വിശ്വാസം ഒരു ഉന്മാദമായി മാറുകയും അത് ജീവിക്കുന്ന സമൂഹത്തിനും നാടിനും അപകടമാകുന്ന വിധത്തില്‍ ഒരു മഹാമാരിയാവുകയും ചെയ്യുമ്പോള്‍ ഇടപെടലുകള്‍ അനിവാര്യമാകുന്നു. ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളും പൊതു സമൂഹവും സലഫിസം എന്ന സംജ്ഞക്ക് പുറകിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. കാലങ്ങളായി കേരളത്തിലെ പൊതു മണ്ഡലത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു മതവിഭാഗത്തിന്റെ പേരില്‍ കര്‍ക്കശവും ഇരുട്ട് നിറഞ്ഞതുമായ പ്രതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍, അതൊരു ചെറിയ വിഭാഗത്തില്‍ നിന്നാണെങ്കില്‍ പോലും ആശങ്കയുണ്ടാക്കുന്നതാണ്. വിശേഷിച്ചും, കേരള മുസ്‌ലിംകളെ പൊതുമണ്ഡലത്തിലേക്ക് ആനയിക്കുകയും സമൂഹത്തിന്റെ പൊതുധാരയുടെ ഭാഗമായി അവരെ നിലയുറപ്പിക്കാന്‍ സജ്ജമാക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന് ശേഷമാണ് പുതിയ സവിശേഷതകള്‍ ഉണ്ടായത് എന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തില്‍ മുമ്പും പല മതവിഭാഗങ്ങളിലും ഉള്‍പ്പിരിവുകളുണ്ടായിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ പൊതുമണ്ഡലത്തെ അതൊന്നും കാര്യമായി ബാധിച്ചിരുന്നില്ല. കാരണം, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് മുസ്‌ലിംകള്‍ക്ക് ദിശാബോധവും നവോത്ഥാന ത്വരയും ചലനാത്മകതയും സംഭാവന നല്കിയ ഒരു പ്രസ്ഥാനത്തിന് കേടുപാടുകള്‍ സംഭവിക്കുമ്പോഴാണല്ലോ അത് പൊതുസമൂഹത്തെ കൂടി ബാധിക്കുന്നതായി മാറുക. യമനിലെ ദമ്മാജ് കേന്ദ്രീകരിച്ചുള്ള സലഫി പ്രസ്ഥാനം 'ദമ്മാജ് സലഫിസം' എന്ന പേരില്‍ അറിയപ്പെടുക സ്വാഭാവികമാണ്. സുഊദി ഗവണ്‍മെന്റുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ദമ്മാജില്‍ ദാറുല്‍ ഹദീസ് സ്ഥാപിതമാകുന്നത്. എന്നാല്‍, ഗള്‍ഫ് സലഫിസം എന്ന വിവക്ഷയില്‍ വരുന്ന എല്ലാ നവസലഫി ധാരകളും (ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും) ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ അനാരോഗ്യ പ്രവണതകള്‍ക്ക് ഇടയാക്കുന്നുണ്ട്. സുഊദി, യമന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗള്‍ഫ് സലഫിസത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകള്‍, ഇന്ത്യ പോലെയുള്ള വിവിധ മതവിശ്വാസികള്‍ 'സഹോദര' തുല്യതയോടെ ജീവിക്കുന്ന ഒരു രാജ്യത്തിന് അനുപേക്ഷണീയമല്ല. അതില്‍ യമന്‍ സലഫിസം മാത്രമല്ല പ്രതിക്കൂട്ടിലുള്ളത്.
യമന്‍ സലഫിസവും ഐസിസും
ഈയിടെ കേരളത്തില്‍ നിന്നുള്ള ഏതാനും പേരുടെ തിരോധാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ യമന്‍ സലഫിസത്തിലേക്ക് നീങ്ങുന്നത്. എന്നാല്‍, അവര്‍ ഐസിസില്‍ ചേരാന്‍ വേണ്ടി രാജ്യം വിട്ടുപോയെന്നാണ് പല മാധ്യമങ്ങളും ആദ്യഘട്ടത്തില്‍ ഒട്ടും സ്ഥിരീകരണമില്ലാതെ തന്നെ റിപ്പോര്‍ട്ട് ചെയ്തത്. ഐസിസിലേക്കല്ല, ആത്മീയ ജീവിതം സ്വപ്നം കണ്ട് മതേതര രാജ്യത്ത് നിന്നുള്ള രക്ഷപ്പെടലാവാനാണ് സാധ്യത കൂടുതലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ ദമ്മാജ് സലഫിസവും ഐസിസും കൂട്ടിക്കുഴക്കുന്ന സ്ഥിതി വിശേഷമുണ്ടായി. സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും രണ്ടിനെയും പരസ്പരം ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചത്. രണ്ടിനെയും രണ്ടായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ കൃത്യമായ ബോധവത്കരണവും പ്രതിരോധവും സാധ്യമാകൂ. സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുത്ത്, മതത്തിന്റെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് രൂപപ്പെട്ട ഹിംസാത്മകമായ ആള്‍ക്കൂട്ടമാണ് ഐസിസ്. അത് തീവ്രവാദവുമാണ്. ഇതര മതസ്ഥര്‍, സ്ത്രീകള്‍, ജിഹാദിന് വേണ്ടി പുറപ്പെടാത്തവര്‍ തുടങ്ങിയവരോടുള്ള ഐസിസിന്റെ സമീപനം ആയുധങ്ങള്‍ കൊണ്ടാണ്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ അസ്ഥിരത പടര്‍ത്തുന്ന ഐസിസിന് ജൂത സയണിസ്റ്റ് ലോബികളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത് സത്യമായിരുന്നാലും ഇല്ലെങ്കിലും, ഐസിസ് മുസ്‌ലിംകളെയോ മുസ്‌ലിം രാഷ്ട്രങ്ങളെയോ സഹായിക്കുന്നതിന് വേണ്ടി രൂപം കൊണ്ടതല്ല എന്ന് തീര്‍ത്തു പറയാന്‍ സാധിക്കും.മുസ്‌ലിം സംഘടനകളെല്ലാം കക്ഷിത്വത്തിന് (ഹിസ്ബിയ്യ) വിധേയമായിരിക്കുന്നുവെന്നും അത് കൊണ്ട് സംഘടനകളും കക്ഷികളും ഇസ്‌ലാമിക വിരുദ്ധമാണെന്നും വാദിക്കുന്നവരാണ് യമന്‍ സലഫികള്‍. അരാജകവാദത്തിന്റെ ഈ അംശങ്ങളാവാം യുവാക്കളെ അതിലേക്ക് ആകര്‍ഷിക്കുന്നത്. അറബി അറിയുന്ന പണ്ഡിതന്മാര്‍ മാത്രമേ പ്രബോധനം (ദഅവത്ത്) നടത്താന്‍ പാടുള്ളൂവെന്നും പ്രവാചക ജീവിതത്തെ അക്ഷരാര്‍ഥത്തില്‍ അനുധാവനം ചെയ്യണമെന്നുമാണ് അവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സാകിര്‍ നായികിന്റെയും ഭൗതിക വിദ്യാഭ്യാസം നേടിയവര്‍ നേതൃത്വം നല്‍കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ ഇവര്‍ എതിര്‍ക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കാണാതായവരില്‍ ചിലര്‍ സാകിര്‍ നായികിന്റെ അനുയായികളാണെന്ന മാധ്യമറിപ്പോര്‍ട്ടുകളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്. സാകിര്‍ നായികിന്റെ പ്രബോധനരീതിയോട് വിയോജിപ്പുള്ളവരാണവര്‍. സാകിര്‍ നായികിന് നീതി ലഭ്യമാക്കണം എന്ന് മതേതരമായ ഒരു സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതും തെറ്റാണത്രെ. കാരണം, ഇസ്‌ലാമികേതരമായ ഒരു സര്‍ക്കാറിനോട്, ഇസ്‌ലാമികേതരമായ ഒരു നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെടുന്നതും അതിന് വേണ്ടി സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ നടത്തുന്നതും തിന്മയില്‍ സഹകരിക്കുന്നതിന്റെ ഭാഗമായി വരുമെന്നാണ്, സാകിര്‍ നായികിന് വേണ്ടിയുള്ള പ്രചരണകാലത്തെ നവസലഫികളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പറഞ്ഞിരുന്നത്. ഇസ്‌ലാമുമായി ബന്ധമില്ലാത്ത വിചിത്രവും യുക്തിരഹിതവും ബഹുസ്വരതയുടെ ആണിക്കല്ല് ഇളക്കുന്നതുമായ ഇത്തരം പ്രചരണങ്ങള്‍ക്ക് ഫേസ്ബുക്ക് തന്നെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ.
പ്രവാചകന്‍ ഉപജീവനത്തിനായി ആടിനെ വളര്‍ത്തിയിരുന്നത് കൊണ്ട്, നവസലഫികള്‍ അതില്‍ പുണ്യം കല്‍പിക്കുകയും അത് ജീവിത മാര്‍ഗമായി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പൊതുവെ അരാഷ്ട്രീയ സ്വഭാവമുള്ള യമന്‍ സലഫിസത്തിലെ പണ്ഡിതന്മാര്‍ എല്ലാം തന്നെ ഐസിസിന്റെ കടുത്ത വിമര്‍ശകരാണ്. ആട് വളര്‍ത്തലൊന്നും ഐസിസിന്റെ അജണ്ടയേ അല്ല. ഐസിസിനെയും നവസലഫി വാദങ്ങളെയും വേര്‍തിരിച്ചു മനസ്സിലാക്കിയെങ്കില്‍ മാത്രമേ, മാധ്യമങ്ങളുടെ ഇസ്‌ലാമോഫോബിയയുടെ അകമ്പടി നില്ക്കുന്ന സമീപനത്തെയും മുസ്‌ലിംകള്‍ പൊതു മണ്ഡലത്തിലിടപെടുന്ന സാമൂഹ്യവിഭാഗമായി മാറേണ്ടതിന്റെ ആവശ്യകതയേയും തിരിച്ചറിയാനാകൂ. ഇല്ലെങ്കില്‍, ഇസ്‌ലാമോഫോബിയയുടെ ആനൂകൂല്യം പറ്റിപ്പിടിച്ച് യാഥാസ്ഥിതിക ആശയങ്ങള്‍ സമൂഹത്തില്‍ വേരോട്ടമുണ്ടാക്കും.
സലഫിവാദങ്ങളും കേരള മുസ്‌ലിംകളും
ആട് മേച്ചും കൃഷി ചെയ്തും മുന്നോട്ട് പോകുന്ന ആത്മീയാനുരാഗികളെ വിമര്‍ശിക്കുന്നത് എന്തിനാണ് എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഹിമാലയ സാനുക്കളിലും മലമുകളിലും സന്ന്യസിക്കാന്‍ പോകുന്ന ഹിന്ദുസഹോദരങ്ങളുണ്ട്. സമാനമായി, യമനിലേക്ക് പോകുന്നവരെയും കണ്ടുകൂടെ എന്നും അതവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ എന്നുമാണ് ചോദ്യത്തിന്റെ പൊരുള്‍. ഇന്ത്യ എന്ന രാജ്യം തങ്ങള്‍ക്ക് താമസിക്കാന്‍ അനുയോജ്യമല്ല എന്നോ ഇവിടെ താമസിക്കുന്നവരുടെ മതജീവിതം പൂര്‍ണമാകില്ല എന്നോ സ്ഥാപിച്ചുകൊണ്ടല്ല ഹിമാലയത്തിലേക്ക് 'പലായനം' ചെയ്യുന്നത്. എന്നാല്‍ നവസലഫി വാദങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍ അവ ചെന്നെത്തുന്നത് ഇന്ത്യയില്‍ മുസ്‌ലിമിന് ജീവിതമേ സാധ്യമല്ല എന്ന തീര്‍പ്പിലേക്കാണ്. ഇവിടുത്തെ വ്യവസ്ഥകളെ അംഗീകരിച്ച് ജീവിക്കുന്നവര്‍ വിശ്വാസത്തോട് നീതി പുലര്‍ത്താത്തവരും സലഫി ധാരക്ക് പുറത്തുമാണെന്ന് നവസലഫിസം പഠിപ്പിക്കുന്നു.മുസ്‌ലിമിന്റെ വിശ്വാസം പൂര്‍ണമാവുന്നതിന്റെ ഭാഗമാണ് ഇസ്‌ലാമിക രാജ്യങ്ങളിലേക്കുള്ള പലായനമെന്ന അധ്യാപനം കേരളത്തില്‍, ഇന്ത്യയില്‍, മറ്റ് ഇസ്‌ലാമികേതര രാജ്യങ്ങളില്‍ വസിക്കുന്ന മുഴുവന്‍ മുസ്‌ലിംകളെയും പ്രതിസന്ധിയിലാക്കുന്നതാണ്. ജീവിക്കുന്ന രാജ്യത്തോടുള്ള അവരുടെ കൂറ് ഇസ്‌ലാമിക വിരുദ്ധമാണെന്നുള്ള അധ്യാപനം ബഹുസ്വര സമൂഹത്തിന്റെ കെട്ടുറപ്പിന് വിള്ളലാഴ്ത്തുകയും, മറ്റ് സമുദായങ്ങളില്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്നതാണ്. പ്രമാണങ്ങളെയും ഇസ്‌ലാമിക ജീവിതത്തെയും അടുത്തറിയാത്ത ഭൗതിക വിദ്യഭ്യാസം നേടിയവര്‍ കാപട്യത്തിന്റെ മനസ്സുമായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ഇത് ക്രമേണയെങ്കിലും രാജ്യത്തിന്റെ മതനിരപേക്ഷതയുടെ താളം തെറ്റിക്കുന്നതാണ്.
എങ്ങനെയാണ് പ്രമാണങ്ങളെ സമീപിക്കേണ്ടത് എന്നതിന്റെ രീതിശാസ്ത്രത്തെയാണ് മന്‍ഹജുസ്സലഫ് (പൂര്‍വികരുടെ മാര്‍ഗം) എന്നു പറയുന്നത്. പ്രവാചകന് ശേഷം വിവിധ കക്ഷികളും ചിന്താധാരകളും ഖുര്‍ആനിനെയും ഹദീസിനെയും ദുര്‍വ്യാഖ്യാനം ചെയ്തപ്പോഴാണ് എങ്ങനെയാണ് പ്രമാണങ്ങളെ സമീപിക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചനകളുണ്ടായത്. എന്നാല്‍ ഗള്‍ഫ് സലഫികള്‍ സലഫി രീതിശാസ്ത്രം എന്ന പേരില്‍ അവതരിപ്പിക്കുന്നത് പ്രമാണത്തിന്റെ തെറ്റായ വായനകളാണ്. ആ വ്യാഖ്യാനങ്ങളൊക്കെ തന്നെയും ഇസ്‌ലാമിന്റെ സൗന്ദര്യാത്മകതയെ നിരാകരിക്കുന്നതും സാമൂഹിക മുന്നേറ്റങ്ങളില്‍ നിന്ന് പിറകോട്ട് വലിക്കുന്നതുമാണ്.
ഹദീസ് നിരൂപണശാസ്ത്രത്തിന്റെ ഭാഗമായി ദുര്‍ബലവും സ്വീകാര്യവുമായ ഹദീസുകളെ വേര്‍തിരിക്കുന്ന അല്‍ ജര്‍ഹു വത്തഅ്ദീല്‍, ബിദ്അത്തുകള്‍ അനുഷ്ഠിക്കുന്നവരെ അകറ്റിനിര്‍ത്താന്‍ ആവശ്യപ്പെടുന്ന ഹജ്‌റുല്‍ മുബ്തദിഅ്, വിശ്വാസികളോടും അല്ലാത്തവരോടും വര്‍ത്തിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന അല്‍വലാഉ വല്‍ ബറാഅ് എന്നീ മൂന്ന് കാര്യങ്ങളാണ് സലഫി മന്‍ഹജിന്റെ അടിസ്ഥാന താല്പര്യങ്ങളെന്ന് അവര്‍ തന്നെ പറയുന്നു. ഇതില്‍ ബിദ്അത്തുകാരോടുള്ള സമീപനവും ഇസ്‌ലാമേതര വിശ്വാസികളോടുള്ള സമീപനവും ഏറെ വിമര്‍ശനാര്‍ഹവും സാമൂഹ്യക്രമത്തില്‍ സ്വാധീനം ചെലുത്തുന്നതുമാണ്. ഈ രണ്ട് കാര്യങ്ങള്‍ക്കും 'പ്രാമാണികമായ പിന്തുണ' നേടിയെടുക്കലാണ് അല്‍ ജര്‍ഹു വത്തഅ്ദീല്‍ ചെയ്യുന്നത്. നൂറ്റാണ്ടുകളിലൂടെ ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകത്തിന്റെ ഭാഗമായി മാറിയ ഉസ്വൂലുല്‍ ഹദീസിനെയും (ഹദീസ് നിദാനശാസ്ത്രം) ഉസ്വൂലുത്തശ്‌രീഇനെയും (മതവിധികളുടെ നിര്‍ധാരണം) സങ്കുചിത വ്യാഖ്യാനങ്ങള്‍ക്കുള്ള പ്രതലമാക്കി മാറ്റുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
അല്‍വലാഉ വല്‍ ബറാഅ്
അല്‍ വലാഅ് എന്നാല്‍ അല്ലാഹുവിന്റെ പേരിലുള്ള സ്‌നേഹബന്ധങ്ങളും അല്‍ ബറാഅ് എന്നാല്‍ അവിശ്വാസികളോടുള്ള ബന്ധങ്ങളുമാണ് വിവക്ഷിക്കുന്നത്. 'അവിശ്വാസികളോടുള്ള ബന്ധം' എന്നതിനേക്കാള്‍ അതില്‍ നിന്ന് എങ്ങനെയൊക്കെ മാറിനില്ക്കണം എന്നാണ് ഇതില്‍ ആലോചിക്കുന്നത്. അല്‍ ബറാഅ് എന്ന വാക്കിനര്‍ഥം തന്നെ മാറിനില്‍ക്കല്‍, മുക്തമാകല്‍ എന്നൊക്കെയാണ്. ഈ പഠനവും അതിന്റെ പ്രയോഗികരൂപവും ഇസ്‌ലാമിക പ്രമാണങ്ങളുടെ തെറ്റായ വ്യാഖ്യാനവും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്തുള്ള സങ്കുചിത ചിന്തകളുമാണ്. അതാവട്ടെ, ലോകര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്റെ താല്പര്യത്തിന് വിരുദ്ധവും ലോകര്‍ക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് എതിരുമാണ്. സുഊദി പണ്ഡിതനായ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ അല്‍ വലാഉ വല്‍ബറാഇന്റെ നിയമങ്ങള്‍ പാലിക്കാത്തവരുടെ പത്ത് സ്വഭാവങ്ങള്‍, പ്രത്യേകതകള്‍ എണ്ണിപ്പറയുന്നുണ്ട്. അവിശ്വാസികള്‍ക്കിടയില്‍ താമസിക്കല്‍, തങ്ങളുടെ ദീനിനെ സംരക്ഷിക്കുന്നതിന് വേണ്ടി മുസ്‌ലിം രാജ്യത്തേക്ക് പലായനം ചെയ്യാതിരിക്കല്‍, ക്രിസ്തുവര്‍ഷം അഥവാ ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിച്ചുള്ള തിയ്യതി കുറിക്കല്‍, ഇസ്‌ലാമികമല്ലാത്ത ആഘോഷങ്ങള്‍ക്ക് ആശംസയര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള അല്‍ വലാഉ വല്‍ബറാഅ് അവശേഷിക്കുന്നില്ല. അവര്‍ സലഫിധാരയില്‍ നിന്നും പുറത്ത് പോയിരിക്കുന്നു എന്നാണ് ശൈഖ് ഫൗസാന്‍ വിശദീകരിക്കുന്നത്. അമുസ്‌ലിംകളെ 'സഹോദരാ' എന്ന് അഭിസംബോധന ചെയ്യുന്നത് നിഷിദ്ധമാണെന്നാണ് ശൈഖ് സ്വാലിഹ് അല്‍ ഉസൈമീന്‍ നല്‍കുന്ന ഫത്‌വ. അതുകൊണ്ട് തന്നെ എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന സാധാരണ ഗതിയില്‍ പറയുന്ന പ്രയോഗങ്ങള്‍ പോലും ഇവര്‍ക്ക് അരോചകമാണ്. സര്‍ക്കാര്‍ ജോലി സ്വീകരിക്കാനോ മിശ്രവിദ്യാഭ്യാസം അനുസരിച്ച് പഠനം നടത്താനോ പാടുള്ളതല്ല.ഇസ്‌ലാമികേതര രാജ്യത്ത് സമ്പൂര്‍ണ പൗരനായി ജീവിക്കാന്‍ പറ്റാത്ത രൂപത്തില്‍ മതതത്വങ്ങളെ വ്യാഖ്യാനിച്ച പണ്ഡിതനാണ് സയ്യിദ് മൗദൂദി. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ക്ക് അധികാര രാഷ്ട്രീയത്തിന്റെ ചുവ കൂടി ഉണ്ടായിരുന്നെങ്കില്‍ നവ സലഫി വാദങ്ങള്‍ക്ക് അധികാരം നേടേണ്ട മാര്‍ഗം പ്രബോധനം മാത്രമാണ്. അതിനാകട്ടെ, അധികാരം സ്ഥാപിക്കല്‍ ബാധ്യതയോ മുന്‍ഗണനയോ ആകുന്നുമില്ല. രാജ്യം ഇസ്‌ലാമികമല്ലെങ്കില്‍ പലായനം ചെയ്യുക എന്ന പോംവഴിയാണ് സലഫികള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് കളങ്കമുണ്ടാക്കുകയും ഇവിടെ ജീവിക്കുന്ന ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും സാമൂഹികമായ പിന്മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. കേവലമായ ആത്മീയ വാദമെന്നോ വൈയക്തികമായ താല്പര്യത്തിന് പുറത്തുള്ള വ്യക്തിസ്വാതന്ത്യമെന്നോ പറഞ്ഞ് അവഗണിക്കാന്‍ കഴിയാത്ത വിധം ധ്രുവീകരണം സൃഷ്ടിക്കുകയാണ് ഈ വാദങ്ങള്‍ ചെയ്യുന്നത്.
ഒരു ചെറുവിഭാഗം അമുസ്‌ലിംകളോട് സഹകരിക്കാതെയും ബഹുസ്വരമായ നിലപാടുകള്‍ സ്വീകരിക്കാതെയും ജീവിക്കുന്നത് കൊണ്ട് എന്താണ് അപകടമെന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ചുള്ള തിയ്യതി കുറിക്കലിനെ എതിര്‍ക്കുന്നതും അമുസ്‌ലിംകളെ സഹോദരാ എന്ന് വിളിക്കുന്നതിന് പകരം സുഹൃത്തെ എന്ന് വിളിക്കുന്നതും കൊണ്ട് എന്ത് അപകടമാണ് ഈ ബഹുസ്വര സമൂഹത്തിന് ഉണ്ടാവുക എന്നും ചിന്തിക്കുന്നവരുണ്ടാകാം. അവര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാത്ത കാലത്തോളം അവരെ എതിര്‍ക്കുന്നതെന്തിനെന്ന ചോദ്യം നിങ്ങളില്‍ ഉയരുന്നുണ്ടെങ്കില്‍, ജനാധിപത്യവും ബഹുസ്വരതയും ആന്തരികവത്കരിച്ച സാമൂഹികാവസ്ഥയാണ് പ്രസ്തുത ചോദ്യത്തിന്റെ സ്രോതസ്സ്. ആ ഉറവിടത്തില്‍ മണ്ണിട്ട് മൂടാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെയും നിസാരമായ കാര്യങ്ങളാണെങ്കില്‍ എന്തുകൊണ്ട് പ്രമാണങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ സഹിതം അവയെ വിലക്കേണ്ട ആവശ്യമുണ്ടായി എന്നൊരു മറുചോദ്യവും അവശേഷിക്കുന്നുണ്ട്. സലഫി മന്‍ഹജിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍ എന്തുകൊണ്ട് ഈ രൂപത്തിലുള്ള വിലക്കുകള്‍ സ്ഥാനം പിടിച്ചു എന്നതും ഗൗരവമുള്ള ചോദ്യമാണ്. ഒരു ബഹുസ്വര സമൂഹത്തിന്റെ സുസ്ഥിരവും ആരോഗ്യകരവുമായ നിലനില്പ് സാധ്യമാകുന്നത് ചെറിയ കാര്യങ്ങളെന്ന് നാം വിശ്വസിക്കുന്ന ഇത്തരം പങ്കുവെപ്പുകളിലൂടെയാണ്. ഈ പങ്കുവെപ്പുകളെ ഇല്ലാതാക്കുകയും ഏകശിലാത്മകമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നത്, കേരള മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരമാണ്.
ശബാബ് • Shabab
22-07-2016
1 പേര്‍ പ്രതികരിച്ചിരിക്കുന്നു.:
ആട് മേച്ചും കൃഷി ചെയ്തും മുന്നോട്ട് പോകുന്ന ആത്മീയാനുരാഗികളെ വിമര്‍ശിക്കുന്നത് എന്തിനാണ് എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഹിമാലയ സാനുക്കളിലും മലമുകളിലും സന്ന്യസിക്കാന്‍ പോകുന്ന ഹിന്ദുസഹോദരങ്ങളുണ്ട്. സമാനമായി, യമനിലേക്ക് പോകുന്നവരെയും കണ്ടുകൂടെ എന്നും അതവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ എന്നുമാണ് ചോദ്യത്തിന്റെ പൊരുള്‍. ഇന്ത്യ എന്ന രാജ്യം തങ്ങള്‍ക്ക് താമസിക്കാന്‍ അനുയോജ്യമല്ല എന്നോ ഇവിടെ താമസിക്കുന്നവരുടെ മതജീവിതം പൂര്‍ണമാകില്ല എന്നോ സ്ഥാപിച്ചുകൊണ്ടല്ല ഹിമാലയത്തിലേക്ക് 'പലായനം' ചെയ്യുന്നത്. എന്നാല്‍ നവസലഫി വാദങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍ അവ ചെന്നെത്തുന്നത് ഇന്ത്യയില്‍ മുസ്‌ലിമിന് ജീവിതമേ സാധ്യമല്ല എന്ന തീര്‍പ്പിലേക്കാണ്. ഇവിടുത്തെ വ്യവസ്ഥകളെ അംഗീകരിച്ച് ജീവിക്കുന്നവര്‍ വിശ്വാസത്തോട് നീതി പുലര്‍ത്താത്തവരും സലഫി ധാരക്ക് പുറത്തുമാണെന്ന് നവസലഫിസം പഠിപ്പിക്കുന്നു.
Post a Comment