സയ്യിദ് അബ്‌ദുര്‍റഹ്‌മാന്‍
``പ്രപഞ്ചത്തിന്റെ ശില്‍പിയും നിര്‍മാതാവുമാണവന്‍, അവനെങ്ങനെ ഒരു പുത്രനുണ്ടാകും? അവനൊരു കൂട്ടുകാരിയുമില്ലല്ലോ. സര്‍വ വസ്‌തുക്കളെയും അവനാണ് സൃഷ്‌ടിച്ചത്. അവന്‍ സര്‍വജ്ഞാനിയാണ്, അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാത്തിന്റെയും സ്രഷ്‌ടാവാണവന്‍. അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.'' (വി.ഖു. 6:101, 102) വിശ്വസിക്കുന്നതായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഒന്ന് വിശ്വസിക്കുകയും ആ വിശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മറ്റൊന്നില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് ഒരു സത്യവിശ്വാസിക്ക് ഭൂഷണമല്ല. പ്രപഞ്ചത്തിനൊരു ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ദൈവവിശ്വാസികളിലധികവും വിശ്വാസത്തിന്റെ മര്‍മമായ ആരാധനയും ആരാധനയുടെ മജ്ജയായ പ്രാര്‍ഥനയും ദൈവേതരശക്തികള്‍ക്ക് സമര്‍പ്പിക്കുക എന്ന വിരോധാഭാസം ചെയ്‌തുകൊണ്ടിരിക്കുന്നു. സെമിറ്റിക് മതങ്ങളിലും ഇത്തരം വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വേദഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമാണങ്ങള്‍ ആദര്‍ശ വ്യതിചലനത്തിന്നനുസൃതമായി മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാന്‍ മതപുരോഹിതര്‍ ശ്രമിച്ചിട്ടുണ്ട്. ഏകദൈവാരാധനയില്‍ നിന്ന് മതഗ്രന്ഥത്തിന് വിരുദ്ധമായിത്തന്നെ പ്രത്യക്ഷമായി വ്യതിയാനം സംഭവിച്ച വിഭാഗമാണ് ക്രൈസ്‌തവത പോലെയുള്ള സെമിറ്റിക് ദര്‍ശനങ്ങള്‍.
ഏകദൈവാരാധന: ക്രൈസ്‌തവ ദര്‍ശനം
യേശുക്രിസ്‌തുവിന്റെ അധ്യാപനങ്ങളെ അനുധാവനം ചെയ്യുന്നവരാണ് ക്രിസ്‌ത്യാനികള്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് പ്രസ്‌തുത അനുയായികളുടെ ജീവിതദര്‍ശനമാണ് ക്രൈസ്‌തവത. ക്രൈസ്‌തവത അഥവാ ക്രിസ്‌തുവിന്റെ മോക്ഷസങ്കല്‌പം അവതരിപ്പിക്കേണ്ടത് അതിന്റെ പ്രമാണമായ ബൈബിളിലൂടെയായിരിക്കണം. ബൈബിള്‍ പഴയ-പുതിയ നിയമങ്ങള്‍ എന്ന വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും ``ഞാന്‍ നിയമത്തെയോ പ്രവാചകരെയോ നീക്കുവാന്‍ വന്നവനല്ല, നിവര്‍ത്തിപ്പാന്‍ വന്നവനത്രെ'' എന്ന യേശുവിന്റെ വിഖ്യാതമായ പ്രഖ്യാപനവും (മത്തായി 5:17) നിത്യജീവന്‍ (സ്വര്‍ഗം അഥവാ മോക്ഷം) നേടാന്‍ താന്‍ എന്ത് ചെയ്യണമെന്ന അനുചരന്റെ ചോദ്യത്തിന് ``ജീവനില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നീ കല്‌പനകളെ അനുസരിക്കുക'' എന്ന യേശുവിന്റെ ഉത്തരവുമെല്ലാം (മത്തായി 19:17) ജീവിതമോക്ഷത്തിന് പഴയനിയമത്തിന്റെ കൂടി ആവശ്യകത ഊന്നിപ്പറയുന്നുവെന്നത് അനിഷേധ്യമായ സത്യമാണ്. അന്തിമവേദം വിശുദ്ധ ഖുര്‍ആന്‍ ഇവ്വിഷയത്തില്‍ തീര്‍പ്പ് പറയുന്നതിപ്രകാരമാണ്. യേശു പറയുന്നതായി ഖുര്‍ആന്‍ പറയുന്നു: ``എന്റെ മുമ്പിലുള്ള തൗറാത്തിനെ (തോറ-അഥവാ ബൈബിളിന്റെ ഭാഷയില്‍ നിയമപുസ്‌തകം) സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചുതരാനും വേണ്ടിയാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്)'' (വി.ഖു 3:50)
ബൈബിള്‍ പഴയ-പുതിയ നിയമങ്ങള്‍ ക്രൈസ്‌തവതയുടെ പ്രമാണമായിരിക്കെ ക്രിസ്‌തുമതത്തിലെ ദൈവസങ്കല്‌പം പ്രസ്‌തുത പ്രമാണങ്ങളിലൂടെ തന്നെയാണ് മനസ്സിലാക്കേണ്ടത്.
ബൈബിളും ഏകദൈവാരാധനയും
``ഇതാ കണ്ടാലും, ഞാന്‍ മാത്രമാണ് അവന്‍, ഞാനല്ലാതെ മറ്റൊരു ദൈവമില്ല.'' (ആവര്‍ത്തനം 32:39). നിത്യജീവന്റെ മാര്‍ഗം പഠിപ്പിക്കുമ്പോള്‍ ദൈവത്തിന്റെ ഏകത്വം അറിഞ്ഞിരിക്കണമെന്നാണ് യേശുക്രിസ്‌തുവിന്റെ കല്‌പന. ``ഏകസത്യദൈവമായ നിന്നെയും നീ അയച്ച ക്രിസ്‌തുവിനെയും അറിയലാണ് നിത്യജീവന്‍.'' (യോഹന്നാന്‍ 17:3). ദൈവത്തിന്റെ ഏകത്വവും അദ്വിതീയതയും ജീവിതത്തിന്റെ സത്യസാക്ഷ്യവും പ്രഖ്യാപനവുമായിരിക്കണമെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ``ആയതിനാല്‍ നീ ഇത് മനസ്സിലാക്കുക. നിന്റെ ഹൃദയത്തില്‍ ഉറപ്പിക്കുക! മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും കര്‍ത്താവ് തന്നെയാകുന്നു ദൈവം. മറ്റൊരു ദൈവം ഇല്ല.'' (ആവര്‍ത്തനം 4:39)
``പറയുക: അല്ലാഹു അവന്‍ ഏകനാണ്. അല്ലാഹു നിരാശ്രയനാണ്. എവര്‍ക്കും ആശ്രയനുമാണ്. അവന് പിതാവില്ല, പുത്രനില്ല, അവന് തുല്യനായി ആരുമില്ല'' (വി.ഖു 112:1-4). ബഹുദൈവത്വം എന്ന പ്രയോഗത്തിന് ചരിത്രത്തില്‍ ഒരു പ്രസക്തിയുമില്ല. ദൈവം പറയുന്നു: ``എനിക്ക് മുമ്പ് ഒരു ദൈവവുണ്ടായിട്ടില്ല, എനിക്കുശേഷം ഉണ്ടായിരിക്കുകയുമില്ല. ഞാന്‍ ഞാനാണ് കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.''(യെശയ്യ 45:11). പ്രവാചകന്‍ ദാവേദ് ദൈവത്തിന്റെ മഹത്വം പറയുന്നതിങ്ങനെ: ``കര്‍ത്താവല്ലാതെ ആരാണ് ദൈവം? നമ്മുടെ ദൈവമല്ലാതെ ആരാണ് പറ! ഈ ദൈവമാണ് നിന്റെ ശക്തിദുര്‍ഗം. അവന്‍ എന്റെ മാര്‍ഗം ഭദ്രമാക്കിയിരിക്കുന്നു.'' (2 ശാമുവേല്‍ 22:32-33)
ഇങ്ങനെ ബൈബിള്‍ ഉടനീളം ദൈവത്തിന്റെ അദ്വിതീയതയും ഏകത്വവും പരിചയപ്പെടുത്തുന്നുണ്ട്: ഉല്‌പത്തി 17:1, പുറപ്പാട്: 8:10, സങ്കീര്‍ത്തനം 83:18, 113:5, 1 ദിനവൃത്താന്തം 16:14, 1 രാജ 8:23 2 ദിനവൃത്താന്തം 6:14, യെശയ്യ 43:10-13, ഹോസിയ: 13:4, യെശയ്യ 45:5-8, യോഹന്നാന്‍ 5:44, 8:41, 8:50, 12:29- 30). ലൂക്കോസ്: 10:28-29. വ്യക്തി-വിഗ്രഹപൂജകളെ നിശിതമായി വിമര്‍ശിക്കുന്ന വരികള്‍: ശാമു 7:3, പുറ: 20:1-5, യിരമ്യ 10:2-6). ഉത്തര കാനോനിക ഗ്രന്ഥമായ ബാരൂക് 6-ാം അധ്യായം 8-ാം വചനം മുതല്‍ 73 വരെ വിഗ്രഹാരാധനയെ നിരാകരിക്കുന്നത് കാണാം. ഏകദൈവം അവന്‍ സ്രഷ്‌ടാവും (സങ്കീര്‍ത്തനം 115:15, 146:6, യെശയ്യ 45:18, ആവര്‍ത്തനം 4:32), വലിയവനും(മഹാന്‍) (യോഹ 14:28, സങ്കീര്‍ത്തനം77:13), രഹസ്യങ്ങള്‍ അറിയുന്നവ നും, (ആവര്‍ത്തനം 29:29, 1 രാജാ 8:39, സങ്കീര്‍ത്തനം 45), മറഞ്ഞിരിക്കുന്നവനും (അദൃശ്യനും) (യെശയ 45:15, പുറപ്പാട് 33:20, യോഹന്നാന്‍ 1:18, 5:18, 1 തിമോത്തിയോസ് 6:16), മനുഷ്യരോടൊത്ത് വസിക്കാത്തവനും (2 ദിനവൃത്താന്തം 6:18) ആകുന്നു.
ഉപര്യുക്ത വചനങ്ങള്‍ ദൈവത്തിന്റെ ഏകത്വവും അദ്വിതീയതയും വിശദീകരിക്കുകയാണെങ്കില്‍ ദൈവബന്ധം സ്ഥാപിക്കുന്ന അതിപ്രധാനമായ ആരാധന ഏകനായ ദൈവത്തിന് മാത്രമേ നല്‌കാവൂ എന്ന മുഖ്യസന്ദേശവും ബൈബിള്‍ ഊന്നിപ്പറയുന്നുണ്ട്.
`ആരാധ്യനേകന്‍' എന്ന് പ്രാമാണികമായി തിരിച്ചറിഞ്ഞവരാണ് ക്രൈസ്‌തവര്‍. എന്നാല്‍ പ്രസ്‌തുത ആരാധന ഏക ദൈവത്തിന് സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയവരുമാണവര്‍. പൗരോഹിത്യത്തിന്റെ അതിരുകടന്ന ഇടപെടലുകളാലും വിജാതീയ ആചാര, ആരാധന, അനുഷ്‌ഠാനങ്ങളെ തങ്ങളുടെ മതത്തിലേക്ക് ആശിര്‍വാദം ചെയ്‌തതിനാലും വിശ്വാസ-ആചാര-കര്‍മാനുഷ്‌ഠാനങ്ങളില്‍ നിരന്തര പരിണാമത്തിന് വിധേയമായ മതമാണ് ഇന്നത്തെ ക്രിസ്‌തു മതം. വിശ്വാസത്തിലെ വ്യതിയാനം മുഹമ്മദ് നബി(സ)യുടെ ആഗമനത്തിന് മുമ്പേ ക്രൈസ്‌തവതയ്‌ക്ക് സംഭവിച്ചിട്ടുണ്ട്.
ക്രിസ്‌തുവിന്റെ കാലശേഷം അഞ്ഞൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നത്. വിവിധ വിഭാഗങ്ങളുടെ വിശ്വാസ-വ്യതിയാനങ്ങളെ അവലോകനം ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്‍ യഹൂദ-ക്രൈസ്‌തവ വിശ്വാസത്തെ പലതവണ പരാമര്‍ശിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
``പറയുക: വേദക്കാരേ, അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്‌തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. വേദക്കാരേ, സത്യത്തിന്നെതിരായി നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്‌ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്.'' (വി.ഖു 5:76,77)
ഏകദൈവരാധന പോലുള്ള അടിസ്ഥാന ആശയങ്ങള്‍ തമസ്‌കരിക്കപ്പെട്ട് പകരം പ്രവാചകാരാധനയും പുണ്യപുരുഷനോടുള്ള പ്രാര്‍ഥനയും സ്ഥാപിക്കപ്പെട്ട, യേശു പഠിപ്പിച്ച ജീവിത ദര്‍ശനത്തില്‍ മാറ്റം വരുത്തിയ ക്രൈസ്‌തവരെ തെളിമയാര്‍ന്ന വിശ്വാസത്തിന്റെ ആലയത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കൂടിയാണ് ഖുര്‍ആനിന്റെയും അന്ത്യപ്രവാചകന്റെയും നിയോഗമെന്ന് ദൈവം അറിയിക്കുന്നുണ്ട്: ``വേദക്കാരെ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരിക്കുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം നിങ്ങള്‍ക്ക് മാപ്പാക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.'' (വി.ഖു 5:15)
ആരാധിക്കേണ്ടത് ഏകദൈവത്തെ മാത്രം
ഖുര്‍ആനും ബൈബിളും പ്രവാചക നിയോഗത്തിന്റെ ലക്ഷ്യമായി പറയുന്നത് ഏകദൈവരാധനയുടെ സംസ്ഥാപനമാണ്. ``ഞാനല്ലാതെ ഒരു ദൈവവുമില്ല. ആയതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‌കിയിട്ടല്ലാതെ (നബിയേ) നിനക്ക് മുമ്പ് ഒരു ദൂതനെയും ഞാന്‍ നിയോഗിച്ചിട്ടില്ല.'' (വി.ഖു 21:25)
``കര്‍ത്താവ് തന്റെ ദാസരായ പ്രവാചകരെയെല്ലാം നിരന്തരം നിങ്ങളുടെ അടുക്കല്‍ അയച്ചെങ്കിലും നിങ്ങള്‍ ശ്രദ്ധിക്കയോ കേള്‍ക്കാന്‍ ചെവി ചായ്‌ക്കുകയോ ചെയ്‌തിട്ടില്ല. പ്രവാചകര്‍ പറഞ്ഞു: നിങ്ങള്‍ എല്ലാവരും ദുര്‍മാര്‍ഗത്തില്‍ നിന്നും ദുഷ്‌പ്രവൃത്തികളില്‍ നിന്നും പിന്തിരിഞ്ഞ് നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും പണ്ടു മുതല്‍ എന്നെന്നേക്കും കര്‍ത്താവ് തന്നിരിക്കുന്ന ദേശത്ത് വസിക്കണം. അന്യദേവന്മാരെ സേവിച്ചാരാധിക്കുകയോ നിങ്ങളുടെ കരങ്ങളുടെ സൃഷ്‌ടികൊണ്ട് എന്നെ പ്രകോപിക്കുകയോ അരുത്.'' (യിരമ്യാ 25:4-6)
ദൈവേതരര്‍ക്ക് ആരാധന സമര്‍പ്പിക്കുന്നത് പാപവും ദൈവപ്രകോപനത്തിന് കാരണവുമാണെന്ന് ഇവിടെ പ്രസ്‌താവിക്കുന്നു. എങ്കില്‍ ലോക ക്രൈസ്‌തവ സഭകള്‍ക്കിടയില്‍ തര്‍ക്ക വ്യത്യാസമെന്യേ ആരാധനയും പ്രാര്‍ഥനയുമെല്ലാം യേശുവിനോ മര്‍യമിനോ മറ്റു പുണ്യാത്മാക്കള്‍ക്കോ ആണ് സമര്‍പ്പിക്കുന്നതെന്നിരിക്കെ ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ വലിയൊരു വിരോധാഭാസത്തിന്റെ ചരിത്രം കുറിക്കുകയായിരുന്നു ക്രൈസ്‌തവര്‍. ``നിങ്ങള്‍ പൂര്‍ണ ഹൃദയത്തോടെ യഹോവയിലേക്ക് തിരിയുക. അന്യദൈവങ്ങളെയും പ്രതിഷ്‌ഠകളെയും നിങ്ങളുടെ ഇടയില്‍ നിന്ന് നീക്കിക്കളയുക (അവനെ മാത്രം സേവിക്കുക)'' (1 ശാമുവേല്‍ 7:3)
ഏകദൈവാരാധന പഴയ നിയമത്തിന്റെ മാത്രം പ്രഖ്യാപനമല്ല. പുതിയ നിമത്തിലൂടെ യേശുക്രിസ്‌തു പഠിപ്പിച്ചതും ഏകനായ ദൈവത്തെ ആരാധിക്കാനാണ്. യേശുവിനെ വശീകരിക്കാന്‍ വന്ന പിശാചിനോട് യേശു പറയുന്നത് ഇങ്ങനെയാണ്: ``നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.'' (മത്തായി 4:10, ലൂക്കോസ് 4:8)
ഇവിടെ പരാമര്‍ശിക്കപ്പെട്ട ദൈവവും കര്‍ത്താവും ക്രിസ്‌തുവല്ല; വിശുദ്ധ ത്രിത്വത്തിലെ പുത്ര ആളത്വവുമല്ല എന്നതും വളരെ വ്യക്തമാണ്. മാത്രമല്ല, ദൈവസുവിശേഷം പ്രഘോഷണം ചെയ്യാന്‍ കടന്നുവന്ന ക്രിസ്‌തു ഉള്‍പ്പെടെയുള്ള ഒരു പ്രവാചകനും ആരാധിക്കപ്പെടണമെന്ന് ബൈബിള്‍ പഠിപ്പിക്കുന്നില്ല. ഏകനും അതുല്യനുമായ ദൈവത്തെ ആരാധിക്കുന്നതിലൂടെയാണ് നിത്യജീവന്‍ (സ്വര്‍ഗം) ലഭ്യമാകുന്നതെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. നിത്യജീവന്റെ വഴിയെ പറ്റി ചോദിച്ചവരോട് യേശു പറയുന്ന മറുപടി ശ്രദ്ധേയമാണ്. ചോദിച്ചയാളോട് നിയമത്തിലെന്താണ് എഴുതിയിരിക്കുന്നതെന്ന് യേശു തിരിച്ചു ചോദിച്ചപ്പോള്‍ ചോദ്യകര്‍ത്താവ് പറഞ്ഞു: ``നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും കൂടെ സ്‌നേഹക്കുക. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. അപ്പോള്‍ യേശു അയാളോട് പറഞ്ഞു: ശരിയാണ് നീ ഇത് ചെയ്യുക നീ ജീവിക്കും.''(ലൂക്കോസ് 10:26-28)
ഇവിടെയും നിത്യജീവന്റെ കല്‌പനകളില്‍ ഒന്നാമത്തേത് ഏകദൈവാരാധനയാണ്. എന്നാല്‍ ക്രൈസ്‌തവലോകം ഒന്നാം കല്‌പനയെക്കാളും പ്രാധാന്യം ഇന്ന് അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന രണ്ടാം കല്‌പനക്കാണ് നല്‌കുന്നത്. ഒന്നാം കല്‌പനയെ തമസ്‌കരിക്കുക കൂടി ചെയ്യുന്നു.
സ്രഷ്‌ടാവിനെ മാത്രമേ ആരാധിക്കാവൂ
ആരാധനയുടെ വിഷയത്തില്‍ വേദഗ്രന്ഥങ്ങള്‍ ഒരേ ശബ്‌ദത്തില്‍ പ്രഖ്യാപിക്കുന്ന ആശയമാണ് `ആരാധ്യന്‍ സ്രഷ്‌ടാവായിരിക്കണമെന്നും സ്രഷ്‌ടാവിനെ മാത്രമേ ആരാധിക്കാവൂ' എന്നുമുള്ളത്. ``വരൂ, നമുക്ക് ആരാധിച്ച് കുമ്പിടാം. നമ്മുടെ സ്രഷ്‌ടാവായ കര്‍ത്താവിന്റെ മുമ്പാകെ മുട്ടുകുത്താം. അവനല്ലോ നമ്മുടെ ദൈവം.'' (സങ്കീര്‍ത്തനം 95:6)
പ്രപഞ്ച സൃഷ്‌ടികര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂവെന്നും സര്‍വ കീഴ്‌വഴക്കങ്ങളും സമര്‍പ്പണങ്ങളും ദൈവത്തോട് മാത്രമേ പാടുള്ളൂവെന്നും ഇവിടെ വ്യക്തമായി പഠിപ്പിക്കുന്നു. ക്രൈസ്‌തവര്‍ ഒരു വേള ആരാധ്യ പദവിയിലേക്ക് ഉയര്‍ത്തുന്ന മഹാനായ യേശു ക്രിസ്‌തുവിന് പ്രപഞ്ചത്തിലോ പ്രപഞ്ചത്തിലെ ഏതെങ്കിലും വസ്‌തുക്കളുടെ സൃഷ്‌ടിപ്പിലോ പങ്കുള്ളതായി യേശു ജീവിതത്തിലൊരിക്കലും അവകശപ്പെട്ടിട്ടില്ല. സൃഷ്‌ടികര്‍ത്താവിനെ ആരാധിക്കുന്നതിന് പകരം അത്ഭുതസൃഷ്‌ടിയായ യേശുവിനെ ആരാധിക്കാന്‍ പഠിപ്പിച്ചത് ആരാണ് എന്ന ചോദ്യം ഉത്തരമില്ലാതെ ചരിത്രത്തിലെന്നും ബാക്കിയാവും. ``ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല എന്നിപ്പോള്‍ കണ്‍കൊള്‍വിന്‍, ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു. ഞാന്‍ സൗഖ്യമാക്കുന്നു. എന്റെ കൈയില്‍നിന്ന് വിടുവിക്കുന്നവന്‍ ആരുമില്ല.''(ആവര്‍ത്തനം 32:39)
പ്രപഞ്ച സൃഷ്‌ടികര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂവെന്നും സര്‍വ കീഴ്‌വഴക്കങ്ങളും സമര്‍പ്പണങ്ങളും ദൈവത്തോട് മാത്രമേ പാടുള്ളൂവെന്നും ഇവിടെ വ്യക്തമായി പഠിപ്പിക്കുന്നു. ക്രൈസ്‌തവര്‍ ഒരു വേള ആരാധ്യ പദവിയിലേക്ക് ഉയര്‍ത്തുന്ന മഹാനായ യേശു ക്രിസ്‌തുവിന് പ്രപഞ്ചത്തിലോ പ്രപഞ്ചത്തിലെ ഏതെങ്കിലും വസ്‌തുക്കളുടെ സൃഷ്‌ടിപ്പിലോ പങ്കുള്ളതായി യേശു ജീവിതത്തിലൊരിക്കലും അവകശപ്പെട്ടിട്ടില്ല. സൃഷ്‌ടികര്‍ത്താവിനെ ആരാധിക്കുന്നതിന് പകരം അത്ഭുതസൃഷ്‌ടിയായ യേശുവിനെ ആരാധിക്കാന്‍ പഠിപ്പിച്ചത് ആരാണ് എന്ന ചോദ്യം ഉത്തരമില്ലാതെ ചരിത്രത്തിലെന്നും ബാക്കിയാവും. ``ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല എന്നിപ്പോള്‍ കണ്‍കൊള്‍വിന്‍, ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു. ഞാന്‍ സൗഖ്യമാക്കുന്നു. എന്റെ കൈയില്‍നിന്ന് വിടുവിക്കുന്നവന്‍ ആരുമില്ല.''(ആവര്‍ത്തനം 32:39)
സൃഷ്‌ടിസ്ഥിതി സംഹാരാധികാരമുള്ളവനാണ് ദൈവം. അവന്‍ മാത്രമാണ് ആരാധ്യന്‍. യേശു ഉള്‍പ്പെടെയുള്ള, ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാര്‍ ജീവിപ്പിക്കുക, രോഗികളെ സൗഖ്യമാക്കുക എന്നീ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ദൈവഹിത പ്രകാരം നടപ്പിലാക്കപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ആരാധിക്കപ്പെടേണ്ടതില്ല. സ്രഷ്‌ടാവിന് പുറമെ സൃഷ്‌ടികളെ ആരാധിക്കുന്ന മതവിഭാഗങ്ങളുള്‍പ്പെടെയുള്ള മനുഷ്യരോടൊന്നടങ്കം ഖുര്‍ആനില്‍ നടത്തുന്ന വെല്ലുവിളി സാര്‍വകാലിക പ്രസക്തമാണ്.
``(പ്രവാചകരേ) പ്രഖ്യാപിക്കുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്‌ടിച്ചിട്ടുള്ളതെന്ന് എനിക്ക് കാണിച്ചുതരൂ; അതല്ല ആകാശങ്ങളുടെ സൃഷ്‌ടിപ്പില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ ജ്ഞാനത്തിന്റെ (സയന്‍സിന്റെ) വല്ല അംശമോ നിങ്ങളെനിക്ക് കൊണ്ടുവന്നു തരുവിന്‍.'' (വി.ഖു. 46:4)
ഈ വചനം കേവലം മുഹമ്മദ് നബി(സ)യോടുള്ള സംബോധനയല്ല. പ്രത്യുത ലോകാവസാനം വരെയുള്ള ആദര്‍ശ പ്രബോധകര്‍ക്ക് ഏകദൈവാരാധനയെ പ്രഘോഷണം ചെയ്യാന്‍ എന്നെന്നും ആവേശം പകരുന്ന ദൈവിക പ്രചോദനമാണ്. ആരാധന ദൈവത്തോടേ പാടുള്ളൂവെന്നും (ലൂക്കോ 4:8), നിങ്ങള്‍ ദൈവത്തെ ആരാധിക്കുക (വെളിപാട് 22:10), നിങ്ങളുടെ ഇടയില്‍ ഒരു അന്യദേവന്‍ ഉണ്ടാവരുത്. ഒരു അന്യദേവനെയും നിങ്ങള്‍ നമിക്കുകയില്ല (സങ്കീര്‍ത്തനം 81:9) എന്നും വ്യക്തമായി പഠിപ്പിക്കുന്ന ബൈബിള്‍ ആരാധനയുടെ മജ്ജയായ പ്രാര്‍ഥനയും ദൈവത്തോട് മാത്രമേ നടത്താവൂ എന്നാണ് പഠിപ്പിച്ചിട്ടുള്ളത്.
യേശുക്രിസ്‌തു പഠിപ്പിച്ച പ്രാര്‍ഥനയായി ബൈബിളില്‍ കാണുന്ന `സ്വര്‍ഗസ്ഥനായ പിതാവേ' എന്ന് തുടങ്ങുന്ന പ്രസിദ്ധമായ പ്രാര്‍ഥനയും (മത്തായി 6:9-14, ലൂക്കോ 11:2-4) യേശു തന്റെ ജീവിതത്തില്‍ സന്നിഗ്‌ധ ഘട്ടങ്ങളില്‍ നിര്‍വഹിച്ച പ്രാര്‍ഥനകളും (മാര്‍ക്കോസ് 14:32-42, മത്തായി 26:36-46, ലൂക്കോ 22:39-46) ഏകനായ ദൈവത്തോടല്ലാതെ മറ്റാരോടുമല്ല. മാത്രമല്ല ബൈബിളില്‍ പ്രസ്‌താവിക്കപ്പെട്ട ഒരു പ്രവാചകനും ദൈവേതരരോട് പ്രാര്‍ഥിച്ചതായി കാണുന്നില്ല. അവരാരും (യേശു ഉള്‍പ്പെടെ) തങ്ങളോട് പ്രാര്‍ഥിക്കണമെന്ന് തങ്ങളുടെ ജനതയെ പഠിപ്പിച്ചിട്ടുമില്ല. എന്നാല്‍ ക്രൈസ്‌തവ സഭകള്‍ക്കിടയില്‍ ഇന്ന് കാണുന്ന ചര്‍ച്ചുകളിലും മറ്റും യേശുവിനോടും കന്യാമര്‍യമിനോടും കരഞ്ഞ് പ്രാര്‍ഥിക്കുന്ന പ്രവണത പ്രമാണങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമത്രെ. ``ആരെങ്കിലും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം അതിന് അവന്റെടുക്കല്‍ യാതൊരു പ്രമാണവും ഉണ്ടാവുകയില്ല.'' (വി.ഖു 23:117). ``അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്‌കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുക, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനു സ്‌തുതി.'' (വി.ഖു 40:65)
ക്രിസ്‌താബ്‌ദം 325ന് ശേഷം വന്ന ത്രിയേകത്വ സിദ്ധാന്തം ക്രൈസ്‌തവതയുടെ വിശ്വാസാടിത്തറയെ മാറ്റിമറിക്കുകയും തല്‍സ്ഥാനത്ത് ഇന്നും വ്യക്തമാക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ ദൈവശാസ്‌ത്രം അവതരിപ്പിക്കുകയുമായിരുന്നു. ``അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്‌തുക്കളുടെയും സൃഷ്‌ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) വ്യതിചലിക്കുന്നത്.'' (വി.ഖു 40:63)