സി മുഹമ്മദ് സലീം സുല്ലമി
ഇസ്ലാം പ്രപഞ്ചനാഥനായ അല്ലാഹു അവതരിപ്പിച്ച മതമാണ്. മനുഷ്യസമൂഹത്തിന് അവരുടെ ഐഹികജീവിതം സുഖകരമാകാനും പാരത്രികജീവിതം വിജയപ്രദമാകാനും ഉദ്ദേശിച്ചുകൊണ്ടാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. മനുഷ്യകരങ്ങളുടെ ഇടപെടലുകളോ മനുഷ്യചിന്തകളുടെ സ്വാധീനമോ ഇല്ലാത്ത ശുദ്ധമായ ‘ദൈവീകത’ അവകാശപ്പെടാവുന്ന ഏക മതം ഇസ്ലാം മാത്രമാണ്. അല്ലാഹു തന്നെ പറയുന്നത്: “തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്ലാമാകുന്നു” (3:19). “ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല” (3:85). “ഇസ്ലാമിനെ മതമായി അല്ലാഹു നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു.” (5:3)
ഇസ്ലാം എന്നാല്‍ ദൈവത്തിനുള്ള സമ്പൂര്‍ണ സമര്‍പ്പണം എന്നാണ് വിവക്ഷ. പൂര്‍ണമായും സ്രഷ്ടാവായ ദൈവവുമായി ബന്ധപ്പെട്ടുനില്ക്കുന്ന ആശയങ്ങളും ആരാധനകളും അനുഷ്ഠാനങ്ങളും ആചാരങ്ങളുമാണ് ഇസ്ലാമിന്റേത്. ഇതരമതങ്ങളില്‍ നിന്നും ദര്‍ശനങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഇസ്ലാം വ്യതിരിക്തമാകുന്ന ഒരു സുപ്രധാന ഭാഗമാണിത്. ഇസ്ലാമേതര മതങ്ങളും ദര്‍ശനങ്ങളും മനുഷ്യചിന്തയുടെ ഫലങ്ങളോ മനുഷ്യകരങ്ങളുടെ ഇടപെടലുകളോ സ്വാധീനങ്ങളോ ഉള്ളവയാണ്.
എന്നാല്‍ ഇസ്ലാമിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ‘ദൈവികത’യാണ്. ദൈവവുമായി സുദൃഢവും സുഭദ്രവും സ്വച്ഛവുമായ ബന്ധം സ്ഥാപിക്കുകയെന്നത് ഇസ്ലാം മുഖ്യമായി കാണുന്നു. അവന്റെ തൃപ്തിയും പൊരുത്തവും നേടുകയെന്നത് പരമപ്രധാനമായി മനസ്സിലാക്കുന്നു. മനുഷ്യശ്രമങ്ങളുടെയും അധ്വാനങ്ങളുടെയും ആത്യന്തിക ലക്ഷ്യം ഈ ദൈവികതൃപ്തി നേടുകയെന്നതാണ്. എല്ലാറ്റിന്റെയും പര്യവസാനം അവനിലേക്കാണ്. അല്ലാഹു പറയുന്നു: “മനുഷ്യാ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു” (84:6). “നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്നവസാനിക്കുന്നത്.” (53:42)
ഇസ്ലാം മനുഷ്യനോട് ജീവിതത്തില്‍ നിര്‍വഹിക്കാനായി ഒട്ടേറെ കാര്യങ്ങള്‍ കല്പിക്കുകയും നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. അവയില്‍ വ്യക്തിനിഷ്ഠവും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങളുണ്ട്. ആരാധനകളും അനുഷ്ഠാനങ്ങളും സ്വഭാവപരവുമായ കാര്യങ്ങളുണ്ട്. സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളുമുണ്ട്. ഇവയെല്ലാം ഭൗതികജീവിതത്തില്‍ വിവിധങ്ങളായ ഫലങ്ങളും നേട്ടങ്ങളും നല്കുന്നവയാണ്. ജീവിതത്തിന്റെ ഘടനയും സ്വഭാവവും നിര്‍ണയിക്കുന്നതിലും ദിശ നിര്‍ണയിക്കുന്നതിലും ഇവയ്ക്കെല്ലാം നിര്‍ണായകമായ പങ്കുണ്ട്. എന്നാല്‍, ആത്യന്തികമായി ഇവയുടെയെല്ലാം ലക്ഷ്യം ദൈവീകമായ തൃപ്തി കൈവരിക്കലാണ്. ദൈവീക തൃപ്തി നേടാനാകുന്നില്ലെങ്കില്‍ അന്തിമവിശകലനത്തില്‍ ഇവയെല്ലാം നിഷ്ഫലമാണെന്നാണ് ഇസ്ലാം കാണുന്നത്.
ഏകദൈവാരാധന ഇസ്ലാമിന്റെ മാറ്റമില്ലാത്ത അടിത്തറയാണ്. ഇസ്ലാമിന്റെ ‘ദൈവികത’ ഏറ്റവുമധികം പ്രകടമാകുന്ന രംഗം ഈ ഇസ്ലാമിക കാഴ്ചപ്പാടാണ്. ദൈവത്തിന്റെ അവകാശാധികാരങ്ങളിലോ അവനു മാത്രം അവകാശപ്പെട്ട മറ്റേതെങ്കിലും കാര്യങ്ങളിലോ അവനല്ലാതെ ആരെയും പങ്കാളികളാക്കിക്കൂടായെന്നതാണ് ഇതിന്റെ വിവക്ഷ. അല്ലാഹുവിന്റെ ദിവ്യത്വം പൂര്‍ണമായും അംഗീകരിച്ചേ മതിയാകൂ. അഥവാ, അവനെ മാത്രം ആരാധിക്കുകയും വണങ്ങുകയും ചെയ്യുകയെന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഇസ്ലാം തയ്യാറല്ല. സര്‍വവും ദൈവത്തിന് സമര്‍പ്പിച്ച് പൂര്‍ണമായും അവനെ ആരാധിക്കുകയെന്നതാണിത്. വിശ്വാസികളോട് പ്രഖ്യാപിക്കാനായി അല്ലാഹു ആവശ്യപ്പെടുന്നത് നോക്കുക: “തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന് പങ്കുകാരില്ല. അപ്രകാരമാണ് ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. (അവന്) കീഴ്പ്പെടുന്നതില് ഞാന്‍ ഒന്നാമനാണ്.” (6:162,163)
മനുഷ്യജീവിതം അടിസ്ഥാനപരമായി എന്തു ലക്ഷ്യംവെക്കുന്നുവെന്നതിനെക്കുറിച്ച് കേവല ഭൗതികമായ കാഴ്ചപ്പാടില്‍ ഒന്നും പറയാനാകില്ല. ദൈവീകമായ മാര്‍ഗദര്‍ശനമില്ലാതെ ജീവിതലക്ഷ്യം നിര്‍ണയിക്കുക സാധ്യമല്ല. ലഭ്യമാകുന്ന ജീവിതകാലയളവില്‍ തിന്നും കുടിച്ചും സുഖിച്ചും കഴിഞ്ഞുകൂടുക എന്നതല്ലാതെ ജീവിതം എന്തിനുവേണ്ടി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമൊന്നും ഭൗതിക കാഴ്ചപ്പാടില്‍ ലഭ്യമല്ല. മരണാനന്തരമുള്ള ഒരു പരലോക ജീവിതമെന്ന ദൈവീകമായ ഉത്തരമില്ലെങ്കില്‍ മനുഷ്യജീവിതം തികച്ചും അര്‍ഥശൂന്യവും ലക്ഷ്യരഹിതവുമായി മാറുന്നു. ദൈവീകമായ ഈ പരലോക വിശ്വാസത്തിന്റെ അഭാവത്തില്‍ അവിശ്വാസികളുടെ ജീവിതനിലപാട് അല്ലാഹു പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: “സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്) സുഖമനുഭവിക്കുകയും നാല്ക്കാലികള് തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം.” (47:12)
പ്രകൃതിയും ദൈവീകതയും
ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന് പ്രകൃത്യാ തന്നെ സ്രഷ്ടാവായ ദൈവത്തെപ്പറ്റി ബോധമുള്ളവനും അവന്റെ കല്പനാ നിരോധങ്ങള്‍ അംഗീകരിക്കാന്‍ പാകപ്പെട്ട അവസ്ഥയിലുള്ളവനുമാണ്. ലോകാരംഭം മുതലുള്ള മനുഷ്യചരിത്രം ഇത് മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. ദൈവത്തെ പറ്റിയുള്ള ചിന്തയും ബോധവുമില്ലാത്ത, ദൈവീക ആരാധന നിലനില്‍ക്കാത്ത ഒരു സമൂഹവും മനുഷ്യചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. പൂര്‍ണാര്‍ഥത്തില്‍ ദൈവനിഷേധികളുടെ ഒരു സമൂഹം എവിടേയും ഒരു കാലത്തും ഉണ്ടായതായി രേഖയില്ല. പട്ടണങ്ങളും പണിശാലകളും കോട്ടകളും കൊട്ടാരങ്ങളും നഗരങ്ങളും നാഗരിക ചിഹ്നങ്ങളും ഇല്ലാത്ത സമൂഹങ്ങള്‍ ചരിത്രത്തില്‍ കണ്ടെത്താം. എന്നാല്‍, ആരാധനാലയങ്ങളോ ദൈവീക ചിഹ്നങ്ങളോ ഇല്ലാത്ത ഒരു സമൂഹവും എവിടെയും കഴിഞ്ഞുപോയിട്ടില്ല. ഉല്ഖനനം ചെയ്തെടുക്കുന്ന പൗരാണിക നാഗരിക ചരിത്രങ്ങളെല്ലാം ഇത് വ്യക്തമാക്കുന്നുണ്ട്.
മനുഷ്യപ്രകൃതി സൃഷ്ടിപ്പില്‍ തന്നെ ‘ദൈവീകത’ അംഗീകരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ഈ പ്രകൃതിബോധത്തെ പരാമര്‍ശിക്കുന്നുണ്ട് (30:30). ദര്‍ശനങ്ങളോ ശാസ്ത്രജ്ഞാനങ്ങളോ ഭൗതികനാഗരിക വിവരങ്ങളോ ഒന്നും കടന്നുചെന്നിട്ടില്ലാത്ത പൗരാണിക മനുഷ്യനിലും ദൈവത്തെ പറ്റിയുള്ള വിവരങ്ങള്‍ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. അത് അവന്റെ മനസ്സിന്റെ ദാഹം ശമിപ്പിച്ചിരുന്നു. ഈ ദൈവബോധം നഷ്ടപ്പെട്ടാല്‍ മനുഷ്യന് എല്ലാം നഷ്ടപ്പെട്ടവനെപ്പോലെയായി. അല്ലാഹുവിനെ വിസ്മരിച്ചവന്‍ സ്വന്തത്തെത്തന്നെ വിസ്മരിച്ചവനെപ്പോലെയാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. (59:19)
പ്രകൃത്യായുള്ള ഈ ദൈവബോധമാണ് മനുഷ്യന് ജീവിതത്തിലുടനീളം സ്വസ്ഥതയും സമാധാനവും പകരുന്നത്. ദൈവിക ബോധത്തിന്റെ അഭാവം മനുഷ്യനെ അസ്വസ്ഥനും അത്താണിയില്ലാത്തവനുമാക്കി മാറ്റുന്നു. ഏതേത് പ്രശ്നങ്ങളിലും പ്രതിസന്ധികളിലും മനസ്സിന് കുളിരും ശാന്തിയുമായി കടുന്നുവരുന്നത് പ്രകൃത്യാ മനുഷ്യന് ലഭിച്ച ദൈവവിശ്വാസമാണ്. അതിന്റെ ഫലമായാണ് ജീവിതം പ്രതിസന്ധികളില്‍ ഉലഞ്ഞുപോകാതെ പിടിച്ചുനിര്‍ത്താനും ജീവിതനൗക ധൈര്യസമേതം മുന്നോട്ടു നയിക്കാനും മനുഷ്യന് പ്രാപ്തനാകുന്നത്. ബഹുദൈവാരാധകര്‍ പോലും, ബഹുദൈവാരാധനയാണ് ശരിയായ മതമെന്ന് താത്വികമായി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവര്‍ പോലും ദൈവത്തിന്റെ ഈ സാന്നിധ്യം തള്ളിപ്പറയാന്‍ കഴിയുന്നവരല്ല. എന്നല്ല, പ്രതിസന്ധികളില്‍ അവരും ആശ്രയിക്കുന്നത് ദൈവത്തെത്തന്നെ. ജീവിതത്തിലെ ഒട്ടേറെ അനുഭവങ്ങള്‍ ഇത് മനസ്സിലാക്കിത്തരുന്നു. കടലിന്റെ ഏകാന്തതയില്‍ അപായങ്ങളും കഷ്ടതകളും കടന്നുവരുമ്പോള്‍ സഹായാര്‍ഥനയുമായി മനസ്സ് തേടുന്നത് പ്രകൃത്യാ ലഭിച്ച ദൈവത്തെ തന്നെയാണ്. ഇതരദേവന്മാരെല്ലാം അതോടെ അപ്രത്യക്ഷരായി മാറുന്നു. ഈ കാര്യം വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. (17:67)
സംഘര്‍ഷമുക്തമായ വിശ്വാസം
ഏകദൈവാരാധന മനുഷ്യമനസ്സിന് സമാധാനം നല്കുന്ന വിശ്വാസമാണ്. ബഹുദൈവത്വം പ്രകൃതിവിരുദ്ധവും മനസ്സമാധാനം നഷ്ടപ്പെടുത്തിക്കളയുന്നതുമാണ്. മനുഷ്യന് പ്രകൃത്യാ തന്നെ ഒരൊറ്റ കേന്ദ്രത്തിലേക്ക് മനസ്സിനെ തിരിച്ചുനിര്‍ത്താന്‍ ആഗ്രഹിക്കുന്നവനാണ്. വിവിധങ്ങളായ ആശ്രയകേന്ദ്രങ്ങള്‍ മനുഷ്യമനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ആരാധനയിലൂടെ ലഭിക്കേണ്ട മനസ്സമാധാനം നഷ്ടപ്പെടുത്തിക്കളയുകയും ചെയ്യുന്നു. തന്നിഷ്ടമനുസരിച്ച് വിവിധ ആരാധ്യന്മാരെ സ്വീരിക്കുന്നതിനെ വിശുദ്ധഖുര്ആന് വിമര്‍ശിക്കുന്നുണ്ട് (25:43, 45:23). വൈവിധ്യങ്ങളും വൈരുധ്യങ്ങളുമുള്ള ആരാധ്യര്‍ മനുഷ്യന് ശരിയായ ജീവിതപാത കാണിക്കുന്നവരല്ല. മാനവിക ഐക്യത്തിനും ഈ ആരാധനാവൈവിധ്യം തടസ്സംതന്നെ. അല്ലാഹുവിനെ മാത്രം അവലംബിക്കുന്നവനാണ് സന്മാര്‍ഗപ്രാപ്തന്‍. അല്ലാഹു പറയുന്നു: “ആര് അല്ലാഹുവെ മുറുകെ പിടിക്കുന്നുവോ അവന് നേര്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു” (3:101). തികച്ചും ന്യായവും യുക്തവുമാണ് ഈ ഏകദൈവാരാധനയെന്ന് ഏതൊരു ബുദ്ധിക്കും ബോധ്യമാകുന്നതാണ്. അതിനാലാണ് പ്രകൃതിബോധം തട്ടിയുണര്‍ത്തിക്കൊണ്ട് യൂസുഫ് നബി(അ) തന്റെ ജയിലിലെ കൂട്ടാളികളോട് ഇങ്ങനെ ചോദിച്ചത്: “ജയിലിലെ രണ്ടു സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ? അവനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല.” (12:39,40)
ദൈവീകസന്ദേശം അടിസ്ഥാനം
ഇസ്ലാമിക സന്ദേശത്തെ മൊത്തത്തില്‍ എടുത്താല്‍ അതിന്റെ പ്രഭവ കേന്ദ്രം വഹ്യ് അഥവാ ദിവ്യവെളിപാടാണെന്ന് കാണാവുന്നതാണ്. ഏതെങ്കിലും വ്യക്തിയുടെയോ ഒരുകൂട്ടം വ്യക്തികളുടെയോ ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിന്റെയോ ചിന്തയുടെയോ ഗവേഷണത്തിന്റെയോ ഫലമായി രൂപപ്പെട്ടുവന്നതല്ല. പരിപൂര്‍ണമായും ദൈവീകമാണെന്നര്‍ഥം. മനുഷ്യലോകത്ത് കാണുന്ന മതങ്ങളെയും ദര്‍ശനങ്ങളെയും മൂന്നടിത്തറകളില്‍ നമുക്ക് വിഭജിക്കാവുന്നതാണ്.
ഒന്ന്: ഒന്നോ ഒന്നിലധികമോ വ്യക്തികളുടെ ചിന്തയുടെയോ മസ്തിഷ്ക വ്യാപാരത്തിന്റെയോ ഫലമായി രൂപപ്പെട്ടുവന്ന പ്രസ്ഥാനങ്ങളും ദര്‍ശനങ്ങളും. കമ്യൂണിസവും മുതലാളിത്തവുമെല്ലാം ഈ ഗണത്തില്‍ പെടുന്നു.
രണ്ട്: മനുഷ്യനാല്‍ തന്നെ രൂപപ്പെട്ടുവന്ന മതചിന്തകള്‍. ദൈവികമായ അടിത്തറയോ ദൈവപ്രോക്ത സന്ദേശങ്ങളോ ആയിരിക്കില്ല ഇതിന്റെ അടിസ്ഥാനം. ഏതെങ്കിലും വ്യക്തികള്‍ രൂപംനല്കിയ ചിന്തകളായിരിക്കും ഇത്. പിന്നീടത് അവരുടെ പേരിലുള്ള മതമായി മാറുന്നു. സിക്ക് മതവും ബുദ്ധമതവും ഇതിനുദാഹരണങ്ങളാണ്. ഗുരു നാനാക്കിന്റെ ചിന്തയില്‍ രൂപപ്പെട്ടതാണ് സിക്ക് മതമെങ്കില്‍ ശ്രീബുദ്ധന്റെ പേരിലാണ് ബുദ്ധമതമുള്ളത്. ദൈവത്തെപ്പറ്റിയോ മതമെന്ന നിലയ്ക്കുള്ള വിശ്വാസത്തെപ്പറ്റിയോ ചര്‍ച്ചയില്ലെന്നുള്ളതാണ് ബുദ്ധമതത്തിന്റെ പ്രത്യേകത.
മൂന്ന്: മനുഷ്യകരങ്ങളാല് വികൃതമാക്കപ്പെട്ട ദൈവിക മതങ്ങള്‍. ഇവയുടെ അടിസ്ഥാനം ദൈവികവും ദിവ്യവെളിപാടുകളുമാണെങ്കിലും പില്ക്കാലത്ത് അനുയായികളുടെ കൈകടത്തലുകള്‍ കാരണം വികലവും വികൃതവുമാക്കപ്പെട്ടവയാണ്. ജൂത-ക്രൈസ്തവ മതങ്ങള്‍ ഇതിന്റെ ശരിയായ ഉദാഹരണങ്ങളാണ്.
ഇസ്ലാം ഇവയില്‍ നിന്നെല്ലാം തികച്ചും ഭിന്നമാണ്. അത് തീര്‍ത്തും ദൈവീകമായ സ്രോതസ്സില്‍ നിന്ന് ഉത്ഭവിച്ചതാണ്. ദൈവത്തിന്റെ സന്ദേശവാഹകനായ മുഹമ്മദ് നബി(സ)യിലൂടെ ദൈവം മനുഷ്യര്‍ക്കെത്തിച്ചുകൊടുത്തത്. ദൗത്യം എത്തിച്ചുതരുന്ന മുഹമ്മദ്(സ)ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ ചിന്തയോ അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ ഇതില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. തീര്‍ത്തും ദൈവത്തിന്റെ വെളിപാടു മാത്രം. അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെ ചിന്തയോ, പ്രസ്തുത സാഹചര്യത്തിന്റെ ഉല്പന്നമോ അക്കാലഘട്ടത്തിന്റെ മികച്ച ചിന്തകനെന്ന നിലക്ക് മുഹമ്മദിന്റെ മസ്തിഷ്കത്തില്‍ ഊറിവന്ന ചിന്തകളോ ഒന്നുമല്ല. പ്രത്യുത, തികച്ചും ദൈവികം. വിശുദ്ധഖുര്ആന് അനേകം സ്ഥലങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “അല്ലയോ ദൈവദൂതരേ, താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കള്‍ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം താങ്കള്‍ ദൗത്യം നിറവേറ്റിയിട്ടില്ല” (5:67). മുഹമ്മദ് നബി(സ)യുടെ ദൗത്യത്തെക്കുറിച്ച് അല്ലാഹു പറയുന്നു: “അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യവെളിപാടായി നല്കപ്പെടുന്ന സന്ദേശം മാത്രമാകുന്നു” (53:3,4). മുഹമ്മദ് നബി(സ) ഓതിക്കൊടുത്ത സന്ദേശത്തില്‍ മാറ്റത്തിരുത്തലുകളും ഇടപെടലുകളും ആവശ്യപ്പെട്ട ജനതയോട് അവിടുന്ന് പറയുന്നത്: “എന്റെ സ്വന്തം വകയായി ഇത് ഭേദഗതി ചെയ്യാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത് ” (10:15). ഇതര ദര്‍ശനങ്ങളും ചില മതങ്ങളുമെല്ലാം അവയുടെ സ്ഥാപകരുടെ പേരുകളില്‍ അറിയപ്പെടുന്നതുപോലെ ഇസ്ലാം ഒരു ‘മുഹമ്മദീയ’ മതമല്ലെന്നര്‍ഥം.
ഏതെങ്കിലും മത-പൗരോഹിത്യ സഭക്കോ മതപണ്ഡിതനോ ഇസ്ലാമിന്റെ കാര്യങ്ങളില്‍ എന്തെങ്കിലും ചേര്‍ക്കാനോ അതില്‍ നിന്ന് ചുരുക്കാനോ ക്രമം തെറ്റിക്കാനോ യാതൊരവകാശവും ഇസ്ലാം നല്‍കുന്നില്ല. അന്ത്യനാള്‍വരെയും ഇസ്ലാം ദൈവികം തന്നെ. അത്, അല്ലാഹു ഏറ്റെടുത്ത ഉത്തരവാദിത്തമാണ്: “തീര്‍ച്ചയായും നാമാണ് ആ ഉത്ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ് ” (15:9). ക്രൈസ്തവ മതത്തെപ്പോലെ വിശുദ്ധ പൗലോസിന്റെ ആശയങ്ങളോ സുനഹദോസിന്റെ തീരുമാനങ്ങളോ പോപ്പിന്റെ ചാക്രികലേഖനങ്ങളോ വാഴ്ത്തപ്പെട്ടവരുടെയോ വിശുദ്ധരാക്കപ്പെട്ടവരുടെയോ വെളിപാടുകളോ മതമാകുന്നതുപോലെ ഇസ്ലാമില്‍ ഒരിക്കലും മതം മനുഷ്യഇടപെടലുകള്‍ അനുവദിക്കുന്നില്ല. മുഹമ്മദ് നബി(സ) പറയുന്നത് നോക്കുക: “നമ്മുടെ ഈ മത കാര്യത്തില്‍ ആരെങ്കിലും പുതുതായി വല്ലതും ചേര്‍ത്താല്‍ അവ തള്ളപ്പെടേണ്ടതാണ് ” (ബുഖാരി). വിശുദ്ധ ഖുര്‍ആന്‍ അനേകം സൂക്തങ്ങളിലും ഇതേ ആശയം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.
സല്ഫലങ്ങള്
ഇസ്ലാം തികച്ചും ദൈവികസന്ദേശമാണെന്നത് മനുഷ്യന് ധാരാളം നന്മകള് കൈവരിക്കാന്‍ ഉതകുന്ന കാര്യമാണ്. മനുഷ്യന് മനുഷ്യന് തന്നെ വിധേയമാവുക, മനുഷ്യനിര്‍മിത നിയമാവലികള്‍ അനുസരിക്കുക, അതിനെ മതമായി അംഗീകരിക്കേണ്ടിവരിക എന്നത് ഏറെ അധസ്ഥിതി മനുഷ്യന് നല്കുന്ന കാര്യമാണ്. ഇതില്‍നിന്ന് മുക്തമായി മനസ്സാക്ഷി സ്വാതന്ത്ര്യവും തന്റെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കുകവഴി ലഭിക്കുന്ന മനസ്സംതൃപ്തിയും ഒരുപോലെ അനുഭവിക്കാന്‍ സാധിക്കുന്നു. പൗരോഹിത്യ മതങ്ങള്‍ മതമേധാവികളെയും സഭകളെയും റബ്ബുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. (9:31)
മനുഷ്യചിന്ത രൂപംനല്കുന്ന ആശയങ്ങള്‍ അപക്വവും കാലദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച് പരിമിതവുമായിരിക്കും. ശൈശവത്തിലോ യുവത്വത്തിലോ ഉള്ള ചിന്തകളും കാഴ്ചപ്പാടുകളും വാര്‍ധക്യത്തില്‍ അപക്വമായിതോന്നുന്നു. ചില പ്രത്യേക ദേശത്തോ ജനതയിലോ നിലനില്‍ക്കുന്ന ചിന്തകള്‍ അന്യരെ സംബന്ധിച്ച് അസ്വീകാര്യമായി മാറുന്നു. സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന കാഴ്ചപ്പാടുകള്‍ പ്രസ്തുത സാഹചര്യം മാറുമ്പോള്‍ അസ്വീകാര്യമായി മാറുന്നു. എല്ലാ കാലത്തേക്കും എല്ലാ ജനതക്കുമാവശ്യമുള്ള സന്ദേശം സമര്‍പ്പിക്കാന്‍ ബഹുവിധ ബന്ധനങ്ങള്‍ക്കും പരിമിതികള്‍ക്കും വിധേയമായ മനുഷ്യമസ്തിഷ്കങ്ങള്‍ അയോഗ്യമാണ്.
മനുഷ്യന് വിവിധങ്ങളായ ചാപല്യങ്ങള്‍ക്ക് വിധേയനാണ്. ഈ ചപലതകളെല്ലാം അവന് ആവിഷ്കരിക്കുന്ന ചിന്തകളെയും സ്വാധീനിക്കുന്നു. ഫലത്തില്‍, മനുഷ്യനന്മക്ക് പകരം തിന്മയായിരിക്കും ഇത് സമ്മാനിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഈ നിലപാടിനെ വിമര്‍ശിക്കുന്നത് നോക്കുക: “അല്ലാഹുവില്‍നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടരുന്നവരെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?” (28:50)
മനുഷ്യപ്രകൃതി ഏറ്റവും നന്നായറിയുന്നത് മനുഷ്യന്റെ സ്രഷ്ടാവായ അല്ലാഹുവിനാണ്. അതിനാല്‍ തന്നെ മനുഷ്യനിണങ്ങിയ നിയമങ്ങള്‍ അവതരിപ്പിക്കാനും അവന് മാത്രമേ സാധിക്കുകയുള്ളൂ. അവന്റെ നിയമങ്ങള്‍ക്ക് സമ്പൂര്‍ണതയും ലാളിത്യവും പ്രകൃതിയോടുള്ള ഇണക്കവുമുണ്ടായിരിക്കും. അതിനാല്‍ തന്നെ അവ അയത്നലളിതമായി ജീവിതത്തിലുടനീളം കൊണ്ടുനടക്കാന്‍ സാധിക്കുകയും ചെയ്യുന്നു. നിയമങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ മാറ്റുകയോ പ്രകൃതിക്ക് വേണ്ടി നിയമങ്ങളെ മാറ്റുകയോ ചെയ്യേണ്ടിവരുന്നില്ല. എല്ലാംകൊണ്ടും മനസ്സംതൃപ്തിയോടെ ജീവിച്ചുപോകാന്‍ സാധിക്കുന്നു. ഇസ്ലാമിന്റെ ദൈവികത മനുഷ്യസമൂഹത്തെ സംബന്ധിച്ച് വന്‍നേട്ടമാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയും മനസ്സംതൃപ്തിയോടെയും ദൈവികം മാത്രമായ വിശ്വാസങ്ങളും ആരാധനകളും അനുഷ്ഠാനങ്ങളും സ്വഭാവശീലങ്ങളും ആചരിച്ചു ജീവിച്ചുപോകാന്‍ മനുഷ്യന് കഴിയുന്നു. ഇതിലും വലുതായി ഒന്നും ഇഹലോകത്ത് നേടാനില്ല.
2 പേര് പ്രതികരിച്ചിരിക്കുന്നു.:
“അല്ലാഹുവില്‍നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടരുന്നവരെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?” (28:50)
salam nallath
Post a Comment