Saturday, July 23, 2016

മുജാഹിദ് പ്രസ്ഥാനം തീവ്രവാദത്തിന് വഴിമരുന്നിട്ടുവോ?കേരളത്തിലെ ചില ചെറുപ്പക്കാരെ കാണാതായതും അവര്‍ ഭീകര സംഘടനയായ ഐ എസില്‍ ചേര്‍ന്നു എന്ന പ്രചാരണവും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഐ എസിന് സലഫി സംഘടനകളുമായി ബന്ധമുണ്ടെന്നും സലഫി /വഹാബി ഭിന്നതയാണ് ചെറുപ്പക്കാരെ ഐ എസ്സില്‍ ചേരാന്‍ പ്രേരണ നല്‍കുന്നതെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഇത്തരം വിഷയങ്ങളിലെ വസ്തുത എന്ത്? കേരളത്തിലെ മുജാഹിദുകളുടെ തീവ്രവാദത്തോടുള്ള നിലപാട് എന്ത്? മുജാഹിദ് സംഘടനയിലുണ്ടായ ഭിന്നത തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ടോ? സലഫിസവും മുജാഹിദുകളും തമ്മിലുള്ള ബന്ധമെന്ത്? ഇത്യാദി കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്. ലോകത്തിലെ മുസ്‌ലിംകള്‍ പൊതുവില്‍ സുന്നികള്‍, ശീഅകള്‍ എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടാണ് അറിയപ്പെടുന്നത്. നാലാം ഖലീഫ അലി(റ)യുടെ പേരില്‍ തത്പര കക്ഷികള്‍ ഉണ്ടാക്കിയ കക്ഷിയാണ് ശീഅകള്‍. അലി(റ)യുടെ മരണശേഷമാണ് ഇറാഖ് (കൂഫ) കേന്ദ്രീകരിച്ച് ഈ വിഭാഗം ശക്തിപ്പെട്ടത്.

അന്ത്യ പ്രവാചകന്റെ നിയോഗം പോലും ചോദ്യം ചെയ്യുന്നവര്‍ ഈ വിഭാഗത്തിലുണ്ട്. അലി(റ) ആണ് അതിന് അര്‍ഹന്‍ എന്ന് അവര്‍ വിശ്വസിക്കുന്നു. ആദ്യത്തെ മൂന്ന് ഖലീഫമാരെയും തള്ളിക്കളയുന്നവരും അവരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ ശാപപ്രാര്‍ഥന നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആദ്യ കാലഘട്ടത്തില്‍ ഉടലെടുത്ത പിഴച്ച കക്ഷികള്‍ വേറെയും ഉണ്ട്. ഇവരുടെയൊന്നും നിലപാടുകള്‍ ശരിയല്ലെന്നും പ്രവാചകനും അവിടത്തെ അടുത്ത അനുചരന്മാരും ഏതൊരു നിലപാടാണോ മത കാര്യങ്ങളില്‍ സ്വീകരിച്ചത് അതാണ് ശരിയെന്നുമാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ നിലപാട്. ഈ നിലപാട് പിന്‍പറ്റുന്നവരെയാണ് പൊതുവില്‍ സുന്നികള്‍ എന്ന് പറയുന്നത്. ഇത് ഒരു പ്രത്യേക സംഘടനയോ വിഭാഗമോ അല്ല. ഇസ്‌ലാമിനെ പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കണമെന്ന നിലപാടാണത്. ഈ സുന്നി വിഭാഗത്തില്‍ തന്നെ വിവിധ കക്ഷികളും മദ്ഹബുകളും ത്വരീഖത്തുകളും പിന്നീട് ഉടലെടുക്കുകയുണ്ടായി.

ഖുര്‍ആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ മുന്‍ഗാമികളുടെ (സലഫ്) മാര്‍ഗമാണ് അവലംബിക്കേണ്ടത്. ഈ മാര്‍ഗത്തിനാണ് മന്‍ഹജുസ്സലഫ് എന്ന് പറയുന്നത്. ഇത് ഒരു മദ്ഹബോ സംഘടനയോ അല്ല. മതപ്രമാണങ്ങള്‍ സ്വീകരിക്കുന്നതിന്റെ രീതിശാസ്ത്രമാണ്. ഒരു വ്യക്തിയെയോ സംഘടനയെയോ സൂചിപ്പിക്കുന്ന പേരല്ല സലഫ് എന്നത്. മദ്ഹബ് പക്ഷപാതിത്വമില്ലാതെ ഖുര്‍ആനും സുന്നത്തും സ്വീകരിക്കുന്ന നിലപാടാണത്. ലോകാടിസ്ഥാനത്തില്‍ ഒരു സലഫി സംഘടനയില്ല. ഗള്‍ഫ് നാടുകളില്‍ പോലും സലഫി എന്ന പേര് സൂചിപ്പിക്കുന്ന സംഘടനകള്‍ ഇല്ല. എന്നാല്‍ നിരവധി പണ്ഡിതന്മാര്‍ മതത്തിന്റെ ആശയാദര്‍ശ ആചാരാനുഷ്ഠാനങ്ങളില്‍ 'സലഫ്'ന്റെ മാര്‍ഗം സ്വീകരിച്ച് വരുന്നുണ്ട്. ഇത് അക്ഷരങ്ങളിലല്ല ആദര്‍ശതലത്തിലാണ് സ്വീകരിക്കേണ്ടത്. നബിയുടെ സ്വഹാബികളെയാണ് സലഫ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

സലഫുകളുടെ പാത പിന്‍പറ്റിയ പ്രഗത്ഭരായ നിരവധി പണ്ഡിതന്മാര്‍ പില്‍ക്കാലത്ത് രംഗത്തുവന്നിട്ടുണ്ട്. ഇബ്‌നുതൈമിയ, ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ് തുടങ്ങിയവര്‍ ആ കൂട്ടത്തില്‍പെടുന്നു. എന്നാല്‍ ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിച്ച ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിദാ തുടങ്ങിയവര്‍ 'സലഫ്'ന്റെ മാര്‍ഗത്തെ ആധുനികമായ കോണിലൂടെ വീക്ഷിച്ചവരാണ്. വിശ്വാസപരമായ കാര്യങ്ങളില്‍ പൊതുവില്‍ എല്ലാ കാലത്തെയും സലഫുകള്‍ ഏകാഭിപ്രായക്കാരായിരുന്നു.

മുജാഹിദ് പ്രസ്ഥാനം

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ത്യയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ രൂപീകൃതമായ ഏതെങ്കിലും സലഫി സംഘടനകളുടെയോ ആശയങ്ങളുടെയോ ഘടകമോ പിന്തുടര്‍ച്ചക്കാരോ അല്ല. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിശ്വാസപരമായ വീക്ഷണങ്ങളില്‍ സമാനതയുള്ള പല സംഘടനകളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഈ സമാനതകളെപ്പോലെ തന്നെ വൈരുധ്യങ്ങളും വ്യത്യസ്തതകളും അവര്‍ തമ്മിലുണ്ട്. ഇന്ത്യയിലെ ജംഇയ്യത്തെ അഹ്‌ലെ ഹദീസ് രൂപീകൃതമാവുന്നത് 1906-ലാണ്. എന്നാല്‍ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്ന് സംഘടിത രൂപം വരുന്നത് 1922-ലാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് കേരള മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചപ്പോള്‍ അഹ്‌ലേ ഹദീസുമായി എന്തെങ്കിലും ബന്ധമുള്ളതായി യാതൊരു സൂചനയും ആരും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ്സിനോട് അനുഭാവം പുലര്‍ത്തിയിരുന്ന മജ്‌ലിസുല്‍ ഉലമയുമായിട്ടായിരുന്നു ചെറിയ തോതിലെങ്കിലും ബന്ധം ഉണ്ടായിരുന്നത്. മുസ്‌ലിംകളുടെ മതഭാഷയായ അറബിയിലോ ഇന്ത്യന്‍ മുസ്‌ലിംകളുടെ വ്യവഹാര ഭാഷയായി ഗണിക്കപ്പെട്ടു പോന്ന ഉര്‍ദുവിലോ അല്ല കേരളത്തിലെ നവോത്ഥാന സംഘടന പേര് സ്വീകരിച്ചത്. മലയാള ഭാഷയിലുള്ള പേരാണ് സ്വീകരിച്ചത്.

ഐക്യസംഘം വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ കൂടി ഇടപെടുകയും അത്തരം പ്രവര്‍ത്തനങ്ങളെ അജണ്ടയായി സ്വീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഐക്യസംഘത്തെ ഒരു നവോത്ഥാന പ്രസ്ഥാനം എന്ന നിലക്ക് വിലയിരുത്തുന്നത്. എന്നാല്‍ സലഫി സംഘടനകളോട് ബന്ധമുള്ളവര്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പൊതുവായി ഇടപെടുന്ന രീതി സ്വീകരിക്കാറില്ല. മുസ്‌ലിംകളുടെ വിദ്യാഭ്യാസം മാത്രമല്ല എല്ലാ വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിനും പുരോഗതിക്കും ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്.

ഐക്യസംഘം, നദ്‌വത്ത്

ഐക്യസംഘത്തിന്റെ നേതൃത്വത്തിലാണ് നവോത്ഥാന പണ്ഡിതസഭയും കേരളത്തിലെ പ്രഥമ പണ്ഡിത സംഘടനയുമായ കേരള ജംഇയ്യത്തുല്‍ ഉലമ (1924) രൂപീകൃതമായത്. പിന്നീട് ഐക്യസംഘം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുകയും ജം ഇയ്യത്തുല്‍ ഉലമ മതപരമായ കാര്യങ്ങളില്‍ ഇടപ്പെട്ട് സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അനാചാരങ്ങള്‍ക്ക് എതിരിലും അന്ധവിശ്വാസങ്ങള്‍ക്ക് എതിരിലും ഖുര്‍ആനും തിരുസുന്നത്തും അടിസ്ഥാനമാക്കി കെ ജെ യു നിരവധി പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഐക്യസംഘം തുടങ്ങിവെച്ച നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാക്കാനായി ചില പരിഷ്‌കര്‍ത്താക്കള്‍ 1950-ല്‍ കെ എന്‍ എമ്മിന് രൂപം നല്‍കി. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന പേരാണ് നല്‍കിയത്. ഇന്ന് അറിയപ്പെടുംവിധമുള്ള ജിഹാദി ലക്ഷ്യത്തോടെയായിരുന്നില്ല ഈ പേര് സ്വീകരിച്ചത്. ആ കാലഘട്ടത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ മാനസികമായ കരുത്തും ത്യാഗസന്നദ്ധതയും അനിവാര്യമായിരുന്നു. പിഴച്ച വിഭാഗമാണ് എന്ന് മുദ്രകുത്തിയാണ് യാഥാസ്ഥിതികര്‍ നവോത്ഥാന പ്രവര്‍ത്തകരെ നേരിട്ടത്. ഈ വെല്ലുവിളി നേരിടാനുള്ള കരുത്താര്‍ജിച്ച് സ്വയം ത്യാഗപരിശ്രമത്തിന് തയ്യാറായവര്‍ എന്ന നിലക്കാണ് മുജാഹിദ്, മുജാഹിദീന്‍ എന്ന പേര് സ്വീകരിച്ചത്. കെ എന്‍ എം രൂപീകരിക്കുന്നതിന് മുമ്പ് പ്രാദേശികമായി പല സ്ഥലങ്ങളിലും 'ജംഇയ്യത്തുല്‍ മുജാഹിദീന്‍' എന്ന പേരില്‍ സമാന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിച്ചപ്പോള്‍ തിരിച്ചറിവിന്ന് വേണ്ടി ജംഇയ്യത്ത് എന്നത് ഒഴിവാക്കി നദ്‌വത്ത് എന്ന് ചേര്‍ത്തു. രണ്ടിന്റെയും അര്‍ഥം സംഘം എന്ന് തന്നെയാണ്. വിശാലാര്‍ഥത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

1967-ല്‍ യുവജന സംഘടനയായ ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീനും (ഐ എസ് എം), 1972-ല്‍ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റും (എം എസ് എം) രൂപീകരിച്ചു. 1987-ല്‍ വനിതാ വിഭാഗം രൂപീകരിച്ചപ്പോള്‍ മുസ്‌ലിം ഗേള്‍സ് ആന്റ് വിമണ്‍സ് മൂവ്‌മെന്റ് (എം ജി എം) എന്നാണ് പേര് നല്‍കിയത്. ഇവിടെ മുജാഹിദ് എന്ന വിശേഷണമല്ല ചേര്‍ത്തത്. 1970-കള്‍ക്ക് മുമ്പ് പള്ളികള്‍ക്കോ മദ്‌റസകള്‍ക്കോ മുജാഹിദ് എന്ന പേര് സാര്‍വത്രികമായി നല്‍കിയിരുന്നില്ല. എഴുപതുകള്‍ക്ക് ശേഷമാണ് ആ പേര് കൂടുതലായി നല്കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഗള്‍ഫ് നാടുകളില്‍ ജോലി അന്വേഷിച്ച് പോയ മുജാഹിദ് പ്രവര്‍ത്തകര്‍ അവിടുത്തെ കൂട്ടായ്മകള്‍ക്ക് 'ഇസ്‌ലാഹി സെന്റര്‍' എന്ന പേര് നല്‍കിയത്. അവിടെയും സലഫി/മുജാഹിദ് മുതലായ പേരുകള്‍ ഉപയോഗിച്ചിട്ടില്ല.

ഗള്‍ഫ് സലഫിസം

എന്നാല്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ ഗള്‍ഫിലെ അറബി ശൈഖുമാരുമായി കൂടുതല്‍ അടുത്തപ്പോഴാണ് സലഫി എന്ന പ്രമേയം കേരളത്തിലേക്ക് കടന്നുവന്നത്. ക്രമേണ അത് മുജാഹിദിന്റെ പര്യായമായി അറിയപ്പെടാന്‍ തുടങ്ങി. എങ്കിലും സംസ്ഥാന തലത്തിലോ മറ്റോ സലഫി എന്ന പേരില്‍ ഒരു സംഘടനയും രൂപീകരിച്ചിട്ടില്ല. സംഘടനയ്ക്കു കീഴില്‍ ഒരു ജാമിയ തുടങ്ങിയപ്പോള്‍ ജാമിഅ നദ്‌വിയ്യ (എടവണ്ണ) എന്നാണ് പേര് നല്‍കിയത്. എന്നാല്‍ 1980-കള്‍ക്ക് ശേഷം സ്ഥാപിച്ച പുളിക്കലിലെ സ്ഥാപനത്തിന് ജാമിഅ സലഫിയ്യ എന്ന പേര് നല്‍കുകയും ചെയ്തു. കാരണം വ്യക്തമാണ്. അറബി ശൈഖുമാരിലെ സലഫി ആശയക്കാരുമായി സംഘടനാ ബന്ധം ശക്തിപ്പെട്ട് വന്ന സമയമായിരുന്നു അത്.

നദ്‌വത്തിന്റെ തുടക്കത്തില്‍ സംഘടനയുടെ വാര്‍ഷിക യോഗങ്ങള്‍ നദ്‌വത്ത് സമ്മേളനം, കെ എന്‍ എം സമ്മേളനം എന്നൊക്കെയായിരുന്നു പേര് നല്‍കിയിരുന്നത്. 1979-ല്‍ പുളിക്കല്‍ വെച്ച് വിപുലമായി നടത്തിയ സമ്മേളനത്തിന് മുജാഹിദ് സമ്മേളനം എന്ന പേര് നല്‍കുകയുണ്ടായി. പിന്നീട് നടന്ന എട്ട് സമ്മേളനങ്ങളും 'മുജാഹിദ് സമ്മേളനം' എന്ന പേരില്‍ തന്നെ നടത്തി. സംഘടന ഭിന്നിച്ച ശേഷം ഇരു വിഭാഗവും അതേ പേരില്‍ തന്നെ സമ്മേളനങ്ങള്‍ നടത്തി. എന്നാല്‍ മറു വിഭാഗം സമ്മേളന നഗരിക്ക് സലഫി നഗര്‍ എന്ന പേര് നല്‍കിയപ്പോള്‍ മര്‍കസുദ്ദഅ്‌വ വിഭാഗം നഗരികള്‍ക്ക് സ്വതന്ത്ര പേരാണ് നല്‍കിയത്. വാദിസലാം (വയനാട്), നവോത്ഥാന നഗര്‍ (കോട്ടക്കല്‍) തുടങ്ങിയവ ഉദാഹരണം.

മുജാഹിദ്- സലഫി ഭിന്നതകള്‍

ഗള്‍ഫ് സലഫിസവും കേരളത്തിലെ മുജാഹിദ്/ സലഫി സംഘടനകളും തമ്മില്‍ നിരവധി കാര്യങ്ങളില്‍ വിയോജിപ്പും വൈരുധ്യങ്ങള്‍ തന്നെയും ഉണ്ട്. അഖീദ (വിശ്വാസ) കാര്യങ്ങളില്‍ താത്വികമായി യോജിപ്പുണ്ടായിരുന്നുവെങ്കിലും അവയുടെ പ്രയോഗവത്കരണത്തിന് ഭിന്ന രീതിയാണ് കേരളത്തില്‍ സ്വീകരിച്ചത്. സാമൂഹിക കര്‍മശാസ്ത്ര സമീപനങ്ങളിലും ഇത് വ്യക്തമായിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കല്‍, മിശ്രവിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി സ്വീകരിക്കല്‍ എന്നിവ ഉദാഹരണങ്ങളാണ്. വേഷവിധാനങ്ങളിലും ഈ വ്യതിരിക്തത പ്രകടമായിരുന്നു. താടി വളര്‍ത്തല്‍ സുന്നത്താണെന്ന വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെ താടി വെക്കുന്നവരും അല്ലാത്തവരും പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരില്‍ ഉണ്ടായിരുന്നു. മത പണ്ഡിതന്മാരും പണ്ഡിതന്മാരല്ലാത്ത ഉമറാക്കളും നേതൃത്വത്തില്‍ പങ്കാളികളായിരുന്നു. മുജാഹിദുകളും യാഥാസ്ഥിതികരും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഭാഷാപരമായ നിലപാടും ശ്രദ്ധേയമായിരുന്നു. യാഥാസ്ഥിതികര്‍ വെള്ളിയാഴ്ച ഖുത്വുബ അറബിയില്‍ മാത്രം പറയുകയുകയോ അറബി ഗ്രന്ഥമെടുത്ത് ഓതുകയോ ചെയ്തു പോന്നു. ഖുത്വുബയുടെ പ്രധാന ഭാഗങ്ങള്‍ അറബിയില്‍ പറഞ്ഞ്  വിശദീകരണങ്ങള്‍ പ്രാദേശിക ഭാഷയില്‍ നല്‍കുന്ന രീതിയാണ് മുജാഹിദുകള്‍ സ്വീകരിച്ചത്. ഖുര്‍ആനിന്ന് പരിഭാഷ പാടില്ല എന്ന് യാഥാസ്ഥിതികര്‍ വാദിച്ചപ്പോള്‍ ഖുര്‍ആനിന് മലയാള പരിഭാഷ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു മുജാഹിദുകള്‍ പ്രതികരിച്ചത്. ഭൂത പ്രേത വിശ്വാസാചാരങ്ങളില്‍ ഹൈന്ദവ ആശയ സ്വാധീനം യാഥാസ്ഥിതികരില്‍ പ്രകടമായിരുന്നു. എന്നാല്‍ മുജാഹിദുകള്‍ ഖുര്‍ആനും ശാസ്ത്രവും അടിസ്ഥാനമാക്കിയ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് ഗള്‍ഫ് സ്വാധീനത്തില്‍ വളര്‍ന്ന ചിലര്‍ ഇത്തരം കാര്യങ്ങളില്‍ സംഘടനക്ക് തെറ്റുപറ്റി എന്നും ഇത് ആദര്‍ശ വ്യതിയാനമാണെന്നും വാദമുയര്‍ത്തി.

കുവൈത്തിലെ ഇഹ്‌യാഉത്തുറാസില്‍ ഇസ്‌ലാമിയുമായി അടുപ്പം ശക്തിപ്പെടുകയും കേരളത്തില്‍ നിന്നുള്ള ഒരു പ്രതിനിധി അവിടെ കേരളീയ കാര്യങ്ങള്‍ക്ക് ചുമതല ഏല്പിക്കപ്പെടുകയും ചെയ്തതോടെ സാമ്പത്തികമായും ആശയതലത്തിലും മുജാഹിദ് സംഘടന അവരുമായി കൂടുതല്‍ താദാത്മ്യം പ്രാപിച്ചു. മുസ്‌ലിം ഭരണപ്രദേശത്തെ സാഹചര്യവും ഇന്ത്യയെപ്പോലെ ബഹുമതങ്ങള്‍ ജനാധിപത്യ മതേതര കാഴ്ചപ്പാടില്‍ വര്‍ത്തിക്കുന്ന സാഹചര്യവും വേര്‍തിരിച്ചറിയാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് സമീപനം സ്വീകരിക്കാനും കുവൈത്ത് സംഘടനക്ക് സാധിച്ചില്ല. ജോലി ആവശ്യാര്‍ഥം കുവൈത്തില്‍പോയ നിരവധി പ്രവര്‍ത്തകര്‍ അവരുടെ നാട്ടിലെ സ്ഥാപനങ്ങള്‍ക്കും മറ്റും സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങള്‍ ജംഇയ്യതു ഇഹ്‌യാഉത്തുറാസ് വഴി നല്‍കുകയും അവിടങ്ങളില്‍ ഗള്‍ഫ് ആശയങ്ങള്‍ക്കു സ്വാധീനം ഉണ്ടാവുകയും ചെയ്തു. ഇത് അപകടകരമായവിധം വളര്‍ന്നുവന്നപ്പോള്‍ അന്നത്തെ യുവജനവിഭാഗം രംഗത്തുവരികയുണ്ടായി.

തീവ്രതക്കെതിരെ

കേരളീയ പശ്ചാത്തലത്തില്‍ മതപ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഐ എസ് എം ഏറെ ശ്രദ്ധിച്ചുപോന്നിരുന്നു. കാമ്പയ്‌നുകള്‍, സമൂഹക്ഷേമ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍ മുതലായവ നടത്തി കേരളീയ മുഖം തിരിച്ചുകൊണ്ടുവരാന്‍ യുവജനസംഘടനയ്ക്ക് സാധ്യമായി. എന്നാല്‍ കെ എന്‍ എം നേതൃത്വത്തിലെ ചിലരെ തെറ്റിദ്ധരിപ്പിച്ച് യുവാക്കളും മുതിര്‍ന്നവരും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കാനും യുവാക്കളുടെ ശക്തിയെ ക്ഷയിപ്പിക്കാനും ചിലര്‍ ശ്രമിച്ചു.

ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഇറാഖിന്റെ കുവൈത്ത് ആക്രമണം ഉണ്ടായതും ഈ കാലഘട്ടത്തിലായിരുന്നു. മതതീവ്രവാദത്തിലേക്ക് മുസ്‌ലിം യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ട് തുടങ്ങിയപ്പോള്‍ അതിനെതിരെ ശക്തിയായി നിലകൊണ്ടത് ഐ എസ് എം ആയിരുന്നു. 'ഇസ്‌ലാം സമാധാനത്തിന്', 'മതം ഭീകരതക്കെതിരെ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സംഘടന ഉയര്‍ത്തിയത് ഇക്കാലത്താണ്. അന്ന് ഐ എസ് എമ്മുകാരായ യുവാക്കളിലാരും തീവ്രവാദത്തിലേക്ക് നയിക്കപ്പെട്ടില്ല. കാരണം അവര്‍ക്ക് ദിശാബോധം നല്കപ്പെട്ടിരുന്നു.

ആത്മീയവും സാമൂഹികവുമായ തീവ്രവാദ നിലപാടുകള്‍ കേരളത്തിലെ മറ്റ് മുസ്‌ലിം സംഘടനകളിലും പ്രകടമായിരുന്നു. ഇസ്‌ലാമിക ഭരണകൂടം നിലനില്‍ക്കാത്ത രാജ്യത്ത് സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിക്കാന്‍ പാടില്ല, കോടതികളില്‍ വ്യവഹാരത്തിന് പോകാന്‍ പാടില്ല, നിയമനിര്‍മാണ സഭകളിലേക്ക് മത്സരിക്കാനോ അവര്‍ക്ക് വോട്ട് ചെയ്യാനോ പാടില്ല എന്നീ വാദങ്ങള്‍ ഉയര്‍ത്തിയവര്‍ തീവ്രവാദനിലപാട് മറ്റൊരു നിലക്ക് സ്വീകരിച്ചവരാണ്. ഇന്ന് ഈ വാദക്കാര്‍ അവ കൈയ്യൊഴിയുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വോട്ട് ചെയ്യുകയും  അതിന് മതേതര സ്വഭാവത്തോടെ പ്രത്യേക പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരിക്കുന്നു.
സുന്നി യാഥാസ്ഥിതികര്‍ ആദ്യകാലത്ത് തന്നെ മുസ്‌ലിംകള്‍ പ്രാദേശിക വേഷ വസ്ത്രങ്ങള്‍ അണിയാന്‍ പാടില്ലെന്ന്  വാദിച്ചിരുന്നു. അങ്ങനെയാണ് സ്ത്രീകള്‍ കാച്ചിമുണ്ടും കുപ്പായവും ധരിക്കാന്‍ നിര്‍ബന്ധിതരായത്. പുരുഷന്മാര്‍ തല ക്രോപ്പ് ചെയ്യാനോ പാന്റ്‌സ് ധരിക്കാനോ പാടില്ലെന്നും അവര്‍ ഫത്‌വ ഇറക്കിയിരുന്നു. മുജാഹിദുകള്‍ ആദ്യകാലത്ത് തന്നെ സ്ത്രീകള്‍ക്ക് സാരിയും ഇറക്കമുള്ള ബ്ലൗസും ധരിക്കാമെന്നും അങ്ങനെ വസ്ത്രം ധരിച്ച് സര്‍ക്കാര്‍ ജോലിക്കും പഠനത്തിനും പോകാമെന്നും നിലപാട് സ്വീകരിച്ചവരായിരുന്നു. എന്നാല്‍ മേല്‍പറഞ്ഞ വാദങ്ങളില്‍നിന്ന് ഇപ്പോള്‍ സമുദായം മുക്തി നേടിയിട്ടുണ്ട്. പക്ഷേ, എല്ലാ വിഭാഗത്തിലും ഇന്ന് വേഷഭൂഷാദികളില്‍ ഗള്‍ഫ് സ്വാധീനം പ്രകടമാണ്. സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതും പുരുഷന്മാര്‍ ജുബ്ബ ധരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ചില യാഥാസ്ഥിക പണ്ഡിതന്മാര്‍ അറബി ശൈഖുമാര്‍ തല മറയ്ക്കുന്ന രീതി അതേ പടി അനുകരിക്കുന്നുമുണ്ട്. ഇതില്‍ സുന്നി മുജാഹിദ് ജമാഅത്തെ വേര്‍തിരിവില്ല.

മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ടായ ഭിന്നതയില്‍ 'ഔദ്യോഗികം' എന്നവകാശപ്പെടുന്ന വിഭാഗക്കാരില്‍ ഇപ്പോള്‍ മര്‍കസുദ്ദഅ്‌വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുമായി ആദര്‍ശപരമായി ഭിന്നത പ്രകടമല്ല. ഭിന്നത പ്രകടമായ ഘട്ടത്തില്‍ ഇരു വിഭാഗവും അംഗീകരിക്കുന്ന കേരള ജംഇയ്യത്തുല്‍ ഉലമ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വസ്തുതകള്‍ വിലയിരുത്തുകയുണ്ടായി. വിശദമായ ചര്‍ച്ചക്ക് ശേഷം കെ ജെ യു എടുത്ത തീരുമാനങ്ങള്‍ ഇരുവിഭാഗവും ഐകകണ്‌ഠ്യേന അംഗീകരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ രണ്ട് വിഭാഗമായി പിരിഞ്ഞ ശേഷം മറുവിഭാഗത്തില്‍ വീണ്ടും ഭിന്നതകള്‍ ഉടലെടുത്തു. അത് ആദര്‍ശപരം തന്നെ എന്ന് ഒരു വിഭാഗം ശക്തിയായി വാദിക്കുകയും ചെയ്യുന്നു. ഈ വിഭാഗത്തിന്നാണ് ഗള്‍ഫ് സലഫിസവുമായി കൂടുതല്‍ ബന്ധം ഉണ്ട് എന്ന് പറയാനാവുക. ഇവരെ മറുവിഭാഗം സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവര്‍ ഇപ്പോള്‍ 'വിസ്ഡം ഗ്രൂപ്പാ'യി അറിയപ്പെടുന്നു.

എന്നാല്‍ സാധാരണക്കാര്‍ ഇവരെ തിരിച്ചറിയുന്ന പേര് 'ജിന്ന്' വിഭാഗം എന്നാണ്. ജിന്നിനെക്കുറിച്ച് ഇവരുടെ സമീപനം സുന്നി യാഥാസ്ഥിതികരില്‍ നിന്ന് ഒട്ടും വിഭിന്നമല്ല. ജിന്ന് മനുഷ്യശരീരത്തില്‍ കയറുമെന്ന വിശ്വാസവും അവയെ ഇറക്കാനുള്ള തന്ത്രവും മന്ത്രങ്ങളും യാഥാസ്ഥിതിക വിഭാഗത്തില്‍നിന്നും ഭിന്നമല്ല. ഈ അദൃശ്യശക്തികളോടുള്ള സഹായതേട്ടം തൗഹിദിന് വിരുദ്ധമാണെന്ന മുജാഹിദ് നിലപാടുകള്‍ ഇവര്‍ തള്ളിക്കളയുന്നു.

ഉള്‍പ്പിരിവുകള്‍, പിളര്‍പ്പുകള്‍

ഇവരില്‍നിന്ന് രണ്ടുമൂന്ന് ഗ്രൂപ്പുകള്‍ കൂടി പിരിഞ്ഞ് പോയിട്ടുണ്ട്. ഒരു വിഭാഗം സംഘടന വേണ്ട, അത് തിന്മയാണ് എന്ന് വാദിക്കുന്നവരാണ്. ഒരു ശൈഖിനെ അമീറായി നിശ്ചയിക്കുക, മുരീദുകളായി അനുയായികള്‍ വര്‍ത്തിക്കുക എന്നതാണ് സലഫീ മന്‍ഹജ് എന്നാണ് ഇവരുടെ വീക്ഷണം. മറ്റൊരു തീവ്ര വിഭാഗം ഇന്ത്യയിലെ സാഹചര്യം ഇസ്‌ലാമിന് അനുയോജ്യമല്ലെന്നും അതുകൊണ്ട് ഹിജറ പോകേണ്ട സമയമായിരിക്കുന്നു എന്നും വാദിക്കുന്നവരാണ്. ഇവരില്‍പ്പെട്ട ചിലരെല്ലാം പലായനം തുടങ്ങുകയും ചെയ്തിരിക്കുന്നു. യമനിലേക്കും മറ്റും പഠിക്കാനും ജോലിക്കും എന്ന് പറഞ്ഞ് പോകുന്നത് ഈ 'ഹിജ്‌റ' തലക്ക് പിടിച്ചത് കൊണ്ടാണ്. ഹിജ്‌റ പോയ രാജ്യങ്ങളില്‍ രാഷ്ട്രീയവും ഭരണപരവുമായ ചേരിതിരിവുകളും യുദ്ധങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ അവിടെയുള്ള ഇവരുടെ ചില ശൈഖുമാരും അകപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ ഇവരും യുദ്ധമുഖത്ത് എത്തിപ്പെട്ടു എന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല. ശൈഖും  മുരീദുമില്ലാത്ത അവസ്ഥ. സംഘത്തില്‍ നിന്ന് ഒറ്റപ്പെട്ടാല്‍ ചെന്നായ പിടിക്കും എന്ന ആപ്ത വാക്യം ഇവരില്‍ പുലര്‍ന്നിരിക്കുകയാണ്.

ഒരു കാര്യം വളരെ വ്യക്തം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം രൂപം കൊണ്ടത് മുതല്‍ ഇന്നേ വരെ തീവ്രവാദ പക്ഷത്ത് നിലകൊണ്ടിട്ടില്ല. തീവ്രവാദ നിലപാടുകള്‍ക്ക് എതിരെ ശക്തമായി നിലകൊണ്ടവരുമാണ്. ഇത്തരം ഒരു നിലപാട് സ്വീകരിച്ചവര്‍ കേരളത്തില്‍ മുജാഹിദുകള്‍ മാത്രമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ചില വാദങ്ങള്‍ ആ കാലഘട്ടത്തിലെ ചിന്തകളായിരുന്നുവെങ്കിലും തീവ്രവാദത്തിന് പിന്‍ബലം നല്‍കുന്നവയായിരുന്നു. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സമീപനങ്ങളും ഇതിന്ന് പ്രേരകമായിട്ടുണ്ട്. ജമാഅത്ത് സൃഷ്ടിയായ സിമി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ്. 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന അപക്വമായ മുദ്രാവാക്യം ഉയര്‍ത്തിയവരാണ് അവര്‍.

സുന്നി യാഥാസ്ഥിതിക വിഭാഗത്തില്‍ എ പി, ഇ കെ ചേരിതിരിവ് ഉണ്ടായപ്പോള്‍ യഥാര്‍ഥത്തില്‍ സുന്നികള്‍ ആരാണ് എന്നതില്‍ അവര്‍ തമ്മില്‍ കിടമത്സരം നടത്തുകയുണ്ടായി. 'പുത്തന്‍ വാദികള്‍' എന്ന് അവര്‍ മുദ്രകുത്തിയ മുജാഹിദുകളോട് കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുന്നവരാണ് യഥാര്‍ഥ സുന്നികള്‍ എന്ന് ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ പുരോഹിതന്മാര്‍ ശ്രമിക്കുകയുണ്ടായി. മുജാഹിദുകളോട് സലാം പറയാന്‍ പാടില്ല, നമസ്‌കാരത്തില്‍ തുടരാന്‍ പാടില്ല, അവരുമായി വിവാഹം പോലും പാടില്ല എന്നെല്ലാമുള്ള തീവ്ര നിലപാട് അവര്‍ സ്വീകരിച്ചിരുന്നു. മാത്രമല്ല, ടൈഗര്‍ സുന്നി ജംഇയ്യത്തുല്‍ ഇഹ്‌സാനിയ എന്നിവ ഒരു വിഭാഗം സുന്നികള്‍ ഗൂഢമായ നിലയില്‍ രൂപീകരിച്ച തീവ്രവാദ സംഘങ്ങളാണ്.

നേതാക്കള്‍ക്ക് അകമ്പടി നല്കുക, എതിരാളികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തിലും പിന്നീട് എതിരാളികളെ ഉന്‍മൂലനം ചെയ്യാനും അവര്‍ ശ്രമിച്ചു. ഈ ഹിഡന്‍ അജണ്ട മൂടിവെക്കാനും സമുദായത്തിന്റെ പൊതുപിന്തുണ തേടാനും സമുദായം മൊത്തത്തില്‍ എതിരാളികളായി കാണുന്ന ചിലരെ ഉന്‍മൂലനം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുകയുണ്ടായി. സ്വതന്ത്ര ചിന്തകനായ മതപണ്ഡിതന്‍ ചേകന്നൂര്‍ മൗലവിയെ ആദര്‍ശപരമായി എതിര്‍ക്കുന്നതിനു പകരം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇവരുടെ പേരില്‍ ആരോപിക്കപ്പെടുന്നു. മുജാഹിദുകളുടെ വളര്‍ച്ച തടയാനാണ് 1992-ല്‍ പാലക്കാട് മുജാഹിദ് സമ്മേളനം മുടക്കുക എന്ന ലക്ഷ്യംവെച്ച് വര്‍ഗീയ വിഷം കുത്തിനിറച്ച പോസ്റ്റര്‍ സമ്മേളനത്തിന്റെ പേരില്‍ വ്യാപകമായി ഇവര്‍ അച്ചടിച്ചിറക്കിയത്. ബന്തടുക്ക ഖാസിയുടെ മരണത്തിലും ഇവര്‍ക്ക് പങ്കുണ്ട് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. മുജാഹിദ് സെന്റര്‍ ബോംബാക്രമണം, മുജാഹിദ് പ്രവര്‍ത്തകനായ പൂനൂര്‍ അബൂബക്കര്‍ ഹാജിയുടെ കൊലപാതകം എന്നിവയും ഇതിനോട് ചേര്‍ത്ത് വായിക്കാം. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുയായികള്‍ക്ക് രക്ഷ നേടാന്‍ രാഷ്ട്രീയ കളരിയില്‍ അഭ്യാസം നടത്താനും ഇവരുടെ ശൈഖുനക്ക് മെയ്‌വഴക്കമുണ്ട്. ഇടത്-വലത് പക്ഷത്തേക്കു ചായാനും നരേന്ദ്ര മോദിയെ പോലും വശീകരിക്കാനും ഇത് മുഖേന സാധ്യമായിട്ടുണ്ട്. സലഫിസത്തെ തകര്‍ക്കാന്‍ സൂഫിസത്തെ കളത്തിലിറക്കാന്‍ മന്ത്രം ഓതിക്കൊടുത്ത കേന്ദ്രം ഏതെന്ന് മുസ്‌ലിം കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ തീവ്രവാദവും ആത്മീയ തീവ്രവാദവും

തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഏതെങ്കിലും ഒരു മതത്തിന്റെ വക്താക്കളല്ല. ഹൈന്ദവരിലും ക്രൈസ്തവരിലും ഇവരെ കാണാം. ഇസ്‌ലാമിന്റെ പേരിലും ഇവര്‍ അറിയപ്പെടുന്നു. മതമില്ലാത്ത പ്രസ്ഥാനങ്ങളിലും തീവ്രവാദികളുടെ തിരയിളക്കം പ്രകടമാകുന്നുണ്ട്. ഇത്തരം വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പരസ്പരം തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും ഒറ്റിക്കൊടുത്തും നടത്തുന്ന ശ്രമങ്ങള്‍ ഒരിക്കലും ഫലം ചെയ്യുകയില്ല. അവ ശക്തിപ്പെടാനേ ഉപകരിക്കൂ. മത പണ്ഡിതന്മാരും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നായകരും ഒന്നിച്ച് ബോധവത്കരണത്തിന് മുന്നിട്ടിറങ്ങണം. മുസ്‌ലിംകളെ സംബന്ധിച്ച് അവര്‍ക്കിടയിലെ തീവ്രവാദ ഗ്രൂപ്പുകളെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും കൃത്യമായ അജണ്ട ഉണ്ടായിരിക്കണം. മതം പഠിച്ചവര്‍ മാത്രമല്ല ശാസ്ത്ര സാങ്കേതിക രംഗത്ത് വൈദഗ്ധ്യം നേടിയവരും തീവ്രവാദ ഗ്രൂപ്പുകളില്‍ എത്തിപ്പെടുന്നു എന്നത് ഗൗരവമായി കാണേണ്ട വസ്തുതകളാണ്.

തീവ്രവാദ നിലപാടുകളെ എല്ലാം ഒരേ പോലെ കാണാനാവില്ല. എന്നാല്‍ അതില്‍ ശരി തെറ്റുകള്‍ ഉണ്ട് എന്ന് സമര്‍ത്ഥിക്കുകയുമല്ല. നിലപാടുകളിലെ ലക്ഷ്യവും രീതിയും അറിഞ്ഞാല്‍ മാത്രമേ അവ തിരുത്തപ്പെടാനാവൂ. ആത്മീയമായ തീവ്രവാദവും രാഷ്ട്രീയമായ തീവ്രവാദവുമുണ്ട്. രാഷ്ട്രീയ തീവ്രവാദങ്ങള്‍ ഭരണകൂടങ്ങളുടെ സമീപനവുമായി ബന്ധപ്പെട്ടതാണ്. ഫലസ്തീനില്‍ ഒരു സുപ്രഭാതത്തില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ച് തദ്ദേശീയരെ അഭയാര്‍ത്ഥികളാക്കിയ സംഭവം ഇതാണ് സൂചിപ്പിക്കുന്നത്. ദശാബ്ദങ്ങളായി ഫലസ്തീനില്‍ ഇസ്‌റാഈല്‍ സംഘട്ടനം തുടരുന്നു. ഐക്യരാഷ്ട്ര സംഘടനകള്‍ക്കോ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കോ ഇത് പരിഹരിക്കാനായിട്ടില്ല. അവരുടെ കൂടി താല്‍പര്യപ്രകാരമാണ് ഈ പുതിയ രാഷ്ട്രം നിലവില്‍ വന്നത്.

മതത്തിന്റെ പേരിലുള്ള മറ്റൊരു തീവ്രവാദം അസഹിഷ്ണുതയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഇന്ത്യയില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരത ഇതിന്റെ ഉദാഹരണമാണ്. ഇതില്‍ രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ട്. ജാതീയമായതും വംശീയമായതുമായ തീവ്രവാദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും തമ്മിലും കറുത്തവനും വെളുത്തവനും തമ്മിലും വിവിധ ഭാഷകളുടെ പേരിലും സംഘട്ടനങ്ങളും ആക്രമണങ്ങളും നടന്നുവരുന്നുണ്ട്.

നീതി നിഷേധം പ്രകടമാവുമ്പോഴും അവസരസമത്വം നഷ്ടപ്പെടുമ്പോഴും ജനങ്ങള്‍ വികാരങ്ങളെ തീവ്രവല്‍ക്കരിക്കാറുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതര മതവിഭാഗങ്ങളെ കൂട്ടക്കൊല നടത്തുന്നതും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതും മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ്. ബൊക്കെഹറാം പോലെയുള്ള സംഘടനകള്‍ ഈ കൂട്ടത്തില്‍ പെട്ടതാണ്. മാവോയിസ്റ്റുകള്‍ തീവ്ര കമ്യൂണിസ്റ്റ് ആശയക്കാരാണ്.

തീവ്രവാദ ഒളിപ്പോര്‍ സംഘങ്ങള്‍ പല രാജ്യങ്ങളിലും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മുസ്‌ലിം ബഹുജനങ്ങള്‍ ഇവക്കെല്ലാം എതിരാണ്. ബഹുജനങ്ങളാണ് ഇവരുടെ ആക്രമണത്തിന് ഇരയാവുന്നത്. അഫ്ഗാനിസ്താനില്‍ ത്വാലിബാനും അല്‍ഖാഇദയും നടത്തുന്ന അക്രമങ്ങള്‍ക്ക് ഇരട്ടമുഖമുണ്ട്. ജമാഅത്തുദ്ദഅ്‌വ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഗ്രൂപ്പാണ്. ഹിസ്ബുല്‍ മുജാഹിദീന്‍, ജെയ്‌ശെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍, ലശ്കറെത്വയ്ബ എന്നിവ ഇന്ത്യക്കകത്തും പുറത്തും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്‌ലാമിക് ജിഹാദ്, അല്‍ശബാബ്, ഹറകത്തുല്‍ മുജാഹിദ് എന്നിവ മധ്യപൗരസ്ത്യ ദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ്. ഇവരെല്ലാം പ്രത്യക്ഷത്തില്‍ രംഗത്ത് വരാതെ ഒളിപ്പോര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ആദര്‍ശ തലതലത്തില്‍ ശക്തിയായി നിലപാട് സ്വീകരിച്ച മുസ്‌ലിം ബ്രദര്‍വുഡ് സംഘടനാ പാടവമുള്ള വിഭാഗമാണ്. ഈജിപ്തിലെ ഭരണകൂടഭീകരതക്കും മതധ്വംസനത്തിനും എതിരെ അവര്‍ ശക്തിയായി നിലകൊള്ളുന്നു.

സലഫി പണ്ഡിതന്മാരാല്‍ ആകര്‍ഷിക്കപ്പെട്ട് ഒരു തീവ്രവാദ ഗ്രൂപ്പ് ഏതെങ്കിലും കാലത്ത് സ്ഥാപിതമായതായോ ലോകത്തെവിടെയെങ്കിലും പ്രവര്‍ത്തിക്കുന്നതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ശ്രദ്ധേയമായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) സലഫീ ആശയക്കാരാണ് എന്ന് പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ ഇവരുടെ രക്ഷകരും മാതൃത്വവും ഏത് നാട്ടിലെ സലഫികളുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമായിട്ടില്ല. അവര്‍ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും സൃഷ്ടിയാണ് എന്നും പറയപ്പെടുന്നുണ്ട്. സുഊദി അറേബ്യയും ഖത്തറുമാണ് സലഫി ആശയവുമായി ബന്ധപ്പെട്ട ഭരണകൂട രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ഐ എസിന് വിലക്ക് മാത്രമല്ല അവരുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഐ എസ് ഇസ്‌ലാമിക വിരുദ്ധമാണ് എന്ന് ഫത്‌വ നല്‍കുകയും ചെയ്തിരിക്കുന്നു. ലോക മുസ്‌ലിംകള്‍ പുണ്യഗേഹങ്ങളായി കരുതുന്ന മക്കയിലെയും മദീനയിലെയും പള്ളികള്‍ക്ക് സമീപത്തേക്കു കൂടി ഇവരുടെ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. സലഫി അനുഭാവമുള്ള ഒരു സംഘടനയും പുണ്യ ഗേഹങ്ങള്‍ കേന്ദ്രീകരിച്ച് ചാവേറുകളാവുകയില്ല.

ഇപ്പോള്‍ മുസ്‌ലിംകള്‍ക്കുവേണ്ടിയോ മുസ്‌ലിംകളുടെ പേരിലോ പ്രവര്‍ത്തിച്ചുവരുന്ന ഏതെങ്കിലും തീവ്രവാദ സംഘടനകളുടെ നയവും ലക്ഷ്യവും ശൈലിയും ഖുര്‍ആനുമായോ പ്രവാചകചര്യയുമായോ യോജിച്ചുപോകുന്നതല്ല. പ്രത്യക്ഷമായ യുദ്ധമുഖത്തുപോലും സ്ത്രീകളെയും കുട്ടികളെയും പള്ളികളില്‍ ആരാധനകളില്‍ മുഴുകിയ ഭക്തരെയും കൊല്ലാന്‍ പാടില്ല എന്നത് ഇസ്‌ലാമിക യുദ്ധചിട്ടയാണ്. ആത്മഹത്യ മതവിരുദ്ധമാണ്. പിന്നെ എങ്ങനെ ചാവേറുകളായി പോകും. വ്യവസ്ഥാപിതമായ ഭരണകൂടം നിലനില്ക്കുന്നേടത്ത് നിയമം കൈയിലെടുക്കാന്‍ മറ്റുള്ളവര്‍ക്ക് പാടില്ലാത്തതാണ്. ഏതെങ്കിലും പള്ളിയില്‍പോയി താന്‍ ഖലീഫയാണ് എന്നും ഭരണം ഏറ്റെടുത്തിരിക്കുന്നുവെന്നും ആരെങ്കിലും പ്രഖ്യാപിക്കുന്ന രീതി ഇസ്‌ലാമികമല്ല. സലഫി മാര്‍ഗവുമല്ല.

എല്ലാ സലഫി പണ്ഡിതന്മാരും ഇത്തരം പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞതാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ മക്കയിലെ ഹറം ഇമാം എല്ലാതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ആക്രമണങ്ങളെയും അപലപിക്കുകയും ഇസ്‌ലാമിന്റെ സമാധാനസന്ദേശം വ്യക്തമാക്കുകയും ചെയ്തതാണ്.

മതവിശ്വാസാചാരങ്ങളില്‍ തീവ്രത പുലര്‍ത്തുന്നവര്‍ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലുമുണ്ടാവാം. അവരില്‍ വിവേകം കുറഞ്ഞവര്‍ ആചാരാനുഷ്ഠാനങ്ങളില്‍ ആത്മീയത വര്‍ദ്ധിപ്പിക്കാനായി തീവ്ര നിലപാട് സ്വീകരിക്കാറുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷരായ യുവാക്കള്‍ എല്ലാവരും മുജാഹിദ് വിഭാഗക്കാരാണ് എന്നതിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരും ഇങ്ങനെ ഐ എസില്‍ ചേര്‍ന്നതായി കേള്‍ക്കുന്നു. അവിടെയൊന്നും മുജാഹിദ് ആശയക്കാരോ സംഘടനയോ ഇല്ല. ജിന്ന് വിഭാഗത്തില്‍ നിന്ന് സംഘടന വേണ്ട എന്നുപറഞ്ഞ് പുറത്തുപോയവരാണ് എന്നും കേള്‍ക്കുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഇവര്‍ കേരള മുജാഹിദുകളുടെ പാരമ്പര്യം മനസ്സിലാക്കാത്തവരാണ് എന്നതാണ്. ഭിന്നതയ്ക്ക് മുമ്പ് അവര്‍ മുജാഹിദ് സംഘടനയില്‍  അംഗത്വം ഉള്ളവരല്ല. പുതുതായി ജിന്ന് ആശയത്തിലേക്ക് കടന്നു വന്നവരാണ്.

യുവാക്കളുടെ തിരോധാനം; വസ്തുതയെന്ത്?

കാണാതെ പോയവരെല്ലാം ഐ എസ്സില്‍ എത്തിപ്പെട്ടു എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയത് ഇതിന് വേണ്ടത്ര തെളിവ് ലഭിച്ചിട്ടില്ല എന്നാണ്. പത്രമാധ്യമങ്ങള്‍ ഏകപക്ഷീയ വിചാരണയിലൂടെ ചിലരെ തീവ്രവാദികളാക്കാന്‍ അമിതാവേശം കാണിക്കുകയാണ്. സാക്കിര്‍ നായിക് പ്രശ്‌നം ഇതിന് മികച്ച ഉദാഹരണമാണ്. അദ്ദേഹം ഏതെങ്കിലും ഒരു സംഘടനയുടെ വക്താവല്ല. അദ്ദേഹം മുജാഹിദ് സംഘടനയില്‍ അംഗവുമല്ല. അഹ്‌ലേ ഹദീസില്‍ അംഗമല്ല. സലഫിയാണ് എന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല. എന്നാല്‍ സാകിര്‍ നായിക് മുജാഹിദുകളുടെ സമ്മേളനങ്ങളിലും  സുന്നി സമ്മേളനങ്ങള്‍ ഉള്‍പ്പെടെ മറ്റു വേദികളിലും പങ്കെടുത്തിരിക്കാം. പങ്കെടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേരില്‍ യാതൊരു ആരോപണവും ഇല്ല താനും. സമ്മേളനങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ പരസ്യമായതും റിക്കാര്‍ഡ് ചെയ്യപ്പെട്ടതുമാണ്. മറ്റു മതങ്ങള്‍ ഇസ്‌ലാമിനെതിരെ ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് അദ്ദേഹം പ്രമാണബദ്ധമായി മറുപടി പറയാറുണ്ട്. ഇത് തെറ്റാണെന്ന് പറയാനാവുമോ?

അദ്ദേഹത്തില്‍ തീവ്രവാദ സ്വാധീനം ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കുന്നതിനെ ആരും തടയുകയില്ല. അബ്ദുന്നാസര്‍ മഅ്ദനിക്ക് എതിരെ നിലകൊണ്ട പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യവും പൗരാവകാശവും നിഷേധിച്ച് അകാരണമായി തടവില്‍വെച്ച് പീഡിപ്പിച്ചപ്പോള്‍ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയ്ക്ക് മുസ്‌ലിംലീഗ് ഒരു നിലപാട് എടുത്തത് വിമര്‍ശനവിധേയമാക്കേണ്ടതുണ്ടോ? ഇന്ത്യയിലെ ഏതൊരു പൗരനും അദ്ദേഹം വിശ്വസിക്കുന്ന ആശയത്തെ പ്രചരിപ്പിക്കാനും അതിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും അവകാശമുണ്ട്. ദേശവിരുദ്ധമായ നിലപാടും ആശയവും ഇല്ലാത്ത കാലത്തോളും ആര്‍ക്കും അത് തുടരാം. അങ്ങനെയുണ്ട് എന്ന് സംശയമുള്ളവര്‍ അത് തെളിയിക്കണം. മുജാഹിദുകള്‍ക്ക് സാക്കിര്‍ നായിക്കിന്റെ വക്കാലത്ത് പിടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ദളിത് പീഡനത്തിനെതിരെ ശക്തമായി നിലകൊണ്ട കാഞ്ച ഐലയ്യ മുജാഹിദ് സമ്മേളനത്തില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യത്തെ അവര്‍ മാനിക്കണം.

ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. വിമര്‍ശനങ്ങളുടെ പേരില്‍ പത്രം ഓഫീസ് കയ്യേറുകയും എഡിറ്ററെ കൊല്ലുകയും ചെയ്തപ്പോള്‍ അതിനെ അപലപിക്കാന്‍ മുന്നോട്ടുവന്നവരമാണ് മുജാഹിദ് പ്രസ്ഥാനം. മുജാഹിദുകള്‍ സ്വീകരിച്ച നിലപാട് പ്രസക്തമായിരുന്നു എന്ന് കാലം തെളിയിച്ചിരിക്കുന്നു.

ചുരുക്കത്തില്‍ തെറ്റിദ്ധരിച്ചും കഥയറിയാതെയും സ്ഥാനത്തും അസ്ഥാനത്തും സലഫികള്‍ തീവ്രവാദം വളര്‍ത്തുന്നു എന്നു പറയുന്ന മാധ്യമ പ്രവര്‍ത്തകരും അല്ലാത്തവരും വസ്തുതകള്‍ വസ്തുനിഷ്ഠമായി പഠിക്കണമെന്നുണര്‍ത്തുകയാണ്. ഒരാളെയോ ഒരു പ്രസ്ഥാനത്തെയോ രാജ്യദ്രോഹികളോ ഭീകരവാദികളോ ആയി ചിത്രീകരിക്കുന്നത് ദൂരവ്യാപകമായ ദുഷ്ഫലമുളവാക്കുന്ന വലിയ പാതകമാണ്. കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കാന്‍ വേണ്ടി മുസ്‌ലിം യാഥാസ്ഥിതികരാരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അത് തലമറന്ന് എണ്ണ തേക്കലാണ് എന്നുകൂടി ഓര്‍മപ്പെടുത്തട്ടെ. മുജാഹിദ് പ്രവര്‍ത്തകര്‍ തങ്ങള്‍ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കാന്‍ ശ്രമിക്കണമെന്നു കൂടി തെര്യപ്പെടുത്തുകയാണ്.            


 •►ശബാബ് വായനക്കൂട്ടം◄•

എ അസ്ഗറലി
ശബാബ് • Shabab
22-07-2016

4 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Malayali Peringode said...

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ത്യയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ രൂപീകൃതമായ ഏതെങ്കിലും സലഫി സംഘടനകളുടെയോ ആശയങ്ങളുടെയോ ഘടകമോ പിന്തുടര്‍ച്ചക്കാരോ അല്ല. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിശ്വാസപരമായ വീക്ഷണങ്ങളില്‍ സമാനതയുള്ള പല സംഘടനകളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഈ സമാനതകളെപ്പോലെ തന്നെ വൈരുധ്യങ്ങളും വ്യത്യസ്തതകളും അവര്‍ തമ്മിലുണ്ട്. ഇന്ത്യയിലെ ജംഇയ്യത്തെ അഹ്‌ലെ ഹദീസ് രൂപീകൃതമാവുന്നത് 1906-ലാണ്. എന്നാല്‍ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്ന് സംഘടിത രൂപം വരുന്നത് 1922-ലാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് കേരള മുസ്‌ലിം ഐക്യസംഘം രൂപീകരിച്ചപ്പോള്‍ അഹ്‌ലേ ഹദീസുമായി എന്തെങ്കിലും ബന്ധമുള്ളതായി യാതൊരു സൂചനയും ആരും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ്സിനോട് അനുഭാവം പുലര്‍ത്തിയിരുന്ന മജ്‌ലിസുല്‍ ഉലമയുമായിട്ടായിരുന്നു ചെറിയ തോതിലെങ്കിലും ബന്ധം ഉണ്ടായിരുന്നത്. മുസ്‌ലിംകളുടെ മതഭാഷയായ അറബിയിലോ ഇന്ത്യന്‍ മുസ്‌ലിംകളുടെ വ്യവഹാര ഭാഷയായി ഗണിക്കപ്പെട്ടു പോന്ന ഉര്‍ദുവിലോ അല്ല കേരളത്തിലെ നവോത്ഥാന സംഘടന പേര് സ്വീകരിച്ചത്. മലയാള ഭാഷയിലുള്ള പേരാണ് സ്വീകരിച്ചത്.

ഐക്യസംഘം വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ കൂടി ഇടപെടുകയും അത്തരം പ്രവര്‍ത്തനങ്ങളെ അജണ്ടയായി സ്വീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഐക്യസംഘത്തെ ഒരു നവോത്ഥാന പ്രസ്ഥാനം എന്ന നിലക്ക് വിലയിരുത്തുന്നത്. എന്നാല്‍ സലഫി സംഘടനകളോട് ബന്ധമുള്ളവര്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പൊതുവായി ഇടപെടുന്ന രീതി സ്വീകരിക്കാറില്ല. മുസ്‌ലിംകളുടെ വിദ്യാഭ്യാസം മാത്രമല്ല എല്ലാ വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിനും പുരോഗതിക്കും ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്.

ഷാജി പരപ്പനാടൻ said...
This comment has been removed by the author.
ഷാജി പരപ്പനാടൻ said...

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും ചിന്താധാരകളുടെ അനന്തരഫലമല്ല. കാലഘട്ടം ആവശ്യപ്പെട്ട ഒരു തിരുത്തായി, സ്വയം രൂപാന്തരം പ്രാപിച്ച ഒരൊഴുക്കായിരുന്നു അതു, കേരള മുസ്ലിം ഐക്യ സംഘം എന്നും പിന്നീട് കേരള നദ്‌വത്തുൽ മുജാഹിദീൻ എന്നും സംഘടനയായി അറിയപ്പെട്ടപ്പോഴും സലഫി എന്നത് അതിന്റെ പേരിലെവിടെയും കാണപ്പെട്ടിരുന്നില്ല. പിൽക്കാലത്തു പോഷകഘടകങ്ങൾ വരെ രൂപീകരിച്ചപ്പോഴും പേരിൽ സലഫി ചേർക്കാൻ മടിച്ച സംഘടന 'സലഫിയ്യത്ത്' എന്ന പേരിൽ സ്റ്റേജും, പേജും ചെലവഴിച്ച 2002 നു ശേഷം പോലും സംഘടനയുടെ പേര് കേരള നദ്‌വത്തുൽ സലഫിയ്യീൻ എന്നാക്കാൻ ധൈര്യം കാണിച്ചില്ല. അധികാര സാമ്പത്തിക താൽപര്യങ്ങൾക്കു വേണ്ടി സംഘടനക്കുള്ളിൽ സൃഷ്ടിച്ച വിഭാഗീയതയുടെ അനന്തര ഫലങ്ങളാണ് ഇന്ന് നാം കാണുന്നത്.

faisal said...

ആരാണ് എഴുതിയത്..അദ്ദേഹം ഒന്ന് ഇൻബോക്സിൽ വരുമോ..

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ