Wednesday, March 23, 2016

സമ്പത്തിലെ ഭക്തിയും ശുദ്ധിയും | പി മുഹമ്മദ് കുട്ടശ്ശേരി



മനുഷ്യന്റെ ഏറ്റവും വലിയ ദൗര്‍ബല്യം പണമാണ്. ധനക്കൊതി വരുത്തുന്ന അനര്‍ത്ഥങ്ങള്‍ എത്രയാണ്. മനുഷ്യന് ഇഷ്ടമുള്ളത്ര ധനം സമ്പാദിക്കാന്‍ ദൈവം അനുവദിച്ചിരിക്കുന്നു. അതിനുവേണ്ട വിഭവങ്ങളെല്ലാം ഇവിടെ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ധന സമാഹരണം മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈക്കടത്തിയും നിയമ വിരുദ്ധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുമായിക്കൂടാ. ദുര്‍മോഹവും സ്വാര്‍ത്ഥതയും എളുപ്പത്തില്‍ പണം കയ്യിലെത്തിക്കാനുള്ള തിടുക്കവും  കൃത്രിമ മാര്‍ഗങ്ങളുപയോഗിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഫലമോ, സമൂഹത്തില്‍ ഉന്നത സ്ഥാനീയനായ വ്യക്തികള്‍ പോലും സാമ്പത്തികാരോപണത്തിന്റെ ചുഴിയില്‍പെട്ടുലയുന്നു. നാട്ടില്‍ പെരുകുന്ന കുറ്റകൃത്യങ്ങളിലധികവും സമ്പത്തുമായി ബന്ധപ്പെട്ടവയാണ്. മോഷണം, സ്വത്ത് കയ്യേറ്റം, കൈക്കൂലി, തട്ടിപ്പ്, അര്‍ഹതയില്ലാത്ത അവകാശവും ആനുകൂല്യവും നല്‍കല്‍, സ്വീകരിക്കല്‍ തുടങ്ങി എത്രയെത്ര ദുഷിച്ച മാര്‍ഗങ്ങള്‍.

പ്രാര്‍ത്ഥന, കീര്‍ത്തനം, വേഷവിധാനം തുടങ്ങിയവയിലെല്ലാം ഭക്തി പ്രകടിപ്പിക്കുന്നവരും ധനത്തിന്റെ കാര്യം വരുമ്പോള്‍ വഴിമാറിപ്പോകുന്നു. സമൂഹത്തിന് മതപരമായ നേതൃത്വം നല്‍കുന്നവരെയും ആത്മീയാചാര്യന്മാരെയും ബന്ധപ്പെടുത്തി എന്തെല്ലാം ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. ബാധയുണ്ടെന്ന് വിശ്വസിക്കുകയും അതിന് മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്യുന്നതില്‍ ഇന്ന് സമുദായ വ്യത്യാസമില്ല. ശരീരത്തില്‍ ദുഃശക്തികള്‍ പ്രവേശിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് മരണത്തിനുപോലും കാരണമായിത്തീരുന്ന ദണ്ഡന മുറകള്‍ ഉപയോഗിച്ച് അവയെ അടിച്ചിറക്കാന്‍ ശ്രമിക്കുന്നതിന്റെ വാര്‍ത്തകള്‍പോലും കേള്‍ക്കുന്നു. ചിലര്‍ പണം സമ്പാദിക്കാന്‍ ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ ചൂഷണംചെയ്ത് തെറ്റായ, ഒരു ഫലവുമില്ലാത്ത ചികിത്സാ രീതികള്‍ സ്വീകരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ഭക്തി വ്യക്തമായി പ്രകടമാകേണ്ട രംഗം സാമ്പത്തികമാണ്. ധനത്തിന്റെ വിഷയത്തില്‍ ചെറുതും വലതുമായ എല്ലാ കാര്യത്തിലും അതീവ സൂക്ഷ്മത കാണിക്കാന്‍ വിശ്വാസം മനുഷ്യനെ പ്രേരിപ്പിക്കുന്നു. തന്റെയോ തന്റെ ആശ്രിതരുടെയോ രക്തത്തില്‍ ഹറാമിന്റെ ഒരു ചെറിയ അംശംപോലും കടന്നു കൂടരുതെന്ന് വിശ്വാസിക്ക് നിര്‍ബന്ധമുണ്ടാകും. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട സ്വത്ത് തന്റെ കൈയില്‍ വരുന്നതിനെതിരില്‍ വിശ്വാസി സദാ ജാഗരൂകനായിരിക്കും. 'മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് കൈവശം വെക്കുന്നവര്‍ മനസിലാക്കട്ടെ, അല്ലാഹു അവര്‍ക്ക് നരകം നിര്‍ബന്ധമാക്കുകയും സ്വര്‍ഗം നിഷേധിക്കുകയും ചെയ്യും' - പ്രവാചകന്‍ ഉണര്‍ത്തുന്നു. 'അന്യരുടെ ഒരുചാണ്‍ ഭൂമി അക്രമപരമായി കൈവശപ്പെടുത്തിയാല്‍ അന്ത്യനാളില്‍ ഏഴ് ഭൂമികള്‍ അവന്റെ കഴുത്തിലിടും'  - നബി താക്കീത് ചെയ്യുന്നു. സകാത്ത് പിരിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട  ഉദ്യോഗസ്ഥന്‍ തിരിച്ചു വന്നപ്പോള്‍ പറഞ്ഞു: 'ഇത് നിങ്ങള്‍ക്കുള്ളതാണ്; ഇത് ആളുകള്‍ എനിക്ക് സൗജന്യമായി സമ്മാനിച്ചതാണ്. പ്രവാചകന്‍ പറഞ്ഞു: നീ നിന്റെ വീട്ടിനകത്ത് ഇരിക്കുകയായിരുന്നുവെങ്കില്‍ ഇത് ലഭിക്കുമായിരുന്നോ? അവന് കിട്ടിയ സമ്മാനവും സകാത്തിനൊപ്പം പൊതു ഖജനാവില്‍ അടക്കാന്‍ കല്‍പിച്ചു. നികുതി പിരിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ അവനു കിട്ടിയ ഒരു സൂചി ഒളിച്ചുവെക്കുകയാണെങ്കില്‍ അത് വഞ്ചനയായി കണക്കാക്കും - നബി വ്യക്തമാക്കി.

ധനസമ്പാദനത്തിന് മനുഷ്യന്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗമാണ് വ്യാപാരവും ബിസിനസും. 'സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി പ്രവാചകന്‍മാരുടെയും സത്യസന്ധരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും'- നബി വ്യക്തമാക്കി. വ്യാപാരികള്‍ മുഖേനയാണ് പല നാടുകളിലും ഇസ്‌ലാംമതം പ്രചരിച്ചത്. അവരുടെ വിശ്വസ്തതയും സത്യസന്ധതയും നീതിയും ജനങ്ങളെ ആകര്‍ഷിക്കുകയും അവരുടെ മതം സ്വീകരിക്കാന്‍ തല്‍പരരാക്കുകയുമാണുണ്ടായത്. അവരുമായി അടുത്തിടപഴകിയവരിലും  അവരുടെ  സദ്ഗുണങ്ങള്‍ പ്രചരിക്കുകയായിരുന്നു. ആദര്‍ശ വിശുദ്ധി പാലിക്കാത്ത ഒരു കച്ചവടക്കാരന് പണം സമ്പാദിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, മായം ചേര്‍ക്കല്‍, പൂഴ്ത്തിവെപ്പ്, അമിത വില ഈടാക്കല്‍, വസ്തുവിന്റെ ന്യൂനത മറച്ചുവെക്കല്‍, വഞ്ചന തുടങ്ങിയ തിന്മകളെല്ലാം നബി നിരോധിച്ചു. വസ്തുവിന് ഇല്ലാത്ത ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിപ്പിക്കുംവിധം പരസ്യങ്ങള്‍ നല്‍കുന്നതും വഞ്ചനയില്‍ ഉള്‍പെടുമെന്ന് കച്ചവടക്കാര്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘങ്ങള്‍ എന്നിവയില്‍നിന്നെല്ലാം അത്യാവശ്യങ്ങള്‍ക്കും ബിസിനസിനും ലോണ്‍ എടുക്കുന്ന പതിവ് ഇന്ന് വര്‍ധിച്ചിട്ടുണ്ട്. വായ്പ നല്‍കുന്നത് ഒരു പുണ്യകര്‍മമായി ഖുര്‍ആന്‍ എടുത്തുപറയുന്നു. അതേ അവസരം കടബാധ്യത ഒരു ജീവിത ഭാരമായി മനുഷ്യന്‍ കാണണം. കാരണം ജീവന്‍ എവിടെവെച്ചും ഏത് നിമിഷവും അവസാനിക്കാന്‍ സാധ്യതയുണ്ടല്ലോ. കടബാധ്യതയുള്ളവന്‍ മരണപ്പെട്ടപ്പോള്‍ അവന്റെ അന്ത്യ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പ്രവാചകന്‍ വിസമ്മതിച്ചു. കടം കൊടുക്കുമ്പോള്‍ അവധി നിശ്ചയിക്കുകയും മറവിയോ അഭിപ്രായ ഭിന്നതയോ സംഭവിക്കാതിരിക്കാന്‍ രേഖപ്പെടുത്തുകയും ചെയ്യാന്‍ മതം നിര്‍ദേശിക്കുന്നു. സൗഹൃദ്ബന്ധം ഉപയോഗപ്പെടുത്തിയും ഔദാര്യ മനോഭാവം ചൂഷണംചെയ്തും കടം വാങ്ങുന്നവര്‍ പിന്നെ അത് സമയത്ത് വീട്ടുന്നതില്‍ അലംഭാവം കാണിക്കുന്നു. എഴുത്തുകാരനായ ഡോ. സമീര്‍ യൂനുസ് ഒരനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു: 'എനിക്ക് ഒരു ഭൂമി വില്‍ക്കാനുണ്ട്. അത് വില്‍പനയാകുമ്പോഴേക്ക് എനിക്ക് ഇത്ര ദിര്‍ഹം വായ്പ തരണം. വില്‍പന നടന്നില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കടം വീടും' - ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട പണം അവനു നല്‍കി. മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഭൂമി വില്‍പനയായി. മൂന്നിരട്ടി വില കിട്ടി. ഞാന്‍ അറിഞ്ഞുവെങ്കിലും അയാള്‍ മിണ്ടിയില്ല. ഒരു വര്‍ഷം കഴിഞ്ഞ് ഒരു അത്യാവശ്യം വന്നപ്പോള്‍ ഞാന്‍ അവനെ സമീപിച്ചു. ഫലം നിരാശ. അഞ്ചുവര്‍ഷംകൊണ്ട് ഗഡുക്കളായി അടച്ചു.

മറ്റൊരാളുടെ അനുഭവം ഇങ്ങനെ: ആറുമാസം കഴിഞ്ഞു തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ ഒരു വലിയ സംഖ്യ കടം വാങ്ങിയ സുഹൃത്തിനോട് അഞ്ചു വര്‍ഷമായി തിരക്കിക്കൊണ്ടിരുന്നു. അവസാനം അവന്റെ മറുപടി: 'താങ്കള്‍ കോടതിയെ സമീപിച്ചേക്കൂ.' താമസിക്കുംതോറും പണത്തിന്റെ മൂല്യം എത്രമാത്രം കുറയുന്നു. ധനത്തിന്റെ വിഷയത്തില്‍ സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്താന്‍ പ്രേരിപ്പിക്കാത്ത വിശ്വാസം എത്ര ദുര്‍ബലമായിരിക്കും. വിശ്വസ്തന്‍ എന്ന ജനസമ്മതിയാര്‍ജിച്ച മഹാനായിരുന്നുവല്ലോ പ്രവാചകന്‍ മുഹമ്മദ് നബി. മക്കാ നിവാസികള്‍ അവരുടെ വസ്തുക്കള്‍ അദ്ദേഹത്തെയാണ് സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്നത്. ശത്രുക്കളുടെ മര്‍ദനം സഹിക്കാന്‍ കഴിയാതെ രാത്രി മദീനയിലേക്ക് രക്ഷപ്പെടാന്‍ ഗുഹയില്‍ ഒളിച്ചു താമസിച്ച ദിവസം സൂക്ഷിപ്പ് സ്വത്തുക്കളെല്ലാം അവയുടെ  ഉടമകള്‍ക്ക് തിരിച്ചു കൊടുക്കാന്‍ അനുചരന്‍ അലിയെ ചുമതലപ്പെടുത്തുകയാണ് പ്രവാചകന്‍  ചെയ്തത്. അവ ശത്രുക്കളുടേതായിട്ടുപോലും അവയുടെ നേരെ സത്യസന്ധതയും നീതിയും പുലര്‍ത്തുകയാണ് തിരുനബി ചെയ്തത്. വിശ്വാസികള്‍ ധനത്തിന്റെ വിഷയത്തില്‍ ഉന്നത സംസ്‌കാരത്തിന്റെ പ്രതീകങ്ങളായി മാറട്ടെ.                  

ശബാബ് വാരിക
2016 ഫെബ്രുവരി 05

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ