Wednesday, March 30, 2016

സൂഫികളെ പ്രണയിക്കുന്ന മോദി | മുജീബുര്‍റഹ്മാന്‍ കിനാലൂര്‍



''ഭീകരതക്കെതിരായ പോരാട്ടം ഒരു മതത്തിനുമെതിരല്ല. അല്ലാഹു റഹ്മാനും റഹീമുമാണ്. അല്ലാഹുവിന്റെ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തിന്റേതല്ല. ഇസ്‌ലാം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് സൂഫിസം. 'സബ്കാസാഥ്, സബ്കാ വികാസ്' എന്ന എന്റെ തത്വസംഹിതയ്ക്കു പിന്നില്‍ സൂഫിസമാണ്. സൂഫിസം വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും ആഘോഷമാണ്. മതത്തില്‍ ബലപ്രയോഗമില്ല. ഓരോ വിഭാഗത്തിനും അവരവരുടെ ആരാധനാ രീതികളുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞത് അതുകൊണ്ടാണ്. മതത്തിന്റെ പേരില്‍ ഭീകരത വ്യാപിപ്പിക്കുന്നവര്‍ മതവിരുദ്ധരാണ്. ഒരാള്‍ ഒരു നിരപരാധിയെ കൊന്നാല്‍ അയാള്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊന്നതിനു തുല്യമാണെന്നും ഒരു ജീവന്‍ രക്ഷിച്ചാല്‍ മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിനു തുല്യമാണെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്.''

വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഇസ്‌ലാമിക ചരിത്രവും സമൃദ്ധമായി ഉദ്ധരിച്ച്, ഇസ്‌ലാമിന്റെ ആധ്യാത്മിക ധാരയായ സൂഫിസത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് പ്രഭാഷണം നടത്തിയത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. പ്രധാനമന്ത്രിയുടെ തന്നെ താല്പര്യപ്രകാരം ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട സൂഫി പണ്ഡിതന്മാരുടെയും സൂഫിവര്യന്മാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം മുകളില്‍ ഉദ്ധരിച്ച പ്രസംഗം നടത്തിയത്. ഒരു സൂഫി-ത്വരീഖത്ത് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തതും ഇസ്‌ലാമിനെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതും എതിര്‍ക്കപ്പെടേണ്ടതല്ല. ഇസ്‌ലാം ഭീകരതയുടെ മതമാണെന്ന് പ്രചരിപ്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ സമാധാനസന്ദേശം രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ നാവുകളിലൂടെ പുറത്തുവരുന്നത് നല്ല കാര്യംതന്നെ.

എന്നാല്‍, ഈ വാക്കുകളുടെയും ഇത്തരമൊരു സൂഫി സമ്മേളനത്തിന്റെയും ഉദ്ദേശ്യശുദ്ധിയെ സംശയിപ്പിക്കുന്നതാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെയും രാജ്യം ഭരിക്കുന്ന സംഘപരിവാരത്തിന്റെയും നിരന്തരമായ നീക്കങ്ങള്‍. പ്രധാനമന്ത്രി ഈ പ്രഭാഷണം നടത്തിയ തൊട്ടടുത്ത ദിനങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ കന്നുകാലി വ്യാപാരികളായ മുഹമ്മദ് മജൂം അന്‍സാരി, ഇംതിയാസ്ഖാന്‍ എന്നിവരെ കൊന്നു കെട്ടിത്തൂക്കിയത്. ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഹിന്ദുത്വവാദികള്‍ കൊല ചെയ്തിട്ട് അധികമായിട്ടില്ല. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും യാതൊരു വിലയും കല്പിക്കാതെ, അവരോട് ശത്രുതാപരമായി പെരുമാറുകയും നിരന്തരം 'പാകിസ്താനില്‍ പോ' എന്നാക്രോശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ നേതാവുകൂടിയായ നരേന്ദ്രമോദി, ഈ പ്രസംഗം നടത്തിയിരുന്നത് നാഗ്പൂരിലെ ആര്‍ എസ് എസ് സമ്മേളനത്തില്‍ ആയിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. അതിനുപകരം, താന്‍ തന്നെ മുന്‍കൈ എടുത്ത് സംഘടിപ്പിച്ച സൂഫി സമ്മേളനത്തിലാണെന്നതാണ് പരിഹാസ്യമായത്.

ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ മുസ്‌ലിംവംശഹത്യ 2002-ല്‍ ഗുജറാത്തില്‍ അരങ്ങേറുമ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നു. സര്‍ക്കാറിന് വളരെ കൃത്യമായ പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ട ആ വംശഹത്യയുടെ പാപഭാരത്തില്‍ നിന്ന് കൈ കഴുകാന്‍ ഒരിക്കലും സാധ്യമല്ലാത്ത ഒരാള്‍, വിശുദ്ധ ഖുര്‍ആനിന്റെ സമാധാന സന്ദേശം ഉദ്ധരിച്ച് പ്രഭാഷണം നടത്തുമ്പോള്‍ ആര്‍ക്കാണ് അത് വിശ്വസിക്കാന്‍ കഴിയുക?

സംഘപരിവാരത്തിന്റെ സൂഫി പ്രേമം
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തരംകിട്ടുമ്പോഴൊക്കെ ഭര്‍ത്സിക്കുകയും സര്‍വവിധേനയും എതിര്‍ക്കുകയും ചെയ്യുക എന്നത് ഉണ്ടായ നാള്‍ മുതല്‍ സംഘപരിവാരം ജന്മദൗത്യമായി ചെയ്തുവരുന്ന കാര്യമാണ്. സംഘപരിവാരം മുന്നോട്ടുവെക്കുന്ന 'സാംസ്‌കാരിക-ദേശീയത'യില്‍ മുസ്‌ലിംകള്‍ക്ക് ഇടം നല്‍കാറേയില്ല. മുസ്‌ലിംകള്‍ മതപരമായും സാംസ്‌കാരികമായും സ്വയം വന്ധീകരിച്ച ശേഷമല്ലാതെ, ദേശീയതയുടെ ഭാഗമായി അവരെ അംഗീകരിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ തയ്യാറാവുകയില്ല. ഹിന്ദുമതത്തെയും സംസ്‌കാരത്തെയും ഉള്‍ക്കൊള്ളാത്തവര്‍ യാതൊരു പൗരാവകാശവും രാജ്യത്ത് അര്‍ഹിക്കുന്നില്ലെന്ന് സംഘപരിവാരത്തിന്റെ ആചാര്യന്മാര്‍ തന്നെ വ്യക്തമാക്കിയതുമാണ്. എന്നിരിക്കെ, കൂടെക്കൂടെ പ്രധാനമന്ത്രിയും ചില ഹിന്ദുത്വനേതാക്കളും സൂഫിസത്തോട് കാണിക്കുന്ന അനുരാഗത്തിന്റെ രാഷ്ട്രീയമെന്താണ്?

ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പി ഏറ്റവും ശക്തിയായ പാര്‍ട്ടിയാണിന്ന്. കേന്ദ്രഭരണം ഒറ്റയ്ക്ക് കയ്യാളാന്‍ ശേഷിയുള്ള രാഷ്ട്രീയ പ്രസ്ഥാനം. എന്നിട്ടുപോലും രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്കുണ്ടാകുന്നില്ല. ബി ജെ പി നേതൃത്വം നല്‍കുന്ന മുന്നണിയുമായി മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘടനകള്‍ കാര്യമായി അടുക്കുന്നില്ല. അധികാരമോഹികളും സമുദായത്തില്‍ അടിത്തറയില്ലാത്തവരുമായ അപൂര്‍വം ചില നേതാക്കളെ മാത്രമാണ് ഇക്കാലമത്രയും ബി ജെ പിയിലേക്ക് കിട്ടിയത്. ഇന്ത്യയിലെ ആധികാരികമായ മുസ്‌ലിം മത-സമുദായ സംഘടനകളില്‍ ഒന്നുപോലും ബി ജെ പിയുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ല. ഇത്തരമൊരു ഘട്ടത്തിലാണ് മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് സംഘപരിവാര പാളയത്തിലേക്ക് വലവീശിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ലക്‌നോ നദ്‌വത്തുല്‍ ഉലമ, ദയൂബന്ദ് ദാറുല്‍ ഉലൂം, ആള്‍ ഇന്ത്യ അഹ്‌ലെ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ഇന്ത്യന്‍ മുസ്‌ലിം സംഘടനകളുടെ സംയുക്ത വേദിയായ ആള്‍ ഇന്ത്യ മജ്‌ലിസേ മുശാവറ തുടങ്ങിയ പ്രബല സംഘടനകളൊക്കെ ധാരാളം പ്രലോഭനങ്ങള്‍ നല്‍കിയിട്ടും ബി ജെ പിയെ തീണ്ടാപ്പാടകലെ നിര്‍ത്തുകയാണ് ചെയ്തുവരുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളില്‍ നിന്ന് രാഷ്ട്രീയ ബോധവും പ്രത്യയസ്ഥൈര്യവുമുള്ള ആരെയും കിട്ടില്ലെന്നുറപ്പായതോടെയാണ് സംഘപരിവാരം സൂഫികളെ നോട്ടമിടുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇസ്‌ലാമിക ഭീകരതയുടേതാണെന്നും ഇസ്‌ലാമിക ഭീകരത സൃഷ്ടിക്കുന്നത് പൊളിറ്റിക്കല്‍ ഇസ്‌ലാമും വഹാബി ഇസ്‌ലാമുമാണെന്നും അവര്‍ പാരമ്പര്യ നിഷേധികളും മതസങ്കലനത്തെ എതിര്‍ക്കുന്നവരുമാണെന്നും പറഞ്ഞു ബോധ്യപ്പെടുത്തിയാണ് ഇന്ത്യയിലെ ചില സൂഫി-ത്വരീഖത്ത് കേന്ദ്രങ്ങളെ തങ്ങളോട് അടുപ്പിക്കാന്‍ സംഘപരിവാരം കരുക്കള്‍ നീക്കിയത്. ഇന്ത്യയിലെ ബറേല്‍വികളില്‍ ചിലര്‍ ആ കെണിയില്‍ വീഴുകയും ചെയ്തു.

ഇന്ത്യന്‍ മുസ്‌ലിംകളില്‍പെട്ട ചെറിയ ന്യൂനപക്ഷമായ ഒരുപറ്റം സൂഫികള്‍ ഒഴികെ, മഹാഭൂരിപക്ഷം വരുന്ന പ്രബല മുസ്‌ലിം കക്ഷികളെ മൊത്തത്തില്‍ തീവ്രവാദികളും ഭീകരാനുകൂലികളും ദേശീയതാ വിരുദ്ധരുമാക്കി മാറ്റാനുള്ള സംഘപരിവാര കൗശലമാണ് സൂഫി പ്രേമത്തില്‍ അടങ്ങിയിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ വലിയ ക്രാന്തദര്‍ശിത്വമൊന്നും വേണ്ട. സൂഫിസത്തില്‍ ചേര്‍ന്നുനില്ക്കുന്ന 'അരാഷ്ട്രീയ'മാണ് സംഘപരിവാരത്തിന് അവരെ സ്വീകാര്യമാക്കുന്ന ഘടകം. പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തെ സന്ദര്‍ശിച്ച സൂഫി പണ്ഡിതന്മാരെ പുകഴ്ത്തിക്കൊണ്ട് തന്റെ 'മന്‍ കി ബാത്ത്' റേഡിയോ പ്രക്ഷേപണ പരിപാടിയില്‍ നരേന്ദ്രമോദി നല്‍കിയ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് ഇപ്രകാരമാണ്: ''മൂന്നു നാലു ദിവസം മുന്‍പ് സൂഫി സന്യാസിമാരും പണ്ഡിതരുമായി സംഭാഷണം നടത്താനിടയായി. സത്യസന്ധമായി പറയട്ടെ, അവര്‍ സംസാരിച്ച വിഷയവും രീതിയുമെല്ലാം കാതിലേക്ക് സംഗീതം ഒഴുകിയെത്തുന്ന പ്രതീതി ഉണര്‍ത്തി. അവര്‍ തെരഞ്ഞെടുത്ത വാക്കുകളും അതിന്റെ അര്‍ഥവുമെല്ലാം സൂഫി പ്രസ്ഥാനത്തിന്റെ ഉദാരതയാണ് വ്യക്തമാക്കുന്നത്''.

മതേതര ഇന്ത്യയുടെ ചരിത്രത്തില്‍ കളങ്കമേല്‍പ്പിച്ച ബാബരി മസ്ജിദിന്റെ ധ്വംസനത്തെക്കുറിച്ചോ, സംഘപരിവാരം നടത്തിവരുന്ന ആസൂത്രിതമായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളെക്കുറിച്ചോ, വര്‍ഗീയ പ്രചാരണങ്ങളെക്കുറിച്ചോ, ഗുജറാത്ത് വംശഹത്യയെക്കുറിച്ചോ ആരെങ്കിലും സംസാരിച്ചാല്‍ 'കാതിലേക്ക് സംഗീതം ഒഴുകുന്നപോലെ' അദ്ദേഹത്തിന് കേള്‍ക്കാനാകില്ലെന്നുറപ്പ്. അപ്പോള്‍, തീര്‍ത്തും അരാഷ്ട്രീയവും സ്വാര്‍ഥപ്രേരിതവുമായ താല്പര്യമുള്ള ചില 'സന്യാസി'മാരാണ് സൂഫികള്‍ എന്ന മേല്‍വിലാസത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് എന്ന് വ്യക്തമാണ്.

സൂഫിസത്തിന്റെ രാഷ്ട്രീയ പ്രാധാന്യം
ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ സൂഫിസത്തിന് വ്യാപകമായ പ്രമോഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. അത് ആധ്യാത്മികതയ്ക്കും ആത്മീയതയ്ക്കും ലഭിക്കുന്ന സ്വീകാര്യതയുടെ ഭാഗമാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. സാമ്രാജ്യത്വവും ഭരണകൂടങ്ങളും വംശീയവാദ പ്രത്യയശാസ്ത്രങ്ങളും ലോകത്ത് കടുത്ത അന്യായങ്ങള്‍ അടിച്ചേല്പിക്കുമ്പോള്‍, അതില്‍ നിന്നെല്ലാം മുഖം തിരിച്ചുള്ള കേവല ആത്മീയതയിലേക്ക് സമൂഹത്തെ വഴിതിരിച്ചെങ്കില്‍ മാത്രമേ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും മുന്നേറാന്‍ കഴിയൂ. മതവിശ്വാസികള്‍ നീതിയുക്തമായ നിലപാടുകള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ബാധ്യസ്ഥമാണെന്നത് ഇസ്‌ലാമിന്റെ ജൈവിക ആദര്‍ശമാണ്. അനീതിയ്ക്കും അധര്‍മങ്ങള്‍ക്കുമെതിരിലുള്ള ശബ്ദത്തെ പുണ്യസമരമായാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്.

വന്‍കിട രാജ്യങ്ങളുടെ പിന്തുണയോടെ അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ തങ്ങളുടെ അധീശത്വം ലോകത്തിനുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുമ്പോള്‍, ദരിദ്രരാജ്യങ്ങള്‍ക്കും പാവപ്പെട്ട മനുഷ്യര്‍ക്കും മേല്‍ അധികാരത്തിന്റെ നുകം വഹിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പള്ളിമൂലകളില്‍ ജപിച്ചിരിക്കുവാന്‍ ഒരു യഥാര്‍ഥ വിശ്വാസിക്കു കഴിയില്ല. അനീതിക്കും കുടിലതകള്‍ക്കുമെതിരെ സാമൂഹികവും രാഷ്ട്രീയവുമായ ചെറുത്തുനില്പിന് ലോകത്തുടനീളം മുസ്‌ലിംകള്‍ മുന്നില്‍ നില്ക്കുന്നത് വിശ്വാസത്തിന്റെ പ്രചോദനം കൊണ്ടുകൂടിയാണ്. ഈ ചെറുത്തുനില്പ്പിനെയാണ് മിക്കപ്പോഴും ഭീകതയുടെ മുദ്രകുത്തി അടിച്ചുവീഴ്ത്തുന്നത്. അതിനാല്‍ ഭീകരവാദികളായ മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന്, അധികാരശക്തികള്‍ക്ക് അലോസരമുണ്ടാക്കാത്ത 'നല്ല മുസ്‌ലിംകളെ' സൃഷ്ടിച്ചെടുക്കാനുള്ള തന്ത്രമാണ് സൂഫിസത്തിന് അമിതപ്രാധാന്യവും പ്രചാരണവും നല്‍കുന്നതിലൂടെ സാമ്രാജ്യത്വശക്തികള്‍ പ്രയോഗിക്കുന്നത്.

മതമൗലികവാദം അപകടകരവും തീവ്രവുമാണെന്ന് വിധിയെഴുതി എതിര്‍ക്കുന്നവര്‍ മറുവശത്ത് മതസങ്കലന വാദത്തെ ആളും അര്‍ഥവും നല്‍കി വളര്‍ത്തുന്നു. വിശ്വാസത്തിലും സംസ്‌കാരത്തിലും തനിമയോടെ നില്‍ക്കുകയും രാഷ്ട്രീയമായി സംഘടിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ മുസ്‌ലിംകളെ എതിരിടാന്‍ സൂഫി ഇസ്‌ലാമിനെ കൂട്ടുപിടിക്കുകയാണ് കരണീയമെന്ന തിരിച്ചറിവ് തന്നെയാണ് മോദിയുടെ സൂഫി പ്രണയത്തില്‍ വായിച്ചെടുക്കാവുന്നതും.

സൂഫി വെഴ്‌സസ് വഹാബി

പാരമ്പര്യവാദികളായ മുസ്‌ലിംകളും സൂഫികളും ആധുനിക ഇസ്‌ലാമിക സംഘടനകളെ കഠിനമായി എതിര്‍ത്തുവരുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ പാരമ്പര്യ വാദികളും പുരോഗമന വാദികളും തമ്മിലുള്ള കലഹത്തില്‍ പാരമ്പര്യവാദികളുമായി കക്ഷിചേര്‍ന്ന് ആധുനിക ഇസ്‌ലാമിക സംഘടനകളെ ദുര്‍ബലപ്പെടുത്തുകയാണ് സാമ്രാജ്യത്വ ശക്തികളുടെയും വംശീയവാദികളുടെയും തന്ത്രം. അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ പാരമ്പര്യവാദികളായ ആത്മീയ സംഘങ്ങള്‍ക്ക് സര്‍ക്കാറിന്റെയും ഇന്റലിജന്‍സിന്റെയുമൊക്കെ തണല്‍ കിട്ടുമ്പോള്‍ പുരോഗമന വാദികളെ ഒറ്റപ്പെടുത്തുകയും ഭീകര പട്ടികയില്‍ പെടുത്തി ജയിലിലടക്കുകയും ചെയ്യുന്നു. ഇന്ത്യയിലും ഈ പ്രവണത ആവര്‍ത്തിക്കപ്പെടുന്നു. സലഫികളും വഹാബികളും ഇസ്‌ലാമിസ്റ്റുകളുമാണ് ഭീകരതയുടെ വക്താക്കള്‍ എന്ന മട്ടിലുള്ള പ്രചാരണത്തിന് ഔദ്യോഗിക അംഗീകാരമുള്ള പോലെയാണ്. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ചെറിയ ഗ്രൂപ്പുകള്‍ തീവ്രാഭിമുഖ്യമുള്ളവയാണെന്നത് വസ്തുത തന്നെയാണ്. എന്നാല്‍, ആധുനിക ഇസ്‌ലാമിക സംഘടനകള്‍ക്കിടയിലെ വൈവിധ്യങ്ങള്‍ പരിഗണിക്കാതെയുള്ള സമീപനങ്ങള്‍ ദുരുപദിഷ്ടമാണ്.

പുരോഗമന സംഘടനയില്‍ പെട്ടവര്‍ മാത്രമല്ല, യാഥാസ്ഥിതിക-പാരമ്പര്യ വാദികളില്‍ പെട്ടവരും തീവ്രനിലപാട് എടുക്കുന്നവരിലും 'ജിഹാദി'കളിലുമുണ്ട് എന്നതും വസ്തുതയാണ്. ഇന്ത്യയില്‍ തീവ്രവാദ മുദ്ര കുത്തപ്പെടുന്ന സംഘടനകളും വ്യക്തികളും ഭൂരിഭാഗവും പുരോഗമന ഇസ്‌ലാമിക വിഭാഗങ്ങളില്‍ പെടുന്നവരാണെന്ന് തെളിയിക്കാനാവില്ല. ദക്ഷിണേന്ത്യയില്‍ മതഭീകരതയുടെ ചാപ്പകുത്തി ജയിലിലടക്കപ്പെട്ട അബ്ദുന്നാസര്‍ മഅ്ദനി തന്നെ മതിയായ ഉദാഹരണം. അദ്ദേഹമുള്‍പ്പെടെ തീവ്രവാദ കേസുകളില്‍ പ്രതി ചേര്‍ത്ത് ജയിലുകളില്‍ കഴിയുന്ന നിരവധി പേര്‍, പാരമ്പര്യ ത്വരീഖത്ത് സംഘടനകളുമായി ബന്ധമുള്ളവരാണ്.

ഡല്‍ഹിയില്‍ നടന്ന സൂഫി സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെട്ട പത്രസമ്മേളനത്തില്‍ ആള്‍ ഇന്ത്യ ഉലമ ആന്റ് മശാഇഖ് ബോര്‍ഡ് എന്ന സംഘടനയുടെ നേതാക്കള്‍ പറഞ്ഞത്, പശ്ചിമേഷ്യയില്‍ തീവ്രവാദം വളരാന്‍ കാരണം വഹാബിസമാണെന്നും ഇന്ത്യയില്‍ വഹാബിസം വളരുന്നത് തടയുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യമെന്നുമാണ്. പശ്ചിമേഷ്യയില്‍ വഹാബികള്‍ തീവ്രവാദം വളര്‍ത്തുന്നുവെങ്കില്‍ അതിന് പരിഹാരം ഇന്ത്യയിലെ കടുത്ത തീവ്രവാദികളായ സംഘപരിവാരത്തിന്റെ കൈകളില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ഏല്‍പിച്ചുകൊടുക്കുകയാണോ? സൂഫിസത്തെ പ്രമോട്ട് ചെയ്യാന്‍ തല്പരകക്ഷികള്‍ ആഗോളതലത്തില്‍ തന്നെ ഉന്നയിക്കുന്ന വാദമാണ് ഇവിടെയും നാം കാണുന്നത്.

ആള്‍ ഇന്ത്യ ഉലമ ആന്റ് മശാഇഖ് ബോര്‍ഡ് എന്ന സംഘപരിവാരാനുകൂല സംഘടന തന്നെ സംശയത്തിന്റെ നിഴലിലാണ്. നേരത്തെ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ ആര്‍ എസ് എസ് രൂപീകരിച്ച മുസ്‌ലിം രാഷ്ട്രീയ മഞ്ച് വിജയിക്കാതെ പോയ സാഹചര്യത്തിലാണ് ഈ പുതിയ സംഘടനയുമായുള്ള അവരുടെ ചങ്ങാത്തമെന്നത് ശ്രദ്ധേയമാണ്. ഈ സംഘടനയുടെ പ്രസിഡന്റ് മുഹമ്മദ് അശ്‌റഫ് കച്ചുച്ചവി, രാഷ്ട്രീയ മഞ്ചുമായി ചേര്‍ന്നാണ് സൂഫി സമ്മേളനം സംഘടിപ്പിച്ചത് എന്നാണ് അറിയുന്നത്. അതേസമയം സൂഫി ത്വരീഖത്ത് പ്രസ്ഥാനങ്ങളിലൂടെ മുസ്‌ലിം ചെറുപ്പക്കാരെ രാഷ്ട്രീയമായി വന്ധ്യംകരിക്കാനുള്ള ഇന്റലിജന്‍സ് പദ്ധതിയുടെ ഭാഗമാണ് സൂഫി സമ്മേളനം എന്നും സംശയമുണര്‍ന്നിട്ടുണ്ട്. മുന്‍ ഐ ബി ഡയറക്ടറായ ആസിഫ് ഇബ്‌റാഹീമാണ് സമ്മേളനത്തിന്റെ മുഖ്യസൂത്രധാരകന്‍. മുസ്‌ലിം തീവ്രവാദവുമായി ബന്ധപ്പെട്ട മേഖലയില്‍ വിദഗ്ധനായി അറിയപ്പെടുന്ന ആസിഫ് ഇബ്‌റാഹീമിനെ അടുത്തകാലത്ത് മോദിയുടെ സുരക്ഷാസംഘത്തില്‍ ഭീകരവിരുദ്ധ പദ്ധതിയുടെ മേധാവിയായി നിയമിച്ചിട്ടുണ്ട് എന്ന കാര്യവും കൂടി ചേര്‍ത്തുവെക്കുമ്പോഴാണ് സൂഫി സമ്മേളനത്തിന്റെ നിഗൂഢതകള്‍ പുറത്താവുന്നത്.

ഐ ബി ഉദ്യോഗസ്ഥരിലൂടെ രാജ്യത്തെ സൂഫി- ത്വരീഖത്ത് വിഭാഗങ്ങളില്‍ സ്വാധീനമുണ്ടാക്കാനുള്ള ശ്രമം രഹസ്യമല്ല. സൂഫി സമ്മേളനത്തിനു പിന്നിലുള്ള മശാഇഖ് ബോര്‍ഡിനും നിര്‍ദേശങ്ങള്‍ നല്‍കുന്നത് രഹസ്യാന്വേഷണ വിഭാഗമാണെന്ന് സംശയിക്കുന്നവരുണ്ട്. ഹൈദരാബാദിലും മറ്റു പല സ്ഥലങ്ങളിലും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് ഐ ബി ഉദ്യോഗസ്ഥര്‍ രഹസ്യമായി സഹായം നല്‍കുന്നതായി സംശയിക്കപ്പെടുന്നു. കേരളത്തില്‍ പോലും, ഒരു പ്രമുഖ ശൈഖിന്റെ നേതൃത്വത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ദിക്ര്‍ സമ്മേളനങ്ങളില്‍ മിലിറ്ററി ഇന്റലിജന്‍സിലെ പ്രമുഖര്‍ പങ്കെടുക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

മൗലാന മുഹമ്മദ് അഷ്‌റഫ് കച്ചോച്ച്‌വി ബറേല്‍വി നേതാവാണെങ്കിലും രാജ്യത്തെ എല്ലാ ബറേല്‍വികളുടെയും പിന്തുണ സൂഫി സമ്മേളനത്തിന് ഇല്ല എന്നത് ആശ്വാസകരമാണ്. മഹാരാഷ്ട്രയിലെ ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ സൂഫി സമ്മേളനത്തിന്റെ രക്ഷാകര്‍തൃത്വം ദുരൂഹമാണെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. ബറേല്‍വി ശരീഫ്, ബദായൂന്‍ ശരീഫ്, ജാമിഅ അശ്‌റഫിയ മുബാറക്പൂര്‍ എന്നീ സുന്നി ധാരകളില്‍ പെട്ട സംഘടനകളും സൂഫി സമ്മേളനത്തെ എതിര്‍ത്തിട്ടുണ്ട്. ബറേല്‍വി നേതാക്കളായ മുഫ്തി അല്ലാമാ അക്തര്‍ റസാഖാന്‍, മൗലാനാ ശിഹാബുദ്ദീന്‍ റസ്‌വി തുടങ്ങിയവരും സൂഫി സമ്മേളനത്തെ പരസ്യമായി എതിര്‍ത്തു.

കേരളത്തില്‍ നിന്ന് ദില്ലിയിലെത്തിയവര്‍
രാഷ്ട്രീയ, സാമൂഹിക ധാരയില്‍ നിന്ന് മുസ്‌ലിംകളെ അകറ്റുകയാണ് സൂഫി ഇസ്‌ലാമിന്റെ ശാക്തീകരണത്തിലൂടെ സംഘപരിവാരം ആഗ്രഹിക്കുന്നതെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ മോഹത്തിന്റെ സാക്ഷാത്കാരത്തിനായി ഈ സമ്മേളനത്തെ ഉപയോഗിക്കാനാണ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത ഒരേ ഒരു വിഭാഗം ലക്ഷ്യമിട്ടത്. അത് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്കുന്ന സുന്നീ വിഭാഗമാണ്. നേരത്തെ തന്നെ മോദിയുമായും സംഘപരിവാരവുമായും ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുന്ന കാന്തപുരത്തിന് ഉദ്ഘാടന സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ കാന്തപുരം വിഭാഗത്തിലെ പ്രമുഖ നേതാവായ സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരിയാണ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തത്. ആദ്യത്തില്‍ വിമര്‍ശം ഭയന്ന് മാറിനിന്ന കാന്തപുരം സമാപന സമ്മേളനത്തില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. സമ്മേളനത്തില്‍ പങ്കെടുക്കുക വഴി സംഘപരിവാരം പിന്തുണക്കുന്ന സൂഫി- ബറേല്‍വി സഖ്യത്തിലെ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ തങ്ങള്‍ മാത്രമാണെന്ന് കാന്തപുരം വിഭാഗം തുറന്നു പ്രഖ്യാപിച്ചിരിക്കുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ മോഹിച്ച് സ്വന്തം സമുദായത്തെ ഫാഷിസത്തിന്റെ ആലയത്തിലേക്ക് ഒറ്റു കൊടുക്കുന്നവര്‍ വിരല്‍ കടിക്കേണ്ടി വരുന്നത് കാണാന്‍ അധിക കാലം വേണ്ടി വരില്ല. 




0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ