Tuesday, March 18, 2008

മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിച്ചത്

എ അസ്ഗറലി, സെക്രട്ടറി കെ എന്‍ എം കേരള
_______________________________________________


കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനമായ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ചരിത്രവും, പ്രസ്ഥാനം കേരളത്തില്‍ നേടിയ സ്വാധീനവും ഏതൊരു ചരിത്ര വിദ്യാര്‍ഥിക്കും പഠനവിധേയമാക്കാവുന്നതാണ്. ഇസ്‌ലാഹി പ്രസ്ഥാനം പിന്നീട് മുജാഹിദ് പ്രസ്ഥാനമെന്നും സലഫി പ്രസ്ഥാനമെന്നും അറിയപ്പെട്ടു. മുസ്ലിം മതസംഘടനകളില്‍ വ്യവസ്ഥാപിത ഘടനയും ജനാധിപത്യ രീതികളും സ്വീകരിച്ച് മത - സാമൂഹിക - വിദ്യാഭ്യാസ - സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മഹത്തായ ഒരു പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ക്കും നയങ്ങള്‍ക്കും ഘടനക്കും വ്യക്തത്യുണ്ട്; വ്യവസ്ഥാപിത രൂപമുണ്ട്. അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും നാട്ടു നടപ്പുകളില്‍ നിന്നും മാമൂലുകളില്‍ നിന്നും സമുദായത്തെ മോചിപ്പിച്ച് തനതായ ഇസ്‌ലാമിക സംസ്കാരത്തിലേക്ക് സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മതബോധവും പാണ്ഡിത്യവും വിദ്യാഭ്യാസവുമുള്ള മഹല്‍ വ്യക്തിത്വങ്ങള്‍ രൂപവും ഭാവവും നല്‍കിയതാണീ പ്രസ്ഥാനം. ഈ നേതാക്കള്‍ മാതൃകാ യോഗ്യരായിരുന്നു. അവര്‍ നിസ്വാര്‍ഥരും സമൂഹത്തോടും സമുദായത്തോടും സഹപ്രവര്‍ത്തകരോടും പ്രതിപത്തിയുള്ളവരായിരുന്നു. ‘നിഷ്പക്ഷ സംഘവും’ തുടര്‍ന്ന് ‘കേരള മുസ്‌ലിം ഐക്യ സംഘവും’ രൂപീകൃതമായ പശ്ചാത്തലം പരിശോധിച്ചാല്‍ ഇക്കാര്യം ആര്‍ക്കും വ്യക്തമാകും. കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും മുസ്‌ലിംകള്‍ വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളര്‍ച്ച നേടിയവരും സമൂഹത്തില്‍ യോഗ്യതയുള്ളവരുമായിരുന്നു. മതകാര്യങ്ങളില്‍ നിഷ്ഠയുള്ളവരുമായിരുന്നു. എങ്കിലും കുടുംബങ്ങള്‍ തമ്മില്‍ ഇടക്കിടെ വഴക്കും വക്കാണവും ഉണ്ടാവുക പതിവായിരുന്നു. ഓരോ കുടുംബത്തോടും ബന്ധമുള്ളവര്‍ ഇതില്‍ കക്ഷി ചേരുകയും ഈ വഴക്ക് സമുദായത്തിന് ദോഷകരമാവുകയും ചെയ്തു. ഇതിന് ഒരു പരിഹാരം എന്ന നിലയ്ക്ക് ഹമദാനി തങ്ങളുടെ അധ്യക്ഷതയില്‍ സമുദായ സ്നേഹികള്‍ യോഗം ചേര്‍ന്ന് ‘നിഷ്പക്ഷ സംഘം’ എന്നപേരില്‍ ഒരു സംഘടന രൂപീകരിച്ചു. 1921ലാണിത്. തുടര്‍ന്ന് ഈ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ‘കേരള മുസ്‌ലിം ഐക്യ സംഘം’ എന്ന പേര് സ്വീകരിക്കുകയും കേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കേരളത്തിലെ ഇസ്‌ലാഹി രംഗത്തെ ആദ്യ വ്യവസ്ഥാപിത സംഘടിതരൂപമാണിത്. ഇവിടെ രണ്ടു തത്വങ്ങള്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ഒന്ന്, രണ്ടു വിഭാഗങ്ങളെ ഒന്നാക്കാന്‍ ശ്രമിക്കുന്നവര്‍ രണ്ടു കക്ഷികളിലും ചേരാതെ നിഷ്പക്ഷമായി നില്‍ക്കണം. നിഷ്പക്ഷത മറ്റുള്ളവര്‍ക്ക് ബോധ്യമാകണം. ആ നിലയ്ക്കാണ് വേദിയുടെ പേരുതന്നെ നിഷ്പക്ഷ സംഘം എന്നാക്കിയത്. രണ്ട്, കേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുസ്‌ലിംകളില്‍ എല്ലവരുടെയും വേദിയാവണമെന്നും ഭിന്നതയല്ല ലക്ഷ്യമെന്നും സമുദായത്തെ ധരിപ്പിക്കണമെന്നും അവര്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഐക്യം എന്നതിന് പ്രാധാന്യം നല്‍കിയ പേര് സ്വീകരിച്ചത്.

ഇക്കാര്യം ഇവിടെ പരാമര്‍ശിക്കാന്‍ പ്രത്യേകമായ കാരണമുണ്ട്. നമ്മുടെ സംഘടനയില്‍ ഭിന്നത തല പൊക്കിയപ്പോള്‍ നിഷ്പക്ഷരാകേണ്ട പലരും കക്ഷി കേരുകയും ഒരു വിഭാഗത്തെ അകാരണമായി ഒറ്റപ്പെടുത്തുകയുമാണു ചെയ്തത്. മധ്യസ്ഥന്മാര്‍ തന്നെ ഭാരവാഹികളായി. മധ്യസ്ഥ തീരുമാനം വോട്ടിനിടണമെന്നതിനെ മധ്യസ്ഥന്മാര്‍ കൂടി അംഗീകരിക്കുന്നു. മാത്രമല്ല, വോട്ടിംഗില്‍ നിന്ന് മാറിനിന്ന് നിഷ്പക്ഷത ബോധ്യപ്പെടുത്തേണ്ട മധ്യസ്ഥന്മാര്‍ കൂടി വോട്ട് ചെയ്യുന്നു. ഇത്തരം ഒരു ദുര്‍ഗതി നിഷ്പക്ഷ സംഘത്തിന്റെയും ഐക്യ സംഘത്തിന്റെയും പിന്മുറക്കാര്‍ക്ക് സംഭവിച്ചതില്‍ അവരെ നയിച്ച വിചാരവും വികാരവും എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ പണ്ഡിതന്മാരെ പ്രത്യേകം സംഘടിപ്പിക്കുന്നതും മതവിഷയങ്ങള്‍ പണ്ഡിതന്മാര്‍ നേരിട്ട് കൈകാര്യം ചെയ്യുന്നതും ഉചിതമായിരിക്കുമെന്ന് ഐക്യ സംഘത്തിലെ ആദ്യകാല നേതാക്കള്‍ മനസ്സിലാക്കുകയും ഒരു പണ്ഡിത സംഘടന രൂപീകരിക്കാന്‍ ഐക്യ സംഘം തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1924ല്‍ ‘കേരള ജം‌ഇയ്യത്തുല്‍ ഉലമ’ -കെ ജെ യു (അഹ്‌ലുസ്സുന്നത്ത് വല്‍ ജമാ‍‌അ) രൂപീകൃതമായത്. ജം‌ഇയ്യത്തുല്‍ ഉലമ രംഗപ്രവേശം ചെയ്തതോടെ ഐക്യസംഘം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിറകോട്ട് പോയി. പിന്നീട് മതസ്ഥാപനങ്ങള്‍ നടത്താനും മത പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ജം‌ഇയ്യത്തുല്‍ ഉലമയാണ്. എന്നാല്‍ ബഹുജന പങ്കാളിത്തം മതപ്രബോധ രംഗത്ത് ഉണ്ടാവേണ്ടത് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ എളുപ്പമാക്കുമെന്നും അതിന് അവര്‍ക്ക് പ്രാതിനിധ്യമുള്ള പൊതുവേദി അനിവാര്യമാണെന്ന അഭിപ്രായം വീണ്ടും ശക്തമായി ഉയര്‍ന്നുവന്നു. ഇതുകാരണം കെ ജെ യു ഒരു ബഹുജന സംഘടന രൂപീകരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും അഭിപ്രായ സമന്വയമില്ലാതെ പോയതിനാല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയി. പിന്നീട് കെ ജെ യുവിന്റെ നിര്‍ദേശം ഇല്ലാതെ തന്നെ ഇസ്‌ലാഹി നേതാക്കള്‍ ഒത്തുകൂടി ഒരു ബഹുജന സംഘടനയ്ക്ക് വേദിയൊരുക്കുകയാണുണ്ടായത്. അങ്ങനെയാണ് 1950ല്‍ ‘കേരള നദ്‌വത്തുല്‍ മുജാഹിദീന്‍’ -കെ എന്‍ എം രൂപീകൃതമായത്.

ഭിന്നതയും നേതൃമാറ്റവും
സംഘടനകള്‍ സമാന ചിന്തകരായ കുറേ വ്യക്തികളുടെ കൂട്ടായ്മയാണ്. ഓരോ വ്യക്തിക്കും അദ്ദേഹത്തിന്റെ അറിവിനും ചിന്തയ്ക്കുമനുസരിച്ച സമീപനങ്ങളുണ്ടാകാം. എന്നാല്‍ അടിസ്ഥാന വിഷയങ്ങളില്‍ ഒരേ നിലപാട് സ്വീകരിക്കുന്നവരാണ് ഒരു സംഘടനയില്‍ ഒരുമിച്ചുകൂടുക. നദ്‌വത്തുല്‍ മുജാഹിദീന്‍ മത വിഷയങ്ങളില്‍ ഒരേ വീക്ഷണമുള്ളവരും സമുദായത്തെ സംഘടനയുടെ ആശയാദര്‍ശങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ ഒരേ നയം സ്വീകരിച്ചവരുമായിരുന്നു. എന്നാല്‍ യോഗങ്ങള്‍ ചേരുമ്പോഴും ഒരാള്‍ മറ്റൊരാളോട് ആശയവിനിമയം നടത്തുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടമാവുക സ്വാഭാവികമാണ്. ഒന്നില്‍കൂടുതല്‍ ആളുകളുണ്ടെങ്കില്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ ഉണ്ടാവുക സാധാരണയാണ്. എന്നാല്‍ കൂട്ടായ ചര്‍ച്ചയില്‍ ഒരു പൊതു സമീപനത്തില്‍ എല്ലാവരും യോജിക്കും. മതവിഷയങ്ങളില്‍ ഇജ്തിഹാദിന് (ഗവേഷണപരമായ വിഷയങ്ങള്‍ക്ക്) പ്രാധാന്യം നല്‍കിയ പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. തഖ്‌ലീദി (അന്ധമായ അനുകരണത്തി) നെതിരെ ശക്തമായ ബോധവത്കരണം നടത്തിയ പ്രസ്ഥാനമാണിത്. വിശുദ്ധ ഖുര്‍‌ആനും തിരു സുന്നത്തും അടിസ്ഥാന തത്വങ്ങളായി വ്യക്തമാക്കിയ കാര്യങ്ങളില്‍ ഒരേ അഭിപ്രായം സ്വീകരിക്കുന്നതോടൊപ്പം ഇജ്തിഹാദിയായ വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ സ്വാഭാവിക ഭിന്നത പ്രകടവുമായിരുന്നു. അത്തരം കാര്യങ്ങള്‍ പരസ്പരം ബഹുമാനത്തോടെ ചര്‍ച്ച ചെയ്യുകയും ഓരോരുത്തര്‍ക്കും അവരുടെ വീക്ഷണങ്ങള്‍ പാലിക്കാന്‍ അവസരവുമുണ്ടായിരുന്നു. മറഞ്ഞ മയ്യിത്തിനു വേണ്ടിയുള്ള നമസ്കാരം, തവളയെ ഭക്ഷിക്കുന്നതിലെ മതവിധി, പെരുന്നാള്‍ നമസ്കാരത്തിലെ ഖുത്വ്‌ബ തുടങ്ങിയ വിഷയങ്ങളില്‍ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ തന്നെ വ്യത്യസ്ത വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു.

എന്നാല്‍ മതപരമല്ലാത്ത വിഷയങ്ങളില്‍ സ്വാഭാവികമായ വ്യത്യസ്ത വീക്ഷണങ്ങള്‍ എല്ലാവരിലും പ്രകടമായിരുന്നു. ഇതിനെ ഏകീകരിക്കാന്‍ നദ്‌വത്ത് ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് കക്ഷിരാഷ്ട്രീയ വിഭാഗങ്ങളില്‍ മുജാഹിദുകള്‍ വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ ഇസ്‌ലാമിക വിരുദ്ധമായ സമീപനം ഒരു കാര്യത്തിലും പാടില്ല എന്ന അടിസ്ഥാന തത്വത്തില്‍ എല്ലാവരും യോജിച്ചു. നദ്‌വത്ത് രൂപീകരിച്ച ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് - ലീഗ് ഭിന്നതയാണ് പ്രകടമായ അഭിപ്രായ വ്യത്യാസമായി പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ മതപരമല്ലാത്ത വിഷയങ്ങളില്‍ സ്വാഭാവികമായ വ്യത്യസ്ത വീക്ഷണങ്ങള്‍ എല്ലാവരിലും പ്രകടമായിരുന്നു. ഇതിനെ ഏകീകരിക്കാന്‍ നദ്‌വത്ത് ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് കക്ഷിരാഷ്ട്രീയ വിഭാഗങ്ങളില്‍ മുജാഹിദുകള്‍ വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ ഇസ്‌ലാമിക വിരുദ്ധമായ സമീപനം ഒരു കാര്യത്തിലും പാടില്ല എന്ന അടിസ്ഥാന തത്വത്തില്‍ എല്ലാവരും യോജിച്ചു. നദ്‌വത്ത് രൂപീകരിച്ച ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് - ലീഗ് ഭിന്നതയാണ് പ്രകടമായ അഭിപ്രായ വ്യത്യാസമായി പ്രത്യക്ഷപ്പെട്ടത്.മുസ്‌ലിം ലീഗില്‍ സജീവമാകാന്‍ സ്ഥാപക സെക്രട്ടറി സ്ഥാനം എന്‍ വി അബ്ദുസ്സലാം മൌലവി രാജിവെച്ചു. ഇത് ആരുടെയും സമ്മര്‍ദഫലമായിരുന്നില്ല. എന്നാല്‍ മുസ്‌ലിം സംഘടനകളില്‍ അക്കാലത്ത് കോണ്‍ഗ്രസ്സ്-ലീഗ് അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമായിരുന്നു. നദ്‌വത്തിന്റെ പ്രധാന നേതാക്കളില്‍ പലരും കോണ്‍ഗ്രസ്സ് പാര്‍ട്ടിയോട് ചായ്‌വ് ഉള്ളവരായിരുന്നു. എന്നാല്‍ അതേപോലെ തന്നെ മുസ്‌ലിം ലീഗ് വീക്ഷണമുള്ള നിരവധി പേരും ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായ ഈ വീക്ഷണങ്ങള്‍ ആത്മാര്‍ഥവും നിഷ്കളങ്കവുമായിരുന്നു. കോണ്‍ഗ്രസ്സ് ലീഗ് തര്‍ക്കത്തിന് നദ്‌വത്തില്‍ ഇടം ലഭിച്ചില്ല. പിന്നീട് സെക്രട്ടറിയായ എ കെ അബ്ദുല്ലത്തീഫ് മൌലവി ഇരുപത് കൊല്ലത്തോളം സംഘടനയെ നയിച്ചു. 1967ല്‍ ‘ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍’ -ഐ എസ് എം രൂപീകൃതമായതോടെ പ്രസ്ഥാന രംഗത്ത് നവചൈതന്യം എങ്ങും ദൃശ്യമായിരുന്നു. 1971ല്‍ കെ എന്‍ എമ്മിന്റെ അന്നത്തെ പ്രസിഡണ്ടും സെക്രട്ടറിയും സ്ഥാനം ഒഴിഞ്ഞത് തെരഞ്ഞെടുപ്പിലൂടെയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ ശാഖകള്‍ കൂടി, ആലോചനാ സഭാ അംഗങ്ങള്‍ കൂടി. എന്നാല്‍ ഈ വളര്‍ച്ച തങ്ങെള്‍ക്കെതിരിലുള്ള നീക്കമാണെന്ന് അവര്‍ കരുതിയില്ല. എന്നാല്‍ അബ്ദുല്ലത്തീഫ് മൌലവിക്ക് ആരോ പിന്നില്‍ നിന്ന് ചതിച്ചു എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം ചേന്ദമംഗല്ലൂര്‍ കോളെജില്‍ പോയത് അതിന്റെ ഫലമായിരുന്നു. നിഷ്കളങ്കരായ നേതാക്കള്‍ മൌലവിയെ എടവണ്ണ ജാമിഅ നദ്‌വിയയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും അദ്ദേഹം എടവണ്ണ ജാമിഅയില്‍ പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുകയും ചെയ്തു. ഇന്നാണെങ്കില്‍ ‘ഇഖ്‌വാനീ ബന്ധ’മാരോപിച്ച് പുകച്ച് പുറത്ത് ചാടിക്കുകയാണ് ചെയ്യുക.

1971ല്‍ കെ പി മുഹമ്മദ് മൌലവി ജന. സെക്രട്ടറിയും സാലേ മുഹമ്മദ് ഇബ്‌റാഹിം സേട്ട് പ്രസിഡന്റുമായ പുതിയ കമ്മിറ്റി നിലവില്‍ വന്നു. കെ പി യുടെ നിസ്വാര്‍ഥമായ സേവനവും നിഷ്പക്ഷമായ സമീപനവും ആത്മാര്‍ഥത മുറ്റി നിന്ന പരിശ്രമങ്ങളും സംഘടനയെ പെട്ടെന്ന് ശക്തിപ്പെടുത്തി. എന്നാല്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി കെ അലി അബ്ദുര്‍ റസാഖ് മൌലവി, എ പി അബ്ദുല്‍ ഖാദിര്‍ മൌലവി എന്നിവരുടെ വാദപ്രതിവാദ ശൈലി സംഘടനാകാര്യങ്ങളില്‍ സ്വീകരിച്ചതോടെ പ്രവര്‍ത്തകരില്‍ നിരാശയും മടുപ്പും പ്രകടമായി. എന്നാല്‍ ബഹുമാന്യനായ കെ പി യോടുള്ള ആദരവ് കാരണം ആരും ഇത് പരസ്യമായി പ്രകടമാക്കിയിരുന്നില്ല. ആലോചനായോഗങ്ങളിലും ചര്‍ച്ചകളിലും ജനറല്‍ സെക്രട്ടറി കെ പി നല്‍കുന്ന മറുപടികളില്‍ പ്രവര്‍ത്തകര്‍ സംതൃപ്തരായിരുന്നു. എന്നാല്‍ അഭിപ്രായം പറയുന്നവരെ ഖണ്ഡന മണ്ഡന സമീപനത്തോടെ ചിലര്‍ അടിച്ചിരുത്തി. ഇതിന് അവര്‍ കെ പിയെ മറയാക്കുകയും ചെയ്തു.

ഐ എസ് എമ്മിന്റെ വളര്‍ച്ചയും അതില്‍ നിരാശപൂണ്ടവരും
ഐ എസ് എം സംഘടനാപരമായി വളരുകയും ഐ എസ് എമ്മിന്റെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങള്‍ സമുദായം അംഗീകരിക്കുകയും ചെയ്തപ്പോള്‍ കെ എന്‍ എമ്മിലെ ചെറുപ്പക്കാരായ ചില ഭാരവാഹികള്‍ക്ക് ഐ എസ് എമ്മിന്റെ വളര്‍ച്ചയില്‍ അസൂയ മുളപൊട്ടിയിരുന്നു. കെ വി മൂസ സുല്ലമി, സി പി ഉമര്‍സുല്ലമി, കെ കെ മുഹമ്മദ് സുല്ലമി തുടങ്ങിയ കെപിയുടെ ശിഷ്യന്മാര്‍ ഐ എസ് എമ്മിന്റെ നേതൃനിരയില്‍ വന്നതിനാലും അവര്‍ ഐ എസ് എമ്മിനെ ശക്തമാക്കികൊണ്ടു പോകുന്നതിലും പലര്‍ക്കും നീരസമുണ്ടായിരുന്നു. കെ എസ് കെ തങ്ങള്‍, ടി കെ മുഹ്‌യുദ്ദീന്‍ ഉമരി എന്നിവരും ഐ എസ് എമ്മിന്റെ ആദ്യകാല നേതാക്കളില്‍ പ്രഗത്ഭരായിരുന്നു. എന്നാല്‍ ഐ എസ് എം സ്ഥാപക സെക്രട്ടറി അലി അബ്ദുര്‍ റസാഖ് മദനി കെ എന്‍ എമ്മില്‍ ഭാരവാഹിയായതോടെ ഐ എസ് എമ്മില്‍ നിന്നകന്നു. ‘ശബാബ്’ ദ്വൈവാരിക പ്രസിദ്ധീകരണം തുടങ്ങുന്നതിനെപ്പോലും ചിലര്‍ എതിര്‍ത്തു. ‘അല്‍ മനാര്‍’ ഉള്ളപ്പോള്‍ എന്തിന് ശബാബ് എന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ കെപിയുടെ പിന്തുണയോടെ ശബാബ് പ്രസിദ്ധീകരണം ആരംഭിക്കുകയും ശബാബ് പ്രസ്ഥാനത്തിന്റെ പൊതു ജിഹ്വയായി അംഗീകാരം നേടുകയും ചെയ്തു. 1986ല്‍ ‘യുവത ബുക് ഹൌസ് ’തുടങ്ങിയപ്പോഴും ഇതേ വിമര്‍ശനം ഒരു ഭാഗത്തുനിന്നുണ്ടായി. കെ എന്‍ എം പ്രസിദ്ധീകരണം ഉള്ളപ്പോള്‍ എന്തിന് യുവാക്കള്‍ക്ക് പ്രത്യേക പ്രസിദ്ധീകരണാലയം എന്നായിരുന്നു അവരുടെ പല്ലവി. ഈ വിമര്‍ശനത്തെയും കെ പി യുടെ തന്നെ അംഗീകാരത്തോടെ മറികടക്കാനും പ്രസിദ്ധീകരണ രംഗത്ത് പൊന്‍‌തൂവല്‍ ചാര്‍ത്താനും യുവതയ്ക്ക് കഴിഞ്ഞു. ശബാബ് കൂടുതല്‍ ജനശ്രദ്ധ പതിയുന്ന ഒരുത്തമ ഇസ്‌ലാമിക വാരികയായി ഉയര്‍ന്നപ്പോള്‍ വരികള്‍ക്കിടയില്‍ വായന നടത്തി തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ മറ്റു ചിലര്‍ ശ്രമിച്ചു. ആദര്‍ശവ്യതിയാനാരോപണത്തിന്റെ അപ്പോസ്ഥലന്മാരും ഗ്രൂപുകളിയുടെ നേതൃത്വത്തില്‍ എത്തിയവരുമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ഐ എസ് എം പ്രസിഡന്റായിരുന്ന ഹുസൈന്‍ മടവൂര്‍ എഴുതിയ പ്രത്യേക കോളത്തെ സംഘടനാ വിരുദ്ധമെന്ന് ഇവര്‍ മുദ്രകുത്തി. എന്നാല്‍ കുട്ടിക്കുരങ്ങന്മാരെ ഈ ചുമതല ഏല്പിച്ച് അവര്‍ ചുടുചോര മാന്തുന്നത് കണ്ട് മാറിനിന്ന് ചളിപുരളാതെ നോക്കാനാണ് ദീര്‍ഘവീക്ഷണമുള്ള അസിസ്റ്റന്റുമാര്‍ ശ്രമിച്ചത്. ഐ എസ് എമ്മില്‍ ഹുസൈന്‍ മടവൂര്‍ വരികയും അദ്ദേഹം യുവജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാവുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ച തടയാനും അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ഗൂഢതന്ത്രം ഇവര്‍ പയറ്റുകയുണ്ടായി. അറബിക് കോളെജില്‍ ഇടത് യൂണിയന്‍ ഉണ്ടാക്കാന്‍ ശ്രമിച്ച വ്യക്തി തന്നെയാണ് ഇതിന് അണിയറ നീക്കം നടത്തിയിരുന്നത്. വിദേശ കോളേജുകളില്‍ അതും സു‌ഊദി അറേബ്യയില്‍ ലോക പ്രസിദ്ധമായ മക്കാ ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ പഠിച്ച് സലഫി ആശയം കൃത്യമായി പഠിച്ച ഹുസൈന്‍ മടവൂരിന്റെ ചില ഉസ്താദുമാര്‍ ഇഖ്‌വാനികളാണെന്ന് ആരോപിച്ച് മടവൂര്‍ ഇഖ്‌വാനിയാണെന്ന് ഇവര്‍ വാദിച്ചുനോക്കി.

ഐ എസ് എമ്മിനെ ജനകീയമാക്കുന്നതിലും ശക്തമാക്കുന്നതിലും കെ വി മൂസ സുല്ലമി, കെ കെ മുഹമ്മദ് സുല്ലമി, ടി പി അബ്ദുല്ലക്കോയ മദനി, എം മുഹമ്മദ് മദനി തുടങ്ങിയവരുടെ നേതൃത്വത്തിനു സാധിച്ചിരുന്നു. എന്നാല്‍ ഇവരെ തുടര്‍ന്ന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ജന. സെക്രട്ടറിയായതോടെ മദനി-സുല്ലമി വിഭാഗീയത ചെറിയ തോതില്‍ പ്രകടമായിരുന്നു. അദ്ദേഹം മൂന്ന് വര്‍ഷമാണ് സംഘടനയെ നയിച്ചത്. തുടര്‍ന്ന് ഒരു പുതിയ നേതൃത്വം ഐ എസ് എമ്മില്‍ വരണമെന്ന് ആഗ്രഹം ശക്തമാവുകയും ചെയ്തു. മുമ്പ് എം എസ് എമ്മിന്റെ ജന. സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയവും മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി, ഫറോക്ക് ‘റൌദത്തുല്‍ ഉലൂം അറബിക് കോളെജില്‍’ അധ്യാപകനുമായിരുന്ന ഹുസൈന്‍ മടവൂരിനെ പ്രസിഡന്റാക്കാന്‍ നിര്‍ദ്ദേശിച്ചത് കുഞ്ഞിമുഹമ്മദ് പറപ്പൂരാണ്. തെരഞ്ഞെടുപ്പ് യോഗത്തില്‍ മടവൂര്‍ ഹാജറായിരുന്നില്ല. ഹുസൈന്‍ മടവൂര്‍ പ്രസിഡന്റായും അബ്ദുര്‍ റഹ്മാന്‍ അന്‍സാരി, എ അസ്ഗറലി, ഡോ. സലീം ചെര്‍പ്പുളശ്ശേരി എന്നിവര്‍ സെക്രട്ടറിമാരായുമുള്ള പാനല്‍ തയ്യാറാക്കിയത് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂരായിരുന്നു. ഇത് അവതരിപ്പിച്ച ശേഷം കെ എന്‍ എം ജന. സെക്രട്ടറി, സെക്രട്ടറിമാരില്‍ നിന്ന് സീനിയര്‍ എന്ന നിലയ്ക്ക് അബ്ദുര്‍ റഹ്മാന്‍ അന്‍സാരിയെ ജന. സെക്രട്ടറിയായി നിര്‍ദേശിച്ചു. ചുരുക്കത്തില്‍ ഇഖ്‌വാനി-സുറൂറി ആരോപണമുള്ള ഹുസൈന്‍ മടവൂരിനെ ഐ എസ് എമ്മിലേക്ക് കൊണ്ടുവന്നത് ഇപ്പോള്‍ ആരോപകരോടൊപ്പമുള്ള കുഞ്ഞുമുഹമ്മദ് മദനിയാണ്. മടവൂര്‍ തെരഞ്ഞെടുക്കപ്പെട്ട സമയത്തോ അദ്ദേഹം പ്രസിഡന്റായ രണ്ടാം ഘട്ടത്തിലോ ഈ ആരോപണം ഉണ്ടായിട്ടില്ല.

ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ ഐ എസ് എം കേരളത്തിലെ മുസ്‌ലിം യുവാക്കളില്‍ കൂടുതല്‍ കൂടുതല്‍ സ്വീകാര്യത നേടി. ഐ എസ് എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗങ്ങളിലേക്കും കടന്നു ചെല്ലുന്ന വിധത്തിലും എല്ലാവര്‍ക്കും പ്രസ്ഥാനത്തെ പരിജയപ്പെടുത്താന്‍ സഹായകരമായ വിധത്തിലുമായിരുന്നു. സംഘടനാരംഗത്ത് ശാസ്ത്രീയ സമീപനവും ദീര്‍ഘവീക്ഷണവും ഐ എസ് എം നടപ്പിലാക്കി. പ്രവര്‍ത്തന രൂപരേഖ, വാര്‍ഷിക ബജറ്റ് എന്നിവ തുടങ്ങിയത് ഈ ഘട്ടത്തിലാണ്. എ അസ്ഗറലിയാണ് ഇവയുടെയെല്ലാം കരടുരൂപം തയ്യാറാക്കിയിരുന്നത്. ഐ എസ് എമ്മിന്റെ ഈ വളര്‍ച്ചയെ സംശയദൃഷ്ടിയോടെ ചില വ്യക്തികള്‍ നോക്കിക്കാണാന്‍ തുടങ്ങി. ‘ശബാബി’ലെ ലേഖനങ്ങള്‍, ഐ എസ് എമ്മിന്റെ ക്യാമ്പുകള്‍, മത പ്രഭാഷണങ്ങള്‍, വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സ്വയം സന്നദ്ധ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍, കൌണ്‍സില്‍ യോഗങ്ങളിലെ ചര്‍ച്ചകള്‍, പരിശീലന പരിപാടികള്‍, രാഷ്ട്രീയ സാംസ്കാരിക നേതാക്കളുമായുള്ള ബന്ധം, പഠനക്ലാസ്സുകള്‍, സെമിനാറുകള്‍ എന്തിനേറെ ഖുര്‍‌ആന്‍ ലേണിംഗ് സ്കൂളുകള്‍, ‘യുവത’യുടെ പുസ്തക പ്രസിദ്ധീകരണം... എല്ലാറ്റിലും ഈ ‘ലോബി’ സംശയത്തിന്റെ വിത്തുപാകി. അറിഞ്ഞോ അറിയാതെയോ സംഭവിച്ച അബദ്ധങ്ങളും പിഴവുകളും അവര്‍ ഉയര്‍ത്തിപ്പിടിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. വകള്‍ക്കിടയില്‍ അവര്‍ ആദര്‍ശവ്യതിയാനത്തിന്റെ പഴുതുകള്‍ അന്വേഷിച്ചു. അങ്ങനെ ഹുസൈന്‍ മടവൂര്‍ മാത്രമല്ല, കെ കെ മുഹമ്മദ് സുല്ലമിയിലും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയിലും സി പി ഉമര്‍ സുല്ലമിയിലും മൌലവി പി മുഹമ്മദ് കുട്ടശ്ശേരിയിലും അവര്‍ വ്യതിയാനത്തിന്റെ അലകള്‍ ദര്‍ശിച്ചു. ഹുസൈന്‍ മടവൂരിനെതിരെ ഇവര്‍ നിലകൊണ്ടില്ല എന്നതും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഇവര്‍ സ്വീകരിച്ചു എന്നതും മാത്രമായിരുന്നു ഇവരെ സംശയിക്കാന്‍ കാരണം. ഇവര്‍ സംശയമുന്നയിച്ച ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും ഉണ്ടായിരുന്ന പല അഭിപ്രായങ്ങള്‍ മുമ്പ്തന്നെ കെ എന്‍ എം പ്രസിദ്ധീകരണങ്ങളില്‍ വന്നവ തന്നെയായിരുന്നു, അമാനി മൌലവിയുടെ ഖുര്‍‌ആന്‍ പരിഭാഷയില്‍ വിവരിച്ചതായിരുന്നു.എന്നാല്‍ അത് മറച്ചുവെച്ച് ഇവര്‍ക്കെതിരില്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് ഒരു ലോബി കോപ്പുകൂട്ടിയത്.

സംഘടനാ സെറ്റപ്പ് ശക്തമാവുകയും വിവിധ പ്രദേശങ്ങളില്‍ പള്ളികളും മറ്റു സ്ഥാപനങ്ങളും നിര്‍മിക്കുന്നതില്‍ കുവൈത്തിലെ ‘ഇഹ്‌യാത്തുറാസില്‍ ഇസ്‌ലാമി’ കെ എന്‍ എമ്മിനെ സഹായിച്ചു തുടങ്ങിയ കാലമായിരുന്നു അത്. കുവൈത്തില്‍ ഇവരുമായി കൂടുതല്‍ ബന്ധം അവിടെ ജോലിചെയ്തിരുന്ന പി എന്‍ അബ്ദുല്ലത്തീഫ് മദനിക്കായിരുന്നു. കുവൈത്തിലെ സലഫി സംഘടയില്‍ ഇഖ്‌വാനി-സലഫി ആശയക്കുഴപ്പം തലപൊക്കുകയും കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിവിധ മുന്നണികളായി ഇവര്‍ മത്സരിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ-പാര്‍ലമെന്ററി വ്യാമോഹം കുവൈത്ത് സലഫികളെ രണ്ട് വിഭാഗമായി മാറ്റി. ശൈഖ് അബ്ദുല്ല സബ്തും ശൈഖ് താരീഖ് ഈസയും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് എതിരായ സമീപനം സ്വീകരിച്ചവരായിരുന്നു. ഈയവസരം മുതലെടുക്കാന്‍ നേരത്തെ സൂചിപ്പിച്ച ലോബി പരമാവധി പരിശ്രമിച്ചു. പി എന്‍ അബ്ദുല്ലത്തീഫ് മദനിയെ ഇവര്‍ വലയില്‍ വീഴ്ത്തുകയും ചെയ്തു. അതോടുകൂടി ഹുസൈന്‍ മടവൂരും ഐ എസ് എമ്മും സലഫി ആശയക്കാരല്ല എന്ന് ഗള്‍ഫ് ഇസ്‌ലാഹി സെന്ററുകളില്‍ പ്രചാരണം നടത്താന്‍ അവസരം സൃഷ്ടിക്കപ്പെട്ടു. ശൈഖ് അബ്ദുല്ല സബ്തും അദ്ദേഹത്തിന്റെ ആള്‍ക്കാരും ഇതിനുവേണ്ട പ്രോത്സാഹനം യു എ ഇ, കുവൈത്ത്, ബഹറൈന്‍ ഇസ്‌ലാഹി സെന്ററുകള്‍ക്ക് നല്‍കി. മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഈ രാഷ്ട്രീയ സംവാദത്തിന് വേണ്ടത്ര പ്രസക്തി ലഭിച്ചിരുന്നില്ല. മാത്രമല്ല, പലരും ഇതിന്റെ പേരില്‍ കക്ഷികളായി തിരിയേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.

ഗള്‍ഫ് നാടുകളില്‍ മതസംഘടനകള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും ഇന്ത്യയിലെ പോലെ സ്വാതന്ത്ര്യപൂര്‍വം പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നില്ല. പല ഗ്രൂപ്പുകളും വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയായിരുന്നു. അപൂര്‍വം ചില ഗ്രൂപുകാര്‍ പ്രത്യേക ആശയത്തെ ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ചവയുമായിരുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വളരെ ആഴത്തില്‍ ബഹുജന പങ്കാളിത്തം നേടിയ ജനാധിപത്യ രീതി സ്വീകരിച്ച സലഫി പ്രസ്ഥാനമാണ്. ഗള്‍ഫ് സലഫീ പണ്ഡിതന്മാര്‍ ഇത് ഉള്‍ക്കൊള്ളുക പ്രയാസകരമായിരുന്നു. പണ്ഡിതന്മാര്‍ക്കും, ബഹുജനങ്ങള്‍ക്കും, യുവജനങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം സംഘടന, എന്നിങ്ങനെയുള്ള കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഘടനയും മൂന്നു വര്‍ഷം കൂടുമ്പോള്‍ മെംബര്‍ഷിപ് ചേര്‍ക്കലും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തലുമെല്ലാം ഗള്‍ഫ് സലഫികള്‍ക്കെന്നല്ല, മറ്റുള്ളവര്‍ക്കുകൂടി അത്ഭുതമുളവാക്കുന്ന രീതികളായിരുന്നു. ഈ രീതി ഇസ്‌ലാമികമല്ലെന്നു പോലും ഗള്‍ഫില്‍ പ്രചാരണം ഉണ്ടായി. ഒരു സംഘടനയ്ക്ക് ഒരു ‘റ‌ഈസ്’ (പ്രസിഡ്ന്റ് / അമീര്‍) എന്നതില്‍ കവിഞ്ഞ ജനാധിപത്യം അംഗീകരിച്ചിരുന്നില്ല. ജനാധിപത്യ രീതി തുടരുന്നത് ഹുസൈന്‍ മടവൂരിന് ഗുണകരമാകുമെന്നും അദ്ദേഹത്തിന് പ്രവര്‍ത്തകരിലുള്ള പിന്തുണയും സ്വീകാര്യതയും വര്‍ധിക്കുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ച പലര്‍ക്കും ദോഷകരമായി വരുമെന്നും ഇത് തടയാന്‍ പി എന്‍ അബ്ദുല്ലത്തീഫ് മദനിയെ ഉപയോഗപ്പെടുത്താമെന്നും ഇവര്‍ കണക്കുകൂട്ടി. പല യുവാക്കള്‍ക്കും ഗള്‍ഫില്‍ ജോലി നല്‍കി അവരുടെ കുടുംബങ്ങളെയും പ്രദേശങ്ങളെയും സ്വാധീനിച്ചു. പള്ളികളും മറ്റു പ്രൊജക്റ്റുകളും നല്‍കുന്നതിലും വിവേചനം കാണിച്ച് ദുസ്വാധീനം വര്‍ധിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു. ‘ദാഈ’മാരായി നിയമിച്ച് വിദേശത്തുനിന്ന് ശമ്പളം ലഭ്യമാക്കിക്കൊടുത്ത് പ്രബോധകരെയും സ്വാധീനിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഹുസൈന്‍ മടവൂര്‍ ഗള്‍ഫില്‍ സന്ദര്‍ശനം നടത്തുന്ന അവസരങ്ങളില്‍ അദ്ദേഹത്തിനു പരിചയമുള്ള ശൈഖുമാര്‍ക്ക് കെ എന്‍ എമ്മിനെ പരിചയപ്പെടുത്തുകയും പള്ളികള്‍ക്കും മറ്റും കെ എന്‍ എം മുഖേന ഫണ്ടുകള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് മനസ്സിലാക്കിയ മുന്‍പറഞ്ഞ വിഭാഗം ഇങ്ങനെ വ്യക്തികള്‍ മുഖേന ഫണ്ട് എക്കൌണ്ടിലേക്ക് വരുന്നത് ശരിയല്ല എന്ന് വാദിക്കുകയും ഇത് മടവൂരിന്റെ കുത്സിത ശ്രമമായി ചിത്രീകരിക്കുകയും ചെയ്തു. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും വ്യക്തികള്‍ മുഖേന നിരവധി സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. അത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഇതേപോലെ എന്‍ പി അബ്ദുല്‍ ഖാദിര്‍ മൌലവി മുഖേന സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ എന്‍ പി സംഘടനാപരമായും മടവൂര്‍ അല്ലാതെയുമാണ് ശ്രമിക്കുന്നത് എന്നൊരു മുടന്തന്‍ ന്യായമാണ് ഇവര്‍ പറഞ്ഞത്. മാത്രമല്ല, മടവൂരിന് എതിരില്‍ കെ പി മുഹമ്മദ് മൌലവിയെ തെറ്റിദ്ധരിപ്പിക്കാന്‍ കോപ്പുകൂട്ടുകയും ചെയ്തു.

മാതൃസംഘടനയായ് കെ എന്‍ എമ്മിന് യുവജന വിഭാഗമായ ഐ എസ് എമ്മിനെ കുറിച്ച് യാതൊരുവിധ അസംതൃപ്തിയും ഉണ്ടായിരുന്നില്ല. മാതൃസംഘടനയുടെ നയങ്ങളും ആശയങ്ങളും സമീപനങ്ങളും കര്‍മപഥത്തില്‍ കൊണ്ടുവരാന്‍ തീവ്രമായ ശ്രമം എക്കാലവും ഐ എസ് എം നടത്തിയിരുന്നു. പലപ്പോഴും വാദപ്രതിവാദങ്ങളും ഖണ്ഡന-മണ്ഡനങ്ങളും ഉണ്ടാകുന്നതിന് ഐ എസ് എം പ്രഭാഷണങ്ങള്‍ കാരണമാകുമായിരുന്നു. ഈ തീവ്രത നിയന്ത്രിക്കണമെന്ന് കെ എന്‍ എം ആവശ്യപ്പെടാറാണുണ്ടായിരുന്നത്. വാദപ്രതിവാദങ്ങള്‍ ഐ എസ് എം ബാനറില്‍ പാടില്ലെന്നും അത്തരം വിഷയങ്ങള്‍ കെ എന്‍ എം ബാനറില്‍ നടത്തിയാല്‍ മതിയെന്നും അനൌദ്യോഗികമായി കെ എന്‍ എം-ഐ എസ് എം നേതാക്കളില്‍ ധാരണയുണ്ടായത് ഇതിന്റെ ഫലമായിരുന്നു.

എന്നാല്‍ ഹുസൈന്‍ മടവൂര്‍ എന്ന വ്യക്തിയോടും അദ്ദേഹം വളര്‍ന്നാല്‍ തങ്ങളുടെ പദവികള്‍ക്ക് ഇളക്കം തട്ടുമെന്നും ചിലര്‍ക്കെങ്കിലും ഭയം ഉണ്ടായിരുന്നു. അവര്‍ പ്രശ്നങ്ങള്‍ വഷളാക്കുകയും തങ്ങളുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ബഹുമാന്യനായ ഉമര്‍ മൌലവിയും ഐ എസ് എമ്മുമായി യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ല. ഹുസൈന്‍ മടവൂര്‍ ഉമര്‍ മൌലവിയുമായി എന്തെങ്കിലും വിഷയത്തില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടുമില്ല. എന്നാല്‍ മൌലവിയെ തെറ്റിദ്ധരിപ്പിച്ച് മടവൂരിനെതിരില്‍ ഉമര്‍ മൌലവിയെ തിരിച്ചുവിടാന്‍ ഈ നിഗൂഢലോബിക്ക് സാധ്യമായി. ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്തു എന്നും പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ആശയാദര്‍ശങ്ങള്‍ ലാഘവാമായി മടവൂര്‍ കാണുന്നുവെന്നും ഇവര്‍ പ്രചാരണം നടത്തി. ക്രമേണ ഐ എസ് എം മൊത്തത്തില്‍ ആദര്‍ശമില്ലാത്ത വിഭാഗമാണെന്ന് ഇവര്‍ വരുത്തിത്തീര്‍ത്തു. എന്നാല്‍ മുജാഹിദ് മനസ്സാക്ഷിയെ അസത്യപ്രചാരണം ഒട്ടും സ്വാധീനിച്ചില്ല. അതേതുടര്‍ന്ന് പരസ്യമായി മുജാഹിദ് ആദര്‍ശങ്ങള്‍ ഐ എസ് എം നേതാക്കളും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ചില പണ്ഡിതന്മാരും ഉപേക്ഷിച്ചിരിക്കുന്നുവെന്നും ഒരു പുതിയ ആദര്‍ശം -അത് ജമാ‌അത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തിന് സമാനമായത്- ഇവര്‍ സ്വീകരിച്ചിരിക്കുന്നുവെന്നും രഹസ്യക്ലാസ്സുകളിലും പിന്നീട് പ്രഭാഷണങ്ങളിലും കാസറ്റുകളിലും ലഘുലേഖകളിലും ജമാ‌അത്ത് വിരുദ്ധരായ മുജാഹിദുകളെ സ്വാധീനിക്കാന്‍ ഇത് ഒരു പരിധിവരെ സഹായിച്ചു. ഇതിന്റെ ഭാഗമായാണ് ഉമര്‍ മൌലവിയുടെ പേരില്‍ ഈ സംഘം പാരമൌണ്ട് ഹോട്ടലില്‍ യോഗം വിളിച്ചു ചേര്‍ത്തത്.

ഒന്നുകൂടി പറയട്ടെ, 1999ലെ സംഘടനാ തെരഞ്ഞെടുപ്പ് മധ്യസ്ഥ ശ്രമത്തെ തുടര്‍ന്ന് മാറ്റിവെക്കുകയും മധ്യസ്ഥന്മാരുടെ നിര്‍ദേശം വോട്ടിന് ഇട്ട് അംഗീകരിക്കുകയും ഉണ്ടായ കാര്യം അറിയാമല്ലോ. ഈ പാനലില്‍ മടവൂരിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും ഒതുക്കാന്‍ പ്രത്യേകം തന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ഇത് ആദര്‍ശവ്യതിയാന ആരോപണം ചര്‍ച്ച ചെയ്യാന്‍ പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുവൈത്തില്‍ നിന്ന് പി എന്‍ അബ്ദുല്ലത്തീഫ് മദനി വരികയും ചെയ്തു. ഇന്നേവരെ കെ എന്‍ എമ്മിന്റെ ഒരു യോഗത്തിലും ഉന്നയിക്കാത്ത, ചര്‍ച്ചകളില്‍ പോലും സൂചിപ്പിക്കാത്ത ആരോപണങ്ങള്‍ മുന്‍‌കാല പ്രാബല്യത്തോടെ ഇവിടെ അവര്‍ ഉന്നയിച്ചു. അതിന് അവിടെ വെച്ചു തന്നെ മറുപടിയും പറഞ്ഞിരുന്നു. സംഘടനയില്‍ ഒരു പ്രത്യേക ചേരി രൂപപ്പെട്ടുവെന്നതും ആ ചേരിക്ക് എല്ലാ ജില്ലകളിലും വക്താക്കള്‍ ഉണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടതും ഈ യോഗത്തില്‍ വെച്ചാണ്. അപ്പോള്‍ അവര്‍ സംഘടനയെ പിളര്‍ക്കാന്‍ എത്രകാലം മുമ്പുതന്നെ ആസൂത്രിതമായി നീങ്ങിയിരുന്നുവെന്ന് ആലോചിക്കാവുന്നതാണ്.

എന്നാല്‍ ആരെക്കുറിച്ച് മുഖ്യമായ ആരോപണം ഉന്നയിച്ചുവോ ആ വ്യക്തിയെ മാത്രം യോഗത്തിലേക്ക് ക്ഷണിച്ചില്ല. ഹുസൈന്‍ മടവൂരാണ് ആ വ്യക്തി. അദ്ദേഹം വിദേശത്തായിരുന്നു. അദ്ദേഹം വരുന്നത് വരെ യോഗം നീട്ടിവെക്കാന്‍ പോലും ആരും സന്മനസ്സ് കാണിച്ചില്ല. ഇതോടുകൂടി സംഘടന രണ്ട് ചേരിയായി പ്രവര്‍ത്തനം തുടങ്ങിയെന്നുപറയാം. ഈ നിലപാട് ശരിയല്ലെന്നും ഇതിന് അറുതിവരുത്തണമെന്നും ഐ എസ് എം ആഗ്രഹിച്ചു.

ഇതേതുടര്‍ന്നാണ് 2001ല്‍ കെ എന്‍ എം സംസ്ഥാന കമ്മിറ്റി ഐ എസ് എം, കെ എന്‍ എം ഭാരവാഹികളുടെ സംയുക്തയോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ ഐ എസ് എം ആദര്‍ശപ്രശ്നം ഉന്നയിച്ചു. എന്നാല്‍ കെ എന്‍ എം നേതാക്കളില്‍ പലരും അത് ഗൌരവമായി കണ്ടില്ല. അവര്‍ക്ക് പ്രശ്നം നീണ്ടുനീണ്ട് കാണണമെന്നായിരുന്നു ആഗ്രഹം. അല്ലെങ്കില്‍ അവരാണല്ലോ ഇതിന് മുന്‍‌കൈ എടുക്കേണ്ടിയിരുന്നത്.

ആദര്‍ശവ്യതിയാനാരോപണം സംഘടനാ വേദികളില്‍ ചര്‍ച്ചയാക്കാനും അതുവഴി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ലൈനിലേക്ക് കൊണ്ടുവരുവാനും സംഘടനയുടെ ഔദ്യോഗിക ചാനല്‍ ഉപയോഗപ്പെടുത്താന്‍ ചില നേതാക്കള്‍ ഒത്താശ ചെയ്തുകൊടുത്തു. ഇത് സംഘടനയെ ശിഥിലമാക്കുമെന്ന് മനസ്സിലാക്കിയ നിഷ്പക്ഷമായ ഏതാനും പേര്‍ ചേര്‍ന്ന് ഇതിന്റെ അപകടം നേതൃത്വത്തെ അറിയിച്ചിരുന്നു. സംഘടന രൂപീകൃതമായി 50 വര്‍ഷം പിന്നിട്ട ശേഷം വാര്‍ഷികം നടത്താന്‍ ഒരു സുപ്രഭാതത്തില്‍ അലി അബ്ദുറസാഖ് മദനി രൂപരേഖ തയ്യാറാക്കി. ഇതിന്റെ ഭാഗമായി എല്ലാ ഘടകങ്ങളിലും കണ്‍‌വെന്‍ഷനുകള്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഈ യോഗങ്ങളില്‍ ഒരു വിഭാഗത്തെ തഴയുകയും തങ്ങളുടെ ചേരിയിലെ ആളുകളെ മാത്രം മണ്ഡലം, ജില്ല കണ്‍‌വെന്‍ഷനുകളിലേക്ക് അയക്കുകയും അവര്‍ ആദര്‍ശവ്യതിയാനം ശാഖാതലം തൊട്ട് വിശദീകരിച്ച് പ്രശ്നം വഷളാക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചവരോട് എല്ലാം ഭരണസമിതി തീരുമാനമാണെന്ന് മറുപടി പറയുകയും ചെയ്തു. ഈ ഭരണസമിതി ഏകപക്ഷീയമാണെന്ന് അറിയാമല്ലൊ!

മര്‍കസുദ്ദ‌അ്വയും ഐ എസ് എം ഓഫീസും
ശബാബ് ദ്വൈവാരികയായി തുടങ്ങിയ കാലം മുതല്‍ ഐ എസ് എമ്മിന് സ്വന്തമായി ഓഫീസും ശബാബിന് പ്രസ്സും അത് നടത്തികൊണ്ടു പോകാന്‍ വരുമാനവും ഉണ്ടാക്കാന്‍ സാധ്യമാകുന്ന പ്രൊജക്റ്റുകളെ കുറിച്ച് ചിന്തിച്ചിരുന്നു. ശബാബ് അരീക്കോട് നിന്നും അച്ചടിച്ചിരുന്ന കാലത്ത് ഈ പ്രശ്നം കൂടുതല്‍ ശക്തമായി. അരീക്കോട് ടൌണില്‍ രണ്ടു സ്ഥലത്തായി കുറഞ്ഞ സെന്റ് ഭൂമി കെ വി മൂസ സുല്ലമിയുടെ നേതൃത്വത്തില്‍ വിലക്ക് വാങ്ങി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ ഭൂമിയ്ക്ക് സ്ഥലം വാങ്ങാന്‍ വിദേശ സഹായവും ലഭിച്ചിരുന്നു. ഈ സഹായം കെ എന്‍ എം ജന. സെക്രട്ടറിയായ കെ പി മുഹമ്മദ് മൌലവി അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടുമായിരുന്നു. എന്നാല്‍ പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ ആദ്യകാല നേതാക്കള്‍ക്ക് സാധ്യമാകാതെ പോയി. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ ഐ എസ് എം വന്ന ശേഷം ശബാബ് അച്ചടിയും ഓഫീസും അരീക്കോട് നിന്നും കോഴിക്കോട്ടേക്ക് മാറ്റി. എ വി അബ്ദുര്‍ റഹ്മാന്‍ ഹാജിയുടെ ഉടമസ്ഥത്യിലുള്ള ‘സംഗീത്‘ ബില്‍ഡിംഗില്‍ വാടകയ്ക്കാണ് പ്രസ്സും ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. ഈ വാടകക്കെട്ടിടം ഒഴിവാക്കാനും കൂടുതല്‍ സൌകര്യവും വിശാല ലക്ഷ്യവുമുള്ള ഒരു കേന്ദ്രം സ്ഥാപിക്കണമെന്നും ഐ എസ് എം പ്രവര്‍ത്തക സമിതിയും കൌണ്‍സിലും ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ഇതിന്റെ ഫലമായി തയ്യാറാക്കിയ ഒരു പ്രൊജക്റ്റും ഖത്തറിലെ വ്യവസായ പ്രമുഖനും സലഫീ പ്രവര്‍ത്തകനുമായ ഖലീഫ റബ്ബാന്‍ അംഗീകരിക്കുകയും അദ്ദേഹം അതിലെ എസ്റ്റിമേറ്റ് പ്രകാരം ഒരു ലക്ഷം ഖത്തര്‍ റിയാല്‍ സംഭാവനയായി നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ മര്‍കസുദ്ദ‌അ്വ നിലകൊള്ളുന്ന കെട്ടിടവും സ്ഥലവും വിലയ്ക്കു വാങ്ങിയത് 13 ലക്ഷം രൂപയ്ക്കായിരുന്നു. ഖലീഫ റബ്ബാന്‍ നല്‍കിയ പത്തുലക്ഷം കഴിച്ച് ബാക്കി സംഖ്യ ഐ എസ് എമ്മിന്റെ അരീക്കോടുള്ള സ്ഥലം വിറ്റാണ് സ്വരൂപിച്ചത്. മര്‍കസുദ്ദ‌അ്വ കെട്ടിട നിര്‍മാണത്തിന് ഏകദേശം നാല്പത് ലക്ഷം രൂപ ചിലവായിരുന്നു. ഇതില്‍ നാട്ടില്‍ നിന്ന് ഐ എസ് എം പ്രവര്‍ത്തകര്‍ മുഖേന മൂന്ന് ലക്ഷം രൂപ പിരിഞ്ഞു കിട്ടി. ഇതിനുവേണ്ടി കെ പി മുഹമ്മദ് മൌലവിയുടെ കത്ത് ഉപയോഗിച്ചിരുന്നു. എന്നാല്‍ ബാക്കി സംഖ്യ ഷോപ്പ് റൂമുകള്‍ വാടകയ്ക്ക് നല്‍കിയപ്പോള്‍ ലഭിച്ച അഡ്വാന്‍സും പിന്നീട് ഹുസൈന്‍ മടവൂര്‍ വിദേശ പര്യടനത്തിനിടയില്‍ സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. മര്‍കസുദ്ദ‌അ്വ നിര്‍മാണത്തിന് കുവൈത്തിലെ ഇഹ്‌യാഉത്തുറാസില്‍ ഇസ്‌ലാമിക്ക് അപേക്ഷ കെ പി മുഹമ്മദ് മൌലവി മുഖേന അയച്ചിരുന്നു. പിന്നീട് പി എന്‍ അബ്ദുല്ലത്തീഫ് മദനി ഈ അപേക്ഷ സ്വീകരിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് വാദിക്കുകയും അപേക്ഷ തിരസ്കരിക്കുകയും ചെയ്തു.

മര്‍കസുദ്ദ‌അ്വ വലിയൊരു പ്രൊജക്റ്റായി മാറും എന്നു കണ്ടപ്പോള്‍ സ്ഥലം വാങ്ങുന്ന സമയത്ത് തന്നെ സംസ്ഥാന കമ്മിറ്റിയും കൌണ്‍സിലും പ്രത്യേകം വിളിച്ചു ചേര്‍ത്തു. ഐ എസ് എം രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്നും സ്വത്തുകൈകാര്യം ചെയ്യാന്‍ ഒരു ട്രസ്റ്റ് രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുണ്ടായി. അതടിസ്ഥാനത്തില്‍ ഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും പകുതിസ്ഥലം ട്രസ്റ്റിന്റെ പേരില്‍ വാങ്ങുകയും ചെയ്തു. ബാക്കി പകുതി സ്ഥലമാണ് ഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ വാങ്ങിയത്. സംഘടനാ ചാനലില്‍ പകുതി പോലും സംഖ്യ പിരിച്ചെടുത്തിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നാല്‍ മര്‍കസുദ്ദ‌അ്വ കെട്ടിടം ഉദ്ഘാടനം നിശ്ചയിച്ചതോടെ വിവാദങ്ങള്‍ മുമ്പ് പറഞ്ഞ ലോബി ശക്തമാക്കി. അവര്‍ കെ പിയെ തെറ്റിദ്ധരിപ്പിച്ചു. അതുകാരണം കെ പി ഉദ്ഘാടന പരിപാടിക്ക് വന്നില്ല. തുടര്‍ന്ന് കെ പിയെ പോയി കണ്ട് യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. അടുത്ത മാസം പ്രത്യേക കൌണ്‍സില്‍ വിളിച്ചു ചേര്‍ത്ത് കെ പിയെ മര്‍കസുദ്ദ‌അ്വയിലേക്ക് ക്ഷണിക്കുകയും അതില്‍ കെ പി പങ്കെടുക്കുകയും സംതൃപ്തി രേഖപ്പ്പെടുത്തുകയും ചെയ്തു.

ഐ എസ് എമ്മിന്റെ പേരില്‍ തന്നെ മര്‍കസുദ്ദ‌അ്വ നില നില്‍ക്കട്ടെയെന്നും ട്രസ്റ്റിന്റെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തത് തെറ്റിദ്ധാരണയ്ക്ക് കാരണമാകുമെന്നും കെ പി സൂചിപ്പിച്ചിരുന്നു. അതിന്‍ പ്രകാരം ട്രസ്റ്റിന്റെ സ്ഥലം ഐ എസ് എമ്മിന്റെ പേരിലേക്ക് വഖഫായി രജിസ്റ്റര്‍ ചെയ്തുനല്‍കി. എന്നാല്‍ ഈ രജിസ്ട്രേഷന് അല്പം കാലതാമസം നേരിട്ടു. എന്നാല്‍ കെ പിയെ ഇതിന് പ്രേരിപ്പിച്ചത് മുമ്പ് സൂചിപ്പിച്ച ലോബിയുടെ കുതന്ത്രങ്ങളായിരുന്നു. ഐ എസ് എമ്മിന് ട്രസ്റ്റ് രൂപീകരിക്കാന്‍ പാടില്ലെന്ന് അവര്‍ ശഠിച്ചു. എന്നാല്‍ എം എസ് എം ട്രസ്റ്റ് രൂപീകരിച്ചതും കെ എന്‍ എം രണ്ടോ മൂന്നോ ട്രസ്റ്റ് രൂപീകരിച്ചതും ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ കെ പി പറഞ്ഞതിനാല്‍ മറ്റു ന്യായങ്ങള്‍ നോക്കാതെ ഞങ്ങള്‍ വാക്കുപാലിക്കുകയാണ് ചെയ്തത്. മര്‍കസുദ്ദ‌അ്വ ഇന്നും ഐ എസ് എമ്മിന്റെ പേരിലല്ലെന്നാരോപിക്കുന്നവര്‍ പുകപടലങ്ങള്‍ ഉയര്‍ത്തി അനാവശ്യ വിവാദങ്ങള്‍ഉണ്ടാക്കുകയാണ്. യാഥാര്‍ഥ്യങ്ങള്‍ കേള്‍ക്കാനോ കാണാനോ അവര്‍ തയ്യാറല്ല. ‘ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം’ എന്ന ചൊല്ല് അന്വര്‍ഥമക്കുകയാണിവര്‍.

മറ്റൊരു കാര്യവും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ഖലീഫ റബ്ബാന്‍ സുറൂറി (?)യും ഇഖ്‌വാനിയും ആണെന്നും അദ്ദേഹം മര്‍കസുദ്ദ‌അ്വ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചത് പ്രസ്ഥാനത്തെ പിളര്‍ത്താനാണെന്നും ചിലര്‍ ഉന്നയിച്ചു. എന്നാല്‍ ഇതിനു പിന്തുണ നല്‍കിയിരുന്ന അബ്ദുര്‍‌റഹ്മാന്‍ സലഫിയും ഐദീദ് തങ്ങളും റബ്ബാന് കീഴില്‍ ജോലി ചെയ്തവരായിരുന്നു. മാത്രമല്ല, നിരവധി മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ഖത്തറില്‍ ജോലി നല്‍കിയിട്ടുണ്ട്. 2008 ല്‍ ചങ്ങരംകുളത്ത് നടന്ന സമ്മേളനത്തിലേക്ക് ഖലീഫ റബ്ബാനെ നേരിട്ട് ക്ഷണിച്ചതും അബ്ദുര്‍‌റഹ്മാന്‍ സലഫിയായിരുന്നു. കൂടാതെ കെ എന്‍ എമ്മിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ജാമിഅ നദ്‌വിയ്യക്കും അദ്ദേഹം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കേ മര്‍കസുദ്ദ‌അ്വ സ്ഥാപിച്ചതോ ഖലീഫ റബ്ബാന്‍ സാമ്പത്തിക സഹായം നല്‍കിയതോ അല്ല പ്രശ്നം. ഹുസൈന്‍ മടവൂര്‍ ഐ എസ് എമ്മിലൂടെ പ്രസ്ഥാനരംഗത്ത് ശ്രദ്ധേയനാവുന്നു, അത് തങ്ങള്‍ക്ക് ദോഷകരമാകുമെന്ന ചില തല്പര കക്ഷികളുടെ ഭയമായിരുന്നു ആരോപണത്തിന് പിന്നില്‍ എന്ന് വ്യക്തമാകുന്നു.

സലഫി-ഇഖ്‌വാനി ഭിന്നതയും ആദര്‍ശവ്യതിയാനവും
ഹുസൈന്‍ മടവൂര്‍ പ്രസ്ഥാനരംഗത്ത് വളര്‍ന്നു വരുന്നതും കെ പി മുഹമ്മദ് മൌലവിയുടെ ആരോഗ്യം മോശമായി വരുന്നതും ചിലരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ പ്രേരണ നല്‍കി. ചില്ലറ ആരോപണങ്ങള്‍ക്കൊണ്ട് മുജാഹിദ് മനസ്സുകളെ മാറ്റിമറിക്കാന്‍ സാധ്യമല്ല എന്നു മനസ്സിലായപ്പോള്‍ ജമാ‌അത്തെ ഇസ്ലാമിയോടും അതിന്റെ ആശയങ്ങാളോടും മുജാഹിദുകള്‍ക്കുള്ള വിയോജിപ്പ് ഇളക്കിവിടാന്‍ ഒരു തുറുപ്പ്ശീട്ട് ഇറക്കാന്‍ ഇവര്‍ പരിപാടിയിട്ടു. അതാണ് ആദര്‍ശവ്യതിയാനാരോപണത്തിന്റെ യാഥാര്‍ഥ്യം! രണ്ട് തന്ത്രങ്ങളാണ് ഇവിരിതിന് ഉപയോഗപ്പെടുത്തിയത്. ഒന്ന്, ഗള്‍ഫ് സലഫികള്‍ക്കിടയിലുള്ള സലഫി-ഇഖ്‌വാനി ഭിന്നത ഇവിടെയും പ്രചരിപ്പിക്കുക. അതിന്ന് ‘തെളിവുകള്‍’ ശേഖരിക്കാന്‍ ഐ എസ് എം പ്രസിദ്ധീകരണങ്ങളിലേയും ഐ എസ് എം ഭാരവാഹികളുടെയും ഓരോ വാക്കും വരിയും അതിസൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരു ഗ്രൂപ്പിനെ ഇവര്‍ ചുമതല പ്പെടുത്തൂകയും ചെയ്തു.
രണ്ടാമത്തെ തന്ത്രം, ഗള്‍ഫിലുള്ള ഇസ്‌ലാഹി സെന്റര്‍ നേതാക്കളെ സ്വാധീനിച്ച് തൊഴില്‍രഹിതരായ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ഗള്‍ഫില്‍ ജോലി തരപ്പെടുത്തിക്കൊടുക്കുക എന്നതാണിത്. പുതിയ പ്രൊജക്റ്റുകളും പദ്ധതികളും തങ്ങളുടെ നയത്തിനും ചൊല്‍പ്പടിക്കും നില്‍ക്കുന്നവര്‍ നേതൃത്വത്തിലുള്ള പ്രദേശങ്ങളിലുള്ള മാത്രമാക്കി വെയ്ക്കുക. ഈ രണ്ട് തന്ത്രങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ കിണഞ്ഞ് പരിശ്രമിച്ചു. സുബൈര്‍ മങ്കടയെ പോലെയുള്ള ചില പണ്ഡിതന്മാര്‍ ആദര്‍ശവ്യതിയാനം സത്യമാണെന്ന് വിശ്വസിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് പിന്നീട് കാര്യങ്ങള്‍ ബോധ്യമാവുകയും അവരെ ചിലര്‍ ഉപയോഗപ്പെടുത്തിയതാണെന്ന് തിരിച്ചറിയുകയും ചെയ്തു.

1999ലെ തെരഞ്ഞെടുപ്പും
മധ്യസ്ഥന്മാരുടെ രംഗപ്രവേശവും

1999ലെ തെരഞ്ഞെടുപ്പില്‍ ശാഖാ മണ്ഡലം ജില്ലാ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് നടത്തേണ്ട സമയത്ത് മധ്യസ്ഥന്മാര്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എന്തിനാണെന്ന് മുഖ്യവരണാധികാരി കൌണ്‍സിലര്‍മാരെ അറിയിച്ചത് ഇങ്ങനെ വായിക്കാം. “കെ എന്‍ എം സംസ്ഥാന തെരഞ്ഞെടുപ്പ് പൂര്‍ണമായ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനു വേണ്ടി 30-04-2000ത്തിലേക്ക് മാറ്റിവെക്കണമെന്ന് കെ എന്‍ എം എക്സിക്യൂട്ടീവ് കമ്മിറ്റിയോട് അഭ്യര്‍ഥിക്കുന്നു എന്ന് മധ്യസ്ഥന്മാര്‍ നിര്‍ദേശിച്ച പ്രകാരമാണ് യോഗം മാറ്റിവെച്ചത്.” എന്നാല്‍ പൂര്‍ണമായ അഭിപ്രായ സമന്വയം ഉണ്ടായോ ഇല്ലയോ, മധ്യസ്ഥന്മാര്‍ക്ക് അനുരജ്ഞനം ഉണ്ടാക്കാന്‍ സാധിച്ചുവോ, എന്തുകൊണ്ട് ഐക്യം ഉണ്ടായില്ല -ഈകാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.

ജില്ലാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംസ്ഥാന ആലോചനാ സഭാ അംഗങ്ങളുടെ നിലപാട് വ്യത്യസ്തമായിരുന്നു. സംഘടനയില്‍ സ്ഥാനം ഉറപ്പിക്കാന്‍ സ്വയം കസേര ഉറപ്പിച്ചവര്‍ക്ക് ആ കസേരകളുടെ ഇളക്കം ബോധ്യമായിരുന്നു. എന്നാല്‍ ഞങ്ങള്‍ മധ്യസ്ഥന്മാരെ ഇറക്കിയിട്ടില്ല എന്ന് വീമ്പുപറയുന്നവര്‍ മധ്യസ്ഥന്മാര്‍ രംഗത്ത് വന്നപ്പോള്‍ അവരെ സമര്‍ഥമായി ഉപയോഗപ്പെടുത്തി എന്നതാണ് വാസ്തവം. മധ്യസ്ഥന്മാരെ നിയമിച്ചതുമുതല്‍ കൌണ്‍സിലര്‍മാരെ സ്വാധീനിക്കാന്‍ മുമ്പ് സൂചിപ്പിച്ച് ലോബിയും നിലവിലുള്ള നേതൃത്വത്തിലെ കുഞ്ചികസ്ഥാനങ്ങള്‍ വഹിക്കുന്നവരും കിണഞ്ഞ് പരിശ്രമിച്ചു. ‘കിണറ്റില്‍ ചാടാന്‍ പോവുകയാണെന്നും എന്നാല്‍ പോകുന്ന വഴിക്കാരോ ഉന്തിതള്ളിയപ്പോള്‍ ഒന്ന് ബലം പിടിച്ച് പിന്നോട്ട് നിന്നു’ എന്നുമാണ് ഇതു സംബന്ധിച്ച് ഒരു നേതാവ് പറഞ്ഞത്. ഭാരവാഹികളുടെ നിര്‍ണയം സംബന്ധിച്ച് മധ്യസ്ഥന്മാര്‍ തികച്ചും ഒരു വിഭാഗത്തിന്റെ കെണിയിലകപ്പെടുകയുമാണ് ചെയ്തത്. സംഘടന ഒരു പ്രത്യേക കോക്കസില്‍ അമര്‍ന്നു പോകാതിരിക്കാന്‍ പ്രസിഡന്റ്, ജന. സെക്രട്ടറി, ട്രഷറര്‍ എന്നീ മൂന്ന് സ്ഥാനങ്ങളില്‍ ഒരാളെയെങ്കിലും ഞങ്ങള്‍ നിര്‍ദേശിക്കുന്നവരില്‍ നിന്ന് നിശ്ചയിക്കണമെന്ന് അവസാനം വരെ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിച്ചില്ല. പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങളെ തുല്യമായി നിശ്ചയിക്കണമെന്നു പറഞ്ഞു നോക്കി. അതും അംഗീകരിച്ചില്ല. ഞങ്ങള്‍ എഴുതി നല്‍കുന്ന നിര്‍ദേശങ്ങള്‍ മറുവിഭാഗത്തിന് അപ്പപ്പോള്‍ ലഭിച്ചുതുടങ്ങി. ഇതും മധ്യസ്ഥന്മാരെ കുറിച്ച് സംശയത്തിനുകാരണമായി. മധ്യസ്ഥന്മാര്‍ രജ്ഞിപ്പും യോജിപ്പും ഉണ്ടാക്കുന്നതിനുമുമ്പ് ഏകപക്ഷീയമായി ഒരു പാനല്‍ പ്രഖ്യാപിച്ചു. ഏകപക്ഷീയമായ പ്രഖ്യാപനത്തില്‍ വിയോജിച്ച് ഞങ്ങള്‍ ഇറങ്ങിപ്പോരുകയും അഭിപ്രായം പിന്നീട് പറയാം എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് രേഖാമൂലം ഈ ഏകപക്ഷീയ തീരുമാനം സ്വീകര്യമല്ലെന്ന് എഴുതി നല്‍കുകയും ചെയ്തു. ഇതില്‍ നിന്നും മധ്യസ്ഥശ്രമം നടന്നു എന്നും എന്നാല്‍ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വ്യക്തമാണ്. മധ്യസ്ഥത എന്തു കൊണ്ടു പരാജയപ്പെട്ടു എന്ന് പരിശോധിക്കാം.

1. മധ്യസ്ഥ തീരുമാനം വോട്ടിനിടുകയാണ് ചെയ്തത്! വോട്ടെടുപ്പില്‍ പങ്കെടുത്ത 212 പേരില്‍ 105 പേര്‍ മധ്യസ്ഥതീരുമാനം അംഗീകരിക്കുന്നില്ലെന്നും 107 പേര്‍ അംഗീകരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ഇതടിസ്ഥാനത്തില്‍ രണ്ട് വോട്ടിന് മധ്യസ്ഥ തീരുമാനം സാങ്കേതികമായി അംഗീകരിക്കപ്പെട്ടു.

2. തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് പൂര്‍ണമായ സമന്വയത്തിനാണ് എന്ന് വരണാധികാരി പറയുന്നു. എന്നാല്‍ മധ്യസ്ഥന്മാര്‍ ഉണ്ടാക്കിയ പാനലില്‍ ഒമ്പതു പേര്‍ ഒരു പക്ഷത്തും ഇരുപത്തിനാലു പേര്‍ മറുപക്ഷത്തും രണ്ടുപേര്‍ നിഷ്പക്ഷവുമായത് എങ്ങിനെ? 35ല്‍ 18ഉം 17ഉം എന്ന നിലയ്ക്കാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ വരേണ്ടിയിരുന്നത്. മുകളില്‍ സൂചിപ്പിച്ച വോട്ടിംഗ് നില ഇത് സാധൂകരിക്കുന്നു.

3. മധ്യസ്ഥ തീരുമാനം എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷമാണ് തയ്യാറാക്കിയത് എന്ന് പറയുന്നത് ശരിയല്ല. ഇരുവിഭാഗവും അംഗീകരിച്ച് ഒപ്പുവെച്ച രേഖകള്‍ ഹാജരാക്കുവാന്‍ അര്‍ക്കും സാധ്യമല്ല. രണ്ടു വിഭാഗങ്ങളുമായി ഉണ്ടാക്കുന്ന മധ്യസ്ഥ തീരുമാനങ്ങളില്‍ രണ്ടുകക്ഷികളും മധ്യസ്ഥന്മാരും ഒപ്പുവെക്കേണ്ടതില്ലേ? അങ്ങനെയല്ലേ നാട്ടില്‍ മധ്യസ്ഥം നടത്താറുള്ളത്? ഇവിടെ ഒരു വിഭാഗവും ഒപ്പുവെച്ചിട്ടില്ല. മധ്യസ്ഥന്മാര്‍ മാത്രം ഒപ്പുവെക്കുകയാണ് ചെയ്തത്!

4. മധ്യസ്ഥന്മാരെ നിശ്ചയിച്ച ശേഷം അവരുടെ നിഷ്പക്ഷത ചോദ്യം ചെയ്യല്‍ മാന്യതയല്ല എന്നറിയാം. എന്നാല്‍ ഈ മാന്യത ചോദ്യം ചെയ്തത് മറുവിഭാഗമാണ്. ഒരു കത്തില്‍ ഹുസൈന്‍ മടവൂരിന്റെ പേര് ഭാരവാഹി പട്ടികയില്‍ ചേര്‍ത്തും മറ്റൊരു കത്തില്‍ പേര് ഒഴിവാക്കിയും രണ്ടുവിധം കത്തുകള്‍ മധ്യസ്ഥന്മാര്‍ കൌണ്‍സിലര്‍മാര്‍ക്ക് അയച്ചു. ഇത് മധ്യസ്ഥന്മാരുടെ മാന്യത അവര്‍ തന്നെ കളഞ്ഞതിന് തെളിവാണ്. മാത്രമല്ല, ഈ വ്യത്യസ്ഥ കത്തുകളെ സുബൈര്‍ മങ്കടയും മറ്റും എതിര്‍ത്ത് രംഗത്ത് വരികയും മധ്യസ്ഥന്മാരോട് നേരിട്ട് സംവദിക്കുകയും ചെയ്തില്ലേ? അപ്പോള്‍ മധ്യസ്ഥ തീരുമാനം ചോദ്യം ചെയ്തത് മറുവിഭാഗമല്ലേ?

5. വോട്ടെടുപ്പ് ദിവസം അപരിചിതരായ ആളുകള്‍ പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ വന്നതും അവര്‍ ആരുടെയോ കല്പന പ്രതീക്ഷിച്ച് ജാഗ്രതപാലിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ആരുടെ താല്പര്യം കാക്കാനായിരുന്നു? കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത മൂന്നു പേര്‍ വോട്ടുചെയ്യാതെ പിന്മാറി. ഇവരില്‍ രണ്ടുപേര്‍ മറുപക്ഷത്തിന് എതിരായവരായിരുന്നു. അവര്‍കൂടി വോട്ട് ചെയ്താല്‍ തുല്യവോട്ട് ലഭിക്കും. എങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? അല്ലാഹു കാത്തുരക്ഷിച്ചു എന്ന് ഞങ്ങള്‍ സമാധാനിക്കുന്നു. ഞങ്ങള്‍ 105 ആയി ചുരുങ്ങിയത് ഒരു സംഘടനയുടെ, അതും മതസംഘടനയുടെ തെരഞ്ഞെടുപ്പ് സംഘട്ടനത്തില്‍ കലാശിക്കാന്‍ കാരണമായില്ല എന്ന കാര്യത്തില്‍ എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അല്ലാഹുവിനെ സ്തുതിക്കുന്നു. നേരെ മറിച്ചായിരുന്നെങ്കില്‍ ഞങ്ങളില്‍ പലരുടെയും ജീവന്‍ അപകടത്തിലാകുമായിരുന്നു.

ഐ എസ് എമ്മിനെ പിരിച്ചുവിട്ടത് എന്തിന്?
ആഗസ്റ്റ് 17 അല്ല, ആഗസ്റ്റ് 12 ആണ് സംഘടനാ ചരിത്രത്തില്‍ ദുരന്തം സൃഷ്ടിച്ചത്. രണ്ടാം ശനിയാഴ്ച്ചയ്ക്ക് മുന്‍പുള്ള വെള്ളിയാഴ്ച പത്രങ്ങളില്‍ യോഗവിവരം പരസ്യം ചെയ്യുക. അതുകഴിഞ്ഞ് തിങ്കളാഴ്ച ഒമ്പത് മണിക്ക് യോഗം ചേരുക. നിയമപരിരക്ഷ ഉറപ്പുവരുത്തി കോടതി വ്യവഹാരത്തിലെ മികവ് തെളിയിച്ച് അലി അബ്ദുര്‍‌റസ്സാഖ് മദനിയുടെ മനസ്സ് എന്തുകൊണ്ട് ഞങ്ങളുടെ മുന്നില്‍ കൊട്ടിയടച്ചുവെന്ന് അപ്പോഴാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ബോധ്യമായത്. കെ എന്‍ എം യോഗം ഇങ്ങനെ പത്രപരസ്യം നല്‍കി വിളിച്ചുചേര്‍ത്ത ചരിത്രമില്ല. ഇത് ഒരു വിഭാഗത്തിനെതിരെ നിയമ നടപടിക്ക് തളിവ് ഉണ്ടാക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഇതുവഴി അദ്ദേഹത്തിന് ആദര്‍ശവ്യതിയാനാരോപകരുടെ അഭിനന്ദനവും പ്രോത്സാഹനവും പിന്തുണയും ആര്‍ജിക്കാന്‍ കഴിഞ്ഞു. എന്നാല്‍ സംഘടനക്ക് അതിന്റെ അന്തസ്സും വളര്‍ച്ചയും നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തു.

ഐ എസ് എമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകസമിതിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് 12-08-2002 ന് ചേര്‍ന്ന കെ എന്‍ എം ഭരണസമിതിയാണ്. എന്നാല്‍ അതിനുമുമ്പ് എടവണ്ണയിലും മഞ്ചേരിയിലും ചേര്‍ന്ന ഗ്രൂപ്പുയോഗത്തിലെ തീരുമാനം അന്ന് ഔപചാരികമായി നടപ്പില്‍ വരുത്തുകയാണ് ചെയ്തത്. ഐ എസ് എമ്മിനെ പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം മൂന്ന് ദിവസം മുമ്പ് തന്നെ പരസ്യമായിരുന്നു. ഈ വിവരമറിഞ്ഞപ്പോള്‍ സംഘടന പിളരാന്‍ പാടില്ലെന്നും ഐ എസ് എമ്മിനെ പിരിച്ചുവിട്ട് അതിന് പ്രേരണ നല്‍കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുകയും അതിനു വേണ്ടി നിരന്തരം പരിശ്രമിക്കുകയും ചെയ്തു. ആദര്‍ശവ്യതിയാന നിലപാടില്‍ ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ച സുബൈര്‍ മങ്കടയെ തന്നെ സമീപിച്ച് ഇക്കാര്യം ഞാനും പി ടി വീരാന്‍ കുട്ടി സുല്ലമിയും സംസാരിച്ചുനോക്കി. അന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം പുറത്തുവന്നിട്ടില്ല. സുബൈറിന് സംഘടന പിളര്‍ക്കണമെന്ന് ആഗ്രഹമില്ലെന്നും കെ ജെ യു തീരുമാനം അംഗീകരിക്കുമെങ്കില്‍ പ്രശ്നം തീരുമെന്നും അദ്ദേഹവുമായുള്ള സംസാരത്തില്‍ നിന്ന്‍ ഞങ്ങള്‍ക്ക് ബോധ്യമായി. കെ ജെ യു തീരുമാനം ഞങ്ങള്‍ മുമ്പ് തന്നെ അംഗീകരിച്ചതാണെന്നും ഇത് വീണ്ടും ബോധ്യപ്പെടുത്താന്‍ എന്തു വേണമെങ്കിലും ചെയ്യാമെന്നും ഞങ്ങള്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. തുടര്‍ന്ന് ഞങ്ങള്‍ എ പി അബ്ദുല്‍ഖാദിര്‍ മൌലവി, അലി അബ്ദുര്‍‌റസ്സാഖ് മദനി, ടി പി അബ്ദുല്ലക്കോയ മദനി എന്നിവരെ പോയി കണ്ടു. എ പി യാതൊരു പിടിയും തരാതെ പൊതുകാര്യങ്ങള്‍ പറഞ്ഞ് അകന്നിരുന്നു. അലി അബ്ദുര്‍‌റസാഖ് മദനി വളരെ തന്ത്രപൂര്‍വമാണ് ഞങ്ങളോട് സംസാരിച്ചത്. കടും‌പിടുത്തം അദ്ദേഹത്തിന്റെ പ്രകൃതമാണ്. തനിക്ക് സ്വീകാര്യമല്ലാത്ത എന്തും അദ്ദേഹം ശക്തമായി എതിര്‍ക്കും. ദേഷ്യവും വെറുപ്പും മുഖഭാവത്തില്‍ തന്നെ പ്രകടമാവുകയും ചെയ്യും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ചിരിച്ചും തമാശ പറഞ്ഞും ഗൌരവമില്ലാതെയും സംസാരിക്കും. ഇത് പ്രശ്നം അദ്ദേഹം ഗൌരവമായി എടുത്തിട്ടില്ല എന്നതിന്റെ തെളിവുമായിരിക്കും. അദ്ദേഹത്തിന്റെ ഈ സ്വഭാവം ഞങ്ങള്‍ക്ക് ആദ്യമേ അറിയാമായിരുന്നു. വലിയോറയില്‍ ചെന്നപ്പോള്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. അവിടെയുള്ള ചില സുഹൃത്തുക്കളുമായി ഞങ്ങള്‍ സംസാരിച്ച് നേരം പോക്കി. അവരും മദനിയുടെ ഈ സ്വഭാവം ഞങ്ങളെ ഓര്‍മിപ്പിച്ചു. രാത്രി വൈകി മദനി വന്നു. ഞങ്ങള്‍ സംസാ‍രം തുടങ്ങി. ചിരിയും തമാശയും പ്രകടമായി. ഞങ്ങള്‍ക്ക് ലക്ഷ്യം നേടാന്‍ സാധിക്കുകയില്ല എന്ന് ആ ചിരി വ്യക്തമാക്കിത്തന്നു. ഐ എസ് എമ്മിനെ പിരിച്ചുവിടുന്ന വിഷയത്തിലോ സംഘടനാപ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ഫോര്‍മുല രൂപപ്പെടുത്തുന്നതിനോ ആ സംസാരം ഒരു വെളിച്ചവും നല്‍കിയില്ല. ഞങ്ങള്‍ക്കുമുമ്പില്‍ മദനിയുടെ ഹൃദയകവാടം കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. പ്രസ്ഥാനം രണ്ടാക്കാനും ഐ എസ് എമ്മിനെ പിരിച്ചുവിടുവാനും തീരുമാനിച്ച ആ ഹൃദയം തുറക്കാതെ പോയതില്‍ അത്ഭുതമില്ല.

അടുത്ത ദിവസം ഞങ്ങള്‍ ടി പി അബ്ദുല്ലക്കോയ മദനിയെ പോയിക്കണ്ടു. അദ്ദേഹവും സമര്‍ഥമായിതന്നെ സംസാരിച്ചു. എന്നാല്‍ സമയം കഴിഞ്ഞു എന്നും ഇനി തീരുമാനം മാറ്റുക സാധ്യമല്ലെന്നും എല്ലാം ഉറച്ചുതന്നെയാണ് പോകുന്നതെന്നും അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ ഒരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ലെന്നും ആരെയോ അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും ഞങ്ങള്‍ക്ക് തോന്നി. നിങ്ങള്‍ ഇങ്ങനെ ഇനിയും സൌഹാര്‍ദം പുലര്‍ത്തണാമെന്നും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന്‍ അദ്ദേഹം ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് സംഘടന രണ്ടായ ശേഷമുള്ള സമീപനമാണെന്ന് അപ്പോള്‍ ഞങ്ങാള്‍ക്ക് മനസ്സിലായില്ല. രാഷ്ട്രീയ-സാമൂഹ്യ നേതാക്കളേയും ഞങ്ങള്‍ സമീപിച്ചു. അവര്‍ എ പി യെയും ടി പിയെയും വിളിച്ച് കടുത്ത തീരുമാനം എടുക്കരുതെന്നാവശ്യപ്പെട്ടു. എന്നാല്‍ മുമ്പേ എടുത്തൊരു തീരുമാനം മിനുട്സില്‍ എഴുതിചേര്‍ക്കാനേ അവസരം ഉണ്ടായിരുന്നുള്ളൂ. മിനുട്സ് ആദ്യമേ തയ്യാറാക്കിയതായിരുന്നു. ആഗസ്റ്റ് 12ന് അതില്‍ ഒപ്പുവെയ്ക്കപ്പെട്ടു. ഈ ദിനമാണ് പത്രങ്ങളും ചാനലുകളും ആഘോഷിച്ചത്. ഞങ്ങള്‍ മൂകരായി നിന്നു. സംഘടനയുടെ പിളര്‍പ്പിന് ഈ തീരുമാനമാണ് കാരണമായത്.

പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും
കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം വരുത്തിയ പരിവര്‍ത്തനങ്ങളും സമൂഹത്തില്‍ പ്രസ്ഥാനം നേടിയ അംഗീകാരവും ആരിലും മതിപ്പുളവാക്കുന്നതാണ്. ശിര്‍ക്ക്-ബിദ്‌അത്തുകളില്‍ നിന്ന് സമുദായത്തെ മോചിപ്പിച്ച് യഥാര്‍ഥ തൌഹീദിലേക്ക് വെളിച്ചം കാണിക്കാന്‍ പ്രസ്ഥാനത്തിന് സാധ്യമായി. എതിര്‍പ്പുകളെയും വെല്ലുവിളികളെയും നേരിട്ട് ആദ്യകാല പണ്ഡിതന്മാരും നേതാക്കളും അനുഷ്ഠിച്ച ത്യാഗങ്ങളുടെ ഫലമായിരുന്നു ഇത്. അതുകൊണ്ടുതന്നെ പ്രസ്ഥാനം വളരുകയും ശക്തിപ്രാപിക്കുകയും ചെയ്തപ്പോള്‍ സമുദായത്തിലെ നല്ലൊരു വിഭാഗം പ്രസ്ഥാനത്തെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഏതൊരു പ്രസ്ഥാനത്തിനും സംഭവിക്കുന്നത് പോലെ ആളും അര്‍ഥവും കൂടിയപ്പോള്‍ സംഘടനാരംഗത്ത് ഗുണകരമല്ലാത്ത പ്രവണതകള്‍ പ്രകടമായി. അധികാരമോഹവും ഗ്രൂപ് താല്പര്യങ്ങളും പലരെയും പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഓഫീസില്‍ നിന്ന് മുജാഹിദ് സെന്ററിലേക്ക് ഓഫീസ് മാറ്റിയതോടെ സൌകര്യങ്ങള്‍ വര്‍ധിച്ചു. വിദേശത്തുനിന്ന് പണ്ഡിതന്മാര്‍ക്ക് ശമ്പളവും അലവന്‍സുകളും ലഭിച്ചുതുടങ്ങിയതും പള്ളികള്‍ക്കും മറ്റും സാമ്പത്തിക സഹായം ലഭിക്കാന്‍ ക്രമീകരണം ഉണ്ടായതും വളര്‍ച്ചയെ സഹായിക്കുന്നതോടൊപ്പം സ്വാര്‍ഥതാത്പര്യക്കാര്‍ സംഘടനയെ പിടിമുറുക്കുന്നതിന് ആക്കം കൂട്ടുകയും ചെയ്തു. സുതാര്യമായി കൈകാര്യം ചെയ്യേണ്ട കണക്കുകള്‍ ഒരു ലോബിയുടെ സ്വകാര്യ ഇടപാട് മാത്രമായി അധപതിച്ചു. ജനറല്‍ സെക്രട്ടറിയെ സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കാന്‍ ഫിനാന്‍സ് സെക്രട്ടറിയും അദ്ദേഹത്തെ സഹായിക്കാന്‍ കണക്കെഴുത്തുകാരും നിയമിതരായി. എന്നാല്‍ കണക്കെഴുതുന്നവര്‍ തന്നെ ഓഡിറ്റര്‍മാരായും ഓഡിറ്റര്‍മാര്‍ തന്നെ കണക്കെഴുത്തുകാരായും വന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. ഈ ഓഡിറ്റര്‍മാരുടെ താല്പര്യസംരക്ഷകരായതോടെ ഓഡിറ്റര്‍മാരില്‍ വിശ്വാസം നഷ്ടപ്പെട്ടു. ജനാബ് സി പി ഉമര്‍ സുല്ലമി നിരവധി യോഗങ്ങളില്‍ ഈ വസ്തുത ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കൊച്ചാക്കാനാണ് പലരും ശ്രമിച്ചത്. മാത്രമല്ല, തൌഹീദ് പ്രഭാഷണ രംഗത്ത് നിരന്തരം പ്രസംഗങ്ങള്‍ നടത്തിയ സി പിക്കു പോലും തൌഹീദ് മനസിലായിട്ടില്ലെന്നും ആദര്‍ശവ്യതിയാനം വന്നിരിക്കുന്നു എന്നും വരുത്തി തീര്‍ത്ത് സി പി യുടെ സാമ്പത്തിക ആരോപണത്തിന് മറപിടിക്കാനാണിവര്‍ ശ്രമിച്ചത്.

കെ പി മുഹമ്മദ് മൌലവിയുടെ കാലത്ത് അദ്ദേഹത്തിന്റെ നിഷ്പക്ഷതയും സത്യസന്ധതയും കാരണം വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാല്‍ കെ പിയുടെ മരണശേഷം സ്ഥിതിഗതികള്‍ മാറി. കെ പി മൌലവിയുടെ മയ്യിത്ത് മറമാടും മുമ്പ് തന്നെ എ പി അബ്ദുല്‍ഖാദിര്‍ മൌലവി ജനറല്‍ സെക്രട്ടറിയായി നിയമിതനായി. പ്രസിഡന്റായിരുന്ന ഡോ. ഉസ്മാന്‍ സാഹിബിനെ തെറ്റിദ്ധരിപ്പിച്ചാണ് ഈ നിയമനം നടന്നത്. എല്ലാവരോടും കൂടിയാലോചന നടത്തിയെന്നും അവര്‍ എ പി യെ ജനറല്‍ സെക്രട്ടറിയാക്കാന്‍ സമ്മതിച്ചുവെന്നും അലി അബ്ദുര്‍‌റസ്സാഖ് മദനി അവകാശപ്പെടുന്നുണ്ട്. ഓരോരുത്തരെ നേരില്‍ കണ്ട് സമ്മതം വാങ്ങുന്നതിനേക്കാള്‍ എളുപ്പമായിരുന്നു കൌണ്‍സിലര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുക എന്നത്. അന്‍സാര്‍ കോളേജില്‍ അതിന് സൌകര്യവും ഉണ്ടായിരുന്നു. അങ്ങനെ സുതാര്യമായി നടക്കേണ്ട കാര്യങ്ങള്‍ വളഞ്ഞ വഴിക്ക് ചെയ്യാന്‍ കെ പി യുടെ വിടവാങ്ങലോടെ തുടക്കം കുറിച്ചു. എ പി അബ്ദുല്‍ഖാദിര്‍ മൌലവിയെ നേരായ മാര്‍ഗത്തിലൂടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതിനെ ആരും എതിര്‍ക്കുമായിരുന്നില്ല. പക്ഷെ, അദ്ദേഹത്തിന് തന്നെ അനുകൂലിക്കുന്ന ഗ്രൂപ്പില്‍ സ്ഥനമുറപ്പിക്കാന്‍ ഈ വളഞ്ഞവഴി അനിവാര്യമായിരുന്നു.

ഏതൊരു പ്രസ്ഥാനത്തിനും യുവ വിഭാഗങ്ങള്‍ തിരുത്തല്‍ ശക്തിയായിട്ടാണ് പ്രവര്‍ത്തിക്കുക. യുവാക്കളുടെ മനശാസ്ത്രവും യുവത്വത്തിന്റെ സവിശേഷതകളും അറിയുന്ന ഏതൊരാള്‍ക്കും ഇത് ഗ്രാഹ്യമാണ്. എന്നാല്‍ യുവാക്കളുടെ സംഘടിത ശക്തിയെ ഭയപ്പെടുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്യാനാണ് നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിച്ചത്. അത് 2002 ആഗസ്റ്റ് 12 ഓടുകൂടി പൂര്‍ത്തിയാകുകയും ചെയ്തു. പുളിക്കല്‍ മുതല്‍ പിലാത്തറവരെയുള്ള എല്ലാ സമ്മേളനങ്ങളിലും അവരെ ഏല്പിച്ച മറ്റു പ്രവര്‍ത്തനങ്ങളിലും കഠിനാധ്വാനം ചെയ്തവരായിരുന്നു യുവാക്കള്‍. ഈ യുവാക്കളെ തളര്‍ത്താന്‍ മഞ്ചേരിയിലും എടവണ്ണ ജാമിഅ നദ്‌വിയ്യയിലും ഗ്രൂപ് യോഗങ്ങള്‍ ചേരുകയും ഐ എസ് എമ്മിന്റെ നേതൃത്വത്തെ പ്രസ്ഥാനത്തില്‍ നിന്നും പിഴുതെറിയാന്‍ അണിയറ നീക്കങ്ങള്‍ നടത്തുകയും ചെയ്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. സ്വാഭാവികമായും ഈ നീക്കങ്ങളുടെ മുനയൊടിക്കാന്‍ യുവാക്കള്‍ രംഗത്തുവന്നു. ഐ എസ് എം പ്രവര്‍ത്തകര്‍ സംഘടനാരംഗത്ത് ശക്തമാണെന്നും അവരെ ഭിന്നിപ്പിക്കാന്‍ സ്വാര്‍ഥതാത്പര്യക്കാര്‍ക്ക് സാധ്യമാവുകയില്ലെന്നും തെളിയിക്കാനായി ഫറോഖില്‍ പ്രത്യേക പ്രതിനിധിസമ്മേളനം നടത്താന്‍ ഐ എസ് എം തീരുമാനിച്ചു. കോരിച്ചൊരിയുന്ന മഴയത്തും ആയിരക്കണക്കിന് ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ സമ്മേളനം കെ എന്‍ എം പ്രസിഡന്റും മറ്റും അറിഞ്ഞില്ലെന്നതാണ് ഐ എസ് എമ്മിനെ പിരിച്ചുവിടാന്‍ ഒരു കാരണമായി പറഞ്ഞിരുന്നത്. യഥാര്‍ഥത്തില്‍ മഞ്ചേരിയിലും സംഘടനയുടെ ഔദ്യോഗിക സ്ഥാപനമായ ജാമിഅയിലും ഐ എസ് എമ്മിനെതിരില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതല്ലേ മാതൃസംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും ആദ്യം ശ്രദ്ധിക്കേണ്ടിയിരുന്നത്? അതവര്‍ ചെയ്തില്ലെന്നുമാത്രമല്ല, അതിനവര്‍ വളം വെച്ചുകൊടുക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു! ചതിയും വഞ്ചനയും പതിവാക്കി സാധാരണക്കാരായ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നിരവധി മുജാഹിദ് പ്രവര്‍ത്തകരെ ഇവര്‍ നിഷ്ക്രിയരാക്കി. മധ്യസ്ഥശ്രമം പരാജയപ്പെട്ട ശേഷം നടന്ന സംഘടനാ തെരഞ്ഞെടുപ്പ് യോഗത്തില്‍ മധ്യസ്ഥ നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് അംഗീകാരം വാങ്ങാനാണ് ഇവര്‍ ശ്രമിച്ചത്. സാങ്കേതികമായി രണ്ട് വോട്ട് കൂടുതല്‍ ലഭിച്ചത് കാരണം ആ നിര്‍ദ്ദേശം ഞങ്ങള്‍ അംഗീകരിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് യഥാവിധി നടത്തുന്നതിനുപകരം ഇരുവിഭാഗവും ഐക്യഖണ്ഠേന അംഗീകരിക്കേണ്ട മധ്യസ്ഥ നിര്‍ദേശം വോട്ടിനിട്ട് കുതന്ത്രം പയറ്റാനാണ് അലി അബ്ദുര്‍‌റസ്സാഖ് മദനി ശ്രമിച്ചത്. ‘മധ്യസ്ഥ തീരുമാനം അംഗീകരിക്കുന്നു’; ‘മധ്യസ്ഥ തീരുമാനം എതിര്‍ക്കുന്നു’ എന്ന രണ്ടഭിപ്രായങ്ങള്‍ എഴുതിനല്‍കുക. ഇതില്‍ കൂടുതല്‍ പേര്‍ എഴുതിയ അഭിപ്രായം അംഗീകരിക്കുക. ഇതായിരുന്നു തന്ത്രം. ഇതില്‍ എവിടെ തന്ത്രം എന്നു ചോദിക്കാം. മധ്യസ്ഥന്മാര്‍ക്ക് യോജിച്ചതീരുമാനം ഉണ്ടാക്കാനാവാത്തതില്‍ മധ്യസ്ഥശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍ പരാജയപ്പെട്ട മധ്യസ്ഥ നിര്‍ദേശം ഇരുവിഭാഗവും അംഗീകരിച്ച തീരുമാനമാണെന്ന് വരുത്തിത്തീര്‍ക്കാനും ഒരു വിഭാഗം, ബോധപൂര്‍വ്വം അംഗീകരിക്കപ്പെട്ട മധ്യസ്ഥ തീരുമാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനും മേല്പറഞ്ഞരീതിയില്‍ അഭിപ്രായങ്ങള്‍ എഴുതിനല്‍കുന്നതില്‍ സാധ്യമാകും. നിഷ്പക്ഷരും ലോലഹൃദയരുമായ ചിലരെങ്കിലും അവര്‍ ഞങ്ങാളുടെ ഭാഗത്താണെങ്കിലും ഇങ്ങനെ എഴുതിനല്‍കാന്‍ മടിക്കും. ഈ അവസരം മുതലെടുക്കാനാണ് ‘മധ്യസ്ഥ തീരുമാനം എതിര്‍ക്കണം’ എന്നുകൂടി എഴുതിനല്‍കാന്‍ നിര്‍ദേശിച്ചത്. അതിന് ഫലം ഉണ്ടാവുകയും, യോഗത്തിനുവന്ന ചിലര്‍ ഒന്നും എഴുതി നല്‍കാതെ ഇറങ്ങിപ്പൊവുകയും ചെയ്തു. അങ്ങിനെ അഭിപ്രായശേഖരണം കഴിഞ്ഞു. രണ്ടുപേരുടെ അധികപിന്തുണ മധ്യസ്ഥതീരുമാനം അംഗീകരിക്കണം എന്നതിനു ലഭിച്ചു. ഇത് സാങ്കേതികമായി ഒരുപക്ഷത്തിന്റെ വിജയമായിരുന്നു. അത് ഞങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. മധ്യസ്ഥം അംഗീകരിക്കാത്തവര്‍ ജനാധിപത്യം അംഗീകരിച്ചു എന്ന് തുടര്‍ന്ന് ആക്ഷേപം പ്രചരിപ്പിക്കുകയും ചെയ്തു. മാത്രമല്ല; കൌണ്‍സില്‍ യോഗം കഴിഞ്ഞു. അടുത്ത ദിവസം ‘മാധ്യമം’ പത്രത്തില്‍ ഞങ്ങള്‍ ഒമ്പത് പേര്‍ രാജിവെച്ചു എന്ന് കള്ളവാര്‍ത്ത കൊടുത്ത് വീണ്ടും മറുവിഭാഗം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. പ്രശ്നങ്ങള്‍ അവസാനിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. 35 അംഗ പാനലില്‍ ഒമ്പത് പേര്‍ മാത്രമാണ് ഒരു ഭാഗത്തുള്ളത് എന്ന് ഉറപ്പുവരുത്താന്‍ ഈ രാജിനാടകത്തിലൂടെ മറുവിഭാഗം ശ്രദ്ധിച്ചു. മധ്യസ്ഥന്മാരുടെ പാനല്‍ നിഷ്പക്ഷമല്ലെന്നും ഒരു വിഭാഗത്തിനു വേണ്ടിമാത്രം തയ്യാറാക്കിയതാണ് എന്ന വസ്തുതയും ഇതോടെ കൂടുതല്‍ സ്പഷ്ടമായി.

ജം‌ഇയത്തുല്‍ ഉലമയും നീല പുസ്തകവും
ആദര്‍ശവ്യതിയാനാരോപണം ശക്തമായ സന്ദര്‍ഭത്തില്‍ അതു സംബന്ധിച്ചതീരുമാനമെടുക്കാന്‍ കേരള ജം‌ഇയത്തുല്‍ ഉലമ ഇടപെടണമെന്നാവശ്യപ്പെട്ടത് ഐ എസ് എം സംസ്ഥാന നേതാക്കളായിരുന്നു. അതിനുമുന്നോടിയായി ഇരുവിഭാഗവും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അതില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രശ്നം ജം‌ഇയത്തുല്‍ ഉലമയ്ക്ക് വിട്ടത്. അവര്‍ യോഗം ചേര്‍ന്ന് ബന്ധപ്പെട്ടവരുടെ വിശദീകരണങ്ങള്‍ കേട്ടശേഷം വ്യതിയാനാരോപണത്തില്‍ കഴമ്പില്ലെന്ന നിഗമനത്തിലെത്തി. എല്ലാ അംഗങ്ങളും ഈ തീരുമാനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍ ഔപചാരികമായി കെ ജെ യു തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കും മു‌ന്‍പ് ആ തീരുമാനങ്ങളുടെ ഫോട്ടോകോപ്പികള്‍ ഗള്‍ഫ് നാടുകളിലും നാട്ടിലെ ശാഖാകമ്മിറ്റികളില്‍ ഗ്രൂപ്പ് വക്താക്കളുടെ കൈവശവും വന്ന് പെട്ടു. ഈ പ്രശ്നം കെ ജെ യുവിന്ന് വിടാന്‍ നിര്‍ദേശിച്ച ഐ എസ് എമ്മിനെയാണ് ആദ്യം തീരുമാനം അറിയിക്കേണ്ടിയിരുന്നത്. ഐ എസ് എം നേതാക്കളോട് കെ ജെ യു തീരുമാനത്തിന്റെ നിജസ്ഥിതി പലരും അന്വേഷിച്ചു. എന്നാല്‍ വിവരം അറിയുകയില്ല എന്ന് മറുപടി പറയാനേ അവര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ വിവാദവിഷയങ്ങളിലെ ചര്‍ച്ചയും പ്രബന്ധങ്ങളും പരസ്യപ്പെടുത്താന്‍ മുമ്പ് തന്നെ ഔപചാരികമായി സമ്മതം ലഭിച്ചിരുന്നു. ഓഡിയോ വീഡിയോ കാസറ്റുകള്‍ ഇതു സംബന്ധിച്ച് ഇറക്കാനും തീരുമാനിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും പ്രബന്ധങ്ങള്‍ ക്രോഡീകരിച്ച് ഒരു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഞങ്ങളോട് ചിലര്‍ സമ്മതം ചോദിച്ചിരുന്നു. അതിനു തടസ്സമില്ലെന്ന് മനസ്സിലായപ്പോള്‍ സമ്മതവും നല്‍കി. എന്നാല്‍ ഇത് പുറത്തുവന്നപ്പോള്‍ ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ അതിരുകടന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പുറത്തുവന്നപ്പോള്‍ ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ അതിരു കടന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴേക്കും പുസ്തകം വിതരണം തുടങ്ങി. പലരും ഒഴിഞ്ഞുമാറി ഉത്തരവാദിത്വത്തില്‍ നിന്നകലുകയും ചെയ്തു. അത് മാന്യമായ നടപടിയല്ലെന്ന് ഞങ്ങള്‍ക്ക് തോന്നുകയും, പരിഹാരം എന്ന നിലയ്ക്ക് പ്രബന്ധം തയ്യാറാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച എം ഐ മുഹമ്മദലി സുല്ലമിയോട് ഇത് സംബന്ധമായ ഒരു പുസ്തകം തയ്യാറാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ പുസ്തകത്തില്‍ പ്രസാധകരുടെയും ഗ്രന്ഥകര്‍ത്താവിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എം ഐ മുഹമ്മദലി സുല്ലമി പേര് വെച്ച് തന്നെ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ നീലപുസ്തകം അപ്രസക്തമായി. ഐ എസ് എമ്മിനെ വകവരുത്താന്‍ നീലപുസ്തകം കരുവാക്കാമെന്ന് ചിലര്‍ക്ക് തോന്നി. കാരണം, ഞങ്ങള്‍ കൂടി നീലപുസ്തകത്തെ കയ്യൊഴിഞ്ഞതാണല്ലൊ. അവസരം മുതലെടുക്കാന്‍ കെ എന്‍ എം പ്രവര്‍ത്തകസമിതിയില്‍ ചിലര്‍ പ്രശ്നം ചര്‍ച്ചയ്ക്കിട്ടു. ചിലരില്‍ നിന്ന് മുന്‍‌കൂട്ടി പരാതി എഴുതി വാങ്ങുകയും ചെയ്തിരുന്നു. കെ എന്‍ എം ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണം ഏകപക്ഷീയമായി നടത്തി ഐ എസ് എമ്മിനെതിരില്‍ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു. സാമാന്യമര്യാദക്ക് വിലകല്പിക്കുന്നവര്‍ കെ എന്‍ എമ്മില്‍ ഉണ്ടായിരുന്നെങ്കില്‍ അന്വേഷണസമിതിയില്‍ ഒരാളെയെങ്കിലും ഞങ്ങളുടെ പക്ഷത്തുനിന്നും ഉള്‍പ്പെടുത്തുമായിരുന്നു. അതിനവര്‍ സന്മനസ് കാണിച്ചില്ല. ഒരു വിഭാഗത്തോട് വൈരാഗ്യമുള്ളവര്‍, മുമ്പേ തീരുമാനിച്ചകാര്യം, അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് എന്നപേരില്‍ എഴുതി തയ്യാറാക്കുകയായിരുന്നു. പ്രസ്ഥാനരംഗത്ത് ഗ്രൂപ്പുപ്രവര്‍ത്തനം ശക്തമായി തുടങ്ങിയ പാരമൌണ്ട് യോഗം മുതല്‍ ഗ്രൂപ്പുയോഗങ്ങള്‍, കാസറ്റുകള്‍, ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവ വിലാസം വെച്ചും അല്ലാതെയും ഇറങ്ങിയിരുന്നു. പ്രശ്നം അവസാനിക്കുമെങ്കില്‍ ഇരുവിഭാഗവും പ്രസിദ്ധീകരിച്ചതും ഇരുവിഭാഗത്തിനുവേണ്ടി പ്രസിദ്ധീകരിച്ചതുമായ എല്ലാ പ്രസിദ്ധീകരണങ്ങളിലെയും വിഷയങ്ങള്‍ അന്വേഷണ വിധേയമാക്കണം. അല്ലെങ്കില്‍ എല്ലാം തള്ളിക്കളഞ്ഞ് തെറ്റുതിരുത്തണം. ഞങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യപ്പെട്ടെങ്കിലും രണ്ടിനും മറുവിഭാഗം തയ്യാറായില്ല. അവരുടെ ഏകപക്ഷീയ വിജയം മാത്രം അവര്‍ കൊതിച്ചു. അതുകാരണം സംഘടന രണ്ടാവുകയും ചെയ്തു.

ഐക്യശ്രമങ്ങള്‍ പരാജയപ്പെട്ടത് എന്തുകൊണ്ട്?
1999ലെ സംഘടനാതെരഞ്ഞെടുപ്പ് നവംബര്‍ മാസത്തില്‍ നടക്കേണ്ടതായിരുന്നു. അത് മധ്യസ്ഥന്മാര്‍ ഇടപെട്ട് മാറ്റിവെച്ചകാര്യവും അന്നത്തെ മധ്യസ്ഥന്മാരുടെ ശ്രമം പരാജയപ്പെടാനുണ്ടായ കാരണവും മുമ്പ് വിശദീകരിച്ചതാണ് ജനാബ് വി കെ മൊയ്തുഹാജി (കെ ആര്‍ എസ്), ഏലാങ്കോട് കുഞ്ഞബ്ദുല്ല ഹാജി, പി വി ഹസ്സന്‍ സാഹിബ് എന്നിവരായിരുന്നു മധ്യസ്ഥന്മാര്‍. എന്നാല്‍ ഓരോ മധ്യസ്ഥ ചര്‍ച്ചകളിലും മധ്യസ്ഥന്മാര്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. ടി പി അബ്ദുല്ലക്കോയ മദനി, മഹ്മൂദ് നഹ, കരുവള്ളി മുഹമ്മദ് മൌലവി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, മുഹമ്മദ് ബാബു സേട്ട് ഈ പട്ടിക അങ്ങനെ നീളുന്നു. ചിലര്‍ രംഗത്ത് വന്നത് ഞങ്ങള്‍ കൂടി അറിഞ്ഞുകൊണ്ടായിരുന്നു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും, ഡോ. അബൂബക്കര്‍ ഹാരിസുമാണ് മധ്യസ്ഥശ്രമത്തിന് തുടക്കം കുറിച്ചത്. അവര്‍ ആത്മാര്‍ഥമായി തന്നെ തുടങ്ങി, പിന്നീട് ആളുകള്‍ കൂടി. ‘ആളുകൂടിയാല്‍ പാമ്പ് ചാകില്ല’ എന്നു പറഞ്ഞപോലെ തന്നെ മധ്യസ്ഥത ഉണ്ടാക്കാനുമായില്ല. എന്നാല്‍ പലരും വന്നത് ഞങ്ങള്‍ അറിയാതെയും ആയിരുന്നു. സദുദ്ദേശ്യത്തോടെയുള്ള ആളുകളുടെ രംഗപ്രവേശത്തെയും ഞങ്ങളെതിര്‍ത്തിരുന്നില്ല. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടു. മധ്യസ്ഥന്മാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ വോട്ടിനിടേണ്ട ഗതികേട് വന്നു. നിഷ്പക്ഷരായി മാറിനില്‍ക്കേണ്ട മധ്യസ്ഥന്മാര്‍ തന്നെ വോട്ടെടുപ്പില്‍ പങ്കെടുത്തു!

കേരളത്തിലെ മുസ്‌ലിംകളെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതില്‍ ആദ്യകാല ഇസ്‌ലാഹി പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും നിസ്തുലമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ മുജാഹിദ് പ്രവര്‍ത്തകരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. മുസ്‌ലിം ലീഗ് കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളുടെയും യോജിപ്പിന്റെയും ഏകോപനത്തിന്റെയും വേദികൂടിയാണ്. അതുകൊണ്ടു തന്നെ മുജാഹിദ് പ്രസ്ഥാന രംഗത്ത് പ്രശ്നമുണ്ടായപ്പോള്‍ അക്കാര്യത്തില്‍ ഇടപെടാനും മാന്യമായ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കാനും ഞങ്ങള്‍ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്, മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എ മജീദ് സാഹിബ് എന്നിവരെയാണ് ആദ്യം സമീപിച്ചത്. ഇ അഹ്മദ് സാഹിബ്, പി വി അബ്ദുല്‍ വഹാബ് സാഹിബ്, മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ ശ്രദ്ധയിലും വിഷയം അവതരിപ്പിച്ചു. കുഞ്ഞാലിക്കുട്ടി സാഹിബ് പലതവണ ഇരുവിഭാഗത്തെയും വിളിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഞങ്ങളോട് സംസാരിച്ചതില്‍ ‘നിങ്ങള്‍ ഐക്യത്തിന് തയ്യാറാണ് എന്ന് മനസിലായി, മറുവിഭാഗം അവിടേക്ക് എത്തിയിട്ടില്ല.’ എന്ന് സൂചിപ്പിക്കുകയാണ് ഉണ്ടായത്. ഈ വസ്തുത അദ്ദേഹം തന്നെ പരസ്യമായി പറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രമം തുടരുകയാണെന്നും അതിനിടക്ക് ഇങ്ങനെ പറയുന്നത് ദോഷകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കുകയാണുണ്ടായത്. ഇന്നും ഈ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല.

മുസ്‌ലിം സൌഹൃദ വേദിയുടെ വക്താക്കളായ ഗള്‍ഫാര്‍ മുഹമ്മദലി, അബൂബക്കര്‍ സാഹിബ് എന്നിവര്‍ രണ്ടു മൂന്നു തവണ ഹുസൈന്‍ മടവൂരുമായി സംസാരിച്ചു. മറുവിഭാഗമായും അവര്‍ സംസാരിച്ചതായി ഞങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഐക്യം ഉണ്ടാകാന്‍ ഇരു കൂട്ടരില്‍ നിന്നും പ്രേരണയുണ്ടാകണമെന്നും നിങ്ങളുടെ നിലപാട് മാത്രമാണ് ഇക്കാര്യത്തില്‍ പൂര്‍ത്തിയായിട്ടുള്ളതെന്നും അവരും പറഞ്ഞു. മറുവിഭാഗം എന്തുകാരണം കൊണ്ടാണ് പിറകോട്ട് പോകുന്നതെന്ന് അവരും വ്യക്തമാക്കിയില്ല. എറണാകുളത്തെ പ്രമുഖരായ എച്ച് ഇ അഹമദ് താഹിര്‍ സേട്ടും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായി. അവരെ ഞങ്ങള്‍ കെ എന്‍ എം സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് ക്ഷണിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്നും എന്നാല്‍ ശ്രമം പരാജയപ്പെടാന്‍ ആരുടെ ഭാഗത്തുനിന്നാണ് അതിന് കാരണമുണ്ടായത് എന്ന് വ്യക്തമാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. അവരും രണ്ടുതവണ ചര്‍ച്ചയ്ക്ക് വിളിച്ചു, പിന്മാറി.

ഇതിനിടയ്ക്ക് ഖത്തറിലെ സലഫി സംഘടനയായ ജം‌ഇയ്യത്ത് ഈദുല്‍ ഖൈരിയ്യയുടെ നേതാക്കള്‍ രണ്ടു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഞങ്ങള്‍ മറുവിഭാഗം തയ്യാറാകുന്ന ഏത് തിയ്യതിക്കും വരാം എന്ന് ഉറപ്പു നല്‍കി. ഓരോ കാരണങ്ങള്‍ പറഞ്ഞ് മറുവിഭാഗം തിയ്യതികള്‍ മാറ്റിവെച്ചു. അവസാനം അവരും ഐക്യശ്രമത്തില്‍ നിന്ന് പിന്മാറി.

അവസാനമായി ‘റാബിത’ (മുസ്‌ലിം വേള്‍ഡ് ലീഗ്) അസിസ്റ്റന്റ് സെക്രട്ടറി ശൈഖ് മുഹമ്മദ് നാശൂര്‍ അബൂദി പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായി. അദ്ദേഹം കോഴിക്കോട് വന്ന് ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. മറുവിഭാഗം യോജിപ്പിന് തയ്യാറുണ്ടോ എന്ന അന്വേഷണത്തിന് അദ്ദേഹത്തോട് പറഞ്ഞത് ‘ശൂറ കൂടി ആലോചിക്കണമെന്നായിരുന്നു.’ ഭിന്നിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഈ ഗുരുതരമായ പ്രശ്നത്തില്‍ ഐക്യമുണ്ടാക്കാന്‍ ഒരു ചര്‍ച്ചപോലും അവരുടെ യോഗങ്ങളില്‍ ഉണ്ടായിട്ടില്ല എന്ന വസ്തുതയാണ് എ പി അബ്ദുല്‍ഖാദിര്‍ മൌലവിയുടെ സംസാരത്തില്‍ നിന്ന് ശൈഖ് അബൂദിക്ക് മനസ്സിലായത്.

ഐക്യശ്രമം ഉണ്ടായാല്‍ ചിലസ്ഥാനങ്ങള്‍ വിട്ടുകൊടുക്കേണ്ടി വരും. അല്ലെങ്കില്‍ ഇരു ഭാഗത്തുമായി ഭിന്നിച്ചു നില്‍ക്കുന്ന പ്രവര്‍ത്തകര്‍ ഒരുമിച്ച് തൌഹീദ് പ്രബോധന രംഗത്ത് സജീവമാകും. ഇത് അപകടകരമാണെന്നും വേര്‍തിരിഞ്ഞു നില്‍ക്കുന്നതാണ് തങ്ങള്‍ക്ക് രക്ഷ എന്നുമാണ് മറുവിഭാഗം കരുതുന്നത്. ആ നിലയ്ക്ക് ഐക്യശ്രമം ഉണ്ടാകുമെന്നല്ലാതെ ഐക്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ നിര്‍വാഹമില്ല.

ഈ വസ്തുത മനസ്സിലാക്കിയാണ് ഞങ്ങള്‍ കോടതി കമ്മീഷനെ നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കേസ്സ് കൊടുത്തത്. അതിന് ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മറുവിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. തെരഞ്ഞെടുപ്പ് കോടതി കമ്മീഷന്‍ മുഖേന നടത്തുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം. അത് അവര്‍ നേടുകയും ചെയ്തു. കോടതി മുഖേന തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയമോ പരാജയമോ ലക്ഷ്യം വെച്ചിരുന്നില്ല. അനേകം സ്ഥലങ്ങളില്‍ പള്ളികളിലും മദ്‌റസകളിലും പ്രശ്നങ്ങള്‍ ഉണ്ട്. ഓരോ പ്രദേശത്തെയും ഭൂരിപക്ഷാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ സ്ഥാപനങ്ങളില്‍ പ്രശ്നങ്ങളുണ്ടാകാതെ നോക്കാമല്ലോ എന്ന ചിന്തയാണ് ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന് വേദിയൊരുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. എന്നാല്‍ അതിനും മറുവിഭാഗം തയ്യാറല്ല. ഇങ്ങനെ ഐക്യശ്രമവുമായി വരുന്നവരെയും മാന്യവും ന്യായവുമായ കോടതിവിധികളെയും തിരസ്കരിക്കുന്ന ഇവരില്‍ നിന്ന് ഈ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയല്ലാതെ നമുക്കുമുന്നില്‍ മറ്റുവഴികളില്ല.
അന്ധവിശ്വാസ-അനാചാരങ്ങളില്‍ നിന്ന് ശിര്‍ക്ക് ബിദ്‌അത്തുകളില്‍ നിന്നും സമുദായത്തെ രക്ഷിക്കാനും വിശുദ്ധ ഖുര്‍‌ആനിന്റെയും തിരുസുന്നത്തിന്റെയും പാതയിലേക്ക് മുസ്‌ലിംകളെ കൊണ്ടുവരാനും ഉദ്ദേശിച്ച് രൂപീകൃതമായ പ്രസ്ഥാനം ഇന്ന് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഛിന്നഭിന്നമായി മാറിയിരിക്കയാണ്. ഉറുക്കും മന്ത്രവും ശൈത്വാനുമെല്ലാം സ്ഥാനത്തും അസ്ഥാനത്തും കുടിയേറിയിരിക്കുന്നു. തൌഹീദിന്റെ വെളിച്ചവും പാരത്രിക ചിന്തയും ദൈവിക ബോധവും പ്രദാനം ചെയ്യേണ്ട പള്ളി മിമ്പറുകളില്‍ നിന്ന് ജിന്ന് സേവയെക്കുറിച്ച്, അതിന്റെ സാധ്യതയെക്കുറിച്ച്, രോഗം മാറാന്‍ ചികിത്സ തേടുന്നതിനേക്കാള്‍ മന്ത്രവും, തടവലും സ്വീകരിക്കാനുള്ള ആഹ്വാനങ്ങളും ഉദ്ഘോഷങ്ങളുമാണ് കേള്‍ക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച നയ നിലപാടുകള്‍ മതേതര ജനാധിപത്യവ്യവസ്ഥ നിലകൊള്ളുന്ന ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന വസ്തുത ഇവര്‍ തിരിച്ചറിയാതെ പോകുന്നു. മതപ്രബോധകര്‍ പ്രബോധിത വിഭാഗങ്ങളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും താങ്ങും തണലുമായി പ്രവര്‍ത്തിക്കേണ്ടവരാണെന്ന കാര്യം ഇവരുടെ പ്രസ്താവനകളിലും സമീപനങ്ങളിലും വിസ്മരിക്കപ്പെടുന്നതായാണ് അനുഭവം. ബഹുഭൂരിപക്ഷം വരുന്ന ഇതര മതവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇസ്‌ലാമിനോടുള്ള അടുപ്പം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സമീപനങ്ങള്‍ അത്യന്തം ഗുരുതരമാണ്. ധൂര്‍ത്തും പൊങ്ങച്ചവും കാണിക്കാന്‍ കോടികള്‍ മുടക്കുന്നവര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തില്‍ നിന്നാണ് അകലുന്നത്.

കടപ്പാട്:
മുജാഹിദ് ഏഴാം സംസ്ഥാന സമ്മേളന സോവനീര്‍.

13 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

M. Ashraf said...

നീണ്ടു നീണ്ടു പോയ ഈ ലേഖനം മുജാഹിദുകളുടെ ലയനം ഇനിയും അകന്നു പോകുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌. തൗഹീദിന്റെ വെളിച്ചത്തിനു പകരം ഇപ്പോള്‍ ജിന്നു സേവയും മന്ത്രവും തടവലുമൊക്കയാണെന്ന്‌ വിലപിക്കുന്നു ലേഖകന്‍. ഇത്‌ ആരു ചെയ്‌ത സിഹ്‌റിന്റെ ഫലമാണോ ആവോ? രണ്ട്‌ കൂട്ടരുടെ വോട്ടിലും കണ്ണുള്ള ശിഹാബ്‌ തങ്ങളാവാന്‍ തരമില്ല. പിന്നെ സംശയം കാന്തപുരത്തിനെയാണ്‌.
ഇസ്‌്‌ലാമിന്റെ പ്രതിഛായ കൂടുതല്‍ വഷളാകുമെന്ന വിലാപവും ലേഖനത്തില്‍ കാണുന്നു.... കോണ്‍ഗ്രസിനും ലീഗിനും കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിക്കുമൊക്കെ പ്രവര്‍ത്തകരെ വീതം വെച്ച്‌ കഴിഞ്ഞ സ്ഥിതിക്ക്‌ ഏത്‌ ഇസ്‌്‌ലാമിനെ കുറിച്ചാണാവോ ഈ പറയുന്നത്‌.

mumsy-മുംസി said...

മുജാഹിദ് പ്രസ്ഥാനത്തിന്‌ എന്തു സംഭവിച്ചാലും കേരളത്തിനെന്താണ്‌?
ചങ്ങരംകുളത്ത് ശക്തി കാണിക്കാന്‍ തുലച്ച കാശ്‌ സമുദായത്തിലെ പാവങ്ങള്‍ക്കിടയില്‍ ചിലവഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു മാഷെ..

Anonymous said...

അസ്സലാമു അലൈകും.......
andhakarathilum anacharangalil ninnum thouheedinte vellivelichathilekku samudayathe kaipidichuyarthiya oru maha prasthanamanu islahi prasthanam.innum pourohothyam chamanjum koottakkarachil nadathiyum samudaya makkalude eemanum sampathum kollayadikkunna abhinava sunni purohithanmarkkethirayi thirunabiyilekkum quranilekkum thirichu varan ulbodanam nadathunna mahaththaya oru muslim navoothana prasthanam koodiyanu mujahid prasthanam.sankadanaparamaya ethu veezhchayum mujahid prasthanathinet adarsha vyathiyanamayi chithreekarikkappettu.
mujahid prasthanathe kurichulla anjathayum muslyakkanmar aa prasthanathe kurichu nalkiya thettaya vishadeekaranangalum kondu thouheedi prasthanathil manassukondenkilum bhagavakkakan vaikiyathil eeyullavan valareyere khedikkunnu.oppam thouheedinte velicham kanichuthanna nadannu orayiram sthuthiyum arppikkunnu.
prasthana nethakkanmarude prasanga shailikondo sampathu kondo vagjwala kondo onnumalla marichu ee prasthanam nilakollunna adarsham onnukondu mathramanu enneppolulla aayirangal ee prasthanathilekku vannath..pravachakanozhike ella manushyarkkumthettupattam.athukonduthanne ethvaliyanethakkanmarayalum thettukal sampavichittund sampavikkavunnathum aanu.
mujahid prasthanam innum enteyokke manassil onne ullu.dourbhagyakaramennu parayatte mujahid prasthanathil pilarppundayi.salafi pravarthakarude manassil innum orotta mujahid prasthaname ullu.vakhaf boardinte nethruthathil ninnu nadanna aadyahgatta charcha vijayichu ennarinjathil athiyaya santhoshathode prasthana aikyathinu vendiyulla nirantharamaya prarthanayode.....

Basheer Vallikkunnu said...

Dear Razak
A Good blog. Your efforts are getting fruits. Going through the articles, one can know what is the real factors leaded to a split. Keep it up.
Basheer Vallikkunnu

Anonymous said...

ബ്രിട്ടീഷുകാരന്റെ പണം വാങ്ങി പടച്ചുണ്ടാക്കിയ വഹാബി ഭീകര പ്രസ്ഥാനത്തിന്റെ കേരളത്തിലെ മൊത്തക്കച്ചവടക്കാരായ മുജാഹിദുകള്‍ ..അവര്‍ക്കറിയില്ല അവര്‍ എന്താണു ചെയ്യുന്നതെന്ന്..

പാവപ്പെട്ട മുസ്ലിംങ്ങളെ പറ്റിച്ച്‌ പണമുണ്ടാക്കി കൊഴുത്ത ഇവന്മാരില്‍ ഒരു കൂട്ടല്‍ ഇപ്പോള്‍ ജിന്നു പൂജയുമായി നടക്കുന്നു. ഒരു കൂട്ടര്‍ സംഘടന ഹറാമാണെന്ന് കൂവുന്നു..
മറ്റ്‌ ചിലര്‍ മറ്റ്‌ പല ഭ്രാന്തും വിളിച്ചു കൂവുന്ന്..

ഈ ഭീകരന്മാരെ ചങ്ങലക്കിടാന്‍ ആരുമില്ലേ...

Anonymous said...

"കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനമായ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ചരിത്രവും, പ്രസ്ഥാനം കേരളത്തില്‍ നേടിയ സ്വാധീനവും ഏതൊരു ചരിത്ര വിദ്യാര്‍ഥിക്കും പഠനവിധേയമാക്കാവുന്നതാണ്..."

ശരി തന്നെ, ഇതൊക്കെ ചരിത്രം. ഇത്രയും പാരമ്പര്യം അവകാശപ്പെടാനുള്ള മുജാഹിദ് പ്രസ്ഥാനത്തെ ഇന്ന് ഈ നിലയില്‍ ആക്കിയ നിങ്ങളോട് (മറ്റേഗ്രൂപ്പിനോടും) നാളെ പരലോകത്ത് പടച്ചവന്‍ ചോദിക്കും, ഈ പ്രസ്ഥാനത്തെ ചെളിക്കുണ്ടിലാഴ്ത്തി, കേരള മുസ്ലിങ്ങളെ തന്നെ മാനം കെടുത്തിയ നിങ്ങലോടെല്ലാവരോടും പടച്ചവന്‍ ഈ പതനത്തിന് ഉത്തരം പറയാന്‍ ആവശ്യപ്പെടുകതന്നെ ചെയ്യും. ഞാനും നിങ്ങളും മരണാനന്തരം പടച്ചവന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍, ഇന്‍ശാ അല്ലാഹ്, അന്ന് നമുക്ക് കാണാം. കഥയറിയാതെ ആട്ടം കാണാന്‍ വിധിക്കപ്പെട്ട പഴയ മുജാഹിദ് പ്രവര്‍ത്തകരെപ്പോലെ എനിക്കും അത് കാണാന്‍ കഴിയും...

സത്യവിശ്വാസികളെന്ന് അവകാശപ്പെടുന്ന നിങ്ങള്‍ക്കൊക്കെ മതവിദ്യാഭ്യാസമില്ലാഞ്ഞിട്ടല്ല, മത ബോധമില്ലാത്തതു കൊണ്ടാണ് ഈ ഒരു ഓര്‍മ മാത്രം മനസിലില്ലാത്തത്. മരണത്തെക്കുറിച്ചുള്ള ഓര്‍മ്മ മതപ്രസംഗങ്ങളില്‍ മാത്രം പോര, സ്വന്തം ജീവിതത്തിലും കൂടെയുണ്ടാവണം. ഓര്‍മയിരിക്കട്ടെ...

മലയാളത്തിലും, ഇംഗ്ലീഷിലും എന്നു വേണ്ട എല്ലാ ഭാഷകളിലെയും പ്രിന്റ് മീഡിയായില്‍ വിഴുപ്പലക്കി മതിയാവാഞ്ഞിട്ടാണോ ബ്ലോഗിലേക്കും താങ്കള്‍ എത്തിനോക്കുന്നത്?

കളഞ്ഞിട്ട് പോയ്ക്കൂടെ ചങ്ങാതീ, പോയി ഒരു ജുസ്‌ ഖുര്‍‌ആന്‍ ഓതാന്‍ നോക്ക്, മുസ്ലിങ്ങളെ പറയിപ്പിക്കാതെ...

Muhammed Sageer Pandarathil said...

no comments

Anonymous said...

അതൌഹീദ് എന്ന പേരു കണ്ടു വളരെ പ്രതീക്ഷയോടെയാണ് വന്നത്.എന്നാല്‍ ഇത്തരം തമ്മിലടിയുടെ പര്യായമാണ് തൌഹീദ് എന്ന് വയ്കിയാണ് അറിഞ്ഞത്.
സഹോദരന്മാരെ ....കടന്നു ചെല്ലൂ മറ്റു ബ്ലോഗുകളിലേക്ക്.ഇസ്ലാമിനെയും മുസ്ലിംകളെയും ആക്ഷേപിക്കുന്ന വാദങ്ങള്‍ക്ക് മറുപടി നല്‍കൂ...തെറ്റിധരിപ്പിക്കപെടുന്ന മനുഷ്യരെ രക്ഷപെടുതൂ .അതല്ലേ ഇഹത്തിലും പരത്തിലും നിങ്ങള്‍ക്ക് ഗുണകരം..
അത്തരം ചില ബ്ലോഗുകള്‍...
യുക്തിവാദം

ഹദീസ് സംവാദം

സ്നേഹ സംവാദം

ഖുറാന്‍ സംവാദം

Unknown said...

WHO IS DOING GOOD AVTIVITIES HERE , THE BOTH GROUP THEY DON'T HAVE ENOUGH IMAN AND TAQWA , IF THEY ARE REAL MUSLIMS THE BOTH GROUP WILL COME AND SIT TOGETHER AND TALK WITH THE ISLAM AND THEY WILL SOLVE THE PROPLEMS WHICH WE ARE FACING NOW, EVERYBODY IS THINKING ABOUT THE POSITIONS AND MONEY, THESE ARE THE MAIN THINGS BEHIND THIS,PLEASE TRY TO SOLVE THIS PROBLEMS AND TRY TO SPREAD THE GOOD ISLAM TO EVERYBODY ,I THINK THESE BOTH GROUP THEY DONT HAVE ANY FEARE ABOUT ALLAH AND JAHANNAM.PLEASE TRY TO JOIN TOGETHER , THIS IS THE RQUEST FROM THE POOR PEOPLE WHO IS LOVING THE ISLAM AND OLD MUJAHID ORGANIZATION.WHY THE LEADERS ARE DOING LIKE THIS , DEFENITLY ALLAH WILL CATCH THEM , THINK ABOUT YOUR DEATH , IT WILL BE VERY HORRIBLE , THIS IS THE WARNING FOR THE AUTHOR OF THIS BLOG ALSO,IF YOU ARE TELLING THE LIES ALLAH WILL CATCH YOU. THIS IS ALSO YOUR DUTY TO JOIN THE BOTH GROUP TOGETHER ,

BY
SALAM
DUBAI

Moh'd Yoosuf said...

ബ്ലോഗുകൾ പലതുണ്ട്. ഇത് മുജാഹിദ് പ്രസ്ഥാനത്തിൽ എന്ത് സംഭവിച്ചു എന്ന് അന്വോഷിക്കുന്നവർക്കുള്ളതാണ്. തൌഹീദ് പ്രസ്ഥാനത്തെ രണ്ടായി പിളർത്തിയതിന് കാരണം അന്വോഷിക്കുന്നവരുണ്ട്. അവരുടെ ചോദ്യങ്ങൾക്ക് മാന്യമായ രീതിയിൽ ഉത്തരം പറയുക എന്നത് മുജാഹിദുകളുടെ കടമയുമാണ്. അവിടെ മറ്റുവിഷയങ്ങൾ പറഞ്ഞുതരാം എന്ന് പറഞ്ഞ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാനാണോ ചിലരെങ്കിലും ആവശ്യപെടുന്നത്? ചാത്തപ്പനെന്ത് മഹ്‌ശറ എന്നരീതിയിൽ ഈ പ്രസ്ഥാനത്തെ കുറിച്ച് ഒന്നും പറയാതെ ഒളിച്ചോടിയാര് നിർത്തുമോ ചോദ്യം? ഈ പ്രസ്ഥാനത്തെ പിളര്ത്തി അന്ധവിശ്വാസങ്ങൾ ഇറക്കുമതി ചെയ്ത് സംഘടനയുടെ ഇസ്സത്ത് നഷ്ടപെടുത്തിയവരെ കുറിച്ച് ഇത്തരത്തിലുള്ള ബ്ലോഗുകൾ ആവശ്യമാണ്. മനുഷ്യരെ തെറ്റിദ്ധാരിപ്പിക്കാന് എത്രയോ വാറോലകളുകായി നെറ്റില് ഊരു ചുറ്റുന്നവർ വസ്‌വാസുണ്ടാക്കിയവരെ സത്യം മനസ്സിലാക്കി കൊടുക്കാൻ ഈ ബ്ലോഗ് നന്നായി സഹായിക്കുന്നു. ഇതിന്റെ ആളുകളോട് നന്ദിയും കടപ്പാടും അറിയിക്കട്ടെ.

ഇസ്ലാഹി പ്രവർത്തകൻ.

Anonymous said...

The issue is deviation from the Sunnah and starting of bid3a. Allah will help only when we are upon sunnah.

To know more about why the organization reached into the current situation of turmoil.. pls see this link

http://dars.ilmussalaf.info/ci.html

Rasheed Pengattiri said...

മുജാഹിത് പ്രസ്ഥാനത്തിലെ പിളര്‍പ്പ്. നിഷ്പക്ഷമായ വിലയിരുത്തല്‍. വര്‍ഷങ്ങള്‍ കഴിഞ്ഞു. ആദര്‍ശ വ്യതിയാനരോപണം ഒരു പുകമരയായിരുന്നു എന്ന് എല്ലാവര്ക്കും മനസ്സിലായി തുടങ്ങി. അപ്പോഴേക്കും ഒരു വിഭാഗം അന്ധവിശ്വാസത്തില്‍ മുങ്ങിതാണു കൊണ്ടിരിക്കുന്നത് നാം കാണുന്നു. അവരെ ശുദ്ധീകരിക്കാന്‍ പടച്ചവനു മാത്രമേ കഴിയൂ. എ പീ വിഭാഗം ഗ്രൂപ്പില്‍ നടക്കുന്ന ആശയ സങ്കട്ടനങ്ങള്‍ നാം കേടു കൊണ്ടിരിക്കുന്നു. ആര്‍കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥ. അബ്ദുല്‍ റഹ്മാന്‍ സലഫി ഇവിടെ ജിദ്ദയില്‍ വന്നു പ്രസങ്ങിച്ചത് സകരിയയുടെ ആശയങ്ങള്‍ക് തീര്‍ത്തും വിരുദ്ധം. ജന സെക്രടറി എ പീ യാകട്ടെ ഇനി എന്താണ് ചെയ്യുക എന്നാ നിസ്സഹായാവസ്ഥയിലും. സത്യം മനസ്സിലാക്കാനുള്ള തൌഫീക്ക് പടച്ചവന്‍ എല്ലാവര്കും കൊടുക്കട്ടെ. ആമീന്‍

Anonymous said...

ഇസ്ലാഹി പ്രസ്ഥാനത്തില്‍ സംഭവിച്ചത്..... !

കേരളത്തില്‍ ഇസ്ലാഹി നവോധാനതിനു നാന്ദി കുരിച്ചതുമായി ബന്ധപ്പെട്ട് ചിലത് പറയാനുണ്ട്

ശിര്‍ക്ക്, ബിദ്അതുകള്‍ സാര്‍വത്രികമായ ഒരു സാമുഹിക ചുറ്റുപാടില്‍ കിതാബുമായി അല്പമൊക്കെ ബന്ധവും , അറബി ഭാഷ പരിജ്നാനവുമുള്ള കുറച്ചു പേര്‍ അതിനെതിരില്‍ ശക്തമായ നിലക്ക് രംഗത്തിറങ്ങിയ ഒരു കാലയളവ്‌ കേരളത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. ഇസ്ലാമിനെ അവര്‍ മനസ്സിലാക്കിയത് അക്കാലത്ത് ഈജിപ...്തില്‍ ജീവിച്ചിരുന്ന റഷീദ് റിദയുടെയും, ശിഷ്യന്‍ മുഹമ്മദ്‌ അബ്ദുവിന്റെയും സാഹിത്യങ്ങളില്‍ നിന്നായിരുന്നു. അതിനു മകുടം ചാര്തിക്കൊണ്ടുള്ള ജമാലുദ്ധീന്‍ അഫ്ഘാനിയുടെ തീപ്പൊരി പ്രസങ്കന്കളും. ഇസ്ലാമിനെക്കുറിച്ചുള്ള തീര്‍ത്തും ബുദ്ധിയില്‍ ഊന്നി നിന്ന് കൊണ്ടുള്ള ഇവരുടെ വിശകലന രീതി കേരളത്തിലെ നവോഥാന "നായകരെ" ആകര്‍ഷിച്ചു എന്നതാണ് ശരി. ഇസ്ലാമിന്‍റെ ശരിയായ നവോധാനമായി അതിനെ തെറ്റിദ്ധരിച്ച അവര്‍, റഷീദ് രിദയുടെ അച്ചുതണ്ടിന്‍റെ സാഹിത്യങ്ങളില്‍ ആകൃഷ്ടരാവുകയും അവരുടെ ആശയങ്ങളും ചിന്തകളും കേരളത്തില്‍ implement ചെയ്യുകയും ചെയ്തു. എല്ലാ അര്‍ത്ഥത്തിലും ബുദ്ധിക്കായിരുന്നു പ്രമാണങ്ങളേ ക്കാള്‍ അവര്‍ സ്ഥാനം നല്‍കിയിരുന്നത്. ഏതാണ്ട് 80 കൊല്ലത്തിലധികം ഈ നില തുടര്‍ന്നപ്പോള്‍ റഷീദ് രിടയും ശിങ്കിടികളും ഈജിപ്തില്‍ വളര്‍ത്താന്‍ ശ്രമിച്ച ബുദ്ധിയില്‍ അധിഷ്ടിതമായ ഒരു തലമുറ കേരളത്തില്‍ വളരുകയും മുജാഹിദ് പ്രസ്ഥാനം എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
കാലം കുറെ കടന്നു പോയപ്പോള്‍ കേരളീയരില്‍ പലരും ഗള്‍ഫ്‌ രാജ്യങ്ങളുമായി ബന്ധപ്പെടുകയും സൗദി അറേബ്യ പോലുള്ള സ്ഥലങ്ങളിലെ ഉലമാക്കലുമായി സമ്പര്‍ക്കം സ്ഥാപിക്കുകയും ചെയ്തപ്പോഴാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇസ്ലാമിക വട വൃക്ഷത്തിലെ ഇതിക്കണ്ണിയാണെന്നു പലര്‍ക്കും ബോധ്യപ്പെട്ടത്. ബോധ്യപ്പെട്ട ചിലരൊക്കെ തിരുത്താന്‍ ശ്രമിച്ചു. പലരും മിണ്ടാതിരുന്നു, വേറെ ചിലര്‍ എന്ത് ചെയ്യണമെന്നറിയാതെ പിന്‍വാങ്ങി...മറ്റു ചിലര്‍ പായും മടക്കി സലാം ചൊല്ലി പിരിഞ്ഞു...! ഇരുന്ന കൊമ്പില്‍ ഇരുന്നു കൊണ്ട് തന്നെ മുജാഹിദ് സലഫി ആക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോഴാണ് നേരത്തെ പറഞ്ഞ പ്രശ്നങ്ങള്‍ ഉണ്ടായത്.
കേരളത്തില്‍ കഴിഞ്ഞ ദശകത്തില്‍ ഒരിക്കലും പുര്‍ണമായ അര്‍ത്ഥത്തില്‍ സലഫിയ്യത് പടിപ്പിക്കപ്പെട്ടില്ലയെന്ന കാര്യം സുക്ഷ്മമായ അന്വേഷണത്തില്‍ ആര്‍ക്കും ബോധ്യമാവും. പഴയ കാല മുജാഹിദ് നേതാക്കളുടെയും, മുജാഹിദ് പ്രസ്ഥാനത്തിന്റെയും പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും നിരീക്ഷണ വിധേയമാക്കിയാല്‍ വളരെ വ്യക്തമായി ഇക്കാര്യം ആര്‍ക്കും അന്ഗീകരിക്കേണ്ടി വരും.
റഷീദ് രിദയുടെ നവോഥാന ശൈലി ഇഖ്വാനി ശൈലിയില്‍ നിന്ന് ഏറെ ഭിന്നമല്ല. പ്രമാണങ്ങളെ ഒരിക്കലും സലഫുകളുടെ 'ഫഹം' പിന്തുടര്‍ന്ന്‍ സ്വീകരിക്കുന്ന ആളായിരുന്നില്ല അദ്ദേഹം, എന്നല്ല, അദ്ദേഹത്തിന് പല അടിസ്ഥാന വിഷയങ്ങളിലും സ്വന്തമായി രൂപപ്പെടുത്തിയെടുത്ത സലഫുകളുടെതിനു വിഭിന്നമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഏതാണ്ട് ഒരു 15 വര്ഷം മുമ്പ് വരെ ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ ചരിത്രം വിശദീകരിക്കുമ്പോള്‍ വിട്ടുപോകാതെ പരാമര്ഷിക്കപ്പെടാരുണ്ടായിരുന്ന ത്രിമുര്തികളായിരുന്നു രിദയും, അബ്ദുവും അഫ്ഘാനിയും !
ബാകി പിന്നെ.........

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ