Tuesday, January 13, 2009

പൗരോഹിത്യത്തിനും രാഷ്‌ട്രീയ ഇസ്‌ലാമിനുമെതിരെ നവോത്ഥാനം ആവശ്യമുണ്ട്‌

അബൂബക്കര്‍ കാരക്കുന്ന്‌



കേരളത്തിലെ മുസ്‌ലിം പൗരോഹിത്യം ഒരു പുതിയ വഴിത്തിരിവിലാണ്‌. മണ്‍മറഞ്ഞ അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയ്‌ക്ക്‌ മതത്തിന്റെ പരിവേഷം നല്‌കുകയും ചെയ്യുന്ന മുസ്‌ലിം പൗരോഹിത്യം ക്രൈസ്‌തവ മതമേലധ്യക്ഷന്മാരെപ്പോലും കടത്തിവെട്ടുന്നുണ്ട്‌ ഈയിടെയായി. മുസ്‌ലിം പൗരോഹിത്യത്തിന്റെ തനത്‌ രൂപമായി വിലയിരുത്താവുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈയിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇതില്‍ പെട്ടതാണ്‌. കാന്തപുരം മുസ്‌ലിയാരുടെ വഴിവിട്ട അഭിപ്രായങ്ങളോട്‌ മതസംഘടനകളില്‍ നിന്ന്‌ ആരെങ്കിലും പ്രതികരിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ മതേതരവേദിയില്‍ നിന്നും പത്രപ്രസിദ്ധീകരണങ്ങളില്‍ നിന്നും മുസ്‌ലിയാരുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ശക്തമായ ആഞ്ഞടി കാണുകയുണ്ടായി. ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ ഇതുസംബന്ധമായ വിലയിരുത്തല്‍ രസാവഹമാണ്‌. അതിങ്ങനെ വായിക്കാം: ``കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വലിയൊരു തമാശക്കാരനാണ്‌ എന്ന കാര്യത്തില്‍ ഒരു മലയാളി മുസ്‌ലിമിന്‌ സംശയമുണ്ടാകാനിടയില്ല. മുസ്‌ലിം ചെറുപ്പക്കാരെക്കുറിച്ച്‌ ഇദ്ദേഹം എന്താണ്‌ ധരിച്ചുവെച്ചിരിക്കുന്നത്‌? മലബാറില്‍ മുട്ടനാടുകള്‍ എന്ന പേരില്‍ നേര്‍ച്ചയാക്കപ്പെട്ട കുറെയാടുകളുണ്ട്‌. കഴുത്തില്‍ ഒരു സഞ്ചിതൂക്കി അലക്ഷ്യമായി നടന്നുനീങ്ങുന്ന ഈ ആടുകള്‍ കാണുന്ന പെണ്ണാടുകളോടൊക്കെ ഇണചേരാന്‍ ശ്രമിക്കാറുണ്ട്‌. ഈ ആടുകളുടെ കൂട്ടത്തിലാണോ മുസ്‌ലിം ചെറുപ്പക്കാരെ കാന്തപുരം ഉള്‍പ്പെടുത്തുന്നത്‌? കാന്തപുരം പറഞ്ഞത്‌ ഇത്രയുമാണ്‌: ഒന്ന്‌, സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവകാലങ്ങളില്‍ പുരുഷനുമായി ബന്ധപ്പെടാനാവില്ല. ഈ കാലങ്ങളില്‍ പുരുഷന്മാര്‍ക്ക്‌ ബഹുഭാര്യാത്വം ആവാം. രണ്ട്‌, ഭാര്യയ്‌ക്ക്‌ രോഗം ഉണ്ടാവുക, സന്താനമുണ്ടാകാതെ വരിക, രോഗിയായ മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടിവരിക, ഭാര്യയെ വിട്ട്‌ വിദേശത്ത്‌ ജോലിക്കു പോകേണ്ടിവരിക എന്നീ അവസ്ഥകളില്‍ പുരുഷന്‌ ബഹുഭാര്യാത്വമാകാം. മൂന്ന്‌, ഇസ്‌ലാം നിയമമനുസരിച്ച്‌ നല്ല നിലയില്‍ നാലു ഭാര്യമാരെ സ്വീകരിക്കാം.

ഈ ഇസ്‌ലാമിന്റെ പേര്‌ തീര്‍ച്ചയായും ഇസ്‌ലാം എന്നല്ല; കാന്തപുരം ഇസ്‌ലാം എന്നാണ്‌. കേരളത്തിലെ വലിയൊരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ വിദേശത്താണ്‌. ഒറ്റത്തടി തന്നെ പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ഈ ചെറുപ്പക്കാരോടാണ്‌ കാന്തപുരത്തിന്റെ ബഹുഭാര്യാത്വ സന്ദേശം. മലയാളി മുസ്‌ലിംസ്‌ത്രീകള്‍ അരക്ഷിതരാവാന്‍ വേറെന്തുവേണം? ഇനി ആര്‍ത്തവസമയത്ത്‌ കള്ളംപറയേണ്ടിവരുമോ മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌?

മതപരവും സാത്വികവുമായൊരു മറുപടിയൊന്നും കാന്തപുരം അര്‍ഹിക്കുന്നില്ല. മുസ്‌ലിംസ്‌ത്രീകള്‍ ഡോക്‌ടറെ കാണാന്‍ പോലും പുറത്തുപോകരുതെന്ന്‌ പറഞ്ഞ പണ്ഡിതനല്ലേ?'' (താഹാ മാടായി, സമകാലിക മലയാളം- 2008 നവംബര്‍ 7)

ക്രൈസ്‌തവ മതചടങ്ങുകളില്‍ പുരോഹിതന്‍ ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവര്‍ത്തിയാണ്‌. ദൈവത്തോട്‌ പറയാനുള്ളത്‌ ദൈവത്തിന്റെ പ്രതിപുരുഷനായ പാതിരിയോട്‌ പറഞ്ഞാല്‍ മതിയെന്ന്‌ ക്രൈസ്‌തവര്‍ വിശ്വസിക്കുന്നു. പൗരോഹിത്യത്തിനു സ്വന്തമായ വേഷവും വ്യക്തിത്വവുമുണ്ട്‌. അടിച്ചേല്‌പിച്ച സ്ഥാനവസ്‌ത്രം പൗരോഹിത്യത്തിന്റെ ഒരു മുദ്രയാണ്‌. മരിച്ചുപോയവരെ വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കാന്‍ വരെ പോപ്പിന്‌ അധികാരമുണ്ടെന്ന്‌ ക്രൈസ്‌തവര്‍ വിശ്വസിക്കുന്നു. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ എന്ന മലയാളി കന്യാസ്‌ത്രീ വാഴ്‌ത്തപ്പെട്ടവര്‍ മാത്രമല്ല, ഇന്ന്‌ തീര്‍ഥാടകര്‍ക്കുള്ള ശവകുടീരം കൂടിയാണ്‌.

ഇസ്‌ലാമില്‍ പൗരോഹിത്യം (റഹ്‌ബാനിയ്യത്ത്‌) ഇല്ല. മുസ്‌ലിംകളില്‍ പൗരോഹിത്യത്തിന്റെ ചേഷ്‌ടകള്‍ മുഴുവന്‍ കടന്നുകൂടിയത്‌ ക്രൈസ്‌തവരില്‍ നിന്നാണ്‌. ചോദ്യംചെയ്യാന്‍ പാടില്ലാത്ത നേതൃത്വമാണ്‌ മതപുരോഹിതന്മാരെന്ന്‌ ആദ്യമേ വിശ്വാസികളെക്കൊണ്ട്‌ തെറ്റിദ്ധരിപ്പിച്ചിട്ടാണ്‌ മതാധ്യക്ഷന്മാര്‍ അവരുടെ വിലക്കുകളുടെ മുള്‍വേലികള്‍ സ്ഥാപിക്കാറുള്ളത്‌. ജീവിതത്തില്‍ സ്വത്വപരമായ പ്രതിസന്ധി നേരിടുന്ന മതസമൂഹത്തെ കൂടുതല്‍ കൂടുതല്‍ ദുര്‍വഹമായ ഭാരങ്ങള്‍ വഹിപ്പിക്കുന്ന കുറ്റകരമായ പണിയാണ്‌ പൗരോഹിത്യം ചെയ്യുന്നത്‌.

കേരള മുസ്‌ലിംകളിലെ പൗരോഹിത്യത്തിന്റെ ആള്‍രൂപമായ കാന്തപുരം മുസ്‌ലിയാര്‍ പല വിശ്വാസങ്ങളും സംസ്‌കാരങ്ങളും ക്രൈസ്‌തവ ആചാരങ്ങളില്‍ നിന്ന്‌ കടമെടുത്തിട്ടുണ്ട്‌. ബാഹ്യമായി നോക്കിയാല്‍ അദ്ദേഹത്തിന്റെ വേഷം തന്നെ ഒരു പാതിരിയുടേതാണ്‌. നമ്മുടെ ഗ്രാമങ്ങളില്‍ പണ്ടുകാലങ്ങളിലും ഇപ്പോഴും സ്‌ത്രീകള്‍ നമസ്‌കാരസമയത്ത്‌ നമസ്‌കാരക്കുപ്പായം ധരിക്കാറുണ്ട്‌. തുണിയും ഷര്‍ട്ടുമിടുന്ന മലയാളി വേഷത്തിനു പകരം കാന്തപുരം മുസ്‌ലിയാര്‍ എന്ന പുരോഹിതന്‍ ളോഹയെപ്പോലുള്ള, കണ്ടാല്‍ നമസ്‌കാരക്കുപ്പായമാണെന്നു തോന്നിപ്പിക്കുന്ന നീളന്‍ കുപ്പായമണിഞ്ഞാണ്‌ സാധാരണ നടന്നുകാണുന്നത്‌. മലയാളിയുടെ സ്വത്വബോധത്തെയും മലയാളി മുസ്‌ലിമിന്റെ മതാചാരത്തെയും ദീര്‍ഘകാലമായി വെല്ലുവിളിക്കുന്ന ഈ പാതിരി ഒരു മനുഷ്യദൈവത്തെപ്പോലെ ആജ്ഞാപിക്കുകയും ആഹ്വാനംനല്‌കുകയും ചെയ്യുന്നു. പൗരോഹിത്യത്തിന്റെ ഏറ്റവും വലിയ സ്വഭാവം, അത്‌ മതനിയമങ്ങളും മതഗ്രന്ഥങ്ങളും ആധാരമാക്കുന്നില്ല എന്നതാണ്‌. അവര്‍ മതത്തിനും മതനിയമങ്ങള്‍ക്കും പുതിയ അര്‍ഥങ്ങള്‍ നല്‌കുകയാണ്‌ പതിവ്‌. സ്വേച്ഛാപരമായി മതത്തിന്‌ നൂതന അര്‍ഥം നല്‌കി തങ്ങള്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തവരാണെന്ന്‌ ആദ്യമേ സ്ഥാപിച്ച്‌ അപ്രമാദിത്വം കൈയിലെടുക്കുകയാണ്‌ പൗരോഹിത്യത്തിന്റെ ശീലം. കാന്തപുരം മുസ്‌ലിയാരുടെ ഈ വിവാദപ്രസ്‌താവന ദൈവവാക്യങ്ങള്‍ക്ക്‌ പുതിയ അര്‍ഥം നല്‌കുക എന്ന അദ്ദേഹം തുടര്‍ന്നുവരുന്ന പരിപാടിയുടെ ഭാഗം തന്നെയാണ്‌.

അല്ലാഹുവിന്റെ പേരില്‍ കള്ളംപറയുക എന്ന മഹാപാതകം കൊട്ടപ്പുറത്തെ സുന്നി-മുജാഹിദ്‌ വാദപ്രതിവാദ സ്റ്റേജില്‍ വെച്ച്‌ പരസ്യമായി നിര്‍വഹിച്ചയാളാണ്‌ കാന്തപുരം മുസ്‌ലിയാര്‍. ഇസ്‌ലാംമതത്തിലെ വിശ്വാസത്തിന്റെ ആധാരമായ ഏകദൈവവിശ്വാസം തകര്‍ക്കാന്‍ തന്നാല്‍ കഴിയുന്ന എല്ലാ സംഭാവനകളും അദ്ദേഹം ചെയ്‌തിട്ടുണ്ട്‌. അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കാന്‍ തെളിവുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍ `ഉണ്ട്‌ മൗലവീ, ഖുര്‍ആനിലുണ്ട്‌' എന്ന ഞെട്ടിക്കുന്ന നുണപറഞ്ഞ ഈ പുരോഹിതപ്രഭൃതി തന്റെ വാദം തിരുത്തിയതായോ ജനങ്ങളോട്‌ ക്ഷമാപണം നടത്തിയതായോ അറിവില്ല. അല്ലാഹുവിന്റെ പേരില്‍ കളവ്‌ പറയുകയും ലക്ഷക്കണക്കിന്‌ പ്രവാചകന്മാര്‍ പ്രബോധനം ചെയ്‌ത ഇസ്‌ലാമിന്റെ അടിവേരിന്‌ കത്തിവെക്കുകയും ചെയ്‌ത ഈ പുരോഹിതന്‍ കേരളത്തിലെ പാവപ്പെട്ട മുസ്‌ലിംസ്‌ത്രീകളുടെ കഞ്ഞികുടി മുടക്കുന്നതിനെക്കുറിച്ച്‌ ആശയപരമായോ താത്വികമായോ ഒന്നും പറയാനില്ല. താഹാ മാടായി പറഞ്ഞതുപോലെ, ഇങ്ങേര്‌ പല തമാശകളും പറയാറുണ്ട്‌. ഒരു കോമാളിയെപ്പോലെ പല വേഷവും കെട്ടാറുണ്ട്‌. ഈ സമുദായം വിശിഷ്യാ സമുദായത്തിലെ സഹോദരിമാര്‍ ഇത്തരം പുരോഹിതപ്രഭൃതികളുടെ കഴുത്തിന്‌ പിടിക്കുന്ന കാലം വിദൂരത്തല്ല.

കൊട്ടപ്പുറം സുന്നി-മുജാഹിദ്‌ വാദപ്രതിവാദ വേദിയില്‍ മുജാഹിദ്‌ പണ്ഡിതനായ ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനി തൊടുത്തുവിട്ട അസ്‌ത്രവേഗമുള്ള ചോദ്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാനാകാതെയാണ്‌ കാന്തപുരം മുസ്‌ലിയാര്‍ ബഹളംകൂട്ടി അനുയായികളെക്കൊണ്ട്‌ പരിപാടി നിര്‍ത്തിവെപ്പിച്ചത്‌. കാലമേറെ കഴിഞ്ഞാലും കൂടുതല്‍ ശോഭയോടെ പ്രോജ്വലിക്കുന്ന ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനിയുടെ ധിഷണയുടെ തിളക്കമുള്ള ചോദ്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പുനര്‍വായന നടത്തുന്നത്‌ കാന്തപുരം മുസ്‌ലിയാര്‍ എന്ന പുരോഹിതന്‍ ഇസ്‌ലാമിനും ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കും എന്തുമാത്രം അപമാനം വരുത്തിവെക്കുമെന്ന്‌ ചിന്തിക്കാന്‍ സഹായകമായേക്കും.

``ചോദ്യം 1: രക്തസാക്ഷികളും ഈ മണ്ണില്‍ ജീവിച്ചിരിക്കുന്നവരും ഒരുപോലെയാണോ? ജീവിച്ചിരിക്കുന്ന ഒരാളുടെ ഭാര്യയെ മറ്റൊരാള്‍ക്ക്‌ വിവാഹം ചെയ്‌തുകൊടുക്കാന്‍ പാടില്ലെന്നാണ്‌ ഇസ്‌ലാമിലെ നിയമം. രക്തസാക്ഷികള്‍ മരിച്ചവരാണ്‌. അവരുടെ ഭാര്യമാരെ ഇദ്ദ കഴിഞ്ഞാല്‍ മറ്റൊരാള്‍ക്ക്‌ വിവാഹംചെയ്യാം എന്ന്‌ ഞങ്ങള്‍ സമ്മതിക്കുന്നു. ഇക്കാര്യം പാടുണ്ടോ ഇല്ലേ എന്നും മരണവും ജീവിതവും തമ്മില്‍ വ്യത്യാസമുണ്ടോ ഇല്ലേ എന്നും വിശദീകരിക്കാന്‍ ഞാനാവശ്യപ്പെടുന്നു.''

ഈ ചോദ്യത്തിന്‌ `ഭയങ്കര ചോദ്യം തന്നെ, ഹോ എന്തൊരു ചോദ്യം!' എന്ന്‌ പരിഹസിക്കുകയാണ്‌ കാന്തപുരം മുസ്‌ലിയാര്‍ ചെയ്‌തത്‌. തുടര്‍ന്നുള്ള തന്റെ വേളയില്‍ ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനി കാന്തപുരത്തിന്റെ പരിഹാസത്തെ കുഴിച്ചുമൂടുകയും ചോദ്യം ബുദ്ധിപരമായി ആവര്‍ത്തിക്കുകയും ചെയ്യുന്നു: ``ചോദ്യം: അല്ലാഹുവിന്റെ വഴിയില്‍ കൊല്ലപ്പെട്ടവര്‍ക്ക്‌ സ്ഥാനമുണ്ടോ എന്നത്‌ മുജാഹിദുകളുടെ തര്‍ക്കവിഷയമല്ല. രക്തസാക്ഷികള്‍ക്ക്‌ മഹത്വമുണ്ടെന്ന്‌ മറ്റാരെക്കാളും ഉറക്കെ വിശ്വസിക്കുന്നവരാണ്‌ മുജാഹിദുകള്‍. ഇത്‌ മുജാഹിദുകളെ പഠിപ്പിക്കാന്‍ ഇവിടെ വരേണ്ട എന്ന്‌ ഞാന്‍ വിനീതമായി പറയുകയാണ്‌. ഇവിടെ തര്‍ക്കവിഷയം, കൊല്ലപ്പെട്ടാല്‍ മരണത്തെക്കാള്‍ ജീവുള്ള അവസ്ഥയിലേക്ക്‌ ഉയരുമോ? കൊല്ലപ്പെട്ടാല്‍ ഉണ്ടാകുന്നത്‌ മരണമാണോ ജീവിതമാണോ? അതല്ല, മരണത്തെക്കാള്‍ ശക്തിയുള്ള ജീവനാണോ എന്ന ചോദ്യമാണ്‌ ഇവിടെ പ്രസക്തമായിട്ടുള്ളത്‌. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം രണ്ടവസ്ഥയാണുള്ളത്‌. ഒന്നുകില്‍ ജീവന്‍ അല്ലെങ്കില്‍ മരണം. ആത്മാവ്‌ മരിക്കുമെന്ന്‌ ഒരാളും വിശ്വസിക്കുന്നില്ല. രക്തസാക്ഷികള്‍, അന്‍ബിയാക്കള്‍, ഔലിയാക്കള്‍, ഞങ്ങള്‍, നിങ്ങള്‍ എല്ലാവരുടെയും ആത്മാവ്‌ നശിക്കാതെ നില്‍ക്കുന്നു. ഇന്നാട്ടിലെ എല്ലാവരെയും പോലെ മുജാഹിദുകളും അങ്ങനെ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍, മരിച്ചവരോ ജീവനുള്ളവരോ അത്‌ രണ്ടുമല്ലാത്ത അവസ്ഥയിലുള്ളതോ എന്ന ചോദ്യത്തെക്കുറിച്ച്‌ മുസ്‌ലിയാര്‍ക്ക്‌ എന്തുപറയാനുണ്ട്‌?

ജീവന്റെയും മരണത്തിന്റെയും ഇടയില്‍ മൂന്നാമതൊരു അവസ്ഥയുണ്ട്‌ എന്ന്‌ വാദമുണ്ടെങ്കില്‍ ഖുര്‍ആന്‍ കൊണ്ടോ ഹദീസ്‌ കൊണ്ടോ തെളിയിക്കുക. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ എന്ന്‌ ആദ്യം തീരുമാനിക്കണം. നിങ്ങള്‍ പറയുന്നു, മരിച്ചവരുമല്ല ജീവിച്ചിരിക്കുന്നവരുമല്ല. അതിന്റെ രണ്ടിന്റെയും ഇടയിലുള്ളവരാണ്‌. ശിര്‍ക്കിന്റെ കാര്യത്തില്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. ഒന്നാമത്തെ ചോദ്യത്തിനും മറുപടി പറഞ്ഞിട്ടില്ല.''

ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരംപറയാന്‍ സാധിക്കാതെ വന്ന കാന്തപുരം മുസ്‌ലിയാര്‍ ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ മദനിയുടെ ശബ്‌ദത്തെയും ചോദ്യരീതിയെയും പരിഹസിച്ച ശേഷം പറയുന്നത്‌ ഇപ്രകാരമാണ്‌: ``മൗലവി സാഹിബിനെ ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു: ഇപ്പറഞ്ഞത്‌ നിങ്ങള്‍ക്ക്‌ സമ്മതമല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിയാണ്‌ നിങ്ങള്‍ക്ക്‌ നല്ലത്‌.''

ഇതിന്‌ തന്റെ ചോദ്യവേളയില്‍ ചെറിയമുണ്ടം നല്‌കിയ ചുട്ട മറുപടി ഇങ്ങനെ വായിക്കാം: ``നാട്ടിലെ പാവപ്പെട്ടവരെ അവിശ്വാസത്തിലേക്കും നരകത്തിലേക്കും നയിക്കുന്നതിലും നല്ല ജോലി എനിക്കുണ്ട്‌. അതാണ്‌ നല്ലതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. പൗരോഹിത്യത്തിന്റെ പരിവേഷമണിയാതെ, അല്ലാഹുവിന്റെ ഖുര്‍ആനില്‍ മായംചേര്‍ക്കാതെ അല്ലാഹു നല്‌കിയ ജോലിയുമായി ജീവിക്കാന്‍ അവന്‍ എനിക്ക്‌ തൗഫീഖ്‌ നല്‌കിയിട്ടുണ്ട്‌. അല്‍ഹംദുലില്ലാഹ്‌ (മൂന്ന്‌ തവണ)

ഞാനിവിടെ ചോദിച്ചതിന്‌ മറുപടി കിട്ടിയിട്ടില്ല. എന്നെപ്പോലെ, മുസ്‌ലിയാരെപ്പോലെ ഈ മണ്ണില്‍ ജീവിച്ചിരിക്കുന്നവരാണോ രക്തസാക്ഷികള്‍? മരിച്ചുപോയ മഹാത്മാക്കള്‍ക്ക്‌ അല്ലാഹുവിന്റെ അടുക്കല്‍ സ്ഥാനമുണ്ട്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പറയേണ്ടത്‌, ശുഹദാക്കള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന, രക്തവും മജ്ജയും മാംസവുമുള്ള, പ്രവര്‍ത്തനസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമുള്ള ആളുകളാണോ എന്നാണ്‌.''

ഈ ചോദ്യങ്ങള്‍ക്ക്‌ അദ്ദേഹം ഇന്നുവരെ മറുപടി പറഞ്ഞിട്ടില്ല. ഇസ്‌ലാം വിരുദ്ധമായ ആശയങ്ങള്‍ കാന്തപുരം തിരുത്തിയതായി അറിഞ്ഞിട്ടുമില്ല. അതിനാല്‍ തന്നെ ബഹുഭാര്യാത്വത്തെക്കുറിച്ച അദ്ദേഹത്തിന്റെ വഴിവിട്ട വാദങ്ങളില്‍ അദ്ദേഹത്തെ അറിയുന്ന ആര്‍ക്കും സംശയത്തിന്നിടവുമില്ല. ഒരു കുസൃതിച്ചോദ്യം മനസ്സില്‍ വരുന്നു: മരിച്ചുപോയവര്‍ ജീവിച്ചിരിക്കുന്നവരാണെന്നു വരുമ്പോള്‍ അവര്‍ ഏത്‌ സമയത്തും (സ്വന്തം ഭാര്യയുടെ അടുത്തേക്ക്‌ വരെ) തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ. ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ്‌ ബഹുഭാര്യാത്വം അനുവദിച്ചതെന്ന്‌ വാദിക്കുകയായിരുന്നില്ലേ മുസ്‌ലിയാരേ, ഇതിനെക്കാള്‍ യുക്തിപൂര്‍വകമാവുക?

പൗരോഹിത്യം സ്‌ത്രീസമൂഹത്തോടാണ്‌ വിദ്വേഷം പുലര്‍ത്തുന്നതെന്ന്‌ തോന്നുന്നു. സ്‌ത്രീക്ക്‌ പള്ളിയില്‍ പോകാന്‍ പാടില്ലെന്ന്‌ ശഠിക്കുന്ന ഈ പൗരോഹിത്യം അവര്‍ക്ക്‌ വിദ്യാഭ്യാസവും ജീവിതം തന്നെയും നിഷേധിക്കുകയാണ്‌. കാന്തപുരം മുസ്‌ലിയാരുടെ എതിര്‍ഗ്രൂപ്പില്‍ പെട്ടവരുടെ അതിവിചിത്രമായ വാദംകൂടി ഇതിനോട്‌ ചേര്‍ത്തുവായിക്കണം: ``ഭാര്യയ്‌ക്ക്‌ രോഗം ബാധിച്ചാല്‍ മരുന്ന്‌ വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ വിവാഹബന്ധം ഫസ്‌ഖ്‌ ചെയ്യല്‍ അനുവദനീയമല്ല. രോഗം ബാധിച്ചാല്‍ മരുന്ന്‌ വാങ്ങിക്കൊടുക്കലും ചികിത്സിക്കുന്ന വൈദ്യന്‌ പ്രതിഫലം കൊടുക്കലും ഭര്‍ത്താവിന്‌ നിര്‍ബന്ധമില്ല..... ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാതിരുന്നതില്‍, പല തത്വങ്ങളുമുണ്ട്‌. അങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ ഇല്ലാത്ത രോഗങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ ഭര്‍ത്താവിനെ ശല്യംചെയ്യാനും ഒരുവേള അതിന്റെ പേരില്‍ കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്താനും ചില ഭാര്യമാരെങ്കിലും ഒരുങ്ങിയേക്കും.'' (സന്തുഷ്‌ടകുടുംബം മാസിക, നവംബര്‍ 2008). ഇതേ മാസികയില്‍ നിന്നുള്ള ഒരു ചോദ്യോത്തരം നോക്കുക: ``ഭാര്യയുടെ അസുഖത്തിന്‌ ചികിത്സിക്കല്‍ ഭര്‍ത്താവിന്‌ നിര്‍ബന്ധമുണ്ടോ? ഉത്തരം: നിര്‍ബന്ധമില്ല. സുഖമില്ലെങ്കിലും അന്നത്തെ ചെലവ്‌ നല്‌കല്‍ നിര്‍ബന്ധമാണ്‌. അത്‌ അവള്‍ക്ക്‌ ചികിത്സയ്‌ക്ക്‌ ഉപയോഗപ്പെടുത്താം.''

ഹോ, എന്തൊരു `സന്തുഷ്‌ട കുടുംബ'മാണിത്‌! ഈ പൗരോഹിത്യം സൂര്യനുദിക്കുന്നതും അസ്‌തമിക്കുന്നതും ഒന്നും അറിഞ്ഞിട്ടില്ല. കാന്തപുരത്തെയും ഇതുപോലുള്ളവരെയുമാണ്‌ മുസ്‌ലിംകള്‍ക്ക്‌ നേതാക്കളായിക്കിട്ടുന്നതെങ്കില്‍ അവരെ രക്ഷിക്കാന്‍ അല്ലാഹു തന്നെ വിചാരിക്കേണ്ടിവരും.

ഇക്കാലത്തും ഇവ്വിധം പ്രചരിപ്പിക്കാന്‍ ധൈര്യം കാണിക്കുന്ന ഈ പൗരോഹിത്യത്തെ കുറ്റിയില്‍ കെട്ടിയിട്ടേ പറ്റൂ. കരുത്തുറ്റ ആശയത്തിന്റെ ശക്തികൊണ്ട്‌ ഈ മുട്ടനാടുകളെ തളച്ചേപറ്റൂ. ആരുണ്ടതിന്‌? മതപണ്ഡിതനും കവിയുമായ ചെറിയമുണ്ടം അബ്‌ദുര്‌റസ്സാഖ്‌ സുല്ലമിയുടെ ഒരു കവിതയില്‍ പൗരോഹിത്യം കാളസര്‍പ്പമാണ്‌, കരിംഭൂതമാണ്‌, വിഷംചീറ്റുന്ന സര്‍പ്പമാണ്‌ എന്ന്‌ പറഞ്ഞിട്ടുണ്ട്‌. നാളെ ഇതിലപ്പുറവും ഇ വരില്‍നിന്ന്‌ പ്രതീക്ഷിക്കണം. അ വാര്‍ഡുകള്‍ സ്വയം മെനഞ്ഞെടു ത്തും അവാര്‍ഡുകാര്‍ക്ക്‌ തുകകള്‍ നല്‌കിയും അനാഥകളെ സംരക്ഷി ച്ച്‌ വാര്‍ത്തകള്‍ സൃഷ്‌ടിച്ചും തങ്ങളുടെ തിന്മകള്‍ മറച്ചുവെച്ച്‌ പൊതുസമൂഹത്തിലേക്ക്‌ മുഖംമൂടിയണി ഞ്ഞ്‌ പ്രത്യക്ഷപ്പെടുന്ന പൗരോഹി ത്യത്തെ അടക്കിയിരുത്തിയേ പറ്റൂ. മുമ്പത്തെക്കാള്‍ ശക്തമായി രംഗത്തുവന്നിട്ടുള്ള പൗരോഹിത്യത്തിന്നെതിരെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പുതിയ തലമുറ രംഗത്തിറങ്ങേണ്ട സമയമാണിത്‌.

രാഷ്‌ട്രീയഇസ്‌ലാം രാഷ്‌ട്രീയപ്പാര്‍ട്ടിയാകുന്നു!

ഏതാണ്‌ ഈ ജമാഅത്തെ ഇസ്‌ലാമി? അത്‌ മതത്തിന്റെ പൊയ്‌മുഖമണിഞ്ഞ രാഷ്‌ട്രീയപ്പാര്‍ട്ടിയാണെന്ന്‌ ആദ്യം ഉറക്കെപ്പറഞ്ഞത്‌ മുജാഹിദ്‌ പ്രസ്ഥാനമാണ്‌. ജമാഅത്തെ ഇസ്‌ലാമി മതത്തെ രാഷ്‌ട്രീയവത്‌കരിച്ച വിഭാഗമാണ്‌. മതത്തെ രാഷ്‌ട്രീയവത്‌കരിക്കുക എന്നുവെച്ചാല്‍ മതത്തില്‍ രാഷ്‌ട്രീയമുണ്ടെന്ന്‌ പറയലല്ല. മതം തന്നെ രാഷ്‌ട്രവും രാഷ്‌ട്രീയവുമാണെന്ന്‌ പുതിയ അര്‍ഥം നല്‌കലാണ്‌. കാന്തപുരം മുസ്‌ലിയാര്‍ നിര്‍വഹിച്ച അതേ പണിയുടെ കാലോചിതമായ പതിപ്പ്‌! മതത്തെ രാഷ്‌ട്രീയവത്‌കരിക്കാന്‍ വേണ്ടി മതസ്‌തംഭങ്ങളെയും മതപ്രമാണങ്ങളെയും മതാശയങ്ങളെയും ദുര്‍വ്യാഖ്യാനിക്കേണ്ടിവന്നു അവര്‍ക്ക്‌. അങ്ങനെ ഇസ്‌ലാമില്‍ പള്ളിയെക്കാള്‍ സ്ഥാനം പാര്‍ലമെന്റിനാക്കേണ്ടിവന്നു. പള്ളി ഇമാമിനെക്കാള്‍ സ്ഥാനം പട്ടാളമേധാവിക്കാണെന്നു വരുത്തിത്തീര്‍ക്കേണ്ടിവന്നു. ഇതിനുവേണ്ടി എഴുതിക്കൂട്ടിയ പുസ്‌തകങ്ങളും ചെലവഴിച്ച മഷിയുമെത്രയാണ്‌! ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച്‌ പതുക്കെ മാത്രമേ സംസാരിക്കൂ. പഴയകാല പുസ്‌തകങ്ങള്‍ അവര്‍ പിന്‍വലിക്കുകയോ അബദ്ധങ്ങളേറ്റുപറയുകയോ ചെയ്‌തിട്ടില്ല. അവരും കാന്തപുരം മുസ്‌ലിയാരെപ്പോലെ സ്വന്തം അനുയായികളെയും പൊതുസമൂഹത്തെയും കബളിപ്പിക്കുകയാണ്‌. വഞ്ചിക്കുകയാണ്‌. ഇപ്പോഴും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വോട്ട്‌ ചെയ്യുന്നതും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും ഖബര്‍ സിയാറത്ത്‌ പോലെ ഇസ്‌ലാമികവും മറ്റു മുസ്‌ലിംകള്‍ വോട്ട്‌ ചെയ്യുന്നതും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതും ഖബ്‌റാരാധനപോലെ ശിര്‍ക്കും കുഫ്‌റും അനിസ്‌ലാമികതയുമാണ്‌ എന്ന്‌ അവര്‍ വാദിക്കുന്നുണ്ട്‌. എന്നാല്‍ അത്‌ തുറന്നുപറയാനുള്ള ധൈര്യമില്ല. ഇതാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശമെങ്കില്‍ അത്‌ തുറന്നുപറയാന്‍ ആരെയാണ്‌ ഭയപ്പെടുന്നത്‌. ഇത്‌ ആദര്‍ശമല്ലെങ്കില്‍ അത്‌ പിന്‍വലിക്കാന്‍ എന്താണ്‌ താമസം? പടച്ചവനോടും പടപ്പുകളോടുമുള്ള കടപ്പാടുകള്‍ ഒരു പ്രസംഗവിഷയം മാത്രമല്ല, ജീവിതത്തില്‍ അനുവര്‍ത്തിക്കാനുള്ള ആദര്‍ശം കൂടിയാണ്‌.

തെറ്റുകളൊന്നും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ തിരുത്തിയിട്ടില്ല. അവരുടെ പാളയം നിശ്ചയിക്കപ്പെട്ടതുപോലെ രാഷ്‌ട്രീയം തന്നെയാണ്‌. അതിനു പക്ഷേ, മതത്തെ ബലിയാടാക്കുന്നതെന്തിന്‌ എന്ന ചോദ്യം ധീരമായി ഉയര്‍ത്തേണ്ടത്‌ ഇസ്‌ലാഹിപ്രവര്‍ത്തകരാണ്‌. വോട്ട്‌ ചെയ്യല്‍ ശിര്‍ക്കാണെന്നു പറഞ്ഞത്‌ തെറ്റാണെന്ന്‌ തിരുത്തിപ്പറയണം എന്നുപറയാന്‍ കുറച്ചുമുമ്പു വരെ അവര്‍ക്കിടയില്‍ ഒരു ടി മുഹമ്മദ്‌ സാഹിബുണ്ടായിരുന്നു. പുതിയ തലമുറയില്‍ പെട്ടവര്‍ക്ക്‌ വിലക്കുകളോ നിയമങ്ങളോ ഇല്ല. ഈ കാപട്യത്തെ തുറന്നുകാണിക്കാന്‍ കാലോചിതമായ ഒരു ഇസ്‌ലാഹീ മുന്നേറ്റം അനിവാര്യമത്രെ!

മുജാഹിദുകളിലെ പിളര്‍പ്പിനെത്തുടര്‍ന്ന്‌ വഴിമാറി സഞ്ചരിക്കുന്ന ജിന്ന്‌-പിശാച്‌ ബാധക്കാരെ അവരുടെ പാട്ടിന്‌ വിടാം. എന്നാല്‍ പൗരോഹിത്യത്തിനും രാഷ്‌ട്രീയവത്‌കൃത ഇസ്‌ലാമിനുമെതിരെ നേരത്തെ തന്നെ ജിഹാദ്‌ നടത്തിയിട്ടുള്ള ഇസ്‌ലാഹീപ്രസ്ഥാനം കൂടുതല്‍ സമരോത്സുകമായി രംഗത്തിറങ്ങേണ്ടത്‌ ഇപ്പോഴാണ്‌.

ഇസ്‌ലാഹീ പ്രസ്ഥാനം എന്നാല്‍ മതത്തിന്റെ സ്ഥായിയായ മൂല്യങ്ങളെയും വളരുന്ന ലോകത്തിന്റെ ആവശ്യങ്ങളെയും സമന്വയിപ്പിക്കുന്ന ഒരു ചിന്താപ്രസ്ഥാനമാണ്‌. പഴയ അവസ്ഥയില്‍ നിന്ന്‌ വിടുകയും പുതിയ ഒന്നിലേക്ക്‌ എത്തിപ്പെടാതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥ കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ വന്നുകൂടാ. പൊതുവേ, സ്വത്വപരമായ പ്രതിസന്ധി അതിജയിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന കേരള മുസ്‌ലിംകള്‍ക്ക്‌ ഇനി ജമാഅത്തെ ഇസ്‌ലാമി എന്ന രാഷ്‌ട്രീയപ്പാര്‍ട്ടിയെക്കൂടി സഹിക്കാനുള്ള കെല്‌പുണ്ടെന്ന്‌ തോന്നുന്നില്ല. മുജാഹിദുകളില്‍ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരുള്ളതിനാല്‍ ഈ രാഷ്‌ട്രീയപ്പാര്‍ട്ടിയിലും കിടന്നോട്ടെ അവരില്‍ നിന്നുള്ള കുറച്ചാളുകള്‍ എന്ന്‌ നിസ്സാരവത്‌കരിക്കാവുന്നതുമല്ല കാര്യം. മതത്തിന്റെ സ്ഥായിയായ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ഇക്കാലത്ത്‌ ആളില്ലാതാവുമെന്ന കടുത്ത ശൂന്യത കേരള മുസ്‌ലിംകള്‍ അഭിമുഖീകരിക്കാനിരിക്കുകയാണ്‌. മതാശയങ്ങള്‍ പ്രബോധനം ചെയ്യേണ്ടവര്‍ രാഷ്‌ട്രീയരംഗത്തേക്ക്‌ തിരിയുകയും അതോടെ മതവേദികള്‍ ശൂന്യമാവുകയും ചെയ്യുമ്പോള്‍ അവിടെ കടന്നുകൂടുക പൗരോഹിത്യവും ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും തന്നെയായിരിക്കും. ഈ വിപത്തിന്നെതിരെ രംഗത്തിറങ്ങാന്‍ ഇസ്‌ലാഹിപ്രസ്ഥാനം ശില്‌പശാലകളും `ആയുധ'ങ്ങള്‍ക്ക്‌ മൂര്‍ ച്ചകൂട്ടാനുള്ള പരിശീലനങ്ങളും നടത്തിയേ പറ്റൂ.

11 പേര്‍ പ്രതികരിച്ചിരിക്കുന്നു.:

Anonymous said...

Oru cheriya thiruth:- Paurohityam christuvinte padippikkalukalilum illa..For such an high priest became us, who is holy, harmless, undefiled, separate from sinners, and made higher than the heavens,” Hebrews 2:14-15, Hebrews 7:26-28.

Thanks

അനില്‍ ഐക്കര said...

അങ്ങയെപോലുള്ളവരുടെ നല്ല ഒരു സമൂഹം നമുക്കൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ സൃഷ്ടിക്കാനാവുമോ?

ശ്രമിച്ചു നോക്കാം അല്ലേ!

ആശംസകള്‍..വരാം...

BorN said...

Enthellam marimayam.... Ethezhuthiya allkku Islam enthennu thanne ariyillaaaaaa ennu manassilayi .... kashttam.

Please learn more about islam... from qur-aan...

Anonymous said...

Very good speech against Kuboori-shiya kuraafi and Iblees, go aheah we are all thare

Dear BorN Please learn more about islam... from qur-aan...not from the kuboori kantha puram or kuraafi perod
By
Salaam
Beemapalli,TVM

Unknown said...

rashtreeya partykku vendi kodi pidichu aa vyavasthakku vendi paniyedukkalano islam? atho ikamathu deeninu vendi paniyedukkalano? cpm il pravarthichu nethavakunnathil kuzhappamilla, aa partyikku chila nilapadukalude peril vote cheythal daivam illathavarkku vote cheythu athu shirkkanu? enthinu sahodara samayam kalyunnu ulla samyam nallthu cheyyyoo........

Unknown said...

ഇസ്ലാമിനെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതതുറകളിലാകെ സംസ്ഥാപിക്കാന്‍ വേണ്ടി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സംഘടനക്കാണ് ഇസ്ലാമിക പ്രസ്ഥാനം എന്നുപറയുന്നത്; അല്ലാതെ അത് ഇസ്ലാമിന്റെ പര്യായപദമല്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിനെ സമഗ്രവും സമ്പൂര്‍ണവുമായ ജീവിതവ്യവസ്ഥയായി അവതരിപ്പിച്ച് അതിന്റെ സംസ്ഥാപനത്തിന് നിലകൊള്ളുന്ന പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമി മാത്രമേയുള്ളൂ. അതുകൊണ്ടാണ് ജമാഅത്തിനെ പരാമര്‍ശിക്കുമ്പോള്‍ ചിലപ്പോള്‍ ഇസ്ലാമികപ്രസ്ഥാനം എന്ന് മാത്രം വ്യവഹരിക്കുന്നത്. ഇതിനര്‍ഥം ഇവിടെ മറ്റു ഇസ്ലാമിക സംഘടനകളോ മുസ്ലിം സംഘടനകളോ ഇല്ലെന്നല്ല. മതേതര ജനാധിപത്യം ആദര്‍ശമായി അംഗീകരിച്ച സാമുദായിക പാര്‍ട്ടിയാണ് മുസ്ലിംലീഗ്. അത് ഇസ്ലാമിക പ്രസ്ഥാനമല്ല. മുസ്ലിം സമൂഹത്തിലെ ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ തൌഹീദ് സ്ഥാപിക്കാന്‍ നിലകൊള്ളുന്ന സലഫി അഥവാ മുജാഹിദ് സംഘടനകള്‍ സ്വയം തന്നെ വിശേഷിപ്പിക്കുന്നത് ഇസ്ലാഹീ പ്രസ്ഥാനം എന്നാണ്; ഇസ്ലാമിക പ്രസ്ഥാനം എന്നല്ല. വിശ്വാസപരവും കര്‍മശാസ്ത്രപരവുമായ സുന്നീ മദ്ഹബുകളുടെ സംരക്ഷണത്തിന് വേണ്ടി നിലവില്‍വന്ന സംഘടനകള്‍ അവരുടെതന്നെ ഭാഷയില്‍ സുന്നിപ്രസ്ഥാനമോ സുന്നത്ത് ജമാഅത്തോ ആണ്; ഇസ്ലാമിക പ്രസ്ഥാനമല്ല. ഇസ്ലാമിന്റെ പ്രചരണത്തിനുവേണ്ടി സ്ഥാപിതമായ തബ്ലീഗ് ജമാഅത്ത് അതിന്റെ തന്നെ വീക്ഷണത്തില്‍ ഒരു വ്യവസ്ഥാപിത സംഘടന പോലുമല്ല; അതിനാല്‍, പ്രസ്ഥാനവുമല്ല. ഭക്തിപ്രസ്ഥാനം എന്ന് വേണമെങ്കില്‍ പറയാമെന്ന് മാത്രം. ഈ വ്യത്യാസങ്ങള്‍ മനസ്സിലാക്കിയാല്‍, ജമാഅത്തെ ഇസ്ലാമിയെ ഇസ്ലാമിക പ്രസ്ഥാനം എന്ന് പറയുമ്പോള്‍ വിറളിയെടുക്കേണ്ട കാര്യമില്ല

Unknown said...

ജ മാഅത്തെ ഇസ്ലാമി വാദിച്ചതൊക്കെയും ഇപ്പോഴും അതിന്റെ പ്രസിദ്ധീകരണങ്ങളിലുണ്ട്. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികളുമുണ്ട്. എടുത്ത് വായിച്ചുനോക്കി ആര്‍ക്കും സംശയനിവൃത്തി വരുത്താവുന്നതേയുള്ളൂ. അല്ലാഹുവിന്റെ പരമാധികാരത്തെ നിരാകരിച്ച് സ്വയം ദൈവം ചമഞ്ഞ് സൃഷ്ടികളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നവര്‍ ആരായാലും അവരെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നതും നിയമനിര്‍മാണത്തിനുള്ള അധീശാധികാരം സമ്മതിച്ചുകൊടുക്കുന്നതും ശിര്‍ക്കാണെന്നേ ജമാഅത്ത് പണ്േട പറഞ്ഞിട്ടുള്ളൂ. അല്ലാതെ ജനാധിപത്യവ്യവസ്ഥയില്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ പങ്കെടുക്കുന്നതും ശിര്‍ക്കാണെന്ന് ജമാഅത്ത് പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ പരമാധികാരത്തെയോ ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെയോ അംഗീകരിക്കാത്ത, മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അധികാര പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതിനോട് ജമാഅത്തെ ഇസ്ലാമിക്ക് താത്ത്വികമായി വിയോജിപ്പുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ അത്തരം പാര്‍ട്ടികളുടെ മാനവികവിരുദ്ധ, മുസ്ലിംവിരുദ്ധ ചെയ്തികളില്‍ പങ്കാളികളാവുകകൂടി ചെയ്യുമ്പോള്‍ എതിര്‍പ്പ് രൂക്ഷമാവുന്നു. ഇതേപ്പറ്റിയൊക്കെ ആശയസംവാദങ്ങള്‍ക്ക് ജമാഅത്ത് എപ്പോഴും തയാറാണ്. ബോധനം ദ്വൈമാസികയിലെ ലേഖനങ്ങളും ഈ സംവാദത്തിന്റെ ഭാഗമാണ്. അതേസമയം യോജിക്കാവുന്ന പൊതുകാര്യങ്ങളില്‍ സഹകരിക്കാന്‍ ആദര്‍ശപരമോ ആശയപരമോ ആയ ഭിന്നിപ്പുകള്‍ തടസ്സമാവേണ്ടതല്ല. നിര്‍ഭാഗ്യവശാല്‍ തീര്‍ത്തും നിഷേധാത്മകമാണ് പലപ്പോഴും മുജാഹിദ് നേതൃത്വത്തിന്റെ നിലപാട്. തീവ്രവാദം പോലുള്ള ഗുരുതരവും എന്നാല്‍ അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ പോലും അവര്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മേല്‍ കെട്ടിയേല്‍പിക്കുകയും യഥാര്‍ഥ തീവ്രവാദികളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് നീതിയല്ല.

Unknown said...

മുസ്ലിമായ ഒരു വ്യക്തി താന്‍ ജീവിക്കുന്ന സാഹചര്യത്തില്‍ പരമാവധി പ്രായോഗികവും സാധ്യവുമായ വിശ്വാസാനുഷ്ഠാനങ്ങള്‍ ആത്മാര്‍ഥമായി വെച്ചുപുലര്‍ത്തിയാല്‍തന്നെ അയാള്‍ യഥാര്‍ഥ മുസ്ലിമായിത്തീരും എന്ന കാര്യത്തില്‍ മൌദൂദിക്കോ ജമാഅത്തെ ഇസ്ലാമിക്കോ ഒരു സംശയവും ഉണ്ടായിട്ടില്ല; അങ്ങനെ സംശയിക്കാവുന്ന വാദഗതികളും ഉന്നയിച്ചിട്ടില്ല. മുന്‍ സോവിയറ്റ് യൂനിയനെപ്പോലെയും ഇപ്പോഴത്തെ ചീനയെപ്പോലെയും നാസ്തികവാദവും മതനിഷേധവും ഭരണവ്യവസ്ഥയുടെ അടിത്തറയായ രാജ്യങ്ങളിലെ മുസ്ലിംകളെ ഉദാഹരണമായെടുക്കുക. മനസാ ഈമാന്‍-ഇസ്ലാം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും വീട്ടില്‍ സ്വകാര്യമായി ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കാനും മാത്രമേ അവര്‍ക്ക് സ്വാതന്ത്യ്രമുള്ളൂവെങ്കില്‍ അത്രയും ചെയ്താലും അവര്‍ യഥാര്‍ഥ മുസ്ലിംകളും സ്വര്‍ഗാവകാശികളുംതന്നെ. ഒരുവേള, സ്വതന്ത്ര സമൂഹങ്ങളിലെ മുസ്ലിംകളെക്കാള്‍ പ്രതിഫലാര്‍ഹരായിത്തീരാം പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍. പക്ഷേ, ഇതിനര്‍ഥം ഇസ്ലാം സ്വകാര്യമായി കൊണ്ടുനടക്കാവുന്ന ചില വിശ്വാസാചാരങ്ങളുടെ മാത്രം സമാഹാരമാണെന്നോ ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ ഏത് പരിതഃസ്ഥിതിയിലും അത്രകൊണ്ട് തൃപ്തിപ്പെടണമെന്നോ അല്ല.

ഇസ്ലാം സമ്പൂര്‍ണവും സമഗ്രവുമായ ജീവിതദര്‍ശനമാണ്; അത് പൂര്‍ണമായി അംഗീകരിക്കുന്നവനും അതിലേക്ക് മനുഷ്യരെ പ്രബോധനം ചെയ്യുന്നവനുമാണ് മുസ്ലിം. ഇസ്ലാമില്‍ വ്യക്തിമാത്രം വിചാരിച്ചാല്‍ നടപ്പാക്കാവുന്നതും സമൂഹം വിചാരിച്ചാല്‍ നടപ്പാക്കാവുന്നതും അധികാര ശക്തിയുണ്െടങ്കില്‍ മാത്രം പ്രായോഗികമാക്കാവുന്നതുമായ കാര്യങ്ങളുണ്ട്. ഓരോന്നിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇസ്ലാമിന്റെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ഒരുപോലെ നടപ്പാക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അധികാരം കൈയിലുണ്ടായാലും പലിശയോ മദ്യപാനമോ വേശ്യാവൃത്തിയോ ചൂതാട്ടമോ നിരോധിക്കാനോ സകാത്ത് പിരിച്ചെടുത്ത് വിതരണം ചെയ്യാനോ തയ്യാറില്ലാത്ത മുസ്ലിംകള്‍ യഥാര്‍ഥ മുസ്ലിംകളോ പൂര്‍ണമുസ്ലിംകളോ അല്ല. ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യങ്ങളില്‍ മുസ്ലിംകള്‍ ഭൂരിപക്ഷമല്ല. അവരുടെ കൈയില്‍ അധികാരവുമില്ല. അതിനാല്‍ ഉപര്യുക്ത തിന്മകള്‍ നിയമംമൂലം നിരോധിക്കാനോ സക്കാത്ത് ബലംപ്രയോഗിച്ചു സംഭരിക്കാനോ ഒന്നും അവര്‍ ബാധ്യസ്ഥരുമല്ല. പക്ഷേ, ഇക്കാര്യങ്ങളിലൊക്കെ ഇസ്ലാമിന്റെ വിധിവിലക്കുകള്‍ ജനങ്ങളോട് പറയാന്‍ അവര്‍ക്ക് സ്വാതന്ത്യ്രവും ചുമതലയും ഉണ്ട്. ആ ചുമതല അവര്‍ നിറവേറ്റാതെ അധാര്‍മിക വ്യവസ്ഥിതിയുടെ അനിസ്ലാമിക ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുകയോ അതില്‍ പങ്കാളിത്തം വഹിക്കുകയോ ചെയ്താല്‍ അവരുടെ ഇസ്ലാം പൂര്‍ണമല്ലെന്ന് തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണം. ഇസ്ലാമിന്റെ മൌലിക വിശ്വാസപ്രമാണമാണ് തൌഹീദ്. അതിന് ഘടകവിരുദ്ധവും ഒരിക്കലും പൊറുക്കാത്ത പാപവുമാണ് ശിര്‍ക്ക്. ഭരണ പങ്കാളിത്തത്തിന്റെ പേരില്‍ ശിര്‍ക്ക്പോലും ചെയ്യേണ്ടിവരുന്ന മുസ്ലിംകളെക്കുറിച്ചു സാവാന്‍കുട്ടിയുടെ അഭിപ്രായമെന്താണ്? മൌദൂദിയുടെ രാഷ്ട്രീയ വീക്ഷണത്തിന് മുസ്ലിം രാജ്യങ്ങളില്‍പോലും സ്വീകാര്യത കുറവാണെന്ന വാദം വിവരക്കേടാണ്. ദീനുമായി ഒരു ബന്ധവുമില്ലാത്തവരോ നാമമാത്ര ബന്ധമുള്ളവരോ ആയ ഭരണാധികാരികളെയും അവരുടെ ശിങ്കിടികളെയും ആരും ഇസ്ലാമിന്റെ മാതൃകകളായി ഗണിക്കുകയില്ല. മുസ്ലിം നാടുകളിലെ സംഘടിത ഇസ്ലാമിക പ്രസ്ഥാനങ്ങള്‍, വിശദാംശങ്ങളില്‍ ഭിന്നതകളുണ്ടാവാമെങ്കിലും, മൌദൂദിയുടെ ഇസ്ലാമിക രാഷ്ട്രീയ വീക്ഷണം ഉള്‍ക്കൊണ്ടവരും അംഗീകരിക്കുന്നവരുമാണ്. തുനീഷ്യയിലെ ഇസ്ലാമിക് ട്രന്റ്, ഇതര അറബ് രാജ്യങ്ങളിലെ ഇഖ്വാനുല്‍ മുസ്ലിമൂന്‍, ഇന്തോനേഷ്യയിലെ ഇസ്ലാമിക പ്രസ്ഥാനം തുടങ്ങിയവ ഉദാഹരണം.

CKLatheef said...

ആരെങ്കിലുമൊന്ന് എന്താണ് മുജാഹിദ് പ്രസ്ഥാനം ഇസ്്‌ലാമിലെ രാഷ്ട്രീയം എന്നതുകൊണ്ടുദ്ദേശിക്കുന്നത് എങ്ങനെയാണ് അത് ഇന്ത്യമുസ്്‌ലിംകളെ ബാധിക്കുന്നത്. എന്നൊക്കെ ഒന്ന് പറഞ്ഞുതരുമോ. ഇസ്്‌ലാമിലെ രാഷ്ട്രീയം എന്നാല്‍ മതത്തെ രാഷ്ട്രീയമാക്കലല്ല. ജമആത്തെ ഇസ്്‌ലാമി പറയുന്നതല്ല എന്നെല്ലാം കേള്‍ക്കുന്നു. മറുപടിപറയാന്‍ പ്രയാസമാണെങ്കില്‍ അത്തരം ലേഖനങ്ങളിലേക്ക് ലിങ്ക് തന്നാലും മതി. കാരണം 6 മാസം മുമ്പ് അതിന് മാത്രമായി ഞാനൊരു ബ്ലോഗിട്ടിട്ട് ആരും ഇത് വരെ ആ വഴിക്ക് വന്ന് അഭിപ്രായം പറയുകയോ വിയോജിപ്പ് രേഖപ്പെടുത്തകുയോ ചെയ്തിട്ടില്ല. അതുകൊണ്ട് ചോദിച്ചതാണ്. ഏതായാലും കൂടുതല്‍ സമരോത്സുകരാകണം എന്നല്ലേ അബൂബക്കര്‍ സാഹിബ് ഉല്‍ബോധിപ്പിക്കുന്നത്. അപ്പോള്‍ ഇത്രയെങ്കിലും കാര്യങ്ങള്‍ ചെയ്തുകൂടെ.

Noushad Vadakkel said...

@ CKLatheef

താങ്കള്‍ക്കു വേണ്ടി ഇതാ വാതില്‍ തുറന്നിട്ടിരിക്കുന്നു .
വരൂ, പ്രതികരിക്കൂ

mizhal said...

ജമാഅത്തെ ഇസ്ലാമി മുമ്പ് യഥാര്‍ത്ഥ തൌഹീടുമായി നാടുകളില്‍ പ്രജരണം നടത്തിയിരുന്നു എന്നദ് സത്യം തന്നെയാണ് ,ഇപ്പോള്‍ അത് നിര്‍ത്തി അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി കൊക കോളയും പ്ലചിമാടയും സിനിമയും അഭിനയവും ശിര്‍ക്ക്‌ ബിധതുകളോട് സന്ധി ചെയ്ധും സ്മുശ്രികുകളോട് എല്ലാ നില്കുമുള്ള തണുത്ത സമീപനവും വോട്ടും ലക്ഷ്യമിട്ട് യഥര്‍ത്ഥത്തില്‍ ജനങ്ങളില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്നു ,ഇന്ന് നമ്മുടിനെ നാടിനെ ബാധിച്ച ജീര്‍ണതകെതിരെ വ്യക്തമായ തൌഹീദിന്റെ സന്ദേശവുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം സലഫി പ്രസ്ഥാനം തന്നെയാണ് എന്നാ കാര്യത്തില്‍ ആര്‍കും സംശയമില്ല .

Post a Comment

Labels

അടിമത്തം അടിമവ്യവസ്ഥ അതിരുകവിയൽ അത്തൗഹീദ് അനാചാരം അന്ധവിശ്വാസം അബ്ദുല്‍അലി മദനി അസ്‌ഗറലി ആരോഗ്യം ആർ എസ് എസ് ഇസ്‌ലാം ഇസ്‌ലാമിന്റെ ദൈവികത ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌റാഉം മിഅ്‌റാജും എം എസ് ഷൈജു ഏകദൈവാരാധന കാന്തപുരം കാരക്കുന്ന് കുട്ടശ്ശേരി ഖുത്ബ ഖുർആൻ ജമാ‌അത്തെ ഇസ്‌ലാമി ജാറം മാഫിയ ജുമുഅ ജോത്സ്യം തബ്‌ലീഗ് തബ്‌ലീഗ് ജമാഅത്ത് തെരഞ്ഞെടുപ്പ് തൗഹീദ് ദാറുല്‍ ഇസ്‌ലാം ദാറുല്‍കുഫ്ര്‍ ദാറുല്‍ഹര്‍ബ്‌ ദൈവീക മതം പുരുഷൻ പൌരോഹിത്യം പ്രമാണം ബറാ‌അത്ത് രാവ് ഭക്തി ഭിന്നത മതം മുജാഹിദ് മൊയ്തീൻ സുല്ലമി മോദി യുക്തിവാദം വഹീദുദ്ദീന്‍ ഖാന്‍ വിശ്വാസം വൈദ്യശാസ്ത്രം വോട്ട് വ്യതിയാനം ശബാബ് ശാസ്ത്രം ശുദ്ധി സമത്വം സമ്പത്ത് സംവാദം സാമൂഹികം സി മുഹമ്മദ്സലീം സുല്ലമി സൂഫിസം സ്ത്രീ