വചനങ്ങളിലെല്ലാം അല്ലാഹുവില്‍ നിന്നുള്ള സഹായാനുഗ്രഹങ്ങളെ സംബന്ധിച്ചുള്ള പ്രത്യാശ മുറിയരുതെന്ന് ഉണര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്. മാത്രമല്ല, ഇതെല്ലാം സത്യമായി പുലര്‍ന്നുകഴിഞ്ഞ യാഥാര്‍ഥ്യവുമാണ്.

ഇവിടെ പ്രത്യേകമായി കണക്കിലെടുക്കേണ്ട ഒരു വസ്തുതയുണ്ട്. അഥവാ, പ്രപഞ്ചനാഥന്‍ നിശ്ചയിച്ചിട്ടുള്ള കാര്യങ്ങളുടെ പൂര്‍ത്തീകരണത്തിനാവശ്യമായ നിബന്ധനകള്‍ അവന്റെ സൃഷ്ടികള്‍ കാത്തുസൂക്ഷിക്കണമെന്നതാണത്. അവര്‍ക്ക് മാത്രമേ അല്ലാഹുവി ന്റെ കരാര്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അല്ലാഹു പറയുന്നു: ''നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാ ഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്കിയതുപോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനി ധ്യം നല്കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടുകൊടുത്ത അവന്റെ മതത്തിന്റെ കാര്യത്തില്‍ അവര്‍ ക്ക് അവന്‍ സ്വാധീനം നല്കുകയും അവരുടെ ഭയപ്പാടിനുശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ ക്കുകയില്ല. അതിനുശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍''(വി.ഖു 24:55). അതെ, അല്ലാഹുവുന്റെ ഏക ത്വം അംഗീകരിച്ച് അവനില്‍ ഒന്നിനെയും പങ്കുചേര്‍ ക്കാത്തര്‍ക്കും തന്നെയാണവന്റെ വാഗ്ദാനം സത്യമായി പുലരുക. അത് അങ്ങനെത്തന്നെ പുലര്‍ന്നുകണ്ട സമുദായമാണ് മുഹമ്മദ് നബി(സ) വളര്‍ത്തിയെടുത്ത സമൂഹം.

പ്രവാചകന്മാരെയും അവരില്‍ വിശ്വാസമര്‍പ്പിച്ച നല്ലവരായ മനുഷ്യരെയും അവരുടെ എണ്ണത്തിലെ കുറവു കാരണമായി അവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരായിരുന്നു പ്രമാണിമാരും ശക്തരായ ഭൂരിപക്ഷവും. എന്നാല്‍ അവര്‍ക്കുണ്ടായ പരാജയവും സത്യവിശ്വാസികള്‍ക്കുണ്ടായ നേട്ടവും ഒരു ദൃഷ്ടാന്തമായിത്തന്നെയാണ് ഖുര്‍ആന്‍ വിവരിച്ചു തന്നിട്ടുള്ളത്. എത്രയെത്ര ചെറു സംഘങ്ങള്‍ വലിയ വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് (2:249) ചോദിക്കുന്ന ക്വുര്‍ആന്‍ ദുര്‍ബല വിഭാഗത്തിന് ആത്മധൈര്യവും സഹനവും വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

അടിച്ചൊതുക്കപ്പെട്ടവരോട് നാടും വീടും വിട്ട് യാത്രപോകാന്‍ പ്രോത്സാഹിപ്പിക്കുന്ന വചനങ്ങളും വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാം. ഇങ്ങനെയുള്ള ഒഴിഞ്ഞുപോക്കിനെ സാങ്കേതികമായി 'ഹിജ്‌റ്' (പലായനം) എന്ന് പറയുന്നു. മിക്കവാറും എല്ലാ പ്രവാചകന്മാരും അവരുടെ ജനതകളും സ്വദേശം ത്യജിച്ചു പലായനം ചെയ്തിട്ടുണ്ട്. ഇത്തരം യാത്രകളാണ് അ വര്‍ക്ക് അസ്തിത്വവും നിലനില്പും പ്രദാനം ചെയ്തതെന്ന് കാണാം.

അവസാനത്തെ ദൈവദൂതനായ മുഹമ്മദ് നബി യും അനുചരന്മാരും മക്ക വിട്ട് മദീനയിലേക്ക് ഹിജ്‌റ പോയി. പ്രവാചകന്‍(സ)യുടെ ചരിത്രത്തിലെ ഒരു മഹാസംഭവമായിരുന്നു അത്. പീഡനങ്ങള്‍ അസഹ്യമാപ്പോഴായിരുന്നു അത്. മക്കയിലെ സാഹചര്യം പരുപരുത്ത പാറക്കെട്ടുകളാലും കഠിന ഹൃദയരാലും നിറയ്ക്കപ്പെട്ട വിധമായിരുന്നു. എന്നാല്‍ ഈ പലായനം അവര്‍ക്ക് അസ്തിത്വവും ശക്തിയും ചരിത്രവും പ്രദാ നം ചെയ്തു എന്നതാണ് സത്യം. അവര്‍ ആള്‍ ബല  വും സൈന്യവുമുള്ളവരാവുകയും ചരിത്രം രചിക്കുന്നവരായി മാറുകയും ചെയ്തു.

''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞു പോകുന്നപക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവര്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞുകൊണ്ട്-അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായി ഇറങ്ങിപ്പുറപ്പെടുകയും അനന്തരം (വഴിമധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്നപക്ഷം അവനുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടുകഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(വി.ഖു 4:100). മര്‍ദിതരും പീഡിതരുമായി കഴിഞ്ഞു കൂടുന്നവര്‍ തങ്ങളുടെ സര്‍വവും ത്യജിച്ചു നടത്തുന്ന പലായനം പോലും ദൈവ വിശ്വാസസത്തിന്റെ ശക്തിയെയാണ് വിളിച്ചറിയിക്കുന്നത്. മാത്രമല്ല, അത് ജീവിത വിശാലതയിലേക്കുള്ള കളമൊരുക്കല്‍ കൂടിയാണ്.

ഇവിടെയെല്ലാം അക്രമിയെ പിടിച്ചുകെട്ടാനും ദുര്‍ബലരെ ഉന്നതരാക്കാനുമുള്ള അല്ലാഹുവിന്റെ തീരുമാനത്തെ വിളിച്ചറിയിക്കുന്നതായി നാം കാണേണ്ടതുണ്ട്. അഥവാ ഹിജ്‌റയെന്നത് ഒളിച്ചോട്ടമല്ലെന്നും അത് അസ്തത്വത്തെ ഉജ്ജ്വലമാക്കാനുള്ളതുമാണെന്നുമാണ് മനസ്സിലാക്കേണ്ടത്. അക്രമികളെ പൂര്‍ണമാ യും പിടിച്ചു ശിക്ഷിക്കുന്നപക്ഷം നിരപരാധികള്‍ അ തില്‍ പെടാതിരിക്കാനും ഹിജ്‌റ ഉപരിക്കുമെന്നര്‍ഥം.

അല്ലാഹു സത്യവിശ്വാസികളുടെ ദുര്‍ബലാവസ്ഥയില്‍ അവര്‍ക്കു നല്കിയ രക്ഷാമാര്‍ഗത്തെയും അനുഗ്രഹങ്ങളെയും ഓര്‍മിച്ചുകൊണ്ട് സത്യവിശ്വാസികളോട് നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുതെന്നും നിങ്ങള്‍ വിശ്വസിച്ചേല്പിക്കപ്പെട്ട കാര്യങ്ങളെ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കരുതെന്നും പഠിപ്പിക്കുന്നതായി ഖുര്‍ആന്‍ 8:27 ല്‍ നമുക്ക് കാണാം. മര്‍ദിതരും പീഡിതരുമായിരുന്നവര്‍ക്ക് അധികാരവും സൗകര്യവും ലഭ്യമായാല്‍ പകവീട്ടാനായി അതൊന്നും ഉപോഗപ്പെടുത്തരുതെന്ന നിര്‍ദ്ദേശമോണതിലുള്ളത്. അത്യുന്നതമായ ഈയൊരു സ്വഭാവം ലോകചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടേത് മാത്രമാണ്. മക്കാവിജയം സംഭവിച്ചപ്പോള്‍ തന്നെ നിഷ്‌കാസനം ചെയ്യാന്‍ പല്ലും നഖവും ആളും അര്‍ഥവും ഉപയോഗപ്പെടുത്തിയവര്‍ക്ക് പ്രവാചകന്‍ നല്കിയ പൊതു മാപ്പ്. ഇത് ദുര്‍ബലര്‍ക്ക് ഒരു വലിയ പാഠം തന്നെയാണ്.

ആയതിനാല്‍ വിശ്വാസികള്‍ പ്രപഞ്ചനാഥന്‍ നി ശ്ചയിച്ച നിയമചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ജീവിതവും മരണവും പോലെയുള്ള രണ്ട് പ്രതിഭാസങ്ങളാണ് ശക്തിയും ദൗര്‍ബല്യവും. രണ്ട് ഘട്ടത്തി ലും നാഥന്റെ നിശ്ചയങ്ങള്‍ ഉള്‍ക്കൊള്ളുകയെന്നതാ ണ് മനുഷ്യധര്‍മം. വിശ്വാസികളോടായി ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത് ഇങ്ങനെയാണ്. ''നിങ്ങള്‍ ക്ക് ജീവന്‍ നല്കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്കുക. മനുഷ്യനും അവന്റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞുകൊള്ളുക. (വി.ഖു 8:24)

''നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി പരിഗണിക്കപ്പെട്ടിരുന്ന കുറച്ചു പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങളോര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്കുകയും അവന്റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഉപജീവനം നല്കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.''(വി.ഖു 8:26)

അതെ, ആരായാലും പ്രപഞ്ചനാഥനോട് നന്ദിയുള്ളവരായി, പ്രത്യാശയുള്ളവരായി നിലകൊള്ളുകയെന്നതാണ് ഖുര്‍ആന്‍ നല്കുന്ന സന്ദേശം. മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത് പണമോ അറിവോ ശക്തിയോ ആള്‍ബലമോ സൈനിക സഹായമോ അല്ലെന്നും അവര്‍ക്ക് അസ്തിത്വവും നിര്‍ഭയ ജീവിത സാഹചര്യവും നല്കുന്നത് ദൈവദാനമാണെന്നും ബുദ്ധിയുള്ള മനുഷ്യരെ പഠിപ്പിക്കുകയാണ് ഖുര്‍ആന്‍ നിര്‍വഹിക്കുന്ന ദൗത്യം. ദൈവാനുഗ്രങ്ങളില്‍ മതിമറന്നാടുന്നവരെ അവന്‍ വെറുതെ വിട്ടിട്ടില്ലെന്നും ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. ഐശ്വര്യവും സുഖവിഭവങ്ങളിലെ അധികാരവുമെല്ലാം മനുഷ്യരെ മദോന്മത്തരാക്കുന്നു. സ്വേച്ഛാധിപതികളായി വാണിരുന്ന സീസര്‍, കിസ്‌റാ, ഫറോവ, നംറൂദ് രാജാക്കന്മാരും അവരുടെ കോട്ട കൊത്തളങ്ങളും സമ്പാദ്യങ്ങളുമാണവരെ ധിക്കാരികളാക്കിയത്. എന്നാല്‍ അതെല്ലാം ഇവിടെ ഉപേക്ഷിച്ച് പോകേണ്ടിന്നതായി ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ''എത്രയെത്ര തോട്ടങ്ങളും അരുവികളുമാണവര്‍ വിട്ടേച്ചുപോയത്. (എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദപൂര്‍വം അനുഭവിച്ചിരുന്നു . (എത്രയെത്ര) സൗഭാഗ്യങ്ങള്‍. അങ്ങനെയാണത് (കലാശിച്ചത്). അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുണ്ടായില്ല.''(വി.ഖു 44:25-29)

ദുര്‍ബലരെയും പാവപ്പെട്ടവരെയും അടിച്ചൊതുക്കി അവരെ ഞെക്കിഞെരുക്കി കിരാത വാഴ്ച നടത്തിയവര്‍ക്കുണ്ടായ അനുഭവമാണിത്. മനുഷ്യചരിത്രം ഇതിന്ന് സാക്ഷിയുമാണ്. യഅ്ക്വൂബ് നബിയുടെ പ്രിയ പുത്രന്‍ യൂസുഫിനെ കിണറ്റില്‍ വലിച്ചെറിഞ്ഞ സഹോദരങ്ങള്‍ തന്റെ മുന്നില്‍ പിച്ചപ്പാത്രവുമായി കീഴൊതുങ്ങി വന്നപ്പോള്‍ അവരെയെല്ലാം മാന്യമായി സ്വീകരിച്ചിരുത്തി നിങ്ങളോടെനിക്ക് യാതൊരു പ്രതികാരവുമില്ലെന്ന് പറയാന്‍ അവസരം ലഭിച്ചപ്പോള്‍ മാപ്പ് നല്കിയ സംഭവം ശക്തന്മാര്‍ക്കും ദുര്‍ബലര്‍ക്കും ഒരേപോലെ പാഠമാണ്. അശക്തരും ബലഹീനരുമായ നല്ല മനുഷ്യരെ അല്ലാഹു സംരക്ഷണം നല്കിയനുഗ്രഹിക്കുകയും ശക്തരും ധിക്കാരികളമായിട്ടുള്ളവരെ അവര്‍ കൈകാര്യം ചെയ്യുമെന്നും സൂചനകള്‍ നല്കുന്ന ഒട്ടേറെ വചനങ്ങള്‍ ക്വുര്‍ആനില്‍ നമുക്ക് വായിക്കാനാകും.


0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ