അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി .
ദൈവികമതമാണിസ്‌ലാം. അഥവാ ഇസ്‌ലാം മാത്രമാണ് ദൈവികമതം. മനുഷ്യര്‍ക്ക് സന്മാര്‍ഗവും ദുര്‍മാര്‍ഗവും തിരിച്ചറിയാനായി അല്ലാഹു നബിമാര്‍ മുഖേന ലോകാരംഭം മുതല്‍ തന്നെ അറിയിച്ചുകൊടുത്ത ജീവിത ക്രമത്തിന്റെ പേരാണ് ഇസ്‌ലാം.
അത് കാലാകാലങ്ങളില്‍ ദൈവദൂതന്‍മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും ആവശ്യാനുസാരം അറിയിച്ചുകൊടുക്കുകയും മുഹമ്മദ് നബിയിലൂടെ, വിശുദ്ധഖുര്‍ആനിലൂടെ, അതിന് സമാപനം കുറിക്കുകയും ചെയ്‌തു.
``ഇന്ന് നിങ്ങള്‍ക്ക് നാം നിങ്ങളുടെ മതത്തെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു'' (5:3) എന്ന് വിശുദ്ധഖുര്‍ആന്‍ വചനത്തിലൂടെ, നബി(സ)യുടെ ജീവിതത്തിന്റെ അവസാനത്തെ വര്‍ഷം ഹജ്ജ്‌വേളയില്‍, അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. നബി(സ) അക്കാര്യം ഒന്നുകൂടി വിശദീകരിച്ചു: ``സ്വര്‍ഗത്തിലേക്കടുപ്പിക്കുകയും നരകത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന യാതൊരു കാര്യവും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാതിരുന്നിട്ടില്ല. നരകത്തോടടുപ്പിക്കുകയും സ്വര്‍ഗത്തില്‍ നിന്നകറ്റുകയും ചെയ്യുന്ന യാതൊരു കാര്യവും നിങ്ങളോട് ഞാന്‍ മുന്നറിയിപ്പു നല്‍കാതെയുമുണ്ടായിട്ടില്ല.''
മുഹമ്മദ് നബി(സ)യുടെ വിയോഗത്തോടെ ദിവ്യസന്ദേശം മനുഷ്യര്‍ക്കെത്തിക്കുന്ന സമ്പ്രദായത്തിന് തിരശ്ശീല വീണു. അതിനു ശേഷം പുണ്യകരമായ ആചാരങ്ങള്‍ ആവിഷ്‌കരിക്കാന്‍ ആര്‍ക്കും അല്ലാഹു അവകാശം നല്‌കിയിട്ടില്ല. ``പുതിയ മതാചാരങ്ങള്‍ ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടുകയാണ് വേണ്ടത്'' എന്ന് നബി(സ) പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്.
നിര്‍ഭാഗ്യവശാല്‍, ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ ഇക്കാര്യം ഒട്ടും മനസ്സിലാക്കാതെ പുതിയ പുതിയ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മുസ്‌ലിം സമൂഹത്തില്‍ എത്രയോ വളര്‍ന്നുവന്നിരിക്കുന്നു. എല്ലാം പുണ്യത്തിന്റെ പേരില്‍ തന്നെ. ഓരോ മാസത്തിലും ഓരോതരം പുതിയ ആചാരങ്ങള്‍ മുസ്‌ലിംകളില്‍ ചിലര്‍ ആചരിച്ചുവരുന്നു. ഇവയ്‌ക്ക് പ്രാദേശികമായും കാലികമായും ഭേദങ്ങളുണ്ടാകുമെന്നതും ശ്രദ്ധേയമാണ്. ഇസ്‌ലാമികാചാരങ്ങള്‍ക്ക് ലോകത്തിലുടനീളം ഒരേ രൂപമേ നിശ്ചയിക്കപ്പെട്ടിട്ടുള്ളൂ.
റജബ് മാസത്തിലും ചില അനാചാരങ്ങള്‍ മുസ്‌ലിംകളില്‍ ചിലര്‍ അനുഷ്‌ഠിച്ചുവരുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് `മിഅ്‌റാജ്' ആഘോഷമാണ്. പ്രവാചകത്വ ലബ്‌ധിക്കു ശേഷം മുഹമ്മദ്‌നബി(സ)ക്കു നല്‍കപ്പെട്ട നിരവധി ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ ഇസ്‌റാഉം മിഅ്‌റാജും. മക്കയിലെ മസ്‌ജിദുല്‍ ഹറാമില്‍ നിന്ന് ഫലസ്‌ത്വീനിലെ ജറൂസലമിലെ മസ്‌ജിദുല്‍ അഖ്‌സ്വാ വരെ ഒരു രാത്രിയില്‍ പ്രവാചകന്‍(സ) ആനയിക്കപ്പെട്ടു. അന്നത്തെ സ്ഥിതിയനുസരിച്ച് മാസങ്ങളോളം സഞ്ചരിച്ചെങ്കില്‍ മാത്രം എത്തിപ്പെടാവുന്ന ദൂരം ഒരു രാത്രിയില്‍ നബി(സ) പോയി വന്നു എന്നത് ദൈവികദൃഷ്‌ടാന്തമല്ലാതെ മറ്റൊന്നുമല്ല. ഇതിന്നാണ് ഇസ്‌റാഅ് എന്ന് പറയുന്നത്. ഇസ്‌റാഅ് എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധഖുര്‍ആനിലെ 17-ാം അധ്യായം ആരംഭിക്കുന്നത് ഇസ്‌റാഇനെ പരാമര്‍ശിച്ചുകൊണ്ടാണ്.
അതേ രാത്രിയില്‍ തന്നെ മസ്‌ജിദുല്‍ അഖ്‌സ്വയില്‍ നിന്ന് വാനലോകത്തേക്ക് മുഹമ്മദ്‌നബി(സ) ആനയിക്കപ്പെടുകയുണ്ടായി. അവിടെ വെച്ച് അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍ എമ്പാടും കാണാനും അറിയാനും അദ്ദേഹത്തിന് അവസരമുണ്ടായി. ഇതെല്ലാം അമാനുഷിക ദൃഷ്‌ടാന്തങ്ങള്‍ ആയിരുന്നു. ഈ സംഭവം മിഅ്‌റാജ് എന്ന പേരിലാണ് അറിയപ്പെടുന്നത്. വിശുദ്ധഖുര്‍ആനിലെ 57-ാം അധ്യായമായ `അന്നജ്‌മി'ല്‍ ഈ ആകാശാരോഹണം, പേരെടുത്തു പറയാതെ, പരാമര്‍ശിക്കുന്നുണ്ട്. ഈ സംഭവങ്ങള്‍ നബിചര്യയില്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. നിര്‍ബന്ധ കര്‍മാനുഷ്‌ഠാനമായ അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടത് ഈ സന്ദര്‍ഭത്തിലാണ്.
ഇത്രയും കാര്യങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലെ തര്‍ക്കമറ്റ സംഗതികളാണ്. എന്നാല്‍ ഇത് ഏത് ദിവസമാണെന്ന് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഈ ദിവസം ഓര്‍മിക്കാന്‍ നിഷ്‌കര്‍ഷിക്കുകയോ ആ ദിവസത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ആരാധനാകര്‍മങ്ങളോ ചടങ്ങുകളോ ഏര്‍പ്പെടുത്തുകയോ ചെയ്‌തിട്ടുമില്ല.
എന്നാല്‍ റജബ് ഇരുപത്തേഴാമത് രാത്രിയാണ് ഈ ദിനമെന്നു കണക്കാക്കുകയും അന്ന് പ്രത്യേക ചടങ്ങുകളും ആഘോഷങ്ങളും നടത്തുകയും പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങള്‍ തയ്യാറാക്കുകയും മുസ്‌ലിയാന്മാരെ വിളിച്ചുകൊണ്ടുവന്ന് ദുആ ചെയ്യിക്കുകയും ചെയ്യുന്ന പതിവ് ചില സ്ഥലങ്ങളില്‍ കണ്ടുവരുന്നത് പ്രവാചകന്‍ പഠിപ്പിച്ച ദീനില്‍ ഇല്ലാത്തതാണ്. ഇത്തരം `ദീനീ'കാര്യങ്ങള്‍ക്കാണ് ബിദ്‌അത്ത് എന്ന് പറയുന്നത്. ബിദ്‌അത്താകട്ടെ നരകത്തിലേക്കുള്ള പാതയുമത്രെ.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുല്‍ ഖയ്യിം പറയുന്നത് `ഈ സംഭവം ഏതു മാസത്തിലെന്നോ ഏതു ദിവസമെന്നോ തിട്ടപ്പെടുത്താവുന്ന പ്രാമാണിക രേഖകള്‍ ഒന്നുമില്ല' എന്നാണ് (സാദുല്‍മആദ്). മിഅ്‌റാജ് രാവ് എന്ന പേരില്‍ കൊണ്ടാടപ്പെടുന്ന ഈ ആചാരം പക്ഷെ, ഇസ്‌റാഅ് രാവ് എന്ന് പറയപ്പെടാറില്ല! അതെന്താണെന്നറിഞ്ഞുകൂടാ. മിഅ്‌റാജിനെക്കാള്‍ ഖണ്ഡിതമായി ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമായി പറഞ്ഞത് ഇസ്‌റാഅ് ആയിരുന്നിട്ടുപോലും.
റജബ്, ശഅ്‌ബാന്‍ മാസങ്ങളില്‍ ചില ആളുകള്‍ `സ്വലാത്തുര്‍റഗാഇബ്' എന്ന പേരില്‍ ഒരു പ്രത്യേക നമസ്‌കാരം നിര്‍വഹിക്കുന്നുണ്ട്. ഇതും ബിദ്‌അത്താണ്. നബിചര്യയില്‍ അടിസ്ഥാനമില്ലാത്ത പുണ്യകര്‍മങ്ങള്‍ക്കും ആരാധനകള്‍ക്കും സാധുതയില്ല. അവ പാഴ്‌വേലയാണെന്നു മാത്രമല്ല ശിക്ഷാര്‍ഹമായ ബിദ്‌അത്തു കൂടിയാണ്. ഹിജ്‌റ 448ല്‍ ഇബ്‌നു അബില്‍ ഹംറാഅ് എന്നു പേരുള്ള ഒരാളാണ് ഈ നമസ്‌കാരം ആദ്യമായി തുടങ്ങിയതത്രെ. മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്‌തിരുന്ന ഇയാള്‍ ബൈത്തുല്‍ മുഖദ്ദസില്‍ വെച്ച് നമസ്‌കരിക്കുകയും അതുകണ്ട് ആളുകള്‍ കൂടെ കൂടുകയും ചെയ്‌തു എന്ന് അഹ്‌മദുബ്‌നു ഹജര്‍ ഇമാം ത്വര്‍ത്വൂസി അല്‍ ഹവാദിസ് വല്‍ബിദഅ് എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതു മാത്രമല്ല, റജബ് മാസത്തില്‍ മിഅ്‌റാജ് ആഘോഷത്തോടനുബന്ധിച്ച് നോമ്പനുഷ്‌ഠിക്കുന്നവരെയും കാണാം. ഈ നോമ്പിനു ഇസ്‌ലാമില്‍ രേഖകളില്ല. മറ്റു മാസങ്ങളിലുള്ളതിനെക്കാള്‍ പുണ്യകരമായ ഒരു നോമ്പും റജബില്‍ ഇല്ല. ആദരണീയ മാസങ്ങളായി അല്ലാഹു അറിയിച്ച നാലു മാസങ്ങളിലൊന്നാണ് റജബ്. ദുല്‍ഖഅ്‌ദ, ദുല്‍ഹിജ്ജ:, മുഹര്‍റം എന്നിവയാണ് മറ്റു മാസങ്ങള്‍. ആ മാസങ്ങളില്‍ ആയുധമേന്താനോ യുദ്ധങ്ങളിലേര്‍പ്പെടാനോ പാടില്ല. എന്നാല്‍ അതിനപ്പുറം പ്രസ്‌തുത മാസങ്ങളില്‍ ദിക്‌റുകളോ ദുആകളോ നമസ്‌കാരമോ നോമ്പോ പ്രത്യേകമായി നബി(സ) ഏര്‍പ്പെടുത്തിയിട്ടില്ല.
റജബിന്റെ പ്രാധാന്യവും പോരിശയും പറയുന്ന, റജബില്‍ ചില നോമ്പുകള്‍ നിര്‍ദേശിക്കുന്ന ഏതാനും ഹദീസുകള്‍ ഉദ്ധരിക്കപ്പെടാറുണ്ട്. ഈ വകുപ്പില്‍ ഉദ്ധരിക്കപ്പെട്ട മുഴുവന്‍ ഹദീസുകളും ദുര്‍ബലങ്ങളോ വ്യാജനിര്‍മിതങ്ങളോ ആണെന്ന് മുഹദ്ദിസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി അങ്ങനെ ആണെങ്കില്‍ തന്നെ അവയൊന്നും മിഅ്‌റാജുമായോ ഇസ്‌റാഉമായോ ബന്ധപ്പെടുത്തിക്കൊണ്ടു പറഞ്ഞതല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
``ആകാശഭൂമികള്‍ സൃഷ്‌ടിച്ച അന്നു മുതല്‍ തന്നെ മാസങ്ങള്‍ പന്ത്രണ്ടാണെന്നും അവയില്‍ നാലെണ്ണം ആദരണീയമായി കണക്കാക്കണമെന്നും'' (9:36) വിശുദ്ധഖുര്‍ആന്‍ പറഞ്ഞു. അവ ഏതെല്ലാം മാസങ്ങളാണെന്നും എങ്ങനെ ആദരിക്കണമെന്നും നബി(സ)യും പഠിപ്പിച്ചു. നബിയോ സ്വഹാബികളോ ചെയ്യാത്ത ഒരു കാര്യം ദീനില്‍ ഒരു ചടങ്ങായി വരാന്‍ പാടില്ല എന്ന പ്രാഥമികതത്വം ഉള്‍ക്കൊള്ളുകയും ഖുര്‍ആനും സുന്നത്തും നാം സാമാന്യമായി പഠിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് അറുതിവരുത്താനുള്ള മാര്‍ഗം. അതേസമയം സമുദായത്തിലെ `വിവരമുള്ളവരെന്ന്' ധരിക്കപ്പെടുന്ന ആള്‍ക്കാര്‍ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഏറെ ഖേദകരം.
റജബിലെ ആചാരങ്ങള്‍ തെളിവുകള്‍ ദുര്‍ബലം
യുദ്ധം ഹറാമായ മാസമാണ് റജബ് എന്നല്ലാതെ ഈ മാസത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക കര്‍മം ഇബാദത്തായി നിശ്ചയിക്കുകയോ നിലവിലുള്ള ഏതെങ്കിലും അനുഷ്‌ഠാനങ്ങള്‍ക്ക് റജബില്‍ പ്രത്യേകത നിര്‍ണയിക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ റജബ് മാസത്തില്‍ ചില ആചാരങ്ങള്‍ പുണ്യമായി കരുതിപ്പോരുന്നവരുണ്ട്.
``റജബ് അല്ലാഹുവിന്റെ മാസവും ശഅ്‌ബാന്‍ എന്റെ മാസവും റമദാന്‍ സമുദായത്തിന്റെ മാസവുമാണ്'' എന്ന് പ്രവാചകന്‍(സ) പറഞ്ഞതായി ചിലര്‍ ഉദ്ധരിക്കുന്ന ഹദീസ് ഒരു മുഹദ്ദിസും അംഗീകരിച്ചിട്ടില്ലാത്ത വ്യാജഹദീസാണ്. മൗദ്വൂഅ് ആയ ഹദീസുകളുടെ ഗണത്തില്‍ പെട്ടതാണിത്. ``ഇതര ദിക്‌റുകളെക്കാള്‍ ഖുര്‍ആനിന്നുള്ള പ്രാധാന്യം പോലെയാണ് ഇതര മാസങ്ങളെക്കാള്‍ റജബിനുള്ളത്'' എന്ന ഹദീസും വ്യജമാണ്. (തബ്‌യീനുല്‍ അജബ്)
റജബ് ഒന്നാം തിയ്യതി മഗ്‌രിബിനു ശേഷം ചില പ്രത്യേക നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചാല്‍ ഒരുപാട് പ്രതിഫലമുണ്ട് എന്നു പറയുന്ന ഹദീസ് വ്യാജമാണെന്ന് ഇബ്‌നുല്‍ജൗസി വ്യക്തമാക്കിയിട്ടുണ്ട്. റജബ് മാസത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആരാധനകള്‍ നബി(സ) നിര്‍വഹിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്‌തതായി പ്രബലമായ ഒരു ഹദീസിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇസ്‌ലാമിനു മുമ്പ് `മുദര്‍' ഗോത്രക്കാര്‍ റജബിന് അമിത പ്രാധാന്യം കല്‌പിക്കുകയും `അതീറ' എന്ന ബലികര്‍മം നിര്‍വഹിക്കുകയും ചെയ്‌തിരുന്നതിനാല്‍ ഈ മാസം `റജബ് മുദര്‍' എന്നറിയപ്പെട്ടിരുന്നു. നബി(സ) ഈ ആചാരങ്ങള്‍ നിരോധിച്ചു.
``സ്വര്‍ഗത്തില്‍ റജബ് എന്നു പേരായ ഒരു നദിയുണ്ട്. പാലിനെക്കാള്‍ വെളുത്തതും തേനിനെക്കാള്‍ മധുരമുള്ളതുമാണത്. റജബ് മാസത്തില്‍ ഒരു ദിവസം നോമ്പനുഷ്‌ഠിച്ചാല്‍ ആ നദിയില്‍ നിന്ന് ജലപാനം സാധ്യമാകും'' എന്ന ഒരു റിപ്പോര്‍ട്ട് ചിലര്‍ ഉദ്ധരിച്ചുകണുന്നു. അറിയപ്പെടാത്ത നിരവധി റിപ്പോര്‍ട്ടര്‍മാരിലൂടെ ഉദ്ധരിക്കപ്പെട്ട ഈ ഹദീസ് മുഹദ്ദിസുകള്‍ തള്ളിക്കളഞ്ഞതാണ്. റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്‌ച രാത്രി സ്വലാതുര്‍റഗാഇബ് എന്ന ഒരു പ്രത്യേക നമസ്‌കാരം ചിലര്‍ നിര്‍വഹിക്കുന്നുണ്ടത്രെ. ആദ്യത്തെ നാലു നൂറ്റാണ്ടില്‍ ആര്‍ക്കും ഇതു പരിചയമില്ല. ഹിജ്‌റ 480നു ശേഷം ബൈതുല്‍ മുഖദ്ദസിലാണത്രെ ഈ `നമസ്‌കാരം' ആദ്യമായി അരങ്ങേറിയത്.
റജബില്‍ പൂര്‍ണമായോ ഏതാനും ദിവസമോ വ്രതമനുഷ്‌ഠിക്കുന്ന ചിലരുണ്ട്. ഇവ്വിഷയകമായി വന്നിട്ടുള്ള എല്ലാ റിപ്പോര്‍ട്ടുകളും വ്യാജവും ദുര്‍ബലവുമാണെന്ന് ഹാഫിദ് ഇബ്‌നുഹജറില്‍ അസ്‌ഖലാനി വ്യക്തമാക്കുന്നു. (തബ്‌യീനുല്‍ അജബ് ബിമാ വറദ ഫീ ഫദ്‌ലി റജബ്)
റജബില്‍ ഉംറ നിര്‍വഹിക്കല്‍ പ്രത്യേകം പുണ്യകരമാണെന്ന് ചിലര്‍ കരുതുന്നു. പ്രവാചകന്‍ റജബില്‍ ഉംറ നിര്‍വഹിക്കുകയോ നിര്‍വഹിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്‌തിട്ടില്ല. റജബ് 22ന് ഇമാം ജഅ്‌ഫര്‍ സ്വാദിഖിന്റെ സ്‌മരണാര്‍ഥം സദ്യവട്ടങ്ങളോടെ ആഘോഷിക്കുന്നത് ശീഅകളുടെ പതിവാണ്. യഥാര്‍ഥത്തില്‍ ജഅ്‌ഫറുസ്വാദിഖിന്റെ ജന്മദിനമോ ചരമദിനമോ അല്ല റജബ് 22. മറിച്ച് ഈ ദിനത്തിലാണ് മുആവിയ(റ)യുടെ മരണം. ഇതിലുള്ള സന്തോഷമാണ് അവര്‍ ആചരിക്കുന്നത് എന്നോര്‍ക്കുക!