Thursday, December 30, 2010

ഏകദൈവാരാധന യഹൂദ-ക്രൈസ്‌തവ പ്രമാണങ്ങളില്‍

സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍

``പ്രപഞ്ചത്തിന്റെ ശില്‍പിയും നിര്‍മാതാവുമാണവന്‍, അവനെങ്ങനെ ഒരു പുത്രനുണ്ടാകും? അവനൊരു കൂട്ടുകാരിയുമില്ലല്ലോ. സര്‍വ വസ്‌തുക്കളെയും അവനാണ്‌ സൃഷ്‌ടിച്ചത്‌. അവന്‍ സര്‍വജ്ഞാനിയാണ്‌, അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാത്തിന്റെയും സ്രഷ്‌ടാവാണവന്‍. അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.'' (വി.ഖു. 6:101, 102) വിശ്വസിക്കുന്നതായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്‌. ഒന്ന്‌ വിശ്വസിക്കുകയും ആ വിശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മറ്റൊന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത്‌ ഒരു സത്യവിശ്വാസിക്ക്‌ ഭൂഷണമല്ല. പ്രപഞ്ചത്തിനൊരു ദൈവമുണ്ടെന്ന്‌ വിശ്വസിക്കുന്ന ദൈവവിശ്വാസികളിലധികവും വിശ്വാസത്തിന്റെ മര്‍മമായ ആരാധനയും ആരാധനയുടെ മജ്ജയായ പ്രാര്‍ഥനയും ദൈവേതരശക്തികള്‍ക്ക്‌ സമര്‍പ്പിക്കുക എന്ന വിരോധാഭാസം ചെയ്‌തുകൊണ്ടിരിക്കുന്നു. സെമിറ്റിക്‌ മതങ്ങളിലും ഇത്തരം വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. വേദഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങള്‍ ആദര്‍ശ വ്യതിചലനത്തിന്നനുസൃതമായി മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമാക്കാന്‍ മതപുരോഹിതര്‍ ശ്രമിച്ചിട്ടുണ്ട്‌. ഏകദൈവാരാധനയില്‍ നിന്ന്‌ മതഗ്രന്ഥത്തിന്‌ വിരുദ്ധമായിത്തന്നെ പ്രത്യക്ഷമായി വ്യതിയാനം സംഭവിച്ച വിഭാഗമാണ്‌ ക്രൈസ്‌തവത പോലെയുള്ള സെമിറ്റിക്‌ ദര്‍ശനങ്ങള്‍.
ഏകദൈവാരാധന: ക്രൈസ്‌തവ ദര്‍ശനം
യേശുക്രിസ്‌തുവിന്റെ അധ്യാപനങ്ങളെ അനുധാവനം ചെയ്യുന്നവരാണ്‌ ക്രിസ്‌ത്യാനികള്‍ എന്നതുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌ പ്രസ്‌തുത അനുയായികളുടെ ജീവിതദര്‍ശനമാണ്‌ ക്രൈസ്‌തവത. ക്രൈസ്‌തവത അഥവാ ക്രിസ്‌തുവിന്റെ മോക്ഷസങ്കല്‌പം അവതരിപ്പിക്കേണ്ടത്‌ അതിന്റെ പ്രമാണമായ ബൈബിളിലൂടെയായിരിക്കണം. ബൈബിള്‍ പഴയ-പുതിയ നിയമങ്ങള്‍ എന്ന വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും ``ഞാന്‍ നിയമത്തെയോ പ്രവാചകരെയോ നീക്കുവാന്‍ വന്നവനല്ല, നിവര്‍ത്തിപ്പാന്‍ വന്നവനത്രെ'' എന്ന യേശുവിന്റെ വിഖ്യാതമായ പ്രഖ്യാപനവും (മത്തായി 5:17) നിത്യജീവന്‍ (സ്വര്‍ഗം അഥവാ മോക്ഷം) നേടാന്‍ താന്‍ എന്ത്‌ ചെയ്യണമെന്ന അനുചരന്റെ ചോദ്യത്തിന്‌ ``ജീവനില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നീ കല്‌പനകളെ അനുസരിക്കുക'' എന്ന യേശുവിന്റെ ഉത്തരവുമെല്ലാം (മത്തായി 19:17) ജീവിതമോക്ഷത്തിന്‌ പഴയനിയമത്തിന്റെ കൂടി ആവശ്യകത ഊന്നിപ്പറയുന്നുവെന്നത്‌ അനിഷേധ്യമായ സത്യമാണ്‌. അന്തിമവേദം വിശുദ്ധ ഖുര്‍ആന്‍ ഇവ്വിഷയത്തില്‍ തീര്‍പ്പ്‌ പറയുന്നതിപ്രകാരമാണ്‌. യേശു പറയുന്നതായി ഖുര്‍ആന്‍ പറയുന്നു: ``എന്റെ മുമ്പിലുള്ള തൗറാത്തിനെ (തോറ-അഥവാ ബൈബിളിന്റെ ഭാഷയില്‍ നിയമപുസ്‌തകം) സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചുതരാനും വേണ്ടിയാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌)'' (വി.ഖു 3:50)
ബൈബിള്‍ പഴയ-പുതിയ നിയമങ്ങള്‍ ക്രൈസ്‌തവതയുടെ പ്രമാണമായിരിക്കെ ക്രിസ്‌തുമതത്തിലെ ദൈവസങ്കല്‌പം പ്രസ്‌തുത പ്രമാണങ്ങളിലൂടെ തന്നെയാണ്‌ മനസ്സിലാക്കേണ്ടത്‌.
ബൈബിളും ഏകദൈവാരാധനയും
``ഇതാ കണ്ടാലും, ഞാന്‍ മാത്രമാണ്‌ അവന്‍, ഞാനല്ലാതെ മറ്റൊരു ദൈവമില്ല.'' (ആവര്‍ത്തനം 32:39). നിത്യജീവന്റെ മാര്‍ഗം പഠിപ്പിക്കുമ്പോള്‍ ദൈവത്തിന്റെ ഏകത്വം അറിഞ്ഞിരിക്കണമെന്നാണ്‌ യേശുക്രിസ്‌തുവിന്റെ കല്‌പന. ``ഏകസത്യദൈവമായ നിന്നെയും നീ അയച്ച ക്രിസ്‌തുവിനെയും അറിയലാണ്‌ നിത്യജീവന്‍.'' (യോഹന്നാന്‍ 17:3). ദൈവത്തിന്റെ ഏകത്വവും അദ്വിതീയതയും ജീവിതത്തിന്റെ സത്യസാക്ഷ്യവും പ്രഖ്യാപനവുമായിരിക്കണമെന്ന്‌ ബൈബിള്‍ പഠിപ്പിക്കുന്നു. ``ആയതിനാല്‍ നീ ഇത്‌ മനസ്സിലാക്കുക. നിന്റെ ഹൃദയത്തില്‍ ഉറപ്പിക്കുക! മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും കര്‍ത്താവ്‌ തന്നെയാകുന്നു ദൈവം. മറ്റൊരു ദൈവം ഇല്ല.'' (ആവര്‍ത്തനം 4:39)
``പറയുക: അല്ലാഹു അവന്‍ ഏകനാണ്‌. അല്ലാഹു നിരാശ്രയനാണ്‌. എവര്‍ക്കും ആശ്രയനുമാണ്‌. അവന്‌ പിതാവില്ല, പുത്രനില്ല, അവന്‌ തുല്യനായി ആരുമില്ല'' (വി.ഖു 112:1-4). ബഹുദൈവത്വം എന്ന പ്രയോഗത്തിന്‌ ചരിത്രത്തില്‍ ഒരു പ്രസക്തിയുമില്ല. ദൈവം പറയുന്നു: ``എനിക്ക്‌ മുമ്പ്‌ ഒരു ദൈവവുണ്ടായിട്ടില്ല, എനിക്കുശേഷം ഉണ്ടായിരിക്കുകയുമില്ല. ഞാന്‍ ഞാനാണ്‌ കര്‍ത്താവ്‌. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.''(യെശയ്യ 45:11). പ്രവാചകന്‍ ദാവേദ്‌ ദൈവത്തിന്റെ മഹത്വം പറയുന്നതിങ്ങനെ: ``കര്‍ത്താവല്ലാതെ ആരാണ്‌ ദൈവം? നമ്മുടെ ദൈവമല്ലാതെ ആരാണ്‌ പറ! ഈ ദൈവമാണ്‌ നിന്റെ ശക്തിദുര്‍ഗം. അവന്‍ എന്റെ മാര്‍ഗം ഭദ്രമാക്കിയിരിക്കുന്നു.'' (2 ശാമുവേല്‍ 22:32-33)
ഇങ്ങനെ ബൈബിള്‍ ഉടനീളം ദൈവത്തിന്റെ അദ്വിതീയതയും ഏകത്വവും പരിചയപ്പെടുത്തുന്നുണ്ട്‌: ഉല്‌പത്തി 17:1, പുറപ്പാട്‌: 8:10, സങ്കീര്‍ത്തനം 83:18, 113:5, 1 ദിനവൃത്താന്തം 16:14, 1 രാജ 8:23 2 ദിനവൃത്താന്തം 6:14, യെശയ്യ 43:10-13, ഹോസിയ: 13:4, യെശയ്യ 45:5-8, യോഹന്നാന്‍ 5:44, 8:41, 8:50, 12:29- 30). ലൂക്കോസ്‌: 10:28-29. വ്യക്തി-വിഗ്രഹപൂജകളെ നിശിതമായി വിമര്‍ശിക്കുന്ന വരികള്‍: ശാമു 7:3, പുറ: 20:1-5, യിരമ്യ 10:2-6). ഉത്തര കാനോനിക ഗ്രന്ഥമായ ബാരൂക്‌ 6-ാം അധ്യായം 8-ാം വചനം മുതല്‍ 73 വരെ വിഗ്രഹാരാധനയെ നിരാകരിക്കുന്നത്‌ കാണാം. ഏകദൈവം അവന്‍ സ്രഷ്‌ടാവും (സങ്കീര്‍ത്തനം 115:15, 146:6, യെശയ്യ 45:18, ആവര്‍ത്തനം 4:32), വലിയവനും(മഹാന്‍) (യോഹ 14:28, സങ്കീര്‍ത്തനം77:13), രഹസ്യങ്ങള്‍ അറിയുന്നവ നും, (ആവര്‍ത്തനം 29:29, 1 രാജാ 8:39, സങ്കീര്‍ത്തനം 45), മറഞ്ഞിരിക്കുന്നവനും (അദൃശ്യനും) (യെശയ 45:15, പുറപ്പാട്‌ 33:20, യോഹന്നാന്‍ 1:18, 5:18, 1 തിമോത്തിയോസ്‌ 6:16), മനുഷ്യരോടൊത്ത്‌ വസിക്കാത്തവനും (2 ദിനവൃത്താന്തം 6:18) ആകുന്നു.
ഉപര്യുക്ത വചനങ്ങള്‍ ദൈവത്തിന്റെ ഏകത്വവും അദ്വിതീയതയും വിശദീകരിക്കുകയാണെങ്കില്‍ ദൈവബന്ധം സ്ഥാപിക്കുന്ന അതിപ്രധാനമായ ആരാധന ഏകനായ ദൈവത്തിന്‌ മാത്രമേ നല്‌കാവൂ എന്ന മുഖ്യസന്ദേശവും ബൈബിള്‍ ഊന്നിപ്പറയുന്നുണ്ട്‌.
`ആരാധ്യനേകന്‍' എന്ന്‌ പ്രാമാണികമായി തിരിച്ചറിഞ്ഞവരാണ്‌ ക്രൈസ്‌തവര്‍. എന്നാല്‍ പ്രസ്‌തുത ആരാധന ഏക ദൈവത്തിന്‌ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയവരുമാണവര്‍. പൗരോഹിത്യത്തിന്റെ അതിരുകടന്ന ഇടപെടലുകളാലും വിജാതീയ ആചാര, ആരാധന, അനുഷ്‌ഠാനങ്ങളെ തങ്ങളുടെ മതത്തിലേക്ക്‌ ആശിര്‍വാദം ചെയ്‌തതിനാലും വിശ്വാസ-ആചാര-കര്‍മാനുഷ്‌ഠാനങ്ങളില്‍ നിരന്തര പരിണാമത്തിന്‌ വിധേയമായ മതമാണ്‌ ഇന്നത്തെ ക്രിസ്‌തു മതം. വിശ്വാസത്തിലെ വ്യതിയാനം മുഹമ്മദ്‌ നബി(സ)യുടെ ആഗമനത്തിന്‌ മുമ്പേ ക്രൈസ്‌തവതയ്‌ക്ക്‌ സംഭവിച്ചിട്ടുണ്ട്‌.
ക്രിസ്‌തുവിന്റെ കാലശേഷം അഞ്ഞൂറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നത്‌. വിവിധ വിഭാഗങ്ങളുടെ വിശ്വാസ-വ്യതിയാനങ്ങളെ അവലോകനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ യഹൂദ-ക്രൈസ്‌തവ വിശ്വാസത്തെ പലതവണ പരാമര്‍ശിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്‌.
``പറയുക: വേദക്കാരേ, അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്‌തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. വേദക്കാരേ, സത്യത്തിന്നെതിരായി നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും സത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുകയും ചെയ്‌ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌.'' (വി.ഖു 5:76,77)
ഏകദൈവരാധന പോലുള്ള അടിസ്ഥാന ആശയങ്ങള്‍ തമസ്‌കരിക്കപ്പെട്ട്‌ പകരം പ്രവാചകാരാധനയും പുണ്യപുരുഷനോടുള്ള പ്രാര്‍ഥനയും സ്ഥാപിക്കപ്പെട്ട, യേശു പഠിപ്പിച്ച ജീവിത ദര്‍ശനത്തില്‍ മാറ്റം വരുത്തിയ ക്രൈസ്‌തവരെ തെളിമയാര്‍ന്ന വിശ്വാസത്തിന്റെ ആലയത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനും കൂടിയാണ്‌ ഖുര്‍ആനിന്റെയും അന്ത്യപ്രവാചകന്റെയും നിയോഗമെന്ന്‌ ദൈവം അറിയിക്കുന്നുണ്ട്‌: ``വേദക്കാരെ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരിക്കുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നു. പലതും അദ്ദേഹം നിങ്ങള്‍ക്ക്‌ മാപ്പാക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.'' (വി.ഖു 5:15)
ആരാധിക്കേണ്ടത്‌ ഏകദൈവത്തെ മാത്രം
ഖുര്‍ആനും ബൈബിളും പ്രവാചക നിയോഗത്തിന്റെ ലക്ഷ്യമായി പറയുന്നത്‌ ഏകദൈവരാധനയുടെ സംസ്ഥാപനമാണ്‌. ``ഞാനല്ലാതെ ഒരു ദൈവവുമില്ല. ആയതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന്‌ ബോധനം നല്‌കിയിട്ടല്ലാതെ (നബിയേ) നിനക്ക്‌ മുമ്പ്‌ ഒരു ദൂതനെയും ഞാന്‍ നിയോഗിച്ചിട്ടില്ല.'' (വി.ഖു 21:25)
``കര്‍ത്താവ്‌ തന്റെ ദാസരായ പ്രവാചകരെയെല്ലാം നിരന്തരം നിങ്ങളുടെ അടുക്കല്‍ അയച്ചെങ്കിലും നിങ്ങള്‍ ശ്രദ്ധിക്കയോ കേള്‍ക്കാന്‍ ചെവി ചായ്‌ക്കുകയോ ചെയ്‌തിട്ടില്ല. പ്രവാചകര്‍ പറഞ്ഞു: നിങ്ങള്‍ എല്ലാവരും ദുര്‍മാര്‍ഗത്തില്‍ നിന്നും ദുഷ്‌പ്രവൃത്തികളില്‍ നിന്നും പിന്തിരിഞ്ഞ്‌ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും പണ്ടു മുതല്‍ എന്നെന്നേക്കും കര്‍ത്താവ്‌ തന്നിരിക്കുന്ന ദേശത്ത്‌ വസിക്കണം. അന്യദേവന്മാരെ സേവിച്ചാരാധിക്കുകയോ നിങ്ങളുടെ കരങ്ങളുടെ സൃഷ്‌ടികൊണ്ട്‌ എന്നെ പ്രകോപിക്കുകയോ അരുത്‌.'' (യിരമ്യാ 25:4-6)
ദൈവേതരര്‍ക്ക്‌ ആരാധന സമര്‍പ്പിക്കുന്നത്‌ പാപവും ദൈവപ്രകോപനത്തിന്‌ കാരണവുമാണെന്ന്‌ ഇവിടെ പ്രസ്‌താവിക്കുന്നു. എങ്കില്‍ ലോക ക്രൈസ്‌തവ സഭകള്‍ക്കിടയില്‍ തര്‍ക്ക വ്യത്യാസമെന്യേ ആരാധനയും പ്രാര്‍ഥനയുമെല്ലാം യേശുവിനോ മര്‍യമിനോ മറ്റു പുണ്യാത്മാക്കള്‍ക്കോ ആണ്‌ സമര്‍പ്പിക്കുന്നതെന്നിരിക്കെ ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ വലിയൊരു വിരോധാഭാസത്തിന്റെ ചരിത്രം കുറിക്കുകയായിരുന്നു ക്രൈസ്‌തവര്‍. ``നിങ്ങള്‍ പൂര്‍ണ ഹൃദയത്തോടെ യഹോവയിലേക്ക്‌ തിരിയുക. അന്യദൈവങ്ങളെയും പ്രതിഷ്‌ഠകളെയും നിങ്ങളുടെ ഇടയില്‍ നിന്ന്‌ നീക്കിക്കളയുക (അവനെ മാത്രം സേവിക്കുക)'' (1 ശാമുവേല്‍ 7:3)
ഏകദൈവാരാധന പഴയ നിയമത്തിന്റെ മാത്രം പ്രഖ്യാപനമല്ല. പുതിയ നിമത്തിലൂടെ യേശുക്രിസ്‌തു പഠിപ്പിച്ചതും ഏകനായ ദൈവത്തെ ആരാധിക്കാനാണ്‌. യേശുവിനെ വശീകരിക്കാന്‍ വന്ന പിശാചിനോട്‌ യേശു പറയുന്നത്‌ ഇങ്ങനെയാണ്‌: ``നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച്‌ അവനെ മാത്രമേ ആരാധിക്കാവൂ.'' (മത്തായി 4:10, ലൂക്കോസ്‌ 4:8)
ഇവിടെ പരാമര്‍ശിക്കപ്പെട്ട ദൈവവും കര്‍ത്താവും ക്രിസ്‌തുവല്ല; വിശുദ്ധ ത്രിത്വത്തിലെ പുത്ര ആളത്വവുമല്ല എന്നതും വളരെ വ്യക്തമാണ്‌. മാത്രമല്ല, ദൈവസുവിശേഷം പ്രഘോഷണം ചെയ്യാന്‍ കടന്നുവന്ന ക്രിസ്‌തു ഉള്‍പ്പെടെയുള്ള ഒരു പ്രവാചകനും ആരാധിക്കപ്പെടണമെന്ന്‌ ബൈബിള്‍ പഠിപ്പിക്കുന്നില്ല. ഏകനും അതുല്യനുമായ ദൈവത്തെ ആരാധിക്കുന്നതിലൂടെയാണ്‌ നിത്യജീവന്‍ (സ്വര്‍ഗം) ലഭ്യമാകുന്നതെന്നാണ്‌ ബൈബിള്‍ പഠിപ്പിക്കുന്നത്‌. നിത്യജീവന്റെ വഴിയെ പറ്റി ചോദിച്ചവരോട്‌ യേശു പറയുന്ന മറുപടി ശ്രദ്ധേയമാണ്‌. ചോദിച്ചയാളോട്‌ നിയമത്തിലെന്താണ്‌ എഴുതിയിരിക്കുന്നതെന്ന്‌ യേശു തിരിച്ചു ചോദിച്ചപ്പോള്‍ ചോദ്യകര്‍ത്താവ്‌ പറഞ്ഞു: ``നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും കൂടെ സ്‌നേഹക്കുക. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. അപ്പോള്‍ യേശു അയാളോട്‌ പറഞ്ഞു: ശരിയാണ്‌ നീ ഇത്‌ ചെയ്യുക നീ ജീവിക്കും.''(ലൂക്കോസ്‌ 10:26-28)
ഇവിടെയും നിത്യജീവന്റെ കല്‌പനകളില്‍ ഒന്നാമത്തേത്‌ ഏകദൈവാരാധനയാണ്‌. എന്നാല്‍ ക്രൈസ്‌തവലോകം ഒന്നാം കല്‌പനയെക്കാളും പ്രാധാന്യം ഇന്ന്‌ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന രണ്ടാം കല്‌പനക്കാണ്‌ നല്‌കുന്നത്‌. ഒന്നാം കല്‌പനയെ തമസ്‌കരിക്കുക കൂടി ചെയ്യുന്നു.
സ്രഷ്‌ടാവിനെ മാത്രമേ ആരാധിക്കാവൂ
ആരാധനയുടെ വിഷയത്തില്‍ വേദഗ്രന്ഥങ്ങള്‍ ഒരേ ശബ്‌ദത്തില്‍ പ്രഖ്യാപിക്കുന്ന ആശയമാണ്‌ `ആരാധ്യന്‍ സ്രഷ്‌ടാവായിരിക്കണമെന്നും സ്രഷ്‌ടാവിനെ മാത്രമേ ആരാധിക്കാവൂ' എന്നുമുള്ളത്‌. ``വരൂ, നമുക്ക്‌ ആരാധിച്ച്‌ കുമ്പിടാം. നമ്മുടെ സ്രഷ്‌ടാവായ കര്‍ത്താവിന്റെ മുമ്പാകെ മുട്ടുകുത്താം. അവനല്ലോ നമ്മുടെ ദൈവം.'' (സങ്കീര്‍ത്തനം 95:6)
പ്രപഞ്ച സൃഷ്‌ടികര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂവെന്നും സര്‍വ കീഴ്‌വഴക്കങ്ങളും സമര്‍പ്പണങ്ങളും ദൈവത്തോട്‌ മാത്രമേ പാടുള്ളൂവെന്നും ഇവിടെ വ്യക്തമായി പഠിപ്പിക്കുന്നു. ക്രൈസ്‌തവര്‍ ഒരു വേള ആരാധ്യ പദവിയിലേക്ക്‌ ഉയര്‍ത്തുന്ന മഹാനായ യേശു ക്രിസ്‌തുവിന്‌ പ്രപഞ്ചത്തിലോ പ്രപഞ്ചത്തിലെ ഏതെങ്കിലും വസ്‌തുക്കളുടെ സൃഷ്‌ടിപ്പിലോ പങ്കുള്ളതായി യേശു ജീവിതത്തിലൊരിക്കലും അവകശപ്പെട്ടിട്ടില്ല. സൃഷ്‌ടികര്‍ത്താവിനെ ആരാധിക്കുന്നതിന്‌ പകരം അത്ഭുതസൃഷ്‌ടിയായ യേശുവിനെ ആരാധിക്കാന്‍ പഠിപ്പിച്ചത്‌ ആരാണ്‌ എന്ന ചോദ്യം ഉത്തരമില്ലാതെ ചരിത്രത്തിലെന്നും ബാക്കിയാവും. ``ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല എന്നിപ്പോള്‍ കണ്‍കൊള്‍വിന്‍, ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു. ഞാന്‍ സൗഖ്യമാക്കുന്നു. എന്റെ കൈയില്‍നിന്ന്‌ വിടുവിക്കുന്നവന്‍ ആരുമില്ല.''(ആവര്‍ത്തനം 32:39)
പ്രപഞ്ച സൃഷ്‌ടികര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂവെന്നും സര്‍വ കീഴ്‌വഴക്കങ്ങളും സമര്‍പ്പണങ്ങളും ദൈവത്തോട്‌ മാത്രമേ പാടുള്ളൂവെന്നും ഇവിടെ വ്യക്തമായി പഠിപ്പിക്കുന്നു. ക്രൈസ്‌തവര്‍ ഒരു വേള ആരാധ്യ പദവിയിലേക്ക്‌ ഉയര്‍ത്തുന്ന മഹാനായ യേശു ക്രിസ്‌തുവിന്‌ പ്രപഞ്ചത്തിലോ പ്രപഞ്ചത്തിലെ ഏതെങ്കിലും വസ്‌തുക്കളുടെ സൃഷ്‌ടിപ്പിലോ പങ്കുള്ളതായി യേശു ജീവിതത്തിലൊരിക്കലും അവകശപ്പെട്ടിട്ടില്ല. സൃഷ്‌ടികര്‍ത്താവിനെ ആരാധിക്കുന്നതിന്‌ പകരം അത്ഭുതസൃഷ്‌ടിയായ യേശുവിനെ ആരാധിക്കാന്‍ പഠിപ്പിച്ചത്‌ ആരാണ്‌ എന്ന ചോദ്യം ഉത്തരമില്ലാതെ ചരിത്രത്തിലെന്നും ബാക്കിയാവും. ``ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല എന്നിപ്പോള്‍ കണ്‍കൊള്‍വിന്‍, ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു. ഞാന്‍ സൗഖ്യമാക്കുന്നു. എന്റെ കൈയില്‍നിന്ന്‌ വിടുവിക്കുന്നവന്‍ ആരുമില്ല.''(ആവര്‍ത്തനം 32:39)
സൃഷ്‌ടിസ്ഥിതി സംഹാരാധികാരമുള്ളവനാണ്‌ ദൈവം. അവന്‍ മാത്രമാണ്‌ ആരാധ്യന്‍. യേശു ഉള്‍പ്പെടെയുള്ള, ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാര്‍ ജീവിപ്പിക്കുക, രോഗികളെ സൗഖ്യമാക്കുക എന്നീ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ദൈവഹിത പ്രകാരം നടപ്പിലാക്കപ്പെട്ടതാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ആരാധിക്കപ്പെടേണ്ടതില്ല. സ്രഷ്‌ടാവിന്‌ പുറമെ സൃഷ്‌ടികളെ ആരാധിക്കുന്ന മതവിഭാഗങ്ങളുള്‍പ്പെടെയുള്ള മനുഷ്യരോടൊന്നടങ്കം ഖുര്‍ആനില്‍ നടത്തുന്ന വെല്ലുവിളി സാര്‍വകാലിക പ്രസക്തമാണ്‌.
``(പ്രവാചകരേ) പ്രഖ്യാപിക്കുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ്‌ സൃഷ്‌ടിച്ചിട്ടുള്ളതെന്ന്‌ എനിക്ക്‌ കാണിച്ചുതരൂ; അതല്ല ആകാശങ്ങളുടെ സൃഷ്‌ടിപ്പില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇതിന്‌ മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ ജ്ഞാനത്തിന്റെ (സയന്‍സിന്റെ) വല്ല അംശമോ നിങ്ങളെനിക്ക്‌ കൊണ്ടുവന്നു തരുവിന്‍.'' (വി.ഖു. 46:4)
ഈ വചനം കേവലം മുഹമ്മദ്‌ നബി(സ)യോടുള്ള സംബോധനയല്ല. പ്രത്യുത ലോകാവസാനം വരെയുള്ള ആദര്‍ശ പ്രബോധകര്‍ക്ക്‌ ഏകദൈവാരാധനയെ പ്രഘോഷണം ചെയ്യാന്‍ എന്നെന്നും ആവേശം പകരുന്ന ദൈവിക പ്രചോദനമാണ്‌. ആരാധന ദൈവത്തോടേ പാടുള്ളൂവെന്നും (ലൂക്കോ 4:8), നിങ്ങള്‍ ദൈവത്തെ ആരാധിക്കുക (വെളിപാട്‌ 22:10), നിങ്ങളുടെ ഇടയില്‍ ഒരു അന്യദേവന്‍ ഉണ്ടാവരുത്‌. ഒരു അന്യദേവനെയും നിങ്ങള്‍ നമിക്കുകയില്ല (സങ്കീര്‍ത്തനം 81:9) എന്നും വ്യക്തമായി പഠിപ്പിക്കുന്ന ബൈബിള്‍ ആരാധനയുടെ മജ്ജയായ പ്രാര്‍ഥനയും ദൈവത്തോട്‌ മാത്രമേ നടത്താവൂ എന്നാണ്‌ പഠിപ്പിച്ചിട്ടുള്ളത്‌.
യേശുക്രിസ്‌തു പഠിപ്പിച്ച പ്രാര്‍ഥനയായി ബൈബിളില്‍ കാണുന്ന `സ്വര്‍ഗസ്ഥനായ പിതാവേ' എന്ന്‌ തുടങ്ങുന്ന പ്രസിദ്ധമായ പ്രാര്‍ഥനയും (മത്തായി 6:9-14, ലൂക്കോ 11:2-4) യേശു തന്റെ ജീവിതത്തില്‍ സന്നിഗ്‌ധ ഘട്ടങ്ങളില്‍ നിര്‍വഹിച്ച പ്രാര്‍ഥനകളും (മാര്‍ക്കോസ്‌ 14:32-42, മത്തായി 26:36-46, ലൂക്കോ 22:39-46) ഏകനായ ദൈവത്തോടല്ലാതെ മറ്റാരോടുമല്ല. മാത്രമല്ല ബൈബിളില്‍ പ്രസ്‌താവിക്കപ്പെട്ട ഒരു പ്രവാചകനും ദൈവേതരരോട്‌ പ്രാര്‍ഥിച്ചതായി കാണുന്നില്ല. അവരാരും (യേശു ഉള്‍പ്പെടെ) തങ്ങളോട്‌ പ്രാര്‍ഥിക്കണമെന്ന്‌ തങ്ങളുടെ ജനതയെ പഠിപ്പിച്ചിട്ടുമില്ല. എന്നാല്‍ ക്രൈസ്‌തവ സഭകള്‍ക്കിടയില്‍ ഇന്ന്‌ കാണുന്ന ചര്‍ച്ചുകളിലും മറ്റും യേശുവിനോടും കന്യാമര്‍യമിനോടും കരഞ്ഞ്‌ പ്രാര്‍ഥിക്കുന്ന പ്രവണത പ്രമാണങ്ങള്‍ക്ക്‌ തീര്‍ത്തും വിരുദ്ധമത്രെ. ``ആരെങ്കിലും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ച്‌ പ്രാര്‍ഥിക്കുന്ന പക്ഷം അതിന്‌ അവന്റെടുക്കല്‍ യാതൊരു പ്രമാണവും ഉണ്ടാവുകയില്ല.'' (വി.ഖു 23:117). ``അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന്‌ നിഷ്‌കളങ്കമാക്കിക്കൊണ്ട്‌ നിങ്ങള്‍ അവനോട്‌ പ്രാര്‍ഥിക്കുക, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനു സ്‌തുതി.'' (വി.ഖു 40:65)
ക്രിസ്‌താബ്‌ദം 325ന്‌ ശേഷം വന്ന ത്രിയേകത്വ സിദ്ധാന്തം ക്രൈസ്‌തവതയുടെ വിശ്വാസാടിത്തറയെ മാറ്റിമറിക്കുകയും തല്‍സ്ഥാനത്ത്‌ ഇന്നും വ്യക്തമാക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ ദൈവശാസ്‌ത്രം അവതരിപ്പിക്കുകയുമായിരുന്നു. ``അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്‌തുക്കളുടെയും സൃഷ്‌ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ്‌ (സത്യത്തില്‍ നിന്ന്‌) വ്യതിചലിക്കുന്നത്‌.'' (വി.ഖു 40:63)
കടപ്പാട്:
ശബാബ് വാരിക,
2010 ഡിസംബർ 31

Saturday, October 23, 2010

മാറ്റത്തിന്റെ വോട്ടും മറക്കരുതാത്ത രേഖകളും

ശംസുദ്ദീന്‍ പാലക്കോട്‌  

മാറ്റത്തിന്റെ വോട്ട്‌ തേടി മതരാഷ്‌ട്രപ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയും ഇത്തവണ തെരഞ്ഞെടുപ്പ്‌ മത്സരരംഗത്തുണ്ട്‌. ഇത്‌ അങ്ങേയറ്റം കൗതുകകരവും എന്നാല്‍ വൈരുധ്യാത്മകവുമായ കാര്യമാണ്‌. കാരണം, ജമാഅത്തെ ഇസ്‌ലാമി എന്തിന്‌ നിലകൊള്ളുന്നുവെന്ന്‌ വ്യക്തമാക്കുന്ന ധാരാളം രേഖകള്‍ ആ പ്രസ്ഥാനത്തിന്റെ ആദര്‍ശവാക്യമായി ഇപ്പോഴും തിരുത്തപ്പെടാതെ നിലകൊള്ളുന്നു. അവയില്‍ ചിലത്‌:

1) ``ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ, എം എല്‍ എയോ എന്നുവേണ്ട പഞ്ചായത്ത്‌ മെമ്പര്‍ പോലും ആയിട്ടില്ല; ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്‌ട്രീയ ലക്ഷ്യമായിരുന്നുവെങ്കില്‍ ഇഖാമത്തുദ്ദീനിന്‌ ശ്രമിക്കുന്നതിനു പകരം നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച്‌ അവരോടൊപ്പം ചേരുകയാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല. അധികാരം നല്‍കാമെന്ന്‌പറഞ്ഞ ഖുറൈശീ പ്രമുഖരോട്‌ നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്‌.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998ലെ ഐ പി എച്ച്‌ എഡിഷന്‍)

2) ``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ ഇലക്‌ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.'' (അതേപുസ്‌തകം, പേജ്‌ 29)

3). ``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കുമെന്ന്‌ ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' (പ്രബോധനം -1952 ജനുവരി 1)

4). ``സുഹൃത്തുക്കളേ, വളരെ സംക്ഷിപ്‌തമായി വിവരിച്ച ഈ മൂന്ന്‌ തത്വങ്ങളും അഭിനവ സംസ്‌കാരത്തിന്റേതായ ദേശീയ മതേതര ജനാധിപത്യ വ്യവസ്ഥിതിക്കെതിരില്‍, ഒരു ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതിയുടെ സംസ്ഥാപനത്തെയാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ സ്‌പഷ്‌ടം. അതത്രെ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യവും.'' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വികവിശകലനം, പേജ്‌ 34,35)

5). ``ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ, അതിന്റെ നിയമ നിര്‍മാണസഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്തിന്‌ നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കയ്യൊഴിയണം.'' (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന, പേജ്‌ 16, ഭാഗം 2, ഖണ്ഡിക 8, 2003ലെ എഡിഷന്‍)

6). ``നോമ്പ്‌ നിര്‍ബന്ധമാണ്‌ എന്ന്‌ പറയാന്‍ പ്രയോഗിച്ച അതേ പദമാണ്‌ (അല്‍ബഖറ 183) പ്രതിക്രിയ നിര്‍ബന്ധമാണെന്ന്‌ പറയാനും (അല്‍ബഖറ 178), യുദ്ധം നിര്‍ബന്ധമാണെന്ന്‌ പറയാനും (അല്‍ബഖറ 216) ഖുര്‍ആന്‍ പ്രയോഗിച്ചത്‌. ഇസ്‌ലാം പ്രതിക്രിയയും യുദ്ധവും നടപ്പിലാക്കുന്നത്‌ സ്വന്തം രാഷ്‌ട്രം ഉണ്ടാകുമ്പോഴാണ്‌. ഒരു നിര്‍ബന്ധകാര്യം നിര്‍വഹിക്കാന്‍ അനിവാര്യമായതെന്തോ അതും നിര്‍ബന്ധമാണെന്നും തദടിസ്ഥാനത്തില്‍ രാഷ്‌ട്രസ്ഥാപനം നിര്‍ബന്ധ ബാധ്യതയാണെന്നും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്‌.'' (ബോധനം ദൈ്വമാസിക, 2010 സപ്‌തംബര്‍-ഒക്‌ടോബര്‍ പേജ്‌ 17)

ജമാഅത്തുകാര്‍ തങ്ങളുടെ ആദര്‍ശമായും ലക്ഷ്യമായും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആദര്‍ശ വാക്യങ്ങളില്‍ ചിലത്‌ മാത്രമാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. ഇതില്‍ നിന്ന്‌ ജമാഅത്തെ ഇസ്‌ലാമി പൂര്‍ണമായും ഒരു മതരാഷ്‌ട്ര പ്രസ്ഥാനമാണെന്നും മതരാഷ്‌ട്ര സംസ്ഥാപനമാണ്‌ അതിന്റെ ആത്യന്തികലക്ഷ്യമെന്നും പ്രഥമ വായനയില്‍ നിന്ന്‌ തന്നെ ബോധ്യപ്പെടും. ജമാഅത്തുകാര്‍ ഈ വരികളിലൂടെ തങ്ങളുടെ ആദര്‍ശമായി അവതരിപ്പിക്കുന്ന കാര്യങ്ങളുടെ സാരാംശം ഇപ്രകാരം സംഗ്രഹിക്കാം:

 l ജമാഅത്തെ ഇസ്‌ലാമി നിലകൊള്ളുന്നത്‌ `ദൈവികമാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥ'യുടെ സംസ്ഥാപനത്തിന്‌ വേണ്ടിയാണ്‌ (മൗദൂദി ഇതിനെ തിയോഡമോക്രസി എന്നും ജമാഅത്ത്‌ സാഹിത്യങ്ങളില്‍ ഹുകൂമത്തെ ഇലാഹി, ഇഖാമത്തുദ്ദീന്‍, ഇസ്‌ലാമികവ്യവസ്ഥ എന്നീ വ്യത്യസ്‌ത പദാവലികളിലും പരിചയപ്പെടുത്തുന്നു. ഈയടുത്ത കാലത്തായി `ഒരു ഉത്തമ സാമൂഹ്യവ്യവസ്ഥിതി' എന്ന താരതമ്യേന നിരുപദ്രവകരം എന്ന്‌ ജമാഅത്തിന്‌ ബോധ്യപ്പെട്ട പദാവലിയാണ്‌ ധാരാളമായി ഉപയോഗിച്ചുകാണുന്നത്‌).

 l ഹുകൂമത്തെ ഇലാഹി, ഇഖാമത്തുദ്ദീന്‍, ദൈവിക മാനുഷിക ജനപ്രാതിനിധ്യ വ്യവസ്ഥിതി, തിയോഡമോക്രസി, ഇസ്‌ലാമിക വ്യവസ്ഥിതി, ഒരു ഉത്തമ സാമൂഹ്യവ്യവസ്ഥിതി എന്നീ പദാവലികളെല്ലാം ഇസ്‌ലാമിക രാഷ്‌ട്ര വ്യവസ്ഥ എന്ന ആദര്‍ശത്തിന്റെ പ്രതിരൂപമായ പദാവലികളായിട്ടാണ്‌ ജമാഅത്തെ ഇസ്‌ലാമി ഉപയോഗിക്കുന്നത്‌. (അങ്ങനെയല്ലെങ്കില്‍ അക്കാര്യം അവര്‍ പൊതുസമൂഹത്തോട്‌ തുറന്ന്‌ പറയേണ്ടതാണ്‌)

 l ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇന്നേവരെ ഇവിടത്തെ ഭരണസംവിധാനങ്ങളില്‍ -പങ്കാളിത്തമോ ഒരു പഞ്ചായത്ത്‌ മെമ്പര്‍ പോലുമോ-പ്രാതിനിധ്യമോ ഇല്ലാതെ പോയതില്‍ യാതൊരു കുറച്ചിലും തോന്നിയിട്ടില്ല. മറിച്ച്‌, അതൊരു അഭിമാനവും യോഗ്യതയുമായാണ്‌ അവര്‍ കണ്ടത്‌!

 l ഇസ്‌ലാമിക രാഷ്‌ട്രവ്യവസ്ഥയുടെ സംസ്ഥാപനം -ജമാഅത്ത്‌ ഭാഷ്യത്തില്‍ ഇഖാമത്തുദ്ദീന്‍-ലക്ഷ്യമായി സ്വീകരിച്ചതിനാലാണ്‌ ജമാഅത്തെ ഇസ്‌ലാമിയില്‍ ഒരു എം പിയോ എം എല്‍ എയോ ഒരു പഞ്ചായത്ത്‌ മെമ്പര്‍പോലും ഇതുവരെ ഇല്ലാതെ പോയത്‌ എന്ന്‌ ജമാഅത്ത്‌ അഭിമാനപൂര്‍വം സമ്മതിക്കുന്നു!

 l നിലവിലുള്ള മതേതര, ജനാധിപത്യ ഭരണവ്യവസ്ഥയെ മാറ്റി തല്‍സ്ഥാനത്ത്‌ ഇസ്‌ലാമിക ഭരണവ്യവസ്ഥ സ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി.

 l അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടം നിലനിര്‍ത്താനും സ്ഥാപിക്കാനും വേണ്ടി വോട്ടുചെയ്യലും വോട്ടുപിടിക്കലും മത്സരിക്കലും സ്ഥാനാര്‍ഥിയാവലും ഒരു മുസല്‍മാന്‌ പാടില്ല എന്ന്‌ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്‌ ജമാഅത്തിന്റെ ആദര്‍ശം. (ഇന്ത്യാഗവണ്‍മന്റ്‌ അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിക്കുന്ന ഭരണകൂടമാണോ അല്ലയോ എന്ന്‌ പക്ഷേ ജമാഅത്തെ ഇസ്‌ലാമി തുറന്നു പറയുന്നുമില്ല!)

 l ഇസ്‌ലാമിക രാഷ്‌ട്ര സംസ്ഥാപനത്തിനു വേണ്ടി നിലകൊള്ളുന്നവരാകയാല്‍ ജമാഅത്തുകാര്‍ക്ക്‌ ഇസ്‌ലാമികേതര ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണത്തില്‍ പങ്കാളിയാകാനോ ന്യായാധിപന്മാരാകാനോ പാടില്ല. ഇക്കാര്യം ജമാഅത്തിന്റെ ഭരണഘടനയില്‍ തന്നെ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

 l നോമ്പ്‌ പോലെ നിര്‍ബന്ധമാണ്‌ കൊലയാളിയെ വധിക്കലും (ഖിസാസ്‌) ശത്രുവിഭാഗത്തോട്‌ യുദ്ധം ചെയ്യലും (ഖിതാല്‍) എന്ന്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നതായി ജമാഅത്ത്‌ മനസ്സിലാക്കുന്നതിനാല്‍ ഖിസാസും ഖിതാലും നടപ്പാക്കാന്‍ ഇസ്‌ലാമിക രാഷ്‌ട്രമുണ്ടാക്കലും നിര്‍ബന്ധമാണ്‌ എന്ന്‌ ജമാഅത്ത്‌ ലേഖകര്‍ വിശ്വസിക്കുന്നു. (സകാത്ത്‌ കൊടുക്കാന്‍ പണമുണ്ടാക്കല്‍ പാവപ്പെട്ടവരുടെ മേല്‍ നിര്‍ബന്ധമാണോ എന്ന ചോദ്യത്തിന്‌ ജമാഅത്തുകാര്‍ക്ക്‌ മറുപടിയില്ല!)

എന്നാല്‍ ജമാഅത്ത്‌ പാര്‍ട്ടി ഇപ്പോള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച അവരുടെ ആദര്‍ശലക്ഷ്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന പ്രശ്‌നം പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. ആദര്‍ശരേഖകള്‍ പഴയതും പുതിയതും പരിശോധിച്ചാല്‍ തങ്ങളുടെ ആദര്‍ശം നിലവിലുള്ള വ്യവസ്ഥ മാറ്റി തല്‍സ്ഥാനത്ത്‌ ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിക്കുക തന്നെയാണ്‌ എന്ന്‌ പകല്‍വെളിച്ചംപോലെ വ്യക്തമാകുന്നതാണ്‌. എന്നാല്‍ മതരാഷ്‌ട്രവാദികള്‍ എന്ന വിളിപ്പേര്‌ ഓരോ ജമാഅത്തുകാരനും അങ്ങേയറ്റം അനിഷ്‌ടകരവുമാണ്‌. തങ്ങളുടെ ആദര്‍ശം മതരാഷ്‌ട്രമാണെന്ന്‌ തിരുത്തപ്പെടാതെ കിടക്കുന്ന പഴയതും പുതിയതുമായ നിരവധി രേഖകള്‍ സമൂഹത്തെ നോക്കി വിളിച്ചുപറയുമ്പോഴും അതിനോട്‌ ഏറ്റവും നീതിപുലര്‍ത്തുന്ന `മതരാഷ്‌ട്രവാദികള്‍' എന്ന പരാമര്‍ശം മാത്രം ജമാഅത്തുകാര്‍ എന്തുകൊണ്ട്‌ ഇഷ്‌ടപ്പെടുന്നില്ല എന്നത്‌ അവര്‍ വ്യക്തമാക്കുന്നുമില്ല. ഇസ്‌ലാമിക രാഷ്‌ട്രവ്യവസ്ഥ എന്നത്‌ മെല്ലെപ്പറയേണ്ടതും ഉറക്കെപ്പറഞ്ഞുകൂടാത്തതുമായ ഒരു സംഗതിയാണെന്നും അതിനാല്‍ അതൊരു ഹിഡന്‍ അജണ്ടയായി കൊണ്ടുനടന്നാല്‍ മതിയെന്നും ജമാഅത്തിന്‌ വാദമുണ്ടെങ്കില്‍ ആ കാര്യവും അവര്‍ വ്യക്തമാക്കേണ്ടതാണ്‌.

ഇസ്‌ലാമിന്റെ രാഷ്‌ട്രീയവും രാഷ്‌ട്രീയ ഇസ്‌ലാമും രണ്ടും രണ്ടാണെന്ന്‌ ഇനിയെങ്കിലും ജമാഅത്ത്‌ സുഹൃത്തുക്കള്‍ തിരിച്ചറിയണം. ഒരു ബഹുമതസമൂഹത്തില്‍ -വിശിഷ്യാ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഒരു രാജ്യത്ത്‌- മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ രാഷ്‌ട്രവ്യവസ്ഥകള്‍ സ്ഥാപിക്കാനല്ല മുഖ്യമായും പരിശ്രമിക്കേണ്ടത്‌. ഇക്കാര്യം മറ്റു മുസ്‌ലിംകള്‍ക്ക്‌ നേരത്തെ ബോധ്യപ്പെട്ടത്‌ ജമാഅത്തുകാര്‍ക്ക്‌ അറുപത്‌ കൊല്ലങ്ങള്‍ക്കുശേഷം ഈ 2010ല്‍ മാത്രമാണ്‌ ബോധ്യപ്പെട്ടതെങ്കില്‍, അങ്ങനെയാണവര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെങ്കില്‍ അത്‌ അഭിനന്ദനാര്‍ഹവും സ്വാഗതാര്‍ഹവുമാണ്‌. മൗദൂദിയുടെ രാഷ്‌ട്രീയ ഇസ്‌ലാമില്‍ നിന്ന്‌ മൗലാനാ ആസാദിനെപ്പോലുള്ളവരുടെ ഇസ്‌ലാമിക രാഷ്‌ട്രീയത്തിലേക്കുള്ള ഗുണപരമായ ഒരു തിരിച്ചുവരവായി അതിനെ കണക്കാക്കാവുന്നതുമാണ്‌.

എന്നാല്‍ ജമാഅത്ത്‌ ലേഖകര്‍ ചെയ്യുന്ന ഒരു കബളിപ്പിക്കല്‍ പറയാതെ വയ്യ. ഇസ്‌ലാമില്‍ രാഷ്‌ട്രീയമുണ്ടെന്നും ഇസ്‌ലാമില്‍ ഭരണമുണ്ടെന്നും ഇസ്‌ലാമിക സമൂഹത്തില്‍ ഇടപെടലുണ്ടെന്നും ഇക്കാര്യം ഞങ്ങള്‍ കുറച്ച്‌ ജമാഅത്തുകാര്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും രണ്ട്‌ വിഭാഗം സുന്നികളും രണ്ട്‌ വിഭാഗം മുജാഹിദുകളും ഇക്കാര്യം അംഗീകരിക്കണമെന്നുമുള്ള ഉപദേശവും കബളിപ്പിക്കലും തോന്ന്യാസമല്ലാതെ മറ്റെന്താണ്‌?

ലോകത്തെവിടെ താമസിക്കുന്ന മുസ്‌ലിംകളും അവിടെ നിലനില്‍ക്കുന്ന ഭരണവ്യവസ്ഥയെ താഴെയിറക്കി തല്‍സ്ഥാനത്ത്‌ ഇസ്‌ലാമിക ഭരണവ്യവസ്ഥ സ്ഥാപിക്കല്‍ അവരുടെ നിര്‍ബന്ധ ബാധ്യതയാണെന്നും ഇസ്‌ലാമികേതരമായ ഭരണവ്യവസ്ഥകളില്‍ മുസ്‌ലിംകള്‍ പങ്കാളികളാകുന്നത്‌ കടുത്ത തെറ്റും കുറ്റവുമാണെന്നുമുള്ള മൗദൂദിയന്‍ ആദര്‍ശമാണ്‌ രാഷ്‌ട്രീയ ഇസ്‌ലാം. കഴിഞ്ഞ അറുപത്‌ വര്‍ഷക്കാലം ഈ `രാഷ്‌ട്രീയ ഇസ്‌ലാമി'ല്‍ ഭ്രമിതരായി പൊതുസമൂഹത്തില്‍ നിന്ന്‌ മാറിനിന്നത്‌ തെറ്റായിപ്പോയി എന്ന്‌ ജമാഅത്തിന്‌ ബോധ്യപ്പെടുകയും രാജ്യത്തിന്റെയും മുസ്‌ലിംകളുടെയും പുരോഗതിക്കും വികസനത്തിനും വേണ്ടി ഞങ്ങളും ഇനി സഹകരിക്കണം എന്ന ഇസ്‌ലാമിന്റെ രാഷ്‌ട്രീയലൈനിലേക്ക്‌ വൈകിയാണെങ്കിലും ജമാഅത്ത്‌ തിരിച്ചറിവോടെ തിരിച്ചുവന്നതാണെങ്കില്‍ അക്കാര്യം സുതാര്യവും സ്വാഗതാര്‍ഹവുമാണ്‌. അല്ലെങ്കില്‍ മാറ്റത്തിന്റെ വോട്ട്‌ എന്ത്‌ മാറ്റത്തിന്‌? എന്ന ചോദ്യത്തിന്‌ ഉത്തരം പറയാന്‍ ജമാഅത്ത്‌ നന്നേ വിയര്‍ക്കേണ്ടിവരും.

Thursday, October 7, 2010

ഏര്‍വാടിയില്‍ കൊഴുക്കുന്ന ജാറം മാഫിയ

       
മുഹ്‌സിന്‍ കോട്ടക്കല്‍   


    ``നിങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും രേഖപ്പെടുത്തിയ കത്തുകള്‍ സംഭാവന സഹിതം നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിക്കുക'' -ഏര്‍വാടിയില്‍ നിന്ന്‌

സുഖദു:ഖങ്ങളുടെയും കയറ്റിറക്കങ്ങളുടെയും പ്രഹേളികയാണ്‌ മനുഷ്യജീവിതം. ആ മാറിമറിയലുകള്‍ക്കിടയില്‍, പിടിച്ചുനില്‍ക്കാന്‍ കെല്‌പുതരുന്ന കരുത്തുറ്റ തായ്‌വേരാണ്‌ വിശ്വാസം. ഏത്‌ വേദനക്കിടയിലും തെളിഞ്ഞുചിരിക്കാന്‍ അത്‌ നമുക്ക്‌ കരുത്തേകുന്നു. വിശ്വാസം നല്ല ജീവിതം തുന്നിച്ചേര്‍ക്കാനുള്ള നല്ല നൂലിഴയാണ്‌. എന്നാല്‍ വെളിച്ചമാകുന്ന അതേ വിശ്വാസം തന്നെ ശരിയായ രീതിയിലും ഭാവത്തിലുമല്ലെങ്കില്‍ കടുത്ത വിനാശകാരിയായിത്തീരും. അന്ധവിശ്വാസങ്ങളും അതിന്റെ ചുവടുപിടിച്ചുവരുന്ന അനാചാരങ്ങളും മനുഷ്യ ജീവിതത്തെ എത്രത്തോളം മലീമസമാക്കിയെന്നതിന്‌ സമകാലിക ലോകത്തിന്‌ വിശദീകരണമാവശ്യമില്ലാത്തവിധം ബോധ്യമുള്ളതാണ്‌.

മരണമടഞ്ഞ വ്യക്തികള്‍ക്ക്‌ ജീവിതത്തില്‍ ഇടപെടാന്‍ കഴിയുമെന്ന മൂഢവിശ്വാസമാണ്‌ മുഴുവന്‍ അന്ധവിശ്വാസങ്ങളുടെയും അവയുടെ വിപണന കേന്ദ്രങ്ങളുടെയും മൂലധനം. ഈ വളക്കൂറുള്ള മണ്ണില്‍ സാമ്പത്തിക ശാരീരിക ചൂഷണങ്ങളുടെ പടുമരങ്ങള്‍ തഴച്ചുവളരുന്നു. ഒപ്പം മയക്കുമരുന്നു ലോബികളും തട്ടിപ്പുകളും മറ്റു ലാഭവ്യവസായങ്ങളും. നടത്തിപ്പുകാരുടെ കുടില നീക്കങ്ങള്‍ക്കും ഏജന്റുമാരുടെ പ്രചാരവേലകള്‍ക്കുമൊപ്പം മതപുരോഹിതന്മാരുടെ ഓശാനകൂടിയാകുമ്പോള്‍ പടുമരങ്ങളുടെ കാടുകള്‍ തന്നെ പടര്‍ന്നു പന്തലിക്കുന്നു. അത്‌ ശിര്‍ക്കന്‍ ഏര്‍പ്പാടുകള്‍ക്ക്‌ സ്വന്തമായൊരു കമ്പോളം പാകപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.

ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിലെ വളര്‍ച്ചപോലും ഇതിനെ പോഷിപ്പിക്കുകയല്ലാതെ തളര്‍ത്തിയിട്ടില്ല. ജീവിതപുരോഗതിയില്‍ വന്ന മാറ്റങ്ങള്‍ അതേപടി വിശ്വാസകമ്പോളങ്ങളും സ്വീകരിച്ചു. കാലത്തിനനുസരിച്ച്‌ നവീകരിക്കപ്പെട്ട അവയ്‌ക്ക്‌ സ്വീകാര്യത ഏറിവരികയാണ്‌. ഏലസ്സുകള്‍, ഐക്കല്ലുകള്‍, രത്‌നക്കുടങ്ങള്‍ തുടങ്ങി ദര്‍ഗകളിലും ആള്‍ദൈവങ്ങളിലും കമ്പ്യൂട്ടര്‍ ജ്യോതിഷത്തിലും ചെന്നെത്തി നില്‍ക്കുന്ന വിധത്തില്‍ വ്യാപകവും വ്യത്യസ്‌തവുമാണ്‌ അതിന്റെ കണ്ണികള്‍. അവയുടെ പ്രചാരണത്തിനായി മീഡിയകളുടെ പരസ്യപ്രചാരണങ്ങള്‍ കൂടിയാകുമ്പോള്‍ വെട്ടിമാറ്റാനാകാത്ത ശക്തിയായി അത്‌ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

അന്ധവിശ്വാസ വിപണിയുടെ ആ മഹാ സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ്‌ ഏര്‍വാടി. 2001ലെ തീപ്പിടുത്ത ദുരന്തത്തെത്തുടര്‍ന്ന്‌ സ്വയം ഇല്ലാതാകുമെന്ന്‌ കരുതപ്പെട്ട ഈ അന്ധവിശ്വാസ വിപണന കേന്ദ്രം കൂടുതല്‍ ശക്തിയോടെ തഴച്ചുവളരുന്ന കാഴ്‌ചയാണിന്നുള്ളത്‌. തെന്നിന്ത്യയിലെ പ്രമുഖ ജാറ വ്യവസായമായ ഏര്‍വാടിയിലേക്ക്‌ നടത്തിയ യാത്ര അന്ധവിശ്വാസ വളര്‍ച്ചയുടെ തീവ്രത വെളിപ്പെടുത്തുന്നുണ്ട്‌.

തമിഴ്‌നാട്ടിലെ രാമനാട്‌ (രാമനാഥപുരം) ജില്ലയിലെ കീലക്കരൈ പഞ്ചായത്തിലെ ഒരു പ്രദേശമാണ്‌ ഏര്‍വാടി. ദര്‍ഗകളുടെയും അനുബന്ധ വ്യവസായങ്ങളുടെയും കൂത്തിനിടക്കും ഒരു ശാലീന ഗ്രാമത്തിന്റെ മുഖച്ഛായയാണ്‌ ഏര്‍വാടിക്ക്‌. തീരപ്രദേശമായതുകൊണ്ടുതന്നെ മത്സ്യബന്ധനമാണ്‌ നാട്ടിലെ പ്രധാന ഉപജീവനമാര്‍ഗം. പ്രദേശ നിവാസികളല്ലാത്ത വിവിധ തരക്കാരായ അയ്യായിരത്തോളും ആളുകള്‍ ഇവിടങ്ങളിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ദര്‍ഗകളിലും അനുബന്ധ ആലയങ്ങളിലുമൊക്കെയായി കഴിയുന്നു. എവിടെയുമുള്ള അന്ധവിശ്വാസ വിപണികളിലേതുമെന്നപോലെ മതപരമോ ജാതീയമോ വര്‍ഗപരമോ ആയ യാതൊരു വിവേചനവും ഇവിടെയും ഇല്ലെന്നതുതന്നെയാണ്‌ ഏര്‍വാടിക്കാഴ്‌ച നല്‍കുന്ന ആദ്യ പാഠം. ശവകുടീര വ്യവസായങ്ങള്‍ സ്ഥാപിച്ചു വളര്‍ത്തിയാല്‍ രാജ്യത്തെ മതസ്‌പര്‍ദ ഇല്ലാതാക്കാം എന്ന്‌ സാംസ്‌കാരിക പടുക്കള്‍ തെറ്റിദ്ധരിച്ചുപോയത്‌ ഇതുകണ്ടാവാം.

ഏര്‍വാടി:ചരിത്രവും വളര്‍ച്ചയും

ലോകത്തുള്ള എല്ലാ വിശ്വാസ ചികിത്സാകേന്ദ്രങ്ങളും ശവകുടീര വ്യവസായങ്ങളും നിരവധി ഐതിഹ്യങ്ങളാലും കെട്ടുകഥകളാലും സമ്പന്നമാണ്‌. ഇവിടങ്ങളില്‍ സത്യം എന്നെന്നേക്കുമായി നുണക്കഥകള്‍ക്കിടയില്‍ പൂഴ്‌ത്തിവെച്ചിരിക്കും. ഏര്‍വാടിയില്‍ മറവുചെയ്‌തുവെന്ന്‌ വിശ്വസിക്കപ്പെടുന്ന സയ്യിദ്‌ ഇബ്‌റാഹീം ബാദ്‌ഷാ പന്ത്രണ്ടാം നൂറ്റാണ്ടില്‍ മതപ്രചാരണത്തിനായി ഇന്ത്യയിലെത്തിയ അറേബ്യന്‍ വംശജനാണ്‌. മതപ്രബോധനവുമായി ബന്ധപ്പെട്ട്‌ അക്കാലത്ത്‌ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നുവത്രെ. ഇങ്ങനെ ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ട `ഗാസി'കളില്‍ ഒരാളായിരുന്നു സയ്യിദ്‌ ഇബ്‌റാഹീം. ആദ്യകാലത്ത്‌ വടക്കേ ഇന്ത്യയില്‍ ശ്രദ്ധകേന്ദ്രീകരിച്ച സയ്യിദ്‌ ഇബ്‌റാഹീം പില്‍ക്കാലത്ത്‌ തെക്കേ ഇന്ത്യയിലെ പാണ്ഡ്യരാജാക്കന്മാരുടെ നാട്ടില്‍ തന്റെ ഇടം കണ്ടെത്തുകയായിരുന്നു. മധുരയിലെ പാണ്ഡ്യരാജാക്കന്മാരോട്‌ യുദ്ധം ചെയ്‌ത്‌ സയ്യിദ്‌ ഇബ്‌റാഹീമിന്റെ സൈന്യം ഭരണപ്രദേശങ്ങള്‍ സ്ഥാപിക്കുകയായിരുന്നു. പിന്നീടുണ്ടായ ചില ചതിയുദ്ധങ്ങളിലൂടെ പാണ്ഡ്യരാജാക്കന്മാര്‍ സയ്യിദ്‌ ഇബ്‌റാഹീമിനെ വധിക്കുകയും ചെയ്‌തു. ചരിത്രത്തിലെവിടെയും സയ്യിദ്‌ ഇബ്‌റാഹീമിനെ പുണ്യപുരുഷനോ അമാനുഷ വ്യക്തിത്വമോ ആയി പരിചയപ്പെടുത്തിയിട്ടില്ല. മതപ്രബോധകന്‍, `ഗാസി' എന്നതിലുപരിയായി ആ മനുഷ്യന്റെ പ്രവര്‍ത്തനമേഖല ചരിത്രം രേഖപ്പെടുത്തുന്നില്ല.
മരണമടഞ്ഞ സയ്യിദ്‌ ഇബ്‌റാഹീമിനെ സിക്കന്തര്‍ ബാദ്‌ഷ, സയ്യിദ്‌ ഇസ്‌ഹാഖ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഏര്‍വാടിയില്‍ ഖബ്‌റടക്കി എന്നാണ്‌ പറയപ്പെടുന്നത്‌. അതിനിടെ ഖബ്‌റിടം പരിപാലിച്ചിരുന്ന സിക്കന്തര്‍ ബാദ്‌ഷയേയും സയ്യിദ്‌ ഇസ്‌ഹാഖിനെയും പാണ്ഡ്യന്മാരുടെ പട വധിച്ചുവെന്നും കുറേക്കാലത്തേക്ക്‌ മഖ്‌ബറ പരിപാലിക്കപ്പെടാതെയും ആരാലും അറിയപ്പെടാതെയും മറഞ്ഞുകിടന്നുവെന്നും പറയപ്പെടുന്നു. പിന്നീട്‌ 18-ാം നൂറ്റാണ്ടിനുശേഷം നല്ല ഇബ്‌റാഹീം എന്നൊരാളുടെ കാലത്താണ്‌ ഏര്‍വാടിക്ക്‌ പ്രാധാന്യം കൈവരുന്നത്‌. സ്വപ്‌നത്തില്‍ ഇബ്‌റാഹീം ബാദുഷ നല്‍കിയ `നിര്‍ദേശ'പ്രകാരം നല്ല ഇബ്‌റാഹീം ഏര്‍വാടിയിലെത്തി എന്നാണ്‌ ഐതിഹ്യം. അക്കാലത്ത്‌ പാണ്ഡ്യരാജ്യത്തെ രാജാവിന്റെ അമ്മാവന്‌ ഒരു മാറാവ്യാധി പിടിപെട്ടുവത്രെ. ചികിത്സകളൊന്നും ഏശാതെ വന്നപ്പോള്‍ കേട്ടുകേള്‍വിയടിസ്ഥാനമാക്കി ഏര്‍വാടിയിലെത്തി. നല്ല ഇബ്‌റാഹീം പ്രാര്‍ഥിക്കുകയും മഖ്‌ബറയുടെ ചാരെ നിന്നും ഒരുപിടി മണ്ണ്‌ കൊടുക്കുകയും ആ മണ്ണ്‌ കലക്കിക്കുടിച്ചതോടെ അദ്ദേഹത്തിന്റെ അസുഖം മാറുകയും ചെയ്‌തു എന്നാണ്‌ കഥ. അവിടുന്നിങ്ങോട്ട്‌ ഏര്‍വാടിയുടെ വളര്‍ച്ച അഭൂതപൂര്‍വമായിരുന്നു. 2000ത്തിലെ പകര്‍ച്ചവ്യാധി ദുരന്തവും 2001ലെ തീപ്പിടുത്ത ദുരന്തവുമൊന്നും അതിനെ തളര്‍ത്തിയില്ല. സത്യവിശ്വാസങ്ങളെയും ശാസ്‌ത്രവിചാരങ്ങളെയും വെല്ലുവിളിച്ച്‌ അത്‌ മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരിക്കുന്നു.

മഖ്‌ബറകളുടെ കൃഷിഭൂമി

അസ്വസ്ഥതകളുടെ മഹാസമുദ്രമാണ്‌ ആധുനിക മനുഷ്യന്‍. ഉള്ളതുകൊണ്ട്‌ ലളിതമനോഹരമായി ജീവിക്കാനുള്ള കഴിവ്‌ അവന്‌ കൈമോശം വന്നിരിക്കുന്നു. സമ്പത്തിനും സുഖാഡംബരങ്ങള്‍ക്കും പിറകെ ലക്കില്ലാതെ പാഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ അസുഖങ്ങളും മാനസിക സംഘര്‍ഷങ്ങളും പിറകെ വരും. ചുളുവില്‍ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള അത്യാര്‍ത്തിയും കൂടി ആകുമ്പോള്‍ ഉറുക്കുകളും ഏലസ്സുകളും വിശ്വാസചികിത്സകന്മാരും ഷെയ്‌ഖുപ്പൂപ്പമാരും ആള്‍ദൈവങ്ങളും ദര്‍ഗകളും സകലമാന ദുരാചാരങ്ങളും വേരുപിടിക്കുന്നു. ഭൗതിക ആവശ്യങ്ങള്‍ക്കല്ലാതെ സ്വര്‍ഗം നേടുക, നരകത്തില്‍ നിന്ന്‌ രക്ഷനേടുക, ആത്യന്തികമായ സന്മാര്‍ഗദര്‍ശനം ലഭിക്കുക തുടങ്ങി ഒരാവശ്യത്തിനും ആരും ദര്‍ഗകളില്‍ എത്തുന്നില്ല എന്നത്‌ ചിന്തനീയമാണ്‌. മനുഷ്യാസ്വസ്ഥതകളെ ലാഭക്കണ്ണോടെ കണ്ട്‌ കീശ നിറയ്‌ക്കുന്നതെങ്ങനെയെന്ന്‌, അതിന്റെ മറവില്‍ മറ്റനേകം ദുര്‍വൃത്തികള്‍ സാധിക്കുന്നതെങ്ങനെയെന്ന്‌ ഏര്‍വാടി പറഞ്ഞുതരുന്നു.
ഏര്‍വാടിയിലേക്കുള്ള യാത്ര എളുപ്പമായിരുന്നു. തമിഴ്‌നാട്ടിലെ എല്ലാ പ്രധാന സ്ഥലങ്ങളില്‍ നിന്നും ഏര്‍വാടിയിലേക്ക്‌ മുഴുസമയവും വാഹനസൗകര്യമുണ്ട്‌. രാമനാഥപുരം ബസ്‌സ്റ്റാന്റില്‍ വിവിധ വിശ്വാസചികിത്സാ കേന്ദ്രങ്ങളുടെ ഏജന്റുമാരുടെ വിഹാരകേന്ദ്രമാണ്‌. ഏര്‍വാടിയിലേക്കെത്തുന്നവരെ കാന്‍വാസ്‌ ചെയ്‌ത്‌ അവരവരുടെ കേന്ദ്രങ്ങളിലേക്ക്‌ വഴിമാറ്റാന്‍ ഏജന്റുമാര്‍ തമ്മില്‍ മത്സരം നടക്കുന്നുണ്ട്‌. നൂലും ഉറുക്കും മാലകളുമൊക്കെയായി അനുബന്ധ സാധനങ്ങളുടെ വില്‍പനയും പൊടിപൊടിക്കുന്നുണ്ട്‌.

ഏര്‍വാടിയോട്‌ അടുത്തുനില്‍ക്കുന്ന കീലക്കരൈ കടുകുമണികള്‍ ചിതറിക്കിടക്കുന്നതുപോലെ തുരുതുരാ ദര്‍ഗകള്‍ കൊണ്ട്‌ സമ്പന്നമായ ഒരു പ്രദേശമാണ്‌. ഓരോ ദര്‍ഗയിലും വ്യത്യസ്‌ത ആരാധനാമുറകളാണ്‌. സംഭാവനയും മുറക്ക്‌ കൊടുക്കണം. കീലക്കരയിലെ സദഖതുല്ലാഹില്‍ ഖാഹിരി വലിയ്യുല്ലായുടെ ദര്‍ഗക്കുമുന്നില്‍വെച്ചാണ്‌ പാലക്കാട്ടുകാരായ ഉമ്മയെയും മകനെയും കണ്ടുമുട്ടിയത്‌. മകന്റെ മാനസികാസ്വാസ്ഥ്യങ്ങള്‍ മാറ്റാന്‍ വേണ്ടി സിയാറത്തിനെത്തിയതാണ്‌ ഉമ്മയും മകനും. ഏറ്റവും അത്ഭുതവും വേദനയും തോന്നുന്നത്‌ ആ മകന്‍ പ്രാക്‌ടീസ്‌ ചെയ്യുന്ന ഒരു ഡോക്‌ടറാണെന്നറിയുമ്പോഴാണ്‌. വിദ്യാഭ്യാസം അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുന്നുവെന്ന പൊതുതത്വത്തിന്‌ തിരുത്തലുകള്‍ വേണ്ടിയിരിക്കുന്നു. വിശ്വാസം അന്ധമാകുമ്പോള്‍ യുക്തി തോറ്റോടുകതന്നെ ചെയ്യും.

ഏര്‍വാടിയോട്‌ തൊട്ടടുത്ത കാട്ടുപള്ളി ദര്‍ഗയുടെ പരിസരപ്രദേശങ്ങളില്‍ ധാരാളം ചികിത്സാ കേന്ദ്രങ്ങളുണ്ട്‌. മുറി ഡോക്‌ടര്‍മാരുപോലുമല്ലാത്ത കുറേ മുല്ലമാരും ബീവിമാരുമാണ്‌ വിശ്വാസ ഡോക്‌ടര്‍മാരായി അവിടെ വിലസുന്നത്‌. മന്ത്രവും മറ്റു പ്രാകൃത രീതികളുമാണ്‌ ചികിത്സാ മുറകള്‍.
ഒരു മരച്ചുവട്ടില്‍ ധ്യാനത്തിലെന്നപോലെ ഇരിപ്പുണ്ടായിരുന്ന വൃദ്ധ അവിടുത്തെ ചികിത്സാരീതികളുടെയും ശൈഖിന്റെ മദ്‌ഹുകളും ആത്മര്‍ഥതയോടെയും ആവേശത്തോടെയും പറഞ്ഞുതന്നു. അവരുടെ അന്ധമായ വിശ്വാസം എത്രത്തോളം ആഴമേറിയതാണെന്ന്‌ ബോധ്യപ്പെടുത്തുന്നതായിരുന്നു അത്‌.

മലപ്പുറം ജില്ലക്കാരായ അമ്പതോളം സ്‌ത്രീകളടങ്ങുന്ന ഒരു സംഘം ഒരു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏര്‍വാടി ദര്‍ഗയില്‍ സിയാറത്തിനെത്തിയിട്ടുണ്ട്‌. മനസ്സിലാകാത്ത എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിട്ടും മറ്റും ദര്‍ഗക്കുമുന്നില്‍ സാഷ്‌ടാംഗം പ്രണമിക്കുകയും ദര്‍ഗക്കുചുറ്റും പ്രദക്ഷിണം ചെയ്യുകയുമാണ്‌ അവര്‍. കുഴിയൊരുക്കി കാത്തിരുന്ന പൗരോഹിത്യത്തിന്റെ ഇരകള്‍! പൂട്ട്‌ നേര്‍ച്ച, തൊട്ടില്‍ കെട്ടല്‍, ചന്ദനത്തിരി കത്തിക്കല്‍, വെളിച്ചെണ്ണ നിവേദിക്കല്‍, ഷാള്‍ പുതപ്പിക്കല്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ നേര്‍ച്ചകളാണ്‌ ഓരോയിടത്തും. നേര്‍ച്ച സാധനങ്ങളത്രയും തിരികെ അതേ വിപണികളിലേക്കു തന്നെയെത്തിക്കുന്ന തന്ത്രം ഏര്‍വാടിയിലും സജീവമാണ്‌.

പ്രധാന ദര്‍ഗയുടെ പരിസരം സദാചാര വിരുദ്ധതയാലും ധാര്‍മിക ച്യുതികളാലും വൃത്തിഹീനമാണ്‌. സ്‌ത്രീ പുരുഷ ഭേദമില്ലാതെ സ്ഥലകാല ബോധമില്ലാതെ ഇടകലര്‍ന്നാണ്‌ നില്‍പ്പ്‌. അതിനിടയില്‍ തന്നെ ഭ്രാന്തന്‍ ചേഷ്‌ടകളുമായി നഗ്‌നരും അര്‍ധനഗ്‌നരുമായ മാനസികരോഗികളായ സ്‌ത്രീ പുരുഷന്മാര്‍. ദര്‍ഗക്കകത്തും പുറത്തുമായി വിവിധ ചികിത്സാ വാഗ്‌ദാനങ്ങളുമായി വ്യാജന്മാര്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നു. ചടങ്ങുകളും അനിസ്‌ലാമികവും വളരെ പ്രാകൃതവുമാണ്‌. സാഷ്‌ടാംഗം പ്രണമിച്ചും മുട്ടുകുത്തിയും കരഞ്ഞും മാലകള്‍ ഓതിയും മഖ്‌ബറയെ പ്രദക്ഷിണം ചെയ്‌തും നിലത്തുരുണ്ടും മുടിയഴിച്ചാടിയും വിവരണാതീതമായ ദൃശ്യങ്ങള്‍!

ചികിത്സാ കേന്ദ്രങ്ങള്‍

``ഏത്‌ രോഗവും മാറ്റുന്ന ആശുപത്രി, ഏത്‌ കേസും തീര്‍ക്കുന്ന കോടതി. അതാണ്‌ ഏര്‍വാടി. പിശാച്‌ ബാധകൊണ്ടോ മറ്റോ ഉണ്ടാകുന്ന രോഗങ്ങള്‍, മാറാവ്യാധികള്‍, ഭ്രാന്ത്‌ തുടങ്ങിയ ഏതും ദര്‍ഗാശരീഫില്‍ വെച്ച്‌ സുഖപ്പെട്ടു മടങ്ങുന്നു. ഇബ്‌റാഹീം ബാദ്‌ഷാ(റ) പുത്രന്‍ അബൂതാഹിര്‍(റ)വും മറ്റു ശുഹദാക്കളും ചേര്‍ന്ന്‌ പിശാചുക്കളെ വിളിച്ച്‌ വിചാരണ ചെയ്‌ത്‌ വിധി പ്രസ്‌താവിക്കുന്നത്‌ ഏര്‍വാടിയില്‍ സര്‍വസാധാരണമാണ്‌. സ്വപ്‌നത്തിലായിരിക്കും ചികിത്സകളൊക്കെ. ഇഞ്ചക്‌ഷനെടുക്കലും ഓപറേഷനുമെല്ലാം സ്വപ്‌നത്തില്‍ നടക്കുന്നു...'' (ഏര്‍വാടി ചരിത്രം/മുത്തുക്കോയ തങ്ങള്‍)

800 വര്‍ഷത്തിലധികമായി ഏര്‍വാടി ദര്‍ഗയും അനുബന്ധ വിശ്വാസ ചികിത്സാ കേന്ദ്രങ്ങളും അനാചാരത്തിന്റെ സ്വന്തമായൊരു മാതൃക ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. ഉപേക്ഷിക്കപ്പെട്ടവരും അല്ലാത്തവരുമായി ആയിരത്തിലധികം രോഗികളും അത്രതന്നെ അവരുടെ ബന്ധുക്കളും ഏര്‍വാടിയിലും പരിസരത്തും സ്ഥിരതാമസക്കാരായുണ്ട്‌. ദിനേനെ സന്ദര്‍ശകരായി ഒട്ടനേകം പേര്‍ വേറെയും എത്തുന്നുണ്ട്‌. രോഗികളില്‍ ഭൂരിഭാഗവും മരങ്ങളിലും മറ്റു ഷെഡുകളിലുമായി ചങ്ങലകളാല്‍ ബന്ധിതരാണ്‌. വൃണങ്ങള്‍ പഴുത്തൊലിച്ചും കണ്ണുകളില്‍ നിസ്സഹായത നിറഞ്ഞും അവര്‍ അവിടെ കിടന്ന്‌ അക്രമാസക്തരാകുന്നതും കരയുന്നതും കാണാം. പലരും നേര്‍ച്ചയാക്കിയ ഭക്ഷണങ്ങള്‍ അവിടെ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെങ്കിലും രോഗികള്‍ക്ക്‌ അത്‌ ലഭ്യമാകുന്നുവെന്നതിന്‌ യാതൊരു ഉറപ്പുമില്ല. 

സന്താനക്കൂട്‌ ഉത്സവമാണ്‌ ഇവിടുത്തെ പ്രധാന ആണ്ട്‌ ഉത്സവം. ഉറൂസ്‌ മഹാമഹങ്ങള്‍ അനുബന്ധ ഉത്സവങ്ങള്‍ തുടങ്ങി വിശേഷ ദിവസങ്ങളില്‍ രോഗികളെ യാചനക്കിരുത്തുന്ന പതിവുമുണ്ടിവിടെ. ചിലരെ യാചനക്കും മറ്റു ജോലികള്‍ക്കുമായി പുറത്തേക്ക്‌ വിടാറുമുണ്ട്‌. ഇങ്ങനെ വിവിധ വകകളില്‍ എത്തുന്ന പണങ്ങളത്രയും ഏതൊക്കെയോ മുതലാളിമാരുടെ പണപ്പെട്ടിയില്‍ ഭദ്രമായെത്തുന്നു. രോഗികളുടെ പേരില്‍ ബന്ധുക്കള്‍ നാട്ടില്‍ നിന്നയച്ചുകൊടുക്കുന്ന പണവും ഇതേ വഴിക്കുതന്നെ പോകുന്നു. ഉപേക്ഷിക്കപ്പെട്ടവരും ബന്ധുക്കള്‍ക്ക്‌ താല്‌പര്യമില്ലാത്തവരുമായ രോഗികളുടെ മയ്യിത്ത്‌ കടലിലെറിയുകയാണ്‌ പതിവ്‌. മരണപ്പെട്ടവരെക്കുറിച്ച്‌ കൃത്യമായ രേഖകള്‍ പുറത്തുവിടുകയോ വേണ്ട രേഖകള്‍ സൂക്ഷിക്കുകയോ ചെയ്യാറില്ല. സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നു കള്ളക്കടത്തുകാരുടെയും വിഹാരകേന്ദ്രമാണിവിടെ. ക്രിമിനലുകളായ പലരും ഭ്രാന്തന്മാരുടെ വേഷത്തിലൊളിച്ചു താമസിക്കുന്നത്‌ ബീമാപള്ളി, അജ്‌മീര്‍, ഏര്‍വാടി തുടങ്ങി ഒട്ടുമിക്ക ദര്‍ഗാകേന്ദ്രങ്ങളിലും പതിവാണ്‌. പണ്ടുമുതല്‍ക്കേ കള്ളക്കടത്തിനും മയക്കുമരുന്ന്‌ വ്യാപാരത്തിനും കുപ്രസിദ്ധിയാര്‍ജിച്ച തീരദേശമാണ്‌ ഏര്‍വാടി. ദര്‍ഗാ വ്യവസായത്തിന്റെ മറവില്‍ ഇത്തരം ലഹരി വിപണനവും സുഗമമായി നടക്കുന്നു. ഇതിനൊക്കെ പുറമെ ലൈംഗിക ചൂഷണവും ധാരാളമായി നടക്കുന്നു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ തന്നെ ഇവിടുത്തെ രോഗികളായ സ്‌ത്രീകളെ ഉപയോഗപ്പെടുത്തുകയും പുറത്തെ കച്ചവടക്കാര്‍ക്ക്‌ ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്യുന്നത്‌ അത്ര സ്വകാര്യമല്ല. പ്രകൃതിവിരുദ്ധ ലൈംഗികതയും വ്യാപകമായി നടക്കുന്നു. ഇത്തരം ആവശ്യങ്ങള്‍ക്ക്‌ മാത്രമായി ഏര്‍വാടി സന്ദര്‍ശിക്കുന്നവരുമുണ്ട്‌.

ഇത്രയും വൃത്തികേടുകളും കഷ്‌ടതകളുമുണ്ടായിട്ടും അസംഖ്യം രോഗികള്‍ എങ്ങനെ എത്തിപ്പെടുന്നു എന്നത്‌ അത്ഭുതകരമാണ്‌.

മതപുരോഹിതന്മാരുടെ വക്രബുദ്ധിക്കുനേരെയാണപ്പോള്‍ ചൂണ്ടുവിരലുയരുന്നത്‌. ഏര്‍വാടി ദര്‍ഗക്ക്‌ കേരളത്തിലെ പല സ്ഥലങ്ങളിലും ബ്രാഞ്ചുകളുണ്ട്‌. മുസ്‌ലിയാക്കളുടെ പ്രാദേശിക പ്രചാരണം കൂടിയാകുമ്പോള്‍ ഏര്‍വാടിയിലേക്കുള്ള ഒഴുക്ക്‌ ശക്തമാകുന്നു.

ഏര്‍വാടിയിലെത്തിപ്പെടുന്നവരില്‍ ചെറിയൊരു ശതമാനം മാറാരോഗികളാണ്‌. ബാക്കിയുള്ളവരൊക്കെ സ്വത്തുതര്‍ക്കം, കുടുംബവഴക്ക്‌ തുടങ്ങിയ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്‌. പലര്‍ക്കും അസുഖം ഉണ്ടാകണമെന്നില്ല. എന്നാല്‍ ഇവിടുത്തെ പ്രാകൃതനടപടികള്‍ക്കിടയില്‍ ഭ്രാന്തുവരാതെ പിടിച്ചുനില്‍ക്കാന്‍ അധികമാര്‍ക്കും കഴിയണമെന്നില്ല.

എത്ര പിഴുതുമാറ്റിയാലും വീണ്ടും വേരുപിടിക്കുന്ന തന്ത്രമാണ്‌ ഏര്‍വാടിയുടേത്‌. 2000ത്തില്‍ ഛര്‍ദ്ദിയും അതിസാരവും ബാധിച്ച്‌ 11 പേര്‍ മരിച്ചതിനെത്തുടര്‍ന്ന്‌ ഒഴിഞ്ഞുകിടന്ന ഏര്‍വാടി ഒരു വര്‍ഷത്തിനകം വീണ്ടും കിളിര്‍ത്തുപൊന്തി. 2001 ആഗസ്‌ത്‌ 6ന്‌ നടന്ന തീപ്പിടുത്തത്തെത്തുടര്‍ന്ന്‌ 28 ജീവനുകളാണ്‌ കത്തിത്തീര്‍ന്നത്‌. ബാദുഷ മാനസിക ചികിത്സാകേന്ദ്രം നടത്തിയിരുന്ന മൊയ്‌തീന്‍ ബാഷയെയും സുറയ്യയെയും അറസ്റ്റ്‌ ചെയ്യുകയും ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്‌തു.

ആഗസ്‌ത്‌ 13ന്‌ രോഗികളെ ചെന്നൈയിലെ മാനസിക ആരോഗ്യകേന്ദ്രങ്ങളിലേക്ക്‌ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചു. സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ കണിശമായ നടപടികള്‍ അക്കാലത്ത്‌ ഉണ്ടായി എങ്കിലും പിന്നീട്‌ ഇത്തരം കേന്ദ്രങ്ങള്‍ വീണ്ടും തഴച്ചുവളരുകയും പുനരധിവാസ കേന്ദ്രങ്ങളെ വിഴുങ്ങുകയും ചെയ്‌തു.

ദുരന്തത്തെത്തുടര്‍ന്ന്‌ ഏര്‍വാടി ഒഴിഞ്ഞുകിടക്കുമ്പോഴും ഇവിടെ മലയാളക്കരയില്‍ പൗരോഹിത്യം അതിന്റെ പോരിശ പാടി നടക്കുകയായിരുന്നു. മീനായില്‍ തീപ്പിടുത്തമുണ്ടായി എന്ന്‌ കരുതി ആരും ശേഷം ഹജ്ജ്‌ ചെയ്യേണ്ട എന്ന്‌ വച്ചിട്ടില്ലല്ലോ. പൂക്കിപ്പറമ്പ്‌ ബസ്‌ ദുരന്തത്തിനുശേഷം അത്‌വഴി ആരും ബസ്സില്‍ യാത്ര ചെയ്യാതിരുന്നിട്ടില്ലല്ലോ തുടങ്ങിയ രസകരമായ മുടന്തന്‍ ചോദ്യങ്ങളുമായി പൗരോഹിത്യം അവരുടെ പക്ഷം ന്യായീകരിക്കുകയായിരുന്നു. ഏര്‍വാടിക്കെതിരെയുണ്ടായ ജനവികാരത്തെ സാവധാനം വഴിതിരിച്ചുവിടുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു. അതുകൊണ്ടാണല്ലോ മരിക്കുന്നതിനുമുമ്പ്‌ ഏര്‍വാടിയൊന്നു കാണണമെന്നു പലരുമിന്നും മോഹപ്പെട്ടുകൊണ്ടിരിക്കുന്നതും.

ഒരേ സമയം മലയാളിയുടെ കുബുദ്ധിക്കും വിഡ്‌ഢിത്തരത്തിനും നേരുദാഹരണങ്ങളെ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌ ഏര്‍വാടി. ഇവിടെ ചൂഷകരും ചൂഷിതരും ഏറെയും മലയാളികളാണ്‌. ദര്‍ഗക്കു ചുറ്റും കച്ചവടം നടത്തുന്നവരില്‍ ഏറെയും മലയാളികള്‍. ഗാര്‍ഡുകളിലും മലയാളികളുണ്ട്‌. അവരെ ഗുണ്ടകള്‍ എന്ന്‌ വിളിക്കുന്നതാണ്‌ ശരി. ദര്‍ഗയില്‍ മലയാളത്തില്‍ മാത്രമുള്ള ഒട്ടുമിക്ക നിര്‍ദേശങ്ങളും ബോര്‍ഡുകളും സൂചിപ്പിക്കുന്നത്‌ മലയാളികളാണ്‌ ഇവിടെ ഏറ്റവുമധികം സന്ദര്‍ശകരായെത്തുന്നത്‌ എന്നുതന്നെയാണ്‌. സമ്പത്തും സമയവും ചെലവഴിച്ച്‌ ശിര്‍ക്കിന്റെ പങ്കുപറ്റാന്‍ തിരക്കുകൂട്ടുകയാണ്‌ മലയാളികള്‍.

ഒരു കാലത്ത്‌ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമായി തളര്‍ന്നുകിടന്നിരുന്ന അനാചാര കേന്ദ്രങ്ങളും അന്ധവിശ്വാസങ്ങളും വീണ്ടും കൊഴുത്തുവരുന്നു. അതിനെ പ്രോത്സാഹിപ്പിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളും കൂടുതല്‍ ശക്തിയാര്‍ജിച്ചുകഴിഞ്ഞു. ഇതിനൊക്കെ പുറമെ ജിന്നുസേവയും സിഹ്‌റും മന്ത്രവുമൊക്കെയായി യാഥാസ്ഥിതികത്വത്തിന്റെ പുത്തന്‍ ധാരകള്‍ രംഗത്തുവന്നുകഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക ജ്യോതിഷവും ഖുര്‍ആന്‍ ചികിത്സയും അടിച്ചിറക്കലും മറ്റുമൊക്കെയായി ആധുനിക മീഡിയകളുടെക്കൂടി സഹായത്തോടെ പടര്‍ന്നുപന്തലിച്ചുകൊണ്ടേയിരിക്കുന്നു.

ശിര്‍ക്കന്‍ വിശ്വാസാചാരങ്ങള്‍ മൂടുപടം നീക്കിപുറത്തുവരുമ്പോള്‍ ചുറ്റും കൈകോര്‍ത്ത്‌ അതിനെ സംരക്ഷിച്ച്‌, അതിന്റെ പണം പറ്റി സ്വയം തടിക്കുകയാണ്‌ പൗരോഹിത്യം. ജാറവാണിഭത്തില്‍ അവര്‍ ഗ്രൂപ്പുഭേദം പോലും മറക്കുന്നു. ആത്മീയ വാണിഭത്തിലെ `അനിസ്‌ലാമികത'കളെആദ്യം എതിര്‍ത്തവര്‍, ഒടുവില്‍ നഷ്‌ടം ഭയന്ന്‌ കമ്പോളത്തിലിറങ്ങിയിരിക്കുന്നു. യഥാര്‍ഥ വിശ്വാസികള്‍ ഉണരേണ്ട സമയമായിരിക്കുന്നു. 

Friday, July 9, 2010

റജബിലെ അനാചാരങ്ങള്‍


അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി   .

ദൈവികമതമാണിസ്‌ലാം. അഥവാ ഇസ്‌ലാം മാത്രമാണ്‌ ദൈവികമതം. മനുഷ്യര്‍ക്ക്‌ സന്മാര്‍ഗവും ദുര്‍മാര്‍ഗവും തിരിച്ചറിയാനായി അല്ലാഹു നബിമാര്‍ മുഖേന ലോകാരംഭം മുതല്‍ തന്നെ അറിയിച്ചുകൊടുത്ത ജീവിത ക്രമത്തിന്റെ പേരാണ്‌ ഇസ്‌ലാം.


അത്‌ കാലാകാലങ്ങളില്‍ ദൈവദൂതന്‍മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും ആവശ്യാനുസാരം അറിയിച്ചുകൊടുക്കുകയും മുഹമ്മദ്‌ നബിയിലൂടെ, വിശുദ്ധഖുര്‍ആനിലൂടെ, അതിന്‌ സമാപനം കുറിക്കുകയും ചെയ്‌തു.

``ഇന്ന്‌ നിങ്ങള്‍ക്ക്‌ നാം നിങ്ങളുടെ മതത്തെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു'' (5:3) എന്ന്‌ വിശുദ്ധഖുര്‍ആന്‍ വചനത്തിലൂടെ, നബി(സ)യുടെ ജീവിതത്തിന്റെ അവസാനത്തെ വര്‍ഷം ഹജ്ജ്‌വേളയില്‍, അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. നബി(സ) അക്കാര്യം ഒന്നുകൂടി വിശദീകരിച്ചു: ``സ്വര്‍ഗത്തിലേക്കടുപ്പിക്കുകയും നരകത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന യാതൊരു കാര്യവും ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞുതരാതിരുന്നിട്ടില്ല. നരകത്തോടടുപ്പിക്കുകയും സ്വര്‍ഗത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന യാതൊരു കാര്യവും നിങ്ങളോട്‌ ഞാന്‍ മുന്നറിയിപ്പു നല്‍കാതെയുമുണ്ടായിട്ടില്ല.''

മുഹമ്മദ്‌ നബി(സ)യുടെ വിയോഗത്തോടെ ദിവ്യസന്ദേശം മനുഷ്യര്‍ക്കെത്തിക്കുന്ന സമ്പ്രദായത്തിന്‌ തിരശ്ശീല വീണു. അതിനു ശേഷം പുണ്യകരമായ ആചാരങ്ങള്‍ ആവിഷ്‌കരിക്കാന്‍ ആര്‍ക്കും അല്ലാഹു അവകാശം നല്‌കിയിട്ടില്ല. ``പുതിയ മതാചാരങ്ങള്‍ ഉണ്ടാക്കിയാല്‍ അത്‌ തള്ളപ്പെടുകയാണ്‌ വേണ്ടത്‌'' എന്ന്‌ നബി(സ) പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്‌.

നിര്‍ഭാഗ്യവശാല്‍, ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ ഇക്കാര്യം ഒട്ടും മനസ്സിലാക്കാതെ പുതിയ പുതിയ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മുസ്‌ലിം സമൂഹത്തില്‍ എത്രയോ വളര്‍ന്നുവന്നിരിക്കുന്നു. എല്ലാം പുണ്യത്തിന്റെ പേരില്‍ തന്നെ. ഓരോ മാസത്തിലും ഓരോതരം പുതിയ ആചാരങ്ങള്‍ മുസ്‌ലിംകളില്‍ ചിലര്‍ ആചരിച്ചുവരുന്നു. ഇവയ്‌ക്ക്‌ പ്രാദേശികമായും കാലികമായും ഭേദങ്ങളുണ്ടാകുമെന്നതും ശ്രദ്ധേയമാണ്‌. ഇസ്‌ലാമികാചാരങ്ങള്‍ക്ക്‌ ലോകത്തിലുടനീളം ഒരേ രൂപമേ നിശ്ചയിക്കപ്പെട്ടിട്ടുള്ളൂ.

റജബ്‌ മാസത്തിലും ചില അനാചാരങ്ങള്‍ മുസ്‌ലിംകളില്‍ ചിലര്‍ അനുഷ്‌ഠിച്ചുവരുന്നുണ്ട്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ `മിഅ്‌റാജ്‌' ആഘോഷമാണ്‌. പ്രവാചകത്വ ലബ്‌ധിക്കു ശേഷം മുഹമ്മദ്‌നബി(സ)ക്കു നല്‍കപ്പെട്ട നിരവധി ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ ഇസ്‌റാഉം മിഅ്‌റാജും. മക്കയിലെ മസ്‌ജിദുല്‍ ഹറാമില്‍ നിന്ന്‌ ഫലസ്‌ത്വീനിലെ ജറൂസലമിലെ മസ്‌ജിദുല്‍ അഖ്‌സ്വാ വരെ ഒരു രാത്രിയില്‍ പ്രവാചകന്‍(സ) ആനയിക്കപ്പെട്ടു. അന്നത്തെ സ്ഥിതിയനുസരിച്ച്‌ മാസങ്ങളോളം സഞ്ചരിച്ചെങ്കില്‍ മാത്രം എത്തിപ്പെടാവുന്ന ദൂരം ഒരു രാത്രിയില്‍ നബി(സ) പോയി വന്നു എന്നത്‌ ദൈവികദൃഷ്‌ടാന്തമല്ലാതെ മറ്റൊന്നുമല്ല. ഇതിന്നാണ്‌ ഇസ്‌റാഅ്‌ എന്ന്‌ പറയുന്നത്‌. ഇസ്‌റാഅ്‌ എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധഖുര്‍ആനിലെ 17-ാം അധ്യായം ആരംഭിക്കുന്നത്‌ ഇസ്‌റാഇനെ പരാമര്‍ശിച്ചുകൊണ്ടാണ്‌.

അതേ രാത്രിയില്‍ തന്നെ മസ്‌ജിദുല്‍ അഖ്‌സ്വയില്‍ നിന്ന്‌ വാനലോകത്തേക്ക്‌ മുഹമ്മദ്‌നബി(സ) ആനയിക്കപ്പെടുകയുണ്ടായി. അവിടെ വെച്ച്‌ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍ എമ്പാടും കാണാനും അറിയാനും അദ്ദേഹത്തിന്‌ അവസരമുണ്ടായി. ഇതെല്ലാം അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ ആയിരുന്നു. ഈ സംഭവം മിഅ്‌റാജ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. വിശുദ്ധഖുര്‍ആനിലെ 57-ാം അധ്യായമായ `അന്നജ്‌മി'ല്‍ ഈ ആകാശാരോഹണം, പേരെടുത്തു പറയാതെ, പരാമര്‍ശിക്കുന്നുണ്ട്‌. ഈ സംഭവങ്ങള്‍ നബിചര്യയില്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്‌. നിര്‍ബന്ധ കര്‍മാനുഷ്‌ഠാനമായ അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത്‌ ഈ സന്ദര്‍ഭത്തിലാണ്‌.

ഇത്രയും കാര്യങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലെ തര്‍ക്കമറ്റ സംഗതികളാണ്‌. എന്നാല്‍ ഇത്‌ ഏത്‌ ദിവസമാണെന്ന്‌ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഈ ദിവസം ഓര്‍മിക്കാന്‍ നിഷ്‌കര്‍ഷിക്കുകയോ ആ ദിവസത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ആരാധനാകര്‍മങ്ങളോ ചടങ്ങുകളോ ഏര്‍പ്പെടുത്തുകയോ ചെയ്‌തിട്ടുമില്ല.

എന്നാല്‍ റജബ്‌ ഇരുപത്തേഴാമത്‌ രാത്രിയാണ്‌ ഈ ദിനമെന്നു കണക്കാക്കുകയും അന്ന്‌ പ്രത്യേക ചടങ്ങുകളും ആഘോഷങ്ങളും നടത്തുകയും പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങള്‍ തയ്യാറാക്കുകയും മുസ്‌ലിയാന്മാരെ വിളിച്ചുകൊണ്ടുവന്ന്‌ ദുആ ചെയ്യിക്കുകയും ചെയ്യുന്ന പതിവ്‌ ചില സ്ഥലങ്ങളില്‍ കണ്ടുവരുന്നത്‌ പ്രവാചകന്‍ പഠിപ്പിച്ച ദീനില്‍ ഇല്ലാത്തതാണ്‌. ഇത്തരം `ദീനീ'കാര്യങ്ങള്‍ക്കാണ്‌ ബിദ്‌അത്ത്‌ എന്ന്‌ പറയുന്നത്‌. ബിദ്‌അത്താകട്ടെ നരകത്തിലേക്കുള്ള പാതയുമത്രെ.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുല്‍ ഖയ്യിം പറയുന്നത്‌ `ഈ സംഭവം ഏതു മാസത്തിലെന്നോ ഏതു ദിവസമെന്നോ തിട്ടപ്പെടുത്താവുന്ന പ്രാമാണിക രേഖകള്‍ ഒന്നുമില്ല' എന്നാണ്‌ (സാദുല്‍മആദ്‌). മിഅ്‌റാജ്‌ രാവ്‌ എന്ന പേരില്‍ കൊണ്ടാടപ്പെടുന്ന ഈ ആചാരം പക്ഷെ, ഇസ്‌റാഅ്‌ രാവ്‌ എന്ന്‌ പറയപ്പെടാറില്ല! അതെന്താണെന്നറിഞ്ഞുകൂടാ. മിഅ്‌റാജിനെക്കാള്‍ ഖണ്ഡിതമായി ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമായി പറഞ്ഞത്‌ ഇസ്‌റാഅ്‌ ആയിരുന്നിട്ടുപോലും.

റജബ്‌, ശഅ്‌ബാന്‍ മാസങ്ങളില്‍ ചില ആളുകള്‍ `സ്വലാത്തുര്‍റഗാഇബ്‌' എന്ന പേരില്‍ ഒരു പ്രത്യേക നമസ്‌കാരം നിര്‍വഹിക്കുന്നുണ്ട്‌. ഇതും ബിദ്‌അത്താണ്‌. നബിചര്യയില്‍ അടിസ്ഥാനമില്ലാത്ത പുണ്യകര്‍മങ്ങള്‍ക്കും ആരാധനകള്‍ക്കും സാധുതയില്ല. അവ പാഴ്‌വേലയാണെന്നു മാത്രമല്ല ശിക്ഷാര്‍ഹമായ ബിദ്‌അത്തു കൂടിയാണ്‌. ഹിജ്‌റ 448ല്‍ ഇബ്‌നു അബില്‍ ഹംറാഅ്‌ എന്നു പേരുള്ള ഒരാളാണ്‌ ഈ നമസ്‌കാരം ആദ്യമായി തുടങ്ങിയതത്രെ. മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്‌തിരുന്ന ഇയാള്‍ ബൈത്തുല്‍ മുഖദ്ദസില്‍ വെച്ച്‌ നമസ്‌കരിക്കുകയും അതുകണ്ട്‌ ആളുകള്‍ കൂടെ കൂടുകയും ചെയ്‌തു എന്ന്‌ അഹ്‌മദുബ്‌നു ഹജര്‍ ഇമാം ത്വര്‍ത്വൂസി അല്‍ ഹവാദിസ്‌ വല്‍ബിദഅ്‌ എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

അതു മാത്രമല്ല, റജബ്‌ മാസത്തില്‍ മിഅ്‌റാജ്‌ ആഘോഷത്തോടനുബന്ധിച്ച്‌ നോമ്പനുഷ്‌ഠിക്കുന്നവരെയും കാണാം. ഈ നോമ്പിനു ഇസ്‌ലാമില്‍ രേഖകളില്ല. മറ്റു മാസങ്ങളിലുള്ളതിനെക്കാള്‍ പുണ്യകരമായ ഒരു നോമ്പും റജബില്‍ ഇല്ല. ആദരണീയ മാസങ്ങളായി അല്ലാഹു അറിയിച്ച നാലു മാസങ്ങളിലൊന്നാണ്‌ റജബ്‌. ദുല്‍ഖഅ്‌ദ, ദുല്‍ഹിജ്ജ:, മുഹര്‍റം എന്നിവയാണ്‌ മറ്റു മാസങ്ങള്‍. ആ മാസങ്ങളില്‍ ആയുധമേന്താനോ യുദ്ധങ്ങളിലേര്‍പ്പെടാനോ പാടില്ല. എന്നാല്‍ അതിനപ്പുറം പ്രസ്‌തുത മാസങ്ങളില്‍ ദിക്‌റുകളോ ദുആകളോ നമസ്‌കാരമോ നോമ്പോ പ്രത്യേകമായി നബി(സ) ഏര്‍പ്പെടുത്തിയിട്ടില്ല.

റജബിന്റെ പ്രാധാന്യവും പോരിശയും പറയുന്ന, റജബില്‍ ചില നോമ്പുകള്‍ നിര്‍ദേശിക്കുന്ന ഏതാനും ഹദീസുകള്‍ ഉദ്ധരിക്കപ്പെടാറുണ്ട്‌. ഈ വകുപ്പില്‍ ഉദ്ധരിക്കപ്പെട്ട മുഴുവന്‍ ഹദീസുകളും ദുര്‍ബലങ്ങളോ വ്യാജനിര്‍മിതങ്ങളോ ആണെന്ന്‌ മുഹദ്ദിസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇനി അങ്ങനെ ആണെങ്കില്‍ തന്നെ അവയൊന്നും മിഅ്‌റാജുമായോ ഇസ്‌റാഉമായോ ബന്ധപ്പെടുത്തിക്കൊണ്ടു പറഞ്ഞതല്ല എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.

``ആകാശഭൂമികള്‍ സൃഷ്‌ടിച്ച അന്നു മുതല്‍ തന്നെ മാസങ്ങള്‍ പന്ത്രണ്ടാണെന്നും അവയില്‍ നാലെണ്ണം ആദരണീയമായി കണക്കാക്കണമെന്നും'' (9:36) വിശുദ്ധഖുര്‍ആന്‍ പറഞ്ഞു. അവ ഏതെല്ലാം മാസങ്ങളാണെന്നും എങ്ങനെ ആദരിക്കണമെന്നും നബി(സ)യും പഠിപ്പിച്ചു. നബിയോ സ്വഹാബികളോ ചെയ്യാത്ത ഒരു കാര്യം ദീനില്‍ ഒരു ചടങ്ങായി വരാന്‍ പാടില്ല എന്ന പ്രാഥമികതത്വം ഉള്‍ക്കൊള്ളുകയും ഖുര്‍ആനും സുന്നത്തും നാം സാമാന്യമായി പഠിക്കുകയും ചെയ്യുക എന്നതാണ്‌ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക്‌ അറുതിവരുത്താനുള്ള മാര്‍ഗം. അതേസമയം സമുദായത്തിലെ `വിവരമുള്ളവരെന്ന്‌' ധരിക്കപ്പെടുന്ന ആള്‍ക്കാര്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ഫീസ്‌ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്‌ ഏറെ ഖേദകരം.



റജബിലെ ആചാരങ്ങള്‍ തെളിവുകള്‍ ദുര്‍ബലം

യുദ്ധം ഹറാമായ മാസമാണ്‌ റജബ്‌ എന്നല്ലാതെ ഈ മാസത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക കര്‍മം ഇബാദത്തായി നിശ്ചയിക്കുകയോ നിലവിലുള്ള ഏതെങ്കിലും അനുഷ്‌ഠാനങ്ങള്‍ക്ക്‌ റജബില്‍ പ്രത്യേകത നിര്‍ണയിക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ റജബ്‌ മാസത്തില്‍ ചില ആചാരങ്ങള്‍ പുണ്യമായി കരുതിപ്പോരുന്നവരുണ്ട്‌.

``റജബ്‌ അല്ലാഹുവിന്റെ മാസവും ശഅ്‌ബാന്‍ എന്റെ മാസവും റമദാന്‍ സമുദായത്തിന്റെ മാസവുമാണ്‌'' എന്ന്‌ പ്രവാചകന്‍(സ) പറഞ്ഞതായി ചിലര്‍ ഉദ്ധരിക്കുന്ന ഹദീസ്‌ ഒരു മുഹദ്ദിസും അംഗീകരിച്ചിട്ടില്ലാത്ത വ്യാജഹദീസാണ്‌. മൗദ്വൂഅ്‌ ആയ ഹദീസുകളുടെ ഗണത്തില്‍ പെട്ടതാണിത്‌. ``ഇതര ദിക്‌റുകളെക്കാള്‍ ഖുര്‍ആനിന്നുള്ള പ്രാധാന്യം പോലെയാണ്‌ ഇതര മാസങ്ങളെക്കാള്‍ റജബിനുള്ളത്‌'' എന്ന ഹദീസും വ്യജമാണ്‌. (തബ്‌യീനുല്‍ അജബ്‌)

റജബ്‌ ഒന്നാം തിയ്യതി മഗ്‌രിബിനു ശേഷം ചില പ്രത്യേക നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചാല്‍ ഒരുപാട്‌ പ്രതിഫലമുണ്ട്‌ എന്നു പറയുന്ന ഹദീസ്‌ വ്യാജമാണെന്ന്‌ ഇബ്‌നുല്‍ജൗസി വ്യക്തമാക്കിയിട്ടുണ്ട്‌. റജബ്‌ മാസത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആരാധനകള്‍ നബി(സ) നിര്‍വഹിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്‌തതായി പ്രബലമായ ഒരു ഹദീസിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇസ്‌ലാമിനു മുമ്പ്‌ `മുദര്‍' ഗോത്രക്കാര്‍ റജബിന്‌ അമിത പ്രാധാന്യം കല്‌പിക്കുകയും `അതീറ' എന്ന ബലികര്‍മം നിര്‍വഹിക്കുകയും ചെയ്‌തിരുന്നതിനാല്‍ ഈ മാസം `റജബ്‌ മുദര്‍' എന്നറിയപ്പെട്ടിരുന്നു. നബി(സ) ഈ ആചാരങ്ങള്‍ നിരോധിച്ചു.

``സ്വര്‍ഗത്തില്‍ റജബ്‌ എന്നു പേരായ ഒരു നദിയുണ്ട്‌. പാലിനെക്കാള്‍ വെളുത്തതും തേനിനെക്കാള്‍ മധുരമുള്ളതുമാണത്‌. റജബ്‌ മാസത്തില്‍ ഒരു ദിവസം നോമ്പനുഷ്‌ഠിച്ചാല്‍ ആ നദിയില്‍ നിന്ന്‌ ജലപാനം സാധ്യമാകും'' എന്ന ഒരു റിപ്പോര്‍ട്ട്‌ ചിലര്‍ ഉദ്ധരിച്ചുകണുന്നു. അറിയപ്പെടാത്ത നിരവധി റിപ്പോര്‍ട്ടര്‍മാരിലൂടെ ഉദ്ധരിക്കപ്പെട്ട ഈ ഹദീസ്‌ മുഹദ്ദിസുകള്‍ തള്ളിക്കളഞ്ഞതാണ്‌. റജബ്‌ മാസത്തിലെ ആദ്യ വെള്ളിയാഴ്‌ച രാത്രി സ്വലാതുര്‍റഗാഇബ്‌ എന്ന ഒരു പ്രത്യേക നമസ്‌കാരം ചിലര്‍ നിര്‍വഹിക്കുന്നുണ്ടത്രെ. ആദ്യത്തെ നാലു നൂറ്റാണ്ടില്‍ ആര്‍ക്കും ഇതു പരിചയമില്ല. ഹിജ്‌റ 480നു ശേഷം ബൈതുല്‍ മുഖദ്ദസിലാണത്രെ ഈ `നമസ്‌കാരം' ആദ്യമായി അരങ്ങേറിയത്‌.

റജബില്‍ പൂര്‍ണമായോ ഏതാനും ദിവസമോ വ്രതമനുഷ്‌ഠിക്കുന്ന ചിലരുണ്ട്‌. ഇവ്വിഷയകമായി വന്നിട്ടുള്ള എല്ലാ റിപ്പോര്‍ട്ടുകളും വ്യാജവും ദുര്‍ബലവുമാണെന്ന്‌ ഹാഫിദ്‌ ഇബ്‌നുഹജറില്‍ അസ്‌ഖലാനി വ്യക്തമാക്കുന്നു. (തബ്‌യീനുല്‍ അജബ്‌ ബിമാ വറദ ഫീ ഫദ്‌ലി റജബ്‌)

റജബില്‍ ഉംറ നിര്‍വഹിക്കല്‍ പ്രത്യേകം പുണ്യകരമാണെന്ന്‌ ചിലര്‍ കരുതുന്നു. പ്രവാചകന്‍ റജബില്‍ ഉംറ നിര്‍വഹിക്കുകയോ നിര്‍വഹിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്‌തിട്ടില്ല. റജബ്‌ 22ന്‌ ഇമാം ജഅ്‌ഫര്‍ സ്വാദിഖിന്റെ സ്‌മരണാര്‍ഥം സദ്യവട്ടങ്ങളോടെ ആഘോഷിക്കുന്നത്‌ ശീഅകളുടെ പതിവാണ്‌. യഥാര്‍ഥത്തില്‍ ജഅ്‌ഫറുസ്വാദിഖിന്റെ ജന്മദിനമോ ചരമദിനമോ അല്ല റജബ്‌ 22. മറിച്ച്‌ ഈ ദിനത്തിലാണ്‌ മുആവിയ(റ)യുടെ മരണം. ഇതിലുള്ള സന്തോഷമാണ്‌ അവര്‍ ആചരിക്കുന്നത്‌ എന്നോര്‍ക്കുക!

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ