Wednesday, June 1, 2016

ഖുത്ബയുടെ റുക്‌നുകളും സമാപന പ്രാര്‍ഥനയും | പി കെ മൊയ്തീന്‍ സുല്ലമിമുജാഹിദ് പ്രസ്ഥാനം പ്രമാണങ്ങള്‍ നിരത്തിവെച്ചുകൊണ്ട് സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തി പരാജയപ്പെട്ട ചിലര്‍ യുക്തിവാദം നടത്തി ഇസ്‌ലാമിനെ തന്നെ നശിപ്പിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. 2016 മാര്‍ച്ച് ലക്കം അല്‍ഇസ്വ്‌ലാഹ് മാസികയിലൂടെ ഇവര്‍ നടത്തിയ ശ്രമം മുസ്‌ലിംകള്‍ തര്‍ക്കമില്ലാതെ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വഹിച്ചുപോരുന്ന വിവാഹ ഖുത്ബയെ ഇല്ലായ്മ ചെയ്യാനാണ്. ആദ്യം 'ഖുത്വുബ'യുടെ റുക്‌നുകളെ (നിര്‍ബന്ധ ഘടകങ്ങള്‍) നിഷേധിക്കുന്നു. മുമ്പ് വിവാഹ ഖുത്വുബയെ സംബന്ധിച്ച് അസംബന്ധം എഴുതിവിട്ട അതേ വ്യക്തി തന്നെയാണ് ഇതും എഴുതിയിട്ടുള്ളത്. ജുമുഅ ഖുത്വുബയുടെ അവസാനത്തെ റുക്‌നായി എണ്ണപ്പെടുന്ന കര്‍മം സത്യവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയാണ്. അതിന് തെളിവില്ല എന്നാണ് അല്‍ഇസ്വ്‌ലാഹ് ലേഖകന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ''അത് മതമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നബി(സ) ചെയ്യുമായിരുന്നു. അതിനാല്‍ നബി(സ) മുസ്‌ലിംകള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് കുറിക്കുന്ന പ്രത്യേക  തെളിവ് അനിവാര്യമാണ്. പ്രത്യേക തെളിവില്ലെങ്കില്‍ നാം അത് സ്വീകരിക്കുകയില്ല. അത് ഖുത്വുബയുടെ സുന്നത്തുകളില്‍ പെട്ടതാണെന്ന് നാം പറയുകയില്ല'' (അല്‍ഇസ്വ്‌ലാഹ് 2016, മാര്‍ച്ച്, പേജ് 24). ആരാണ് ഈ നാം? നാം ഇപ്പോഴും ഇതുവരെയും ഖുത്വുബയുടെ അവസാനത്തില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുന്നത് ഏതു തെളിവിന്റെ അടിസ്ഥാനത്തിലാണ്?

ഇമാമുരായ അബൂഹനീഫ, മാലിക്, മാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍(റ), ലോകത്തുള്ള മുഴുവന്‍ അഹ്‌ലുല്‍ ഹദീസു പണ്ഡിതന്മാര്‍, മക്ക, മദീനയടക്കമുള്ള അറബു ലോകത്ത് ഖുത്വുബ നടത്തുന്ന പണ്ഡിതന്മാര്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും മുജാഹിദുകളും അല്ലാത്തവരുമായ ഖത്വീബുമാര്‍ ഇവരൊക്കെ ഖുത്വുബയുടെ അവസാനത്തില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരുന്നതും ഹദീസുകളെ പ്രമാണമാക്കിക്കൊണ്ടുതന്നെയാണ്. ഇമാമുകളക്കമുള്ള ചില പണ്ഡിതന്മാര്‍ അത് നിര്‍ബന്ധ ഘടകമായും ചിലര്‍ സുന്നത്തായും രേഖപ്പെടുത്തിയിട്ടുണ്ട്. സുന്നത്താണെങ്കില്‍ പോലും അത് പതിവാക്കലായിരുന്നു നബി(സ)യുടെ ചര്യയെന്ന് ഇമാം ബുഖാരിയടക്കമുള്ള മുഹദിസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്‌ലിമും അതിന്റെ വ്യാഖ്യാനങ്ങളായ ഫത്ഹുല്‍ ബാരിയും ശറഹു മുസ്‌ലിമും വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ജുമുഅ ഖുത്വുബക്കു ശേഷമുള്ള പ്രാര്‍ഥനയെ സംബന്ധിച്ച് സംശയം ഉണ്ടാകാന്‍ തരമില്ല. ഇമാം ബുഖാരി പ്രാര്‍ഥനയുടെ അധ്യായത്തില്‍ കൊടുത്ത തലക്കെട്ട് തന്നെ മതി, ഖുത്വുബയിലെ പ്രാര്‍ഥനയെക്കുറിച്ച് മനസ്സിലാക്കാന്‍. അതിപ്രകാരമാണ്: ''നബി(സ) ഖിബ്‌ലയിലേക്ക് മുന്നിടാതെ പ്രാര്‍ഥിച്ച ഭാഗം'' (ബുഖാരി, ഫത്ഹുല്‍ ബാരി 14:222). അതിന്നു താഴെ ഇപ്രകാരവും കാണാവുന്നതാണ്. ''നബി(സ) ഖിബ്‌ലയിലേക്ക് തിരിഞ്ഞുനിന്നു പ്രാര്‍ഥിച്ച അധ്യായം''(ബുഖാരി, ഫത്ഹുല്‍ബാരി 14:223). മേല്‍ പറഞ്ഞ രണ്ട് അധ്യായങ്ങളും നബി(സ) മിമ്പറില്‍ വെച്ചു നടത്തിയ പ്രാര്‍ഥനകളെ സ്പര്‍ശിക്കുന്നതാണ്. മേല്‍പറഞ്ഞ രണ്ട് അധ്യായങ്ങളിലെ പ്രാര്‍ഥനകളും നബി(സ) മഴക്കുവേണ്ടി നടത്തിയതാണ്. ഒന്ന് ഖിബ്‌ലക്ക് പിന്നിട്ടും മറ്റൊന്ന് മുന്നിട്ടും. അപ്പോള്‍ പണ്ഡിതന്മാരുടെ ഇടയില്‍ വന്നിട്ടുള്ള ഭിന്ന വീക്ഷണം ഖുത്വുബയുടെ അവസാനം നടത്തുന്ന പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്തേണ്ടതുണ്ടോ ഇല്ലയോ എന്നൊക്കെയാണ് അതിവിടെ വിഷയമല്ലാത്തതിനാല്‍ പരാമര്‍ശിക്കുന്നില്ല. ഇബ്‌നു ഹജര്‍(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക:

''നബി(സ) ഖിബ്‌ലയിലേക്കു തിരിഞ്ഞ് രണ്ടു പ്രാവശ്യം പ്രാര്‍ഥിച്ചതായിട്ടല്ലാതെ ഉദ്ധരിക്കപ്പെട്ടിട്ടില്ല''(ഫത്ഹുല്‍ ബാരി 14:223) സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാതാവായ ഇമാം ഐനിയുടെ പ്രസ്താവന ഇപ്രകാരമാണ്: ''ഇമാം സുഹ്‌രി പറയുന്നു. വെള്ളിയാഴ്ച ഖുത്വുബയില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍ അനാചാരമാണ്. അത് ആദ്യമായി തുടങ്ങിയത് മഅ്മര്‍ മകന്‍ അബ്ദുല്ലയുടെ മകന്‍ ഉബൈദുല്ലയാണ്''(ഉംദതുല്‍ഖാരി 5:239). ഇവിടെ മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനകളില്‍ കൈകള്‍ ഉയര്‍ത്താം എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കും മുഹദ്ദിസുകള്‍ക്കുമിടയിലും തര്‍ക്കമില്ലാത്ത കാര്യമാണ്. പിന്നെ ഇമാം സുഹ്‌രി പറഞ്ഞ കൈകള്‍ ഉയര്‍ത്തിയുള്ള പ്രാര്‍ഥന ബിദ്അത്താകുന്നത് ഖുത്വുബകള്‍ക്കു ശേഷമുള്ള പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്തുന്നതിനെ സംബന്ധിച്ചാണ്. അതുപോലെ തന്നെയാണ് ഇബ്‌നു ഹജര്‍(റ)വിന്റെ പ്രാര്‍ഥന സംബന്ധമായ പ്രസ്താവനയും. നബി(സ) മിമ്പറില്‍ വെച്ച് ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൈകളുയര്‍ത്തി രണ്ടു തവണ മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ എന്നതില്‍ നിന്നും നബി(സ) ഖുതുബകള്‍ക്കു ശേഷം നടത്തിയ മറ്റുള്ള എല്ലാ പ്രാര്‍ഥനകളും കൈകള്‍ ഉയര്‍ത്താത്ത അവസ്ഥയിലായിരുന്നു എന്ന കാര്യം മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ നബി(സ)യുടെ മിമ്പറില്‍ വെച്ചല്ലാത്ത പല പ്രാര്‍ഥനകളും കൈകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു. അത് ഇവിടെ വിശദീകരിക്കുന്നില്ല.

സ്വഹീഹ് മുസ്‌ലിം പരിശോധിച്ചാലും നബി(സ) ഖുത്വുബകളുടെ അവസാനത്തില്‍ പ്രാര്‍ഥിച്ചിരുന്നതായി ബോധ്യപ്പെടും. അത് ശ്രദ്ധിക്കുക: ''ഉമാറതുബ്‌നുറുഅയ്ബത് പ്രസ്താവിച്ചു: ബിശ്‌റുബ്‌നുമര്‍വാന്‍ മിമ്പറില്‍ വെച്ച് കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്നതായി അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: താങ്കളുടെ ഇരു കരങ്ങളെയും അല്ലാഹു ചീത്തയാക്കട്ടെ. തീര്‍ച്ചയായും നബി(സ)യെ ഞാന്‍ കണ്ടിട്ടുണ്ട്. കൈവിരല്‍ ചൂണ്ടുക എന്നതിനേക്കാള്‍ അവിടുന്ന് അധികരിപ്പിക്കാറുണ്ടായിരുന്നില്ല. ഉമാറ തന്റെ ചൂണ്ടുവിരല്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി''(സ്വഹീഹ് മുസ്‌ലിം 3:422)  അതിന്റെ താഴെ മറ്റൊരു റിപ്പോര്‍ട്ടും കാണാം. അതിപ്രകാരമാണ്: ''അബ്ദുറഹ്മാന്‍ മകന്‍ ഹുസൈന്‍ പ്രസ്താവിച്ചു.

ബിശ്‌റുബ്‌നു മര്‍വാന്‍ കൈകളുയര്‍ത്തി വെള്ളിയാഴ്ച പ്രാര്‍ഥിക്കുന്നതായി ഞാന്‍ കണ്ടു (സ്വഹീഹു മുസ്‌ലിം 3:422). മേല്‍ പറഞ്ഞ ഹദീസുകളെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ''ഖുത്വുബയിലെ പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്താതിരിക്കലാണ് നബിചര്യ. അപ്രകാരമാണ് ഇമാം മാലിക്കും നമ്മുടെ അനുയായികളും മറ്റുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്''(ശറഹുമുസ്‌ലിം 3:428). ഖുതുബയുടെ അവസാനത്തില്‍ നടത്തുന്ന പ്രാര്‍ഥനക്ക് തെളിവായി പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് ഇതാണ്: ''അബ്ദുറഹ്മാന്റെ മകന്‍ ഹുസൈന്‍ പ്രസ്താവിച്ചു: നബി(സ) ഖുത്വുബ നടത്തുന്നതായി ഞാന്‍ കണ്ടു. പ്രാര്‍ഥിക്കുമ്പോള്‍ ചൂണ്ടുവിരല്‍ മാത്രം ഉയര്‍ത്തുകയുണ്ടായി''(അഹ്മദ് മുസ്‌നദ്). ഇവ കൂടാതെ മറ്റു ചില ഹദീസുകളും അഹ്‌ലുസുന്നയുടെ പണ്ഡിതന്മാരുടെ പ്രസ്താവനകളും ഈ വിഷയത്തില്‍ വന്നിട്ടുണ്ട്. ശൈഖ് ഉഥൈമീന്റെയും എം ടി അബ്ദുറഹ്മാന്‍ മൗലവിയുടെയും വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഇവര്‍ ഉപയോഗിച്ചുകാണുന്നു. ഇഥൈമീന്‍ ഖുത്വുബയിലെ പ്രാര്‍ഥന പുണ്യകരമാണ് എന്നാണ് രേഖപ്പെടുത്തിയത്. അത് അല്‍ ഇസ്‌ലാഹ് ലേഖകന്‍ തന്നെ പേജ് 24 ല്‍ കൊടുത്തതിനാല്‍ ഇവിടെ പരാമര്‍ശിക്കിക്കുന്നില്ല.

എതിരഭിപ്രായമില്ലാത്ത ഒരു മസ്അലയും ഉണ്ടാവില്ല. എത്ര തെളിവുകളുണ്ടെങ്കിലും ശരി. അത്തരം സന്ദര്‍ഭങ്ങളില്‍ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ അവലംബിച്ച നയം ഖുര്‍ആനിനോടും സുന്നത്തിനോടും യോജിച്ചവ സ്വീകരിക്കുകയും അല്ലാത്തത് തള്ളിക്കളയുകയും ചെയ്യുക എന്നതാണ്. ഇവര്‍ക്ക് നിരാശയുടെ അപകര്‍ഷതാബോധവും സംഭവിച്ചിരിക്കുന്നു. കാരണം ആദ്യമായി ഇവര്‍ ഒരുമ്പെട്ടത് മുജാഹിദുകള്‍ പ്രബോധനം നടത്തി ഇല്ലായ്മ ചെയ്തതും കാലഹരണപ്പെട്ടുപോയതുമായ ഖുറാഫാത്തുകളെ പുനരുജ്ജീവിപ്പിക്കാനാണ്. അതിന്ന് അണികളുടെ സപ്പോര്‍ട്ടില്ല എന്നു കണ്ടപ്പോഴാണ് ഇസ്‌ലാമിലെ കര്‍മങ്ങളെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. യഥാര്‍ഥ മുജാഹിദുകളെ അഖ്‌ലാനികളും ഹദീസു നിഷേധികളുമാക്കിയതിനുള്ള ശിക്ഷയാണ് ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ശബാബ് വാരിക,
2016 മെയ് 06

0 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ