Wednesday, June 1, 2016

ബറാഅത്ത് രാവ് താല്പര്യവും വിവക്ഷയും | പി കെ മൊയ്തീന്‍ സുല്ലമി


പാപത്തില്‍ നിന്നും മുക്തമാകുന്ന രാവ് എന്നാണ് ബറാഅത്ത് രാവ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒരു മൊല്ല വീട്ടില്‍ വന്ന് യാസീന്‍ പാരായണം ചെയ്തതിനു ശേഷം ഒരു പ്രാര്‍ഥന ചൊല്ലിയാല്‍ വീട്ടുകാരന്റെ ആ വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന അന്ധവിശ്വാസമാണ് ഇതിന് പിന്നിലുള്ളത്. എന്നാല്‍ നമ്മുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരണമെങ്കില്‍ പാപം ചെയ്ത വ്യക്തി തന്നെ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും പിന്നീട് പ്രസ്തുത തെറ്റിലേക്ക് മടങ്ങാതിരിക്കുകയും സല്‍കര്‍മങ്ങള്‍ തുടര്‍ച്ചയായി അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടിരിക്കണമെന്ന് ഖുര്‍ആനും സുന്നത്തും നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ തെറ്റുകള്‍ സഹജീവികളായ മനുഷ്യരോടാണെങ്കില്‍ അവരും നമുക്ക് പൊറുത്തുതരികയും നമ്മുടെ പാപം പൊറുക്കാന്‍ അല്ലാഹുവോട് തേടുകയും ചെയ്യേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ബറാഅത്ത് രാവ് സങ്കല്പത്തിനും അതിലെ പ്രത്യേക അനുഷ്ഠാനങ്ങള്‍ക്കും യാതൊരു തെളിവുമില്ല. ശാഫിഈ മദ്ഹബുകാരാണെന്ന് അവകാശപ്പെടുന്നവരാണ് ഈ രാവാചരണം നടത്തുന്നത്. എന്നാല്‍ ഇതിന് മദ്ഹബിന്റെ പിന്‍ബവുമില്ല.

ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ ബറാഅത്ത് രാവിനെ സംബന്ധിച്ച് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. ശാഫിഈ മദ്ഹബുകാരുടെ മുഫ്തിയായ ഇബ്‌നുഹജറുല്‍ ഹൈതമി(റ) ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പുണ്യവും ശാമുകാരായ ചില താബിഉകള്‍ (സ്വഹാബത്തിന് ശേഷം വന്നവര്‍) മതത്തില്‍ നിര്‍മിച്ചുണ്ടാക്കിയതാണ് എന്നാണ് പറയുന്നത്. ''ശാമുകാരായ താബിഉകളില്‍ പെട്ട ചിലര്‍ ശഅ്ബാന്‍ പാതിരാവിനെ ആദരിക്കുകയും അന്ന് ആരാധനകളില്‍ മുഴുകുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ടെങ്കിലും ശരി അവര്‍ നിര്‍മിച്ചുണ്ടാക്കിയ അനാചാരങ്ങളാണ് ജനങ്ങള്‍ ആ രാവില്‍ പിന്നീട് തുടര്‍ന്നുപോന്നിട്ടുള്ളത്. അവരതിന്ന് സ്വഹീഹായ രേഖകള്‍ അവലംബിച്ചുകൊണ്ടല്ല പ്രവര്‍ത്തിച്ചുവന്നിട്ടുള്ളത്. അവരതിന് അവലംബിച്ചത് യഹൂദി കഥകളാണ്. ഈ വിഷയത്തില്‍ ഇമാം ശാഫിഈ(റ)യുടെയും ഇമാം മാലിക്കിന്റെയും(റ) മറ്റുള്ളവരുടെയും അഭിപ്രായം അപ്രകാരമാണ്. ഈ വിഷയത്തില്‍ നബി(സ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ യാതൊരു റിപ്പോര്‍ട്ടും സ്വഹീഹായി വന്നിട്ടില്ലാത്തതിനാല്‍ ആ രാവില്‍ നടത്തുന്ന എല്ലാ കര്‍മങ്ങളും അനാചാരമാണ്.'' (ഫതാവല്‍കുബ്‌റാ 2:80)

ഇബ്‌നുഹജറുല്‍ ഹൈതമിയുടെ ഈ വിഷയത്തില്‍ വന്ന മറ്റൊരു പ്രസ്താവന ശ്രദ്ധിക്കുക: ''ശഅ്ബാന്‍ പാതിരാവിന്റെയും ഈ രാവിന്റെയും (മിഅ്‌റാജ്‌രാവ്) ശ്രേഷ്ഠതകളെക്കുറിക്കുന്ന സകല റിപ്പോര്‍ട്ടുകളും അടിസ്ഥാനമില്ലാത്ത നുണകളാണ്.'' (ഫതാവല്‍ കുബ്‌റാ 1:184)

ഇമാം നവവി(റ)യുടെ ഗുരുനാഥനായ അബൂശാമ(റ) ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതകളെക്കുറിക്കുന്ന മൂന്ന് റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ''ഈ ഹദീസുകളും ദുര്‍ബലമായ പരമ്പരകളോട് കൂടിയുള്ളതാണ്. ഒന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നു അബീസുബ്‌റയും രണ്ടാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഹജ്ജാജുബ്‌നു അര്‍ത്വഅതും മൂന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്‌നു ലുഹൈഅതും ഉണ്ട്.'' (കിതാബുല്‍ ബാഇസ് പേജ് 131)

ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പുണ്യവും നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്: 'ഇബ്‌നുവല്ലാഹ്, സൈദുബ്‌നു അസ്‌ലമില്‍ (റ) നിന്ന് ഇപ്രകാരം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഞങ്ങളുടെ മതനേതാക്കളോ കര്‍മശാസ്ത്രപണ്ഡിതന്മാരോ ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതയിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലും ഞങ്ങള്‍ കണ്ടിട്ടില്ല. മറ്റുള്ള രാവുകളെക്കാള്‍ അതിന് യാതൊരു ശ്രേഷ്ഠതയും അവര്‍ കല്പിക്കുകയും ചെയ്തിരുന്നില്ല. ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദാസന്മാരേ, ഹദീസുകള്‍ നിര്‍മിക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഒരു റിപ്പോര്‍ട്ട് നുണയാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് ദീനില്‍ നിന്നു പുറത്താണ്.'' (കിതാബുല്‍ ബാഇസ് പേജ് 127).

മേല്‍ പറഞ്ഞ പണ്ഡിതന്മാരുടെ പ്രസ്താവനകളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത് ശഅ്ബാന്‍ പാതിരാവില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ഥനകളും നമസ്‌കാരങ്ങളും പകലില്‍ അനുഷ്ഠിക്കുന്ന നോമ്പും അടിസ്ഥാന രഹിതങ്ങളായ അനാചാരങ്ങളില്‍ പെട്ടതാകുന്നു എന്നാണ്. അതേയവസരത്തില്‍ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നതിനെ ഇസ്‌ലാം നിരോധിച്ചിട്ടില്ല. നബി(സ) യും സഹാബത്തും ഖദ്വാ ആയിട്ടുള്ള നോമ്പുകള്‍ നോറ്റുവീട്ടാറുണ്ടായിരുന്നത്. മിക്കപ്പോഴും ശഅ്ബാനിലായിരുന്നു. ആ വിഷയത്തില്‍ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ഇവിടെ പണ്ഡിതന്മാര്‍ അനാചാരമാണെന്നു പ്രസ്താവിച്ചത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിന് അഥവാ ബറാഅത്ത് രാവിന് നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യേകമായ നോമ്പിനെയും നമസ്‌കാരത്തെയും പ്രാര്‍ഥനകളെയും സംബന്ധിച്ചാണ്. ഈ വിഷയത്തില്‍ വന്ന ഇബ്‌നു തൈമിയ്യ(റ)യുടെ പ്രസ്താവന ഇപ്രകാരമാണ്: ''എന്നാല്‍ ശഅ്ബാന്‍ പാതി ദിനത്തില്‍ ഒറ്റപ്പെട്ട് ആചരിക്കുന്ന നോമ്പിന് യാതൊരു അടിസ്ഥാനവുമില്ല. അത് വെറുക്കപ്പെട്ടതാണ്. അന്ന് ഒരാഘോഷമാക്കിക്കൊണ്ട് പ്രത്യേകം മോടി കൂട്ടി ഭക്ഷണമുണ്ടാക്കലും അടിസ്ഥാനരഹിതമായ അനാചാരത്തില്‍ പെട്ടതാണ്'' (ഇഖ്തിദ്വാഉ സ്വിറാത്തില്‍ മുസ്തഖീം 2:138).

ശഅ്ബാന്‍ പാതിരാവിന്റെ അനാചാരങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത് പ്രസ്തുത രാവിലാണെന്നത് അബദ്ധം രേഖപ്പെടുത്തിയവരുണ്ട്. ജലാലൈനി തഫ്‌സീറില്‍ രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ''തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.'' (ദുഖാന്‍ 3). ''അഥവാ ലൈലതുല്‍ഖദ്‌റില്‍, അല്ലെങ്കില്‍ ശഅ്ബാന്‍ പാതിരാവില്‍'' (ജലാലൈനി 2:562).

ജലാലൈനി തഫ്‌സീര്‍ ഇവിടെ ചെയ്തത്, അനുഗൃഹീത രാവായ ലൈലതുല്‍ ഖദ്‌റിനെ, ശഅ്ബാന്‍ പാതിരാവാണെന്ന് സംശയിക്കുകയാണ്. യഥാര്‍ഥത്തില്‍ ശഅ്ബാനും ഖുര്‍ആന്‍ അവതരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മുസ്‌ലിം ലോകം അംഗീകരിക്കുന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ മുഴുവന്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും പ്രസ്താവനകള്‍ ശ്രദ്ധിക്കുക. ഇമാം നവവി(റ) പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണ് എന്ന ചില മുഫസ്സിറുകളുടെ അഭിപ്രായം തെറ്റാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും നാം അതിനെ അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അതിനെ ലൈലതുല്‍ ഖദ്‌റില്‍ ഇറക്കിയിരിക്കുന്നു.'' (6:245).

ഇമാം ഇബ്‌നുകസീര്‍ പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണെന്ന് ഇക്‌രിമയെപ്പോലെ വല്ലവനും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ പ്രമാണങ്ങളില്‍ നിന്ന് വളരെ വിദൂരമാണ്. ഖുര്‍ആന്‍ അവതരിപ്പിച്ചത് റമദ്വാനിലാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.'' (4:137)

ഇമാം റാസി പറയുന്നു: ''അല്ലാഹു അനുഗൃഹീതരാവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശഅ്ബാന്‍ പാതിയിലെ രാവാണെന്നു പറഞ്ഞവര്‍ അതിന് തെളിവ് ഉദ്ധരിച്ചതായി ഞാന്‍ കണ്ടിട്ടില്ല.'' (തഫ്‌സീറുല്‍ കബീര്‍ 7:316)

ഇമാം ഖുര്‍തുബി പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസം റമദ്വാനിലാകുന്നു എന്ന് അല്ലാഹു അറിയിച്ചിരിക്കന്നു'' (ഖുര്‍ത്വുബി 16:127, 128). അഹ്‌ലുസ്സുന്നയുടെ സമുന്നതരായ പണ്ഡിതന്മാര്‍ ഈ വാദത്തെ എതിര്‍ത്തിട്ടുണ്ട്.
ചുരുക്കത്തില്‍ ബറാഅത്ത് രാവ് എന്ന രാവും പ്രസ്തുത രാവില്‍ നടത്തപ്പെടുന്ന ആരാധനാ കര്‍മങ്ങളും ഇബ്‌നുഹജറുല്‍ ഹൈതമിയും ഇമാം അബൂശാമയും ഇബ്‌നു തൈമിയ്യ(റ)വും രേഖപ്പെടുത്തിയതുപോലെ അനാചാരങ്ങളില്‍ പെട്ടതാണ്. ഖുര്‍ആനിന്റെ അവതരണം ലൈലതുല്‍ ഖദ്‌റിലാണ് എന്ന വിഷയം മുസ്‌ലിം ലോകത്ത് ഇജ്മാഅ് (ഏകാഭിപ്രായം) ഉള്ള വസ്തുത
യാണ്.          

ശബാബ് വാരിക
2016 മെയ് 20

ഇസ്‌റാഉം മിഅ്‌റാജും അനുബന്ധ അനാചാരങ്ങളും | പി കെ മൊയ്തീന്‍ സുല്ലമി



വിശുദ്ധ ഖുര്‍ആനിനു ശേഷം നബി(സ)യിലൂടെ അല്ലാഹു വെളിപ്പെടുത്തിയ ഏറ്റവും വലിയ മുഅ്ജിസത്തുകളാണ് ഇസ്‌റാഉം മിഅ്‌റാജും. അവ നിഷേധിക്കുന്നവര്‍ കാഫിറുകളാണ്. എന്നാല്‍ ഇസ്‌റാഉം മിഅ്‌റാജും ആഘോഷമാക്കാനോ അന്ന് പ്രത്യേക ആരാധനകള്‍ അനുഷ്ഠിക്കാനോ അല്ലാഹുവോ റസൂലോ കല്പിച്ചിട്ടില്ല. നബി(സ)ക്ക് പല സന്ദര്‍ഭങ്ങളിലായി അല്ലാഹുവിന്റെ അനുമതിയോടുകൂടി ചെറുതും വലുതുമായ നിരവധി മുഅ്ജിസത്തുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയോടനുബന്ധിച്ച് പ്രത്യേക നമസ്‌കാരങ്ങളോ നോമ്പോ പ്രാര്‍ഥനകളോ മറ്റു ആരാധനാ കര്‍മങ്ങളോ ചര്യയാക്കിയിട്ടില്ല. ഇസ്‌റാഅ്, മിഅ്‌റാജ്, ബറാഅത്ത് രാവ് തുടങ്ങി യാഥാസ്ഥിതികരും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന ആരാധനാകര്‍മങ്ങള്‍ അവര്‍ സ്വയം നിര്‍മിച്ചതാണ്. ഇത്തരം ദിവസങ്ങളില്‍ മതപുരോഹിതന്മാര്‍ വീടുകളില്‍ കയറി വീട്ടുകാര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തുകയും ഭക്ഷണം കഴിച്ച് കൈമടക്കു വാങ്ങുകയും ചെയ്യുന്നു!

ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും ദിനത്തില്‍ നമസ്‌കാരവും നോമ്പും അനുഷ്ഠിക്കണമെങ്കില്‍ പ്രസ്തുത ദിനം കൃത്യമായി അറിയേണ്ടതുണ്ട്. എന്നാല്‍ ആ ദിനത്തിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ട്. ഫത്ഹുല്‍ ബാരിയില്‍ ഇബ്‌നുഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തുന്നു: ''ഇസ്‌റാഅ് മിഅ്‌റാജ് എന്നുണ്ടായി എന്നതിനെ സംബന്ധിച്ച് പത്തിലധികം അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. റമദാനിലാണെന്നും ശവ്വാലിലാണെന്നും റജബിലാണെന്നും റബീഉല്‍ അവ്വലിലാണെന്നും റബീഉല്‍ ആഖറിലാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.'' സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാനമായ ഉംദതുല്‍ഖാരിയില്‍ ഇമാം ഐനി പ്രസ്താവിക്കുന്നു: ''ഇസ്‌റാഅ് സംഭവം ദുല്‍ഖഅ്ദ മാസത്തിലാണെന്നും ഇമാം സുഹ്‌രിയുടെ അഭിപ്രായത്തില്‍ റബീഉല്‍ അവ്വലിലാണെന്നും റജബുമാസം ഇരുപത്തി ഏഴിനാണെന്നും റജബു മാസം ആദ്യ ജുമുഅ രാവിലാണെന്നും പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്'' (4:39). ഇസ്‌റാഉം മിഅ്‌റാജും ഏതു രാവിലാണ് സംഭവിച്ചതെന്നു പോലും അറിയാത്ത അവസ്ഥയില്‍ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ റജബ് 27-ന് പ്രാധാന്യം നല്കി അന്ന് പ്രത്യേക ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത്.

ഇനി അന്നത്തെ നോമ്പിന്റെ കാര്യം നോക്കാം. ഇസ്‌ലാമിലെ നോമ്പ് രാത്രിയാണോ അതോ പകലോ? നബി(സ)യുടെ ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ചത് രാത്രിയല്ലേ? നോമ്പിന്റെ സമയം പകലല്ലേ? രാത്രിയില്‍ നടന്ന ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും അടിസ്ഥാനത്തില്‍ എങ്ങനെ പകല്‍ നോമ്പനുഷ്ഠിക്കും? റജബ് 27-ന്റെ ശ്രേഷ്ഠതകളെ കുറിക്കുന്ന സകല റിപ്പോര്‍ട്ടുകളും ദുര്‍ബലങ്ങളോ നിര്‍മിതങ്ങളോ ആണ്. റജബ് 27-നും ബറാഅത്ത് രാവിനും നിര്‍വഹിക്കണം എന്നു പറയപ്പെടുന്ന ഒരു നമസ്‌കാരമാണ് സ്വലാത്തുര്‍റഗാഇബ്. ഇത് 100 റക്അത്തായതിനാല്‍ ഇത് പുണ്യമാണെന്നു വാദിക്കുന്നവര്‍ പോലും ഇത് നമസ്‌കരിക്കാറില്ല എന്നതാണ് സത്യം.

ഇമാം നവവി(റ) പറയുന്നു: ''സ്വലാത്തുല്‍ റഗാഇബ് എന്ന നമസ്‌കാരം നിര്‍മിച്ചുണ്ടാക്കിയവനെയും അത് കെട്ടിച്ചമച്ചവനെയും അല്ലാഹു ശപിക്കട്ടെ. തീര്‍ച്ചയായും അത് നിഷിദ്ധമാക്കപ്പെട്ട അനാചാരമാണ്'' (ശര്‍ഹുമുസ്‌ലിം 4:275). ഇമാം റംലി പറയുന്നു: ''ഈ നമസ്‌കാരം ബഹുഭൂരിപക്ഷം  പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അനാചാരമാണ്''(ഫതാവാ റംലി 1:209). ഇബ്‌നു ഹജറുല്‍ ഹൈതമി പറയുന്നു: ''ചില ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്വലാത്തുര്‍റഗാഇബ് എന്ന രണ്ടു നമസ്‌കാരങ്ങളും നിന്ദ്യവും മോശപ്പെട്ടതുമായ അനാചാരങ്ങളില്‍ പെട്ടതാണ്. അവയെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസ് നിര്‍മിതവുമാണ്.'' (ഫതാവല്‍ കുബ്‌റാ 1:217)

ഇസ്‌റാഅ് മിഅ്‌റാജ് ദിനത്തിന്റെ പോരിശകളെ സംബന്ധിച്ചും ശ്രേഷ്ഠതകളെക്കുറിച്ചും വന്ന സകല റിപ്പോര്‍ട്ടുകളും ദുര്‍ബലങ്ങളോ നിര്‍മിതങ്ങളോ ആണ്. ഒരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ''റജബ് 27-നു വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ 60 മാസത്തെ നോമ്പ് അല്ലാഹു അവന്റെ മേല്‍ രേഖപ്പെടുത്തും''(ശഹ്‌റുബ്‌നുഹൂശബ്). ഈ ഹദീസിനെ സംബന്ധിച്ച് ഇമാം അബൂശാമ പറയുന്നു: ''ഈ ഹദീസ് സ്വീകാര്യ യോഗ്യമല്ലെന്ന് അബുല്‍ ഖത്ത്വാബ്(റ) പ്രസ്താവിച്ചിരിക്കുന്നു'' (കിതാബുല്‍ ബാഇസ്, പേജ് 232). ഇബ്‌നുഹജര്‍(റ) പറയുന്നു: ''ദുര്‍ബലവും മൗഖൂഫുമാണ്'' (തബ്‌യീനുല്‍ അജബ് പേജ് 60).

ഈ വിഷയത്തില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ട്: ''റജബ് അല്ലാഹുവിന്റേതാണ്. ശഅ്ബാന്‍ എന്റെ സമുദായത്തിന്റെ മാസമാണ്. വല്ലവനും റജബില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെപ്പോലെയാണ്'' (ത്വബ്‌റാനി). ഈ ഹദീസിനെ സംബന്ധിച്ച് അബൂശാമ പറയുന്നു: ''ഈ റിപ്പോര്‍ട്ട് നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്ന് അബുല്‍ ഖത്ത്വാബ്(റ) പ്രസ്താവിച്ചിരിക്കുന്നു'' (കിതാബുല്‍ ബാഇസ് പേജ് 234).

''റജബുമാസത്തിന്റെ ശ്രേഷ്ഠതകളെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസുകളെ ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) വിലയിരുത്തിയിട്ടുള്ളത് അടിസ്ഥാന രഹിതങ്ങളാണ് എന്ന നിലയിലാണ്. അതുപോലെ ഇബ്‌നുല്‍ ജൗസിയും ഇബ്‌നുഹജറും ഒരുകൂട്ടം നിര്‍മിതവും അടിസ്ഥാനരഹിതങ്ങളുമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്''(മവാഹിബുല്‍ ജലീല്‍ 2:408)

റജബ് 27-ന്റെ രാവിനെയും പകലിനെയും ആദരിക്കുന്ന സമ്പ്രദായം ഹിജ്‌റ 4-ാം നൂറ്റാണ്ടിനു ശേഷം തുടങ്ങിയ അനാചാരമാണ്. പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായപ്രകാരം ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ നിര്‍മിതങ്ങളാണ്'' (ഇഖ്തിളാഉ സ്സ്വിറാത്ത്വില്‍ മുസ്തഖീം 2:121) അതേ ഗ്രന്ഥത്തില്‍ തന്നെ അദ്ദേഹം സ്വഹാബികളില്‍ പ്രമുഖരായ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരില്‍ നിന്നും വന്നിട്ടുള്ള ഒരു ഹദീസ് ഉദ്ധരിക്കുന്നു: ''നബി(സ) റജബു മാസത്തിലെ നോമ്പിനെ നിരോധിച്ചിരിക്കുന്നു'' (ഇബ്‌നുമാജ, ഇഖ്തിളാഉ സ്സ്വിറാത്ത്വില്‍ മുസ്തഖീം 2:135)

അഹ്‌ലുസ്സുന്നയുടെ പ്രമുഖ പണ്ഡിതന്മാരെല്ലാം ഈ അനാചാരത്തെ എതിര്‍ത്തിട്ടുണ്ട്. ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു: ''സ്വഹാബികളോ താബിഉകളോ ഇസ്‌റാഇന്റെ രാവിന് യാതൊരു പ്രത്യേകതയും കല്പിച്ചിരുന്നില്ല. അങ്ങനെ ഒരു ദിവസത്തെ അവര്‍ ഓര്‍ക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഇസ്‌റാഅ് എന്നത് നബി(സ)യുടെ ഏറ്റവും വലിയ ശ്രേഷ്ഠതയില്‍ പെട്ടതായിരുന്നുവെങ്കിലും അത് സംഭവിച്ച സ്ഥലത്തോ കാലത്തോ പ്രത്യേകമായ ഒരു ചര്യയും മതപരമായ ആരാധനാകര്‍മം എന്ന നിലയില്‍ ചര്യയാക്കപ്പെട്ടിട്ടില്ല.'' (സാദുല്‍ മആദ് 1:58)

ഈ വിഷയത്തില്‍ വന്ന ഇബ്‌നു അബീശൈബയുടെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ''ഉമര്‍(റ) റജബ് മാസം നോമ്പനുഷ്ഠിക്കുന്നവരുടെ കൈക്ക് അവര്‍ ഭക്ഷണത്തില്‍ കൈവെക്കുന്നതുവരെ അടിക്കാറുണ്ടായിരുന്നു. അവരോട് ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു: റജബു മാസത്തെ ആദരിക്കുകയെന്നത് ജാഹിലിയ്യാ സമ്പ്രദായമാണ്. ഇസ്‌ലാം അതിനെ ഉപേക്ഷിച്ചിരിക്കുന്നു.'' (മുസ്വന്നഫ് 2:345)

ഇബ്‌നുഹജര്‍(റ) പറയുന്നു: ''ഉമര്‍(റ) റജബുമാസം നോമ്പനുഷ്ഠിക്കുന്നവരെ അവര്‍ വായിലേക്ക് ഭക്ഷണവുമായി കൈകളുയര്‍ത്തുന്നതു വരെ അടിക്കാറുണ്ടായിരുന്നു. ഇപ്രകാരം അവരോട് പറയുകയും ചെയ്യാറുണ്ടായിരുന്നു: റജബുമാസം ജാഹിലിയ്യാ കാലക്കാര്‍ ബഹുമാനിച്ചു വന്ന ഒരു മാസമാകുന്നു.'' (തബ്‌യീനുല്‍ അജബി, പേജ് 66).

ഇമാം നവവി(റ)യുടെ ഗുരുനാഥനായ അബൂശാമ(റ) പറയുന്നു: റജബ് മാസത്തിന്റെ ശ്രേഷ്ഠത സംബന്ധിച്ചോ അന്ന് നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചോ നബി(സ)യില്‍ നിന്നും അംഗീകരിക്കാവുന്ന വിധമുള്ള യാതൊരു ഹദീസും വന്നിട്ടില്ല. തീര്‍ച്ചയായും അന്ന് നോമ്പനുഷ്ഠിക്കല്‍ വെറുക്കപ്പെട്ടതാണെന്ന റിപ്പോര്‍ട്ടു വന്നിട്ടുണ്ട്. അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ അത്തരം റിപ്പോര്‍ട്ടര്‍മാരില്‍ ചിലരാണ്. ഉമര്‍(റ) അന്ന് നോമ്പനുഷ്ഠിക്കുന്നവരെ ചാട്ടവാറുകൊണ്ട് അടിക്കാറുണ്ടായിരുന്നു.'' (കിതാബുല്‍ ബാഇസ്, പേ 167)

പ്രമുഖ സലഫീ പണ്ഡിതനായ മുഹമ്മദ് അബ്ദുസ്സലാം ഖിദ്വര്‍(റ) പറയുന്നു: ''ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) തബ്‌യീനുല്‍ അജബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: റജബു മാസത്തിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ചോ അന്ന് നോമ്പനുഷ്ഠിക്കുന്നതിനെ സംബന്ധിച്ചോ, അന്ന് ഏതെങ്കിലും ഒരു ദിവസം നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചോ, അന്ന് ഏതെങ്കിലും ഒരു രാവില്‍ നമസ്‌കരിക്കുന്നതിനെക്കുറിച്ചോ തെളിവിനു കൊള്ളാവുന്ന വിധമുള്ള യാതൊരു വിധ രേഖയും വന്നിട്ടില്ല.'' (അസ്സുനനുവല്‍ മുബ്തദആത്ത്, പേജ് 125)

അനാചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് രണ്ടു തരം നഷ്ടം സംഭവിക്കുന്നതാണ്. ഒന്ന്, സാമ്പത്തികവും ശാരീരികവുമായ ഭൗതിക നഷ്ടങ്ങള്‍. രണ്ട്, പരലോകത്ത് ലഭിക്കുന്ന നരകശിക്ഷ. നല്ലതാണെന്ന വിശ്വാസത്തോടെ അനാചാരങ്ങളില്‍ മുഴുകുന്നവര്‍ അതില്‍ നിന്ന് വിരമിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പരലോക ചിന്തയുള്ളവര്‍ക്കേ വീണ്ടുവിചാരം വരാന്‍ സാധ്യതയുള്ളൂ. ആദരണീയ മാസങ്ങളെന്ന് അല്ലാഹു വിശേഷിപ്പിച്ച (9:36) നാലു മാസങ്ങളില്‍ ഒന്നാണ് റജബ്. ഈ മാസങ്ങളില്‍ യുദ്ധം ചെയ്യല്‍ നിരോധിച്ചിട്ടുണ്ട്. ആദരണീയ മാസങ്ങളില്‍ പ്രത്യേക അനുഷ്ഠാനങ്ങളൊന്നും നബി(സ) പഠിപ്പിച്ചിട്ടില്ല.          

ശബാബ് വാരിക
2016 മെയ് 13

ഖുത്ബയുടെ റുക്‌നുകളും സമാപന പ്രാര്‍ഥനയും | പി കെ മൊയ്തീന്‍ സുല്ലമി



മുജാഹിദ് പ്രസ്ഥാനം പ്രമാണങ്ങള്‍ നിരത്തിവെച്ചുകൊണ്ട് സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തി പരാജയപ്പെട്ട ചിലര്‍ യുക്തിവാദം നടത്തി ഇസ്‌ലാമിനെ തന്നെ നശിപ്പിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. 2016 മാര്‍ച്ച് ലക്കം അല്‍ഇസ്വ്‌ലാഹ് മാസികയിലൂടെ ഇവര്‍ നടത്തിയ ശ്രമം മുസ്‌ലിംകള്‍ തര്‍ക്കമില്ലാതെ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വഹിച്ചുപോരുന്ന വിവാഹ ഖുത്ബയെ ഇല്ലായ്മ ചെയ്യാനാണ്. ആദ്യം 'ഖുത്വുബ'യുടെ റുക്‌നുകളെ (നിര്‍ബന്ധ ഘടകങ്ങള്‍) നിഷേധിക്കുന്നു. മുമ്പ് വിവാഹ ഖുത്വുബയെ സംബന്ധിച്ച് അസംബന്ധം എഴുതിവിട്ട അതേ വ്യക്തി തന്നെയാണ് ഇതും എഴുതിയിട്ടുള്ളത്. ജുമുഅ ഖുത്വുബയുടെ അവസാനത്തെ റുക്‌നായി എണ്ണപ്പെടുന്ന കര്‍മം സത്യവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയാണ്. അതിന് തെളിവില്ല എന്നാണ് അല്‍ഇസ്വ്‌ലാഹ് ലേഖകന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ''അത് മതമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നബി(സ) ചെയ്യുമായിരുന്നു. അതിനാല്‍ നബി(സ) മുസ്‌ലിംകള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് കുറിക്കുന്ന പ്രത്യേക  തെളിവ് അനിവാര്യമാണ്. പ്രത്യേക തെളിവില്ലെങ്കില്‍ നാം അത് സ്വീകരിക്കുകയില്ല. അത് ഖുത്വുബയുടെ സുന്നത്തുകളില്‍ പെട്ടതാണെന്ന് നാം പറയുകയില്ല'' (അല്‍ഇസ്വ്‌ലാഹ് 2016, മാര്‍ച്ച്, പേജ് 24). ആരാണ് ഈ നാം? നാം ഇപ്പോഴും ഇതുവരെയും ഖുത്വുബയുടെ അവസാനത്തില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുന്നത് ഏതു തെളിവിന്റെ അടിസ്ഥാനത്തിലാണ്?

ഇമാമുരായ അബൂഹനീഫ, മാലിക്, മാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍(റ), ലോകത്തുള്ള മുഴുവന്‍ അഹ്‌ലുല്‍ ഹദീസു പണ്ഡിതന്മാര്‍, മക്ക, മദീനയടക്കമുള്ള അറബു ലോകത്ത് ഖുത്വുബ നടത്തുന്ന പണ്ഡിതന്മാര്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും മുജാഹിദുകളും അല്ലാത്തവരുമായ ഖത്വീബുമാര്‍ ഇവരൊക്കെ ഖുത്വുബയുടെ അവസാനത്തില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരുന്നതും ഹദീസുകളെ പ്രമാണമാക്കിക്കൊണ്ടുതന്നെയാണ്. ഇമാമുകളക്കമുള്ള ചില പണ്ഡിതന്മാര്‍ അത് നിര്‍ബന്ധ ഘടകമായും ചിലര്‍ സുന്നത്തായും രേഖപ്പെടുത്തിയിട്ടുണ്ട്. സുന്നത്താണെങ്കില്‍ പോലും അത് പതിവാക്കലായിരുന്നു നബി(സ)യുടെ ചര്യയെന്ന് ഇമാം ബുഖാരിയടക്കമുള്ള മുഹദിസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്‌ലിമും അതിന്റെ വ്യാഖ്യാനങ്ങളായ ഫത്ഹുല്‍ ബാരിയും ശറഹു മുസ്‌ലിമും വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ജുമുഅ ഖുത്വുബക്കു ശേഷമുള്ള പ്രാര്‍ഥനയെ സംബന്ധിച്ച് സംശയം ഉണ്ടാകാന്‍ തരമില്ല. ഇമാം ബുഖാരി പ്രാര്‍ഥനയുടെ അധ്യായത്തില്‍ കൊടുത്ത തലക്കെട്ട് തന്നെ മതി, ഖുത്വുബയിലെ പ്രാര്‍ഥനയെക്കുറിച്ച് മനസ്സിലാക്കാന്‍. അതിപ്രകാരമാണ്: ''നബി(സ) ഖിബ്‌ലയിലേക്ക് മുന്നിടാതെ പ്രാര്‍ഥിച്ച ഭാഗം'' (ബുഖാരി, ഫത്ഹുല്‍ ബാരി 14:222). അതിന്നു താഴെ ഇപ്രകാരവും കാണാവുന്നതാണ്. ''നബി(സ) ഖിബ്‌ലയിലേക്ക് തിരിഞ്ഞുനിന്നു പ്രാര്‍ഥിച്ച അധ്യായം''(ബുഖാരി, ഫത്ഹുല്‍ബാരി 14:223). മേല്‍ പറഞ്ഞ രണ്ട് അധ്യായങ്ങളും നബി(സ) മിമ്പറില്‍ വെച്ചു നടത്തിയ പ്രാര്‍ഥനകളെ സ്പര്‍ശിക്കുന്നതാണ്. മേല്‍പറഞ്ഞ രണ്ട് അധ്യായങ്ങളിലെ പ്രാര്‍ഥനകളും നബി(സ) മഴക്കുവേണ്ടി നടത്തിയതാണ്. ഒന്ന് ഖിബ്‌ലക്ക് പിന്നിട്ടും മറ്റൊന്ന് മുന്നിട്ടും. അപ്പോള്‍ പണ്ഡിതന്മാരുടെ ഇടയില്‍ വന്നിട്ടുള്ള ഭിന്ന വീക്ഷണം ഖുത്വുബയുടെ അവസാനം നടത്തുന്ന പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്തേണ്ടതുണ്ടോ ഇല്ലയോ എന്നൊക്കെയാണ് അതിവിടെ വിഷയമല്ലാത്തതിനാല്‍ പരാമര്‍ശിക്കുന്നില്ല. ഇബ്‌നു ഹജര്‍(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക:

''നബി(സ) ഖിബ്‌ലയിലേക്കു തിരിഞ്ഞ് രണ്ടു പ്രാവശ്യം പ്രാര്‍ഥിച്ചതായിട്ടല്ലാതെ ഉദ്ധരിക്കപ്പെട്ടിട്ടില്ല''(ഫത്ഹുല്‍ ബാരി 14:223) സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാതാവായ ഇമാം ഐനിയുടെ പ്രസ്താവന ഇപ്രകാരമാണ്: ''ഇമാം സുഹ്‌രി പറയുന്നു. വെള്ളിയാഴ്ച ഖുത്വുബയില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍ അനാചാരമാണ്. അത് ആദ്യമായി തുടങ്ങിയത് മഅ്മര്‍ മകന്‍ അബ്ദുല്ലയുടെ മകന്‍ ഉബൈദുല്ലയാണ്''(ഉംദതുല്‍ഖാരി 5:239). ഇവിടെ മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനകളില്‍ കൈകള്‍ ഉയര്‍ത്താം എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കും മുഹദ്ദിസുകള്‍ക്കുമിടയിലും തര്‍ക്കമില്ലാത്ത കാര്യമാണ്. പിന്നെ ഇമാം സുഹ്‌രി പറഞ്ഞ കൈകള്‍ ഉയര്‍ത്തിയുള്ള പ്രാര്‍ഥന ബിദ്അത്താകുന്നത് ഖുത്വുബകള്‍ക്കു ശേഷമുള്ള പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്തുന്നതിനെ സംബന്ധിച്ചാണ്. അതുപോലെ തന്നെയാണ് ഇബ്‌നു ഹജര്‍(റ)വിന്റെ പ്രാര്‍ഥന സംബന്ധമായ പ്രസ്താവനയും. നബി(സ) മിമ്പറില്‍ വെച്ച് ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൈകളുയര്‍ത്തി രണ്ടു തവണ മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ എന്നതില്‍ നിന്നും നബി(സ) ഖുതുബകള്‍ക്കു ശേഷം നടത്തിയ മറ്റുള്ള എല്ലാ പ്രാര്‍ഥനകളും കൈകള്‍ ഉയര്‍ത്താത്ത അവസ്ഥയിലായിരുന്നു എന്ന കാര്യം മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ നബി(സ)യുടെ മിമ്പറില്‍ വെച്ചല്ലാത്ത പല പ്രാര്‍ഥനകളും കൈകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു. അത് ഇവിടെ വിശദീകരിക്കുന്നില്ല.

സ്വഹീഹ് മുസ്‌ലിം പരിശോധിച്ചാലും നബി(സ) ഖുത്വുബകളുടെ അവസാനത്തില്‍ പ്രാര്‍ഥിച്ചിരുന്നതായി ബോധ്യപ്പെടും. അത് ശ്രദ്ധിക്കുക: ''ഉമാറതുബ്‌നുറുഅയ്ബത് പ്രസ്താവിച്ചു: ബിശ്‌റുബ്‌നുമര്‍വാന്‍ മിമ്പറില്‍ വെച്ച് കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്നതായി അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: താങ്കളുടെ ഇരു കരങ്ങളെയും അല്ലാഹു ചീത്തയാക്കട്ടെ. തീര്‍ച്ചയായും നബി(സ)യെ ഞാന്‍ കണ്ടിട്ടുണ്ട്. കൈവിരല്‍ ചൂണ്ടുക എന്നതിനേക്കാള്‍ അവിടുന്ന് അധികരിപ്പിക്കാറുണ്ടായിരുന്നില്ല. ഉമാറ തന്റെ ചൂണ്ടുവിരല്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി''(സ്വഹീഹ് മുസ്‌ലിം 3:422)  അതിന്റെ താഴെ മറ്റൊരു റിപ്പോര്‍ട്ടും കാണാം. അതിപ്രകാരമാണ്: ''അബ്ദുറഹ്മാന്‍ മകന്‍ ഹുസൈന്‍ പ്രസ്താവിച്ചു.

ബിശ്‌റുബ്‌നു മര്‍വാന്‍ കൈകളുയര്‍ത്തി വെള്ളിയാഴ്ച പ്രാര്‍ഥിക്കുന്നതായി ഞാന്‍ കണ്ടു (സ്വഹീഹു മുസ്‌ലിം 3:422). മേല്‍ പറഞ്ഞ ഹദീസുകളെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ''ഖുത്വുബയിലെ പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്താതിരിക്കലാണ് നബിചര്യ. അപ്രകാരമാണ് ഇമാം മാലിക്കും നമ്മുടെ അനുയായികളും മറ്റുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്''(ശറഹുമുസ്‌ലിം 3:428). ഖുതുബയുടെ അവസാനത്തില്‍ നടത്തുന്ന പ്രാര്‍ഥനക്ക് തെളിവായി പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് ഇതാണ്: ''അബ്ദുറഹ്മാന്റെ മകന്‍ ഹുസൈന്‍ പ്രസ്താവിച്ചു: നബി(സ) ഖുത്വുബ നടത്തുന്നതായി ഞാന്‍ കണ്ടു. പ്രാര്‍ഥിക്കുമ്പോള്‍ ചൂണ്ടുവിരല്‍ മാത്രം ഉയര്‍ത്തുകയുണ്ടായി''(അഹ്മദ് മുസ്‌നദ്). ഇവ കൂടാതെ മറ്റു ചില ഹദീസുകളും അഹ്‌ലുസുന്നയുടെ പണ്ഡിതന്മാരുടെ പ്രസ്താവനകളും ഈ വിഷയത്തില്‍ വന്നിട്ടുണ്ട്. ശൈഖ് ഉഥൈമീന്റെയും എം ടി അബ്ദുറഹ്മാന്‍ മൗലവിയുടെയും വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഇവര്‍ ഉപയോഗിച്ചുകാണുന്നു. ഇഥൈമീന്‍ ഖുത്വുബയിലെ പ്രാര്‍ഥന പുണ്യകരമാണ് എന്നാണ് രേഖപ്പെടുത്തിയത്. അത് അല്‍ ഇസ്‌ലാഹ് ലേഖകന്‍ തന്നെ പേജ് 24 ല്‍ കൊടുത്തതിനാല്‍ ഇവിടെ പരാമര്‍ശിക്കിക്കുന്നില്ല.

എതിരഭിപ്രായമില്ലാത്ത ഒരു മസ്അലയും ഉണ്ടാവില്ല. എത്ര തെളിവുകളുണ്ടെങ്കിലും ശരി. അത്തരം സന്ദര്‍ഭങ്ങളില്‍ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ അവലംബിച്ച നയം ഖുര്‍ആനിനോടും സുന്നത്തിനോടും യോജിച്ചവ സ്വീകരിക്കുകയും അല്ലാത്തത് തള്ളിക്കളയുകയും ചെയ്യുക എന്നതാണ്. ഇവര്‍ക്ക് നിരാശയുടെ അപകര്‍ഷതാബോധവും സംഭവിച്ചിരിക്കുന്നു. കാരണം ആദ്യമായി ഇവര്‍ ഒരുമ്പെട്ടത് മുജാഹിദുകള്‍ പ്രബോധനം നടത്തി ഇല്ലായ്മ ചെയ്തതും കാലഹരണപ്പെട്ടുപോയതുമായ ഖുറാഫാത്തുകളെ പുനരുജ്ജീവിപ്പിക്കാനാണ്. അതിന്ന് അണികളുടെ സപ്പോര്‍ട്ടില്ല എന്നു കണ്ടപ്പോഴാണ് ഇസ്‌ലാമിലെ കര്‍മങ്ങളെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. യഥാര്‍ഥ മുജാഹിദുകളെ അഖ്‌ലാനികളും ഹദീസു നിഷേധികളുമാക്കിയതിനുള്ള ശിക്ഷയാണ് ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ശബാബ് വാരിക,
2016 മെയ് 06

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ